ദേശീയപാത വികസനം: 45 മീറ്റര്‍ ടോള്‍പാത വേണ്ട.

Spread our news by sharing in social media

30 മീറ്റര്‍ 6 വരിപ്പാത സര്‍ക്കാര്‍ നിര്‍മ്മിക്കുക.
ബിഒടി പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കരുത്.

ദേശീയപാതകള്‍ പല സ്ഥലങ്ങളിലും കുണ്ടും കുഴിയുമായിക്കിടക്കുകയാണ്. പലയിടത്തും ഏഴോ എട്ടോ മീറ്റര്‍ വീതിയില്‍ ഞെരുങ്ങിയ രണ്ടുവരിപാതയേ ഉള്ളൂ. എത്തേണ്ടിടത്ത് എത്തിച്ചേരാന്‍ നാലിരട്ടി സമയം വേണ്ടിവരുന്നു. ജനങ്ങളും വാഹനമോടിക്കുന്നവരും സര്‍ക്കാരിന്റെ അനാസ്ഥയെ പഴിക്കുമ്പോള്‍ സര്‍ക്കാര്‍ തടിയൂരുന്നത് മറ്റൊരുകാര്യം പറഞ്ഞുകൊണ്ടാണ്. റോഡ് വികസനം നടക്കണമെങ്കില്‍ ജനങ്ങള്‍ സ്ഥലം വിട്ടുതരണം. റോഡിന്റെ ഇരുവശവും താമസിക്കുന്നവര്‍ വികസനവിരോധികളാണ് അവര്‍ ഭൂമിവിട്ടുതരുന്നില്ല. ഇതാണ് സര്‍ക്കാരിന്റെ വിശദീകരണം.

റോഡുകളിലെ കുണ്ടുംകുഴിയും മൂടി വര്‍ഷാവര്‍ഷം നന്നായി ടാര്‍ ചെയ്തിരുന്നെങ്കില്‍ റോഡുകള്‍ ഈ വിധമാകുമായിരുന്നില്ല എന്നത് മറച്ചുവച്ചുകൊണ്ട് റോഡ് വികസനം വന്നാല്‍ ഈപ്രശ്‌നം പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ഭാഷ്യം. സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. അതിനാല്‍ ബിഒടി, പിപിപി, ഇപിസി തുടങ്ങിയ പുതിയ പദ്ധതികളിലൂടെ മുതലാളിമാരെ റോഡ് നിര്‍മ്മിക്കാന്‍ ജനങ്ങള്‍ അനുവദിക്കണം. റോഡ് സ്വകാര്യവല്‍ക്കരണത്തിനെതിരെയും ടോള്‍ പിരിവിനെതിരെയുമുള്ള സമരവും അവസാനിപ്പിച്ച് 45 മീറ്ററില്‍ ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നടപടികളോട് സഹകരിച്ചാല്‍ വിശാലമായ റോഡിലൂടെ ട്രാഫിക് തടസ്സമില്ലാതെ സുഖമായി സഞ്ചരിക്കാം. നിവൃത്തികേടുകൊണ്ട് ജനങ്ങള്‍ തന്നെ അങ്ങനെ പറയുന്ന അവസ്ഥ സൃഷ്ടിച്ചെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. പൊതു നിരത്തുകള്‍ കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലുളള ചുങ്കപ്പാതകളാക്കി മാറ്റുന്നതിനുവേണ്ടി 45 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുക്കുവാനും, അതിനായി ജനലക്ഷങ്ങളെ നിര്‍ദ്ദയം കുടിയൊഴിപ്പിക്കാനുമുള്ള ജനദ്രോഹപദ്ധതിക്ക് ബഹുജനങ്ങളുടെ സമ്മതി നേടിയെടുക്കാനുളള തന്ത്രമാണിത്.
സര്‍ക്കാരിന്റെ ഈ ഹീന പദ്ധതി വിജയിച്ചാല്‍ പരാജയപ്പെടുന്നത് ജനങ്ങളായിരിക്കും. കേരളത്തിന്റെ വടക്കേയറ്റത്തുള്ള തലപ്പാടിമുതല്‍ തെക്ക് കഴക്കൂട്ടം വരെ ബിഒടി ടോള്‍പാതക്കെതിരെ സമരക്കമ്മിറ്റികളില്‍ അണിനിരന്നിരിക്കുന്ന ജനങ്ങള്‍. അതു സംഭവിച്ചുകൂടാ.

