രോഹിത് വെമുലയുടെ ആത്മഹത്യ:

Spread our news by sharing in social media

ആരോപണവിധേയരായ കേന്ദ്രതൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയയും കേന്ദ്രമാനവവിഭവശേഷി വികസനവകുപ്പു മന്ത്രി സ്മൃതി ഇറാനിയും സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ.അപ്പറാവുവും രാജിവയ്ക്കുക.

ബിജെപി നേതൃത്വം അനുവർത്തിച്ചുപോരുന്ന വിവേചനത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇരയാണ് രോഹിത് വെമുല. നായാടി മുതൽ നമ്പൂതിരി വരെയുള്ള 108 ജാതി വിഭാഗങ്ങളെയും ഒന്നിച്ചൊരു കുടക്കീഴിൽ അണിനിരത്തുന്നുവെന്ന് വീമ്പുപറയുമ്പോഴും ഹിന്ദുത്വ അജണ്ട മുറുകെപ്പിടിക്കുന്ന ബിജെപിയുടെയും സംഘപരിവാരശക്തികളുടെയും വാഴ്ചയിൽ അതിന്റെ അഭേദ്യഭാഗമായ ചാതുർവർണ്യ വ്യവസ്ഥയുടെയും ജാതി വിവേചനത്തിന്റെയും പിടിയിൽനിന്നും ജനങ്ങൾക്ക് മോചനമില്ല എന്നതിന്റെയും ഒടുവിലത്തെ ഉദാഹരണമാണ് രോഹിത് സംഭവം. ഹരിയാനയിൽനിന്നും യുപിയിൽനിന്നും കർണ്ണാടകത്തിൽനിന്നുമെല്ലാം നാം കേൾക്കുന്നത് ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനുമുന്നിൽ ജീവൻതന്നെ വിലയായി കൊടുക്കേണ്ടി വരുന്ന സംഭവങ്ങളാണ്. വിശേഷിച്ചും ദളിത,് പിന്നാക്ക വിഭാഗങ്ങൾക്ക്.

രോഹിത് സംഭവം മൂന്ന് കാര്യങ്ങൾ പ്രധാനമായും നമ്മുടെ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നു. ഒന്ന്, ബിജെപി, സംഘപരിവാർ സംഘടനകളുടെ രാഷ്ട്രീയം എത്രമേൽ അപകടകരമായിക്കൊണ്ടിരിക്കുന്നു എന്നത്. മറ്റൊന്ന് ഭാരതത്തിൽ വിദ്യാഭ്യാസ രംഗവും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളടക്കമുള്ള വിദ്യാലയങ്ങളും എത്തിനിൽക്കുന്ന ഞെട്ടിക്കുന്ന ധാർമ്മികാധ:പതനത്തിന്റെ സ്ഥിതിവിശേഷം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം പ്രൊഫഷണൽ വിദ്യാലയങ്ങൾ സാധാരണക്കാരന് അപ്രാപ്യമാകുന്നു എന്നതാണ് ഇനിയുമൊരു വസ്തുത.
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി എന്ന ഇന്ത്യയിലെതന്നെ എണ്ണപ്പെട്ട ഉന്നതവിദ്യാഭ്യാസസ്ഥാപനത്തിലെ ഗവേഷക വിദ്യാർത്ഥിയായിരുന്നു രോഹിത് വെമുല. പ്ലാന്റ് സയൻസിൽ സിഎസ്‌ഐആർ ഫെലോഷിപ്പും സയൻസ് ആൻഡ് ടെക്‌നോളജിയിൽ യുജിസി- ജെആർഫും ലഭിച്ച സമർത്ഥനായ വിദ്യാർത്ഥി. സംവരണത്തിന്റെ ആനുകൂല്യമുണ്ടായിട്ടും അതിന് നിൽക്കാതെ മെറിറ്റ് ലിസ്റ്റിൽ അഡ്മിഷൻ നേടിയ മിടുക്കൻ. അംബേദ്കർ സ്റ്റുഡന്റ്‌സ് അസ്സോസിയേഷൻ എന്ന സംഘടനയുടെ സജീവ പ്രവർത്തകനും സംഘാടകനുമായിരുന്ന രോഹിത് ഒരു ദരിദ്ര കുടുംബത്തിന്റെ അത്താണിയായിരുന്നു. എബിവിപി പ്രവർത്തകരുമായി ക്യാമ്പസ്സിനകത്തുണ്ടായ പ്രശ്‌നങ്ങളെത്തുടർന്ന് രോഹിതും മറ്റ് നാല് വിദ്യാർത്ഥികളും സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു. സസ്‌പെൻഷനിലായ രോഹിതിന്റെ ഫെല്ലോഷിപ്പ് തടഞ്ഞു വയ്ക്കുകയും ക്യാമ്പസ്സിനുള്ളിൽ ഹോസ്റ്റൽ, ലൈബ്രറി, കാന്റീൻ തുടങ്ങിയ ഇടങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു. നിരാധാരനായ രോഹിത് ക്യാമ്പസ്സിനുള്ളിൽ കുടിലുകെട്ടി കഴിയേണ്ട സാഹചര്യവുമുണ്ടായി.
