നിപ: ആരോഗ്യസംവിധാനത്തിന്റെ ദൗർബല്യങ്ങൾ അടിയന്തരമായി പരിഹരിക്കണം

Spread our news by sharing in social media

നിപ വൈറസും പകർച്ചപ്പനിയും കേരളത്തിലുയർത്തിയ ഭീഷണിയും ഭീതിയും ചെറുതല്ല. സുഘടിതം എന്ന് പുറമേയ്ക്ക് കാണപ്പെടുമെങ്കിലും കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ ദൗർബല്യങ്ങളെ ഒരിക്കൽകൂടി ഓർമ്മിപ്പിക്കുന്നതായി നിപ വൈറസ് ബാധയും തുടർന്നുണ്ടായ മരണങ്ങളും. ഓരോ വർഷവും കേരളത്തിൽ പുതിയ പുതിയ വൈറസുകളും പനികളും പ്രത്യക്ഷപ്പെടുകയാണ്. സാധുമനുഷ്യർ പിടഞ്ഞുമരിക്കുകയുമാണ്. എന്നാൽ ഇതൊന്നുംതന്നെ മതിയായ മുൻകരുതലുകളെടുക്കാനോ ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്താനോ വേണ്ട മുന്നറിയിപ്പായി സർക്കാർ കണക്കാക്കുന്നില്ല. ശാസ്ത്രവും സാങ്കേതികവിദ്യയും ഇത്രയേറെ വികസിച്ചിട്ടും കൊതുക് കടിമൂലം നൂറുകണക്കിനാളുകൾ മരിക്കുന്ന സ്ഥിതി ഇന്നും നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്നകാര്യം വിസ്മരിക്കരുത്.

എന്നാൽ സർക്കാർ സംവിധാനങ്ങൾ ഏറെ അപര്യപ്തമായിരുന്നിട്ടും ഡോക്ടർമാരും നഴ്‌സുമാരുമടങ്ങുന്ന ആരോഗ്യപ്രവർത്തകരുടെ ശൃംഖല ജീവൻ പണയപ്പെടുത്തി നടത്തിയ പ്രയത്‌നത്തിലൂടെയാണ് ഈ മാരകസാഹചര്യത്തെ കേരളം മറികടന്നത്. മെഡിക്കൽ കമ്മ്യൂണിറ്റി ഉയർത്തിപ്പിടിക്കേണ്ട ധാർമ്മികതയുടെ ഉദാത്ത മാതൃകയായി, ലിനി പുതുശ്ശേരി എന്ന നഴ്‌സ്.
ഈ സാഹചര്യത്തിൽ ആരോഗ്യപരിപാലന സംവിധാനങ്ങളുടെ അപര്യാപ്തതകൾ പരിഹരിക്കാൻ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണം. മതിയായ ചികിത്സാ-പരിശോധനാ സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ ഏർപ്പെടുത്തണം. ആവശ്യത്തിന് ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് സ്റ്റാഫ് എന്നിവരെ ഉടൻ നിയമിക്കണം. ആവശ്യത്തിന് മരുന്ന് ലഭ്യമാക്കണം. നിപയുടെ ഉറവിടം കണ്ടെത്തുകയും ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ മതിയായ മുൻകരുതലുകൾ എടുക്കുകയുംവേണം.
എല്ലാത്തിനും ഉപരിയായി ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്കാകെ പൂർണ്ണമായ സൗജന്യ ചികിത്സ ഉറപ്പാക്കണം.

Share this