45 മീറ്റര്‍ ടോള്‍ പാത
കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി

അധികാരമേറ്റയുടനെ കേരളത്തിലെ ഇടതുസര്‍ക്കാര്‍ ദേശീയപാതകള്‍ 45 മീറ്ററില്‍ സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയെമ്പാടും 60 മീറ്ററാണ് ദേശീയപാതയ്ക്കായി ഏറ്റെടുത്തിരിക്കുന്നതെന്നും കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് 45 മീറ്ററായി ചുരുക്കുന്നതെന്നും മുഖ്യമന്ത്രിപദമേറ്റെടുത്തയുടനെ തന്നെ നടന്ന ഡല്‍ഹിയാത്രയ്ക്കും, കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുമായുള്ള ചര്‍ച്ചയ്ക്കും ശേഷം ശ്രീ. പിണറായി വിജയന്‍ പ്രഖ്യാപിക്കുകയുണ്ടായി. ഈ വിഷയത്തില്‍ ഇനി ചര്‍ച്ചയേ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി നടന്നുവരുന്ന ദേശീയപാതാസമരം ഉയര്‍ത്തുന്ന ഡിമാന്റുകളുടെ പശ്ചാത്തലത്തില്‍ വേണം ദേശീയപാതാ വികസനത്തേയും മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും വിലയിരുത്തുവാന്‍.
അല്‍പ്പം ചരിത്രം:
കഴിഞ്ഞ 60 വര്‍ഷമായി കേരളത്തില്‍ ഉണ്ടായിരുന്നത് 2 വരി ദേശീയപാതയാണ്. പല സംസ്ഥാന-ജില്ലാ റോഡുകളും കോര്‍ത്തിണക്കിയാണ് ഈ റോഡുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ചിലയിടങ്ങളില്‍ ഇത് നാലുവരിയായി വികസിപ്പിച്ചെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും 7 മീറ്റര്‍ മുതല്‍ 9 മീറ്റര്‍ വരെ സ്ഥലം ഉപയോഗിച്ച് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് നിര്‍മ്മിച്ച ദേശീയപാതയാണ് 70% വും ഇപ്പോഴുമുള്ളത്. വളവ് തീര്‍ത്തും പാലങ്ങള്‍ പുതുക്കി നിര്‍മ്മിച്ചും ചില്ലറപോരായ്മകള്‍ പരിഹരിച്ചും റോഡില്‍ നടത്തിയ അറ്റകുറ്റപ്പണികള്‍ അല്ലാതെ ഇക്കഴിഞ്ഞ നാളുകളില്‍ സമഗ്രമായൊരു റോഡ് വികസനപദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. മറിച്ച്, കുണ്ടും കുഴിയും വളവുകളും നിറഞ്ഞ ദേശീയപാതകള്‍ കേരളത്തിന് ശാപമായി ഭവിച്ചു.
ഏതാണ്ട് 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്‍എച്ച് 47-ല്‍ പലയിടങ്ങളിലും 30.5 മീറ്റര്‍ സ്ഥലം ദേശീയപാത വികസനത്തിനായി ഏറ്റെടുത്തത്. 45 മീറ്റര്‍ ഏറ്റെടുത്ത സ്ഥലങ്ങളില്‍ പോലും 14 മീറ്റര്‍ ഉപയോഗിച്ച് 4 വരിപ്പാതയേ നിര്‍മ്മിച്ചിട്ടുള്ളു. എന്‍എച്ച് 17 ല്‍ ഇടപ്പള്ളിമുതല്‍ തലപ്പാടിവരെ പലയിടങ്ങളിലും 30 മീറ്റര്‍ ഭൂമി ഏറ്റെടുത്തിട്ടും ഇതില്‍ 10% പോലും ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല.
