ലൈസൻസ് ഏർപ്പെടുത്തുന്നതിനെതിരെ കെഎസ്ഇബി പെറ്റികോൺട്രാക്ടർ- കരാർ തൊഴിലാളി മാർച്ച്.

Spread our news by sharing in social media

വൈദ്യുതി ബോർഡിൽ ദീർഘകാലമായി ചെറുകിട വർക്കുകൾ ഏറ്റെടുത്തു നടത്തുന്ന പെറ്റി കോൺട്രാക്ടർമാരെയും കരാർത്തൊഴിലാളികളെയും ഒഴിവാക്കിക്കൊണ്ട് വൻകിടക്കാർക്ക് ഈ മേഖലയും കൈയ്യടക്കാൻ അവസരമൊരുക്കുന്ന ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തുന്ന സർക്കാർ നടപടിക്കെതിരെ കെഎസ്ഇബി-പിസിസി ലൈൻ വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ മൂന്ന് മേഖലാ ചീഫ് എഞ്ചിനീയർ ഓഫീസുകൾക്ക് മുമ്പിൽ മാർച്ച് നടക്കുകയുണ്ടായി. ഡിസംബർ 28ന് ഉത്തരമേഖലാ ചീഫ് എഞ്ചിനീയർ ഓഫീസിനു മുമ്പിലും, 29ന് മദ്ധ്യമേഖലാ ചീഫ് എഞ്ചിനീയർ ഓഫീസിനുമുമ്പിലും, 30ന് ദക്ഷിണമേഖലാ ചീഫ് എഞ്ചിയീർ ഓഫീസിനുമുമ്പിലുമാണ് മാർച്ചും ധർണ്ണയും നടന്നത്.

നിലവിൽ പെറ്റികോൺട്രാക്ട് ജോലികൾക്കാവശ്യമായ മെറ്റീരിയൽസും പണിയായുധങ്ങളും സുരക്ഷാഉപകരണങ്ങളും നൽകുന്നത് കെ.എസ്.ഇ.ബി.യാണ്. ജോലികൾ സൂപ്പർവൈസ് ചെയ്യുന്നതും തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതും ബോർഡിലെ ഉദ്യോഗസ്ഥരാണ്. 1995 ൽ ഒപ്പുവയ്ക്കപ്പെട്ട ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ കരാർ തൊഴിലാളികൾക്ക് സംഭവിക്കുന്ന അപകടങ്ങൾക്ക് വർക്ക്‌മെൻ കോമ്പൻസേഷൻ ആക്റ്റ് പ്രകാരമുള്ള നഷ്ടപരിഹാരം നൽകിക്കൊണ്ടിരിക്കുന്നതും കെഎസ്ഇബിയാണ്. ഈ കര്യങ്ങളെല്ലാം മാറ്റിമറിച്ചുകൊണ്ട്, വൻകിട കരാറുകാരുടെയും കുത്തകകളുടെയും കൈകളിലേക്ക് ഇത്തരം വർക്കുകളും ഏല്പിച്ചുകൊടുക്കുവാനാണ് ലൈസൻസ് സമ്പ്രദായം കൊണ്ടുവരുന്നത്. ഇത്, കേന്ദ്ര ഗവണ്മെണ്ട് വൈദ്യുതിരംഗത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വകാര്യവൽക്കരണനയത്തിന്റെ ഭാഗം തന്നെയാണ്. അപകടമരണങ്ങളുടെ പേരുപറഞ്ഞാണ് കരകാർത്തൊഴിലാളികൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നത്. എന്നാൽ സ്ഥിരം ജീവനക്കാരും അപകടമരണങ്ങളിൽപ്പെടുന്നുണ്ട്. സ്ഥിരം ജീവനക്കാർക്ക് ലൈസൻസ് ആവശ്യമില്ല. അപകടമരണങ്ങൾക്ക് കാരണം മതിയായ സുരക്ഷാ സംവിധാനമില്ലായ്മയും ഗുണനിലവാരമില്ലാത്ത പോസ്റ്റും മറ്റു മെറ്റീരിയലുകളും ഉപയോഗിക്കുന്നതുമാണ്. ആയതുകൊണ്ട്, ലൈസൻസ് സമ്പ്രദായം ഉപേക്ഷിക്കണമെന്നും അല്ലാത്ത പക്ഷം കൂടുതൽ ശക്തമായ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങാൻ തൊഴിലാളികൾ നിർബന്ധിതരാകുമെന്നും യൂണിയൻ മുന്നറിയിപ്പുനൽകി.

ഡിസംബർ 28ന് നടന്ന കോഴിക്കോട് ഉത്തരമേഖലാ ചീഫ് എഞ്ചിനീയർ ഓഫീസ് മാർച്ച് കെ.എസ്.ഇ.ബി-പി.സി.സി ലൈൻ വർക്കേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി സഖാവ് എസ്. സീതിലാൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് അസലം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് സഖാവ് വി.കെ.സദാനന്ദൻ, യു.എൻ.ബിനു, വി.ടി.ശശി, അനൂപ് ജോൺ, പി.എം.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.ഷാജി സ്വാഗതം പറഞ്ഞു.

ഡിസംബർ 29ന് ഏറണാകുളം മധ്യമേഖലാ ചീഫ് എഞ്ചിനീയർ ഓഫീസിനുമുന്നിൽ നടന്ന മാർച്ച് ജനറൽ സെക്രട്ടറി സ. എസ്. സീതിലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ മോഹനൻ, ശശിധരൻ, രാധാകൃഷ്ണൻ, സജി എന്നിവർ പ്രസംഗിച്ചു.

ഡിസംബർ 30ന് നടന്ന തിരുവനന്തപുരം ദക്ഷിണമേഖലാ ചീഫ് എഞ്ചിനീയർ ഓഫീസ് മാർച്ച് യുണിൻ സംസ്ഥാന പ്രസിഡണ്ട് സഖാവ് വി.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ജെ.സുരേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഖാവ് എസ്.സീതിലാൽ മുഖ്യപ്രസംഗം നടത്തി. ബി.വിനോദ് കൃതജ്ഞത പറഞ്ഞു.
മൂന്ന് ചീഫ് എഞ്ചിനീയർമാർക്കും യൂണിയൻ നേതാക്കൾ നിവേദനം നൽകുകയുമുണ്ടായി.

Share this