ആധാർ പദ്ധതി: മുതലാളിത്ത വ്യവസ്ഥയുടെ സുരക്ഷയ്ക്കായുള്ള ഭീതിജനകമായ കാവൽ ?

Spread our news by sharing in social media

ഏറെ പ്രാധാന്യമുള്ള ഒരു വിഷയമെന്ന നിലയിൽ നമ്മൾ ജീവിക്കുന്ന സാഹചര്യം, ഈ പദ്ധതി വന്ന പശ്ചാത്തലം, ആരുടെ താല്പര്യാർത്ഥം എന്ത് ലക്ഷ്യത്തോടെ ഇത് ആവിഷ്‌ക്കരിക്കപ്പെട്ടു തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടതുണ്ട്.

ആക്രമണോത്സുകമായ  മുതലാളിത്തം

നിർദ്ദയമായ മുതലാളിത്ത ചൂഷണത്താൽ ഞെരിഞ്ഞമരുകയാണ് രാജ്യം എന്നകാര്യം തർക്കമറ്റതാണ്. എക്‌സൈസ് തീരുവയിൽ നിസ്സാര കുറവുവരുത്തയതിനുപിന്നാലെ വീണ്ടും പെട്രോളിയം ഉല്പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. സാധനങ്ങളുടെ വിലയും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ലോക്കൗട്ടും ലേഓഫുമെല്ലാം വ്യവസായ രംഗത്ത് തൊഴിലില്ലായ്മ പെരുക്കുന്നു. യുവാക്കളുടെ ഭാവി ഇരുൾമൂടുന്നു. ഒരുപിടി അതിസമ്പന്നരും ബഹുഭൂരിപക്ഷംവരുന്ന ദരിദ്രരും ഇടത്തരക്കാരുമെന്ന നിലയിലുള്ള അന്തരം വർദ്ധിക്കുകയാണ്. ട്രേഡ് യൂണിയൻ അവകാശങ്ങൾ നഷ്ടപ്പെടുന്നു. അത്മഹത്യയിൽ അഭയം കണ്ടെത്തുകയാണ് കർഷകർ. അവരുടെ പ്രതിഷേധങ്ങൾ അടിച്ചമർത്തപ്പെടുന്നു. പെൺവാണിഭവും ബലാൽസംഗങ്ങളുമൊക്കെ പെരുകുന്നു. കുട്ടികൾക്കും രക്ഷയില്ലാതായിരിക്കുന്നു. ചരിത്രം വളച്ചൊടിച്ചും അന്ധവിശ്വാസങ്ങൾ പടർത്തിയും ജനമനസ്സുകളെ വിഷലിപ്തമാക്കുകയാണ്. ശാസ്ത്രീയ-മതേതര-ജനാധിപത്യ വിദ്യാഭ്യാസം ഇല്ലായ്മ ചെയ്യപ്പെടുന്നു. ജനങ്ങളിൽ വിഭാഗീയതയും സ്പർദ്ധയും വളർത്തുകയാണ്. ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കുമെതിരെ വിദ്വേഷം വളർത്തുന്നു. വംശത്തിന്റെയും ഭാഷയുടെയും പേരിലും ശത്രുത പടർത്തുന്നു. ചൂഷണത്തിനും അനീതിക്കുമെതിരെ പൊരുതുക മാത്രമേ പോംവഴിയുള്ളു എന്നിരിക്കെ ഇതെല്ലാം അതിന് വിലങ്ങുതടിയായി മാറുകയാണ്.

