നവംബർ വിപ്ലവ സന്ദേശം അപ്രതിരോധ്യവും അജയ്യവും

Spread our news by sharing in social media

നവംബർ വിപ്ലവ ശതാബ്ദി ആചരണത്തിന് സമാപനം കുറിച്ചുകൊണ്ട് നവംബർ 17ന് കൽക്കത്തയിൽ ചേർന്ന മഹാസമ്മേളനത്തിൽ
എസ്‌യുസിഐ(സി) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് ചെയ്ത പ്രസംഗത്തിന്റെ മലയാള പരിഭാഷ
ഇരുപതാം നൂറ്റാണ്ടിൽ ലോകത്തെ പിടിച്ചുകുലുക്കി നവംബർ വിപ്ലവം. വിവിധ രാജ്യങ്ങളിലെ ചൂഷിത ജനതകളെ അത് പ്രചോദിപ്പിച്ചു. സാമ്രാജ്യത്വ-മുതലാളിത്ത ശക്തികളെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹത്തരവും യുഗനിർണായകവുമായ സംഭവമായിരുന്നു അത്. റഷ്യയിലെ ചൂഷണവാഴ്ചയ്ക്ക് അന്ത്യം കുറിക്കുകയും ലോകമെമ്പാടുമുള്ള തൊഴിലാളിവർഗ്ഗത്തെ ആവേശം കൊള്ളിക്കുകയും മാത്രമല്ല മാനവികതയുടെ ഭാവിയിലേയ്ക്കുള്ള മാർഗമെന്തെന്ന് വ്യക്തമാക്കുകയും ചെയ്തു നവംബർ വിപ്ലവം.

സഖാവ് അദ്ധ്യക്ഷൻ, നമ്മുടെ ഉറ്റ സുഹൃത്തും ബംഗ്ലാദേശ് സമാജ്താന്ത്രിക് ദൾ(മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറിയും ഈ സമ്മേളനത്തിലെ വിശിഷ്ടാതിഥിയുമായ സഖാവ് മൊബിനൾ ഹൈദർ ചൗധരി, സുഹൃത്തുക്കളേ
മാർക്‌സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ, മാവോ എന്നിവരുടെ അർഹനായ പിന്തുടർച്ചക്കാരനും ഈ യുഗത്തിലെ സമുന്നത മാർക്‌സിസ്റ്റ് ദാർശനികരിലൊരാളുമായ സഖാവ് ശിബ്ദാസ് ഘോഷാണ് എസ്‌യുസിഐ(സി) സ്ഥാപിച്ചത് എന്നകാര്യം ഏവർക്കുമറിയാമല്ലോ. മഹത്തായ നവംബർ വിപ്ലവത്തിന്റെ പാത പിന്തുടർന്ന്, മാർക്‌സിസം-ലെനിനിസത്തിന്റെയും തൊഴിലാളിവർഗ്ഗ സാർവ്വദേശീയതയുടെയും പതാക സാഭിമാനം ഉയർത്തിപ്പിടിച്ച്, നമ്മുടെ രാജ്യത്ത് മുതലാളിത്ത വാഴ്ചയ്ക്ക് അന്ത്യംകുറിച്ച് സോഷ്യലിസ്റ്റ് വിപ്ലവം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഠിനമായ ആ പോരാട്ടം അദ്ദേഹം ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ നവംബർവിപ്ലവവും അതിന്റെ ശതാബ്ദി ആചരണവും നമ്മെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതും ഒരു വൈകാരികാനുഭവവുമാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആചരണത്തിന് 2016 നവംബർ 7ന് ഡൽഹിയിലെ മാവ്‌ലങ്കാർ ഹാളിൽ തുടക്കം കുറിച്ചു.
രാജ്യത്തിന്റെ നാനാ കോണുകളിൽ നടന്ന അനേകം യോഗങ്ങളിലൂടെയും ചർച്ചകളിലൂടെയും മറ്റും ഗ്രാമങ്ങളിലും നഗരങ്ങളിലും ഫാക്ടറികളിലും മറ്റനേകം സ്ഥാപനങ്ങളിലുമൊക്കെ ആയിരക്കണക്കിന് സഖാക്കൾ നവംബർ വിപ്ലവത്തിന്റെ സന്ദേശം തൊഴിലാളികൾക്കും കർഷകർക്കും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വനിതകൾക്കുമൊക്കെ പകർന്ന് നൽകി. നവംബർ വിപ്ലവം ഉയർന്നൊരു നാഗരികതയാണ് സൃഷ്ടിച്ചത്. 70 വർഷക്കാലം അത് നിലനിന്നു. നവംബർ വിപ്ലവം എന്ന് കേൾക്കുമ്പോൾത്തന്നെ സാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾ ഞെട്ടിവിറച്ചു. അതുകൊണ്ടുതന്നെ ചരിത്രത്തിന്റെ താളുകളിൽനിന്ന് നവംബർ വിപ്ലവത്തെ തുടച്ചുനീക്കാനും അതിന്റെ യശസ്സ് കെടുത്താനും എല്ലാ ശ്രമങ്ങളും അവർ നടത്തി. ഐതിഹാസികമായ ഈ സാമൂഹ്യ വിപ്ലവത്തെക്കുറിച്ചുള്ള യഥാർത്ഥ വസ്തുതകളൊന്നും ഇന്നത്തെ തലമുറയിൽ പലർക്കുമറിയില്ല. സ്ഥാപിത താല്പര്യക്കാരുടെ ഈ കുത്സിതനീക്കങ്ങൾക്കിടയിലും നവംബർ വിപ്ലവത്തിന്റെ ആഹ്വാനം അപ്രതിരോധ്യവും അജയ്യവുമായി നിലകൊള്ളുന്നു എന്നതാണ് ജനങ്ങൾക്കിടയിൽ പ്രചരണം നടത്തുമ്പോൾ രാജ്യത്തെവിടെയും നമുക്കനുഭവപ്പെട്ടത്. ഈ മഹാ സമ്മേളനവും അത് വിളിച്ചോതുന്നു.
കനത്ത മഴയെയും മറ്റെല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്ത് രാജ്യത്തിന്റെ നാനാകോണുകളിൽനിന്നും ബംഗ്ലാദേശിൽനിന്നും ഇവിടെയെത്തിച്ചേർന്ന അനേകായിരങ്ങൾക്ക് വേദിയിലുള്ള എല്ലാവരുടെയും പേരിൽ ഞാൻ വിപ്ലവാഭിവാദ്യങ്ങൾ നേരുന്നു.
മനുഷ്യൻ മനുഷ്യനുമേൽ നടത്തുന്ന ചൂഷണത്തിന് അറുതി വരുത്താൻ കഴിയുമെന്ന് നവംബർ വിപ്ലവം തെളിയിച്ചു. പ്രാകൃത യുഗത്തിനുശേഷം സമൂഹം വർഗ്ഗ വിഭജിതമായ അന്നുമുതൽ ആയിരക്കണക്കിന് വർഷങ്ങളായി ഈ ചൂഷണവാഴ്ച തുടരുകയാണ്. ആദ്യം അടിമത്തം പിന്നെ ജന്മിത്തം അതിനുശേഷം മുതലാളിത്തം എന്നിങ്ങനെ വിവിധ ഘട്ടങ്ങളായി അത് തുടരുന്നു. ചൂഷിതർ എക്കാലവും ഉയർത്തിയ ഒരു ചോദ്യമുണ്ട്. എന്നെങ്കിലും ഈ ചൂഷണത്തിന് അവസാനമുണ്ടാകുമോ, എന്നെങ്കിലും ചൂഷണത്തിൽ അടിയുറച്ച വ്യവസ്ഥയ്ക്ക് മാറ്റമുണ്ടാകുമോ എന്നതായിരുന്നു കണ്ണീരോടെ അവരുയർത്തിയ ചോദ്യം. ഈ ചോദ്യത്തിനാണ് മഹാനായ ലെനിനും അദ്ദേഹത്തിന്റെ ഉറ്റ സഖാവ് സ്റ്റാലിനും മാർക്‌സിസത്തെ അടിസ്ഥാനമാക്കി സാക്ഷാത്ക്കരിച്ച നവംബർ വിപ്ലവത്തിലൂടെ മറുപടി നൽകിയത്. ഒരു വിപ്ലവ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ, ശരിയായ വിപ്ലവ പാർട്ടിയുടെ നേതൃത്വത്തിൽ, അടിച്ചമർത്തപ്പെടുന്നവർ സംഘടിക്കുകയും കരുത്തുറ്റൊരു വിപ്ലവപ്രസ്ഥാനം കെട്ടിപ്പടുക്കുകയും ചെയ്താൽ അത് സാദ്ധ്യമാണെന്ന് തെളിയിക്കപ്പെട്ടു.
ലോക നേതാക്കൾ  നവംബർ വിപ്ലവത്തെ പ്രകീർത്തിച്ചു
ഇരുപതാം നൂറ്റാണ്ടിൽ ലോകത്തെ പിടിച്ചുകുലുക്കി നവംബർ വിപ്ലവം. വിവിധ രാജ്യങ്ങളിലെ ചൂഷിത ജനതകളെ അത് പ്രചോദിപ്പിച്ചു. സാമ്രാജ്യത്വ-മുതലാളിത്ത ശക്തികളെ അത് വിറപ്പിക്കുകയും ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹത്തരവും യുഗനിർണായകവുമായ സംഭവമായിരുന്നു അത്. അത് റഷ്യയിലെ ചൂഷണവാഴ്ചയ്ക്ക് അന്ത്യം കുറിക്കുകയും ലോകമെമ്പാടുമുള്ള തൊഴിലാളിവർഗ്ഗത്തെ ആവേശം കൊള്ളിക്കുകയും മാത്രമല്ല മാനവികതയുടെ ഭാവിയിലേയ്ക്കുള്ള മാർഗമെന്തെന്ന് വ്യക്തമാക്കുകയും ചെയ്തു. അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശക്തികളുടെ കൊള്ളയ്ക്ക് ഇരയായിരുന്നു അന്ന് ഏഷ്യയും ആഫ്രിക്കയും ലാറ്റിൻ അമേരിക്കയും. മിക്ക രാജ്യങ്ങളും അവരുടെ കോളണികളോ അർദ്ധ കോളണികളോ ആയിരുന്നു. റഷ്യൻ വിപ്ലവം ഈ കോളണികളിലെയും അർദ്ധ കോളണികളിലെയും ജനങ്ങളെ വിമോചന പോരാട്ടങ്ങൾക്കായി പ്രചോദിപ്പിച്ചു.
അതുകൊണ്ടാണ് ചൈനയിലെ സൺയാത്‌സെൻ, ഇൻഡോനേഷ്യയിലെ സുകാർണോ, ദക്ഷിണാഫ്രിക്കയിലെ നെൽസൺ മണ്ടേല തുടങ്ങിയ ദേശീയ നേതാക്കൾ സോഷ്യലിസത്തെ സ്വാഗതം ചെയ്തത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരിയായ നേതാവ് നേതാജി സുഭാഷ് ചന്ദ്രബോസും ഇക്കൂട്ടത്തിൽപെടും. ആദ്യമായി കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഹരിപുര കോൺഗ്രസ്സിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു: ”ലോകം സോഷ്യലിസ്റ്റ് എന്നും ഇംപീരിയലിസ്റ്റ് എന്നും രണ്ട് ചേരികളായി വിഭജിക്കപ്പെട്ടിരിക്കുന്നു, സോഷ്യലിസം നമുക്ക് പ്രചോദനം നൽകുന്നു” . ഇന്ത്യയിലെ വിപ്ലവകാരികൾക്കെല്ലാം ഇതേ അഭിപ്രായമായിരുന്നു. എല്ലാ സ്വാതന്ത്ര്യ സമരങ്ങൾക്കും സോഷ്യലിസം പിന്തുണയും സഹായവും നൽകി. അല്ലായിരുന്നെങ്കിൽ സാമ്രാജ്യത്വം ഇത്രവേഗം പിൻവാങ്ങുകയില്ലായിരുന്നു. ഈ സ്വാതന്ത്ര്യ പോരാട്ടങ്ങൾ ഇങ്ങനെയാണ് വിജയം കണ്ടത്.
സ്റ്റാലിന്റെ നേതൃത്വത്തിൽ  സോവിയറ്റ് യൂണിയൻ  മാനവരാശിയെ ഫാസിസത്തിൽനിന്ന് രക്ഷിച്ചു

രണ്ടാംലോക യുദ്ധാനന്തരം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം ദുർബലമായി എന്നതൊരു വസ്തുതയാണ്. 1942ലെ ക്വിറ്റ് ഇന്ത്യ സമരവും ആസാദ് ഹിന്ദ് ആർമി നടത്തിയ മുന്നേറ്റവും ബോംബെയിലെ നാവിക കലാപവുമൊക്കെ ഇതിന് അനുകൂല സാഹചര്യം സൃഷ്ടിച്ചു. പൂർവ്വ യൂറോപ്പിലും ചൈനയിലും വിയറ്റ്‌നാമിലുമൊക്കെ സോഷ്യലിസ്റ്റ് ശക്തികൾ കൈവരിച്ച മുന്നേറ്റം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഞെട്ടിച്ചുകളഞ്ഞു.
അതുകൊണ്ടുതന്നെ ഇന്ത്യൻ ദേശീയ മുതലാളിവർഗ്ഗവുമായി ഒരു സന്ധിയിലൂടെ അധികാരം കൈമാറാൻ അവർ തിടുക്കം കാണിച്ചു. ക്യൂബയിലെ ഫിദൽ കാസ്‌ട്രോയും ചെഗുവേരയും നവംബർ വിപ്ലവത്താൽ പ്രചോദിതരായിരുന്നു. അമേരിക്കൻ സമ്രാജ്യത്വം വകവരുത്തിയ ആഫ്രിക്കൻ നേതാവ് പാട്രിസ് ലുമുംബയും നവംബർ വിപ്ലവത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടിരുന്നു. സ്വാതന്ത്ര്യം നേടിയ കോളണികൾ ഒരിക്കലും സ്വന്തം കാലിൽ നിൽക്കത്തക്കവിധം വികാസം നേടരുതെന്നായിരുന്നു സാമ്രാജ്യത്വ ശക്തികൾ ആഗ്രഹിച്ചിരുന്നത്. എന്നാൽ ഈ നവജാത ദേശീയ രാഷ്ട്രങ്ങൾക്ക് സോഷ്യലിസ്റ്റ് ചേരി ഉദാരമായ സാമ്പത്തിക സഹായം നൽകി. ഒരു സ്വതന്ത്ര-പരമാധികാര രാജ്യമായി വികസിച്ചുവരുന്നതിൽ ഇന്ത്യയ്ക്കും സോഷ്യലിസ്റ്റ് ചേരിയിൽനിന്ന് പലവിധ സഹായങ്ങളും കിട്ടി. ഈ രാജ്യങ്ങൾ സാമ്രാജ്യത്വത്തിന്റെ പിടിയിൽനിന്ന് മുക്തരായി നിൽക്കാൻ അന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് സോഷ്യലിസ്റ്റ് ചേരിയുടെ സഹായത്തോടെ അവർ ചേരിചേരാ പ്രസ്ഥാനം കെട്ടിപ്പടുത്തത്.

രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ലോകത്തെയാകെ നശിപ്പിക്കാനായി ജർമനി-ഇറ്റലി-ജപ്പാൻ ഫാസിസ്റ്റ് അച്ചുതണ്ട് സഖ്യം ഇറങ്ങിത്തിരിച്ചു. ഫ്രാൻസ് അടക്കം യൂറോപ്പിന്റെ നല്ലൊരു പങ്ക് അവർ കീഴടക്കി. ഇംഗ്ലണ്ടും പരാജയത്തിന്റെ വക്കിലായിരുന്നു. ജാപ്പനീസ് സൈന്യം ചൈന കീഴടക്കി അന്നത്തെ ബർമയായ മ്യാൻമർ വരെയെത്തി. അങ്ങനെ ലോകം തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴാണ് സ്റ്റാലിന്റെ നേതൃത്വത്തിൽ സോവിയറ്റ് ചെമ്പട രക്ഷകരായി എത്തിയത്.
ആസന്നമായ ആപത്തിനെ സോവിയറ്റ് യൂണിയൻ ചെറുത്തുതോല്പിക്കുന്നത് ഉറ്റുനോക്കിയിരുന്നു ലോകത്തെ ആദരണീയ വ്യക്തിത്വങ്ങളായ റൊമെയ്ൻ റോളണ്ട്, ബർണാർഡ് ഷാ, ഐൻസ്റ്റീൻ തുടങ്ങിയവരും നമ്മുടെ രാജ്യത്തെ ഉജ്ജ്വല വ്യക്തിത്വങ്ങളും. രവീന്ദ്രനാഥ് ടാഗോർ അന്ന് മരണശയ്യയിലായിരുന്നു. ചെമ്പടയുടെ മുന്നേറ്റത്തെക്കുറിച്ച് അദ്ദേഹം സദാ ആരാഞ്ഞിരുന്നുവെന്ന് ടാഗോറിനെ പരിചരിച്ചിരുന്ന പ്രശാന്തചന്ദ്ര മെഹലനോബിസ് എന്ന പ്രമുഖ ശാസ്ത്രജ്ഞൻ രേഖപ്പെടുത്തിയിട്ടുണ്ട്. ചെമ്പടയ്ക്ക് ക്ഷീണം സംഭവിച്ചു എന്ന വാർത്ത കേൾക്കുമ്പോൾ അദ്ദേഹം പത്രം നിരാശയോടെ വലിച്ചെറിയുമായിരുന്നത്രെ. ഓപ്പറേഷൻ ദിവസം ചെമ്പടയുടെ മുന്നേറ്റത്തെക്കുറിച്ചറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖം പ്രസന്നമായി. അദ്ദേഹം പറഞ്ഞു:”അവർക്കത് കഴിയും, ദുഷ്ട ശക്തികളെ അമർച്ച ചെയ്ത് വിജയം വരിക്കാൻ അവർക്കേ കഴിയൂ. ” അതായിരുന്നു സത്യം. സോവിയറ്റ് യൂണിയനും മഹാനായ സ്റ്റാലിന്റെ നേതൃത്വത്തിൽ ചെമ്പട നടത്തിയ അക്ഷീണമായ പോരാട്ടവുമില്ലായിരുന്നെങ്കിൽ ലോകചരിത്രം മറ്റൊന്നാകുമായിരുന്നു. ഇത് നമ്മുടെ ഒരു അവകാശവാദമല്ല.
സോവിയറ്റ് യൂണിയന്റെ ശ്രേയസ്‌കരമായ പങ്ക് സാമ്രാജ്യത്വ നായകന്മാരായ ചർച്ചിലിനും റൂസ്‌വെൽറ്റിനുമൊക്കെ അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്. മാനവചരിത്രത്തിൽ നവംബർ വിപ്ലവം നിർണായക പങ്കുവഹിച്ചത് ഇപ്രകാരമാണ്.

നമ്മുടെ രാജ്യത്തെ പ്രശസ്ത  വ്യക്തികളും സോവിയറ്റ്  സോഷ്യലിസത്തെ  പിന്തുണച്ചിരുന്നു

നമ്മുടെ രാജ്യത്തെ മുൻനിര സാഹിത്യകാരന്മാരായ രവീന്ദ്രനാഥ് ടാഗോർ, ശരത്ചന്ദ്ര ചാറ്റർജി, പ്രേംചന്ദ്, നസ്രുൾ ഇസ്ലാം, സുബ്രഹ്മണ്യ ഭാരതി, ജ്യോതിപ്രസാദ്, മുൽക് രാജ് ആനന്ദ്, കിഷൻ ചന്ദ്, ഇക്ബാൽ തുടങ്ങയവരൊക്കെ റഷ്യൻ വിപ്ലവത്തെ പ്രകീർത്തിച്ചിരുന്നതായി നിങ്ങൾക്കറിയാം. ശരത്ചന്ദ്ര ചാറ്റർജി ‘പഥേർ ദാബി’ യിൽ തൊഴിലാളിവർഗ്ഗ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നു. ബോൾഷെവിക് ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ബ്രിട്ടീഷ് ഗവണ്മെന്റ് ഈ നോവൽ നിരോധിച്ചു. കമ്മ്യൂണിസത്തെയും തൊഴിലാളിവർഗ്ഗ സാർവ്വദേശീയതയെയും പുകഴ്ത്തിക്കൊണ്ട് നസ്രുൾ കവിതകളെഴുതി. ബിപിൻ ചന്ദ്ര പാൽ, ബാല ഗംഗാധര തിലക്, ലാലാ ലജ്പത് റായ് തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളും സോഷ്യലിസത്തെ വാഴ്ത്തി. നേതാജി സോഷ്യലിസത്തെ സ്വാഗതം ചെയ്തു. ജവഹർലാൽ നെഹ്രു നവംബർ വിപ്ലവത്തിന് ആദരവുകളർപ്പിച്ചു. ഗാന്ധിജി പോലും സോഷ്യലിസത്തെ പ്രശംസിച്ചിട്ടുണ്ട്. ഇവരാരും കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല. എന്തുകൊണ്ടാണ് റൊമെയ്ൻ റോളണ്ട്, ബർണാഡ്ഷാ, ഐൻസ്റ്റീൻ തുടങ്ങിയവർ സോഷ്യലിസത്തെ പ്രകീർത്തിക്കാൻ ഇത്ര ഉത്സാഹം കാണിച്ചത്? ഫ്രഞ്ച് വിപ്ലവം ജന്മിത്ത വാഴ്ച അവസാനിപ്പിച്ച് ബൂർഷ്വാ ജനാധിപത്യ വ്യവസ്ഥ സ്ഥാപിച്ചു. ബൂർഷ്വാ ജനാധിപത്യ വിപ്ലവം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മതേതര മാനവവാദം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി. ജന്മിത്തത്തിലെ ഏകാധിപത്യ വാഴ്ചയ്ക്കുപകരം ജനാധിപത്യം എന്ന കാഹളമാണ് മുഴങ്ങിയത്. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന്റെ മുദ്രാവാക്യം ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണം എന്നതായിരുന്നു. ലോകമെമ്പാടും ഒരു പുതിയ കാറ്റ് വീശിയടിച്ചു.

എന്നാൽ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ അനിഷേധ്യമായ വികാസ പ്രക്രിയയുടെ ഫലമായി ചെറിയ മൂലധനം വലിയ മൂലധനവും കുത്തക മൂലധനവുമായി മാറുകയുണ്ടായി. അതോടെ, കാലഹരണപ്പെട്ട ജന്മിത്ത വാഴ്ചയെ കടപുഴക്കിക്കൊണ്ട് ഉയർന്നുവന്ന കാലഘട്ടത്തിൽ മുതലാളിവർഗ്ഗം കയ്യാളിയിരുന്ന പുരോഗമന സ്വഭാവം നഷ്ടപ്പെടുകയും ചെയ്തു. അങ്ങനെ പിന്തിരിപ്പനായി മാറിയ മുതലാളിത്ത വ്യവസ്ഥ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, ജനാധിപത്യം, മാനവവാദം തുടങ്ങിയ മുദ്രാവാക്യങ്ങളൊക്കെ ഉപേക്ഷിച്ചു. ബൂർഷ്വാ ജനാധിപത്യത്തിന്റെ ആദർശങ്ങൾ അങ്ങനെ ബൂർഷ്വാസിതന്നെ ചവുട്ടിമെതിച്ചു. ഇന്ന് സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളിൽ കാണുന്നത് ഒരുപിടി സമ്പന്നരും കോടിക്കണക്കിന് ദരിദ്രരും തമ്മിലുള്ള ഭീമമായ അന്തരമാണ്. വിവേചനവും അർഹതപ്പെട്ടത് നിഷേധിക്കലും ഭയാനക രൂപമെടുക്കുന്നു. ബിബിസിയുടെ കണക്കുപ്രകാരം ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന് ബാക്കി 99 ശതമാനത്തിന്റേതിന് തുല്യമായ സമ്പത്തുണ്ട്.
300 കോടി ആളുകളുടേതിന് തുല്യമായ സമ്പത്താണ് ലോകത്തെ 8 കുടുംബങ്ങൾ കൈവശപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ രാജ്യത്ത് 57 കുടുംബങ്ങൾ ആകെ സമ്പത്തിന്റെ 70 ശതമാനം കൈവശം വയ്ക്കുന്നു. പണിയെടുക്കുന്നവർക്ക് അർഹതപ്പെട്ട പങ്ക് നിഷേധിക്കുന്നതിലൂടെ വമ്പിച്ച സമ്പത്താണ് ഒരു പിടി സമ്പന്നരുടെ കൈകളിൽ കേന്ദ്രീകരിച്ചിട്ടുള്ളത്. ഈ അതിസമ്പന്നർ രാജകീയമായ ആർഭാട ജീവിതം നയിക്കുന്നു. മറുവശത്ത് തൊഴിൽരഹിതരും തൊഴിലിൽനിന്ന് പിരിച്ചുവിടപ്പെടുന്നവരുമൊക്കെയായ ലക്ഷക്കണക്കിന് ദരിദ്രർ ഭക്ഷണവും ചികിത്സയും കിട്ടാതെ മരിക്കുന്നു. അസമമായ ഈ സമൂഹത്തെ സമത്വാധിഷ്ഠിതമെന്ന് വിളിക്കാനാവുമോ? മുതലാളിത്തത്തിന് സമത്വം സ്ഥാപിക്കാനാവില്ല. അത് അസമത്വത്തിൽ അധിഷ്ഠിതമാണ്. ജനങ്ങളിൽ സാഹോദര്യം വളർത്തുന്നതിനുപകരം അത് തകർക്കുകയാണ് മുതലാളിത്തം ചെയ്യുന്നത്.
ദേശം, മതം, ജാതി, വംശം എന്നിവയുടെയൊക്കെ പേരിലുള്ള ശത്രുതയും സംഘർഷങ്ങളും യുദ്ധങ്ങളും വളർത്തിയെടുത്തുകൊണ്ട് അത് സാഹോദര്യം തകർക്കുന്നു. ചൂഷണത്തിനുള്ള അവകാശം എന്നതാണ് മുതലാളിത്തത്തിൽ സ്വാതന്ത്ര്യത്തിന്റെ വിവക്ഷ. ജനങ്ങളെ കൊള്ളയടിക്കാനും അടിച്ചമർത്താനുമുള്ള കടിഞ്ഞാണില്ലാത്ത അവകാശം. ജനങ്ങൾക്കാകട്ടെ പട്ടിണികിടക്കാനും ആത്മഹത്യ ചെയ്യാനുമുള്ള സ്വാതന്ത്ര്യം മാത്രം. ഇതിൽ പ്രതിഷേധിച്ചാലുടൻ ക്രൂരമായ അടിച്ചമർത്തൽ നേരിടേണ്ടിയും വരും.

