വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്ന ജിഎസ്ടി പിന്‍വലിക്കുക: പ്രതിഷേധ വാരം (ജനുവരി 25-31) വിജയിപ്പിക്കുക

Spread our news by sharing in social media

നോട്ട് നിരോധനത്തെതുടര്‍ന്ന് തളര്‍ന്ന രാജ്യത്തിന്റെ സാമ്പത്തികരംഗം ജിഎസ്ടി നടപ്പിലാക്കിയതോടെ തകര്‍ന്നിരിക്കുന്നു എന്നാണ് കഴിഞ്ഞ ആറ് മാസത്തെ അനുഭവത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഒരു രാഷ്ട്രം, ഒരു നികുതി, ഒരു കമ്പോളം എന്ന വഞ്ചനാപരമായ മുദ്രാവാക്യവുമായി അവതരിച്ച ജിഎസ്ടി രാജ്യത്തിന് ഇന്ന് വലിയൊരു ബാദ്ധ്യതയാണ്.
മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവ് ഇതിന്റെ ഒരു സൂചനമാത്രം. നികുതിഭാരമാകെ അന്തിമ ഉപഭോക്താവിന്റെ തലയില്‍ വച്ചുകെട്ടുന്ന ഈ സമ്പ്രദായം ജനങ്ങള്‍ക്ക് വലിയൊരു ആഘാതമായിരിക്കുമെന്ന് നേരത്തെതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. 2009ല്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ തുടക്കമിട്ടതാണ് ആഗോളീകരണ നയങ്ങളുടെ ഭാഗമായുള്ള ഈ നികുതി പരിഷ്‌കരണം. സിപിഐ(എം), സിപിഐ അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബിജെപി നേതൃത്വംനല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ഇത് നടപ്പിലാക്കുന്നത്. വന്‍കിട ബിസിനസ്സുകാരുടെയും കോര്‍പ്പറേറ്റുകളുടെയും താല്‍പര്യം എത്രത്തോളം ഇതില്‍ പ്രതിഫലിക്കുന്നു എന്നതിന് ഈ സമവായംതന്നെ തെളിവാണ്.
ഈ നികുതി സമ്പ്രദായത്തിന്റെ സങ്കീര്‍ണ്ണതകളുമായി പൊരുത്തപ്പെടാനാകാതെയും ചെറുകിട വ്യാപാര രംഗത്തേയ്ക്കുവരുന്ന കുത്തകകളുമായി മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാവാതെയും ചെറുകിടക്കാരും നട്ടംതിരിയുകയാണ്. 38 ശതമാനം വരുന്ന പരമ്പരാഗത-ഗ്രാമീണ ഉല്‍പാദന മേഖലയെയും ഇത് തളര്‍ത്തിക്കളഞ്ഞു.

പ്രവേശന നികുതികള്‍ വഴി നിലവിലുണ്ടായിരുന്ന സംരക്ഷണം ഇല്ലാതായതും ചെറുകിടക്കാരെ പ്രതികൂലമായി ബാധിച്ചു. ചെറുകിട വ്യാപാര, നിര്‍മ്മാണ മേഖലകള്‍ക്ക് ഇനിയും നിവര്‍ന്നുനില്‍ക്കാനാകുന്നില്ല. ഇത് തൊഴിലില്ലായ്മയും പെരുക്കുന്നു. ഭരണപക്ഷത്തുനിന്നുപോലും ഉണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് 27 ഇനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചെങ്കിലും അത് കാര്യമായ ഒരാശ്വാസവും ഉണ്ടാക്കിയിട്ടില്ല.
വാറ്റ് ചരക്കുകള്‍ക്ക് നികുതി ചുമത്തിയെങ്കില്‍ ജിഎസ്ടി നികുതി വലയിലേയ്ക്ക് സേവനങ്ങളെക്കൂടി ഉള്‍പ്പെടുത്തി. പരമാവധി 12 ശതമാനം എന്ന ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയും പാര്‍ലമെന്ററി ഉപസമിതിയുടെ ശുപാര്‍ശയും തള്ളക്കളഞ്ഞ് ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 28 ശതമാനമാണ് ഇന്ത്യയിലെ ഉയര്‍ന്ന ജിഎസ്ടി നിരക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാങ്ങല്‍ ഘട്ടത്തിലെ നികുതി കുറയ്ക്കാതെ അതിന്‍മേല്‍ കൂടി അടുത്ത വില്‍പ്പന ഘട്ടത്തില്‍ നികുതി ഏര്‍പ്പെടുത്തുന്ന സ്ഥിതിയും നിലനില്‍ക്കുന്നു. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വഴി ഉല്‍ാപദന ചിലവ് കുറയുന്നത് മുതലാളിമാര്‍ക്ക് ഗുണകരമാണ്. എന്നാല്‍ ഉല്‍പന്നത്തിന്റെ വിലയില്‍ പ്രതിഫലിക്കുകയോ ഉപഭോക്താവിന് അതിന്റെ ഗുണം ലഭിക്കുകയോ ചെയ്യുന്നില്ല.