ഏതാണ്ട് 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്‍എച്ച് 47-ല്‍ പലയിടങ്ങളിലും 30.5 മീറ്റര്‍ സ്ഥലം ദേശീയപാത വീതികൂട്ടുന്നതിനായി ഏറ്റെടുത്തത്. എന്‍എച്ച് 17 നുവേണ്ടി അതിനുശേഷം ഇടപ്പള്ളി മുതല്‍ തലപ്പാടി വരെ പലയിടങ്ങളിലും 30 മീറ്റര്‍ ഭൂമിയും ഏറ്റെടുത്തു. ചില ബൈപ്പാസുകള്‍ നിര്‍മ്മിക്കാനായി 45 മീറ്റര്‍ സ്ഥലം ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലും ഏറ്റെടുത്തു. പക്ഷേ 45 മീറ്റര്‍ ഏറ്റെടുത്ത സ്ഥലങ്ങളില്‍പ്പോലും കേവലം 14 മീറ്റര്‍ ഉപയോഗിച്ച് 4 വരിപ്പാതയേ നിര്‍മ്മിച്ചിട്ടുള്ളു. എന്‍എച്ച് 17 ല്‍ ഇടപ്പള്ളി മുതല്‍ തലപ്പാടിവരെ പലയിടങ്ങളിലും 30 മീറ്റര്‍ ഭൂമി ഏറ്റെടുത്തിട്ടും ഇതില്‍ 10% പോലും ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല
സര്‍ക്കാരിന്റെ പുതിയ ജനദ്രോഹ
ബിഒടി, പിപിപി, ഇപിസി പദ്ധതികള്‍
അരൂരും പാലിയേക്കരയിലും ടോള്‍പിരിവ് തകൃതിയായി നടക്കുകയാണ്. ബിഒടി പാതയെന്നത് 30 വര്‍ഷത്തേക്ക് ബില്‍ഡ്, ഓപ്പറേറ്റ് & ട്രാന്‍സ്ഫര്‍ (നിര്‍മ്മിക്കുക, പരിപാലിക്കുക, തിരിച്ചുനല്‍കുക) എന്ന വ്യവസ്ഥയില്‍ ഉള്ള പദ്ധതിയാണ്. നിര്‍മ്മാണ ചെലവിന്റെ 40% സര്‍ക്കാര്‍ ഗ്രാന്റ് കൊടുക്കണം. ചെലവു പെരുപ്പിച്ച് കാണിച്ച് ഗ്രാന്റ് കൊണ്ടുമാത്രം റോഡു നിര്‍മ്മിക്കാന്‍ കഴിയുന്ന തന്ത്രവും ഇതിലുണ്ട്. ഇതിന്‍ പ്രകാരം 30 വര്‍ഷത്തോളം വര്‍ഷാവര്‍ഷം ടോള്‍ വര്‍ദ്ധിപ്പിച്ച്, ആവശ്യമെങ്കില്‍ നഷ്ടക്കണക്ക് കാണിച്ച് 30-ല്‍ അധികം വര്‍ഷക്കാലം, സ്വകാര്യ ഏജന്‍സിയോ എംഎന്‍സിയോ റോഡ് കയ്യടക്കിവച്ച് ടോള്‍പിരിക്കും. പിപിപി എന്ന മറ്റൊരു പദ്ധതിയും സര്‍ക്കാരിനുണ്ട്(പബ്ലിക്-പ്രൈവറ്റ്-പാര്‍ട്ടിസിപ്പേഷന്‍). ഇതില്‍ സര്‍ക്കാരിന്റെയും സ്വകാര്യമുതലാളിമാരുടെയും മൂലധനം ഒത്തുചേര്‍ന്നിരിക്കുന്നു. പണം മുടക്കുന്ന മുതലാളിക്ക് കാലാകാലം ലാഭമടിക്കാം. റോഡിന്റെ മേലുള്ള മുതലാളിമാരുടെ ഓഹരി തിരിച്ചുനല്‍കേണ്ടതില്ല.
മറ്റൊന്നാണ് പുതിയ എഞ്ചിനീയറിംഗ് പ്രോക്യുര്‍മെന്റ് കണ്‍സ്ട്രക്ഷന്‍(ഇപിസി) പദ്ധതി. പ്രത്യക്ഷത്തില്‍ ഇത് സ്വകാര്യവല്‍ക്കരണമാണെന്ന് മനസ്സിലാവില്ല. നാഷണല്‍ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യയുടെ പേരിലാണ് ഈ കബളിപ്പിക്കല്‍. ഒരു പദ്ധതിയുടെ പൂര്‍ണ്ണമായ എഞ്ചിനീയറിംഗും ഡിസൈനും നിര്‍മ്മാണവും സര്‍ക്കാരിനുവേണ്ടി ഏതെങ്കിലും ഒരു ഇപിസി കോണ്‍ട്രാക്ടര്‍ നിര്‍വ്വഹിക്കും. അത് സര്‍ക്കാരിന് കൈമാറുകയും ചെയ്യും. ബിഒടിയിലും പിപിപിയിലും ചെയ്യുന്നതുപോലെ സര്‍ക്കാര്‍തന്നെ ഏതെങ്കിലും സ്വകാര്യ ഏജന്‍സിവഴി ഭീമമായ ടോള്‍ പിരിച്ചെടുക്കുകയും ചെയ്യും. ടോള്‍ പിരിവ് നന്നായി നടത്താനും, ദേശീയപാതയോരങ്ങളിലുള്ള അധികമുള്ള സ്ഥലം സ്വന്തം അധീനതയില്‍വച്ച് റോഡ് അനുബന്ധവ്യവസായങ്ങളും പ്ലാസകളും സ്ഥാപിക്കാനും, പരസ്യബോര്‍ഡുകള്‍ക്കുവരെ ഫീസ് ഏര്‍പ്പെടുത്താനും, ടോള്‍ കമ്പനികള്‍ക്ക് അവസരം നല്‍കുവാന്‍ വേണ്ടി മാത്രമാണ് 45 മീറ്റര്‍ സ്ഥലമേറ്റെടുക്കണമെന്ന പിടിവാശി. എന്തെന്നാല്‍ 30 മീറ്റര്‍ സ്ഥലമെടുത്താലും 45 മീറ്റര്‍ സ്ഥലമെടുത്താലും അതില്‍ 4 വരി ടാര്‍ റോഡിന് വേണ്ടി 14 മീറ്റര്‍ സ്ഥലം മാത്രമേ ഉപയോഗിക്കുന്നുള്ളു.
