നേതാജിയുടെ അന്ത്യത്തെക്കുറിച്ചുള്ള പുതിയ പ്രചരണത്തിനു പിന്നില്‍ ഗൂഢോദ്ദേശം

Spread our news by sharing in social media

കാലടി : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 118-ാം ജന്മദിനം സാമ്രാജ്യത്വ വിരുദ്ധ ജനകീയൈക്യ ദിനമായി ആചരിച്ചുകൊണ്ട് കാലടി ടൗണില്‍ നടന്ന സമ്മേളനം എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡന്റ് ടി.കെ.സുധീര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

നേതാജിയുടെ അന്ത്യത്തെക്കുറിച്ച് വാസ്തവ വിരുദ്ധമായ അഭിപ്രായങ്ങള്‍ പുതുതായി പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ഗൂഢോദ്ദേശമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിന്നും ഹിന്ദുരാഷ്ട്ര വാദമുയര്‍ത്തിക്കൊണ്ട് വിട്ടുനിന്ന ജനസംഘത്തിന്റെ പിന്‍തലമുറക്കാരാണിന്നത്തെ ഭരണക്കാര്‍. ചില കേന്ദ്രങ്ങളില്‍ നിന്നുള്ള വോട്ടു ലാക്കാക്കിക്കൊണ്ടാണ് ബി.ജെ.പി.യുടെ ഈ അധഃമമായ കപടപ്രചാരണം.

kalady dyo nethaji day metgTKS WEB
സമ്മേളനം എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡന്റ് ടി.കെ.സുധീര്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

ലോകജനതക്കാകെ കൊടിയനാശം വിതക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്യത്തിന്റെ അമരക്കാരനായ ബരാക് ഒബാമയെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി കേന്ദ്ര സര്‍ക്കാര്‍ പങ്കെടുപ്പിക്കുകയാണ്. അതുവഴി നേതാജി അടക്കമുള്ള സ്വാതന്ത്ര്യസമരപ്പോരാളികളുടെ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തെ മോദി സര്‍ക്കാര്‍ അപകീര്‍ത്തിപ്പെടുത്തുകയാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സുഭാഷ്ചന്ദ്രബോസിന്റെയും ഐ.എന്‍.എയുടേയും യഥാര്‍ത്ഥ പങ്ക് അവതരിപ്പിച്ചുകൊണ്ട് വിദ്യാലയങ്ങളിലെ ചരിത്ര പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.പാര്‍ത്ഥസാരഥി വര്‍മ്മ അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ പി.പി.പ്രശാന്ത്കുമാര്‍, കെ.കെ. ശോഭ (മഹിളാ സാംസ്‌ക്കാരിക സംഘടന), കെ.പി. സാല്‍വിന്‍(എ.ഐ.ഡി.എസ്.ഒ), പി.പി. അഗസ്റ്റിന്‍, കെ.ഒ. സുധീര്‍ എന്നിവരും സംസാരിച്ചു. നേതാജിയുടെ ചിത്രങ്ങളേന്തിക്കൊണ്ടുള്ള പ്രകടനത്തിനും പുഷ്പാര്‍ച്ചനയ്ക്കും എം.കെ.ഉഷ, എം.വി. വിജയകുമാര്‍, പി.വി.രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Share this