പണിമുടക്ക് പ്രഖ്യാപനം സംബന്ധിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമിതിക്ക് എഐയുടിയുസി സംസ്ഥാന സെക്രട്ടറി നൽകുന്ന കത്ത്‌

Spread our news by sharing in social media

To,
1. സഖാവ് എളമരം കരീം
(പ്രസിഡണ്ട്, സംസ്ഥാന സംയു
ക്ത ട്രേഡ് യൂണിയൻ സമിതി)
2. സഖാവ് കെ.പി.രാജേന്ദ്രൻ
(കൺവീനർ)
3. ശ്രീ. ആർ.ചന്ദ്രശേഖരൻ
(സെക്രട്ടറി)

പ്രിയ സഖാവേ/സുഹൃത്തേ,

സ്ഥിരം തൊഴിൽ സമ്പ്രദായംതന്നെ ഇല്ലായ്മ ചെയ്യുന്ന വിധത്തിലുള്ള ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്റ് (സ്റ്റാന്റിംഗ് ഓർഡേഴ്‌സ്) ആക്ട് 1946ന് ഭേദഗതി വരുത്തിക്കൊണ്ടുള്ള കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഏപ്രിൽ 2ന് സംസ്ഥാനത്ത് പൊതുപണിമുടക്ക് നടത്താൻ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി ആഹ്വാനം ചെയ്തതായി മാർച്ച് 23ന്റെ പത്രങ്ങളിൽ നിന്നുമാണ് അറിയാൻ കഴിഞ്ഞത്. സിഐറ്റിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ മീറ്റിംഗിന്റെ ഭാഗമായി കോഴിക്കോട്ട് നടന്ന ട്രേഡ് യൂണിയൻ സമ്മേളനത്തിൽ പങ്കെടുത്ത അഞ്ച് ട്രേഡ് യൂണിയനുകൾ ചേർന്നാണ് ഈ പ്രഖ്യാപനം നടത്തിയതെന്ന് മാധ്യമങ്ങൾ മുഖേന മനസ്സിലായി.
പൊതു പണിമുടക്ക് പോലുള്ള സമരങ്ങൾ നടത്തി പ്രതിഷേധിക്കേണ്ടതായ കടുത്ത തൊഴിലാളി വിരുദ്ധ -ജനവിരുദ്ധ നടപടിയാണ് കേന്ദ്ര സർക്കാറിൽ നിന്നും ഉണ്ടായിട്ടുള്ളത് എന്ന കാര്യത്തിൽ ആർക്കും തന്നെ സംശയമില്ല. എല്ലാ ജനാധിപത്യ മൂല്യങ്ങളെയും ട്രേഡ് യൂണിയൻ നടപടിക്രമങ്ങളെയും കീഴ്‌വഴക്കങ്ങളെയും കാറ്റിൽ പറത്തി ഏകപക്ഷീയവും ഏകാധിപത്യപരവുമായ രീതിയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ വിജ്ഞാപനത്തെ ശക്തമായ, യോജിച്ച തൊഴിലാളി പ്രക്ഷോഭണങ്ങൾകൊണ്ട് ചെറുത്ത് പരാജയപ്പെടുത്തുകതന്നെ വേണം.
എന്നാൽ, സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ പേരിൽ താങ്കൾ നടത്തിയ പണിമുടക്ക് പ്രഖ്യാപന രീതി പലേ കാരണങ്ങളാൽ പണിമുടക്കിന്റെ ലക്ഷ്യത്തെ തന്നെ ദുർബലപ്പെടുത്തുന്നതായിപ്പോയി.ഒന്നാമതായി, ഇൻഡസ്ട്രിയൽ എംപ്ലോയ്‌മെന്റ്(സ്റ്റാന്റിംഗ് ഓർഡേഴ്‌സ്) ആക്ട് 1946 ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ വിനാശകരമായ ഭേദഗതി കൊണ്ടുവരുന്ന പ്രശ്‌നം കേന്ദ്ര ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ സമിതിയുടെ മുമ്പാകെയുള്ളതാണ്. കേന്ദ്ര ട്രേഡ് യൂണിയനുകളുമായി ആലോചിക്കാതെ വസ്ത്രനിർമ്മാണ മേഖലയിൽ നിശ്ചിതകാല തൊഴിലിന് അംഗീകാരം നൽകിക്കൊണ്ട് 2018 ജനുവരി 8ന് കേന്ദ്ര തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലും, കേന്ദ്രബഡ്ജറ്റിൽ ധനകാര്യമന്ത്രി നടത്തിയ പ്രഖ്യാപനത്തിലും പ്രതിഷേധിച്ചു കൊണ്ട്, 15.2.2018ന് കേന്ദ്ര തൊഴിൽ മന്ത്രാലയം വിളിച്ചു ചേർത്ത ത്രികക്ഷി യോഗത്തിൽ നിന്നും കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികൾ ഇറങ്ങിപ്പോന്നതും സംയുക്തമായി