സര്‍വ്വീസ് റോഡ് നിര്‍മ്മിക്കാനാണ് അധികം സ്ഥലം എന്നതും ശരിയല്ല. ചെറു റോഡുകളില്‍ നിന്നും വരുന്ന വാഹനങ്ങളെ ടോള്‍ ബൂത്തുകളിലേക്ക് എത്തിക്കുവാനുദ്ദേശിച്ചുകൊണ്ടാണ് പ്രധാനമായും സര്‍വ്വീസ് റോഡ് നിര്‍മ്മിക്കുന്നത്. ടോള്‍പാതകളിലൊന്നും സര്‍വ്വീസ് റോഡുകള്‍ക്ക് പാലം നിര്‍മ്മിച്ചിട്ടില്ല. ജനങ്ങള്‍ ചുങ്കം കൊടുക്കാതെ കാലങ്ങളായി ഉപയോഗിച്ചിരുന്ന പാത അവര്‍ക്ക് ഫലത്തില്‍ നിഷേധിച്ചിരിക്കുകയാണ്. അത് ഉപയോഗയോഗ്യമല്ലാതാക്കിത്തീര്‍ത്തിരിക്കുന്നു. ഇതിലൊന്നും സര്‍ക്കാരിന്റെ കാര്യമായ ഇടപെടലില്ല.
ലക്ഷക്കണക്കിന് എഞ്ചിനീയര്‍മാരും മറ്റു സാങ്കേതികവിദഗ്ധരും തൊഴിലില്ലാതലയുന്ന ഈ നാട്ടില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ഇവര്‍ക്ക് ജോലി നല്‍കാനുള്ള ബാദ്ധ്യതയില്‍നിന്നും ഒഴിഞ്ഞുമാറുവാനും സ്വകാര്യമാനേജുമെന്റുകളുടെ കൊടിയചൂഷണത്തിനും ദയാദാക്ഷിണ്യത്തിനും യുവാക്കളെ എറിഞ്ഞുകൊടുക്കുവാനുമേ ഈ നടപടികളെല്ലാം ഉപകരിക്കൂ. അഴിമതിക്കാരായ ഉദ്യോഗസ്ഥപ്രമാണിമാരുടെയും ജനപ്രതിനിധികളുടെയും പോക്കറ്റില്‍ ധാരാളം പണം കുമിഞ്ഞുകൂടുന്ന ഏര്‍പ്പാടുമാണിത്. സര്‍ക്കാരിന്റെ വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനവും ഇത് ഉണ്ടാക്കില്ല. പണപ്പിരിവ് നടത്തുന്ന കമ്പനി നല്‍കുന്ന കണക്ക് സ്വീകരിച്ച് ഒരു നക്കാപ്പിച്ച സര്‍ക്കാരിന് കൈപ്പറ്റാം. അനുദിനം വര്‍ദ്ധിക്കുന്ന ഭീകരമായ ടോള്‍ എന്ന കെടുതിയായിരിക്കും ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരിക.