ഇന്‍പുട്ട് ടാക്‌സ് യഥാസമയം തിരികെ നല്‍കാത്തതിന്റെ ഭാരവും ഉപഭോക്താവ് ചുമക്കേണ്ടി വരുന്നുണ്ട്. പലതരം കപട ന്യായങ്ങള്‍ നിരത്തി മുതലാളിമാര്‍ അടിസ്ഥാന വിലയില്‍തന്നെ മാറ്റം വരുത്തുന്നതും ഉപഭോക്താവിനെയാണ് ബാധിക്കുന്നത്. ഈ ഘടകങ്ങളെല്ലാം പരക്കെയുള്ള വിലവര്‍ദ്ധനവിന് ഇടയാക്കിയിരിക്കുന്നു.

ഇ-വേ ബില്‍ സമ്പ്രദായം കാര്യക്ഷമമാകുന്നതിന് മുമ്പേ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കിയത് കള്ളക്കടത്തിനും വന്‍ നികുതി വെട്ടിപ്പിനും ഇടയാക്കിയിരിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക നില അശങ്കാജനകമാണ്. ശമ്പളവും പെന്‍ഷനുംപോലും അനിശ്ചിതത്വത്തിലായിത്തുടങ്ങി. സംസ്ഥാനത്തിന്റെ കടംവാങ്ങല്‍ ശേഷിയും ദുര്‍ബലമായിരിക്കുന്നു. ഇതിന്റെയെല്ലാം പ്രത്യാഘാതം നേരിടേണ്ടിവരുന്നത് സാധാരണ ജനങ്ങളാണെന്ന് വ്യക്തമാണല്ലോ.

വന്‍കിടക്കാരെയും കോര്‍പ്പറേറ്റുകളെയും നേരിട്ട് ബാധിക്കുന്ന നികുതികള്‍ കുറച്ചുകൊണ്ടുവരുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പും ജനങ്ങള്‍ തിരിച്ചറിയണം. കോര്‍പ്പറേറ്റ് നികുതി ഒറ്റയടിക്ക് 5 ശതമാനം കുറച്ചെങ്കില്‍ സ്വത്ത് നികുതി വെറും ഒരു ശതമാനം മാത്രമാണ്. ജിഎസ്ടിയുടെ പിടിയിലമര്‍ന്നതോടെ സേവന മേഖലകളിലാകെ വമ്പിച്ച ചാര്‍ജ്ജ് വര്‍ദ്ധനവ് നിലവില്‍വന്നുകഴിഞ്ഞു.

വന്‍വിലക്കയറ്റവും സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നടപടികള്‍ പിന്‍വലിപ്പിക്കുന്നതിനായി രാജ്യവ്യാപകമായ പ്രതിഷേധം വളര്‍ന്നുവരേണ്ടതുണ്ട്. തനതായും സാദ്ധ്യമായത്ര മറ്റുപ്രസ്ഥാനങ്ങളുമായി സഹകരിച്ചുകൊണ്ടും ഇന്ത്യയെമ്പാടും സമരപാതയിലാണ് എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി. ദേശവ്യാപകമായ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജനുവരി 26 മുതല്‍ 31 വരെ കേരളത്തില്‍ പ്രതിഷേധവാരം ആചരിക്കുന്നത്.

Share this