മുസഫർപൂരിൽ നടന്ന വർഗ്ഗീയ കലാപത്തെക്കുറിച്ച് തയ്യാറാക്കപ്പെട്ട ‘മുസഫർ നഗർ ബാകി ഹേ’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തെത്തുടർന്ന് ക്യാമ്പസ്സിനകത്ത് എബിവിപി പ്രവർത്തകരുമായി നടന്നുവെന്നു പറയപ്പെടുന്ന ഏറ്റുമുട്ടലാണ് സംഭവങ്ങളുടെ തുടക്കം. മുസഫർപൂർ കലാപം ബിജെപിയുടെ ആസൂത്രിത ഗൂഢാലോചനയാണ് എന്നു വ്യക്തമാക്കുന്നതായിരുന്നു ഡോക്യുമെന്ററി. രോഹിതിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സുശീൽകുമാർ എന്ന എബിവിപി പ്രവർത്തകനെ മർദ്ദിച്ചതായാണ് പരാതി. പരാതിയിൻമേൽ സർവ്വകലാശാല അധികൃതർ നടത്തിയ അന്വേഷണത്തിൽ രോഹിത് കുറ്റക്കാരനല്ല എന്ന് വ്യക്തമാക്കപ്പെട്ടിരുന്നു. പരാതി തന്നെ വ്യാജമായിരുന്നു എന്ന് ഇപ്പോൾ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. പരാതിക്കാരനായ സുശീൽകുമാർ മർദ്ദനമേറ്റല്ല ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്, മറിച്ച് അപ്പന്റിസൈറ്റിസ് ഓപ്പറേഷനുവേണ്ടിയായിരുന്നു എന്ന് ഡോക്ടർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ബിജെപി നേതാവും കേന്ദ്രതൊഴിൽ മന്ത്രിയുമായ ബന്ദാരു ദത്താത്രേയയുടെ പ്രത്യേക നിർദ്ദേശപ്രകാരം കേന്ദ്ര മാനവവിഭവ വികസനശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനി രോഹിതിനും കൂട്ടുകാർക്കുമെതിരെ നടപടിയെടുക്കാൻ സർവ്വകലാശാല അധികാരികളുടെമേൽ സമ്മർദ്ദം ചെലുത്തുകയുണ്ടായി. കേന്ദ്രത്തിന്റെ സമ്മർദ്ദങ്ങൾക്ക് വിധേയമായി സർവ്വകലാശാല ഒരു ഉപസമതി രൂപീകരിച്ചു. രോഹിതിനൊപ്പം മറ്റ് നാലുപേരെക്കൂടെ ഉപസമിതി സസ്‌പെൻഡ് ചെയ്തു. (നാലുപേരും ദളിത് വിഭാഗത്തിൽപെടുന്നവർതന്നെ) പഴയ വിസിയെ മാറ്റി പുതിയ വിസിയെ നിയമിച്ചാണ് രോഹിതിനെയും കൂട്ടരെയും സസ്‌പെൻഡ് ചെയ്തത്. പുതിയതായി നിയമിതനായ വിസി അപ്പാറാവുവാകട്ടെ പതിമുന്നൂ വർഷംമുമ്പ് ചീഫ് വാർഡൻ ആയിരുന്നപ്പോൾ പതിമുന്ന് ദളിത് വിദ്യാർത്ഥികളെ പുറത്താക്കുവാൻ മുൻകൈ എടുത്തിട്ടുള്ള ആളുമാണ്. ഇതിലൂടെയെല്ലാം ക്യാമ്പസ്സിനകത്ത് സാമൂഹ്യ ബഹിഷ്‌ക്കരണത്തിന് ഇരയാവുകയായിരുന്നു രോഹിതും കൂട്ടരും. ഇതെല്ലാം സൃഷ്ടിച്ച സമ്മർദ്ദം താങ്ങാനാകാതെ ഒടുവിൽ ഹോസ്റ്റലിൽ സുഹൃത്തിന്റെ മുറിയിൽ താൻ പ്രതിനിധീകരിച്ചിരുന്ന പ്രസ്ഥാനത്തിന്റെ കൊടിയിൽ രോഹിത് ജീവനൊടുക്കി.