പ്രതിഷേധ കുറിപ്പ് നൽകിയിട്ടുള്ളതും താങ്കൾക്കറിയാവുന്നതാണല്ലോ? സ്വാഭാവികമായും, മാർച്ച് 16ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനത്തെ തുടർന്ന് അഖിലേന്ത്യാ തലത്തിൽതന്നെ പ്രതിഷേധ സമര പരിപാടികൾ കേന്ദ്ര സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഇതുപോലുള്ള മുൻ സന്ദർഭങ്ങളിലെല്ലാം അങ്ങിനെ ഉണ്ടായിട്ടുണ്ട്. അഖിലേന്ത്യാ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ഇത്തരമൊരു ദേശീയ പ്രശ്‌നത്തിൽ സംസ്ഥാനത്തു മാത്രമായി പൊതുപണിമുടക്ക് പ്രഖ്യാപിച്ചതിൽ ഒരു ഔചിത്യക്കുറവുണ്ട്. ഈ പ്രശ്‌നത്തിൽ ഏപ്രിൽ 2നു ശേഷം അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അതിൽനിന്നും കേരളം വിട്ടുനിൽക്കേണ്ടി വരുമല്ലോ. അത് ദേശീയ പ്രക്ഷോഭത്തിന്റെ ശക്തി കുറയ്ക്കുകയും ചെയ്യും.
രണ്ടാമതായി, സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി വിളിച്ചുചേർക്കുകയോ അതിലെ ഘടക യൂണിയനുകളുമായി ഒരു പര്യാലോചന നടത്തുകയോ ചെയ്യാതെ, ഏതാനും യൂണിയനുകൾ മാത്രം ചേർന്ന്, ഒരു യൂണിയന്റെ സമ്മേളന വേദിയിൽവച്ച് നടത്തിയ പണിമുടക്ക് പ്രഖ്യാപനം, ജനാധിപത്യപരമായ നടപടി ക്രമങ്ങൾക്കും സമ്പ്രദായങ്ങൾക്കും യോജിച്ചതല്ല.
മൂന്നാമതായി, എല്ലാ വിഭാഗം തൊഴിലാളികൾക്കും, പ്രത്യേകിച്ച് സംഘടിത-വ്യവസായ മേഖലാ തൊഴിലാളികൾക്ക്, ആശങ്കയില്ലാതെ പണിമുടക്കിൽ പങ്കെടുക്കുവാൻ അവസരമുണ്ടാക്കുംവിധമല്ല പണിമുടക്കു തീയ്യതിയുടെ പ്രഖ്യാപനം. വിജ്ഞാപനം ഏറ്റവും കൂടുതൽ ബാധിക്കുന്ന സംഘടിത വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നിയമാനുസൃതം 14 ദിവസം മുമ്പേ പണിമുടക്ക് നോട്ടീസ് നൽകി പണിമുടക്കിൽ പങ്കെടുത്ത് കേന്ദ്രസർക്കാരിന്റെ നീചമായ നടപടിക്കെതിരെ പ്രതിഷേധിക്കാനുള്ള അവസരം ഫലത്തിൽ നിഷേധിച്ചിരിക്കുകയാണ്. കഴിഞ്ഞ പണിമുടക്കുകളിലെല്ലാം ആവേശപൂർവ്വം പങ്കെടുത്ത തൊഴിലാളി വിഭാഗങ്ങളെ ഇത് നിരാശപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യും. ഇത്, പൊതുപണിമുടക്കിന്റെ വിജയത്തെ തന്നെ ബാധിക്കുമെന്ന് മാത്രമല്ല, ഭാവിയിലെ സമരങ്ങൾക്ക് തിരിച്ചടിയാകുകയും ചെയ്യും.
പണിമുടക്ക് പ്രഖ്യാപനത്തിൽ മറ്റ് പല യൂണിയനുകളെപ്പോലെതന്നെ ഞങ്ങളുടെ യൂണിയനും ഇല്ലായിരുന്നുവെങ്കിലും, പണിമുടക്ക് വിജയിപ്പിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളിലും ഞങ്ങളുടെ യൂണിയൻ സജീവമായി പങ്കെടുക്കുന്നുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തും, തൊഴിലാളി ഐക്യം കാത്തുപുലർത്തേണ്ടതിന്റെ അടിയന്തര ആവശ്യകത പരിഗണിച്ചുമാണ് ഇങ്ങനെയൊരു കത്ത് എഴുതുന്നത്. ഇപ്പോൾ സംഭവിച്ച തരത്തിലുള്ള പോരായ്മകൾ പരിഹരിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഈ കുറിപ്പ് പരിഗണിക്കുമെന്ന് വിശ്വസിച്ചുകൊണ്ട്,
സ്‌നേഹപൂർവ്വം,

വി.കെ.സദാനന്ദൻ,
സംസ്ഥാന സെക്രട്ടറി,
എഐയുറ്റിയുസി
27.3.2018
തിരുവനന്തപുരം

Share this