യു.സി.കോളേജ്: പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസിനെയേൽപ്പിച്ച നടപടി കാടത്തരം.

Spread our news by sharing in social media

 

 VIDEO 1

 VIDEO 2

 

കൊച്ചി, 2016 ഫെബ്രുവരി 25,
ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളേജിനെ സ്വയംഭരണസ്ഥാപനമാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യുജിസി സംഘത്തിന്റെ സന്ദർശനത്തിനെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികളെ ക്യാമ്പസ്സിൽ പോലീസിനെ വിളിച്ചുവരുത്തി നീക്കം ചെയ്ത മാനേജുമെന്റ് നടപടി കാടത്തരമാണെന്നും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസിനെ വിളിച്ചുവരുത്തിയവർ മാപ്പുപറയണമെന്നും എഐഡിഎസ്ഒ സംസ്ഥാനസെക്രട്ടറി ബിനുബേബി അഭിപ്രായപ്പെട്ടു. ജില്ലാ സെന്ററിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ സ്വയംഭരണ സ്വാശ്രയ സ്ഥാപനങ്ങളാക്കി മാറ്റിയാൽ അതിന്റെ സമ്പത്തും മാറ്റുന്നതിനാവശ്യമായ വൻതുകയും നൽകാമെന്ന പ്രലോഭനമാണ് റൂസ പദ്ധതിയ്ക്ക് ഒരു ലക്ഷംകൊടിരൂപ മാറ്റിവച്ചുകൊണ്ട് സർക്കാരുകൾ നടത്തുന്നത്. ഈ പ്രലോഭനങ്ങളിൽ വീഴുന്ന മാനേജുമെന്റുകൾ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ജനാധിപത്യപരമായ അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവുമൊക്കെ നിഷേധിച്ചുകൊണ്ട് ഗൂണ്ടാരാജ് നടപ്പാക്കാൻ ശ്രമിക്കുകയാണ്. സർക്കാർ ഇതുവഴി ഉന്നതവിദ്യാഭ്യാസ വിതരണചുമതലയിൽ നിന്നു പിന്മാറുകയാണ് ചെയ്യുന്നത്. ഇതിനെതിരെ എഐഡിഎസ്ഒ കൂടുതൽ ശക്തമായ സമരവുമായി മുന്നോട്ടുപോകും.

കേരളത്തിലെ മുൻനിര ഉന്നതവിദ്യാഭ്യാസകേന്ദ്രമായ യുസി കോളേജിനെ സംരക്ഷിക്കാൻ കക്ഷി-രാഷ്ട്രീയത്തിനതീതമായി ഒരു സംരക്ഷണപ്രസ്ഥാനത്തിന് രൂപംകൊടുക്കാൻ ജനങ്ങൾ ഒന്നടങ്കം രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ജില്ലാപ്രസിഡന്റ് കെ.പി.സാൽവിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി രശ്മിരവി റിപ്പോർട്ട് അവതരിപ്പിച്ചു, സംസ്ഥാന കമ്മിറ്റിയംഗം അകിൽ മുരളി, ജില്ലാ ട്രഷറർ അശ്വതി സി.ആർ, ജില്ലാകമ്മിറ്റിയംഗങ്ങളായ നിഖിൽ സജി തോമസ്, ശ്യാംമോഹൻ, അഞ്ജലി സുരേന്ദ്രൻ, കെ. അനന്തപത്മനാഭൻ, മീര കെ.ജയൻ, നിലീന മോഹൻകുമാർ, ബാലമുരളീകൃഷ്ണ തുടങ്ങിയവരും പ്രസംഗിച്ചു.

Share this