നെൽകർഷകർക്ക് C2+50% താങ്ങുവില നടപ്പാക്കുക, സംഭരണ നയത്തിലെ അപാകതകൾ പരിഹരിച്ച് നെൽവില ലഭ്യമാക്കാൻ റിവോൾവിംഗ് ഫണ്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നെൽകർഷക സംരംക്ഷണ സമിതി രണ്ടാം സംസ്ഥാന സമ്മേളനം കുട്ടനാട്ടിലെ മാമ്പുഴക്കരിയിൽ സംഘടിപ്പിച്ചു.
എം.എസ്.സ്വാമിനാഥൻ നഗറിൽ നടന്ന സമ്മേളനം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. കർഷകർക്ക് ന്യായമായ വേതനവും തുല്യമായ ആനുകുല്യങ്ങളും കൃത്യമായ ന്യായവിലയും ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യപ്രഭാഷണം നടത്തി. നെൽകർഷക സംരംക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് കാഞ്ഞിരം അദ്ധ്യക്ഷത വഹിച്ചു. നെൽകർഷകനും ചലച്ചിത്രനടനുമായ കൃഷ്ണപ്രസാദ് രചിച്ച ‘ഹൃദയപൂർവ്വം കർഷക നടൻ’ എന്ന പുസ്തകം മുതിർന്ന കർഷക കല്യാണിക്ക് നൽകി പ്രകാശനം ചെയ്തു. തുടർന്ന് കുട്ടനാട്ടിലെ മുതിർന്ന നെൽ കർഷകനും ജീവകാരുണ്യ പ്രവർത്തകനുമായ ജോസ് ജോൺ വെങ്ങാന്തറയെ ആദരിച്ചു.
തോമസ് കെ. തോമസ് എംഎൽഎ, ഫാദർ ഡോ.ടോം പുത്തൻകുളം, സന്തോഷ് ശാന്തി, എസ്.കൃഷ്ണകുമാർ, കെ.അബ്ദുൾ അസീസ്, കെ.ചിദംബരം കുട്ടി മാസ്റ്റർ, വി.ജെ.ലാലി, സാം ഈപ്പൻ, സി.പ്രഭാകരൻ, പി. ആർ.സതീശൻ, ലാലിച്ചൻ പള്ളിവാതുക്കൽ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നൂറ് കണക്കിന് കർഷകർ പങ്കെടുത്ത കർഷറാലി സംഘടിപ്പിച്ചു. പ്രായാധിക്യവും മറന്ന് മുതിർന്ന കർഷകരും അമ്മമാരും കുടുംബാംഗങ്ങളും പങ്കെടുത്ത കർഷക റാലിയിൽ വൻ പ്രതിഷേധമാണ് അലയടിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, പി. വേലായുധൻ നായർ, കോർഡിനേറ്റർ ജോസ് കാവനാട്, രക്ഷാധികാരികളായ സണ്ണി തോമസ്, വിശ്വനാഥപിള്ള, സന്തോഷ് പറമ്പിശേരി, സുഭാഷ്, മാത്യൂ തോമസ്, പി.എസ്.വേണു, കെ.ബി.മോഹനൻ എന്നിവർ റാലിയിൽ പങ്കെടുത്തു.