ക്യാമ്പസ്സിനകത്ത് നിസ്സാരമായി തീരുമായിരുന്ന ഒരു പ്രശ്‌നത്തെ ബിജെപി നേതൃത്വം വൈരാഗ്യബുദ്ധിയോടെ നേരിട്ടപ്പോൾ സമർത്ഥനായ ഒരു ചെറുപ്പക്കാരന് സ്വന്തം ജീവനാണ് ബലിയായി നൽകേണ്ടി വന്നത്. രോഹിതിനെതിരെ രാഷ്ട്രീയമായ പകപോക്കലാണ് ഉണ്ടായത്. വധശിക്ഷക്കെതിരെ ക്യാമ്പസ്സിൽ പ്രചാരണം നടത്തി എന്നതും രോഹിതിനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റമാണ്. വധശിക്ഷ യാക്കൂബ് മേമന്റേതാകുമ്പോൾ ബിജെപിയെ സംബന്ധിച്ചിടത്തോളം വിഷയം രാഷ്ട്രീയമാകും. ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളുന്നവരെ വകവരുത്തുക എന്ന നയം കൂടുതൽ വ്യക്തമാക്കപ്പെടുകയാണ്.
‘എന്റെ ജനനമാണ് എന്റെ കുറ്റം’ എന്ന് ആത്മഹത്യ കുറിപ്പിൽ ചൂണ്ടിക്കാട്ടി ചെറുപ്പംമുതൽ താൻ അനുഭവിച്ചുവന്ന വിവേചനം രോഹിത് എടുത്തു പറയുന്നു. ദളിത് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുമ്പോൾ പത്തുമില്ലിഗ്രാം സോഡിയം ആസിഡ് കൊടുക്കുക അല്ലെങ്കിൽ അവരുടെ ഹോസ്റ്റൽ മുറികളിൽ കയറുകൾ എത്തിച്ചുകൊടുക്കുക എന്ന് ആത്മഹത്യാ കുറിപ്പിൽ രോഹിത് പറയുമ്പോൾ ദളിത് പിന്നാക്ക വിഭാഗത്തിൽ പെടുന്ന കുട്ടികൾ ക്യമ്പസ്സിനുള്ളിൽ അഭിമുഖീകരിക്കുന്ന മാനസികവും ശാരീരികവുമായ പീഡനത്തിൽനിന്നുയരുന്ന ആത്മരോദനവും രോഷവുമായിരുന്നു അത് എന്ന് മനസ്സിലാക്കാനാകും. ഹൈദരാബാദ് സർവ്വകലാശാലയിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ആത്മഹത്യ ചെയ്യുന്ന ഒമ്പതാമത്തെ ദളിത് വിദ്യാർത്ഥിയാണ് രോഹിത് എന്നു കണക്കുകൾ പറയുമ്പോൾ, രാജ്യത്താകമാനം, ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലടക്കം, കഴിഞ്ഞ നാലുവർഷത്തിനിടയിൽ 18 ആത്മഹത്യകൾ ഇപ്രകാരം നടന്നിട്ടുണ്ട് എന്നു കണക്കുകൾ സാക്ഷ്യപ്പെടുത്തുമ്പോൾ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണം എത്ര വലിയ ഉത്തരവാദിത്തമാണ് എന്നതാണ് വ്യക്തമാക്കപ്പെടുന്നത്. പ്രതിഭകളെയും ഭാവിസമൂഹത്തിന് വഴികാട്ടികളാകേണ്ടവരെയും കരുതലോടെ വാർത്തെടുക്കേണ്ടുന്ന ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇന്ന് സ്ഥാപിതതാൽപര്യക്കാരുടെ പിടിയിലമർന്ന് ഗവേഷകരുടെ കുരുതിനിലമായി മാറിക്കൊണ്ടിരിക്കുന്നു.
