മഹത്തായ നവംബർവിപ്ലവത്തിന്റെ ശതാബ്ദിയാചരണം സംസ്ഥാനതല പഠനക്യാമ്പ്

Spread our news by sharing in social media

മഹത്തായ നവംബർവിപ്ലവത്തിന്റെ ശതാബ്ദിയാചരണത്തിന്റെ ഭാഗമായി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട് ദിവസത്തെ പഠനക്യാമ്പ് 2016 ഡിസംബർ 17, 18 തിയ്യതികളിൽ അടൂർ മർത്തോമ്മാ യൂത്ത് സെന്ററിൽ വച്ച് നടന്നു. പാർട്ടി പോളിറ്റ് ബ്യൂറോ അംഗം സഖാവ് കൃഷ്ണചക്രവർത്തി ക്ലാസ്സുകൾ കൈകാര്യം ചെയ്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി നാന്നൂറ് സഖാക്കൾ പങ്കെടുത്തു. പാർട്ടി കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാനസെക്രട്ടറിയുമായ സഖാവ് സി.കെ.ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ സഖാക്കൾ വി.വേണുഗോപാൽ, ജി.എസ്.പത്മകുമാർ, ജയ്‌സൺ ജോസഫ് എന്നിവർ സംസാരിച്ചു.


