പ്രീ-പ്രൈമറി ജീവനക്കാരുടെ സെക്രട്ടേറിയറ്റ് മാർച്ച്‌

Spread our news by sharing in social media

എയ്ഡഡ്-സർക്കാർ സ്‌കൂളുകളുടെ ഭാഗമായി പ്രീപ്രൈമറിയെ അംഗീകരിക്കുക, ഓണറേറിയത്തിനുപകരം സർക്കാർ നിരക്കിൽ ശമ്പളം നൽകുക, അന്യായമായ പിരിച്ചുവിടൽ അവസാനിപ്പിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക, എസ്‌സിഇആർടി പഠനറിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് പ്രീപ്രൈമറി ടീച്ചേഴ്‌സ് ആന്റ് ഹെൽപ്പേഴ്‌സ് ഓർഗനൈസേഷന്റെ(പിപിടിഎച്ച്ഒ) ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി. പ്രമുഖ വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തകൻ വി.പി.വാസുദേവൻ ഉദ്ഘാടനം ചെയ്തു. കൊച്ചുകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി സമർപ്പിതരായ പ്രീപ്രൈമറി ടീച്ചർമാർക്ക് അവരുടെ അവകാശങ്ങൾ അംഗീകരിച്ചുകൊടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആൾ ഇന്ത്യ സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം.ഷാജർഖാൻ മുഖ്യപ്രസംഗം നടത്തി. പൊതുവിദ്യാഭ്യാസത്തിന്റെ അവിഭാജ്യഭാഗമായ പ്രീപ്രൈമറിയെ ഭരണാധികാരികൾ അവഗണിക്കുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. പ്രീപ്രൈമറി ടീച്ചർമാർക്ക് തുച്ഛമായ ശമ്പളമല്ല, മറിച്ച് സർക്കാർ നിരക്കിലുളള ശമ്പളമാണ് നൽകേണ്ടത് എന്നദ്ദേഹം ചൂണ്ടിക്കാട്ടി. പിപിടിഎച്ച്ഒ സംസ്ഥാന പ്രസിഡന്റ് പി.വനജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് കെ.എം.ബീവി, സംസ്ഥാന സെക്രട്ടറി വി.വിജയഷോമ, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ അനൂപ് ജോൺ, കെ.പി.ശ്രീകുമാർ. കെ.പി.സുബൈദ, ട്രഷറർ ബി.കെ.രേഷ്മ, ജെ. രശ്മി, എൻ.അജിത, നസീറ, വി.ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു.

Share this