ആധാറിലെ  സുപ്രീംകോടതി വിധി

ഈ പശ്ചാത്തലത്തിലാണ് ആധാർ വിഷയത്തിലുള്ള സുപ്രീം കോടതി വിധി വരുന്നത്. 27 റിട്ട് ഹർജികളിൽ മാസങ്ങൽ നീണ്ട വാദങ്ങൾക്കൊടുവിൽ 2018 സെപ്തംബർ 26ന് വന്ന വിധി പരുക്കുകളോടെയുള്ളതായിരുന്നു. ആധാർ(സാമ്പത്തികവും മറ്റുമായ സബ്‌സിഡികൾ, ആനുകൂല്യങ്ങൾ, സേവനങ്ങൾ) നിയമം 2016 ഭരണഘടനാപരമായി സാധുവാണെന്ന് സുപ്രീം കോടതി ബെഞ്ചിലെ അഞ്ചിൽ നാല് ജഡ്ജിമാരും വിധിച്ചപ്പോൾ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഇത് ഭരണഘടനയുടെ 110-ാം വകുപ്പിന് വിരുദ്ധമായിട്ടുള്ളതും റദ്ദാക്കപ്പെടേണ്ടതുമാണെന്ന് അഭിപ്രായപ്പെട്ടു.
ക്ഷേമപദ്ധതികളിൽ ആനുകൂല്യങ്ങൾ കിട്ടാനും ആദായനികുതി രേഖ സമർപ്പിക്കാനും ആധാർ നിർബന്ധമാണ്. പാൻകാർഡുമായി ആധാർ ബന്ധിപ്പിക്കണം. ബാങ്ക് അക്കൗണ്ട്, മൊബൈൽ ഫോൺ കണക്ഷൻ, സ്വകാര്യസ്ഥാപനങ്ങളുടെ സേവനങ്ങൾ, നീറ്റ്, യുജിസി, സിബിഎസ്‌സി പരീക്ഷകൾ എന്നിവയ്ക്ക് നിർബന്ധമല്ല. ഒരു വെടിക്ക് രണ്ടു പക്ഷിയെ വീഴ്ത്തിയ വിദഗ്ദ്ധമായ വിധിയെന്ന് ഇതിനെ ഒരു വിഭാഗം മാദ്ധ്യമങ്ങൾ വാഴ്ത്തി. ‘ഭരണത്തെ സംബന്ധിച്ച ആധുനിക കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമ്പോൾത്തന്നെ വിമർശകരുടെ വായടപ്പിക്കുകയും ബഹളക്കാർക്ക് അല്പം മധുരം പകർന്ന് തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന വിധി’യെന്നാണ് അവർ വിശേഷിപ്പിച്ചത്. അതെല്ലാം ജനങ്ങൾ തീരുമാനിക്കട്ടെ!
മുതലാളിത്തം സൃഷ്ടിക്കുന്ന ഏതെങ്കിലും പ്രശ്‌നങ്ങൾക്ക് ഇത് പരിഹാരമാകുമോ?
ഒരു തൊഴിൽരഹിതന് ഇതുകൊണ്ട് എന്ത് നേട്ടം? കടക്കെണിയിൽപ്പെട്ട കർഷകന് എന്തെങ്കിലും ആശ്വാസം? ചോദ്യങ്ങൾ നിരവധിയുണ്ട് എന്തെങ്കിലും പരിഹാരമുണ്ടാകുമോ എന്നതാണ് പ്രധാനം. അത് പരിശോധിക്കുന്നതിനുമുമ്പ് ഒരു കാര്യം സൂചിപ്പിക്കാനുണ്ട്. 2013 ഏപ്രിൽ 1ന്റെ ‘പ്രോലിറ്റേറിയൻ ഇറ’യിൽ ആധാറിന്റെ വിവധ വശങ്ങൾ ഞങ്ങൾ വിശകലനം ചെയ്തിരുന്നു. അതിനുശേഷവും പല വിഷയങ്ങളും ഉണ്ടായിട്ടുണ്ട്. അവകൂടി കണക്കിലെടുത്തുകൊണ്ടാണ് ഈ ലേഖനം തയ്യാറാക്കിയിട്ടുള്ളത്.

