ബിഎസ്എന്‍എല്ലിനെയും
നെറ്റ് ന്യൂട്രാലിറ്റിയെയും സംരക്ഷിക്കുക.
യുവജന ക്യാമ്പയിന്2015 മേയ് 30, വൈകുന്നേരം 3.30 ന്
എറണാകുളം ടെലഫോണ്‍ എക്സ്ചേഞ്ച് ജെട്ടി
ബിഎസ്എന്‍എല്‍ എന്തുകൊണ്ട് നിലനില്‍ക്കണം?
രാജ്യത്തിന്റെ വിദൂര ഗ്രാമങ്ങളെപ്പോലും കോര്‍ത്തിണക്കുന്ന പൊതു ഉടമസ്ഥതയിലുള്ള ടെലകോം ശൃംഖല ബിഎസ്എന്‍എല്‍ മാത്രമാണ്.
റേഡിയേഷന് ഏറ്റവും കുറവുള്ള അത്യാധുനിക ടവറുകള്‍ ബിഎസ്എന്എല്ലിന്റേതുമാത്രമാണ്.
2007 വരെ ബിഎസ്എന്‍എല്ലിന്റെ ലാഭം പതിനായിരം കോടി രൂപയ്ക്കുമുകളിലായിരുന്നു.
ബിഎസ്എന്‍എല്‍ മൊബൈല്‍ 2002-ല്‍ സ്ഥാപിതമാകുന്നതിനുമുമ്പ് മൊബൈല്‍ കോളുകള്‍ക്ക് സ്വകാര്യകമ്പനികള്‍ മിനിറ്റിന് 8 രൂപ മുതല്‍ 10 രൂപവരെ ഈടാക്കിയിരുന്നു. ഇന്‍കമിംഗിനും ചാര്‍ജ്ജുണ്ടായിരുന്നു. അതിനുശേഷമാണ് ഔട്ട്ഗോയിംഗ് കോളിന് ഒരു രൂപ ചാര്‍ജ്ജ് ആയതും ഇന്‍കമിംഗ് ഫ്രീയായതും.
തൊഴിലാളികള്‍ക്ക് പൂര്‍ണ്ണ സേവന പരിരക്ഷ നല്കി ലക്ഷക്കണക്കിന് ആളുകള്‍ക്ക് രാജ്യമെമ്പാടും ജോലി നല്കുന്ന സ്ഥാപനമാണിത്.
ബിഎസ്എന്‍എല്ലിന്റെ ഇപ്പോഴത്തെ പ്രതിസന്ധി ?
980-ല്‍ മെട്രോ നഗരങ്ങളില്‍ സ്ഥാപിച്ച എംടിഎംഎല്‍ കമ്പനികളും പോസ്റ്റല്‍ ആന്റ് ടെലഫോണ്‍ ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് അടര്‍ത്തി മാറ്റിക്കൊണ്ട് ഒരു പരമാധികാര കോര്‍പ്പറേഷനായി ബിഎസ്എന്‍എല്‍ സ്ഥാപിച്ചതുമുതലാണ് പ്രതിസന്ധികള്‍ ഉടലെടുക്കുന്നത്. ഈ മേഖലയെ സ്വകാര്യവല്‍ക്കരിക്കുവാനും ടെലകോം സേവനരംഗത്തെ സാമ്പത്തിക നിയന്ത്രണത്തില്നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റവുമാണ് ഇതിനുകാരണം. സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണത്തിനായുള്ള സര്‍ക്കാരിന്റെ രഹസ്യഅജണ്ടയാണ് ഇന്ന് നടപ്പിലാക്കപ്പെടുന്നത്.
2005 മുതല്‍ ബിഎസ്എന്‍എല്‍ പുതിയ ടവറുകള്‍ ഒന്നും സ്ഥാപിച്ചില്ല. നിലവിലുള്ള ടവറുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയില്ല. ലാന്റ്ഫോണ്‍ നിര്‍മ്മാണം അവസാനിപ്പിച്ചു. നെറ്റ് വര്‍ക്ക് തിരക്കുകാരണം കോളുകള്‍ ലഭിക്കാതായി. ഇത് ഉപഭോക്താക്കള്‍ക്കിടയില്‍ വ്യാപകമായ അതൃപ്തി സൃഷ്ടിച്ചു. പലരും സ്വകാര്യകമ്പനികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമായി.