സംഭവത്തിൽ ഖേദം രേഖപ്പെടുത്താൻ പോലും മുതിരാതെ രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്നും ആത്മഹത്യക്കുറിപ്പിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നും രോഹിതിനെതിരെ നടപടിയെടുത്ത സമിതിയുടെ തലവൻതന്നെ ദളിത് വിഭാഗത്തിൽ പെടുന്ന ആളാണ് എന്നുമൊക്കെയുള്ള വാദഗതികൾ അങ്ങേയറ്റം അപലപനീയമാണ്. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് പതിനഞ്ച് അദ്ധ്യാപകർ രാജി സമർപ്പിച്ചിരിക്കുന്നു.
ദളിതന് വിദ്യ അന്യമായിരുന്ന ഫ്യൂഡൽ കാലഘട്ടത്തെ നിരാകരിച്ച് സമൂഹം മുന്നേറിയത് ജനാധിപത്യ ആശയങ്ങളുടെ കരുത്തിലാണ്, വിദ്യയുടെയും യുക്തിയുടെയും വെളിച്ചത്തിലാണ്. ജാതിയുടെ കള്ളികളിൽനിന്നും ഇടുങ്ങിയ ചിന്താഗതികളിൽനിന്നും മോചിപ്പിച്ച്, മനുഷ്യനെ സൃഷ്ടിക്കുക എന്ന ഉദാത്തമായ ലക്ഷ്യമായിരുന്നു വിദ്യാഭ്യാസം നിർവ്വഹിച്ചുപോന്നിരുന്നത്. വിപണിയുടെ താൽപര്യസംരക്ഷണം മാത്രമായി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പുനർനിർവ്വചിക്കപ്പെട്ടപ്പോൾ അവിടെ മനുഷ്യനില്ലാതെയായി. വിദ്യാഭ്യാസം വാണിജ്യവത്ക്കരിക്കപ്പെട്ടു, വിദ്യാലയങ്ങൾ വാണിജ്യ കേന്ദ്രങ്ങളായി. സ്വയംഭരണ കോളജുകൾ, സ്വകാര്യ സർവ്വകലാശാലകൾ എല്ലാം മുതലാളിമാരുടെ ഇച്ഛയ്ക്കനുസരിച്ച് യഥേഷ്ടം ഉണ്ടായി. അദ്ധ്യാപകരും അധികാരികളും അതിനൊത്ത് വാർത്തെടുക്കപ്പെട്ടു. മൂല്യങ്ങളും മൂല്യബോധവും അപ്രത്യക്ഷമായി. സർവ്വകലാശാലകളുടെ സ്വാതന്ത്ര്യവും പരമാധികാരവും മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരത്തിൽ കൈമോശം വന്നു.
വിദ്യാഭ്യാസമേഖലയെ സമ്പൂർണ്ണമായും കാവിപുതപ്പിക്കാനുള്ള ബിജെപി-സംഘപരിവാർ നീക്കം കൂടിയാകുമ്പോൾ തകർച്ച പൂർണ്ണമാവുകയാണ്. ശാസ്ത്രത്തിനും സാമാന്യയുക്തിക്കും നിരക്കാത്ത കെട്ടുകഥകളും അന്ധവിശ്വാസങ്ങളും പാഠപുസ്തകങ്ങളിൽ കുത്തിനിറച്ചും ശാസ്ത്ര-ചരിത്ര ഗവേഷണ സ്ഥാപനങ്ങളുടെയും ഐഐഎം -ഐഐടികളുടെയും തലപ്പത്ത് സംഘപരിവാര ശക്തികളുടെ കുഴലൂത്തുകാരെ പ്രതിഷ്ഠിച്ചും പുരാതനകാലം മുതലേ, പുരാണേതിഹാസങ്ങളുടെയും ഭഗവത് ഗീതയുടെയും കാലംമുതലേ ഇക്കാണായതെല്ലാം ഉണ്ടായിരുന്നു എന്നും പറയുന്നവർ മാനവികതയുടെയും മനുഷ്യത്വത്തിന്റെയും വൈരികളാണ്. നവോത്ഥാനവും മാനവവാദവും കൊളുത്തിയ ദീപശിഖ കെടുത്തിക്കളയാൻ നോക്കുന്നവരാണ്. സംസ്‌കൃതിയുടെ മുന്നോട്ടുള്ള പ്രയാണത്തെ പിന്നോട്ടടിക്കാൻ വെമ്പൽ കൊള്ളുന്നവരാണ്. ഒരു തലമുറയെത്തന്നെ വന്ധ്യം കരിക്കുവാനുള്ള ആസൂത്രിത പദ്ധതികൾക്കെതിരെ ജനാധിപത്യ-മതേതര മൂല്യബോധം സമൂഹത്തിൽ സ്ഥാപിച്ചെടുക്കാനുള്ള പ്രയത്‌നത്തിൽ ആമഗ്നരാവുക എന്നതാണ് മനുഷ്യസ്‌നേഹികളുടെ അടിയന്തര കർത്തവ്യം.
