സ്ഥിരംതൊഴിൽ ഇല്ലാതാക്കുന്നു; യുവജനങ്ങൾ സംഘടിക്കണം

Spread our news by sharing in social media

രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സ്ഥിരം തൊഴിൽകൂടി ഇല്ലാതാക്കപ്പെടുന്നതോടെ കോടിക്കണക്കിനു യുവാക്കളുടെ ഭാവി കൂടുതൽ അനിശ്ചിതത്വത്തിലേക്കാകുന്നു. മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടി പോലെയുള്ള നയങ്ങളും തൊഴിലില്ലായ്മ പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നതായിരുന്നു. സ്ഥിരസ്വഭാവമുള്ള തൊഴിലുകളിൽ കരാർ ജീവനക്കാരെ നിയമിക്കരുതെന്ന കരാർ തൊഴിലാളി നിയമത്തിലെ പത്താം വകുപ്പ് ഭേദഗതി ചെയ്യുവാൻ നീതി ആയോഗിന്റെ നിർദ്ദേശ പ്രകാരം തൊഴിൽ വകുപ്പ് തീരുമാനിച്ചിരിക്കുന്നു. ഭേദഗതിയുടെ കരട് അടിയന്തര ഗസറ്റ് വിജ്ഞാപനം വഴി പുറത്തിറക്കുകയും ചെയ്തു. ഇത് നടപ്പാക്കപ്പെട്ടാൽ സർക്കാർ സർവ്വീസിൽ അവശേഷിച്ചിട്ടുള്ള സ്ഥിരം തൊഴിലും ഇല്ലാതാക്കപ്പെടും. മാത്രമല്ല, ഇപ്പോൾത്തന്നെ സ്വകാര്യ മേഖലകളിൽ നടക്കുന്ന നിർബാധമായ തൊഴിൽ ചൂഷണം കൂടുതൽ ശക്തിപ്പെടുത്തുവാൻ കുത്തകകൾക്ക് അവസരം ഒരുക്കപ്പെടുകയും ചെയ്യും.
കേരളത്തിലും തൊഴിലില്ലായ്മ പ്രശ്‌നം ഗുരുതര സ്വഭാവം കൈവരിച്ചിരിക്കുന്നു. തണ്ടർബോൾട്ട് റാങ്ക് ലിസ്റ്റിലുള്ള 5 യുവാക്കൾ സെക്രട്ടേറിയറ്റിനുമുന്നിലുള്ള 5 നില കെട്ടിടത്തിൽകയറി ആത്മഹത്യ ചെയ്യുവാൻ തയ്യാറായി. അവർ ഉയർത്തിപ്പിടിച്ചിരുന്ന ബാനറിൽ ഇപ്രകാരം എഴുതിയിരുന്നു:’നിയമനം അല്ലെങ്കിൽ മരണം’. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കൾ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ പ്രശ്‌നത്തിന്റെ ഭീകരത വെളിവാക്കുന്ന ഒരു സംഭവം മാത്രമാണിത്. കെഎസ്ഇബി മസ്ദൂർ റാങ്ക് ലിസ്റ്റിൽപ്പെട്ട നൂറുകണക്കിന് ഉദ്യോഗാർത്ഥികളുടെ നിരാഹാര സമരം 9 ദിവസം പിന്നിട്ടുകഴിഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നിലപാടുണ്ടാകാതെ വന്നപ്പോൾ വലിയൊരു മരത്തിൽ കയറി ജീവൻവെടിയാൻ തയ്യാറായ ഒരു യുവാവിനെയും നാം കണ്ടതാണ്. സർക്കാർ ജോലി സ്വപ്‌നംകണ്ട് നല്ലപ്രായം മുഴുവൻ പഠിച്ച്, പിഎസ്‌സിയുടെ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് നിയമനത്തിനുവേണ്ടി ദീർഘകാലമായി സമരം ചെയ്യുന്നതും ആത്മാഹൂതിക്കുപോലും തയ്യാറാകുന്നതും.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗ തീരുമാനം എല്ലാ സർക്കാർ വകുപ്പുകളിലേയും ഒഴിവുകൾ പത്തുദിവസത്തിനുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു. എന്നാൽ, പത്തുദിവസത്തിനുള്ളിൽ 1590 ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആരോഗ്യവകുപ്പിൽ 700 അസിസ്റ്റന്റ് സർജന്മാരുടെ ഒഴിവുകളാണ് പിഎസ്‌സിയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, അസിസ്റ്റന്റ് സർജൻമാരുടെ റാങ്ക് ലിസ്റ്റിൽ 2145 പേരുണ്ട്. 66 സ്റ്റാഫ് നഴ്‌സുമാരുടെ പേരുകളും ഇതേ സമയത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. പൊതുജനാരോഗ്യമേഖല സുഗമമായി പ്രവർത്തിക്കുവാൻ ആയിരക്കണക്കിന് നഴ്‌സുമാരെ നിയമിക്കേണ്ടതുണ്ട് എന്ന യാഥാർത്ഥ്യം നിലനിൽക്കെയാണ് സർക്കാരും പിഎസ്‌സിയും തമ്മിലുള്ള ഇത്തരം ഒത്തുകളികൾ നടക്കുന്നത്. 1964-ലെ സ്റ്റാഫ് പാറ്റേണാണ് ആരോഗ്യവകുപ്പിൽ നിലനിൽക്കുന്നത് എന്നതും സർക്കാരുകളുടെ നിരുത്തരവാദ സമീപനത്തിന്റെ ദൃഷ്ടാന്തമാണ്.

