500 രൂപയുടെയും 1000 രൂപയുടെയും നോട്ട് അസാധുവാക്കിയ ബിജെപി സർക്കാർ തീരുമാനം അപലപനീയം

Spread our news by sharing in social media

500 രൂപയുടെയും 1000 രൂപയുടെയും നോട്ട് അസാധുവാക്കിക്കൊണ്ടുളള ബിജെപി സർക്കാർ തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് 2016 നവംബർ 9-ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറൽസെക്രട്ടറി
സഖാവ് പ്രൊവാഷ് ഘോഷ് പുറപ്പെടുവിച്ച പ്രസ്താവന:

ബിജെപിയുടെ നേതൃത്വത്തിലുളള കേന്ദ്രഗവണ്മെന്റ് 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ അസാധുവാക്കിക്കൊണ്ടുളള തീരുമാനം പൊടുന്നനെ പ്രഖ്യാപിച്ചത് മതിയായ യാതൊരു ബദൽസംവിധാനവുമേർപ്പെടുത്താതെയാണ്. സാമ്പത്തികമേഖലയെ അപ്പാടെ തകിടംമറിക്കുകയും സാധാരണജനങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കുകയും ചെയ്ത ഈ നടപടിയിൽ ഞങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഈ വിളവെടുപ്പുകാലത്ത് ഉൽപ്പന്നങ്ങൾ വിപണിയിൽ വിൽക്കുന്ന ദരിദ്രകർഷകർ, ഭക്ഷ്യോൽപ്പന്നങ്ങളുൾപ്പെടെയുളള നിത്യോപയോഗസാധനങ്ങൾ വിൽക്കുന്ന ചെറുകിട കച്ചവടക്കാർ, ഇടവിട്ടുളള കാലങ്ങളിൽ വേതനംകിട്ടുന്ന കരാർജോലിക്കാരും അസംഘടിതമേഖലയിലെ തൊഴിലാളികളും, നിത്യനിദാനച്ചെലവുകൾക്ക് വേണ്ടി ഇടയ്ക്ക് ചെറിയ തുകകൾ ബാങ്കിൽ നിന്ന് പിൻവലിക്കുന്ന കുടുംബങ്ങൾ എന്നിവരാണ് ഇത് മൂലം ഏറ്റവുമധികം കഷ്ടത്തിലായിരിക്കുന്നത്.
മറുവശത്ത് കള്ളപ്പണത്തിന് ഒരു പോറലുപോലുമേല്പിക്കാൻ ഇതിലൂടെ കഴിയുകയുമില്ല. ജീർണ്ണിച്ച് മരണാസന്നമായ ഈ മുതലാളിത്തവ്യവസ്ഥിതിയാണ് കള്ളപ്പണത്തിന് ജന്മം നൽകുന്നത്. ഈ വ്യവസ്ഥിതിയെത്തന്നെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന വൻതോക്കുകളുടെ കൈകളിലാണ് കള്ളപ്പണം കുമിഞ്ഞുകൂടിയിട്ടുളളത്. നിയമത്തിനോ ശിക്ഷാവ്യവസ്ഥകൾക്കോ അവരെ സ്പർശിക്കാൻ പോലും കഴിയുന്നില്ല. കള്ളപ്പണം അനവധിയായ മാർഗ്ഗങ്ങളിലൂടെ സൃഷ്ടിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഉദാഹരണമായി, ഹവാല ഇടപാടിലൂടെയും മറ്റ് നിയമവിരുദ്ധമാർഗ്ഗങ്ങളിലൂടെയും രാജ്യത്തിന് പുറത്തുകൊണ്ടുപോയി സ്വിസ് ബാങ്കിലും മറ്റും നിക്ഷേപിക്കുന്നു. റിയൽഎസ്റ്റേറ്റ്, സ്വർണ്ണം, പല ബിനാമി പേരുകളിലൂളള ബാങ്ക് അക്കൗണ്ടുകൾ എന്നിങ്ങനെയുള്ള രൂപങ്ങളിൽ സൂക്ഷിക്കപ്പെടുന്നു. അതിനെല്ലാം ആവശ്യമായ വ്യാജരേഖകൾ ചമയ്ക്കാൻ, അടിമുടി അഴിമതിയിൽ ആണ്ടുമുങ്ങിയ ഭരണസംവിധാനം ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നു. അതിനാൽ, കള്ളപ്പണം പുറത്തുകൊണ്ടുവരാൻ വേണ്ടിയാണ് ഈ നടപടിയെന്ന അവകാശവാദം തികച്ചും പൊള്ളയാണ്. മുമ്പ് കോൺഗ്രസ്സിന്റെ നേതൃത്വത്തിലുളള ഗവണ്മെന്റുകളും കറൻസി നോട്ടുകൾ അസാധുവാക്കുന്നതുപോലുളള നടപടികൾ കൈക്കൊള്ളുന്നതായി ഭാവിച്ചിട്ടുണ്ട്. പക്ഷെ, കള്ളപ്പണം തടയുന്നതിൽ ആ നടപടികളെല്ലാം അമ്പേ പരാജയപ്പെടുകയാണുണ്ടായത്. എന്തെന്നാൽ, ഭരിക്കുന്ന ബൂർഷ്വാസിയും അവരുടെ സേവകരുമാണ് കള്ളപ്പണം സൃഷ്ടിക്കുന്നതും അതുകൊണ്ട് പ്രയോജനമുണ്ടാക്കുന്നതും. അതുകൊണ്ട് ബൂർഷ്വാസിക്ക് വിടുപണി ചെയ്യുന്ന സർക്കാരുകൾക്ക് ഫലപ്രദമായ യാതൊരു നടപടിയുമെടുക്കാൻ കഴിയുന്നില്ല.