കോൺഗ്രസ് നയിച്ച മുൻഗവൺമെന്റിന്റെ സൃഷ്ടിയായ ആധാർ ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് നേരിട്ടെത്തിക്കുന്ന സംവിധാനമെന്നാണ് ആസൂത്രണകമ്മീഷൻ വിശേഷിപ്പിച്ചത്. ആധാർ ഇല്ലാത്തതുകൊണ്ടാണോ അതോ ഭരണസംവിധാനത്തിലെ അഴിമതിമൂലം അപ്രത്യക്ഷമായിപ്പോയതുകൊണ്ടാണോ ആനുകൂല്യങ്ങൾ അർഹർക്ക് ലഭിക്കാതിരുന്നത്? ആധാർ വരുന്നതോടെ ഇതിനെല്ലാം കടിഞ്ഞാണിടാൻ കഴിയുമോ? ജനങ്ങൾക്ക് ചില്ലറ ആനുകൂല്യങ്ങൾ നൽകാനാണോ അതോ മാന്യമായ വരുമാനമാർഗം കണ്ടെത്തി അന്തസ്സായി ജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുന്ന പദ്ധതികൾ തയ്യാറാക്കാനാണോ ആസൂത്രണകമ്മീഷൻ എന്ന ചോദ്യവും പ്രസക്തമാണ്. അടിമുടി അഴിമതി നിറഞ്ഞ ഭരണസംവിധാനത്തിനുമുന്നിൽ ഒരു കാർഡുമായി തെണ്ടിത്തിരിയാനാണോ ആധാർ കൊണ്ടുവന്നിരിക്കുന്നത്? ആധാർ നടപ്പിലാക്കാനുള്ള അതോറിറ്റിയുടെ തലപ്പത്ത് യുപിഎ ഭരണം പ്രതിഷ്ടിച്ചത് ഒരു കോർപ്പറേറ്റ് മേധാവിയും കോൺഗ്രസ്‌കാരനും മുതലാളിവർഗ്ഗത്തിന്റെ വക്കാലത്തുകാരനുമായ എൻ.നിലേകനിയെയാണ്. 2010ൽ അവർ നാഷണൽ ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി അത് അംഗീകരിച്ചില്ല. ”ലക്ഷ്യം വ്യക്തമല്ല”,”ദിശാബോധമില്ല”,”ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്” എന്നൊക്കെയാണ് സ്റ്റാൻഡിംഗ് കമ്മിറ്റി വിലയിരുത്തിയത്. ”അധാർമികവും പാർലമെന്റിന്റെ അധികാരങ്ങൾ ലംഘിക്കുന്നതുമാകയാൽ ഈ പദ്ധതി തുടരാനാവില്ലെ”ന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. പാർലമെന്റിന് പുറത്തും നിരവധി വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നുവന്നിരുന്നു.
എന്തായാലും, യാതൊരു നിയമപ്രാബല്യവും പരിശോധനയുമില്ലാതെ കോൺഗ്രസ് ഭരണം ഇത് ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. ഇന്ത്യൻ മുതലാളിവർഗ്ഗം മാത്രമല്ല അമേരിക്കൻ മുതലാളിവർഗവും ഈ പദ്ധതി നടപ്പിലാകുന്നുണ്ടോ എന്ന കാര്യത്തിൽ ഒത്സുക്യം കാണിച്ചിരുന്നു. കോൺഗ്രസ് മുതലാളിവർഗ താല്പര്യാർത്ഥം നടപ്പിലാക്കിയ പദ്ധതിയാണിത്. കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് അധികാരത്തിൽവന്ന ബിജെപിയും ഒരു ബൂർഷ്വാ പാർട്ടി എന്ന നിലയിൽ ആ പാതതന്നെ പിന്തുടർന്നു. കോൺഗ്രസ് ഭരണത്തിലെ ക്രമക്കേടുകൾ പരിഹരിക്കുന്നുവെന്നും ഭരണത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നുവെന്നുമൊക്കെ വീമ്പിളക്കിക്കൊണ്ട് നരേന്ദ്ര മോദി ഗവൺമെന്റ് 2016ൽ ആധാർ ബിൽ ലോക്‌സഭയിൽ പാസ്സാക്കി. ഇത് ഒരു ധനകാര്യ ബില്ലായതിനാൽ രാജ്യസഭയിൽ അവതരിപ്പിക്കേണ്ടതില്ലെന്നായിരുന്നു അവരുടെ നിലപാട്. രാജ്യസഭയിൽ അവർ ന്യൂനപക്ഷമായതിനാലാണ് ഇങ്ങനെയൊരു കുറുക്കുവഴി സ്വീകരിച്ചത്. അതുവഴി അവർ രാജ്യസഭയുടെ അവകാശങ്ങൾ നിഷേധിക്കുകയും അതിനെ അപമാനിക്കുകയുമാണ് ചെയ്തത്.