ജീവനക്കാരെ പരമാവധി കുറച്ചുകൊണ്ട് സിവിൽ സർവ്വീസിനെ മെലിയിച്ചെടുക്കുക (ഹെശാാമൃശ്വല) എന്നത് ഭരണ നവീകരണ പരിപാടി(ങഏജ)യുടെ ഭാഗമായുള്ള നയമാണ്. സ്ഥിരസ്വഭാവത്തിലുള്ള തൊഴിലിൽ കരാർ ജീവനക്കാരെ നിയമിക്കാൻ പാടില്ല എന്ന നിയമം ഉണ്ടെങ്കിലും കരാർ നിയമനങ്ങൾ യഥേഷ്ടം നടത്തുകയാണ് സർക്കാർ. പിഎസ്‌സിയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ സമരസംഘടനകൾ രൂപീകരിച്ച് പ്രക്ഷോഭവുമായി തെരുവുകളിലാണ്.
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ 18,000 ഉദ്യോഗാർത്ഥികൾ ഉണ്ടെന്നിരിക്കെ, വർഷങ്ങൾകൊണ്ട് 1500 പേർക്കുമാത്രമാണ് പിഎസ്‌സി നിയമനം നൽകിയത്. കെഎസ്ഇബി, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 2014 സെപ്തംബർ 22 ന് ആയിരുന്നു. മെയിൻലിസ്റ്റിൽ 5956 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 6320 പേരും ഭിന്നശേഷി ലിസ്റ്റിൽ 374 പേരും ഉൾപ്പെടെ 12650 പേരുണ്ട്. ആകെ നിയമനം നടന്നതാകട്ടെ 2310 മാത്രവും. 59239 പേരുള്ള എൽഡിസി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ട് രണ്ടര വർഷം കഴിഞ്ഞിരിക്കുന്നു. ലിസ്റ്റിന്റെ കാലാവധി കഴിയുവാൻ 6 മാസം മാത്രം ബാക്കി നിൽക്കെ, ഉദ്യോഗാർത്ഥികൾ ആശങ്കയോടെ ദിവസങ്ങൾ എണ്ണുകയാണ്. കെഎസ്ഇബി ആകട്ടെ, ഒഴിവുകൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്യുന്നില്ല. ജീവനക്കാരുടെ കുറവ് കെഎസ്ഇബിയുടെ പ്രവർത്തനങ്ങളെപ്പോലും ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത് ഗവൺമെന്റിന്റെ നയത്തിന്റെ ഭാഗംതന്നെയാണ്. മെഡിക്കൽ, എഞ്ചിനീയറിംഗ്, നഴ്‌സിംഗ്, ടീച്ചിംഗ് ബിരുദധാരികളും ഗുരുതരമായ തൊഴിലില്ലായ്മ പ്രശ്‌നം അഭിമുഖീകരിക്കുന്നവരാണ്. ഓൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷ(എഐസിടിഇ)ന്റെ 2017 റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞിറങ്ങുന്നവരിൽ 60 ശതമാനവും തൊഴിൽരഹിതരാണെന്നാണ്. തൊഴിൽ ലഭിക്കുന്നവർക്കാകട്ടെ, തുച്ഛമായ ശമ്പളമാണ് കിട്ടുന്നത്. ഉന്നതബിരുദമുണ്ടെങ്കിലും താഴ്ന്ന വിദ്യാഭ്യാസയോഗ്യത ആവശ്യപ്പെടുന്ന ജോലികൾ ചെയ്യുവാൻ യുവാക്കൾ തയ്യാറാകേണ്ട ഗതികേടും നിലവിലുണ്ട്.