അഖിലേന്ത്യാതലത്തില്‍ ദേശീയപാതയില്‍ 104 ടോള്‍ ബൂത്തുകളില്‍ സര്‍ക്കാര്‍ നേരിട്ടോ, മറ്റ് കോണ്‍ട്രാക്ടര്‍മാര്‍ വഴിയോ 94 ടോള്‍ കേന്ദ്രങ്ങളില്‍ വിവിധ ബിഒടി അല്ലെങ്കില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍സ് (എസ്പിവി) എന്ന പ്രത്യേക പദ്ധതി ഉപയോഗപ്പെടുത്തി സ്വകാര്യമുതലാളിമാരോ ആണ് ടോള്‍ പിരിക്കുന്നത്. സര്‍ക്കാര്‍ പിരിച്ചാലും സ്വകാര്യകമ്പനി പിരിച്ചാലും ടോള്‍ ഒരേപോലെ ഭീകരമാണ് എന്നതാണ് വസ്തുതകള്‍.

ടോള്‍ എന്ന കൊള്ളയ്ക്കും
അഴിമതിക്കും വേണ്ടിയുളള വികസനം
ഓരോ 60 കിലോമീറ്റര്‍ കൂടുമ്പോഴും ടോള്‍ബൂത്തുകള്‍ സ്ഥാപിക്കും. ടോള്‍ബൂത്തിലൂടെ ഒരു കിലോമീറ്റര്‍ ദൂരം കടന്നുപോയാലും 60 കിലോമീറ്ററിന്റെ പണം നല്‍കേണ്ടിവരും. 2011-ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം ഓരോ ഇനം വാഹനവും ഒരു വഴിക്ക് ഒരു കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ നല്‍കേണ്ട ടോള്‍ നിരക്കും (രൂപ) 5 കൊല്ലം കൊണ്ട് അതിന് വന്ന വര്‍ദ്ധനവും (ബ്രായ്ക്കറ്റില്‍) താഴെക്കൊടുക്കുന്നു:
എല്‍എംവി – 0.65 (1.45), ചെറിയലോറികള്‍, മിനി ബസ്-1.05 (2.25), ബസ്, ലോറി-2.20(4.65), ഉല്‍പ്പാദന/നിര്‍മ്മാണയന്ത്രങ്ങള്‍-3.45 (7.25). (2011-ലെ സര്‍ക്കാര്‍ ടോള്‍ വിജ്ഞാപനവും 2016 ഏപ്രിലില്‍ തെലുങ്കാനയില്‍ 31 കിലോമീറ്റര്‍ നീളമുള്ള റോഡില്‍ ടോള്‍ പിരിക്കുന്ന ഗഞ്ചം ജില്ലയിലെ കഡ്തല്‍-അര്‍മുര്‍ റേഞ്ചില്‍ 2016 ഏപ്രില്‍ 1 മുതല്‍ 2017 മാര്‍ച്ച് 31 വരെ ടോള്‍പിരിക്കാന്‍ നല്‍കിയ അനുമതിപത്രത്തിന്റേയും താരതമ്യത്തിലൂടെ കണ്ടെത്തിയത്. (രണ്ടുരേഖയും നാഷണല്‍ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്).
ഓരോ വര്‍ഷവും ഈ രീതിയിലുള്ള ടോള്‍ വര്‍ദ്ധനവാകും ഫലം. കേരളത്തിലൂടെ കടന്നുപോകുന്ന എന്‍എച്ച് 66, എന്‍എച്ച് 544, എന്‍എച്ച് 47(എ), എന്‍എച്ച് 47(സി), എന്‍എച്ച് 49, എന്‍എച്ച് 212, എന്‍എച്ച ്213, എന്‍എച്ച് 208, എന്‍എച്ച് 220 എന്നീ 7 ദേശീയപാതകള്‍ക്ക് ആകെ 1457 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. 60 കിലോമീറ്ററുകള്‍ക്കിടയിലാണ് ശരാശരി ടോള്‍ബൂത്തുകള്‍ സ്ഥാപിക്കുന്നതെങ്കില്‍ കേരളത്തില്‍ 25 ടോള്‍ബൂത്തുകള്‍ ഉണ്ടാകും. കാസര്‍ഗോഡ് തലപ്പാടിയില്‍നിന്നും ഒരു കാര്‍ തിരുവനന്തപുരത്തെത്തുമ്പോള്‍ 600 കിലോമീറ്ററിന് ഒരു ദിശയിലേയ്ക്ക് ഏതാണ്ട് 750 രൂപ ടോള്‍ നല്‍കേണ്ടിവരും. വാളയാറില്‍ നിന്ന് കൊച്ചിവരെയുള്ള 155 കിലോമീറ്റര്‍ ഒരു സാധാരണ ലോറി ചരക്കിറക്കി തിരിച്ചുപോകുമ്പോള്‍ 2016ലെ നിരക്കനുസരിച്ചാണെങ്കില്‍ 1440 രൂപ ടോള്‍ നല്‍കണം. അത് നിത്യോപയോഗ സാധാനങ്ങളുടെ വിലയില്‍ പ്രതിഫലിക്കും. ഇക്കാര്യങ്ങള്‍ ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സാധാരണക്കാരന്റെ ജീവിത ബജറ്റ് അപ്പാടെ തകിടം മറിക്കുമെന്നത് സുവ്യക്തമാണ്.