ദുഷ്ടശക്തികൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേയ്ക്ക് കള്ളനോട്ടുകൾ വലിയ അളവിൽ കടത്തിവിടുന്നതായി പറയുന്നു. അതിന് തല്ക്കാലം തടസ്സം സൃഷ്ടിക്കാൻ ഈ നടപടിയിലൂടെ കഴിഞ്ഞേക്കാം. പക്ഷെ, രാജ്യത്തെ അത്യാധുനികങ്ങളായ രഹസ്യാന്വേഷണ സംവിധാനത്തെയും കുറ്റാന്വേഷണശൃംഖലയെയും കടത്തിവെട്ടി കള്ളനോട്ടുകൾ രാജ്യത്തിനകത്തേയ്ക്ക് കടന്നുവരുന്നതെങ്ങനെ എന്ന ചോദ്യം ന്യായമായും ഉദിക്കുന്നു. പുറമെ, വ്യവസ്ഥിതിക്കകത്ത് തന്നെ പഴുതുകളില്ലെങ്കിൽ, ഇത്രയേറെ സുരക്ഷാ ചിഹ്നങ്ങളുള്ള കറൻസിനോട്ടുകളുടെ രഹസ്യങ്ങൾ ഇങ്ങനെ നിസ്സാരമായി ചോർത്തിയെടുക്കാൻ കുറ്റവാളികൾക്കെങ്ങനെ സാധിക്കുന്നു? വ്യവസ്ഥിതിക്കകത്തും പുറത്തുമുളള കുറ്റവാളികൾ രാജ്യത്തിന്റെ പണസമ്പദ്‌വ്യവസ്ഥയെ സംഘടിതമായി തകർക്കുന്നത് തടയുന്നതിൽ ഗവണ്മെന്റ് പരാജയപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തം. പക്ഷെ, സ്വന്തം കെടുകാര്യസ്ഥത മൂലമുണ്ടായ പ്രശ്‌നത്തിന്റെ മുഴുവൻ ഭാരവും, ഇതിനകം തന്നെ കടുത്ത സാമ്പത്തികാക്രമണങ്ങളനുഭവിച്ച് നടുവൊടിഞ്ഞിരിക്കുന്ന സാധാരണ ജനങ്ങളുടെ മേൽ അടിച്ചേല്പിക്കാനാണ് ഗവണ്മെന്റ് തുനിഞ്ഞിരിക്കുന്നത്.
അഴിമതിയുടെ യഥാർത്ഥ കാരണം കുടികൊള്ളുന്നത് കള്ളനോട്ടിലല്ല. മറിച്ച് ഈ മുതലാളിത്ത വ്യവസ്ഥിതിയിൽ അധികാരത്തിന്റെ ഉയർന്ന പടവുകളിലുളള വ്യക്തികളുടെ ധാർമ്മിക നൈതിക നിലവാരത്തകർച്ചയിലാണ്. അവരാണ് തങ്ങളുടെ സ്ഥാനമാനങ്ങൾ ദുരുപയോഗപ്പെടുത്തി നിരങ്കുശം അഴിമതിയിൽ ആറാടുന്നതും അഴിമതിക്ക് വളംവയ്ക്കുന്നതും. അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുകയും അവർ വിദേശബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന കളളപ്പണം കണ്ടുകെട്ടുകയുമാണ് വേണ്ടത്. അത് ചെയ്യുന്നതിന് പകരം ഇപ്പോൾ ഗവണ്മെന്റ് സ്വീകരിച്ചിരിക്കുന്ന നടപടി വിലകുറഞ്ഞ രാഷ്ട്രീയ സ്റ്റണ്ടാണ്. ജനങ്ങളെ കബളിപ്പിക്കാനുള്ള നടപടിയാണിത്. ജീവിതദുരിതങ്ങളിൽ നിന്ന് അവരുടെ ശ്രദ്ധ തിരിച്ചുവിടാനും, ഗവണ്മെന്റിന്റെ ദുഷ്‌ചെയ്തികളെ ജനശ്രദ്ധയിൽ നിന്ന് മറച്ചുപിടിക്കാനുമുളള തന്ത്രം. തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള കൗശലം. അദ്ധ്വാനിച്ച് ജീവിക്കുന്ന സാധാരണ ജനങ്ങളെ ഇത് കൊടിയ ദുരിതത്തിലേയ്ക്ക് തള്ളിവിടും. ജനങ്ങളുടെ മേൽ പുതുതായി അടിച്ചേല്പിച്ചിരിക്കുന്ന ഈ യാതനയിൽ നിന്ന് അവരെ രക്ഷിക്കാൻ സത്വര നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

Share this