ഡിസംബർ 17 രാവിലെ 11 മണിക്ക് പരിപാടി ആരംഭിച്ചു. ലോകതൊഴിലാളിവർഗ്ഗത്തിന്റെ ഗുരുനാഥന്മാരായ മാർക്‌സ്, എംഗൽസ്, ലെനിൻ, സ്റ്റാലിൻ, മാവോ സെതുങ്, ശിബ്ദാസ്‌ഘോഷ് എന്നിവരുടെ ഛായാചിത്രങ്ങൾ സ്ഥാപിച്ച പ്രൗഢമായ വേദിയിൽ നേതാക്കൾ ഉപവിഷ്ടരായി. തുടർന്ന് മ്യൂസിക് സ്‌ക്വാഡ് നവംബർ വിപ്ലവത്തിന്റെ ശില്പി മഹാനായ ലെനിനെക്കുറിച്ചുള്ള ഗാനവും തൊഴിലാളിവർഗ്ഗ സാർവ്വദേശീയ ഗാനവും ആലപിച്ചു. വേദിക്കുമുന്നിൽ പ്രത്യേകം സ്ഥാപിച്ചിരുന്ന ലെനിന്റെയും സ്റ്റാലിന്റെയും ചിത്രങ്ങളിൽ സഖാവ് സി.കെ.ലൂക്കോസ് പൂക്കളർപ്പിച്ചു. അദ്ധ്യക്ഷപ്രസംഗത്തിനും സഖാവ് വി.വേണുഗോപാലിന്റെ ആമുഖ പ്രസംഗത്തിനും ശേഷം സ.കൃഷ്ണചക്രവർത്തി ക്ലാസ്സ് ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി ആകെ അഞ്ച് സെഷനുകളിലായിട്ടായിരുന്നു ക്ലാസ്സ്.
റഷ്യയിൽ നടന്ന നവംബർ വിപ്ലവത്തിന്റെ ശതാബ്ദി ലോകത്തെങ്ങുമുള്ള അദ്ധ്വാനിക്കുന്ന ജനങ്ങൾ ആചരിക്കുന്നതെന്തുകൊണ്ട് എന്ന വിഷയത്തെ പരാമർശിച്ചുകൊണ്ട്, നവംബർ വിപ്ലവത്തിന്റെ സാർവ്വദേശീയപ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. മരണാസന്ന മുതലാളിത്തവ്യവസ്ഥിതിയുടെ പ്രതിസന്ധിമൂലം ഇന്ന് എല്ലാ മുതലാളിത്ത രാജ്യങ്ങളിലും ജീവിതത്തിന്റെ എല്ലാ തുറകളിലുമുണ്ടായിട്ടുള്ള ജീർണ്ണതയ്ക്ക് ഒരേയൊരു പരിഹാരം നവംബർവിപ്ലവത്തിന്റെ പാതയിൽ മുന്നേറുക എന്നതാണെന്ന് അദ്ദേഹം സമർത്ഥിച്ചു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനും, സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കും, സോഷ്യലിസത്തിന്റെ പ്രതീകമായി മാറിയ സഖാവ് സ്റ്റാലിനുമെതിരെ പ്രതിലോമശക്തികൾ
നടത്തുന്ന അപവാദപ്രചാരണങ്ങൾക്ക് ഒന്നൊന്നായി അദ്ദേഹം മറുപടി നൽകി. സോഷ്യലിസ്റ്റ് ക്യാമ്പിനുണ്ടായ തിരിച്ചടി ചൂണ്ടിക്കാട്ടി, സോഷ്യലിസം കാലഹരണപ്പെട്ടുവെന്നും മുതലാളിത്തമാണ് സ്ഥായിയായ സാമൂഹ്യവ്യവസ്ഥിതിയെന്നും സാമ്രാജ്യത്വശക്തികൾ നടത്തുന്ന പ്രചാരണത്തിന്റെ പൊള്ളത്തരം അദ്ദേഹം തുറന്നുകാട്ടി. മനുഷ്യൻ മനുഷ്യനുമേൽ നടത്തുന്ന ചൂഷണം ഇല്ലാതാക്കുകയും മനുഷ്യന്റെ സർഗ്ഗശക്തിയെ മുതലാളിത്ത ചൂഷണത്തിന്റെ നീരാളിപ്പിടിത്തത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തുകൊണ്ട് ജീവിതത്തിന്റെ സമസ്തരംഗങ്ങളിലും സൃഷ്ടിച്ച അത്ഭുതകരമായ പുരോഗതി സൃഷ്ടിച്ച സോവിയറ്റ് റഷ്യയെ, അക്കാലത്തെ എല്ലാ മഹാന്മാരും മുക്തകണ്ഠം പ്രശംസിച്ചിരുന്നുവെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്‌ലറുടെ നാസി സൈനികശക്തിയെ, സ്റ്റാലിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയൻ ത്യോഗോജ്ജ്വലമായ പോരാട്ടത്തിലൂടെ തോല്പിച്ചതുകൊണ്ടാണ് ലോകജനത ഇരുണ്ട ഫാസിസ്റ്റ് വാഴ്ചയുടെ വിപത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന വസ്തുത മറന്ന് സ്റ്റാലിനെ ഹിറ്റ്‌ലറോട് തുലനപ്പെടുത്തുന്നവരുടെ ചരിത്രബോധത്തെപ്പറ്റി അദ്ദേഹം പരിതപിച്ചു. സംസ്ഥാനകമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ ആറ് ഗ്രൂപ്പുകളിലായി സഖാക്കൾ നടത്തിയ ചർച്ചയിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകി. സാമ്രാജ്യത്വത്തിന്റെ വൈതാളികന്മാർ തമസ്‌കരിക്കുന്ന നവംബർ വിപ്ലവത്തിന്റെ ഐതിഹാസിക ചരിത്രവും പാഠങ്ങളും അദ്ധ്വാനിക്കുന്ന ജനങ്ങൾക്കിടയിൽ കൊണ്ടെത്തിക്കാൻ വേണ്ടിയുള്ള ബൃഹത്തായ ഒരു പ്രത്യയശാസ്ത്രപ്രസ്ഥാനമായി നവംബർവിപ്ലവശതാബ്ദി ആചരിക്കാൻ അദ്ദേഹം സഖാക്കളെ ആഹ്വാനം ചെയ്തു. പങ്കെടുത്ത ഏവർക്കും വിപ്ലവകരമായ ഉൾക്കാഴ്ചയും ആവേശവും പ്രദാനം ചെയ്ത പഠനക്യാമ്പ് തൊഴിലാളിവർഗ്ഗത്തിന്റെ മഹാനായ നേതാവ് സഖാവ് ശിബ്ദാസ്‌ഘോഷിനെക്കുറിച്ചുള്ള ഗാനാലാപനത്തോടെയാണ് സമാപിച്ചത്.

Share this