പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കണം എൽയുഎഫ് പ്രതിഷേധ സംഗമം

Spread our news by sharing in social media

പൊതുമേഖലാ വ്യവസായങ്ങളായ എഫ്എസിടി, എച്ച്എംടി, കൊച്ചിന്‍പോര്‍ട്ട്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, എച്ച്ഒസി തുടങ്ങിയവയെ സംരക്ഷിക്കണമെന്ന് കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനില്‍ ഇടതുപക്ഷ ഐക്യമുന്നണി(എല്‍യുഎഫ്) എറണാകുളം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

LUF Kalamasserry prog ts narayannan master 2

എംസിപിഐ(യു) സംസ്ഥാന സെക്രട്ടറി ടി.എസ്.നാരായണന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ”രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും നിലനില്‍പ്പിനും മുന്നേറ്റത്തിനും വലിയ സംഭാവനകള്‍ ചെയ്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ മാറിമാറിവന്ന ഭരണക്കാര്‍ അനുവര്‍ത്തിച്ച ആഗോളീകരണനയങ്ങളുടെ ഫലമായി തകര്‍ന്നിരിക്കുകയാണ്. നയവൈകല്യംമൂലം സൃഷ്ടിക്കപ്പെട്ട നഷ്ടത്തിന്റെ കണക്കുകള്‍പറഞ്ഞ് ഈ സ്ഥാപനങ്ങളുടെ കോടിക്കണക്കിന് രൂപയുടെ ആസ്തി സ്വകാര്യകുത്തകകള്‍ക്ക് ചുളുവില്‍ കൈമാറുകയെന്നതാണ് മോദിയും തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് നേരിട്ടും ലക്ഷങ്ങള്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കിയിരുന്നവയാണ് ഈ വ്യവസായങ്ങള്‍. മാത്രമല്ല, കാര്‍ഷിക-വ്യാവസായിക രംഗങ്ങളിലും കായിക-സാംസ്‌കാരിക രംഗങ്ങളില്‍പോലും കേരളത്തെ മാത്രമല്ല, രാജ്യത്തെതന്നെ മുന്നോട്ടുനയിച്ച ഈ വ്യവസായങ്ങളെ സംരക്ഷിക്കാന്‍ നേരായി ചിന്തിക്കുന്ന മുഴുവന്‍ ആളുകളും ഒറ്റക്കെട്ടായി മുന്നോട്ടുവരണം” അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

എല്‍യുഎഫ് ജില്ലാ ചെയര്‍മാന്‍ ടി.കെ.സുധീര്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ആര്‍എംപി സംസ്ഥാന സെക്രട്ടേറിയറ്റംഗവും പാലിയേക്കര ടോള്‍വിരുദ്ധ സമരത്തിന്റെ നേതാവുമായ പി.ജെ.മോന്‍സി, എസ്‌യുസിഐ(സി) സംസ്ഥാന കമ്മിറ്റിയംഗം ജെയിസണ്‍ ജോസഫ്, എംസിപിഐ(യു) കേന്ദ്രകമ്മിറ്റിയംഗവും എല്‍യുഎഫ് സംസ്ഥാന വൈസ്‌ചെയര്‍മാനുമായ കെ.ആര്‍.സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കണ്‍വീനര്‍ ഇ.കെ.മുരളി സ്വാഗതവും പി.എം.ദിനേശന്‍ കൃതജ്ഞതയും പറഞ്ഞു.

Share this