ബിഒടി പദ്ധതിപ്രകാരം കേരളത്തില്‍ ആദ്യമായി പിരിവ് തുടങ്ങിയത് ഗാമണ്‍ കമ്പനി നിര്‍മ്മിച്ച മട്ടാഞ്ചേരിപ്പാലത്തിനാണ്. അക്കാലത്തെ എല്‍ഡിഎഫ് ഗവണ്‍മെന്റാണത് തുടങ്ങിവച്ചത്. ഭീമമായ ടോള്‍പിരിവ് 13 വര്‍ഷവും നടത്തിക്കഴിഞ്ഞും നൂറുകണക്കിന് കോടിരൂപ ലാഭമടിച്ചതിനുംശേഷം 3 വര്‍ഷംകൂടി ടോള്‍പിരിവ് നടത്താന്‍ സര്‍ക്കാരില്‍നിന്ന് ഗാമണ്‍ അനുമതി നേടി. ആ പകല്‍ക്കൊള്ളയ്‌ക്കെതിരെ രൂപീകരിക്കപ്പെട്ട ജനകീയ സമരസമിതി ശരിയായ സ്ഥിതിവിവരക്കണക്കുകള്‍ നിരത്തി, കമ്പനിക്ക് നഷ്ടമില്ലെന്നും ഭീമമായി ലാഭം ഉണ്ടാക്കിയെന്നും സമര്‍ത്ഥിച്ചുക്കൊണ്ട് നടത്തിയ നിയമയുദ്ധത്തിലൂടെയാണ് അവിടെ ടോള്‍ അവസാനിപ്പിച്ചത്. പാലിയേക്കരയിലെ ടോള്‍ബൂത്തും 5 വര്‍ഷംകൊണ്ടുതന്നെ മുതലും ലാഭവും നേടിക്കഴിഞ്ഞു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇനിയും ഓരോ വര്‍ഷവും പുതുക്കിയ (ഉയര്‍ത്തിയ) ടോള്‍ചാര്‍ജ്ജ് നിലവില്‍വരും. ടോള്‍പിരിക്കുന്ന കമ്പനികള്‍ വിലനിലവാരസൂചികയ്ക്കനുസരിച്ച് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എന്‍എച്ച്എഐ അനുവദിച്ചു നല്‍കും. അല്ലെങ്കില്‍ കരാറുകാര്‍ക്ക് കോടതിയെ സമീപിക്കാം. ഇതാണ് കരാറുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥ. കേരളത്തില്‍ വാളയാര്‍, വല്ലാര്‍പാടം, തലപ്പാടി എന്നിവിടങ്ങളില്‍ സമാനമായ ടോള്‍ബൂത്തുകള്‍ സ്ഥാപിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്.

പുതിയ ദേശീയപാത വികസനപദ്ധതികളെല്ലാം സ്വകാര്യവല്‍ക്കരണത്തിന്
ജനക്ഷേമപദ്ധതികളില്‍നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റം ലക്ഷ്യമാക്കിക്കൊണ്ടാണ് പുതിയ റോഡ് വികസനപദ്ധതികളെല്ലാം മുന്നേറുന്നത്. 2021 – നകം പിഡബ്ല്യൂഡിയെയും സര്‍ക്കാരിന്റെ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളുമെല്ലാം സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് അടര്‍ത്തിമാറ്റുകയെന്നതാണ് 2009-ല്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വിഷന്‍ 2021 എന്ന പദ്ധതിയുടെ ലക്ഷ്യം. അതാണ് ഇപ്പോള്‍ മോദി സര്‍ക്കാരും പിന്തുടരുന്നത്. ലക്ഷക്കണക്കിന് കോടിരൂപ റോഡില്‍നിന്നും ഇന്ധനനികുതി, റോഡ് നികുതി, പെര്‍മിറ്റ്, പിഴകള്‍, മറ്റ് ഫീസുകള്‍ ഇങ്ങനെയെല്ലാം സര്‍ക്കാര്‍ പിരിച്ചെടുക്കുന്നുണ്ട്. വാഹനങ്ങളുടെ എണ്ണം നിരന്തരമായി വര്‍ദ്ധിക്കുന്ന ഈ രാജ്യത്ത് വാഹനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന പണവും അതില്‍ റോഡിനുവേണ്ടി മുടക്കുന്ന തുകയും സംബന്ധിച്ച് ഒരു ധവളപത്രമിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. റോഡ് വികസനത്തിന് ഫണ്ടില്ല എന്ന് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ആവര്‍ത്തിച്ച് നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് അപ്പോള്‍ വ്യക്തമാകും.

