ശാസ്ത്രവിരുദ്ധതയിൽ സംഘപരിവാറിനോട് മത്സരിക്കുന്ന സിപിഐ(എം).

Spread our news by sharing in social media

ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളിൽ ശാസ്ത്രീയവശമുണ്ട്. ക്ഷേത്രത്തെക്കുറിച്ചുള്ള ചിന്ത മനുഷ്യന് ഉണർവ്വുണ്ടാക്കും… നാടിന് ചലനാത്മകതയും വളർച്ചയുമുണ്ടാക്കും. ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ നന്മയുണ്ടാക്കും. മനുഷ്യന്റെ കർമ്മശേഷി കൂട്ടും. 1400 വർഷങ്ങൾക്കു മുമ്പുള്ള ക്ഷേത്ര അനുഷ്ഠാനങ്ങളിലൂന്നി ശാസ്ത്രലോകം ഇന്ന് നിരീക്ഷണം നടത്തുന്നു. ഹോമങ്ങളും പൂജകളും മനുഷ്യരുടെയും പ്രകൃതിയുടെയും സംരക്ഷണം പ്രദാനം ചെയ്യുന്നു.’ ഭൂതകാലത്തെപ്പറ്റിയുള്ള മിഥ്യാഭിമാനത്താൽ വിജൃംഭിതനായ ഏതെങ്കിലും സംഘപരിവാർ ബുദ്ധിജീവിയുടെ വാക്കുകളാണ് മേല്പറഞ്ഞവയെന്ന് കരുതിയെങ്കിൽ തെറ്റി. ദ്വന്ദ്വാത്മകഭൗതികവാദത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നുവെന്നവകാശപ്പെടുന്ന സിപിഐ(എം)-ന്റെ കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി.ജയരാജന്റെ പ്രസംഗത്തിൽ പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ട വരികളാണിവ. ശബരിമലയിൽ തീപിടിത്തമുണ്ടായപ്പോൾ, ഒരു ക്ഷേത്രം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രിയുണ്ടായിരുന്ന ഒരു നാട്ടിലാണ് ഇന്ന് ഭരണകക്ഷിയുടെ പ്രമുഖ നേതാവ് ഈ ക്ഷേത്രമാഹാത്മ്യം പ്രസംഗിക്കുന്നത്. സാമൂഹ്യവിപ്ലവത്തിനുള്ള ഉപാധിയെന്ന നിലയിൽ കേരളത്തിൽ ക്ഷേത്രങ്ങളും വിഗ്രഹങ്ങളും സ്ഥാപിച്ചിരുന്ന ശ്രീനാരായണഗുരു ഒരു നൂറ്റാണ്ട് മുമ്പ് ക്ഷേത്രങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകൾ കൂടി ഈ പശ്ചാത്തലത്തിൽ സ്മരിക്കുന്നത് കൗതുകകരമാണ്. അദ്ദേഹം പറഞ്ഞു: ‘ഇനി ക്ഷേത്രനിർമ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്… തൽക്കാലം ക്ഷേത്രം വേണ്ടെന്ന് പറഞ്ഞാൽ ജനങ്ങൾ കേൾക്കുകയില്ല. നിർബ്ബന്ധമാണെങ്കിൽ ചെറിയ ക്ഷേത്രം വച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ച് പള്ളിക്കൂടങ്ങൾ കെട്ടുവാനാണുത്സാഹിക്കേണ്ടത്. ശുചിയും മറ്റും ഉണ്ടാക്കുവാൻ ക്ഷേത്രം കൊള്ളാം. ജാതിഭേദം കൂടാതെ ഒരു പൊതു ആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചുചേർക്കുവാൻ ക്ഷേത്രങ്ങൾക്ക് കഴിയുമെന്ന് തോന്നിയിരുന്നു. അനുഭവം നേരെമറിച്ചാണ്. ക്ഷേത്രം ജാതിവ്യത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങൾക്ക് വിദ്യാഭ്യാസം കൊടുപ്പാൻ ശ്രമിക്കണം. അവർക്ക് അറിവുണ്ടാകട്ടെ. അതുതന്നെയാണ് അവരെ നന്നാക്കുവാനുള്ള മരുന്ന്.’ ആദ്ധ്യാത്മികവാദിയായിരുന്ന ഗുരു ഒരു നൂറ്റാണ്ട് മുമ്പ് പറഞ്ഞതിനെക്കാൾ എത്രയോ പിന്നാക്കം നിൽക്കുന്ന അഭിപ്രായമാണ് ദ്വന്ദ്വാത്മകഭൗതികവാദമെന്ന ശാസ്ത്രീയദർശനത്തിന്റെ വക്താവായി കരുതപ്പെടുന്ന നേതാവ് ഇന്ന് പറയുന്നത്!