ബൂർഷ്വാ ജനാധിപത്യത്തിന്റെ അപചയം

ഇത് ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന ഭരണമല്ല. സമ്പന്നർ അവർക്കുവേണ്ടി മാത്രം നടത്തുന്ന ഭരണമാണ്. ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഗുജറാത്തിൽ ഉടൻ നടക്കും. അതിനുശേഷം പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പുണ്ടാകും. ഈ തെരഞ്ഞെടുപ്പുകളുടെയൊക്കെ ഫലം തീരുമാനിക്കുന്നതാരാണ്? ജനവിധിയാണോ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നത്? പുറമേനിന്ന് നോക്കുമ്പോൾ ജനങ്ങൾ വോട്ടുചെയ്യുന്നുണ്ട്. എന്നാൽ ഭരണ മുതലാളിവർഗ്ഗം ഫലം തീരുമാനിക്കുന്നു എന്നതാണ് സത്യം. ആര് ജയിക്കണമെന്ന് കുത്തകകൾ തീരുമാനിക്കുന്നു. കറുപ്പും വെളുപ്പുമായി വൻതോതിൽ പണമൊഴുക്കുന്നു. ഇത് ഉപയോഗപ്പെടുത്തിയാണ് ബൂർഷ്വാ പാർട്ടികൾ ഭാവി ശോഭനമാക്കുന്നത്. കുത്തകകളുടെ നിയന്ത്രണത്തിലുള്ള മാദ്ധ്യമങ്ങൾ ചില പ്രത്യേക പാർട്ടികൾക്കും മുന്നണികൾക്കുമൊക്കെ അനുകൂലമായി പ്രചാരണം നടത്തുന്നു. മുതലാളിവർഗ്ഗത്തിന്റെ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥ സംവിധാനവും യഥാവിധി പ്രവർത്തിക്കുന്നു. രാഷ്ട്രീയ ധാരണയില്ലാത്തവരും അസംഘടിതരുമായ ജനങ്ങൾ ആശയക്കുഴപ്പത്തിലകപ്പെടുകയും വഴിതെറ്റിക്കപ്പെടുകയും ചെയ്യുന്നു.
പണം-കയ്യൂക്ക്-മാദ്ധ്യമങ്ങൾ-അധികാരശക്തി എന്നിവയൊക്കെ ചേർന്നാണ് വോട്ടിന്റെ കാര്യമെല്ലാം തീരുമാനിക്കുന്നത്. വോട്ട് വിലയ്ക്കുവാങ്ങാൻ കഴിയുന്ന ഒരു ചരക്കായി മാറിക്കഴിഞ്ഞിരിക്കുന്നു. തൊഴിലില്ലാതെ അലയുന്ന ലക്ഷക്കണക്കിന് യുവാക്കളെ ഇവർ ഇലക്ഷൻ പ്രവർത്തനത്തിനായി വിലയ്‌ക്കെടുക്കുന്നു. ഇതാണ് ബൂർഷ്വാ ജനാധിപത്യത്തിന്റെ ഇന്നത്തെ കോലം. അമേരിക്കയിലടക്കം എല്ലാ മുതലാളിത്ത രാജ്യങ്ങളിലും നടക്കുന്നത് ഇത്തരത്തിലുള്ള ‘ജനാധിപത്യപരമായ തെരഞ്ഞെടുപ്പാണ്’. ബൂർഷ്വാ ഭരണാധികാരികൾ ഇന്ത്യയിലടക്കം കള്ളന്മാരും വഞ്ചകരുമായി മാറിക്കഴിഞ്ഞിരിക്കുന്നു. വാഗ്ദാനങ്ങൾ നിരത്തിവച്ച് അവർ ജനങ്ങളെ വശീകരിക്കുന്നു. പിന്നെ അത് ലംഘിച്ച് വഞ്ചിക്കുന്നു. തെരഞ്ഞെടുപ്പുകൾ ഇപ്രകാരം വലിയൊരു തട്ടിപ്പായി പരിണമിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പിന്റെ പേരുപറഞ്ഞ് മുതലാളിവർഗ്ഗം ജനങ്ങളെ കബളിപ്പിക്കുകയാണ്. ബൂർഷ്വാ ജനാധിപത്യം അസ്തമിച്ചപ്പോൾ പടിഞ്ഞാറൻ നാടുകളിലാകെ ഇരുട്ടുപരന്നു.

കിഴക്ക് തൊഴിലാളിവർഗ്ഗ ജനാധിപത്യം ഉദിച്ചുയർന്നതോടെ ഉന്നത വ്യക്തിത്വങ്ങളെല്ലാം അതിലേയ്ക്ക് ആകൃഷ്ടരായി. റഷ്യൻ തൊഴിലാളിവർഗ്ഗം സ്വാതന്ത്ര്യം-സമത്വം-സാഹോദര്യം എന്ന ബാനർ ആത്മാർത്ഥമായി ഉയർത്തിപ്പിടിച്ചപ്പോൾ അവരതിനെ ഹൃദയംഗമമായി സ്വാഗതംചെയ്തു. 1930ൽ ടാഗോർ പറഞ്ഞു: ”റഷ്യ സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ എന്റെ ജീവിത തീർത്ഥാടനം അപൂർണമായി അവശേഷിച്ചേനെ… അവരുടെ വമ്പിച്ച സാക്ഷാത്കാരമാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത്… ഒരു പുതുലോകം പടുത്തുയർത്താൻ പ്രതിജ്ഞാബദ്ധരാണ് അവർ എന്ന് ഞാൻ തിരിച്ചറിയുന്നു.” പിന്നീട് 1939 ൽ അമിയ ചക്രവർത്തിക്ക് അദ്ദേഹമെഴുതി: ”ആ പുണ്യഭൂമിയിൽ(റഷ്യ) മാനവരാശിയുടെ പുതുയുഗപ്പിറവി ദർശിക്കുന്ന എന്നിൽ സന്തോഷവും പ്രതീക്ഷയും നിറഞ്ഞുതുളുമ്പുകയാണ്… മാനവ ചരിത്രത്തിൽ മറ്റൊരിടത്തും ഇത്ര സ്ഥായിയായ സന്തോഷത്തിന്റെ കാരണങ്ങൾ ഞാൻ കണ്ടെത്തിയിട്ടില്ല… അവരുടെ പോരാട്ടം വിജയം വരിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.”

നേതാജി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു: ”പത്തൊൻപതാം നൂറ്റാണ്ടിൽ മാർക്‌സിയൻ തത്വചിന്തയിലൂടെ ജർമ്മനി ഏറ്റവും ശ്രദ്ധേയമായ സംഭാവന നൽകി. ഇരുപതാം നൂറ്റാണ്ടിൽ തൊഴിലാളിവർഗ്ഗ വിപ്ലവത്തിലൂടെയും തൊഴിലാളിവർഗ്ഗ ഭരണത്തിലൂടെയും തൊഴിലാളിവർഗ്ഗ സംസ്‌കാരത്തിലൂടെയും റഷ്യ നാഗരികതയെയും സംസ്‌കാരത്തെയും സമ്പന്നമാക്കിയിരിക്കുന്നു”(1930ൽ ലണ്ടനിൽ നടന്ന ഇന്ത്യൻ പൊളിറ്റിക്കൽ കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിൽനിന്ന്). ”ലോക വ്യവസ്ഥയിൽ ഇന്ന് കാണുന്ന എണ്ണമറ്റ പ്രവാഹങ്ങളെയും പ്രതിപ്രവാഹങ്ങളെയും സാമ്രാജ്യത്വ ശക്തികളെന്നും അതിനെതിരെ അലയടിക്കുന്ന കമ്മ്യൂണിസ്റ്റ് ശക്തികളെന്നും രണ്ടായി തിരിക്കാം. അതുകൊണ്ടുതന്നെ ഹിറ്റ്‌ലറിസത്തിന്റെ പരാജയമെന്നാൽ കമ്മ്യൂണിസത്തിന്റെ സ്ഥാപനം എന്നാണർത്ഥം”(ക്രോസ് റോഡ്‌സ്). എന്തുകൊണ്ടാണദ്ദേഹമങ്ങനെ പറഞ്ഞത്? നവംബർ വിപ്ലവം സൃഷ്ടിച്ച സോവിയറ്റ് സോഷ്യലിസത്തിന്റെ വമ്പിച്ച പുരോഗതിയാണ് അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചത്. (ഈ സന്ദർഭത്തിൽ മഴ ശക്തമാകുകയും സദസ്യർ ആവേശപൂർവ്വം ആവശ്യപ്പെട്ടതനുസരിച്ച് സ.പ്രൊവാഷ് ഘോഷ് പ്രസംഗം തുടരുകയും ചെയ്തു).

സോവിയറ്റ് യൂണിയനിൽ  സോഷ്യലിസ്റ്റ് ഭരണഘടന  ഉരുത്തിരിയുന്നു

ആരാണ് നമ്മുടെ ഭരണഘടന എഴുതിയുണ്ടാക്കിയത്? സാമ്രാജ്യത്വ രാജ്യങ്ങളായ ഇംഗ്ലണ്ടിന്റെയും അമേരിക്കയുടെയും കാര്യമോ? ബൂർഷ്വാ ചിന്താഗതികളാൽ നയിക്കപ്പെടുന്ന കുറച്ച് നിയമ വിശാരദന്മാർ. ഭരണഘടനയാണ് രാഷ്ട്രത്തിന്റെ ഘടന തീരുമാനിക്കുന്നത്. ഗവണ്മെന്റും ഉദ്യോഗസ്ഥ സംവിധാനവും പ്രവർത്തിക്കുന്നതും പഴയ നിയമങ്ങൾ മാറ്റി പുതിയവ സൃഷ്ടിക്കുന്നതുമൊക്കെ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. ജനങ്ങളുടെ അവകാശങ്ങളും അതിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
റഷ്യയിൽ വിപ്ലവത്തിനുശേഷം ഒരു താത്കാലിക ഭരണഘടനയ്ക്ക് രൂപം നൽകി. എന്നാൽ ഭരണഘടന സ്ഥിരപ്പെടുത്തിയത് 1936ലാണ് ആദ്യമേ തന്നെ ലക്ഷക്കണക്കിന് തൊഴിലാളികൾക്കും കർഷകർക്കുമിടയിൽ കരടുഭരണഘടന വിതരണം ചെയ്യപ്പെട്ടു. ആയിരക്കണക്കിന് യോഗങ്ങൾ കൂടി അവരത് ചർച്ച ചെയ്യുകയും നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. ആ നിർദ്ദേശങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് ഭരണഘടനയ്ക്ക് അന്തിമരൂപം നൽകപ്പെട്ടത്. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണം എന്നുപറയുന്നതിന്റെ യഥാർത്ഥ അർത്ഥമിതാണ്. സോവിയറ്റ് യൂണിയനിൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകുന്നത് തൊഴിലാളികളും കർഷകരുമാണ്. നമ്മുടെ രാജ്യത്തോ? ഇവിടെ സാധാരണക്കാർക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേ ആവില്ല. ബൂർഷ്വാ പാർട്ടികളുടെ പ്രതിനിധികളും പണത്തിന്റെ ബലത്തിൽ അവർ പിന്തുണയ്ക്കുന്ന ചില ആളുകളുമാണ് ഇവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
പാവപ്പെട്ടവർക്കിടയിൽ ഇവർ സൃഷ്ടിച്ചെടുക്കുന്ന ചില പിണിയാളുകളും മത്സരത്തിന് യോഗ്യതനേടും. എന്നാൽ സോവിയറ്റ് ഭരണഘടനപ്രകാരം തൊഴിലാളികൾക്കും കർഷകർക്കുമാണ് മത്സരിക്കാനുള്ള അവകാശം. അവരാണ് തെരഞ്ഞെടുക്കുന്നതും തെരഞ്ഞെടുക്കപ്പെടുന്നതും. വേറെങ്ങും ഇങ്ങനെയൊരു സമ്പ്രദായമില്ലായിരുന്നു. ജനാധിപത്യത്തിന്റെ തത്വങ്ങൾ യഥാർത്ഥത്തിൽ പ്രാവർത്തികമായത് ഇവിടെയാണ് എന്ന് ഒരിക്കൽക്കൂടി പറയട്ടെ.

15 സോവിയറ്റ് റിപ്പബ്ലിക്കുകൾ സ്വമേധയാ ചേർന്നാണ് യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്‌സ് (യുഎസ്എസ്ആർ) സ്ഥാപിച്ചത്. എല്ലാ ദേശീയതകൾക്കും സോവിയറ്റ് ഭരണഘടന തുല്യാവകാശങ്ങൾ ഉറപ്പുനൽകിയിരുന്നു. ഏത് ദേശീയതയ്ക്കും സോവിയറ്റ് യൂണിയനിൽനിന്ന് വിട്ടുപോകാനും അവകാശമുണ്ടായിരുന്നു. അവർക്ക് താത്പര്യമുണ്ടെങ്കിൽ വിട്ടുപോയി പ്രത്യേക രാഷ്ട്രം സ്ഥാപിക്കാം. സോവിയറ്റ് ഭരണഘടനയുടെ വിശാലമായ ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ട്, യുഎസ്എസ്ആറിന്റെ സവിശേഷതകളും ദേശീയമായ പ്രത്യേകതകളും ഉൾക്കൊണ്ടുകൊണ്ട് സ്വന്തം ഭരണഘടന രൂപീകരിക്കാനും ഓരോ ദേശീയതയ്ക്കും അവകാശമുണ്ടായിരുന്നു. ഒരു ബഹുദേശീയതാ ബൂർഷ്വാ രാഷ്ട്രവും ഈ അവകാശം അംഗീകരിച്ചുകൊടുത്തിട്ടില്ല. സോവിയറ്റ് യൂണിയൻ മാത്രമാണ് അത് അംഗീകരിച്ചിട്ടുള്ളത്. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നവർ കൃത്യമായ പ്രവർത്തന റിപ്പോർട്ട് നൽകേണ്ടതുണ്ടായിരുന്നു. ഇത് നിർബന്ധമായിരുന്നു. മുതലാളിത്ത രാജ്യങ്ങളിൽ ഇങ്ങനെ ഒരു ഏർപ്പാടില്ല. ഇന്തയിലാണെങ്കിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജനപ്രതിനിധികളെ ഒന്ന് കാണാൻപോലും കിട്ടില്ല. ശരിയായി പ്രവർത്തിക്കാത്ത പ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശവും സോവിയറ്റ് യൂണിയനിൽ ജനങ്ങൾക്കുണ്ടായിരുന്നു. ഒരു മുതലാളിത്ത രാജ്യത്തും ഇങ്ങനെയൊരവകാശമില്ല. ജനാധിപത്യം യഥാർത്ഥത്തിൽ നിലനിന്നത് സോവിയറ്റ് യൂണിയനിൽ മാത്രമായിരുന്നു.

ഇന്ത്യൻ ജനതയുടെ ദുഃസ്ഥിതി

ഇന്ന് ലോകത്ത് കോടിക്കണക്കിന് തൊഴിൽരഹിതരുണ്ട്. നമ്മുടെ രാജ്യത്തിന്റെ സ്ഥിതി അറിയാമല്ലോ. അത്യാവശ്യം കഴിഞ്ഞുകൂടാനുള്ള വരുമാനംകിട്ടുന്ന ഒരു തൊഴിലിനുവേണ്ടി അനേകായിരങ്ങളാണ് പരക്കംപായുന്നത്. വളരെക്കുറച്ചുപേർക്കുമാത്രമേ തൊഴിൽ ലഭിക്കുന്നുള്ളൂ. ഈ ജോലിയാകട്ടെ സ്ഥിരമോ കൃത്യമായ ശമ്പളം കിട്ടുന്നതോ അല്ല. വളരെ കുറഞ്ഞ വേതനം ലഭിക്കുന്ന കരാർ, താൽക്കാലിക ജോലിയാണ് കൂടുതലും. ആ വേതനം പോലും കൃത്യമായി നൽകില്ല. മുതലാളി ഏകപക്ഷീയമായി നിശ്ചയിക്കുന്ന തുകയ്ക്ക് പണിയെടുക്കാൻ തൊഴിലാളി നിർബന്ധിതമാകുന്നു. എപ്പോൾ വേണമെങ്കിലും അവരെ പറഞ്ഞുവിടാം. തൊഴിൽതേടി ഗ്രാമീണ മേഖലയിൽനിന്ന് നഗരപ്രദേശങ്ങളിലേയ്ക്ക് കൂട്ടത്തേടെ ആളുകൾ കുടിയേറുന്നു.
ഇത് നമ്മുടെ രാജ്യത്തെ മാത്രം കാഴ്ചയല്ല. ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാൻമർ, പാകിസ്താൻ തുടങ്ങിയ ബൂർഷ്വാ രാഷ്ട്രങ്ങളിലൊക്കെ ഇതാണ് സ്ഥിതി. ഏറ്റവും ശക്തമായ സാമ്രാജ്യത്വ രാജ്യമായ അമേരിക്കയിലും തൊഴിലില്ലായ്മ പെരുകുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഇത് സമ്മതിക്കുന്നുണ്ട്. വിദേശത്തുനിന്ന് കുറഞ്ഞകൂലിക്ക് തൊഴിലാളികളെ തേടുന്ന അമേരിക്കൻ കുത്തകകൾ രാജ്യത്ത് തൊഴിലില്ലായ്മ സൃഷ്ടിക്കുന്നു എന്നാണദ്ദേഹം പരാതിപ്പെടുന്നത്. ഇത് അനുവദിക്കാനാകില്ലത്രെ. അമേരിക്കൻ മുതലാളിത്തത്തിന്റെ വിശാല താൽപര്യം മുൻനിർത്തി അദ്ദേഹം ആജ്ഞാപിക്കുന്നത് അമേരിക്കൻ കുത്തകകൾ വിദേശത്തുനിന്നുള്ള തൊഴിലാളികളെ നിയമിക്കുകയോ ജോലി ഔട്‌സോഴ്‌സ് ചെയ്യുകയോ പാടില്ല എന്നാണ്. അമേരിക്കക്കാരായ തൊഴിലാളികളെ മാത്രമേ നിയമിക്കാവൂ. രൂക്ഷമായ തൊഴിലില്ലായ്മയുടെ സൂചനയാണിത്. ആഗോളീകരണത്തിന്റെ ഉപജ്ഞാതാക്കളായ അമേരിക്കൻ സാമ്രാജ്യത്വം ഇപ്പോൾ നടുക്കടലിലാണ്. ആഗോളീകരണം വലിയ നാശം വിതച്ചു എന്നാണവർ പറയുന്നത്. മുതലാളിത്ത ചൈനയാണ് ഇപ്പോഴവരുടെ പ്രധാന പ്രതിയോഗി. ചൈനയും മറ്റു രാജ്യങ്ങളും അമേരിക്കയുടെ ആഭ്യന്തര കമ്പോളത്തിലേയ്ക്ക് അതിക്രമിച്ച് കടക്കുന്നുവെന്നും ഇതവരുടെ പരമാധികാരത്തിന് പോലും ഭീഷണിയാണെന്നും അമേരിക്കൻ പ്രസിഡന്റ് വിലപിക്കുന്നു. ആരാണിത് പറയുന്നതെന്നോർക്കുക. ഇന്നേവരെ മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിന് ഭീഷണിയായിരുന്ന അമേരിക്കൻ സാമ്രാജ്യത്വം തന്നെ. ചൈനീസ് ഉപഭോക്തൃ ഉല്പന്നങ്ങൾകൊണ്ട് അമേരിക്കൻ കമ്പോളം നിറഞ്ഞിരിക്കുകയാണ്. അമേരിക്കൻ വ്യവസായങ്ങൾ പലതും പൂട്ടി. അമേരിക്കൻ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്നു. അതുകൊണ്ട് അവരിപ്പോൾ ”ആദ്യം അമേരിക്ക” എന്ന മുദ്രാവാക്യമുയർത്തുകയും ആഗോളീകരണവുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾ പാലിക്കാൻ വിസമ്മതിക്കുകയുമാണ്. മറുവശത്ത് മുതലാളിത്ത ചൈനയുടെ പ്രസിഡന്റ് മറ്റ് രാജ്യങ്ങളുടെ കമ്പോളങ്ങൾ കയ്യടക്കാനുള്ള വ്യഗ്രതയാൽ ആഗോളീകരണ മന്ത്രം ഉരുവിട്ടുകൊണ്ടിരിക്കുന്നു.

ജീവിതത്തിന്റെ അടിസ്ഥാന  പ്രശ്‌നങ്ങൾക്കെല്ലാം സോവിയറ്റ് സോഷ്യലിസം പരിഹാരം
കണ്ടെത്തി

റഷ്യൻ വിപ്ലവം 1917 ലാണ് നടന്നത്. ഒന്നാം ലോകയുദ്ധത്തിൽ തകർന്ന റഷ്യയെ പുനരുദ്ധരിക്കാൻ 10 വർഷമെടുത്തു. ഇനി തൊഴിൽരഹിതനായി ഒരാളും ഉണ്ടാകില്ല എന്ന് 1930ൽ സോവിയറ്റ് യൂണിയൻ പ്രഖ്യാപിച്ചു. എല്ലാവർക്കും തൊഴിൽ ലഭിക്കും. സോവിയറ്റ് ഭരണഘടന പ്രകാരം എല്ലാവർക്കും തൊഴിലിന് അവകാശമുണ്ട്. തൊഴിൽ ചെയ്യാത്തവർക്ക് ആഹാരമുണ്ടാകില്ല. അതായത്, തൊഴിലെടുക്കാതെ ആർക്കും ജീവിക്കാനാവില്ല. സോവിയറ്റ് സോഷ്യലിസം നിലനിന്ന 70 വർഷക്കാലവും തൊഴിലില്ലായ്മയോ സാമ്പത്തിക മാന്ദ്യമോ പണപ്പെരുപ്പമോ കമ്പോളത്തിലെ ചാഞ്ചാട്ടങ്ങളോ ഉണ്ടായിരുന്നില്ല. വിപ്ലവം കഴിഞ്ഞയുടനെ മഹാനായ ലെനിൻ ലീഗ് ഓഫ് നേഷൻസിൽ സമ്പൂർണ നിരായുധീകരണമെന്ന ആഹ്വാനമുയർത്തിയ കാര്യം ഏവർക്കുമറിയാം. പടക്കോപ്പുകൾ അനാവശ്യമാണ്. യുദ്ധങ്ങൾ എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ സാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾ അതിനൊരുക്കമായിരുന്നില്ല.
രണ്ടാം ലോകയുദ്ധത്തിനുശേഷം മഹാനായ സ്റ്റാലിനും ഇതേ ആഹ്വാനം ഉയർത്തി. ആണവായുധങ്ങളടക്കം എല്ലാം നശിപ്പിക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം സമൂഹത്തിന് വമ്പിച്ച ഹാനി വരുത്തിവയ്ക്കുന്നു. അനേകം പേർക്ക് ജീവൻ നഷ്ടപ്പെടുന്നു. പല രാജ്യങ്ങളും തകർക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഇനിയൊരു യുദ്ധമുണ്ടാകരുത്. മറ്റേതെങ്കിലുമൊരു രാജ്യം ഇങ്ങനെയൊരു ആഹ്വാനമുയർത്തിയിട്ടുണ്ടോ? സോവിയറ്റ് യൂണിയൻ മാത്രം. എന്തെന്നാൽ സോഷ്യലിസത്തിൽ സാമ്പത്തിക പുരോഗതിക്കായി മറ്റുള്ളവരുടെ കമ്പോളങ്ങൾ പിടിച്ചെടുക്കേണ്ട ആവശ്യമില്ല. സോഷ്യലിസത്തിന് അതിനാൽ യുദ്ധത്തിന്റെ ആവശ്യമില്ല. എന്നുമാത്രമല്ല സോവിയറ്റ് യൂണിയൻ എക്കാലവും ആഗോള സമാധാനം സ്ഥാപിച്ചെടുക്കാനായാണ് പരിശ്രമിച്ചിട്ടുള്ളത്. എന്നാൽ സോവിയറ്റ് യൂണിയന്റെ സമാധാനത്തിനുള്ള ആഹ്വാനം ചെവിക്കൊള്ളാൻ സാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾ തയ്യാറായില്ല. സാമ്രാജ്യത്വത്തിന് യുദ്ധം അനിവാര്യമാണ് എന്നതുകൊണ്ടുതന്നെ അവർക്കതിനാവില്ല. നിർദ്ദയമായ മുതലാളിത്ത ചൂഷണം മൂലം ജനങ്ങളുടെ ക്രയശേഷി ഇടിയുമ്പോൾ മുതലാളിത്ത രാജ്യങ്ങളുടെ ആഭ്യന്തര കമ്പോളം ചുരുങ്ങുന്നു. അപ്പോൾ കുത്തകകൾ വിദേശ കമ്പോളം പിടിക്കാനൊരുങ്ങുന്നു. അത് ചെറുക്കപ്പെടുമ്പോൾ സംഘർഷവും യുദ്ധവുമുണ്ടാകുന്നു. സാമ്രാജ്യത്വം ഒന്നും രണ്ടും ലോകയുദ്ധങ്ങൾ സൃഷ്ടിച്ചത് കമ്പോളം പിടിച്ചെടുക്കാൻ വേണ്ടിയായിരുന്നു. ഇന്നും അവർ യുദ്ധത്തിനുവേണ്ടിത്തന്നെ നിലകൊള്ളുന്നു.

ഇന്ത്യൻ മുതലാളിത്തം  സാമ്രാജ്യത്വ  സ്വഭാവമാർജിച്ചിരിക്കുന്നു

ഇതോടനുബന്ധിച്ച് ഞാൻ ഒരു കാര്യം കൂടി പറയാം. എല്ലാ മുതലാളിത്ത രാജ്യങ്ങളിലും തൊഴിലില്ലായ്മയും തൊഴിൽനഷ്ടവും ജനജീവിതത്തിൽ നാശം വിതയ്ക്കുകയാണ്. ആഹാരവും ചികിത്സയും കിട്ടാതെ അനേകം പേർ മരിക്കുന്നു. പക്ഷേ മിലിട്ടറി ബജറ്റുകൾ കുതിച്ചുയരുന്നു. അടുത്തിടെ ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റുമായി ഒരു സൈനിക ഉടമ്പടി ഒപ്പുവച്ചു. മുമ്പും ഇരുരാജ്യങ്ങളും തമ്മിൽ ഇത്തരം കരാറുകൾ ഉണ്ടായിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങൾ ഏറ്റവും വലിയ സൈനിക ശക്തികളുമാകേണ്ടതുണ്ട് എന്നാണ് വൈറ്റ്ഹൗസ് പ്രഖ്യാപിച്ചത്. ഏറ്റവും വലിയ സൈനിക ശക്തികളാകാൻ ഇരുരാജ്യങ്ങളും കൈകോർക്കണമത്രെ. ഇന്ത്യൻ മുതലാളിത്തം കുത്തക
മൂലധനത്തിനും ഫിനാൻസ് മൂലധനത്തിനും ജന്മം നൽകുകയും ഇന്ത്യ ഒരു സാമ്രാജ്യത്വ ശക്തിയായി മാറുകയും ചെയ്തിരിക്കുന്നു. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ അയൽ രാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യ ശ്രമിക്കുന്നു. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ മാത്രമല്ല ഇംഗ്ലണ്ടിലും അമേരിക്കയിലും വരെ ഇന്ത്യൻ കുത്തകകൾ വ്യവസായങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 1,12,000 അമേരിക്കക്കാർക്ക് ഇന്ത്യൻ വ്യവസായം തൊഴിൽ നൽകിയിട്ടുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു. യൂറോപ്പ്, അമേരിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലൊക്കെ ഇന്ത്യൻ മൂലധനം നിക്ഷേപം നടത്തിയിട്ടുണ്ട്.
ഇന്ത്യൻ മൂലധനത്തിന്റെ സാമ്രാജ്യത്വ സ്വഭാവമാണ് ഇത് കാണിക്കുന്നത്. ഇപ്പോഴും ഇന്ത്യൻ ദേശീയ ബൂർഷ്വാസിയെ സിപിഐ(എം), സിപിഐ പോലുള്ള പാർട്ടികൾ പുരോഗമനകാരിയായി ചിത്രീകരിക്കുകയും ജനകീയ ജനാധിപത്യ വിപ്ലവത്തെക്കുറിച്ച് പുലമ്പിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. എന്നാൽ, വിപ്ലവ പൂർവ്വ റഷ്യയിൽ കാർഷിക മേഖലയിൽ ജന്മിത്തത്തിന് കാര്യമായ സ്വാധീനമുണ്ടായിരുന്നിട്ടും മുതലാളിത്തം താരതമ്യേന ദുർബലമായിരുന്നിട്ടും റഷ്യ മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവഘട്ടത്തിലാണ് എന്നാണ് ലെനിൻ ചൂണ്ടിക്കാണിച്ചത്.
1917 ഫെബ്രുവരിയിലെ വിപ്ലവത്തോടെ റഷ്യൻ മുതലാളിവർഗ്ഗം ഭരണകൂടാധികാരം കയ്യാളി എന്നതായിരുന്നു കാരണം. അദ്ദേഹം സോഷ്യലിസ്റ്റ് വിപ്ലവത്തിന് ആഹ്വാനം നൽകുകയും അത് വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. സിപിഐ(എം), സിപിഐ പാർട്ടികൾ അവരുടെ മാർക്‌സിസ്റ്റേതരവും വിപ്ലവവിരുദ്ധവുമായ സിദ്ധാന്തംമൂലം പലപ്പോഴും ഏകാധിപത്യത്തെ എതിർക്കാനെന്നപേരിൽ ജനസംഘവുമായും പിന്നീട് ബിജെപിയുമായും അതുപോലെതന്നെ വർഗ്ഗീയതയെ ചെറുക്കാനെന്ന പേരിൽ കോൺഗ്രസ്സുമായും കൈകോർക്കുകയുണ്ടായി. ഇന്ത്യൻ കുത്തകകൾ അവരുടെ സാമ്രാജ്യത്വ താല്പര്യം മുൻനിർത്തിയാണ് അമേരിക്കൻ സാമ്രാജ്യത്വവുമായി കൈകോർക്കുന്നതെന്ന് ദയവായി തിരിച്ചറിയുക. ചൈനയെ നേരിടാനായി ഇന്ത്യ, ജപ്പാൻ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായിച്ചേർന്ന് ഒരു സാമ്പത്തിക-സൈനിക സഖ്യം സ്ഥാപിക്കാനാണ് അമേരിക്കൻ സാമ്രാജ്യത്വം ശ്രമിക്കുന്നത്. ഇത് അപകടകരമാണ്. സാമ്രാജ്യത്വം മുതലാളിത്തത്തിൽനിന്നാണ് ജന്മമെടുക്കുന്നതെന്ന് ലെനിൻ പഠിപ്പിച്ചിട്ടുണ്ട്. സാമ്രാജ്യത്വം യുദ്ധം സൃഷ്ടിക്കുകയും ചെയ്യുന്നു.