ബിഎസ്എന്‍എല്ലിന്റെ പരിമിതമായി മാറിയ സൗകര്യങ്ങള്‍ മറ്റു സ്വകാര്യകമ്പനികള്ക്കുകൂടി പങ്കുവയ്ക്കാനുള്ള സര്‍ക്കാരിന്റെ സമര്‍ദ്ദം പ്രതിസന്ധിയെ മൂര്‍ച്ചിപ്പിച്ചു.
ഒരു കാരണവുമില്ലാതെ സര്വ്വീസുകളിലെല്ലാമുണ്ടാക്കിയ ചാര്ജ്ജുവര്ദ്ധനവുകള് ഉപഭോക്താക്കളുടെ അതൃപ്തി മൂര്‍ദ്ധന്യത്തിലെത്തിച്ചു.
അത്യാധുനിക സര്വ്വീസ്സായ 4ജി സംവിധാനം ബിഎസ്എന്‍എല്ലിന് നിഷേധിച്ചു.
നെറ്റ് ന്യൂട്രാലിറ്റി
ലോകത്തെ ആകമാനം കൈപ്പിടിയിലൊതുക്കുകയും വിവര സാങ്കേതിക രംഗത്ത് വിസ്ഫോടനം സൃഷ്ടിക്കുകയും ചെയ്ത ഇന്റര്‍നെറ്റ് സംവിധാനം ഇന്ന് സര്‍വ്വ വ്യാപിയായിരിക്കുകയാണ്. ഇന്നു നാം ഇന്റര്‍നെറ്റ് പ്രധാനമായും ഉപയോഗിക്കുന്നത് ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രോവൈഡര്‍മാരായ ടെലഫോണ്‍ കണക്ഷനുകള്‍ വഴിയാണ്. ഈ ടെലഫോണ്‍ കമ്പനികള്‍ക്ക് നാം ഉപയോഗിക്കുന്ന സൈറ്റുകളുടെ സ്പീഡ് നിയന്ത്രിക്കുവാനോ, അവയില്‍ ഏതെങ്കിലും ഒന്നിനെ ബ്ലോക്ക് ചെയ്യുവാനോ അവകാശമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചില പ്രത്യേക അവകാശങ്ങള്‍ ഈ രംഗത്ത് സ്ഥാപിക്കുവാനും മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ഇംഗിതത്തിന് വഴങ്ങിക്കൊണ്ട് അവരുടെ സാമ്പത്തിക താല്‍പ്പര്യം മുന്‍നിര്‍ത്തി ചില വ്യാപാര സൈറ്റു(ഫ്ളിപ്പ്കാര്‍ട്ട് തുടങ്ങിയ) കളുടെ വേഗത കൂട്ടുവാനും ജനങ്ങള്‍ സ്വതന്ത്രമായി ഉപയോഗിച്ചുവരുന്ന വാട്ട്സ്അപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ക്ക് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തുവാനും നീക്കം നടന്നുവരികയാണ്.
ഇന്റര്‍നെറ്റ് നൈതികതയുടെ അടിസ്ഥാനത്തിനുതന്നെ കളങ്കം വരുത്തുന്ന ഇത്തരം നടപടികള്‍ക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുകയും അമേരിക്ക, കാനഡ, ബ്രസീല്‍ തുടങ്ങിയ വിവിധ രാഷ്ട്രങ്ങളില്‍ നെറ്റ് ന്യൂട്രാലിറ്റി എന്ന നിയമം നടപ്പിലാക്കിക്കൊണ്ട് ഇന്റര്‍നെറ്റ് രംഗത്തുള്ള മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ഇടപെടല്‍ തടഞ്ഞിരിക്കുകയാണ്. എയര്‍ടെല്ലും ഫ്ളിപ്പ്കാര്ട്ടുമായിചേര്ന്ന് ഇന്‍ഡ്യയിലും നടപ്പിലാക്കാന്‍ ഒരുമ്പെട്ട ഹീനമായ പദ്ധതികള്‍ക്കെതിരെ പത്തുലക്ഷം ഒപ്പുകള്‍ ഓണ്‍ലൈനായി സമാഹരിച്ച് ജനങ്ങള്‍ നല്കി. അതിനെത്തുടര്‍ന്ന് ഇന്ത്യയിലും നെറ്റ് ന്യൂട്രാലിറ്റി ഒരു നിയമമാക്കി ഉടനടി നടപ്പിലാക്കുവാനുള്ള സമര്‍ദ്ദം ഉയരുകയാണ്. ഈ ആവശ്യകതയോട് പൂര്‍ണ്ണമായ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ആള് ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓര്ഗനൈസേഷന് നടത്തിവരുന്ന ക്യാമ്പയിനിലും താങ്കളുടെ പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.