നേപ്പാളിലെ കുപ്രസിദ്ധമായ രാജവാഴ്ചയെ 2008ൽ പുറത്താക്കിയതിനു ശേഷം കഴിഞ്ഞ 17 വർഷത്തിനുള്ളിൽ 13 ഗവൺമെന്റുകൾ വന്നുപോയി. ഈ ഗവൺമെന്റുകൾ എല്ലാം തന്നെ വിദേശ സാമ്രാജ്യത്വ ശക്തികളുമായി ഒരവിശുദ്ധ ബന്ധത്തിൽ ഏർപ്പെട്ടുകൊണ്ട്, മുതലാളിവർഗ്ഗത്തിനുവേണ്ടിയാണ് ഭരിച്ചത് എന്നതുകൊണ്ട് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ഒന്നും തന്നെ നിറവേറ്റിയില്ല. എല്ലാ പാർലമെന്ററി ബൂർഷ്വാ പാർട്ടികളും കഴുത്തറ്റം അഴിമതിയിൽ മുങ്ങിയിരിക്കുക യാണ്. രൂക്ഷമായ തൊഴിലില്ലായ്മ യുവാക്കളെ വേട്ടയാടുകയാണ്. അഴിമതിനിറഞ്ഞ ഓലി ഗവൺമെന്റിനെതിരെ അവർ പ്രക്ഷോഭത്തിലേക്ക് എടുത്തുചാടി. ജനരോഷം മുന്നിൽകണ്ട് ഭരണാധികാരികൾ സാമൂഹ്യ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. അത് ജനരോഷം ആളിക്കത്തിച്ചു. ഗവൺമെന്റ് സമരക്കാർക്കുനേരെ പോലീസിനെ കയറൂരിവിട്ടു. അവരുടെ മാരകമായ അക്രമണത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടു; അനേകംപേർക്ക് പരിക്കേറ്റു.
യുവാക്കൾക്കുനേരേയുള്ള നേപ്പാൾ ഗവൺമെന്റിന്റെ ഹീനമായ ആക്രമണത്തെ എസ്‍യുസിഐ(കമ്മ്യൂണിസ്റ്റ്) ശക്തമായി അപലപിച്ചിരുന്നു. പൊരുതുന്ന യുവതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭം വിജയംവരിക്കുകയും പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കുകയും ചെയ്തു. മുൻ ചീഫ് ജസ്റ്റിസ് സുശീലാ കർക്കി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. അധികാരം ലഭിച്ചാൽ ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുമെന്നും തെരഞ്ഞെടുപ്പ് നടത്തുമെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. അഴിമതിയും ജനദ്രോഹവും രാഷ്ട്രീയ അനിശ്ചിതത്വവും നടമാടുന്ന നേപ്പാളിൽ ജനാധിപത്യ ഭരണം സ്ഥാപിക്കപ്പെടുമോ എന്നത് വരാനിരിക്കുന്ന നാളുകളിലേ വ്യക്തമാകൂ. ജനങ്ങൾ ഉയർന്ന രാഷ്ട്രീയ പ്രബുദ്ധതയും ജാഗ്രതയും പുലർത്തുകയും ജനാധിപത്യ മതേതര മൂല്യങ്ങളിലധിഷ്ഠിതമായ ഭര ണം ഉറപ്പാക്കുന്നതിനായി നിലകൊള്ളുകയും ചെയ്യേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു.