പക്ഷെ, ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇ.പി.ജയരാജന്റെ മേല്പറഞ്ഞ പ്രസംഗത്തിനും ഏതാനും നാളുകൾ മുമ്പാണ് മറ്റൊരു സിപിഐ(എം) നേതാവും മന്ത്രിയുമായ എ.കെ.ബാലൻ ജ്യോതിഷം സത്യമാണെന്ന പ്രസ്താവന നടത്തിയത്. സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് താനത് പറയുന്നത് എന്നദ്ദേഹം സാക്ഷ്യപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലെ സിപിഐ(എം) നേതാക്കൾ മതപരമായ അനുഷ്ഠാനങ്ങളുടെയും കാലഹരണപ്പെട്ട ആശയങ്ങളുടെയും വക്താക്കളായി രംഗത്ത് വരാൻ പ്രത്യേക താല്പര്യമെടുക്കുന്നതായി കാണുന്നു. ശാസ്ത്രവിരുദ്ധതയുടെ കാര്യത്തിൽ അവർ സംഘപരിവാറുമായി മത്സരിക്കുകയാണോ എന്ന് തോന്നിപ്പോകും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഭക്തശിരോമണിയായി കുപ്പായമൂരി ക്ഷേത്രങ്ങളിൽ തൊഴുതുനിൽക്കുന്ന ചിത്രങ്ങൾ പത്രങ്ങളിൽ അച്ചടിച്ചുവരുന്നു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ധനകാര്യമന്ത്രി തോമസ് ഐസക്കും കാഴ്ചദ്രവ്യങ്ങളുമായി ചെന്ന് മഠാധിപതിയെ നമസ്‌കരിക്കുന്നു.
നേതാക്കൾ ഇങ്ങനെ പൊതുവേദികളിൽ മതാനുഷ്ഠാനങ്ങളിലേർപ്പെടുമ്പോൾ അണികളും വിട്ടുകൊടുക്കുന്നില്ല. ഗണേശോത്സവം, ശ്രീകൃഷ്ണജയന്തി തുടങ്ങിയ വേളകളിൽ ഘോഷയാത്രകൾ സംഘടിപ്പിച്ചും വ്യത്യസ്ത ദേവാലയങ്ങളിലെ ഉത്സവങ്ങൾക്ക് ആശംസകൾ നേരുന്ന ബാനറുകളും ബോർഡുകളും സ്ഥാപിച്ചും അവരും തങ്ങളാലാവും വിധം കാര്യങ്ങൾ കൊഴുപ്പിക്കുന്നുണ്ട്. ദോഷം പറയരുതല്ലോ, നേതാക്കൾ ഹിന്ദുമതാനുഷ്ഠാനങ്ങളിൽ മാത്രമേ പങ്കെടുക്കുന്നുള്ളു എന്ന് പറഞ്ഞുകൂടാ. ക്രിസ്ത്യൻ മുസ്ലീം മതവിഭാഗങ്ങളിൽ നിന്ന് വരുന്ന നേതാക്കളിൽ ചിലരെങ്കിലും അവരവരുടേതായ മതചടങ്ങുകളിൽ പങ്കെടുത്തുവരുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പിണറായി വിജയൻ നയിച്ച കേരളയാത്രയിലുടനീളം പങ്കെടുത്ത യുവനേതാവ് കെ.ടി.ജലീൽ സമയാസമയങ്ങളിൽ പരസ്യമായി നിസ്‌കരിച്ച് തന്റെ മതനിഷ്ഠ മാലോകരെ ബോദ്ധ്യപ്പെടുത്തിയത് ഉദാഹരണം. എങ്കിലും കേന്ദ്രഭരണം നിയന്ത്രിക്കുന്ന സംഘപരിവാർ ഉയർത്തുന്ന ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തെ ജനാധിപത്യവ്യവസ്ഥിതിക്ക് തന്നെ ഭീഷണിയുയർത്തിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഹിന്ദുത്വവാദികളുടെ ആശയങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും കമ്മ്യൂണിസ്റ്റ് എന്നറിയപ്പെടുന്ന പാർട്ടിയുടെ നേതാക്കൾ നൽകുന്ന പിന്തുണ കൂടുതൽ അപകടകരമാണെന്ന് കാണാൻ കഴിയും.