ജനങ്ങളുടെ ക്രയശേഷി നിരന്തരം ഇടിയുന്നതുവഴി ഉപഭോഗ സാമഗ്രികളുടെ കമ്പോളം ചുരുങ്ങുന്നതിനാൽ യുദ്ധോന്മുഖമായ സമ്പദ്ഘടന മുതലാളിത്തത്തിന് അനിവാര്യമാണ്. യുദ്ധ സാമഗ്രികളുടെ ഒരു ബദൽ കമ്പോളം അവർക്കാവശ്യമാണ്. ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കൊക്കെ അമേരിക്ക ആയുധം വിൽക്കുന്നു. സൈനിക വ്യവസായം പുഷ്ടിപ്പെടുത്തിക്കൊണ്ട് തളരുന്ന സമ്പദ്ഘടനയ്ക്ക് കൃത്രിമോത്തേജനം നൽകാനാണ് അമേരിക്ക ശ്രമിക്കുന്നത് എന്നർത്ഥം. നമ്മുടെ ഭരണവർഗ്ഗവും ഇതുതന്നെ ചെയ്യുന്നു. ജനങ്ങളുടെ ചെലവിൽ, ജനതാൽപര്യം വെടിഞ്ഞ് സമ്പദ്ഘടനയെ സൈനികവൽക്കരിക്കാനാണ് അവർ ശ്രമിക്കുന്നത്. മുതലാളിത്തത്തിന്റെ ഈ പ്രതിസന്ധി ഒഴിവാക്കാനാകുന്നതല്ല.

സോവിയറ്റ് സോഷ്യലിസത്തിന്റെ ചില വശങ്ങൾ

ചൂഷണ മുതലാളിത്ത സംവിധാനത്തിന് നേർവിപരീതമാണ് സോഷ്യലിസ്റ്റ് വ്യവസ്ഥ. ലാഭമുണ്ടാക്കുക, പരമാവധി ലാഭം, ലാഭം നിരന്തരം വർദ്ധിപ്പിക്കുക എന്നതാണ് മുതലാളിത്ത നിയമം. തൊഴിലാളിവർഗ്ഗത്തെ പരമാവധി ചൂഷണം ചെയ്യുമ്പോഴാണ് പരമാവധി ലാഭമുണ്ടാകുന്നത്. മറുവശത്ത് ജനങ്ങളുടെ ഭൗതികവും സാമൂഹികവും സാംസ്‌കാരികവുമായ ആവശ്യകതകൾ പൂർത്തീകരിക്കാനായി ഉല്പാദനം പരമാവധി വർദ്ധിപ്പിക്കുക എന്നതാണ് സോഷ്യലിസ്റ്റ് സാമ്പത്തിക നിയമം. തൊഴിലാളിയെ ചൂഷണം ചെയ്യുകയോ ലാഭമുണ്ടാക്കുകയോ ഇവിടെ ലക്ഷ്യമല്ല. അതിനാൽ തൊഴിലവസരങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് കമ്പോള പ്രതിസന്ധിയോ മാന്ദ്യമോ പിരിച്ചുവിടലോ തൊഴിലില്ലായ്മയോ സോഷ്യലിസത്തിൽ ഇല്ലാതിരിക്കുന്നത്. സോഷ്യലിസ്റ്റ് സമ്പദ്ഘടന നിരന്തരം പുരോഗമിക്കുന്നു. സോവിയറ്റ് യൂണിയനിൽ രണ്ടുതരം വേതനം ഉണ്ടായിരുന്നു. സാമ്പത്തിക വേതനവും സാമൂഹിക വേതനവും. ഫാക്ടറി കമ്മിറ്റിയും തൊഴിലാളി പ്രതിനിധികളും ചേർന്നാണ് ഫാക്ടറിയിലെ വേതനം നിർണയിക്കുന്നത്. തൊഴിലാളികൾ വേതനത്തിന്റെ ഒരു ഭാഗം സ്വമേധയാ സോഷ്യലിസ്റ്റ് രാഷ്ട്രത്തിന് സംഭാവന നൽകുന്നു. എന്തുകൊണ്ടാണിങ്ങനെ നൽകുന്നത്? ഇത് ഏതെങ്കിലും വ്യക്തിയുടെ ലാഭത്തിനുവേണ്ടിയല്ല വിനിയോഗിക്കപ്പെടുന്നത്. ഉല്പാദനം വർദ്ധിപ്പിക്കാനുള്ള നൂതനമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനും ഈ സംഭാവന ഉപയോഗപ്പെടുത്തുന്നു. അതോടൊപ്പം ഭരണസംവിധാനത്തെ നിലനിർത്തുന്നതിനും സാമ്രാജ്യത്വ ശക്തികളുടെ യുദ്ധഭീഷണികളെ നേരിട്ടുകൊണ്ട് ലോകസമാധാനം സ്ഥാപിച്ചെടുക്കുന്നതിനായി സൈന്യത്തെ സജ്ജമാക്കുന്നതിനും ഈ പണം ഉപയോഗപ്പെടുത്തുന്നു. അതിനുപുറമേ സാമൂഹ്യക്ഷേമ പദ്ധതികളും ഉണ്ട്. റഷ്യൻ തൊഴിലാളികൾക്ക് മിനിമം വീട്ടുവാടകയേ ഉള്ളൂ. ഏറ്റവും കുറഞ്ഞ വിലയ്ക്ക് അവർക്ക് സാധനങ്ങൾ ലഭിക്കുന്നു. വൈദ്യുതി, ഇന്ധനം, വെള്ളം, ഗതാഗതം, ഫാക്ടറി യൂണിഫോം എന്നിവയ്‌ക്കൊന്നും പണം കൊടുക്കേണ്ടതില്ല. വിദ്യാഭ്യാസം സാർവ്വത്രികമാണ്. 80 മാതൃഭാഷകളിലാണ് പ്രാഥമിക വിദ്യാഭ്യാസം നൽകിയിരുന്നത്. 30 ഭാഷകൾക്ക് മുമ്പ് ലിപി ഉണ്ടായിരുന്നില്ല. ഭാഷാ ശാസ്ത്രജ്ഞർ ഇവയ്ക്ക് ലിപി സൃഷ്ടിച്ചു. പ്രാഥമിക തലം മുതൽ ഉന്നതതലംവരെ വിദ്യാഭ്യാസം തികച്ചും സൗജന്യമായിരുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾക്ക് സ്റ്റൈപെൻഡ് നൽകിയിരുന്നു. ഇത്തരം കാര്യങ്ങൾ നമുക്ക് സങ്കല്പിക്കാൻ കഴിയുമോ? നമ്മുടേതടക്കം എല്ലാ മുതലാളിത്ത രാജ്യങ്ങളിലും വിദ്യാഭ്യാസം ഒരു വില്പനച്ചരക്കാണ്. പണമുള്ളവർക്കേ വിദ്യാഭ്യാസം ലഭിക്കൂ. സോഷ്യലിസ്റ്റ് റഷ്യയിൽ ചികിത്സയും പൂർണമായും സൗജന്യമായിരുന്നു. ആശുപത്രികളുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നുകിടന്നു. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും എണ്ണം ക്രമമായി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. പല പുതിയ മരുന്നുകളും അവിടെ കണ്ടെത്തി. ഇങ്ങനെയൊരു ആരോഗ്യ പരിപാലനം നടത്താൻ മറ്റാർക്കാണ് കഴിയുക? മുതലാളിത്ത രാജ്യങ്ങളിൽ ചികിത്സയും കച്ചവടമാണ്. മതിയായ ചികിത്സ കിട്ടാതെ അനേകംപേർ മരിക്കുന്നു. എന്നാൽ സോവിയറ്റ് യൂണിയനിൽ ആവശ്യമുള്ള ചികിത്സ സൗജന്യമായി ലഭിച്ചിരുന്നു. നമ്മുടെ രാജ്യത്ത് ധാരാളം ഭിക്ഷക്കാരുണ്ട്. സന്ധ്യ മയങ്ങിയാൽ ഒരുപാട് സ്ത്രീകൾ ജീവിക്കാൻ വേണ്ടി വേശ്യാവൃത്തിക്കിറങ്ങുന്നു. ഇതാണ് നമ്മുടെ നാടിന്റെ, നേപ്പാളിന്റെ, ബംഗ്ലാദേശിന്റെ, പാകിസ്താന്റെ എന്തിന് യൂറോപ്പിന്റെയും അമേരിക്കയുടെയുംപോലും ചിത്രം. റഷ്യ വേശ്യവൃത്തി സമ്പൂർണമായി നിർമ്മാർജ്ജനം ചെയ്തിരുന്നു. വിപ്ലവത്തിനുമുമ്പ് വേശ്യാവൃത്തിയിലേർപ്പെട്ടിരുന്നവരെയെല്ലാം പുനരധിവസിപ്പിച്ചു. വേശ്യ എന്ന വാക്ക് ഉപയോഗിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഇത് അപമാനമുണ്ടാക്കുന്ന പദമാണ്. സാറിസ്റ്റ് റഷ്യയിൽ ഇത്തരക്കാർ ധാരാളമുണ്ടായിരുന്നു. സോഷ്യലിസം അവരെയെല്ലാം മോചിപ്പിച്ചു, പുനരധിവസിപ്പിച്ചു, ശരിയായ പരിശീലനവും ധാരണയും നൽകി വിവാഹം കഴിപ്പിച്ചു, മാന്യമായ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തി. എല്ലാ മുതലാളിത്ത രാജ്യങ്ങളിലും തെരുവുതെണ്ടികളായ കുട്ടികളെയും മറ്റും കാണാം. എന്നാൽ സോവിയറ്റ് യൂണിയനിൽ അത്തരത്തിൽപ്പെട്ട കുട്ടികളോ മുതിർന്നവരോ ഉണ്ടായിരുന്നില്ല. അവരെയെല്ലാം പുനരധിവസിപ്പിച്ചു. നമ്മുടേതടക്കം എല്ലാ മുതലാളിത്ത രാജ്യങ്ങളിലും സ്ത്രീകൾ പൊതുവിൽ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ അടയ്ക്കപ്പെട്ടിരിക്കുകയാണ്. അവർക്ക് വിശാലമായ പ്രവർത്തന മണ്ഡലങ്ങളിലേയ്ക്ക് പ്രവേശനമില്ല. അവർക്ക് മതിയായ വിദ്യാഭ്യാസവും കിട്ടുന്നില്ല. പുരുഷാധിപത്യ സമൂഹത്തിന്റെ തടവുകാരാണവർ. സോവിയറ്റ് സോഷ്യലിസം സ്ത്രീകൾക്ക് വിമോചനത്തിന്റെ വാതിൽ തുറന്നുകൊടുത്തു. സ്ത്രീക്കും പുരുഷനും തുല്യാവകാശങ്ങൾ ഉറപ്പാക്കപ്പെട്ടു. തുല്യജോലിക്ക് തുല്യ വേതനവും നൽകി. സ്ത്രീകൾ അടുക്കളയിലും വീട്ടുപണിയിലും തുണി അലക്കിലുമൊക്കെ തളഞ്ഞുകിടക്കുന്നതൊഴിവാക്കാൻ പത്തുപതിനഞ്ച് കുടുംബങ്ങൾക്ക് സഹകരണാടിസ്ഥാനത്തിലുള്ള പൊതു അടുക്കളയും ഊട്ടുപുരയും അലക്കുകേന്ദ്രവുമൊക്കെ സ്ഥാപിക്കപ്പെട്ടു. ഗർഭിണികൾക്ക് പൂർണ ശമ്പളത്തോടെ പ്രസവത്തിന് മുമ്പുള്ള 12 ആഴ്ചയും പ്രസവശേഷം 12 ആഴ്ചയും ലീവ് നൽകി. അതിനുശേഷം പൂർണ ശമ്പളത്തോടെ ഒരു വർഷത്തെ ലീവും നൽകിയിരുന്നു. അമ്മ ജോലിയിൽ പ്രവേശിക്കുമ്പോൾ കുട്ടിയെ പരിപാലിക്കാൻ ശിശു സംരക്ഷണകേന്ദ്രങ്ങളുമുണ്ടായിരുന്നു. കുട്ടികളുടെ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ചെലവ് സർക്കാരാണ് വഹിച്ചിരുന്നത്. കുട്ടികളുടെ വളർച്ചയ്ക്കായി അനേകം നഴ്‌സറികളും ബാലവാടികളുമൊക്കെ ഏർപ്പെടുത്തിയിരുന്നു. തൊഴിലാളികൾക്കും കർഷകർക്കും വർഷത്തിൽ 15 ലീവ് പൂർണ ശമ്പളത്തോടെ നൽകിയിരുന്നു. അവർ ആ ദിനങ്ങൾ വിശ്രമത്തിനും വിനോദത്തിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമൊക്കെയായി വിനിയോഗിച്ചു. തുടക്കത്തിൽ ആഴ്ചയിൽ 6 ദിവസം 8 മണിക്കൂർ വീതം പണിയെടുക്കേണ്ടി വന്നിരുന്നു. പിന്നീട് പ്രവൃത്തി സമയം 7 മണിക്കൂറാക്കി. സ്റ്റാലിന്റെ നിർദ്ദേശപ്രകാരം പിന്നീടത് 6 മണിക്കൂറും അതിനുശേഷം 5 മണിക്കൂറുമാക്കി കുറച്ചു. വൃദ്ധരുടെയും ശാരീരികമായി വെല്ലുവിളി നേരിടുന്നവരുടെയും സംരക്ഷണച്ചുമതലയും സർക്കാരിനായിരുന്നു. കോടതിയെ സമീപിക്കുന്നവർക്ക് സൗജന്യമായി വ്യവഹാരം നടത്താൻ സൗകര്യമുണ്ടായിരുന്നു. വക്കീൽ ഫീസ് ഉൾപ്പെടെ സർക്കാരാണ് വഹിച്ചിരുന്നത്. അദ്ധ്യാപകർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, കലാകാരന്മാർ, സാഹിത്യകാരന്മാർ, തുടങ്ങിയവർക്കൊന്നും ജീവിതാവശ്യങ്ങൾക്കായി പ്രത്യേക സമ്പാദ്യം ആവശ്യമുണ്ടായിരുന്നില്ല. അവരെ ഗവണ്മെന്റാണ് സംരക്ഷിച്ചിരുന്നത്. ഏതൊരാൾക്കും ഏത് പുസ്തകവും വായിക്കാൻ, ഏത് വിഷയവും പഠിക്കാൻ പാകത്തിൽ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ലഭ്യമായിരുന്ന അനേകം ലൈബ്രറികൾ ഗ്രാമങ്ങളിലും നഗരങ്ങളിലും സ്ഥാപിച്ചിരുന്നു. നാടകശാലകളും സിനിമ തീയേറ്ററുകളും സൗജന്യമായി പ്രദർശനങ്ങൾ നടത്തിയിരുന്നു. സർക്കാർ ചെലവിൽ സ്‌പോർട്‌സ് സ്‌കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തിച്ചിരുന്നു. ഒളിംപിക്‌സിൽ സോവിയറ്റ് യൂണിയൻ ഒന്നാമതെത്തിയത് ഇതുമൂലമാണ്. മുതലാളിത്ത ശക്തികളുടെ നിയന്ത്രണത്തിലുള്ള നോബൽ കമ്മിറ്റി 12 സോവിയറ്റ് ശാസ്ത്രജ്ഞർക്ക് നോബൽ സമ്മാനം കൊടുക്കാൻ നിർബ്ബന്ധിതരായത് ശാസ്ത്ര രംഗത്ത് സോവിയറ്റ് യൂണിയൻ അത്രയേറെ പുരോഗതി കൈവരിച്ചതുകൊണ്ടാണ്. ആദ്യമായി ബഹിരാകാശത്ത് മനുഷ്യനെ അയയ്ക്കുന്നത് സോവിയറ്റ് യൂണിയനാണ്. സോവിയറ്റ് സോഷ്യലിസത്തിന്റെ നേട്ടങ്ങളിൽ ചിലതുമാത്രമാണ് ഇവിടെ പരാമർശിച്ചത്. ഏതൊരാൾക്കും ഒരു സ്വപ്‌നലോകം പോലെയാണ് സോവിയറ്റ് യൂണിയൻ അനുഭവപ്പെട്ടത്. മഹാന്മാരായ ലെനിന്റെയും സ്റ്റാലിന്റെയും നേതൃത്വത്തിൽ മാർക്‌സിസം ശരിയായി പ്രയോഗിച്ചപ്പോൾ ഈ സ്വപ്‌നങ്ങളെല്ലാം യാഥാർത്ഥ്യമായിത്തീർന്നു. എങ്ങനെയാണ് ഇത് സാദ്ധ്യമായത്?
സോവിയറ്റ് വിപ്ലവം

മാർക്‌സിയൻ ശാസ്ത്രത്തിന്റെ അജയ്യത തെളിയിച്ചു

വിപ്ലവവും സോഷ്യലിസവുമൊന്നും ലെനിന്റെ ഭാവനാവിലാസങ്ങളായിരുന്നില്ല. വസ്തുനിഷ്ഠ യാഥാർത്ഥ്യത്തിൻമേൽ മാർക്‌സിസത്തിന്റ പാഠങ്ങൾ പ്രയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. മാർക്‌സിസം മാർക്‌സിന്റെ വെറുമൊരു സ്വപ്‌നമായിരുന്നില്ല. സത്യത്തിലെത്തിച്ചേരാനുള്ള അന്വേഷണമാർഗമായി അദ്ദേഹം സയൻസിനെ സ്വീകരിച്ചു. മാർക്‌സിന്റെ മുൻഗാമികളായ തത്വചിന്തകരുടെ കാലത്ത് സയൻസ് അത്ര വികാസം പ്രാപിച്ചിരുന്നില്ല. അന്ന് ഒരു തത്വചിന്തകന്റെ തോന്നലുകളെ സത്യമായി സ്വീകരിച്ചിരുന്നു. ഒരു വ്യക്തിയുടെ അല്ലെങ്കിൽ ചിന്തകന്റെ ആത്മനിഷ്ഠമായ ആശയം അല്ലെങ്കിൽ നിഗമനം അതല്ലെങ്കിൽ ഒരു ഗ്രന്ഥത്തിൽ എഴുതിവച്ചിരിക്കുന്ന കാര്യങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കുന്നതാണോ എന്ന് എങ്ങനെ മനസ്സിലാക്കാനാകും? സത്യാന്വോഷണത്തിന്റെ ശരിയായ രീതി ഏതാണ്? ഇലക്‌ട്രോൺ, ഇലക്ട്രിസിറ്റി, ഹൈഡ്രജൻ, ഓക്‌സിജൻ, മഴയും മേഘവുമൊക്കെ ഉണ്ടാകുന്നതിന്റെ കാരണം, വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും കാരണങ്ങൾ തുടങ്ങിയവയൊക്കെ സംബന്ധിച്ച് എങ്ങനെയാണ് മനുഷ്യൻ ഏകാഭിപ്രായത്തിൽ എത്തിയത്? ഇക്കാര്യങ്ങളിലൊക്കെ വ്യത്യസ്ത ചിന്തകർ വ്യത്യസ്ത അഭിപ്രായങ്ങളാണ് പറഞ്ഞിരുന്നത്. പല ഗ്രന്ഥങ്ങളിൽ പല ഉത്തരങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളിലൊക്കെ ശരിയായ ധാരണയിലെത്തിച്ചേരാൻ കഴിഞ്ഞത് ശാസ്ത്രീയമായ പരീക്ഷണങ്ങളുടെയും പരിശോധനകളുടെയും തെളിയിക്കപ്പെട്ട സത്യങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമാണ്.
സയൻസിന്റെ ഓരോ ശാഖയും ഓരോ പ്രത്യേക മണ്ഡലത്തെക്കുറിച്ച് പഠിക്കുകയും ആ മണ്ഡലത്തിന് ബാധകമായ നിയമങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. മാർക്‌സ്, വിവിധയിനം പൂക്കൾകൊണ്ട് ഒരു പൂച്ചെണ്ട് ഉണ്ടാക്കുന്നതുപോലെ ഈ പ്രത്യേക നിയമങ്ങളെ വൈരുദ്ധ്യാത്മകമായി ഏകോപിപ്പിക്കുകയും ബന്ധിപ്പിക്കുകയും സമന്വയിപ്പിക്കുകയും ചെയ്തുകൊണ്ട് ഈ ഭൗതിക ലോകത്തിനാകെ ബാധകമായ സാമാന്യ നിയമങ്ങൾ അഥവാ സാർവ്വലൗകിക തത്വങ്ങൾ ആവിഷ്‌കരിച്ചു. ഇതാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ സാമാന്യതത്വങ്ങൾ.
പ്രകൃതിയും ജീവലോകവും മനുഷ്യജീവിതവുമെല്ലാം ചലനത്തിലും മാറ്റത്തിലുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ ചലനത്തെ നിയന്ത്രിക്കുന്ന ചില സാമാന്യ നിയമങ്ങളുണ്ട്. സയൻസിന്റെ സഹായത്തോടെ ഈ നിയമങ്ങൾ മനസ്സിലാക്കാൻ കഴിയും. പ്രകൃതിയെയും ഭൗതിക ലോകത്തെയും നിയന്ത്രിക്കുന്ന നിയമങ്ങളെപ്പോലെതന്നെ മനുഷ്യസമൂഹത്തിന്റെ വികാസ നിയമങ്ങളെയും സയൻസിന്റെ സഹായത്തോടെ മനസ്സിലാക്കാനാകും.