റോഡ് വികസനവും കുടിയൊഴിപ്പിക്കലും
മൂലമ്പിള്ളിയില്‍ 2008 ഫെബ്രുവരി 6 ന് നടന്ന കുടിയൊഴിപ്പിക്കല്‍ ജനങ്ങളെ സംബന്ധിച്ച് ഒരു വലിയപാഠമാണ്. 316 കുടുംബങ്ങളാണ് അന്ന് കുടിയൊഴിപ്പിക്കപ്പെട്ടത്. അതില്‍ 38 കുടുംബങ്ങള്‍ മാത്രമേ ഇപ്പോള്‍ വീണ്ടും വീട് വച്ച് താമസമായുള്ളൂ. ബാക്കിയുള്ളവര്‍ ഇപ്പോഴും വാടകവീട്ടിലോ ടാര്‍പോളീന്‍ ഷെഡുകളിലോ കഴിയുന്നു. കുടിയൊഴിപ്പിക്കുന്ന സര്‍ക്കാരുകള്‍ക്കൊന്നും മതിയായ പുനരധിവാസത്തിനോ നഷ്ടപരിഹാരത്തിനോ പദ്ധതിയില്ലെന്നതിന്റെ ഉത്തമസാക്ഷ്യമാണിത്.
ദേശീയപാത 66 (മുന്‍ എന്‍എച്ച് 47-ന്റെ ഇടപ്പള്ളി മുതല്‍ കന്യാകുമാരി വരെയും എന്‍ച്ച് 17-ന്റെ ഇടപ്പള്ളി മുതല്‍ പനവേല്‍ വരെയുമുള്ള ഭാഗവും ചേര്‍ന്ന് ഇപ്പോള്‍ എന്‍എച്ച് 66 ആയാണ് നോട്ടിഫൈ ചെയ്തിരിക്കുന്നത്) ന്റെ കേരളത്തിലുള്ള വീതി 45 മീറ്ററാക്കി മാറ്റിയാല്‍ കേരളത്തിലെ 670 കിലോമീറ്ററില്‍ ഒന്നരലക്ഷത്തിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നാണ് അനൗദ്യോഗികമായ കണക്ക്. ഇതില്‍ വീടുകളും ചെറുകിട വ്യാപാരസ്ഥാപനങ്ങളും വ്യവസായങ്ങളുമൊക്കെയുണ്ട്. ഇത്രയുമധികം ആളുകളെ കുടിയൊഴിപ്പിക്കേണ്ടിവന്നാല്‍ ഇന്ത്യകണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാകുമത്. മറ്റേതെങ്കിലും സംസ്ഥാനത്താണ് ഇത്രയും നീളത്തില്‍ റോഡിന് വീതി കൂടുന്നതെങ്കില്‍ ഇതിന്റെ പത്തിലൊന്നുമാത്രം കുടിയൊഴിപ്പിക്കല്‍ മതിയാകും (കേരളത്തിന്റെ ജനസാന്ദ്രത 2011-ന്റെ കണക്കുപ്രകാരം ചതുരശ്രകിലോമീറ്ററില്‍ 860 ആണ്). കേരളത്തില്‍ ദേശീയപാതയോരത്താകട്ടെ ശരാശരി ജനസാന്ദ്രത ഏതാണ്ട് 1200 നും 2000 നും ഇടയിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ അത് ഏറിയാല്‍ 150 മുതല്‍ 300 വരെ മാത്രമാണ്. അപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ദേശീയപാത വീതികൂട്ടുന്ന അതേ രീതിയില്‍ കേരളത്തില്‍ കഴിയില്ലതന്നെ.