ഈ നടപടി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വിയോജനക്കുറിപ്പെഴുതിയത്. ‘ധനകാര്യ ബില്ല് അല്ലാത്ത ഒന്നിനെ അങ്ങനെ വിശേഷിപ്പിച്ചുകൊണ്ട് പാസ്സാക്കിയെടുക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളുടെതന്നെ ലംഘനമാണ്’ എന്നും ‘രാജ്യസഭയെ മറികടക്കരുത്’ എന്നും അദ്ദേഹം ഓർമിപ്പിച്ചു.

ആധാറിന്റെ മാർഗ്ഗം  ദുഷ്‌കരമായിരുന്നു

ആധാറിന്റെ വഴി ഒട്ടും സുഗമമായിരുന്നില്ല. അതിന്റെ ഭരണഘടനാപരമായ സാധുത ചോദ്യംചെയ്ത് നിരവധി റിട്ട് ഹർജികൾ സുപ്രീകോടതിയിൽ വന്നു. വൈകുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണെന്ന് ബൂർഷ്വാ നീതിന്യായംപോലും അംഗീകരിക്കുന്നുണ്ട്. എന്നാൽ രാജ്യത്തെ ബാധിക്കുന്ന ഒരു വിഷയത്തിൽ സുപ്രീംകോടതി ഇഴയുകയായിരുന്നു. സർക്കാരാകട്ടെ എല്ലാ അടവുകളും പയറ്റിക്കൊണ്ട് കൂടുതൽ മേഖലകളിൽ ആധാർ ബാധകമാക്കിക്കൊണ്ടിരുന്നു. അവസാന വിധി വരുന്നതുവരെ ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന് ഇടക്കാല വിധികൾ വന്നുകൊണ്ടിരുന്നു. ഗവൺമെന്റ് ഇത് വകവച്ചതേയില്ല. കോടതി ഇക്കാര്യത്തിൽ ഗവൺമെന്റിനെ കുറ്റപ്പെടുത്തിയുമില്ല. എന്നുമാത്രമല്ല അവസാന വിധിയിൽ സർക്കാരിനെ പ്രശംസിക്കുകയും ചെയ്തു. റിട്ട് ഹർജികളെ മറികടക്കാനായിരുന്നില്ലേ ഗവൺമെന്റ് ഈ ശ്രമങ്ങളെല്ലാം നടത്തിയത്? സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വ്യക്തിത്വം പ്രദാനം ചെയ്യാനും ദുരിതങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിൽ അവരെ ശക്തിപ്പെടുത്താനും ആധാർ ഉപകരിച്ചു എന്ന് അവസാനവിധിയിൽ സുപ്രീംകോടതി പറഞ്ഞു. ഇക്കാര്യം ഗൗരവപൂർവ്വം പരിശോധിക്കേണ്ടതുണ്ട്.