മതത്തെ സംബന്ധിച്ച  മാർക്‌സിസ്റ്റ് കാഴ്ചപ്പാട്

ഒരു കാര്യംകൂടി പറയാം. അടിമത്ത സമൂഹത്തിൽ വിമോചനത്തെക്കുറിച്ചുള്ള ചിന്ത ഉടലെടുത്തതുതന്നെ അടിമകളെ മോചിപ്പിക്കേണ്ടതായ സാമൂഹ്യ ആവശ്യകതയിൽനിന്നാണ്. അടിച്ചമർത്തപ്പെട്ട അടിമകൾ സ്വാതന്ത്ര്യത്തിനായി ദാഹിച്ചു. അവരുടെ കണ്ണീരിൽനിന്നാണ് മതങ്ങൾ ആവിർഭവിച്ചത്. മഹാനായ മാർക്‌സ് ഇത് ചൂണ്ടിക്കാണിക്കുകയും പിന്നീട് സഖാവ് ശിബ്ദാസ് ഘോഷ് ഇത് വിശദമാക്കുകയും ചെയ്തിട്ടുണ്ട്. നമ്മൾ മാർക്‌സിസ്റ്റുകൾ മതത്തെ മാനിക്കുന്നില്ലെന്നാണ് പലരും പറയുന്നത്. ഇത് ശരിയല്ല. ഒരു പ്രത്യേക ചരിത്രഘട്ടത്തിൽ മതങ്ങൾ വഹിച്ച പുരോഗമനപരമായ പങ്ക് വെളിവാക്കുകയും അംഗീകരിക്കുകയും ചെയ്തത് മാർക്‌സിസ്റ്റ് ചിന്തകരാണ്. നേരെമറിച്ച്, ബേക്കൺ, ലോക്ക്, ഹോബ്‌സ്, സ്പിനോസ, ഹ്യൂം, കാന്റ്, ഫോയർബാഹ് തുടങ്ങിയ ബൂർഷ്വാ ചിന്തകരൊക്കെ മതത്തെ ”ചരിത്രത്തിന്റെ ഒരു അപഭ്രംശം” എന്നാണ് വിശേഷിപ്പിച്ചത്. മനുഷ്യ സമൂഹത്തിന്റെ വികാസത്തിന്റെ ആരംഭഘട്ടത്തിൽ മതചിന്ത ഉടലെടുത്തിരുന്നില്ല എന്നത് ശരിയാണ്. നിങ്ങൾ ആന്ഡമാനിൽചെന്ന് ജറോവ പോലുള്ള ആദിവാസി വിഭാഗങ്ങളെ പഠിക്കുക. അവർക്ക് സ്വകാര്യസ്വത്തോ ഉടമസ്ഥതാ സങ്കല്പമോ ഉള്ളവനും ഇല്ലാത്തവനും എന്ന വ്യത്യാസമോ ഒന്നുമില്ലെന്ന് മനസ്സിലാക്കാനാവും. പ്രകൃത്യാതീത ശക്തിയെന്നോ ദൈവമെന്നോ ഉള്ള ചിന്തപോലും അവർക്കില്ല. മതം ഉടലെടുത്തത് അടിമ-ഉടമ സമൂഹത്തിലാണ്. അതുകൊണ്ടാണ്, ”മതം അടിച്ചമർത്തപ്പെടുന്നവന്റെ നെടുവീർപ്പാണ്, ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണ്, ചേതനയറ്റ സ്ഥിതിയിൽ തെളിയുന്ന ചൈതന്യമാണ്” എന്ന് മാർക്‌സ് പറഞ്ഞത്. (ക്രിട്ടിക് ഓഫ് ഹെഗൽസ് ഫിലോസഫി ഓഫ് റൈറ്റ്). ക്രിസ്തുമതത്തെക്കുറിച്ച് ഏംഗൽസ് പറഞ്ഞ കാര്യം എല്ലാ മതങ്ങൾക്കും ബാധകമാക്കാവുന്നതാണ്. അദ്ദേഹം പറഞ്ഞു: ”ക്രിസ്തുമതവും തൊഴിലാളിവർഗ്ഗ സോഷ്യലിസവും എല്ലാ കെട്ടുപാടുകളിൽനിന്നും ദുരിതങ്ങളിൽനിന്നുമുള്ള മോചനത്തെക്കുറിച്ച് പ്രവചിക്കുന്നു. ക്രിസ്തുമതം അത് ഇഹലോക ജീവിതത്തിനുശേഷം വരുമെന്ന് പറയുമ്പോൾ സോഷ്യലിസം സാമൂഹ്യ പരിവർത്തനത്തിലൂടെ ഈ ലോകത്തുതന്നെ സംഭവിക്കുമെന്ന് പറയുന്നു”(ക്രിസ്തുമതത്തിന്റെ പ്രാരംഭകാല ചരിത്രം). സഖാവ് ശിബ്ദാസ് ഘോഷ് ഈ വിഷയം ഇങ്ങനെ വിശദമാക്കുന്നു: ”എപ്പോഴാണ് ദൈവ സങ്കല്പം ഉടലെടുത്തത്? സ്ഥിരസ്വത്ത് നിലവിൽ വരുകയും സമൂഹം വർഗ്ഗങ്ങളായി വിഭജിക്കപ്പെടുകയും ഒരു ഭരണവ്യവസ്ഥ സ്ഥാപിതമാകുകയും ചെയ്ത സമയത്താണ് അത് പ്രത്യക്ഷപ്പെടുന്നത്. സാമൂഹ്യ വികാസത്തിന്റെ ഈ ഘട്ടത്തിൽ ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്ന ആൾ സ്വന്തം ഇഷ്ടപ്രകാരം നിയമങ്ങൾ ഉണ്ടാക്കുകയും മറ്റുള്ളവർ അത് അനുസരിക്കാൻ ബാദ്ധ്യസ്ഥരാകുകയും അങ്ങനെ സമൂഹം താരതമ്യേന സംഘടിതമാകുകയും ചിട്ടയോടെ മുന്നോട്ടുപോകുകയും ചെയ്തപ്പോൾ ഒരു പുതിയ ആശയം ഉടലെടുത്തു. തനിക്ക് ചുറ്റുമുള്ള ലോകം ചില നിയമങ്ങളാൽ ഭരിക്കപ്പെടുന്നതാണ്; സൂര്യോദയവും അസ്തമയവും രാത്രിയും പകലുമൊക്കെ ഒന്നിനുപിറകെ ഒന്നെന്ന നിലയിൽ വരുന്നു; മഞ്ഞുകാലവും വേനൽക്കാലവും മഴക്കാലവുമൊക്കെ നിശ്ചിത കാലയളവിൽ വന്നുപോകുന്നു; വേലിയേറ്റവും വേലിയിറക്കവും വെളുത്തവാവും കറുത്തവാവും ഒക്കെ മാറിവരുന്നത് ചില ക്രമങ്ങൾ പാലിച്ചുകൊണ്ടും ചില നിയമങ്ങൾ അനുസരിച്ചുമാണ്. നിയമങ്ങൾ ഉണ്ടാക്കാനും നയിക്കാനും ഒരു നായകൻ, അധിപൻ ഇല്ലെങ്കിൽ സമൂഹത്തിൽ അടുക്കും ചിട്ടയും ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന ചിന്ത മനുഷ്യനിൽ രൂപപ്പെട്ടു. അങ്ങനെയെങ്കിൽ, വിശാലമായ ഈ പ്രപഞ്ചത്തെ ഇത്ര ചിട്ടയായി നയിക്കണമെങ്കിൽ അതിനും ഒരു നായകൻ, യജമാനൻ ഉണ്ടായിരിക്കണമല്ലോ? അതായത്, സമൂഹത്തെ ഭരിക്കുന്ന നായകനെ കണ്ടിട്ടാണ് പ്രപഞ്ചത്തെ ചിട്ടയായി നയിക്കുന്ന ഒരു അതിനായകനെക്കുറിച്ച്, ദൈവത്തെക്കുറിച്ച് മനുഷ്യൻ സങ്കല്പിച്ചത്. സാമൂഹ്യ വികാസത്തിന്റെ ഒരു പ്രത്യേകഘട്ടത്തിൽ മനുഷ്യന് ഉയർന്ന സദാചാര-നൈതിക ധാരണകളും മൂല്യബോധവും ശരിതെറ്റുകളെക്കുറിച്ചുള്ള സങ്കല്പങ്ങളും ആരെയും വെറുക്കാതെ എല്ലാവരെയും സേവിക്കാനുള്ള മനസ്സുമൊക്കെ പ്രദാനംചെയ്തത് മതമായിരുന്നു എന്നകാര്യം നാം ഓർക്കണം. തൽഫലമായി ഒരു അച്ചടക്കബോധം വളരുകയും അത് സമൂഹത്തിന്റെ കെട്ടുറപ്പിനും ഭദ്രതയ്ക്കും ഇടയാക്കുകയും ചെയ്തു. ഈ അടിസ്ഥാനത്തിലും മതം സാമൂഹ്യപുരോഗതിയിൽ പങ്കുവഹിക്കുകയുണ്ടായി.” (മാർക്‌സിസത്തിന്റെയും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെയും ചില വശങ്ങളെപ്പറ്റി). അന്ന് മതപ്രവാചകരുടെ മനസ്സിൽ സ്വാഭാവികമായിത്തന്നെ ഉടലെടുത്ത ചിന്ത ദൈവമാണ് എല്ലാം സൃഷ്ടിച്ചതെന്നും അടിമയും ഉടമയും ദൈവത്തിന്റെ സന്താനങ്ങളാണ് എന്നുമായിരുന്നു. അന്നത്തെ സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരം മതപ്രബോധനങ്ങളിലുണ്ടെന്നും അവർ ആത്മാർത്ഥമായി വിശ്വസിച്ചു. മതത്തിന്റെ ആശയങ്ങൾ പ്രചരിപ്പിച്ച പ്രവാചകരെ അന്ന് ഉടമകൾ പീഡിപ്പിക്കുകയും അടിച്ചമർത്തുകയും ചെയ്തു. പലരും കൊല്ലപ്പെട്ടു. പലരും പട്ടിണികിടന്ന് മരിച്ചു. അടിമത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിന് നൈതിക-സദാചാര ധാരണകളും സാമൂഹ്യ ഉത്തരവാദിത്വ ബോധവും കർത്തവ്യ ബോധവുമൊക്കെ പ്രദാനം ചെയ്തത് മതമാണെന്ന് സഖാവ് ശിബ്ദാസ് ഘോഷ് പറഞ്ഞിട്ടുണ്ട്. അങ്ങനെ ആ കാലഘട്ടത്തിൽ മതം വലിയൊരു സത്കർമമാണ് ചെയ്തത്. ഇത് ചരിത്രമാണ്. അതേസമയംതന്നെ, പിൽക്കാലത്ത്, അനിഷേധ്യമായ ചരിത്രഗതിയിൽ, മതത്തിന്റെ പുരോഗമനപരമായ പങ്ക് അസ്തമിച്ചു എന്നതും ശരിയാണ്. അങ്ങനെ മതം കാലഹരണപ്പെട്ടു. ഉദാഹരണത്തിന്, ഇന്ന് മനുഷ്യൻ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ അവയുടെ പരിഹാരത്തെക്കുറിച്ചോ ഒരു ചർച്ചയും ഒരു മത ഗ്രന്ഥത്തിലും കാണാനാകില്ല. എന്നുമാത്രമല്ല, മുതലാളിവർഗ്ഗം ആരംഭകാലത്ത് ബൂർഷ്വാ ജനാധിപത്യവ്യവസ്ഥ സ്ഥാപിക്കാനായി മതത്തിനെതിരെ പൊരുതിയെങ്കിലും ഇന്ന് ചൂഷിത ജനതയെ വഴിതെറ്റിക്കാനായി മതത്തെ ദുരുപയോഗം ചെയ്യുകയുമാണ്. മുൻ ജന്മത്തിൽ ചെയ്ത പാപങ്ങളാണ് ഇന്ന് മനുഷ്യൻ അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും മുതലാളിത്ത ചൂഷണമല്ല ഉത്തരവാദി എന്നും അവർ പറയുന്നു. കഴിഞ്ഞ ജന്മത്തിൽ ഒരുപാട് നന്മകൾ ചെയ്തതുകൊണ്ടാണ് മുതലാളിമാർക്ക് ഈ ജന്മത്തിൽ ധാരാളം സമ്പത്തുണ്ടായതെന്നും ദരിദ്രനെ അടിച്ചമർത്താനും അവന്റെ ചോര ഊറ്റിയെടുക്കാനും അവർക്ക് അവകാശമുണ്ടായതെന്നും അവർ വാദിക്കുന്നു. എല്ലാം ദൈവവിധിയാണ്. ആർക്കും അത് മാറ്റാനാകില്ല. അതുകൊണ്ടാണ് മതത്തെ മുതലാളിത്തത്തിന് ഇന്ന് ആവശ്യമായിരിക്കുന്നത്. അതുപോലെതന്നെ, അന്ധതയും മതഭ്രാന്തും കുത്തിപ്പൊക്കി യുക്തിബോധവും ശാസ്ത്രീയ മനോഘടനയും തകർത്ത് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനും മുതലാളിവർഗ്ഗം മതത്തെ ഉപയോഗപ്പെടുത്തുന്നു. ഭരണവർഗ്ഗത്തിന്റെ ‘മതവിശ്വാസം’ വെറും കാപട്യമാണ്. മറ്റൊരു കൂട്ടർ മതത്തെ കച്ചവടച്ചരക്കാക്കി സമ്പത്ത് വാരിക്കൂട്ടുന്നു. എന്നാൽ, മതവിശ്വാസികളായ സാധാരണ ജനങ്ങളെ ശരിയായി കാര്യങ്ങൾ ധരിപ്പിച്ചാൽ അനീതിക്കും അടിച്ചമർത്തലിനുമെതിരായ പോരാട്ടത്തിൽ അവർ അണിനിരക്കുമെന്നതും ഒരു വസ്തുതയാണ്. മതത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയും അത് കാലഹരണപ്പെടുകയും പിന്തിരിപ്പൻ മുതലാളിവർഗ്ഗത്തിന്റെ കയ്യിലെ കരുവായിത്തീരുകയും ചെയ്തിരിക്കുന്നുവെങ്കിലും അടിമകളുടെ വിമോചനമെന്ന ആഹ്വാനവുമായാണ് അത് ഉദയംചെയ്തതെന്നും സമൂഹത്തിന് ഒരു കാലഘട്ടത്തിൽ അത് വളരെ നന്മ ചെയ്തിട്ടുണ്ടെന്നും മാർക്‌സിസം വിലയിരുത്തുന്നു. മതത്തെ അടിസ്ഥാനമാക്കിയാണ് ജന്മിത്തവും രാജവാഴ്ചയുമൊക്കെ നിലവിൽ വന്നതെങ്കിലും അടിയാന്മാരെ അടിച്ചമർത്താൻ ജന്മിമാരും മറ്റും അതേ മതത്തെത്തന്നെയാണ് ആയുധമാക്കിയത്. ജന്മിത്ത ചൂഷണത്തിൽനിന്ന് മോചനം നേടാനുള്ള സാമൂഹ്യ ത്വരയുടെ ഫലമായി ബൂർഷ്വാ ജനാധിപത്യ വ്യവസ്ഥ സ്ഥാപിതമാകുന്നതിന്, മതത്തിനെതിരായ പോരാട്ടത്തിലൂടെ വികസിച്ചുവന്ന ജനാധിപത്യ, ശാസ്ത്രീയ മനോഘടന വളരെ സഹായകമായിരുന്നു. അന്ന് ബൂർഷ്വാസി സ്വാതന്ത്ര്യം-സമത്വം-സാഹോദര്യം എന്ന മുദ്രാവാക്യമുയർത്തിയെങ്കിലും അവർക്കത് സാക്ഷാത്ക്കരിക്കാനായില്ല. ഇക്കാര്യം മുമ്പ് ചർച്ചചെയ്തതാണ്. ബൂർഷ്വാസിക്ക് എന്തുകൊണ്ടാണ് അത് നിറവേറ്റാനാകാത്തതെന്ന് ആദ്യം ചൂണ്ടിക്കാണിച്ചത് മാർക്‌സ് ആണ്. തൊഴിലാളിക്ക് അർഹതപ്പെട്ട പങ്ക് നിഷേധിച്ചുകൊണ്ട് മുതലാളിത്തം മിച്ചമൂല്യം സൃഷ്ടിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു ബൂർഷ്വാ സാമ്പത്തിക വിദഗ്ദ്ധനും ഇത് ചൂണ്ടിക്കാണിച്ചിരുന്നില്ല. അടിച്ചമർത്തപ്പെട്ടവന്റെ വിമോചനത്തിന് അടിമത്തത്തിൽ മാത്രമല്ല ജന്മിത്തത്തിലും മുതലാളിത്തത്തിലും സാക്ഷാത്ക്കാരമുണ്ടായില്ല. ആ മോചനാഭിലാഷം മാർക്‌സിൽ ആൾ രൂപമെടുക്കുന്നതാണ് പിന്നീട് സമൂഹം കണ്ടത്. വിമോചനമെന്ന ചിരകാലാഭിലാഷം സാക്ഷാത്ക്കരിക്കാൻ കഴിയുമെന്ന് സയൻസിന്റെ പിൻബലത്തിൽ മാർക്‌സ് സമർത്ഥിച്ചു.
പ്രകൃതിയെയും ഭൗതികലോകത്തെയും പോലെതന്നെ മനുഷ്യസമൂഹവും മാറിക്കൊണ്ടിരിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രാകൃത സമൂഹത്തിൽനിന്ന് അടിമത്തത്തിലേയ്ക്കും ജന്മിത്തത്തിലേയ്ക്കും മുതലാളിത്തത്തിലേയ്ക്കുമുള്ള പരിവർത്തനം യാദൃശ്ചികമോ ആരുടെയെങ്കിലും ഇച്ഛാനുസരണം നടക്കുന്നതോ അല്ലെന്ന് മാർക്‌സ് ചൂണ്ടിക്കാണിച്ചു. നിയതമായ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്. സമൂഹം വർഗ്ഗങ്ങളായി വിഭജിക്കപ്പെട്ടതുമുതൽ വർഗ്ഗസമരമാണ് സാമൂഹ്യമാറ്റത്തിന്റെ മുഖ്യ ചാലകശക്തി എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വർഗ്ഗ സമരത്തിലൂടെയാണ് അടിമകൾ അടിമത്ത വ്യവസ്ഥയ്ക്ക് അന്ത്യം കുറിച്ചത്. ബൂർഷ്വാസിയുടെ നേതൃത്വത്തിൽ അടിയാന്മാർ ജന്മിത്തവാഴ്ച അവസാനിപ്പിച്ചതും ഇതേ വർഗ്ഗസമര പ്രക്രിയയിലൂടെയാണ്. അതുപോലെതന്നെ വർഗ്ഗസമരം തീവ്രമാക്കിക്കൊണ്ട് തൊഴിലാളിവർഗ്ഗം മുതലാളിത്തവ്യവസ്ഥയെ തൂത്തെറിഞ്ഞ് സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കുക തന്നെചെയ്യും. തുടർന്ന് അതിനേക്കാൾ ഉയർന്ന സമൂഹമെന്ന നിലയിൽ കമ്മ്യൂണിസവും നിലവിൽവരും. ചരിത്രത്താൽ നിർണ്ണയിക്കപ്പെട്ട, ശാസ്ത്രീയമായ നിയമമാണത്. ഇവിടെയാണ് മഹാനായ മാർക്‌സ് രൂപംനൽകിയ ശാസ്ത്രീയ സോഷ്യലിസത്തിന്റെ പങ്ക് പ്രസക്തമാകുന്നത്.

ശരിയായ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിനുള്ള  ലെനിനിസ്റ്റ് മാതൃക

തികച്ചും പ്രതികൂലമായ ഒന്നാം ലോകയുദ്ധാനന്തര സാഹചര്യത്തിൽ മഹാനായ ലെനിൻ റഷ്യയിൽ പ്രാവർത്തികമാക്കിയത് ഈ മാർക്‌സിസമാണ്. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി എങ്ങനെ കെട്ടിപ്പടുക്കാം എന്നത് മാർക്‌സിന്റെ കാലത്ത് ഒരു പ്രധാന ചർച്ചാവിഷയമായിരുന്നില്ല. മാർക്‌സ് വിപ്ലവ പ്രക്രിയ നിർണ്ണയിക്കുക മാത്രമാണ് ചെയ്തത്. അടുത്തത്, ലെനിൻ ചൂണ്ടിക്കാണിച്ചതുപോലെ സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെയും യുഗമായിരുന്നു. ഒരു രാജ്യത്ത് ഒരു മാർക്‌സിസ്റ്റ് പാർട്ടി രൂപപ്പെടുത്തിയെടുക്കുന്ന പ്രക്രിയ സംബന്ധിച്ച കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയത് ലെനിനാണ്.
പാർട്ടി രൂപീകരണത്തിന്റെ ലെനിനിസ്റ്റ് മാതൃക എന്ന് ഇത് അറിയപ്പെടുന്നു. വെറുതെ ഒരു സമ്മേളനം വിളിച്ചുകൂട്ടി പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപിക്കുന്നതുകൊണ്ട് ഒരു മാർക്‌സിസ്റ്റ് പാർട്ടി നിലവിൽ വരില്ലെന്ന് ലെനിൻ വ്യക്തമാക്കി. അതിന് മാർക്‌സിസ്റ്റ് ആശയങ്ങൾ സംബന്ധിച്ചും വീക്ഷണം സംബന്ധിച്ചുമുള്ള ഏകാഭിപ്രായത്തിലെത്തുന്ന ഒരു പ്രത്യയശാസ്ത്ര സമരം ആവശ്യമാണ്. റഷ്യയിലുണ്ടായിരുന്ന റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി(ആർഎസ്ഡിഎൽപി)യും മാർക്‌സിസ്റ്റ് പാർട്ടി എന്നാണറിയപ്പെട്ടിരുന്നത്. എന്നാൽ അതൊരു യഥാർത്ഥ മാർക്‌സിസ്റ്റ് പാർട്ടി ആയിരുന്നില്ല. ലെനിൻ ആദ്യം ആർഎസ്ഡിഎൽപിക്കകത്തുനിന്നുകൊണ്ട് ഒമ്പതുവർഷക്കാലം നടത്തിയ പ്രത്യയ ശാസ്ത്ര സമരത്തിലൂടെയാണ് ബോൾഷെവിക് പാർട്ടിക്ക് രൂപംനൽകിയത്.
ഇത്തരമൊരു കർത്തവ്യം ഇന്ത്യയിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ഏറ്റെടുത്തില്ല. ആശയപ്പൊരുത്തവും ചിന്തയിലുള്ള ഏകതാനതയും കൈവരിക്കുന്നതിനുള്ള സമരം ഒഴിവാക്കിക്കൊണ്ട് ഒരു സുപ്രഭാതത്തിൽ വിവിധ ഗ്രൂപ്പുകൾ യോജിച്ച് ഒരു പാർട്ടി ആകുകയായിരുന്നു. അന്നത്തെ സിപിഐ നേതാക്കൾ സത്യസന്ധരായിരുന്നെങ്കിലും പാർട്ടി രൂപീകരണത്തിന്റെ ലെനിനിസ്റ്റ് മാതൃക അവർ പിന്തുടർന്നില്ല. സഖാവ് ശിബ്ദാസ് ഘോഷാകട്ടെ ലെനിനിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടു. ആ പാഠങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് അദ്ദേഹം ലെനിനിസ്റ്റ് പാർട്ടി രൂപീകരണ പ്രക്രിയയെ കൂടുതൽ സമ്പുഷ്ടവും വികസിതവും കാലികവുമാക്കി. മാർക്‌സും ഏംഗൽസും മാർക്‌സിയൻ സയൻസിന്റെ അടിത്തറ പ്രദാനം ചെയ്യുകയാണുണ്ടായതെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. ഒരു മൂർത്ത സാഹചര്യത്തിൽ ഈ ശാസ്ത്രം പ്രയോഗിക്കാനൊരുങ്ങുന്നവർ അതിനെ മാറിയ ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് കൂടുതൽ സമ്പുഷ്ടവും വികസിതവുമാക്കേണ്ടതുണ്ട്. ലെനിൻ അതാണ് ചെയ്തത്. സ്റ്റാലിനും മാവോ സെതുങ്ങും അതുതന്നെ ചെയ്തു. എന്നാൽ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റെന്നറിയപ്പെട്ട ഒരു നേതാവും ആ ദൗത്യം ഏറ്റെടുത്തില്ല.

ആ കടമ ഏറ്റെടുത്തത് സഖാവ് ശിബ്ദാസ് ഘോഷ് മാത്രമാണ്. അദ്ദേഹം മാർക്‌സിസത്തെ കൂടുതൽ വികസിപ്പിക്കുകയും സമ്പുഷ്ടമാക്കുകയും ചെയ്തു. ലെനിൻ പഠിപ്പിച്ചത്, വിപ്ലവത്തിന്റെ സാർവദേശീയ ലൈൻ വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കുമ്പോൾ അതാത് രാജ്യങ്ങളുടെ സാഹചര്യങ്ങൾക്കിണങ്ങുംപടി വേണമെന്നാണ്. അദ്ദേഹത്തിന്റെ വാക്കുകൾതന്നെ ഉദ്ധരിക്കാം: ”മാർക്‌സിന്റെ സിദ്ധാന്തം നൽകുന്നത് പൊതുവായ മാർഗനിർദ്ദേശങ്ങൾ മാത്രമാണ്. അത് ഇംഗ്ലണ്ടിൽ ഫ്രാൻസിൽനിന്ന് വ്യത്യസ്തമായും ഫ്രാൻസിൽ ജർമ്മനിയുടേതിൽനിന്ന് വ്യത്യസ്തമായും ജർമ്മനിയിൽ റഷ്യയുടേതിൽനിന്ന് വ്യത്യസ്തമായുമാണ് നടപ്പിലാക്കേണ്ടത്”(ഫൗണ്ടേഷൻസ് ഓഫ് ലെനിനിസം-സ്റ്റാലിൻ). ഒരു മൂർത്ത സാഹചര്യത്തിൽ മൂർത്തമായി പ്രയോഗിക്കേണ്ടതാണ് പൊതുലൈൻ. സഖാവ് ശിബ്ദാസ് ഘോഷ് കൃത്യമായും അതാണ് ചെയ്തത്. ഇന്ത്യൻ സാഹചര്യത്തിന്റെ സവിശേഷതകൾ കൃത്യമായി നിർണ്ണയിച്ചുകൊണ്ട് ആ മൂർത്ത സാഹചര്യത്തിൽ പൊതു ലൈൻ എങ്ങനെ പ്രാവർത്തികമാക്കാം എന്നദ്ദേഹം കാണിച്ചുതന്നു. അവിഭക്ത സിപിഐയോ പിന്നീട് സിപിഐ(എം)ഓ ഈ കർത്തവ്യം നിറവേറ്റിയിട്ടില്ല. ഒരു വിപ്ലവ സിദ്ധാന്തമില്ലാതെ വിപ്ലവമുണ്ടാകില്ലെന്നും ലെനിൻ പഠിപ്പിച്ചു. സിദ്ധാന്തം എന്നതുകൊണ്ട് ലെനിൻ അർത്ഥമാക്കിയത് സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളെല്ലാം ഉൾപ്പെടുന്നതും ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ഉൾക്കൊള്ളുന്നതുമായ ഒരു സാകല്യത്തെയാണെന്ന് സഖാവ് ശിബ്ദാസ് ഘോഷ് വിശദീകരിച്ചു. അതായത്, ഒരു വിപ്ലവ സിദ്ധാന്തം ആവിഷ്‌കരിക്കണമെങ്കിൽ സമസ്ത മേഖലകളിലും മാർക്‌സിസം അനുവർത്തിക്കേണ്ടതുണ്ട്. ലെനിന്റെ പാഠങ്ങൾ സഖാവ് ശിബ്ദാസ് ഘോഷ് പ്രയോഗിച്ചത് അങ്ങനെയാണ്. സിപിഐ, സിപിഐ(എം) പാർട്ടികൾ അത് ചെയ്തില്ല. അതുകൊണ്ടുതന്നെ അവർക്ക് സാമൂഹിക നേതൃത്വവും ജനാധിപത്യ കേന്ദ്രീയതയും വികസിപ്പിച്ചെടുക്കാനായില്ല. മാർക്‌സിസ്റ്റ് പാർട്ടികളാകാനും കഴിഞ്ഞില്ല. മാർക്‌സിസത്തിന്റെ മേലങ്കിയണിഞ്ഞ അവർ യൂറോപ്പിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളെപ്പോലെ വെറും പെറ്റിബൂർഷ്വാ പാർട്ടികളായി നിലകൊണ്ടു. ഇതുകൂടാതെ മാർക്‌സിസം-ലെനിനിസത്തിന്റെ വിജ്ഞാന ശേഖരത്തിലേയ്ക്ക് പല സംഭാവനകളും സഖാവ് ശിബ്ദാസ് ഘോഷ് നൽകിയിട്ടുണ്ട്. ഈ മീറ്റിംഗിന്റെ വിഷയമല്ലാത്തതിനാൽ അതൊന്നുമിവിടെ ചർച്ചചെയ്യുന്നില്ല.

സോഷ്യലിസത്തെ സ്റ്റാലിൻ സംരക്ഷിക്കുകയും വികസിപ്പിക്കുകയും  ചെയ്തതെങ്ങനെ

ഒരു യഥാർത്ഥ വിപ്ലവപാർട്ടി എന്ന നിലയിൽ ലെനിൻ ബോൾഷെവിക് പാർട്ടി കെട്ടിപ്പടുത്തു. മാർക്‌സിസത്തെ വികസിപ്പിച്ചുകൊണ്ട് അതിന്റെ ധാരണയെ പുതിയൊരു തലത്തിലേയ്ക്ക് ഉയർത്തി. സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവർഗവിപ്ലവത്തിന്റെയും കാലഘട്ടത്തിലെ മാർക്‌സിസമാണ് ലെനിനിസമെന്ന് സ്റ്റാലിൻ ശരിയായി നിർവ്വചിച്ചു. റഷ്യൻ വിപ്ലവത്തിന്റെ ലൈൻ ആവിഷ്‌ക്കരിച്ച ലെനിൻ അത് യാഥാർത്ഥ്യമാക്കുന്നതിനായി തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ തൊിഴിലാളികളും കർഷകരും ഒന്നിക്കണം എന്ന് ആഹ്വാനം ചെയ്തു. ഇത് വലിയ ചർച്ചകൾക്ക് വഴിതുറന്നു. ഒരു രാജ്യത്ത് മാത്രമായി സോഷ്യലിസം സ്ഥാപിക്കാനാവില്ല എന്നു പറഞ്ഞുകൊണ്ട് ട്രോട്‌സ്‌കി, കാമനേവ്, സിനവേവ്, ബുക്കാറിൻ തുടങ്ങിയവർ ലെനിനെ എതിർത്തു. ഒരു പിന്നാക്ക മുതലാളിത്ത രാജ്യത്ത് വിപ്ലവം സാക്ഷാത്ക്കരിക്കാനാവില്ല എന്നുമാത്രമല്ല, തൊഴിലാളികളും കർഷകരും തമ്മിൽ സഖ്യമുണ്ടാക്കാനും കഴിയില്ല എന്നവർ വാദിച്ചു. ഇങ്ങനെ പല എതിർപ്പുകളും വിവാദങ്ങളും അവർ പടച്ചുവിട്ടു. ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയുകയും അവരുടെ തെറ്റായ വാദഗതികളെല്ലാം തുറന്നുകാട്ടുകയും ചെയ്തു ലെനിൻ. വിപ്ലവം കഴിഞ്ഞതോടെ റഷ്യ വലിയ അനിശ്ചിതാവസ്ഥയിലായിരുന്നു. യുദ്ധവും ക്ഷാമവുംകൊണ്ട് രാജ്യം വലഞ്ഞു. പതിനെട്ടു സാമ്രാജ്യത്വ രാജ്യങ്ങൾ പൊടുന്നനെ റഷ്യയെ വളഞ്ഞ് ആക്രമിച്ചു. ഇവയൊക്കെ ജനാധിപത്യം പ്രസംഗിക്കുന്ന രാജ്യങ്ങളായിരുന്നു എന്ന് ഓർക്കണം. സോഷ്യലിസം പച്ചപിടിക്കാൻ അനുവദിക്കില്ല എന്ന ഉറച്ചതീരുമാനത്തിലായിരുന്നു അവർ. സോഷ്യലിസം അവരുടെ രാജ്യത്തേയ്ക്കുകൂടി വ്യാപിക്കും എന്നവർ ഭയപ്പെട്ടു. അവിടെയെല്ലാം തൊഴിലാളിവർഗ വിപ്ലവ സമരം ആരംഭിക്കും. അതുകൊണ്ടാണ് നവജാത സോവിയറ്റ് യൂണിയനെ ഞെരിച്ചുകൊല്ലാൻ അവർ തുനിഞ്ഞിറങ്ങിയത്. റഷ്യയുടെ അന്നത്തെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. യുദ്ധവും ക്ഷാമവും ആഭ്യന്തരരംഗത്ത് നാശം വിതയ്ക്കുന്നു. വർഗ ശത്രുക്കൾ ആഭ്യന്തരകലാപം തുടരുകയാണ്. പുറമേനിന്ന് സാമ്രാജ്യത്വശക്തികളുടെ സംഘടിത ആക്രമണം. ഇതിനിടയിൽ ലെനിനെ വകവരുത്താനുള്ള ശ്രമവും ഉണ്ടായി. അദ്ദേഹത്തിന് വെടിയേറ്റു. 1924ൽ ലെനിൻ അന്തരിച്ചു. റഷ്യ അപ്പോഴും അവികസിതമായിരുന്നു. ആ സന്ദർഭത്തിലാണ് ലെനിന്റെ അർഹനായ ശിഷ്യൻ സ്റ്റാലിൻ ബോൾഷെവിക് പാർട്ടിയുടെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെടുന്നത്. സോവിയറ്റ് സോഷ്യലിസത്തിന്റെ ദ്രുതഗതിയുള്ള വികാസത്തിനായി 1927ൽ സ്റ്റാലിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയൻ പഞ്ചവത്സരപദ്ധതി ആവിഷ്‌ക്കരിച്ചു. പഞ്ചവത്സരപദ്ധതിയുടെ ഉപജ്ഞാതാക്കൾ സോവിയറ്റ് യണിയൻ ആയിരുന്നു. പദ്ധതി പൂർത്തിയാകാൻ അഞ്ചുവർഷം വേണ്ടിവന്നില്ല. മൂന്നുവർഷംകൊണ്ടുതന്നെ സോവിയറ്റ് യൂണിയൻ തൊഴിലില്ലായ്മയിൽനിന്ന് മുക്തമായി. എല്ലാവർക്കും തൊഴിൽ ലഭിച്ചു. രണ്ടാം പഞ്ചവത്സരപദ്ധതി പൂർത്തിയായതോടെ സോവിയറ്റ് യൂണിയൻ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഉയർന്നു. മഹാനായ സ്റ്റാലിന്റെ നേതൃത്വത്തിലാണ് ഈ അസാധാരണ നേട്ടം കൈവരിച്ചത്. അതൊട്ടും എളുപ്പമായിരുന്നില്ല. പുറമേനിന്ന് ഒരു സാഹയവും ലഭിച്ചിരുന്നില്ല. രാജ്യത്തിനുമേലുള്ള സാമ്പത്തിക ഉപരോധവും തുടരുന്നുണ്ടായിരുന്നു.