ഇതേ പ്രശ്‌നം നേരിട്ട ഗോവ സര്‍ക്കാര്‍ 30 മീറ്ററില്‍ 6 വരിപ്പാത നിര്‍മ്മിച്ചുകൊണ്ട് കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കി. കേരളത്തില്‍ത്തന്നെ നിലവിലുണ്ടായിരുന്ന കരമന-കളയിക്കാവിള റോഡില്‍ 30 മീറ്ററില്‍ 6 വരിപ്പാത നിര്‍മ്മിച്ചിട്ടുണ്ട്. എന്നിട്ടും 45 മീറ്ററില്‍ ചര്‍ച്ചയേതുമില്ലാതെ ഭൂമിയേറ്റെടുത്ത് 4 വരിപ്പാത പണിയുമെന്ന് പറയുമ്പോള്‍ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളെ മുഖ്യമന്ത്രി നിരാകരിക്കുന്നു എന്നേ പറയാന്‍ കഴിയൂ. 316 കുടുംബങ്ങള്‍ക്ക് മൂലമ്പിള്ളിയില്‍ പുനരധിവാസം നല്‍കാതെ വീട് ഇടിച്ചുനീക്കി കുടിയൊഴിപ്പിച്ചതിന്റെ ഭവിഷ്യത്ത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അറിഞ്ഞതാണ്. അതുകൊണ്ടുതന്നെയാണ് ഇനി ഏതൊരു വികസനപരിപാടിക്കും ഭൂമിയേറ്റെടുക്കുന്നതിന് മുന്‍പ് കുടിയിറക്കുന്നവരെ മുന്‍കൂറായി പുനരധിവസിപ്പിക്കണമെന്നുള്ള മുദ്രാവാക്യം കേരളമാകെ മുഴങ്ങുന്നതും.

പൊതുനിരത്തുകളുടെ സ്വകാര്യ വല്‍ക്കരണത്തിനും കുടിയൊഴിപ്പിക്കലിനുമെതിരെ ജനകീയ സമരത്തില്‍ അണിചേരുക
30 മീറ്ററില്‍ ആറുവരിപ്പാത നിര്‍മ്മിക്കുവാനായി സര്‍ക്കാരിന് ഭൂമി വിട്ടുനല്‍കുവാന്‍ കേരളത്തില്‍ ടോള്‍പാതയ്ക്കും കുടിയൊഴിപ്പിക്കലിനുമെതിരായി സമരം ചെയ്യുന്നവര്‍ തയ്യാറാണ്. എന്നാല്‍ ടോള്‍പാതയ്ക്കായി 45 മീറ്റര്‍ ഭൂമി വിട്ടുനല്‍കുവാന്‍ തയ്യാറല്ലെന്ന് ശക്തമായി പ്രഖ്യാപിച്ചുകൊണ്ട് കേരളമെമ്പാടും സമരക്കമ്മിറ്റികളില്‍ സംഘടിതരായി ജനങ്ങള്‍ അണിനിരന്നിരിക്കുകയാണ്. അവരുടെ ആവശ്യങ്ങളുടെമേല്‍ ഇനി ചര്‍ച്ചയില്ലെന്നുള്ള മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യമര്യാദയല്ല. കഴിഞ്ഞ 10 വര്‍ഷമായി കേരളത്തിലെ ദേശീയപാതയോരത്ത് ജനങ്ങള്‍ സംഘടിതമായി ചെറുത്തുനിന്ന സ്ഥലങ്ങളിലൊന്നും ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഭൂമിയേറ്റെടുപ്പിനായുള്ള വിജ്ഞാപനങ്ങള്‍ 3 തവണ പിന്‍വലിക്കേണ്ടിവന്നു. കോഴിക്കോട് വടകരയിലും സമീപപ്രദേശങ്ങളിലും എന്‍എച്ചിന്റെ സ്ഥലമെടുപ്പ് നടപടികള്‍ തുടങ്ങിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെ ചെറുത്തുനില്‍പ്പ് തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് പിന്‍വാങ്ങേണ്ടിവരുന്ന സാഹചര്യമാണ് അവിടെയുള്ളത്. എന്‍എച്ച് 17 ആക്ഷന്‍കൗണ്‍സിലിന്റെയും ദേശീയപാത ആക്ഷന്‍ഫോറത്തിന്റെയും ബാനറിന് കീഴില്‍ അണിനിരന്നുകൊണ്ട്, 45 മീറ്റര്‍ ടോള്‍പാതയ്‌ക്കെതിരെയുള്ള സമരത്തില്‍ ഉറച്ചുനില്‍ക്കുന്ന ജനങ്ങള്‍ക്ക് അഭിവാദനങ്ങള്‍.

Share this