സിപിഐ(എം) നേതാക്കളുടെ മേല്പറഞ്ഞ ചെയ്തികളിൽ രണ്ട് പ്രശ്‌നങ്ങൾ ഉള്ളടങ്ങിയിട്ടുണ്ട്. ഒന്ന് അവരുടെ പ്രഖ്യാപിത വിശ്വാസപ്രമാണത്തിന് കടകവിരുദ്ധമാണ് അവയെന്നുള്ളതാണ്. വിലകുറഞ്ഞ ജനസമ്മതിക്കുവേണ്ടി സ്വന്തം ആദർശങ്ങൾക്കെതിരെ പ്രവർത്തിക്കുകയെന്നത് ആത്മവഞ്ചനയാണ്. അതല്ല, ഈ ചെയ്തികളും വാക്കുകളും അവരുടെ വിശ്വാസത്തിന് അനുസരിച്ചുള്ളവ തന്നെയെങ്കിൽ അതിന് വിപരീതമായ ആദർശമുള്ള പാർട്ടിയിൽ അവർ നേതാക്കളായിരിക്കുന്നത് തികഞ്ഞ ആത്മവഞ്ചനയാണ്. പ്രതിലോമശക്തികൾക്ക് വളക്കൂറുള്ള മണ്ണ് സൃഷ്ടിക്കുന്ന തരത്തിൽ രാഷ്ട്രീയമണ്ഡലത്തെ ഗ്രസിച്ചിരിക്കുന്ന ധാർമ്മികാപചയത്തിന് ആക്കം കൂട്ടാനേ ആത്മവഞ്ചന ഉപകരിക്കുകയുള്ളു. രണ്ടാമതായി, അത് ജനാധിപത്യത്തിന്റെ അടിസ്ഥാനധാരണകളിലൊന്നായ മതേതരത്വത്തിന് വിരുദ്ധമാണ് എന്നതാണ്. മതേതരത്വമെന്നാൽ എല്ലാ മതങ്ങൾക്കും തുല്യപ്രോത്സാഹനം എന്ന വികലമായ ധാരണയാണ് സ്വാതന്ത്ര്യാനന്തരം ഇൻഡ്യ ഭരിച്ച ബൂർഷ്വാ പാർട്ടികളെല്ലാം വച്ചുപുലർത്തിയിട്ടുള്ളത്. എന്നാൽ മതേതരത്വത്തിന്റെ ശരിയായ അർത്ഥം ഭരണകൂടം ഒരു പ്രകൃത്യതീത ശക്തിയെയും അംഗീകരിക്കാതിരിക്കുക എന്നതാണ്. മതേതര ഭരണകൂടം ഒരു മതത്തിലും വിശ്വസിക്കുന്നില്ല. മതവിശ്വാസം വ്യക്തിയുടെ സ്വകാര്യവിശ്വാസത്തിന്റെ കാര്യമായി മാത്രം പരിഗണിക്കുന്നു. പ്രോത്സാഹിപ്പിച്ചുകൊണ്ടോ നിരുത്സാഹപ്പെടുത്തിക്കൊണ്ടോ ഭരണകൂടം മതവിശ്വാസത്തിൽ ഇടപെടുന്നില്ല. പൊതുജീവിതത്തിൽ മതം ഇടപെടാൻ അനുവദിക്കുന്നുമില്ല. ഭരണപരമായ ചുമതല വഹിക്കുന്നവരും ഉത്തരവാദിത്വമുള്ള രാഷ്ട്രീയ നേതാക്കളും പൊതുവേദികളിൽ മതപരമായ ചടങ്ങുകളിൽ ഏർപ്പെടാതിരിക്കുകയെന്നത് മതേതരത്വം പാലിക്കപ്പെടാൻ അവശ്യം വേണ്ട കാര്യമാണ്. മതേതരത്വം വൈദേശികാശയമാണെന്നും അത് ഭരണഘടനയിൽ നിന്ന് തന്നെ നീക്കം ചെയ്യണമെന്നും വാദിക്കുന്നവരാണ് സംഘപരിവാർ ശക്തികൾ. ഈ സാഹചര്യത്തിൽ പ്രത്യേകിച്ചും മതേതരത്വം തികഞ്ഞ നിഷ്‌കർഷയോടെ നടപ്പിലാക്കുകയെന്നത് ജനാധിപത്യവിശ്വാസികളുടെ കർത്തവ്യമായിരിക്കുന്നു. പക്ഷെ, വോട്ടിൽ മാത്രം കണ്ണ് നട്ടുകൊണ്ട് പ്രവർത്തിക്കുന്ന സിപിഐ(എം) നേതാക്കൾ ഈ അടിയന്തര കർത്തവ്യം വിസ്മരിച്ചിരിക്കുന്നു. അങ്ങേയറ്റം ആത്മഹത്യാപരമായ നീക്കമാണിതെന്ന് പറയാതെ വയ്യ. മതേതരത്വവും ജനാധിപത്യവും തകർക്കുകയെന്ന ഫാസിസ്റ്റ് അജണ്ടയെ മാത്രം സഹായിക്കുന്ന ഈ അപഥസഞ്ചാരം അവസാനിപ്പിച്ച് ശരിയായ ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ നേതൃത്വത്തോടാവശ്യപ്പെടാൻ സിപിഐ(എം) അനുകൂലികളായ യഥാർത്ഥ ഇടതുപക്ഷവിശ്വാസികൾ മുന്നോട്ട് വരേണ്ടിയിരിക്കുന്നു.

Share this