പാർട്ടിക്കുള്ളിൽ ട്രോട്‌സ്‌കി-ബുക്കാറിൻ-കാമനേവ്-സിനവേവ് സംഘം പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു. അവർ ലെനിന്റെ പാഠങ്ങളെ വളച്ചൊടിച്ച് അവതരിപ്പിച്ചുകൊണ്ട് ജനങ്ങളെയും പാർട്ടി കേഡർമാരെയും ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ചു. ഈ പാർട്ടിവിരുദ്ധൻമാർ ഉയർത്തിയ എല്ലാ ചോദ്യങ്ങൾക്കും സഖാവ് സ്റ്റാലിൻ സൈദ്ധാന്തികമായി മറുപടി നൽകി. അപാരമായ ചങ്കൂറ്റത്തോടെയും ഉറച്ച ബോധ്യത്തോടുംകൂടിയാണ് സ്റ്റാലിൻ ഈ പ്രത്യയശാസ്ത്ര സമരം നടത്തിയത്. അതേസമയംതന്നെ വിദേശ ആക്രമണങ്ങളെയും നേരിടേണ്ടതുണ്ടായിരുന്നു. സ്റ്റാലിന്റെ ആഹ്വാനപ്രകാരം സോഷ്യലിസത്തെ സംരക്ഷിക്കാനായി തൊഴിലാളികളും കർഷകരും 24 മണിക്കൂറും പ്രവർത്തനങ്ങളിൽ മുഴുകി. അങ്ങെനയാണ് സോവിയറ്റ് യൂണിയൻ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഉയർന്നുവന്നത്.
ഈ ഗൂഢനീക്കങ്ങൾക്കും ആക്രമണങ്ങൾക്കുമൊക്കെപ്പുറമേ സോഷ്യലിസത്തെ തർക്കാൻ മറ്റൊരു ഗൂഢാലോചനയും നടന്നു. ഇത് മാരകമായ ഒരു ആക്രമണമായിരുന്നു. പാർട്ടിയുടെ മുൻനിരനേതാക്കളിലൊരാളായ കീറോവ് ലെനിൻഗ്രാഡിലെ പാർട്ടി ആസ്ഥാനത്തുവച്ച് വെടിയുണ്ടയ്ക്കിരയായി. കൊലയാളിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് അപകടകരമായ ഒരു ഗൂഢനീക്കം നടക്കുന്നുണ്ട് എന്ന് മനസ്സിലായത്. പലനേതാക്കളും ഇതിൽ പങ്കാളികളായിരുന്നു. സൈന്യത്തിലും ഉദ്യോഗസ്ഥ സംവിധാനത്തിലുമൊക്കെ സ്വാധീനവലയം സൃഷ്ടിച്ചുകൊണ്ടാണ് അവർ ഈ ഹീനകൃത്യം നടത്തിയത്. ഒരു വശത്ത് ഇംഗ്ലണ്ട്, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ സാമ്രാജ്യത്വ വൻശക്തികൾ സോവിയറ്റ് യൂണിയനെ തകർക്കാനായി ഹിറ്റ്‌ലർക്കും മുസ്സോളിനിക്കും പിന്തുണ നൽകുന്നു. ത്രിപുര കോൺഗ്രസ്സിൽ നേതാജി പറഞ്ഞ വാക്കുൾ നിങ്ങൾക്കറിയാമോ? അത് ഇപ്രകാരമായിരുന്നു: ”ജനാധിപത്യ ശക്തികളെന്നവകാശപ്പെടുന്ന ബ്രിട്ടണും ഫ്രാൻസുമൊക്കെ അമേരിക്കയുടെ പിന്തുണയോടെ സോവിയറ്റ് യൂണിയനിലെ സോഷ്യലിസത്തെ തകർക്കാൻ ഗൂഢാലോചന നടത്തുകയാണ്”(ക്രോസ് റോഡ്‌സ്). വളരെ ആശങ്കയോടെയാണ് അദ്ദേഹം ഇത് പറഞ്ഞത്. ആരംഭഘട്ടത്തിൽ റഷ്യയെ തകർക്കാനായി ഈ വൻശക്തികൾ ഹിറ്റ്‌ലർക്കും മുസ്സോളിനിക്കും പിന്തുണ നൽകിയിരുന്നു. ഈ ഗൂഢാലോചനയിൽ ട്രോട്‌സ്‌കിയുടെ അനുയായികളായ ബുക്കാറിൻ, കാമനേവ്, സിനവേവ് എന്നിവരും പങ്കാളികളായിരുന്നു.

ഉദ്യോഗസ്ഥന്മാർക്കിടയിലും സൈന്യത്തിലും അവർക്ക് ഏജന്റന്മാരുണ്ടായിരുന്നു. കീറോവിനുശേഷം സ്റ്റാലിനെക്കൂടി വകവരുത്തുകയും ആ സമയത്ത് ഹിറ്റ്‌ലർ റഷ്യ ആക്രമിക്കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതി. ഈ സമയത്ത് ഇവർ ആഭ്യന്തരകലാപമഴിച്ചുവിടുകയും സോവിയറ്റ് ഗവൺമെന്റിനെ അട്ടിമറിക്കുകയും ചെയ്യുമ്പോൾ ജർമ്മനിക്ക് റഷ്യ കീഴടക്കാൻ എളുപ്പമാകും. അങ്ങനെ ഇവർക്ക് അധികാരത്തിലെത്താൻ കഴിയും. ഇതായിരുന്നു സോവിയറ്റ് യൂണിയെനെതിരായ ഗൂഢനീക്കം. അധികാരം നഷ്ടപ്പെട്ട മുതലാളിവർഗ്ഗം റഷ്യയിൽ സോവിയറ്റ് ഗവൺമെന്റിനെ കടപുഴക്കാനായി മാരകമായ ആക്രമണമാണ് നടത്തിയത്. ഒരു പ്രതിവിപ്ലവത്തിലൂടെ മുതലാളിത്തം പുന:സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ പശ്ചാത്തലത്തിലാണ് സ്റ്റാലിൻ ഏറെ അധിക്ഷേപത്തിനിരയായ മോസ്‌കോ വിചാരണ സംഘടിപ്പിക്കപ്പെട്ടത്.

ഐതിഹാസികമായ മോസ്‌കോ വിചാരണ

ഭരണകൂടത്തെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ വ്യക്തികൾക്കെതിരായ ഈ വിചാരണ രഹസ്യമായിട്ടല്ല നടത്തിയത്. പ്രതികൾക്കെതിരെ തുറന്ന വിചാരണയാണ് നടത്തിയത്. വിദേശ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാരെയും വിഖ്യാതരായ വക്കീലൻമാരെയുമെല്ലാം വിചാരണയ്ക്ക് സാക്ഷിയാകാൻ ക്ഷണിച്ചിരുന്നു. ഒന്നും മറച്ചുവയ്ക്കാൻ ഉണ്ടായിരുന്നില്ല. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു. വിചാരണാവേളയിലുടനീളം പങ്കെടുത്ത ഒരാളുടെ കാര്യം മാത്രം ഇവിടെ പരാമർശിക്കാം. അദ്ദേഹം അമേരിക്കൻ അംബാസിഡറായ ജോസഫ് ഡേവിസ് ആണ്. ഇത്രയും നിക്ഷ്പക്ഷവും ന്യായയുക്തവും തീർത്തും നിയമപരവുമായ ഒരു വിചാരണ മറ്റൊരു രാജ്യത്തും നടന്നിട്ടില്ലെന്ന് അദ്ദേഹം ‘മിഷൻ ടു മോസ്‌കോ’ എന്ന തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും ക്രോസ് വിസ്താരത്തിന്റെയും മുന്നിൽ പ്രതികൾ ഒന്നൊന്നായി കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതികൾക്കുമേൽ യാതൊരുവിധ സമ്മർദ്ദങ്ങളും പീഡനങ്ങളും ഉണ്ടായിട്ടില്ല. ഈ വിചാരണയ്ക്ക് സാക്ഷ്യം വഹിച്ച പ്രമുഖ ബ്രിട്ടീഷ് അഭിഭാഷകൻ ഡി.എൻ.പ്രിട്ട് കമ്മ്യൂണിസത്തിന്റെ ആരാധകനായിത്തീർന്നു. അതായിരുന്നു മോസ്‌കോ വിചാരണ. ഗൂഢാലോചനയിൽ പങ്കാളികളായ പട്ടാളക്കാരും ഉദ്യോഗസ്ഥന്മാരുമൊക്കെ ഈ വിചാരണയ്ക്കു ശേഷം അറസ്റ്റു ചെയ്യപ്പെട്ടു. ഗുരുതരമായ തെറ്റു ചെയ്തവർ മരണശിക്ഷയ്ക്കിരയായി. ഇതിന്റെ പേരിൽ ബൂർഷ്വാ മാധ്യമങ്ങൾ ഇന്നും സ്റ്റാലിനെ കൊലയാളിയായി ചിത്രീകരിക്കുന്നു. എന്നാൽ റൊമെയൻ റോളണ്ട്, ബർണാഡ് ഷാ, ആൽബർട്ട് ഐൻസ്റ്റീൻ തുടങ്ങിയ ഉന്നതവ്യക്തിത്വങ്ങളൊക്കെ അന്ന് ഈ വിചാരണയെ പ്രകീർത്തിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ രവീന്ദ്രനാഥ ടാഗോറോ മറ്റേതെങ്കിലും പ്രമുഖ വ്യക്തികളോ ഈ വിചാരണയെക്കെതിരെ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. വിചാരണയുടെ ന്യായയുക്തത അവർക്ക് ബോദ്ധ്യപ്പെട്ടിരുന്നു. സോവിയറ്റ് സോഷ്യലിസത്തെ തകർക്കാനുള്ള ഒരു ഗൂഢാലോചനയെയും അവർക്ക് പിന്തുണയ്ക്കാൻ കഴിയുമായിരുന്നില്ല.

യുദ്ധമുണ്ടാക്കുന്നതും യുദ്ധദാഹികളും സാമ്ര്യാജ്യത്വ ശക്തികളാണ്. ഞാൻ ചോദിക്കട്ടെ, ദശലക്ഷക്കണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെട്ട, ആയിരക്കണക്കിന് പട്ടണങ്ങളും ഗ്രാമങ്ങളും ചാമ്പലാക്കിയ ഒന്നാംലോകയുദ്ധം ആരുടെ സൃഷ്ടിയാണ്? മുതലാളിത്തത്തിന്റെയോ സോഷ്യലിസത്തിന്റെയോ? അത്രത്തോളംതന്നെ വിനാശകരമായ രണ്ടാം ലോകയുദ്ധത്തിന് കാരണക്കാർ ആരാണ്? രണ്ടും സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണ്. ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും കോളനികൾ കൊള്ളയടിച്ചതും അവിടങ്ങളിലെ സ്വാതന്ത്ര്യപോരാളികളെ അരുംകൊല ചെയ്തതും ആരാണ്? സാമ്രാജ്യത്വം തന്നെ. ആരാണ് കീഴടങ്ങാൻ തയ്യാറായിനിന്ന ജപ്പാന്റെമേൽ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോബ് വർഷിച്ച് ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയതും അതിനേക്കാളെറെപ്പേരെ തലമുറകളോളം ദുരിതക്കയത്തിലാഴ്ത്തിയതും? അമേരിക്കൻ സാമ്രാജ്യത്വം. എന്തുകൊണ്ട്? ചൈനയും കൊറിയയും മോചിപ്പിച്ച് ചെമ്പട ജപ്പാനുനേരെ നീങ്ങിയതുകൊണ്ട്. ജപ്പാൻ ചെമ്പടയ്ക്കുമുന്നിലല്ല, അമേരിക്കൻ സാമ്രാജ്യത്വത്തിനുമുന്നിൽ കീഴടങ്ങണം. അതിന് ചെമ്പടയുടെ മുന്നേറ്റം തടയേണ്ടതുണ്ടായിരുന്നു. ഇത് തികച്ചും അനാവശ്യമായിരുന്നു. ജപ്പാന്റെ മേലുള്ള അണുബോംബ് ആക്രമണം ഐൻസ്റ്റീനെ ഞെട്ടിച്ചുകളഞ്ഞു. ‘അടുത്തൊരു ജന്മമുണ്ടെങ്കിൽ എനിക്ക് ശാസ്ത്രജ്ഞനായി ജനിക്കേണ്ട, ഒരു മരപ്പണിക്കാരനായിരുന്നാൽ മതി’ എന്നദ്ദേഹം പറഞ്ഞത് കടുത്ത ഹൃദയവ്യഥയോടെയായിരുന്നു. ശാസ്ത്രത്തിന്റെ എത്ര വലിയ ദുരുപയോഗമാണിത്? ആരാണ് ഈ കൂട്ടക്കൊല ആസൂത്രണം ചെയ്തത്? സാമ്രാജ്യത്വം. ഫാസിസ്റ്റ് ഹിറ്റ്‌ലർ ലക്ഷക്കണക്കിന് ജൂതൻമാരെയും കമ്മ്യൂണിസ്റ്റുകളെയും വകവരുത്തി. ബൂർഷ്വാസിയിൽനിന്ന് ആനുകൂല്യങ്ങൾ പറ്റുന്ന ബുദ്ധിജീവികളോ ബൂർഷ്വാ മാദ്ധ്യമങ്ങളോ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ടോ? ഇതേക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങൾ ഉയർത്തുന്നുണ്ടോ? വിയറ്റ്‌നാം ജനത രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ആദ്യം ഫ്രഞ്ച്‌സാ്രമാജ്യത്വത്തിനെതിരെയും പിന്നീട് ജാപ്പനീസ് സാമ്രാജ്യത്വത്തിനെതിരെയും പൊരുതി. തുടർന്ന് വിയറ്റ്‌നാം ജനതയുടെ സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താനായി അമേരിക്കൻ സാമ്രാജ്യത്വം മാരകമായ നാപ്പാം ബോംബ് വർഷിച്ചു. ഇതിനേക്കാൾ വലിയ ഹീനകൃത്യമുണ്ടോ?
കൂട്ട സംഹാരായുധങ്ങൾ കൈവശം വച്ചിരിക്കുന്നു എന്ന വ്യാജപ്രചാരണം നടത്തി സദ്ദാം ഹുസൈനെ കൊലപ്പെടുത്തിയതും ഇറാക്കിനെ നശിപ്പിച്ചതും ആരാണ്? ഈ ആരോപണം വെറും കള്ളമായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. ആരാണ് ലബിയയെയും അഫ്ഗാനിസ്താനെയും തകർത്തത്? താലിബാൻ, അൽ ഖ്വെയ്ദ, ഐഎസ് എന്നിവയുടെയൊക്കെ സ്രഷ്ടാക്കൾ ആരാണ്? ആരാണ് അവർക്ക് ആയുധങ്ങൾ നൽകുന്നത്? അതും അമേരിക്കൻ സാമ്രാജ്യത്വം തന്നെ.
ഭീകരത കെട്ടഴിച്ചുവിടുന്നതും അവർതന്നെ. ഇപ്പോളവർ സിറിയയ്ക്കുമേൽ യുദ്ധം നടത്തുകയാണ് നിഷ്പക്ഷ മാദ്ധ്യമങ്ങളും കൂലിയെഴുത്തുകാരുമൊന്നും ഈ ക്രൂരതകൾ കാണുന്നില്ലേ? സ്റ്റാലിനെതിരെ വ്യാജആരോപണങ്ങൾ ഉന്നയിക്കാൻ ഇവർക്കൊക്കെ വലിയ ഉത്സാഹമാണ്. ചരിത്രം ഇവർക്ക് മാപ്പു നൽകില്ല. രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ഫാസിസ്റ്റ് ആക്രമണങ്ങളിൽനിന്ന് ലോകത്തെ രക്ഷിക്കുന്നതിനായി സ്റ്റാലിനെയും സോവിയറ്റ് യൂണിയനെയും ഉറ്റുനോക്കുകയായിരുന്നു ലോകമാകെ. സ്റ്റാലിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയൻ അവരുടെ പ്രതീക്ഷകൾ കാത്തുപുലർത്തി. ചെമ്പട കിഴക്കൻ യൂറോപ്പിനെയാകെ മോചിപ്പിച്ചുകൊണ്ട് സോഷ്യലിസം സ്ഥാപിക്കാൻ വഴിയൊരുക്കി. ആ സമയത്ത് സോവിയറ്റ് യൂണിയൻ സമ്പൂർണ്ണ നിരായുധീകരണത്തിന് ആഹ്വാനം ചെയ്യുകയും, മുമ്പ് സൂചിപ്പിച്ച സൈനിക കരാറുകളെല്ലാം റദ്ദുചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. സോവിയറ്റ് യൂണിയൻ അതിന് സന്നദ്ധമായിരുന്നു. ലോകം യുദ്ധക്കെടുതികളിൽനിന്ന് മോചനം നേടട്ടെ എന്നാണ് അവർ ആഗ്രഹിച്ചത്. ഇതായിരുന്നു സ്റ്റാലിന്റെ നിലപാട്. വിറുറ്റ സമാധാന പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള യജ്ഞത്തിലായിരുന്നു അദ്ദേഹം. എന്നാൽ സാമ്രാജ്യത്വ ശക്തികൾ നാറ്റോ, സിയാറ്റോ പോലുള്ള സൈനിക സഖ്യങ്ങളിലൂടെ സോവിയറ്റ് യൂണിയനെ വളയാനുള്ള ശ്രമത്തിലായിരുന്നു. അത്തരമൊരു അവസ്ഥയിൽ സ്വരക്ഷയ്ക്കുവേണ്ടി വാഴ്‌സാ സഖ്യം രൂപീകരിക്കാൻ സോവയിറ്റ് യൂണിയനും നിർബന്ധിതമായി. ഇതാണ് ചരിത്രം.

സ്റ്റാലിൻ ലെനിന്റെ അർഹനായ ശിഷ്യൻ

മാർക്‌സ്, എംഗൽസ്, ലെനിൻ എന്നിവരുടെ പാഠങ്ങൾക്കനുസരിച്ച് പാർട്ടിയെയും ‘ഭരണകൂടത്തെയും നയിക്കാനാണ് സ്റ്റാലിൻ ശ്രമിച്ചത്. അദ്ദേഹത്തെ സന്ദർശിച്ചവരും കണ്ടവരുമായ മുഴുവൻ ആളുകളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ ആകൃഷ്ടരായി. വിനയവും ലാളിത്യവും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. ലെനിന്റെ ശിഷ്യൻ എന്നാണ് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത്. ആരെങ്കിലും സ്റ്റാലിന്റെ ശിഷ്യൻ എന്നവകാശപ്പെട്ടാൽ അദ്ദേഹം എതിർക്കുമായിരുന്നു. ഞാൻ സ്വയം ലെനിന്റെ ശിഷ്യനായിരിക്കുമ്പോൾ ഒരാൾക്കെങ്ങനെയാണ് ശിഷ്യന്റെ ശിഷ്യനാകാൻ കഴിയുക എന്നേദ്ദേഹം ചോദിക്കും. ഇതായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ നിലപാട്. ഞാൻ പാർട്ടിയുടെ, മാർക്‌സിസം ലെനിനിസത്തിന്റെ സന്തതിയാണ് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എനിക്കെന്തെങ്കിലും മേന്മയുണ്ടെങ്കിൽ അത് മാർക്‌സിസം ലെനിനിസത്തിനും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും അവകാശപ്പെട്ടതാണ്. ബ്രിട്ടണിലെ ഒരു പ്യൂൺ താമസിക്കുന്നത്ര ഒരു സാധാരണമുറിയിലാണ് അദ്ദേഹം താമസിച്ചിരുന്നത് എന്നത് ആശ്ചര്യകരമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഇത് വിശ്വസിക്കാനായില്ല. സോവിയറ്റ് യൂണിയനിലെ അമേരിക്കൻ അംബാസിഡർ ഡേവിസ് മകൾക്കയച്ച കത്തിൽ ഇങ്ങനെ പറയുന്നു: ”ഏറ്റവും കടുത്ത സ്റ്റാലിൻ വിരുദ്ധർ പറയുന്നതിന് നേർവിപരീതമായി ഒരു വ്യക്തിത്വത്തെ ചിത്രീകരിക്കുവാൻ നിനക്ക് കഴിയുമെങ്കിൽ അതാണ് ഈ മനുഷ്യൻ(സ്റ്റാലിൻ). കൊച്ചുകുട്ടികൾപോലും സ്റ്റാലിനോട് സ്വാതന്ത്ര്യത്തോടെ ഇടപെട്ടു. അത്രത്തോളം വാത്സല്യനിധിയായിരുന്നു ആ മനുഷ്യൻ”(മിഷൻ ടു മോസ്‌കോ).

അക്കാലത്തെ പ്രമുഖനായ ഒരു പത്രപ്രവർത്തകൻ പറഞ്ഞത് ഇങ്ങനെയാണ്:”ആറ്റിക്കുറുക്കി വേണമെങ്കിൽ ഇങ്ങനെ പറയാം; സഹപ്രവർത്തകർ ഹിറ്റ്‌ലറെ ആരാധിച്ചു, മുസോളിനിയെ ഭയപ്പെട്ടു, സ്റ്റാലിനെ ബഹുമാനിച്ചു”(ഹാർപർ മാസികയിൽ സ്റ്റാലിൻ എന്ന പേരിൽപ്രസിദ്ധീകരിച്ച ലേഖനം). ഏതു രാജ്യത്താണ് യഥാർത്ഥ സ്വാതന്ത്ര്യമുള്ളത് എന്ന ചോദ്യത്തിന് ബർണാഡ് ഷാ പറഞ്ഞ ഉത്തരം ഇങ്ങനെയായിരുന്നു:”സ്റ്റാലിൻ ജീവിച്ചിരിക്കുന്ന റഷ്യ തന്നെ. ഈ ഒരു രാജ്യത്തുമാത്രമേ ഇന്ന് യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയൂ”(ന്യൂ സ്റ്റേറ്റ്‌സ്മാൻ ആന്റ് നേഷൻസ്, ഡിസംബർ 1934). ”ജീവനുള്ളിടത്തോളം കാലം അദ്ദേഹം സോവിയറ്റ് യൂണിയനുവേണ്ടി യത്‌നിച്ചുകൊണ്ടിരിക്കും” എന്നാണ് സ്റ്റാലിനെക്കുറിച്ച് റൊമെയ്ൻ റോളണ്ട് പറഞ്ഞത്. മഹാനായ ഈ മനുഷ്യസ്‌നേഹി ‘മോസ്‌കോ ഡയറി’ എന്ന തന്റെ വിഖ്യാത കൃതിയിൽ പറയുന്നു:”റഷ്യയുടെയും ലോകജനതയുടെയും ചരിത്രത്തിൽ ശ്രേഷ്ഠമായ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേർക്കുകയാണ് സ്റ്റാലിൻ”. 1945ൽ ആസാദ് ഹിന്ദ് ആർമി യുദ്ധത്തിൽ പരാജയപ്പെട്ടപ്പോൾ സിംഗപ്പൂർ റേഡിയോയിലൂടെ നടത്തിയ പ്രഭാഷണത്തിൽ ആഴമാർന്ന ആദരവും അടിയുറച്ച ആത്മവിശ്വാസവും സ്ഫുരിക്കുന്ന വാക്കുകളിൽ സുഭാഷ്ചന്ദ്ര ബോസ് പറഞ്ഞു:”യുദ്ധാനന്തരയൂറോപ്പിൽ, ആഗ്നിപരീക്ഷണങ്ങളെ അതിജീവിക്കാൻ പോന്ന പ്രവർത്തനപദ്ധതിയുള്ള ഒരു ശക്തിയേ ഉണ്ടാകൂ, അത് സോവിയറ്റ് യൂണിയൻ ആയിരിക്കും; ഏതാനും ദശാബ്ദങ്ങളിലേയ്ക്ക് യൂറോപ്പിലെ രാഷ്ട്രങ്ങളുടെ ഭാഗധേയം നിർണ്ണയിക്കാൻ പോന്ന ഒരു വ്യക്തിയുണ്ടെങ്കിൽ അത് മാർഷൽ സ്റ്റാലിനും”. സോവിയറ്റ് യൂണിയനെയും സ്റ്റാലിനെയും പ്രകീർത്തിച്ച ഇവരാരും കമ്മ്യൂണിസ്റ്റുകളായിരുന്നില്ല എന്നോർക്കണം.
സ്റ്റാലിൻ വളരെ ലളിതമായ ജീവിതമാണ് നയിച്ചത്. അദ്ദേഹത്തിന്റെ അംഗരക്ഷകനായിരുന്ന അലക്‌സി റിബിൻ തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതി:”സ്റ്റാലിന് മൂന്നോ നാലോ ജോഡി വസ്ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. കോട്ട് കീറിയാൽ അത് തുന്നിച്ച് വീണ്ടും അദ്ദേഹം ഉപയോഗിക്കും.” ഇത്ര ഉന്നതനായ രാജ്യതന്ത്രജ്ഞന്റെ, നേതാവിന്റെ ജീവിതം ഇത്രത്തോളം സുതാര്യമായിരുന്നു. ഒരു തൊഴിലാളിയുടെ മകനായിരുന്നു അദ്ദേഹം. തൊഴിലാളിയുടെ ജീവിതമാണ് അദ്ദേഹം നയിച്ചതും. ഞങ്ങൾ വിദ്യാർത്ഥികളായിരുന്നപ്പോൾ ഗ്രാമങ്ങളിൽപ്പോലും സ്റ്റാലിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമായിരുന്നു. എല്ലാ ഭവനങ്ങളിലും ആദരവോടെ മുഴങ്ങിക്കേട്ട രണ്ടുപേരുകളാണ് സുഭാഷ് ചന്ദ്രബോസും സ്റ്റാലിനും.
മാർക്‌സിസം നീണാൾ വാഴട്ടെ, ഇങ്ക്വിലാബ് സിന്ദാബാദ്, തൊഴിലാളിവർഗ്ഗ സാർവ്വദേശീയത നീണാൾ വാഴട്ടെ, എന്നീ മുദ്രാവാക്യങ്ങൾ തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് ഭഗത് സിംഗ് മുഴക്കിയ കാര്യം നിങ്ങൾക്ക് അറിയാമല്ലോ. അദ്ദേഹം മാർക്‌സിസത്തിൽ ആകൃഷ്ടനായി. ഇന്ത്യയുടെ ഭാവി പരിപാടി കമ്മ്യൂണിസം നടപ്പിലാക്കുക എന്നതാണെന്ന് ബാരിൻ ഘോഷ് എന്ന വിപ്ലവകാരിക്ക് അയച്ച കത്തിൽ സുഭാഷ് ചന്ദ്രബോസ് സൂചിപ്പിക്കുന്നു. സോവിയറ്റ് യൂണിയനും സ്റ്റാലിനെപ്പോലെ മഹാനായ ഒരു നേതാവും സൃഷ്ടിച്ച ഉജ്ജ്വല നേട്ടങ്ങൾ കണ്ടിട്ടാണ് ഇവർക്കെല്ലാം കമ്മ്യൂണിസത്തോട് ആഭിമുഖ്യം ഉണ്ടായത്. സ്റ്റാലിനുനേരെ ബൂർഷ്വാസി അഴിച്ചു വിടുന്ന ആക്രമണങ്ങൾ യഥാർത്ഥത്തിൽ മാർക്‌സിസം ലെനിനിസത്തിനും തൊഴിലാളിവർഗ്ഗ വിപ്ലവത്തിനും സാമൂഹ്യപുരോഗതിക്കും നേരെയുള്ള ആക്രമണങ്ങളാണ്. ഇതിന്റെയെല്ലാം ജീവത്തായ പ്രതീകമായി സ്റ്റാലിൻ ഇന്നും നിലകൊള്ളുന്നു എന്നതാണ് കാരണം. വ്യാജപ്രചാരണങ്ങൾക്ക് കുറച്ചുകാലത്തേയ്ക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകും, പക്ഷേ എക്കാലത്തേയ്ക്കും ആവില്ല. റഷ്യയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും സ്റ്റാലിനോടുള്ള ആദരവ് അർഹമായ രീതിയിൽ വീണ്ടും പ്രകടമായിത്തുടങ്ങിയിരിക്കുന്നു എന്നതാണ് റിപ്പോർട്ടുകളിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.