തൊഴിലില്ലായ്മ പ്രശ്‌നം, മാറി മാറി അധികാരത്തിൽവരുന്ന ഗവൺമെന്റുകളുടെ പരിഗണനാവിഷയം പോലുമല്ലാതായി മാറിയിരിക്കുന്നു. തൊഴിൽദാതാവെന്ന ഉത്തരവാദിത്തത്തിൽനിന്നും സർക്കാരുകൾ പിന്നോട്ടുപോകുന്നത് ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായാണ്. സർക്കാർ ജോലി പ്രതീക്ഷിച്ചിരിക്കാതെ സംരംഭകരാകൂ എന്നാണ് സർക്കാരുകൾ വിദ്യാർത്ഥികളോടും യുവാക്കളോടും ആഹ്വാനം ചെയ്യുന്നത്. കഴിഞ്ഞ യുഡിഎഫ് ഗവൺമെന്റ് ബജറ്റിന്റെ ഒരു ശതമാനം യുവസംരംഭകർക്കുവേണ്ടി മാറ്റിവയ്ക്കുമെന്ന് പറയുകയും ‘സ്റ്റുഡന്റ് എന്റർപ്രണർഷിപ്പ് ഡേ’ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാ കോളേജുകളിലും സംരംഭകത്വ വികസന ക്ലബ്ബുകൾ ആരംഭിക്കുമെന്ന് അവർ വാഗ്ദാനം ചെയ്തു. എൽഡിഎഫ് ഗവൺമെന്റും ഇതേ പാത പിന്തുടർന്ന് സ്റ്റാർട്ട് അപ്പ് ആശയവുമായി യുവാക്കളെ കബളിപ്പിക്കുകയാണ്.
ഇതെല്ലാം കാണിക്കുന്നത് കേരളത്തിൽ ഭയാനകമായി വളർന്നുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ വലിയ സാമൂഹ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു എന്നാണ്. യുവാക്കളിൽ സംരംഭകത്വം എന്ന വ്യാമോഹം സൃഷ്ടിച്ച് തൊഴിലില്ലായ്മ പ്രശ്‌നത്തിൽനിന്ന് ശ്രദ്ധതിരിക്കുവാനുള്ള അടവുമാത്രമാണ് മേൽപ്പറഞ്ഞ സംരംഭകത്വ പദ്ധതികളെല്ലാം. മുതലാളിത്ത സാമൂഹ്യക്രമത്തിന്റെ അനിവാര്യ സൃഷ്ടിയാണ് തൊഴിലില്ലായ്മ. യുവാക്കളുടെ ഇടയിൽ വർദ്ധിച്ചുവരുന്ന സാംസ്‌കാരിക അധഃപതനത്തിന്റെ കാരണവും തൊഴിലില്ലായ്മയാണ്. തൊഴിൽരഹിതരായ ചെറുപ്പക്കാർ നിലനിൽപ്പിനുവേണ്ടി സാമൂഹ്യവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവൃത്തികളിൽ ഏർപ്പെടുകയും ആത്യന്തികമായി കുറ്റവാളികളായി മാറുകയും ചെയ്യുന്നു. ഈ സാഹചര്യത്തെ നേരിടുവാൻ ഉയർന്ന സാംസ്‌കാരിക-നൈതിക നിലവാരത്തോടെയുള്ള വലിയൊരു യുവജന മുന്നേറ്റം വളർത്തിയെടുക്കേണ്ടതുണ്ട്.

 

Share this