തമിഴ്‌നാട്ടിൽ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ അമിത ഫീസ് താങ്ങാനാകാതെ ആത്മഹത്യ ചെയ്ത വാർത്തകൾ വന്നതും രോഹിത് സംഭവത്തിനുശേഷമാണ്. വിദ്യാഭ്യാസരംഗത്തെ വാണിജ്യവത്ക്കരണത്തിന്റെ ഇരകളാണ് ആ മൂന്നു കുട്ടികൾ. കുട്ടികളുടെ മരണത്തിന് സർക്കാരാണ് ഉത്തരവാദികൾ. വിദ്യാഭ്യാസസ്ഥാപനങ്ങൾ കുത്തിക്കവർച്ചയുടെ ഇടങ്ങളാക്കി മാറ്റിയത് സർക്കാരുകളാണ്. പാവപ്പെട്ടവരുടെ കൊലനിലങ്ങളായി മാറുകയാണ് വിദ്യാലയങ്ങൾ. സാഹചര്യപരമായ കാരണങ്ങളാൽ പാവപ്പെട്ടവരിൽ ഗണ്യമായി വരിക പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളാണ് എന്നുമാത്രം. വിഷയത്തിന്റെ യാഥാർത്ഥ്യം ഇതാണ്. സാധാരണ സർക്കാർ സ്‌കൂളുകളിൽ പഠിച്ച്, ശേഷിയുടെ പിൻബലത്തിൽ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ എത്തിപ്പെടുന്ന കുട്ടികൾ പലപ്പോഴും ലോണെടുത്ത് ഫീസ് അടയ്ക്കുവാൻ നിർബന്ധിതരാകുംവിധം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായിരിക്കും. ദാരിദ്യം ഒരു കുറ്റമാണ് എന്ന ബോധം ഉൾവലിയാൻ കുട്ടികളെ പ്രേരിപ്പിക്കുന്നു. പലപ്പോഴും അദ്ധ്യാപകരുെടയും അധികാരികളുടെയും അവധാനതയില്ലാത്ത നിലപാടുകൾ അറ്റകൈ പ്രയോഗത്തിലേയക്ക് കുട്ടികളെ നയിക്കുന്നു. വിദ്യാഭ്യാസരംഗത്തെ കച്ചവടവത്ക്കരണവും കാവിവത്ക്കരണവും അവസാനിപ്പിക്കുവാനുള്ള പ്രക്ഷോഭം പടുത്തുയർത്തുക എന്നതാണ് ഈ സാഹചര്യത്തെ പ്രതിരോധിക്കുവാനുള്ള മാർഗ്ഗം എന്നതു മനസ്സിലാക്കിക്കൊണ്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസസ്‌നേഹികളും അദ്ധ്യാപകരും സങ്കുചിത കക്ഷിരാഷ്ട്രീയ പരിഗണനകൾക്കും ജാതി-മത-പ്രാദേശിക-വിഭാഗീയ ചിന്താഗതികൾക്കും അതീതമായി രംഗത്തുവരേണ്ട അടിയന്തര സന്ദർഭമാണിത്. എങ്കിൽ മാത്രമേ രോഹിതിന്റെ ആത്മബലിക്ക് അർത്ഥമുണ്ടാകൂ.

Share this