മനുഷ്യൻ മനുഷ്യനുമേൽ  നടത്തുന്ന ചൂഷണത്തിന് അന്ത്യം കുറിക്കുകയാണ് സോഷ്യലിസത്തിന്റെ ലക്ഷ്യം

റഷ്യൻ മണ്ണിൽ മാർക്‌സിസം ശരിയായ രീതിയിലും സർഗ്ഗാത്മകമായും പ്രയോഗിച്ചുകൊണ്ട് മാനവചരിത്രത്തിൽ സോവിയറ്റ് സോഷ്യലിസം മഹത്തായ ഒരു അദ്ധ്യായം എഴുതിച്ചേർത്തു. പ്രതിവിപ്ലവത്തിന്റെ ഫലമായി ആ സോഷ്യലിസ്റ്റ് വ്യവസ്ഥ തകർന്നു എന്നത് ശരിതന്നെ. അതിൽ നമുക്കെല്ലാം വേദനയുണ്ട്. പക്ഷേ നിരാശയില്ല. ചരിത്ര പാഠങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വസ്തുത ഞാൻ ചൂണ്ടിക്കാണിക്കാം. ഒരു പുതിയ ആശയം അഥവാ പ്രസ്ഥാനം അന്തിമ വിജയം നേടുന്നത് ജയപരാജയങ്ങളിലൂടെ കടന്നുപോയിട്ടായിരിക്കും. മതപ്രസ്ഥാനങ്ങൾ അവകാശപ്പെടുന്നത് അവരുടെ ശക്തിസ്രോതസ്സ് ദൈവകൃപയാണ് എന്നത്രേ. എന്നാൽ ഒരു മതവും ഒറ്റയടിക്ക് വിജയം നേടിയിട്ടില്ല. ക്രിസ്തുമതത്തിനും ഇസ്ലാം മതത്തിനും ബുദ്ധമതത്തിനുംവരെ ഇത് ബാധകമാണ്. ബുദ്ധൻ ദൈവവിശ്വാസി ആയിരുന്നില്ല. അദ്ദേഹം ഒരു ജീവിത ദർശനം പ്രചരിപ്പിക്കുക മാത്രമാണ് ചെയ്തത്. ബുദ്ധ ദർശനവും ഹിന്ദുമതത്തിലെ വേദാന്ത ദർശനവും മറ്റ് മതങ്ങളുടെ ആശയങ്ങളും ഒക്കെ ജയപരാജയങ്ങളുടെ നൂറ്റാണ്ടുകൾ താണ്ടിയാണ് ജനങ്ങളുടെ അംഗീകാരം നേടിയത്.

പാർലമെന്ററി ജനാധിപത്യം അഥവാ ബൂർഷ്വാ ഡെമോക്രസിയുടെ കാര്യവും ഇതുപോലെതന്നെയാണ്. പതിനഞ്ചാം നൂറ്റാണ്ടിൽത്തന്നെ നവോത്ഥാനം ആരംഭിച്ചെങ്കിലും പാർലമെന്ററി ജനാധിപത്യം വേരുറച്ചത് പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായാണ്. മുന്നൂറ് മുന്നൂറ്റിയമ്പത് വർഷങ്ങൾ വേണ്ടിവന്നു അതിന് അന്തിമ വിജയം നേടാൻ. നവോത്ഥാനത്തിന് ശേഷം പാർലമെന്ററി ജനാധിപത്യം നിലവിൽ വരികയും ചിലപ്പോൾ രാജവാഴ്ച വീണ്ടും സ്ഥാപിതമാകുകയും ചെയ്തു. വീണ്ടും പാർലമെന്ററി സമ്പ്രദായം തിരിച്ചുവന്നു. ഇംഗ്ലണ്ടിന്റെയും ഫ്രാൻസിന്റെയുമൊക്കെ ചരിത്രം പരിശോധിച്ചാൽ പാർലമെന്ററി ജനാധിപത്യത്തിന്റെ ഈ അവസ്ഥാന്തരങ്ങൾ കാണാൻ കഴിയും.
മതമുന്നേറ്റങ്ങൾ അടിച്ചമർത്തലിന് അന്ത്യം കുറിക്കാനുള്ള പ്രസ്ഥാനങ്ങളായിരുന്നില്ല. ഒരു രൂപത്തിലുള്ള അടിച്ചമർത്തലിന്റെ സ്ഥാനത്ത് മറ്റൊരു രൂപത്തിലുള്ള അടിച്ചമർത്തൽ സ്ഥാപിതമായി. അടിമത്ത വ്യവസ്ഥയെ നീക്കം ചെയ്തുകൊണ്ട് ജന്മിത്തവാഴ്ച സ്ഥാപിതമായി. അതിനെ കടപുഴക്കിക്കൊണ്ടാണ് ബൂർഷ്വാ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ നിലവിൽവന്നത്. അതാകട്ടെ മുതലാളിത്ത ചൂഷണത്തിൽ അധിഷ്ഠിതമായിരുന്നു. ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന, മനുഷ്യൻ മനുഷ്യനുമേൽ നടത്തുന്ന ഈ ചൂഷണം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാനാണ് സോഷ്യലിസം ലക്ഷ്യം വയ്ക്കുന്നത്. അതായത്, ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന മർദ്ദക’ഭരണത്തിന് അന്ത്യം കുറിക്കാനുള്ള പോരാട്ടമാണ് സോഷ്യലിസത്തിന്റേത് എന്നർത്ഥം. ആയിരക്കണക്കിന് വർഷങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ സോവിയറ്റ് യൂണിയൻ നിലനിന്ന 70 വർഷം ഒന്നുമല്ല. ഇത് നമ്മൾ മനസ്സിലാക്കിയിരിക്കണം.

എല്ലാ മാർക്‌സിസ്റ്റ് ആചാര്യൻമാരും  പ്രതിവിപ്ലവത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ മഹാന്മാരായ ആചാര്യൻമാരുടെയും മാർഗ്ഗദർശികളുടെയും അമൂല്യങ്ങളായ ചില പാഠങ്ങളെക്കുറിച്ചുകൂടി ഇവിടെ ചർച്ചചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. സോഷ്യലിസത്തെ കമ്മ്യൂണിസത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ അവതരിപ്പിച്ചുകൊണ്ട് മഹാനായ മാർക്‌സ് ഇപ്രകാരം പറഞ്ഞു:”സ്വന്തം അടിത്തറയിൽനിന്ന് വികസിച്ചുവന്ന ഒന്ന് എന്ന നിലയിലല്ല നമ്മൾ കമ്മ്യൂണിസ്റ്റ് സമൂഹത്തെ അഭിമുഖീകരിക്കുന്നത്. അത് മുതലാളിത്ത സമൂഹത്തിൽനിന്നാണ് ഉയർന്നുവന്നിട്ടുള്ളത്. പഴയ സമൂഹത്തിന്റെ ഗർഭപാത്രത്തിൽനിന്ന് ജന്മമെടുക്കുന്നതുകൊണ്ടുതന്നെ ജന്മനാ ആ സമൂഹത്തിന്റെ അടയാളങ്ങളും അതിനുണ്ടാകും. സാമ്പത്തിക, ധാർമ്മിക, ബൗദ്ധിക മണ്ഡലങ്ങളിലൊക്കെ ആ സ്വാധീനം നിലനിൽക്കും”(ക്രിട്ടിക ഓഫ് ദ ഗോഥാ പ്രോഗ്രാം). അതായത് സോഷ്യലിസത്തിൽ മുതലാളിത്തത്തിന്റെ സാമ്പത്തിക, ധാർമ്മിക, ബൗദ്ധിക സ്വാധീനം തുടരുമെന്നാണ് മാർക്‌സ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. കൂടുതൽ ഉയർന്ന ഘട്ടമായ കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ വ്യക്തി, തൊഴിൽ വിഭജനത്തോട് വിധേയത്വത്തിൽ കഴിയേണ്ടിവരുന്ന സ്ഥിതിയും, ശാരീരികവും മാനസികവുമായ അദ്ധ്വാനം തമ്മിലുള്ള വൈരുദ്ധ്യവും അപ്രത്യക്ഷമാകുകയും വ്യക്തിയുടെ സർവ്വതോമുഖമായ വികാസത്തിന് ഉപകരിക്കുംവിധം ഉൽപ്പാദന ശക്തികൾ വളർച്ച നേടുകയും, കൂട്ടായ അദ്ധ്വാനത്തിലൂടെ വമ്പിച്ച അളവിൽ സമ്പത്ത് സൃഷ്ടിക്കപ്പെടുകയും ചെയ്യും. അതോടെ മാത്രമാണ് ബൂർഷ്വാ അവകാശങ്ങളുടെ ഇടുങ്ങിയ ചക്രവാളം ഭേദിച്ച് സമൂഹം മുന്നേറുകയും ‘ഓരോരുത്തരിൽനിന്നും അവരുടെ കഴിവനുസരിച്ച്, ഓരോർരുത്തർക്കും അവരുടെ ആവശ്യമനുസരിച്ച്’ എന്ന മുദ്രാവാക്യം ആ സമൂഹത്തിന്റെ മുഖമുദ്രയായി മാറുകയും ചെയ്യുക എന്നും മാർക്‌സ് വിശദീകരിക്കുന്നു(മേൽപ്പറഞ്ഞ കൃതി). അതായത് മേൽപ്പറഞ്ഞ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകാത്തിടത്തോളം സോഷ്യലിസ്റ്റ് സമൂഹത്തിൽ ബൂർഷ്വാ അവകാശബോധം തുടരും എന്നർത്ഥം. ഇതായിരുന്നു മാർക്‌സ് നൽകിയ മുന്നറിയിപ്പ്. മാർക്‌സ് വീണ്ടും പറയുന്നു. ”മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനുമിടയിൽ ഒന്ന് മറ്റൊന്നായി പരിവർത്തനം ചെയ്യപ്പെടുന്ന വിപ്ലവാത്മകമായ ഒരു കാലഘട്ടം ഉണ്ടായിരിക്കും”(അതേ കൃതി). മാർക്‌സ് അതിനെ തൊഴിലാളിവർഗ്ഗത്തിന്റെ വിപ്ലവാത്മക സ്വേച്ഛാധിപത്യം എന്നാണ് വിളിച്ചത്. അതായത് സോഷ്യലിസ്റ്റ് ഘട്ടത്തിൽ ശരിയായ വിപ്ലവപാത പിന്തുടരുകയാണെങ്കിൽ കമ്മ്യൂണിസത്തിൽ എത്തിച്ചേരുമെന്നും വിപ്ലവപാതയിൽനിന്ന് വ്യതിചലിച്ചാൽ മുതലാളിത്തം പുന:സ്ഥാപിക്കപ്പെടുമെന്നുമാണ് ഇവിടെ മാർക്‌സ് മുന്നറിയിപ്പ് തരുന്നത്.
വിപ്ലവത്തിനുശേഷം ലെനിൻ 1919ൽ ഇതേക്കുറിച്ച് മുന്നറിയിപ്പ് തരുന്നുണ്ട്. അദ്ദേഹം പറയുന്നു:”മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനുമിടയിൽ കൃത്യമായ ഒരു പരിവർത്തനഘട്ടമുണ്ടെന്നും ഈ രണ്ട് സമൂഹത്തിന്റെയും സ്വഭാവസവിശേഷതകൾ അത് ഉൾക്കൊള്ളുന്നുവെന്നുമുള്ള കാര്യത്തിൽ സൈദ്ധാന്തികമായ യാതൊരു അവ്യക്തതയും ഇല്ല. മരിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്തവും നവജാത കമ്മ്യൂണിസവും തമ്മിലുള്ള സമരത്തിന്റെ ഘട്ടമാണിത്. മറ്റൊരു തരത്തിൽപറഞ്ഞാൽ, പരാജിതമായ, എന്നാൽ നശിപ്പിക്കപ്പെട്ടിട്ടില്ലാത്ത മുതലാളിത്തവും ജന്മമെടുത്തെങ്കിലും ദുർബ്ബലാവസ്ഥയിലുള്ള കമ്മ്യൂണിസവും തമ്മിലുള്ള സമരം…തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിൻ കീഴിൽ വർഗ്ഗങ്ങൾ നിലനിൽക്കുന്നു. അത് നിലനിൽക്കുകതന്നെ ചെയ്യും എന്നും ഓർക്കണം”(ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്‌സ് ഇൻ ദി ഇറ ഓഫ് ഡിക്‌ടേറ്റർഷിപ്പ് ഓഫ് ദി പ്രോലിറ്റേറിയറ്റ്). അദ്ദേഹം തുടരുന്നു:”ചൂഷകർ അടിച്ചമർത്തപ്പെട്ടിട്ടുണ്ട്. എന്നാൽ നശിപ്പിക്കപ്പെട്ടിട്ടില്ല. അവരുകൂടെ പങ്കാളിയായ അന്തർദ്ദേശീയ മൂലധനത്തിന്റെ രൂപത്തിൽ അവരുടെ സാർവ്വദേശീയ അടിത്തറ നിലനിൽക്കുന്നുണ്ട്. ചില ഉൽപ്പാദന ഉപാധികൾ ഇപ്പോഴും അവരുടെ കൈവശമുണ്ട്. അവർക്ക് പണവും വിപുലമായ സാമൂഹ്യ ബന്ധങ്ങളും ഉണ്ട്. പരാജിതരാണ് എന്നതുകൊണ്ടുതന്നെ അവരുടെ ചെറുത്തുനിൽപ്പിന് നൂറുമടങ്ങ്, ആയിരംമടങ്ങ് ഉശിരുണ്ടാകും. ഭരണകൂടത്തിലും സൈന്യത്തിലും സാമ്പത്തിക നടത്തിപ്പിലുമൊക്കെയുള്ള അവരുടെ ‘കാര്യശേഷി’ അവർക്ക് മുൻതൂക്കം, നല്ല മേധാവിത്വം തന്നെ നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ജനസംഖ്യയിലെ ശതമാനക്കണക്കിനോട് താരതമ്യം ചെയ്യാനാകാത്തത്ര വമ്പിച്ച പ്രാധാന്യം അവർക്കുണ്ട്. വിജയം വരിച്ച ചൂഷിതരുടെ പടയോട്, അതായത് തൊഴിലാളിവർഗ്ഗത്തോട് തൂത്തെറിയപ്പെട്ട ഈ ചൂഷകവർഗ്ഗം നടത്തുന്ന പോരാട്ടം താരതമ്യം ചെയ്യാൻപറ്റാത്തത്ര കടുത്തതായിരിക്കുന്നു”(മേൽപ്പറഞ്ഞ കൃതി). 1920ൽ അദ്ദേഹം വീണ്ടും പറയുന്നു:”ഒരു രാജ്യത്ത് മാത്രമാണെങ്കിൽപ്പോലും അധികാരഭ്രഷ്ടമാക്കപ്പെടുന്നതോടെ ബൂർഷ്വാസിയുടെ ചെറുത്തുനിൽപ്പ് പതിന്മടങ്ങ് ശക്തമാകുന്നു. അന്തർദേശീയ മൂലധനത്തിലും ബന്ധങ്ങളിലും മാത്രമല്ല അവരുടെ ശക്തി കുടികൊള്ളുന്നത്. മനുഷ്യനിൽ രൂഢമൂലമായ സ്വഭാവവിശേഷങ്ങളിലും ചെറുകിട മൂലധനത്തിന്റെ കരുത്തിലുംകൂടെയാണ്…തൊഴിലാളിവർഗ്ഗ സ്വേഛാധിപത്യം എന്നത് പഴയ സമൂഹത്തിന്റെ സമ്മർദ്ദശക്തികൾക്കും പാരമ്പര്യങ്ങൾക്കും എതിരായ നിരന്തര സമരമാണ്. അത് രക്തരൂക്ഷിതമോ രക്തം ചിന്താത്തതോ ആകാം, അക്രമാസക്തമോ സമാധാനപരമോ ആകാം. സൈനിക, സാമ്പത്തിക, ഭരണ, വിദ്യാഭ്യാസ മേഖലകളിലൊക്കെ അത് ശക്തമായി നടക്കുന്നു. ആഴത്തിൽ വേരോടിയ സ്വഭാവ സവിശേഷതകൾ കോടിക്കണക്കിന് ആളുകളിലാകുമ്പോൾ അത് ഒരു മാരകശക്തിയായിത്തീരുന്നു”(ഇടതുപക്ഷ കമ്മ്യൂണിസം, ഒരു ബാലാരിഷ്ടത). മനുഷ്യനിൽ ഉറച്ചപോയ ശീലങ്ങളും പരമ്പരാഗത വിശ്വാസങ്ങളും ഫ്യൂഡൽ, പെറ്റിബൂർഷ്വാ, ബൂർഷ്വാ മനോഭാവങ്ങളും സംസ്‌കാരങ്ങളും സ്വഭാവവുമൊക്കെ ബൂർഷ്വാ വർഗ്ഗത്തിന് മുതൽക്കൂട്ടാവുകയും അത് ഒരു മാരകശക്തിയായിത്തീരുകയും ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യംതന്നെയാണ്. ഇതാണ് ലെനിൻ ചൂണ്ടിക്കാണിക്കുന്നത്.
ചൂഷിത ജനതയിൽ നല്ല മാർക്‌സിസ്റ്റ് ധാരണ ഉണ്ടാക്കിയെടുക്കുന്നില്ലെങ്കിൽ, ചൂഷണത്തിൽനിന്ന് മോചനം നേടാനുളള ത്വരയിൽ അവർ വിപ്ലവത്തിന്റെ ഭാഗത്ത് അണിനിരക്കുമെങ്കിലും മേൽപ്പറഞ്ഞ വിഷലിപ്തമായ ചിന്താഗതികളെല്ലാം അവരിൽ സ്വാധീനം ചെലുത്തുമെന്ന കാര്യം ഓർക്കണം. അപകടകരമായ ഈ ചിന്താഗതികൾക്കെതിരെ നേതൃത്വം ജാഗരൂകമാകുകയും തീവ്രമായ പ്രത്യയശാസ്ത്ര- സാംസ്‌കാരിക സമരം കെട്ടഴിച്ചുവിടുകയും വേണം. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽതന്നെ നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും നിലവാരത്തിന്റെ കാര്യത്തിൽ അന്തരമുണ്ടാകും. സമരത്തിൽ പിന്നിൽ നിൽക്കുന്നവരിൽ ദുഷിച്ച ചിന്താഗതികൾ ഗൂഢമായി പ്രവർത്തിച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ഈ ബൂർഷ്വാ ഫ്യൂഡൽ ചിന്താഗതികളും സംസ്‌കാരവുമൊക്കെ തുടച്ചുനീക്കുന്നതിനായുള്ള ബോധപൂർവ്വമായ സമരം നടത്തേണ്ടത് അനിവാര്യമാണ്. അതുകൊണ്ടാണ് സിപിഎസ്‌യുവിന്റെ 17-ാം കോൺഗ്രസ്സിൽ ”സോഷ്യലിസം പുരോഗമിക്കുംതോറും വർഗ്ഗസമരം രൂക്ഷമായിക്കൊണ്ടിരിക്കും” എന്ന് സ്റ്റാലിൻ പറഞ്ഞത്. പ്രത്യയശാസ്ത്ര സമരത്തിന് പല നേതാക്കളും പ്രവർത്തകരും വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് ആശങ്കയോടെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. രണ്ടാം ലോകയുദ്ധാനന്തരം ലോകംമുഴുവൻ സ്റ്റാലിനെ പ്രശംസിച്ചു. സോഷ്യലിസത്തിൽ ജനങ്ങൾ ഏറെ സന്തുഷ്ടരായിരുന്നു. യുദ്ധത്തിൽ തകർന്നുപോയ സോവിയറ്റ് സമ്പദ്ഘടന ശക്തമായി പുന:സംഘടിപ്പിക്കപ്പെട്ടു. എന്നാൽ, തന്റെ നിര്യാണത്തിന് തൊട്ടുമുമ്പ് നടന്ന, സിപിഎസ്‌യുവിന്റെ 19-ാം കോൺഗ്രസ്സിൽ സ്റ്റാലിൻ പല ആശങ്കകളും ഉയർത്തുന്നുണ്ട്. വലിയ പ്രതിസന്ധിഘട്ടങ്ങളെ അഭിമുഖീകരിച്ചപ്പോഴൊന്നും അദ്ദേഹം ഇത്രത്തോളം ആശങ്കാകുലനായിരുന്നില്ല. സ്റ്റാലിൻ പറയുന്നു:”…യുദ്ധത്തിൽ ഉണ്ടായ വിജയവും യുദ്ധാനന്തരം സമ്പദ്ഘടന കൈവരിച്ച വൻനേട്ടങ്ങളും നമ്മുടെ പാർട്ടി അണികളിൽ ഒരുതരം ആത്മസംതൃപ്തി വളർത്തിയിട്ടുണ്ട്… എല്ലാം നേടി എന്നൊരു വിചാരം, ഇനി ഒന്നും നേടാനില്ല എന്ന ഭാവം പല ഉത്തരവാദപ്പെട്ട പ്രവർത്തകരിലും കാണുന്നു. നമ്മുക്ക് എന്തുംപ്രാപ്യമാണ് എന്നാണ് അവർ കരുതുന്നത്…എല്ലാം ഭംഗിയായി നടക്കുന്നതുകൊണ്ട് സ്വന്തം കാര്യത്തിൽ അവർക്ക് പേടിക്കാൻ ഒന്നുമില്ല…മീറ്റിംഗുകളും സമ്മേളനങ്ങളുമൊക്കെ വീമ്പുപറയാനുള്ള വേദികളായി മാറിക്കൊണ്ടിരിക്കുന്നു…സ്വയം പുകഴ്ത്താനും പലരും മടിക്കുന്നില്ല… ഉദ്യോഗസ്ഥ മേധാവിത്വമനോഭാവത്തിന്റെയും അധപതനത്തിന്റെയും ദുർലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു…നമ്മുടെ ചില ഭാരവാഹികളിൽ ബന്ധുത്വം, സൗഹൃദം, സ്വന്തസ്ഥലം തുടങ്ങിയ പരിഗണനകൾ കടന്നുകൂടിയിരിക്കുന്നു… യഥാർത്ഥസ്ഥിതി മറച്ചുവയ്ക്കുന്ന രീതി, നേട്ടങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിക്കുന്ന രീതി തുടങ്ങി പാർട്ടിയുടെയും ഭരണസംവിധനത്തിന്റെയും അച്ചടക്കം ഏറ്റവും അപകടകരമാംവിധവും ഏറെ വൃത്തികെട്ട രീതിയിലും ലംഘിക്കുന്ന സ്ഥിതിവരെ കാര്യങ്ങൾ എത്തിയിട്ടുണ്ട്”(സിപിഎസ്‌യു 19-ാം കോൺഗ്രസ് റിപ്പോർട്ട്). വളരെ ആശങ്കയോടെ അദ്ദേഹം ഇതുകൂടെ പറഞ്ഞു:”ബൂർഷ്വാ പ്രത്യയശാസ്ത്രത്തിന്റെയും സ്വകാര്യസ്വത്തുടമാ മനോഭാവത്തിന്റെയും ധാർമ്മികതയുടെയുമൊക്കെ അവശേഷിപ്പുകൾ ഇപ്പോഴും നമ്മിലുണ്ട്. ഇത് സ്വമേധയാ ഒഴിഞ്ഞുപോകില്ല. അത് പിടിമുറുക്കിക്കൊണ്ടിരിക്കും. പഴയ സമൂഹത്തിൽനിന്ന് നമ്മളിലേയ്ക്ക് പകർന്നുകിട്ടിയ മുതലാളിത്ത മനോഭാവങ്ങളും മുൻവിധികളും ദുഷിച്ച പാരമ്പര്യങ്ങളുമൊക്കെ മനസ്സിൽനിന്ന് പറിച്ചെറിയുന്നതിൽപാർട്ടിയുടെ പ്രത്യശാസ്ത്ര പ്രവർത്തനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്”(മേൽപ്പറഞ്ഞ കൃതി). 1919-20 കാലയളവിൽ ലെനിൻ മുന്നറിയിപ്പ് നൽകിയ ദുഷിച്ച ശീലങ്ങളും സമ്പ്രദായങ്ങളുമൊക്കെ സോഷ്യലിസം ഏറെ അഭിവൃദ്ധി പ്രാപിച്ചിട്ടും മാരകമാംവിധം തുടർന്നു എന്ന വസ്തുതയാണ് നമ്മൾ ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്. ഇത് മനസ്സിലാക്കിയിട്ടാണ് വൈകിയാണെങ്കിലും 1952ൽ സ്റ്റാലിൻ പ്രത്യയശാസ്ത്ര സമരം തീവ്രമാക്കാൻ ആഹ്വാനം ചെയുന്നത്. പഴയസമൂഹത്തിൽനിന്ന് ആർജ്ജിച്ച ശീലങ്ങളും സമ്പ്രദായങ്ങളും ഉടമസ്ഥതാ മനോഭാവവുമൊന്നും അത്ര എളുപ്പത്തിൽ ഒഴിഞ്ഞുപോകില്ല എന്ന വസ്തുത നമ്മളും മനസ്സിലാക്കിയിരിക്കണം. പുരുഷാധിപത്യ സമൂഹത്തിന്റെ ആഗമനവും അടിമത്ത സമ്പ്രദായവും ജാതി വിഭജനവും മറ്റും വളരെ കാലപ്പഴക്കമുള്ളതാണ്. ഇന്നും അത്തരം ചിന്താഗതികൾ നിലനിൽക്കുന്നു. അതുപോലെതന്നെ അടിമത്ത സമൂഹത്തിൽ ഉടലെടുത്തതും ജന്മിത്തത്തിലും മുതലാളിത്തത്തിലും ശക്തിയാർജ്ജിച്ചതുമായ സ്വത്തുടമസ്ഥതാ മനോഭാവവും ഇന്നും ശകതമായി തുടരുന്നുണ്ട്.
ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന ചിന്താഗതികളും മനോഭാവങ്ങളുമൊക്കെ തുടച്ചുനീക്കുക എന്നത് അത്ര എളുപ്പമല്ല. ശരിയായ മാർക്‌സിസ്റ്റ് വീക്ഷണം പിന്തുടർന്നുകൊണ്ട് പ്രത്യയശാസ്ത്ര, സാംസ്‌കാരിക മേഖലകളിൽ വർഗ്ഗസമരം തീവ്രമാക്കിയാൽ ശ്രമകരമായ ഈ കർത്തവ്യം പൂർത്തീകരിക്കാനാകും. സ്റ്റാലിൻ പറയുന്നു: ”പ്രത്യയശാസ്ത്ര പ്രവർത്തനങ്ങളിലെ മാർഗനിർദ്ദേശത്തിന്റെ അപര്യാപ്തതയും അതിന്റെ ഉള്ളടക്കത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താത്തതുംമൂലം പുസ്തകങ്ങൾ, വർത്തമാന പത്രങ്ങൾ, മാസികകൾ എന്നിവയിലും ശാസ്ത്രംഗത്തും മറ്റ് പ്രത്യയശാസ്ത്ര പ്രവർത്തനരംഗങ്ങളിലുമൊക്കെ ഗുരുതരമായ തെറ്റുകളും വളച്ചൊടിക്കലുകളുമൊക്കെ കാണുന്നുണ്ട്…പാർട്ടിഘടകങ്ങളുടെ നിയന്ത്രണത്തിൽനിന്ന് ഏതെങ്കിലും കാരണത്താൽ അന്യമായി നിൽക്കുന്ന, പാർട്ടി നേതൃത്വത്തിന്റെ സ്വാധീനം വേണ്ടത്രയില്ലാത്ത പ്രത്യയശാസ്ത്ര പ്രവർത്തന മേഖലകളിൽ പാർട്ടിക്ക് പുറത്തുള്ളവരും അമർച്ച ചെയ്യപ്പെട്ട ലെനിനിസ്റ്റ് വിരുദ്ധ ഗ്രൂപ്പുകളുമൊക്കെ പിടിമുറുക്കുകയും അവരുടെ ആശയഗതികളും മാർക്‌സിസ്റ്റേതരമായ അഭിപ്രായങ്ങളും സങ്കൽപ്പങ്ങളുമൊക്കെ പ്രചരിപ്പിക്കാൻ അവയെ ഉപയോഗപ്പെടുത്തുകയും ചെയ്യും. … ചില പാർട്ടി ഘടകങ്ങളാകട്ടെ മുഴുവൻ ശ്രദ്ധയും സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രീകരിക്കുകയും പ്രത്യയശാസ്ത്ര വിഷയങ്ങൾ വിസ്മരിക്കുകയും ചെയ്യുന്നു”(മേൽപ്പറഞ്ഞ കൃതി). വീണ്ടും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു: ”മാർക്‌സിസ്റ്റേതരമായ കാഴ്ചപ്പാടുകളും ആശയങ്ങളും മനോഭാവങ്ങളുമൊക്കെ പുറമേനിന്ന് പാർട്ടിക്കുള്ളിലേയ്ക്ക് കയറിപ്പറ്റില്ല എന്ന് ഉറപ്പുപറയാനാകില്ല. മുതലാളിത്ത രാജ്യങ്ങളിൽനിന്നും, പൂർണ്ണമായി അമർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത സോവിയറ്റ് വിരുദ്ധ ഗ്രൂപ്പുകളുടെ അവശേഷിപ്പുകളിൽനിന്നുമൊക്കെ ഇതു സംഭവിക്കാം”(മേൽപ്പറഞ്ഞകൃതി). സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്ര സ്വാധീനം ദുർബ്ബലമായാൽ ബൂർഷ്വാ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം വർദ്ധിക്കുമെന്ന കാര്യം നാം ഓർക്കണം. കടുത്ത ആശങ്കയോടെ അദ്ദേഹം വീണ്ടും ഓർമിപ്പിക്കുന്നു:”പ്രത്യശാസ്ത്ര പ്രവർത്തനം പാർട്ടിയുടെ പ്രാഥമിക കടമയാണ്. അതിന്റെ പ്രാധാന്യം കുറച്ചു കാണുന്നത് പാർട്ടിയുടെയും ഭരണകൂടത്തിന്റെയും താൽപ്പര്യത്തിന് അപരിഹാര്യമായ ഹാനി വരുത്തിവയ്ക്കും”(മേൽപ്പറഞ്ഞ കൃതി).
സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയതുപോലെതന്നെ സംഭവിച്ചു. സോവിയറ്റ് ഭരണകൂടത്തിനെതിരെ പുറമേനിന്നും അകമേനിന്നും ആക്രമണമുണ്ടായി. സ്വകാര്യസ്വത്തുടമാ മനോഭാവം, പഴഞ്ചൻ ധാർമ്മികബോധം, പഴയ ബൂർഷ്വാ പരിഷ്‌ക്കരണവാദ ആശയങ്ങൾ, ലെനിനിസ്റ്റ് വിരുദ്ധ ഗ്രൂപ്പുകളുടെ ഗൂഢനീക്കങ്ങൾ, എല്ലാത്തിനുമുപരി ബൂർഷ്വാ പ്രത്യയശാസ്ത്രം എന്നിവയൊക്ക ശക്തിപ്പെടുന്നതിൽ സ്റ്റാലിൻ അതീവ ആശങ്കാകുലനായിരുന്നു. പാർട്ടിക്കും ഭരണകൂടത്തിനും അപരിഹാര്യമായ ഹാനിവരുത്തിവയ്ക്കും എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയെങ്കിൽ, ബൂർഷ്വാ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനവും പ്രത്യയശാസ്ത്ര സമരത്തിലുണ്ടായ അലംഭാവവും എത്രത്തോളം ഉണ്ടായിരുന്നു എന്ന് ഊഹിക്കാമല്ലോ. ആഭ്യന്തരരംഗത്തെ സോഷ്യലിസ്റ്റ് വിരുദ്ധ ശക്തികൾ വിദേശ സാമ്രാജ്യത്വ ശക്തികളുമായി കൈകോർത്താൽ സോഷ്യലിസത്തെത്തന്നെ അപകടപ്പെടുത്തിയേക്കാം എന്ന് അദ്ദേഹം ആശങ്കപ്പെട്ടു. അതിനാൽ, ഈ പ്രതിസന്ധികളൊക്കെ ചൂണ്ടിക്കാണിച്ചുകൊണ്ട് മറ്റൊരു മഹത്തായ പോരാട്ടത്തിന് പാർട്ടിയെ തയ്യാറെടുപ്പിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ അധികം വൈകാതെ സ്റ്റാലിൻ അന്തരിച്ചു. അതിനാൽ ഈ സമരം മുന്നോട്ടുകൊണ്ടുപോകാനായില്ല. ക്രൂഷ്‌ചേവ് പാർട്ടിയുടെയും ഭരണകൂടത്തിന്റെയും നിയന്ത്രണം കൈയടക്കുന്നത് ഈ സോഷ്യലിസ്റ്റ് വിരുദ്ധ ശക്തികളുടെ പ്രതിനിധി എന്ന നിലയിലായിരുന്നു എന്ന് വ്യക്തമാണ്. സ്റ്റാലിൻ നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നത് ഇത്തരമൊരു അപകടത്തെക്കുറിച്ചാണ്. അധികാരത്തിലെത്തിയതോടെ ക്രൂഷ്‌ചേവ് തിരുത്തൽവാദ പ്രക്രിയ ശക്തമാക്കി. ഇത് മുതലാളിത്ത പുനഃസ്ഥാപനത്തിന് മുന്നോടിയായിരുന്നു. സ്റ്റാലിനെതിരെ അപവാദപ്രചാരണം അഴിച്ചുവിട്ടുകൊണ്ട് ലെനിനും സ്റ്റാലിനും പിന്തുടർന്ന പാത ഉപേക്ഷിച്ചു. സഖാവ് ശിബ്ദാസ് ഘോഷിന്റെ അഭിപ്രായത്തിൽ ”തിരുത്തൽവാദത്തിന്റെ മലവെള്ളപ്പാച്ചിൽ തുറന്നുവിട്ടു”. ഇതിന്റെയെല്ലാം ഫലമായി സോഷ്യലിസ്റ്റ് വ്യവസ്ഥ ജീർണ്ണിക്കുകയും ബൂർഷ്വാ പ്രതിവിപ്ലവത്തിന് പാതയൊരുക്കപ്പെടുകയും ചെയ്തു. സഖാവ് ശിബ്ദാസ് ഘോഷ് ചൂണ്ടിക്കാണിക്കുന്നു:”…തിരുത്തൽവാദം, ഉദാരതാവാദം തുടങ്ങിയ തലതിരിഞ്ഞതും പിന്തിരിപ്പനുമായ ബൂർഷ്വാ പ്രതിവിപ്ലവ ആശയങ്ങൾ പാർട്ടിയിലേയ്ക്ക് പടരാൻ വഴിയൊരുക്കുകയാണ് തിരുത്തൽവാദി സോവിയറ്റ് നേതൃത്വം ചെയ്തത്”(സോവിയറ്റ് മിലിട്ടറി ഇന്റർവെൻഷൻ ഇൻ ചെക്കോസ്ലോവാക്യ ആന്റ് റിവിഷനിസം). സ്റ്റാലിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ പിന്നിലെ യഥാർത്ഥ ലക്ഷ്യം തുറന്നുകാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:”മാർക്‌സ്, എംഗൽസ്, ലെനിൻ എന്നീ മുൻഗാമികളെപ്പോലെ സ്റ്റാലിനും ഒരു മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് പ്രാമാണികനായിരുന്നു. സ്റ്റാലിനെ തമസ്‌കരിച്ചാൽ അദ്ദേഹത്തിന്റെ പ്രാമാണികത തിരസ്‌കരിക്കപ്പെടും. അതോടെ ഈ കാലഘട്ടത്തിലെ മാർക്‌സിസമായ ലെനിനിസത്തെ സംബന്ധിച്ച സ്റ്റാലിന്റെ വ്യാഖ്യാനവും തിരസ്‌കരിക്കപ്പെടും. അങ്ങനെ വരുമ്പോൾ എല്ലാ പ്രതിവിപ്ലവആശയങ്ങളും മാർക്‌സിസം ലെനിനിസം എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുകയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയ്ക്ക് ആഘാതം ഏൽക്കുകയും ചെയ്യും”(സ്റ്റാലിനെതിരെ സിപിഎസ്‌യു കൈക്കൊണ്ട നടപടികളെപ്പറ്റി).

സ്റ്റാലിന്റെ ആധികാരികത തകർക്കാതെ തങ്ങളുടെ ഗൂഢനീക്കം വിജയിക്കില്ലെന്ന് അതീവ കൗശലക്കാരായ ക്രൂഷ്‌ചേവിനും കൂട്ടർക്കും അറിയാമായിരുന്നു. കാരണം, സോവിയറ്റ് ജനതയെ സംബന്ധിച്ചിടത്തോളം സോഷ്യലിസം, വിപ്ലവം, മാർക്‌സിസം-ലെനിനിസം എന്നിവയുടെ പര്യായമായിരുന്നു സ്റ്റാലിൻ എന്ന നാമധേയം. അവർ അദ്ദേഹത്തെ അത്രയേറെ വിശ്വസിച്ചു, ആദരിച്ചു. എന്നാൽ അതിന് ഉന്നതമായ പ്രത്യയശാസ്ത്ര നിലവാരത്തിന്റെ അടിത്തറ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ക്രൂഷ്‌ചേവിന് മാർക്‌സിസം ലെനിനിസത്തിന്റെ മുദ്രാവാക്യങ്ങൾ ഉരുവിട്ടുകൊണ്ടുതന്നെ സ്റ്റാലിനെതിരെ ഏകപക്ഷീയമായി അപവാദ പ്രചാരണങ്ങൾ നടത്താനും ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും കഴിഞ്ഞത്. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മെമ്പർമാരുടെയും കേഡർമാരുടെയും അതോടൊപ്പം ജനസാമാന്യത്തിന്റെയും പ്രത്യയശാസ്ത്ര നിലവാരം ഇടിഞ്ഞാൽ എന്ത് അപകടമാണ് സംഭവിക്കുക എന്ന് സോവിയറ്റ് യൂണിയന്റെ ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ട് സഖാവ് ശിബ്ദാസ് ഘോഷ് ഇങ്ങനെ വിശദമാക്കി:”വിജ്ഞാന ശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും മേഖലകളിൽ പിന്നാക്കാവസ്ഥ തുടർന്നാൽ, പാർട്ടിയൊന്നാകെയും തൊഴിലാളിവർഗ്ഗവും വഴിതെറ്റിക്കപ്പെട്ട് തിരുത്തൽവാദ പാത പിന്തുടരുകയും മാർക്‌സിസം ലെനിനിസത്തിന്റെ ചെമ്പതാക ഉയർത്തിപ്പിടിച്ചുകൊണ്ടും സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങൾ ഉരുവിട്ടുംകൊണ്ടുതന്നെ മുതലാളിത്തപുന:സ്ഥാപനം നടത്തുകയും ചെയ്‌തേക്കാം”(ചൈനയിലെ സാംസ്‌കാരിക വിപ്ലവം).
ഇവിടെ ഒരു കാര്യം ഓർക്കുന്നത് നന്നായിരിക്കും. ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനം യശസ്സിന്റെ കൊടുമുടിയിൽനിന്ന 1948ൽ തന്നെ സഖാവ് ശിബ്ദാസ് ഘോഷ് ഇപ്രകാരം മുന്നറിയിപ്പ് നൽകിയിരുന്നു:”വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രായോഗിക പ്രവർത്തനങ്ങൾക്ക് അമിതമായ ഊന്നൽ നൽകുകയും അതിനെ പ്രത്യയശാസ്ത്ര വിഷയങ്ങളുമായി വിളക്കിച്ചേർക്കാൻ താൽപര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുകയാണ്…ആശയകൈമാറ്റത്തിലൂടെ വിപ്ലവകമ്മ്യൂണിസ്റ്റ് നേതൃത്വം ഉരുത്തിരിഞ്ഞുവരുന്ന വൈരുദ്ധ്യാത്മക പ്രക്രിയ ചരിത്രാനുഭവങ്ങളിലൂടെ സ്ഥാപിച്ചെടുത്ത മാർക്‌സിയൻ ശാസ്ത്രത്തിന്റെതന്നെ നിരാകരണത്തിലേയ്ക്ക് ഫലത്തിൽ ഇത് നയിക്കുകയാണ്”(കമ്മ്യൂണിസ്റ്റ് ക്യാമ്പിന്റെ സ്വയം വിമർശനം). ഏതാനും നാളുകൾക്ക് ശേഷം മറ്റൊരു പരിമിതികൂടി അദ്ദേഹം ഇപ്രകാരം ചൂണ്ടിക്കാണിച്ചു:”വൈവിധ്യമാർന്ന ജീവിത പ്രശ്‌നങ്ങളുടെയും വർഗ്ഗ സമരമുന്നേറ്റത്തിന്റെയും ലെനിനനന്തരകാലഘട്ടത്തിൽ ശാസ്ത്രരംഗത്തുണ്ടായ പ്രകടമായ പുരോഗതിയുടെയും പശ്ചാത്തലത്തിൽ മാർക്‌സിസം ലെനിനിസത്തിന് തത്വചിന്താമേഖലയിൽ ഉണ്ടാകേണ്ടിയിരുന്ന വികാസം സംഭവിച്ചിട്ടില്ല”(സ്റ്റാലിനെതിരെ സിപിഎസ്‌യു കൈക്കൊണ്ട നടപടികളെപ്പറ്റി). സിപിഎസ്‌യുവിന്റെ 19-ാം കോൺഗ്രസ്സ് റിപ്പോർട്ടിൽ ഈ പരിമിതി സ്റ്റാലിനും അംഗീകരിക്കുന്നുണ്ട്.

ലെനിന്റെ നിര്യാണത്തിനുശേഷം സ്റ്റാലിൻ തന്റെ സമയം മുഴുവൻ വിനിയോഗിച്ചത് പാർട്ടിക്കുള്ളിൽ രൂപപ്പെട്ടുവന്ന ഗുരുതരമായ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാനും സോഷ്യലിസ്റ്റ് നിർമ്മാണത്തിന്റെ വേഗത്തിലുള്ള വികാസം ഉറപ്പാക്കാനും രണ്ടാം ലോകയുദ്ധത്തിന് മുമ്പുതന്നെ പ്രതിവിപ്ലവശക്തികളെ അമർച്ച ചെയ്യാനും രണ്ടാം ലോകയുദ്ധത്തിലെ ഫാസിസ്റ്റ് അച്ചുതണ്ട് ശക്തികൾക്കെതിരെയുള്ള ജീവൻമരണ പോരാട്ടം ശക്തിപ്പെടുത്തുവാനുമാണ്. അതിനാൽ മാർക്‌സിസം ലെനിനിസത്തിന്റെ തത്വചിന്താപരമായ ധാരണകൾ വികസിപ്പിക്കുന്ന മേഖലയിൽ ശ്രദ്ധ ഊന്നാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാൽ, മരണത്തിന് തൊട്ടുമുമ്പ് ഈ കർത്തവ്യം അദ്ദേഹം ഏറ്റെടുക്കുകയും സോഷ്യലിസ്റ്റ് സമ്പദ്ഘടനയെയും ഭാഷാശാസ്ത്രത്തെയും സംബന്ധിച്ച രണ്ട് അമൂല്യകൃതികൾ രചിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നുള്ള നിര്യാണംമൂലം മറ്റ് മേഖലകളിൽ സമാനമായ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിയാതെ പോയി.

ഉയർന്ന കമ്മ്യൂണിസ്റ്റ്  സ്വഭാവത്തിന് സഖാവ്  ശിബ്ദാസ്‌ഘോഷ് പുതിയ  നിർവ്വചനം നൽകി

രണ്ട് സുപ്രധാന വിഷയങ്ങളിലേയ്ക്ക്കൂടി സഖാവ് ശിബ്ദാസ് ഘോഷ് ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. ഒന്നാമതായി അദ്ദേഹം ഇപ്രകാരം ചൂണ്ടിക്കാണിക്കുന്നു:” റഷ്യയിലും അതുപോലെ ചൈനയിലും ജനസംഖ്യയുടെ വലുപ്പംവച്ച് നോക്കുമ്പോൾ, വളരെ കുറച്ചുപേർ മാത്രമാണ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് ചിന്താഗതി ഉൾക്കൊണ്ടവർ. മാർക്‌സിസം ലെനിനിസത്തെക്കുറിച്ച് അൽപ്പം ധാരണയൊക്കെ നേടിയ പലരുടെ ജീവിതത്തിലും ഈ പ്രത്യയശാസ്ത്രം ചെലുത്തിയ സ്വാധീനം ഉപരിപ്ലവമായിരുന്നു.
മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പ്രയോഗപദ്ധതിയുടെയും വീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന പാർട്ടി പ്രവർത്തകരിലും ബൂർഷ്വാ പ്രത്യയശാസ്ത്രം സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളും ആധുനിക തിരുത്തൽവാദത്തിന്റെ സ്വാധീനവും ഉണ്ടായിരുന്നു”(ചൈനയിലെ സാംസ്‌കാരിക വിപ്ലവം). രണ്ടാമതായി അദ്ദേഹം ഇപ്രകാരം പറഞ്ഞു:”ചൈനീസ് വിപ്ലവം തൊഴിലാളിവർഗ്ഗത്തിന്റെ നേതൃത്വത്തിൽ നടന്ന സാമ്രാജ്യത്വ വിരുദ്ധ, ജന്മിത്ത വിരുദ്ധ ജനകീയ ജനാധിപത്യ വിപ്ലവം ആയിരുന്നു. ദേശീയ ബൂർഷ്വാസി ഈ വിപ്ലവത്തിന്റെ സഖ്യ ശക്തി ആയിരുന്നു. റഷ്യയിൽ ബൂർഷ്വാ ജനാധിപത്യ വിപ്ലവം നടക്കുന്ന സമയത്ത് കുറെക്കാലത്തേയ്ക്ക് ബൂർഷ്വാസി വിപ്ലവത്തോടൊപ്പം നിലകൊള്ളുകയും കമ്മ്യൂണിസ്റ്റുകളുമായി സഖ്യത്തിൽ ഏർപ്പെടുകയുംചെയ്തിരുന്നു. പിന്നീട് അധികാരത്തിലെത്തിയ ബൂർഷ്വാസി ബൂർഷ്വാ വർഗ്ഗഭരണത്തിന് സ്ഥിരത നൽകുന്നതിന് മുമ്പുതന്നെ തൊഴിലാളി വർഗ്ഗം ബൂർഷ്വാസിയെ പുറന്തള്ളി സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു.

ബൂർഷ്വാ ജനാധിപത്യ വിപ്ലവത്തിന്റെ അവശേഷിച്ച കടമകൾ പിന്നീട് തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വത്തിലാണ് പൂർത്തീകരിക്കപ്പെട്ടത്. ഇക്കാരണത്താൽത്തന്നെ അന്ന് വ്യക്തിവാദത്തിന് താരതമ്യേന പുരോഗമനപരമായ ഒരു പങ്കുണ്ടായിരുന്നു”(സയൻസ് ഓഫ് മാർക്‌സിസം ഈസ് ദി സയന്റിഫിക് ഡയലക്ടിക്കൽ മെത്തഡോളജി). വിപ്ലവസമയത്തും അതിനുശേഷം കുറെക്കാലത്തേയ്ക്കും വ്യക്തിവാദത്തിന് താരതമ്യേന പുരോഗമനപരമായ പങ്കുണ്ടായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
എന്നാൽ ഇതിനൊക്കെ ശേഷവും ബൂർഷ്വാ വ്യക്തിവാദത്തിന്റെ സ്വാധീനം നിലനിൽക്കുന്നു എന്ന് കണ്ടപ്പോൾ അദ്ദേഹം ഇപ്രകാരം നിരീക്ഷിച്ചു:”സോഷ്യലിസ്റ്റ് സമൂഹത്തിൽ സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഏറെ സന്തുലിതാവസ്ഥ കൈവരിച്ചതോടെ, വ്യക്തിത്വം, വ്യക്തിസ്വാതന്ത്ര്യം, വ്യക്തിയുടെ മോചനം എന്നിവയെ സംബന്ധിച്ചൊക്കെയുള്ള ധാരണയെ വ്യക്തിഗതമായ വിശേഷാവകാശങ്ങളിലേയ്ക്കും വഷളൻ വ്യക്തിവാദത്തിലേയ്ക്കും ചുരുക്കാനുള്ള പ്രവണത ശക്തമാണ്. സോഷ്യലിസ്റ്റ് സമൂഹത്തിൽ പ്രത്യക്ഷപ്പടുന്ന ഈ പുതിയതരം വ്യക്തിവാദത്തെ ‘സോഷ്യലിസ്റ്റ് വ്യക്തിവാദം’ എന്നാണ് ഞാൻ വിശേഷിപ്പിച്ചിട്ടുള്ളത്”(ചൈനയിലെ സാംസ്‌കാരിക വിപ്ലവം). തുടർന്ന് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു:” വ്യക്തി താൽപര്യത്തെ നിരുപാധികമായും സന്തോഷപൂർവ്വവും സാമൂഹ്യതാൽപര്യത്തിനുമുന്നിൽ അടിയറവയ്ക്കുന്ന, വിപ്ലവത്തെയും പാർട്ടിയെയും ജീവിതത്തിൽ മറ്റെല്ലാറ്റിനുമുപരിയായി പ്രതിഷ്ഠിക്കുന്നവരെയാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകളായി ഇതേവരെ പരിഗണിച്ചുപോന്നത്. കലിനിൻ രചിച്ച ‘കമ്മ്യൂണിസ്റ്റ് എഡ്യൂക്കേഷൻ’ എന്ന കൃതിയിലും കമ്മ്യൂണിസ്റ്റ് ബോധത്തിന്റെ ഏറ്റവും ഉയർന്ന നിലവാരമായി ഇതുതന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ വർത്തമാനകാല ജീവിതത്തിന്റെ സങ്കീർണ്ണതകൾ പരിഗണിക്കുമ്പോൾ നേതൃനിരയിലുള്ള കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഈ നിലവാരം പര്യാപ്തമാണെന്ന് പറഞ്ഞുകൂടാ. സോഷ്യലിസ്റ്റ് സമൂഹത്തിൽ വിമോചനത്തിനായുള്ള വ്യക്തിയുടെ സമരം സങ്കീർണ്ണമായ പുതിയൊരു തലത്തിലെത്തുകയും ഒരു പുതിയ സ്വഭാവം കൈവരിക്കുകയും ചെയ്തിരിക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കണമെങ്കിൽ കൂടുതൽ തീവ്രവും കഠിനതരവുമായ ഒരു സമരം നടത്തേണ്ടതുണ്ട്. അചഞ്ചലമായ അർപ്പണബോധത്തോടെയും നിരന്തര ജാഗ്രതയോടെയും വ്യക്തിതാൽപര്യത്തെ സാമൂഹ്യതാൽപര്യവുമായി താദാത്മ്യപ്പെടുത്താനുള്ള സമരമാണത്. തൊഴിലാളികളെയും കർഷകരെയുമൊക്കെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേയ്ക്ക് ആകർഷിക്കാൻ ഇന്നേവരെ ശ്രമിച്ചിരുന്നത് ബൂർഷ്വാമാനവവാദമൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ ഈ സമരം പുതിയൊരു ധാർമ്മിക നിലവാരവും മാനുഷികമൂല്യങ്ങളും അടിസ്ഥാനമാക്കി നടത്തേണ്ടതാണ്. അത് ബൂർഷ്വാ മാനവവാദ മൂല്യങ്ങളിൽനിന്ന് അടിസ്ഥാനപരമായും പൂർണ്ണമായും വ്യത്യസ്തവും അതിനെക്കാൾ ഉയർന്ന തലത്തിലുള്ളതുമാണ്(അതേകൃതി). സഖാവ് ഘോഷ് നല്കിയ മറ്റൊരു മുന്നറിയിപ്പ് കൂടി ചൂണ്ടിക്കാണിക്കാം. അദ്ദേഹം പറഞ്ഞു:”വ്യക്തിതാൽപ്പര്യവും സാമൂഹ്യതാൽപ്പര്യവും തമ്മിലുള്ള വൈരുദ്ധ്യം സ്വഭാവത്തിൽ പ്രതിയോഗിതമാണ്. ഈ ശത്രുതാപരമായ വൈരുദ്ധ്യത്തിന്റെ പ്രതിഫലനമെന്നോണം ഭരണകൂടം നിലനിൽക്കുവോളം സോഷ്യലിസത്തിലാണെങ്കിൽപോലും വ്യക്തി സാമൂഹ്യ താൽപര്യത്തിന് കീഴ്‌വഴങ്ങേണ്ടതുണ്ട്. അതുപോലെതന്നെ ഭരണകൂടത്തിന്റെ മർദ്ദക സ്വഭാവത്തിനെതിരായ എതിർപ്പിന്റെ പ്രവണത വ്യക്തിയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകുയം തൽഫലമായി സാമൂഹ്യലക്ഷ്യത്തെ അത് നിരന്തരം അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. സാമൂഹ്യപ്രശ്‌നങ്ങളോടുള്ള വ്യത്യസ്ത മനോഭാവങ്ങൾ വളർന്നുവന്നുകൊണ്ടിരിക്കുകയും ചെയ്യും. ഇതിന്റെ ഫലമായി കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വിശുദ്ധിയുടെയും കമ്മ്യൂണിസ്റ്റ് സമർപ്പണത്തിന്റെ കരുത്തിന്റെയും ആകർഷണം കുറയുകയും ചെയ്യും.

ഇത് ഉദാരവൽക്കരണ പ്രവണതയിലേയ്ക്ക് നയിച്ചേക്കാം. അതായത് കൂടുതൽ വ്യക്തിസ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കുംവേണ്ടിയുള്ള ആവശ്യം ഉയർന്നുകൊണ്ടിരിക്കും. ഈ പ്രകിയ തുടർന്നാൽ അത് തിരുത്തൽവാദത്തിന് ജന്മം നൽകുകയും മുതലാളിത്ത പുന:സ്ഥാപനത്തിന് കാരണമാകുകയും ചെയ്യും”(മേൽപ്പറഞ്ഞകൃതി).
സോവിയറ്റ് യൂണിയനിൽ തിരുത്തൽവാദം തലപൊക്കാനുണ്ടായ കാരണങ്ങളെ സംബന്ധിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു:”അവിടെ കൂട്ടുകൃഷിക്കളങ്ങളുണ്ട്. ചെറുകിട ഉൽപ്പാദനവും ചരക്കുകളുടെ ചംക്രമണവും സ്വകാര്യസമ്പത്ത് എന്ന നിലയിൽ വീടുകൾ, പണം, ബാങ്കുനിക്ഷേപം എന്നിവയുമുണ്ട്. അതായത് മൂല്യനിയമം അവിടെ പ്രാവർത്തികമാണ് എന്നർത്ഥം. ഇതെല്ലാം കാണിക്കുന്നത് സ്വകാര്യസ്വത്തിന്റെ വിത്തുകൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടിട്ടില്ല എന്നുതന്നെയാണ്. ഈ വിത്തുകൾ അവശേഷിക്കുവോളം സമ്പദ്ഘടനയിൽ മുതലാളിത്ത പുന:സ്ഥാപന പ്രവണതയും നിലനിൽക്കും. എന്നാൽ സോഷ്യലിസം കൂടുതൽ വിജയങ്ങൾ നേടുകയും കൂടുതൽ ദൃഢീകരിക്കപ്പെടുകയും ചെയ്യുന്നതിലൂടെ ഉപരിഘടനയിൽ, അതായത് പ്രത്യയശാസ്ത്ര സാംസ്‌കാരിക മേഖലകളിൽ വർഗ്ഗ സമരം കൂടുതൽ തീവ്രവും രൂക്ഷവും സങ്കീർണ്ണവും ആകുന്നതോടെ ഈ പ്രവണതയുടെ ശക്തി കുറയുകയും സാമ്പത്തിക രംഗത്ത് അത് കൂടുതൽ ഒറ്റപ്പെടുകയും ആക്രമണത്തിനും ചെറുത്തുനിൽപ്പിനും പ്രതിവിപ്ലവം സംഘടിപ്പിക്കാനുമുള്ള അതിന്റെ കരുത്ത് ക്ഷയിക്കുകയും ചെയ്യും. മുതലാളിത്ത പുനഃസ്ഥാപന പ്രവണത തടയാൻ പാർട്ടിക്കുള്ളിൽ നിരന്തരം പ്രത്യയശാസ്ത്ര സമരവും സാംസ്‌കാരിക വിപ്ലവവും നടത്തിക്കൊണ്ട് ഉയർന്നതും പര്യാപ്തവുമായ പ്രത്യയശാസ്ത്ര ബോധനിലവാരം നിലനിർത്തേണ്ടതുണ്ട്. അതോടൊപ്പംതന്നെ സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളിൽ മാത്രമല്ല സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് മനുഷ്യജീവിതത്തിൽ പ്രത്യക്ഷപ്പെടുന്ന പുതിയ പുതിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ പാകത്തിൽ മാർക്‌സിസത്തെ സമസ്ത മേഖലകളിലും നിരന്തരം വികസിപ്പിക്കുകയും സമ്പുഷ്ടമാക്കുകയും കൂടി ചെയ്യേണ്ടതുണ്ട്”(സോവിയറ്റ് മിലിട്ടറി ഇന്റർവെൻഷൻ ഇൻ ചെക്കോസ്ലോവാക്യ ആന്റ് റിവിഷനിസം).
അടിമത്തത്തിലും ജന്മിത്തത്തിലും മുതലാളിത്തത്തിലും ഒരുപിടി ആളുകൾ വൻതോതിൽ സ്വത്ത് സമ്പാദിക്കുകയും ബഹുഭൂരിപക്ഷം ആളുകളും അത് നിഷേധിക്കപ്പെട്ട് അടിച്ചമർത്തലിന് ഇരയായിക്കൊണ്ടിരിക്കുകയുമായിരുന്നു എന്ന ഒരു ചിന്ത ജനങ്ങളുടെ മനസ്സിൽ വളർന്നു വന്നിട്ടുണ്ട്. അതുപോലെതന്നെ ബുദ്ധിയും കഴിവുമുള്ള കുറച്ചാളുകൾക്കേ അറിവ് സമ്പാദിക്കാനാകൂ എന്നും ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾ കായികാദ്ധ്വാനം നടത്തിയാൽ മതിയെന്നും അറിവ് നേടാൻ ശ്രമിക്കേണ്ടതില്ലെന്നുമുള്ള ഒരു പ്രമാണവും പ്രചാരത്തിലുണ്ട്. എല്ലാവരും ബുദ്ധിയുള്ളവരായിരിക്കില്ല എന്നതാണ് ന്യായം. കമ്മ്യൂണിസ്റ്റ് ആചാര്യൻമാരുടെ പോരാട്ടം സാമ്പത്തിക ചൂഷണത്തിൽനിന്നുള്ള വിമോചനത്തിനുവേണ്ടി മാത്രമായിരുന്നില്ല, എല്ലാവർക്കും അറിവുനേടാൻ സാഹചര്യമൊരുക്കുന്നതിനുവേണ്ടിക്കൂടിയായിരുന്നു. പ്രശ്‌നമെന്തെന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ വിപ്ലവത്തിനുവേണ്ടി എത്ര കഷ്ടപ്പാടും സഹിക്കുവാനും എത്ര ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുവാനും എന്തിന് മരണംവരിക്കാൻ പോലും തയ്യാറാകും. എന്നാൽ ആയിരക്കണക്കിന് വർഷങ്ങളായി പകർന്നുകിട്ടിയ അന്ധവിശ്വാസപരമല്ലെങ്കിൽപ്പോലും പരമ്പരാഗതമായി ആർജ്ജിച്ച മനോഭാവംമൂലം ഇവർക്ക് അറിവുനേടുന്നതിൽ വലിയ താൽപ്പര്യമില്ല. ഇക്കാര്യത്തിൽ ഒരു നിസ്സംഗതയാണ്. അതുകൊണ്ടാണ് സ്റ്റാലിൻ ഇങ്ങനെ പറഞ്ഞത്:”പ്രത്യയശാസ്ത്രപ്രവർത്തനം പാർട്ടിയുടെ പ്രാഥമിക ചുമതലയാണ്. അതിന്റെ പ്രാധാന്യം കുറച്ചുകാണുന്നത് പാർട്ടിക്കും ഭരണകൂടത്തിനും അപരിഹാര്യമായ ഹാനി വരുത്തിവയ്ക്കും”(19-ാം കോൺഗ്രസ് റിപ്പോർട്ട്). പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കുമൊക്കെ അദ്ദേഹത്തോട് അളവറ്റ ആദരവ് ഉണ്ടായിരുന്നുവെങ്കിലും ഇക്കാര്യം ചെവിക്കൊള്ളാൻ അവർ തയ്യാറായില്ല. എത്ര വലിയ അപകടമാണ് അത് വരുത്തിവച്ചത്. നമ്മൾ ഇതിൽനിന്ന് പാഠം പഠിക്കേണ്ടതുണ്ട്.
ചൈനയിൽ പ്രതിവിപ്ലവത്തെ തുരത്താനായി സാംസ്‌കാരിക വിപ്ലവത്തിന് ആഹ്വാനം ചെയ്യവേ മാവോ സെതുങ്ങ് പറഞ്ഞു:”ബൂർഷ്വാസി സ്ഥാനഭ്രഷ്ടമാക്കപ്പെട്ടെങ്കിലും ചൂഷകവർഗ്ഗങ്ങളുടെ പഴഞ്ചൻ ആശയങ്ങൾ, സംസ്‌കാരം, ആചാരങ്ങൾ, ശീലങ്ങൾ ഇവയൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട് ജനങ്ങളെ ദുഷിപ്പിക്കാനും അവരുടെ മനസ്സിൽ സ്വാധീനം ഉറപ്പിക്കാനും ഒരു തിരിച്ചുവരവിന് കളമൊരുക്കാനും അത് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. ഇതിന് നേർവിപരീതമായ പ്രവർത്തനം തൊഴിലാളിവർഗ്ഗം നടത്തണം. പ്രത്യശാസ്ത്രമേഖലയിൽ ബൂർഷ്വാസി ഉയർത്തുന്ന എല്ലാ വെല്ലുവിളികളെയും അത് നേരിടണം. സമൂഹത്തിന്റെയാകെ മനോഭാവങ്ങളെയും വീക്ഷണത്തെയും പരിവർത്തനപ്പെടുത്താനായി തൊഴിലാളിവർഗത്തിന്റെ നൂതനമായ ആശയങ്ങളെയും സംസ്‌കാരത്തെയും രീതികളെയും ശീലങ്ങളെയുമൊക്കെ അവർ ഉപയോഗപ്പെടുത്തണം. ഇപ്പോൾ നമ്മുടെ മുന്നിലുള്ള കർത്തവ്യം അധികാരസ്ഥാനങ്ങളിലിരുന്നുകൊണ്ട് മുതലാളിത്ത പാത അവലംബിക്കുന്ന വ്യക്തികളെ എതിർക്കുകയും അവരെ നീക്കം ചെയ്യുകയുമാണ്”(സാംസ്‌കാരിക വിപ്ലവം സംബന്ധിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കൈക്കൊണ്ട തീരുമാനം).
കമ്മ്യൂണിസ്റ്റ് ആചാര്യന്മാരെല്ലാം ഒരു കാര്യം ഊന്നിപ്പറഞ്ഞുവെന്ന് സമർത്ഥിക്കാനാണ് ഞാൻ ഇതുവരെ ശ്രമിച്ചത്. തീവ്രമായ പ്രത്യയശാസ്ത്ര സമരത്തിലൂടെ വിപ്ലവ പ്രത്യയശാസ്ത്രത്താൽ ജനങ്ങളെ പ്രചോദിപ്പിക്കുക എന്നതാണത്. പ്രതിവിപ്ലവം തടയണമെങ്കിൽ സോഷ്യലിസം സ്ഥാപിതമായിക്കഴിഞ്ഞും അത് മുന്നേറുമ്പോഴും സമൂഹത്തിൽ അവശേഷിക്കുന്ന മുതലാളിവർഗ്ഗ ചിന്താഗതികളെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്. ഇത്തരം ചിന്താഗതികൾ അവശേഷിക്കുകയാണെങ്കിൽ പ്രതിവിപ്ലവം അനിവാര്യമായും സംഭവിക്കും എന്ന് ഇപ്പറഞ്ഞതിന് അർത്ഥമില്ല. പ്രതിവിപ്ലവത്തെ നേരിടാനായി പ്രത്യയശാസ്ത്ര- സാംസ്‌കാരിക നിലവാരം ഉയർത്തിക്കൊണ്ട് പാർട്ടിയും ജനങ്ങളും ശരിയായ ദിശയിൽ സമരം നടത്തുന്നോ എന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണത്. സമ്പദ്ഘടനയിലുള്ള ബൂർഷ്വാ ഘടകങ്ങളെ ഉന്മൂലനം ചെയ്തുകൊണ്ട് സോഷ്യലിസ്റ്റ് സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിനോടൊപ്പംതന്നെ ഉപരിഘടനയിൽ മുൻകാല സമൂഹങ്ങളിൽനിന്ന് ആർജ്ജിച്ചെടുത്ത ബൂർഷ്വാ ചിന്താഗതികൾ, ആശയങ്ങൾ, സ്വകാര്യസ്വത്തുടമാ മനോഭാവം, സംസ്‌കാരം, സ്വഭാവ വിശേഷങ്ങൾ, പാരമ്പര്യധാരണകൾ എന്നിവയൊക്കെ തുടച്ചുനീക്കുന്നതിനായി ശരിയായ ദിശയിൽ രൂക്ഷമായ പ്രത്യയശാസ്ത്ര സമരം നടത്തുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു അത്. അല്ലാത്തപക്ഷം ഉപരിഘടനയിൽ നടക്കുന്ന പ്രതിവിപ്ലവ ആക്രമണം ക്രമേണ സാമൂഹ്യ-സാമ്പത്തിക അടിത്തറയെക്കൂടി തകർത്തുകളയും. ഇതു സംബന്ധിച്ച ശരിയായ പാഠങ്ങൾ നമ്മൾ മാർക്‌സിസ്റ്റ് ആചാര്യന്മാരിൽനിന്ന് ഉൾക്കൊള്ളേണ്ടതുണ്ട്.

സോഷ്യലിസത്തിന്റെ തകർച്ച ലോകത്ത് നാശം വിതച്ചു

സോവിയറ്റ് സോഷ്യലിസം തകർച്ചയെ നേരിട്ടാൽ മാനവരാശിക്ക് എത്രത്തോളം ഹാനികരമാകുമെന്ന് റൊമെയ്ൻ റോളണ്ട് വളരെ മുമ്പുതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു:”അത്(സോവിയറ്റ് യൂണിയൻ) തകർന്നാൽ ലോകത്തെ തൊഴിലാളിവർഗ്ഗം അടിമകളാക്കപ്പെടുക മാത്രമല്ല, വ്യക്തിഗതവും സാമൂഹ്യവുമായ സ്വാതന്ത്ര്യമാകെ തകർക്കപ്പെടും….ലോകം പല നൂറ്റാണ്ടുകൾ പിന്നിലേയ്ക്ക് എടുത്തെറിയപ്പെടും”(ഐ വിൽ നോട്ട് റെസ്റ്റ്). അതുതന്നെയാണ് സംഭവിച്ചതും. ശക്തമായ സോഷ്യലിസ്റ്റ് ചേരി നിലനിന്നിരുന്നപ്പോൾ വിവിധരാജ്യങ്ങളിലെ വിപ്ലവ പ്രസ്ഥാനങ്ങളും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളും മാത്രമല്ല, യുദ്ധവിരുദ്ധ സമാധാനപ്രസ്ഥാനങ്ങളും പുരോഗമന ജനാധിപത്യ മുന്നേറ്റങ്ങളും കരുത്താർജ്ജിച്ചിരുന്നു. അന്ന് മൂല്യങ്ങൾ പോഷിപ്പിക്കപ്പെട്ടിരുന്നു. ഇന്ന് എല്ലാം തകരാറിലായിരിക്കുന്നു. ദേശീയ-ജാതീയ-വർഗ്ഗീയ-വംശീയ സ്പർദ്ധ, മതമൗലിക വാദം, മതഭീകരവാദം, സാമ്രാജ്യത്വ കൂട്ടക്കൊലകൾ, ജനാധിപത്യ ബോധത്തിന്റെയും മൂല്യങ്ങളുടെയും അഭാവം എന്നിവയൊക്കെക്കൂടി എല്ലാ രാജ്യങ്ങളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സോഷ്യലിസ്റ്റ് ചേരി നിവിലിരുന്നുവെങ്കിൽ അമേരിക്കൻ സാമ്രാജ്യത്വം ഇറാക്കിനെയും ലിബിയയെയും അഫ്ഗാനിസ്ഥാനെയും തകർക്കുകയോ സിറിയയ്ക്കുമേൽ ആക്രമണം നടത്തുകയോ ചെയ്യില്ലായിരുന്നു.
1956ൽ സൂയസ് കനാലിന്റെ നിയന്ത്രണത്തെച്ചൊല്ലി അമേരിക്കൻ പിന്തുണയോടെ ഇംഗ്ലണ്ടും ഫ്രാൻസും ഈജിപ്തിനുമേൽ ആക്രമണമഴിച്ചുവിട്ടു. എന്നാൽ സോവിയറ്റ് യൂണിയൻ അന്ത്യശാസനം നൽകിയ ഉടൻ അവർ പിൻവാങ്ങി. ആ സോഷ്യലിസം ഇന്ന് പ്രതിവിപ്ലവ സംഘത്താൽ തകർക്കപ്പെട്ടിരിക്കുന്നു എന്നത് ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ വേദനാകരമാണ്. എന്നാൽ നിരാശപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. മതപ്രസ്ഥാനങ്ങളും ബൂർഷ്വാ ജനാധിപത്യ വിപ്ലവവുമെല്ലാം ഒരു ചൂഷണവാഴ്ചയുടെ സ്ഥാനത്ത് മറ്റൊന്ന് പ്രതിഷ്ഠിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതിനുപോലും അവർക്ക് നൂറുകണക്കിന് വർഷങ്ങൾ വേണ്ടിവന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ ചൂഷണവാഴ്ച എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാനുള്ള പ്രസ്ഥാനത്തിന്റെ അന്തിമവിജയത്തിനുമുന്നിൽ 70വർഷക്കാലം എന്നത് തീരെ ചെറിയൊരു കാലയളവ് മാത്രമാണ്. അതിനാൽ സോഷ്യലിസം തകരാനുണ്ടായ കാരണങ്ങളെ സംബന്ധിച്ചും തൊഴിലാളിവർഗ വിപ്ലവം വിജയകരമായി പൂർത്തീകരിക്കുന്നത് സംബന്ധിച്ചും ശരിയായ പാഠങ്ങൾ നമ്മൾ ഉൾക്കൊള്ളേണ്ടതുണ്ട്. 1871ലെ പാരീസ് കമ്മ്യൂൺ വെറും മൂന്നുമാസക്കാലമേ നീണ്ടുനിന്നുള്ളൂ. അതിനുശേഷം ബൂർഷ്വാസി അത് തകർത്തുകളഞ്ഞു. ഈ അത്യാഹിതത്തിൽനിന്ന് ശരിയായ പാഠം ഉൾക്കൊണ്ട മാർക്‌സ് ബൂർഷ്വാ ഭരണകൂടത്തെ തകർക്കാതെ തൊഴിലാളിവർഗ വിപ്ലവം വിജയം വരിക്കില്ല എന്ന് നിരീക്ഷിച്ചു. ആ പാഠമാണ് ലെനിൻ പ്രവാർത്തികമാക്കിയത്. അതുപോലെ സോവിയറ്റ് സോഷ്യലിസത്തിന്റെ തകർച്ചയിൽനിന്ന് ശരിയായ പാഠം ഉൾക്കൊള്ളുന്ന കമ്മ്യൂണിസ്റ്റുകൾ സോഷ്യലിസത്തെ പ്രതിവിപ്ലവ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കുകയും മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യും. ഇനി സോഷ്യലിസം അടപകത്തിൽപ്പെടാൻ അവർ അനുവദിക്കില്ല. അപ്പോൾ ഇന്ന് നമ്മുടെ കർത്തവ്യമെന്താണ്? നമുക്കുമുന്നിൽ രണ്ട് മാർഗ്ഗങ്ങളുണ്ട്. ഒന്നുകിൽ സാമ്രാജ്യത്വ മുതലാളിത്ത വ്യവസ്ഥ തുടരാൻ അനുവദിക്കാം. തൊഴിലില്ലായ്മ, പിരിച്ചുവിടൽ, പട്ടിണിമരണം, ആത്മഹത്യകൾ, വേശ്യാവൃത്തി, ബലാത്സംഗം, കുഞ്ഞുങ്ങൾക്കും വൃദ്ധകൾക്കും മേലുള്ള ലൈംഗിക അതിക്രമം, മാനുഷിക ഗുണങ്ങളും മനുഷ്യസത്തയും നശിപ്പിക്കൽ, മൂല്യച്യുതി, മനഃസ്സാക്ഷി ഹത്യ തുടങ്ങിയവയൊക്കെ നിർബാധം തുടരട്ടെ എന്ന് കരുതാം. അല്ലെങ്കിൽ ഈവക വിപത്തുകളിൽനിന്നും അപഭ്രംശങ്ങളിൽനിന്നുമുള്ള മോചനത്തിനായി പ്രയത്‌നിക്കാം. ഈ വിമോചനം സാദ്ധ്യമാക്കാനുള്ള മാർഗ്ഗമെന്താണ്? ആ പാതയാണ് നവംബർ വിപ്ലവം വെട്ടിത്തെളിച്ചെടുത്തത്.

തകർച്ചയുടെ വക്കിൽനിന്ന്  നാഗരികതയെ രക്ഷിക്കുക

നാഗരികത ഇന്ന് തകർച്ചയുടെ വക്കിലാണ്. നിലനിൽക്കുന്ന മുതലാളിത്ത വ്യവസ്ഥ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന ഒരു മൃതശരീരമായിത്തീർന്നിരിക്കുന്നു. വൃദ്ധരായ മാതാപിതാക്കളെ കൊന്ന് മക്കൾ സ്വത്ത് തട്ടിയെടുക്കുന്നത്ര മനുഷ്യത്വഹീനമായിരിക്കുന്നു സമൂഹം. ഭർത്താവ് ഭാര്യയെ കൊല്ലുകയും വിൽക്കുകയും ചെയ്യുന്നു. ഇതാണ് മുതലാളിത്തത്തിന്റെ സംഭാവന. മനുഷ്യസഹജമായ വികാരങ്ങളോ മനുഷ്യപ്പറ്റോ മൂല്യങ്ങളോ സംസ്‌കാരമോ ഒന്നുമില്ല.
ബൂർഷ്വാ പാർട്ടികളെല്ലാം അധികാരത്തിനും ആനുകൂല്യങ്ങൾക്കും പിന്നാലെ പായുകയാണ്. കുത്തകകളെ സേവിക്കുക എന്ന ഒറ്റ ലക്ഷ്യമേ അവർക്കുള്ളൂ. ഈ കുത്തകകളുടെ പിൻബലത്തോടെ അധികാരത്തിലെത്തിക്കഴിഞ്ഞാൽ അവരും വളഞ്ഞ വഴികളിലൂടെ പണം സമ്പാദിക്കുന്നു. ഏതാനും നാളുകൾക്കുമുമ്പാണ് ‘പനാമ പേപ്പേഴ്‌സ് കുംഭകോണം’ വെളിച്ചത്താകുന്നത്. ‘പാരഡൈസ് പേപ്പേഴ്‌സ് കുംഭകോണവും’ പുറത്തുവന്നു. രണ്ടും വൻകള്ളപ്പണ ഇടപാടാണ്. 417 രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും വ്യവസായികളും മറ്റും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മറ്റു പല രാജ്യങ്ങളിലെയും പ്രമുഖർക്കും ഇതിൽ പങ്കുണ്ട്. ഒരു സ്വിസ്ബാങ്ക് ഇന്ത്യയിലെ 1000 കള്ളപ്പണക്കാരുടെ ലിസ്റ്റ് നൽകിയിട്ടുണ്ട്. എന്നിട്ട് ഗവൺമെന്റ് എന്തെങ്കിലും നടപടിയെടുത്തോ? ഒരിക്കലും നടപ്പിലാക്കാത്ത വാഗ്ദാനങ്ങൾ നൽകി മന്ത്രിമാരും മറ്റും ജനങ്ങളെ കബളിപ്പിക്കുകയാണ്. അഴിമതിയെക്കുറിച്ച് ഇവർ എത്ര കൂടുതൽ പറയുന്നോ അത്രയും അഴിമതിയും കൂടിക്കൊണ്ടിരിക്കുന്നു. അവരും അഴിമതിക്കാർ തന്നെ.
ഇത് തുടരാൻ അനുവദിക്കണോ? അപ്പോൾ നമ്മുടെ ഭാവിയെന്താണ്? നവംബർ വിപ്ലവ പാത പിന്തുടർന്ന് സോഷ്യലിസം സ്ഥാപിക്കുകമാത്രമേ പരിഹാരമുള്ളൂ. ചൂഷിതർ പലപ്പോഴും പ്രതിഷേധിക്കുന്നുണ്ട്. വാൾ സ്ട്രീറ്റ് പിടിച്ചെടുക്കൽ പോലുള്ള സമരങ്ങൾ ഉണ്ടാകുന്നു. ഇത് അമേരിക്കൻ ഭരണത്തെ ഞെട്ടിച്ച സമരമായിരുന്നു. ബ്രിട്ടൺ, ജർമ്മനി, ഇറ്റലി, ഫ്രാൻസ് പോലുള്ള യൂറോപ്യൻ രാജ്യങ്ങളിലൊക്കെ തൊഴിലാളി സമരങ്ങൾ വളർന്നുവരുന്നുണ്ട്. നമ്മുടെ രാജ്യത്തും വെടിവയ്പിനെപ്പോലും നേരിട്ടുകൊണ്ട് വിവിധ ജനവിഭാഗങ്ങൾ തെരുവിലിറങ്ങുന്നുണ്ട്. ഒരു മാറ്റത്തിനുവേണ്ടിയുള്ള മുറവിളി ഉയരുന്നു. എന്നാൽ മാറ്റമെങ്ങനെയുണ്ടാകും എന്നവർക്കറിയില്ല. മാർക്‌സിസം ലെനിനിസംശിബ്ദാസ് ഘോഷ് ചിന്ത മാത്രമാണ് വഴികാട്ടുന്നത്. നവംബർ വിപ്ലവം ആ വഴിയിൽ വെളിച്ചം വിതറുന്നു. വിപ്ലവമെന്ന ദൗത്യം ചരിത്രം നമ്മളെയാണ് ഏൽപ്പിച്ചിരിക്കുന്നത്. നമ്മൾ അതിനുവേണ്ടി എല്ലാ ശ്രമവും നടത്തുന്നു. നവംബർ വിപ്ലവാചരണം നമുക്ക് ഒരു ചടങ്ങല്ല. ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആചരണത്തിലൂടെ ആ സന്ദേശം നമ്മൾ രാജ്യമെമ്പാടും എത്തിച്ചു. ജനങ്ങൾ വളരെ പ്രചോദിതരായി. അവർ വലിയ പിന്തുണയും സഹകരണവും നൽകി. അത് നമ്മെയും ആവേശം കൊള്ളിച്ചു.
സാമ്രാജ്യത്വ-മുതലാളിത്തം മരണശയ്യയിലാണ് എന്ന കാര്യം ഞാൻ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. മാർക്‌സിസം-ലെനിനിസം-ശിബ്ദാസ് ഘോഷ് ചിന്തയാൽ സായുധരായാൽ ജനങ്ങൾ സംഘടിക്കും. ഉന്നതമായ ധാർമിക-സദാചാര ധാരണയുടെ അടിസ്ഥാനത്തിൽ ആദ്യം ജനകീയ സമരക്കമ്മിറ്റികളും പിന്നീട് വിപ്ലവകമ്മിറ്റികളും വാളന്റിയർ സേനയും രൂപീകരിക്കണം. ആദ്യം പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ മറ്റ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളുമായി ചേർന്ന് യോജിച്ച ജനാധിപത്യ പ്രക്ഷോഭം സംഘടിപ്പിക്കണം. സമരം മുന്നേറുന്നതനുസരിച്ച് ഇത്തരം പാർട്ടികളെ ഒറ്റപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെമേൽ യഥാർത്ഥവിപ്ലവനേതൃത്വം സ്ഥാപിച്ചെടുക്കണം. ഇന്ത്യയിൽ ഈ ഉത്തരവാദിത്തമാണ് നമുക്ക് നിറവേറ്റാനുള്ളത്. വർഗ്ഗ-ബഹുജന സമരങ്ങളും വർഗ്ഗ സംഘടനകളും കെട്ടിപ്പടുക്കണം.
ജനങ്ങൾക്ക് ബൂർഷ്വാ പാർലമെന്ററി സമ്പ്രദായം മടുക്കുന്നതുവരെ നമ്മൾ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും സീറ്റുകൾ നേടാൻ ശ്രമിക്കുകയും ചെയ്യണം. ജനസമരത്തിന്റെ ശബ്ദം നിയമനിർമ്മാണസഭകളിലെത്തിക്കുകയും അതോടൊപ്പം നീറുന്ന ജീവിതപ്രശ്‌നങ്ങളിന്മേൽ പാർലമെന്റേതര സമരങ്ങൾ വളർത്തിയെടുക്കുകയും വർഗ്ഗസമരം ശക്തിപ്പെടുത്തുകയുമെന്ന വിപ്ലവലക്ഷ്യമായിരിക്കണം ഇക്കാര്യത്തിൽ നമ്മെ നയിക്കേണ്ടത്. തെരഞ്ഞെടുപ്പുകൾവഴി വിപ്ലവം വരില്ല. ഇത് ലെനിന്റെ പാഠമാണ്. എന്നാൽ സിപിഐ(എം), സിപിഐ പാർട്ടികൾ ഈ ദിശയിലല്ല സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് 1967ലെ ആദ്യത്തെ ഐക്യമുന്നണി ഗവൺമെന്റിന്റെ കാലത്ത് ലെനിന്റെ ആ പാഠത്തെ മുൻനിർത്തി, നമ്മൾ ഇടുതുപക്ഷക്കാർ ബൂർഷ്വാരീതയിലല്ല, വർഗ്ഗ ബഹുജന സമരങ്ങൾ ശക്തിപ്പെടുത്താൻ വേണ്ടിയാകണം ഭരിക്കേണ്ടത് എന്ന് സഖാവ് ശിബ്ദാസ്‌ഘോഷ് പറഞ്ഞത്. ലെനിന്റെ കാലത്ത് ബൂർഷ്വാ ഗവൺമെന്റിൽ പങ്കെടുക്കാൻ ഇടതുപക്ഷക്കാർക്ക് അവസരം ലഭിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ ലെനിൻ ഇക്കാര്യത്തിൽ മാർഗ്ഗനിർദ്ദേശമൊന്നും നൽകിയിട്ടില്ല. ലെനിന്റെ പാഠം കൂടുതൽ വികസിപ്പിച്ചുകൊണ്ടാണ് സഖാവ് ശിബ്ദാസ്‌ഘോഷ് പറഞ്ഞത്, ഇടതുപക്ഷക്കാർ ഗവൺമെന്റ് രൂപീകരിക്കുകയാണെങ്കിലും വർഗ്ഗ-ബഹുജന സമരങ്ങൾ ശക്തിപ്പെടുത്താനായി ആ ഭരണത്തെ ഉപയോഗപ്പെടുത്തണമെന്ന്. ഇക്കാര്യത്തിൽ നമ്മളും സിപിഐ(എം)ഉം തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. 34 വർഷം അവർ ബൂർഷ്വാ കാഴ്ചപ്പാടിൽ ഭരണം നടത്തിക്കഴിഞ്ഞപ്പോൾ ഇടതു-ജനാധിപത്യ സമരങ്ങളുടെ കോട്ടയായിരുന്ന പശ്ചിമബംഗാളിന്റെ അവസ്ഥ എത്രത്തോളം അധഃപതിച്ചിരിക്കുന്നു എന്ന് കാണാവുന്നതേയുള്ളൂ. ഈ സമ്മേളനം ശ്രവിക്കുന്ന സിപിഐ(എം) നേതാക്കളും പ്രവർത്തകരും ഇക്കാര്യം മനസ്സിലാക്കണം.

നവംബർ വിപ്ലവത്തിന്റെ  കൊടിക്കൂറ നമ്മൾ അചഞ്ചലം ഉയർത്തിപ്പിടിക്കണം

ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ മുൻനിർത്തി നമ്മൾ ജനാധിപത്യ സമരങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരിക്കും. വർഗ്ഗ ബഹുജന സമരങ്ങളും സംഘടിപ്പിക്കും ഈ വിപ്ലവ ലക്ഷ്യം മുൻനിർത്തി തെരഞ്ഞെടുപ്പുകളിലും മത്സരിക്കും. ഏതെങ്കിലും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി തയ്യാറായാൽ അവരുമായി ചേർന്ന് സംയുക്ത സമരങ്ങളും സംഘടിപ്പിക്കും. തൊഴിലാളിവർഗ്ഗ സാർവ്വദേശീയതയുടെയും വിപ്ലവസാഹോദര്യത്തിന്റെയും കാഴ്ചപ്പാടുകൾക്കനുസരിച്ച് ബംഗ്ലാദേശിന്റെ വിപ്ലവമുന്നേറ്റത്തെ സഹായിക്കുകയും ചെയ്യും. വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളെയും പിന്തുണയ്ക്കും. എല്ലാ പാതകളും നവംബർ വിപ്ലവത്തിലേയ്ക്കുള്ളതാകട്ടെ. നവംബർ വിപ്ലവസന്ദേശം നാടെമ്പാടും പ്രചരിപ്പിക്കുക.

മാർക്‌സിസം-ലെനിനിസം ശിബ്ദാസ്‌ഘോഷ് ചിന്ത നീണാൾ വാഴട്ടെ.
തൊഴിലാളിവർഗ്ഗ സാർവ്വദേശീയത നീണാൾ വാഴട്ടെ.
ഇങ്ക്വിലാബ് സിന്ദാബാദ്.
എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) നീണാൾ വാഴട്ടെ,
ബംഗ്ലാദേശ് സമാജ്താന്ത്രിക് ദൾ(മാർക്‌സിസ്റ്റ്)ന് ലാൽസലാം.
മാർക്‌സ,് എംഗൽസ,് ലെനിൻ, സ്റ്റാലിൻ, മാവോ, ശിബ്ദാസ് ഘോഷ് ലാൽസലാം.

Share this