കോർപ്പറേറ്റുകൾക്കുവേണ്ടി മെനഞ്ഞ ആധാർ

പാവപ്പെട്ടവരിലേയക്ക് ആനുകൂല്യങ്ങൾ എത്തിക്കുന്നതിൽ ആധാർ എപ്രകാരമാണ് ഉപയോഗപ്പെടുക എന്ന ചോദ്യത്തിന് അതിന്റെ ഉപജ്ഞാതാവായ നിലേകനി 2009ൽ പറഞ്ഞ മറുപടി(ദ ഹിന്ദു) ”ഇവയെല്ലാം ന്യായമായ ആശങ്കകളാണ്, അവയ്‌ക്കൊക്കെ പൊതുസമൂഹത്തിലും നിയമങ്ങളിലും പരിഹാരം കണ്ടെത്തേണ്ടതുണ്ട്” എന്നത്രേ. അതായത് ആശങ്കകൾ അപ്പോഴും അവശേഷിക്കുന്നു, അത് അപരിഹാര്യമായി തുടരുന്നു എന്നർത്ഥം.
ആധാർ വിഷയത്തിൽ ‘സ്വകാര്യത’യുടെ പ്രശ്‌നമുണ്ടെന്ന കാര്യം മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്‌സ് നിഷേധിക്കുന്നു. ഏതാണ്ട് ഒരു പതിറ്റാണ്ടിനുശേഷം ഒരു അഭിമുഖത്തിലാണ്(ന്യൂസ് 18, 2018 ആഗസ്റ്റ് 10) അദ്ദേഹം ഇത് നിഷേധിച്ചത്. മറ്റൊരു രാജ്യത്തെ, ഇവിടെ ഇന്ത്യയിലെ, സാഹചര്യങ്ങൾ ശരിയായി മനസ്സിലാക്കാതെയും യഥാർത്ഥ പ്രശ്‌നങ്ങൾ അറിയാതെയുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. സ്വകാര്യ ഏജൻസികളിൽനിന്നു മാത്രമല്ല സർക്കാർ ഏജൻസികളിൽനിന്നും ആധാർ വിവരങ്ങൾ ചോരുന്നുണ്ട്. ഗേറ്റ്‌സ് ഇതെല്ലാം നടപ്പാക്കലിലെ പ്രശ്‌നങ്ങളായി മാത്രം കാണുന്നു. എന്നാൽ, ഫലപ്രദമായ വിവര സംരക്ഷണ നിയമം ഇല്ലെന്ന കാര്യം സുപ്രീകോടതിയുടെ അന്തിമ വിധിയിലും സമ്മതിക്കുന്നുണ്ട്.

ആധാർ വരുന്നത് ഇന്ത്യയിലും പുറത്തുമുള്ള മുതലാളിവർഗ്ഗത്തിന്റെ ഇഷ്ടപദ്ധതി എന്ന നിലയിലാണ്. അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ദാസ്യത്തിലുള്ള ഭരണകക്ഷികളുമൊക്കെ അതിൽ പങ്കാളികളാകുന്നു. മുതലാളിവർഗ്ഗ സേവയുടെ കാര്യത്തിലാണ് ഇവരുടെയെല്ലാം താല്പര്യം സമന്വയിക്കുന്നത്.

സ്വകാര്യത: ജീവിതത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും സഹജാംശം

ആധാർ വിവരങ്ങൾ നിരന്തരം ചോരുന്നതിലൂടെ തെളിയിക്കപ്പെടുന്നത് സ്വകാര്യത അപകടത്തിലാണെന്നുതന്നെയാണ്. ഭരണഘടനതന്നെ, സ്വകാര്യതയ്ക്കുമേൽ ഭരണകൂടം നടത്തുന്ന ഏകപക്ഷീയവും നിയമവിരുദ്ധവുമായ കൈകടത്തലിൽനിന്ന് വ്യക്തിക്ക് സംരക്ഷണം നൽകുന്നുണ്ട്. ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിൽ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് സുപ്രീകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.(രാജഗോപാൽ വെഴ്‌സസ് തമിഴ്‌നാട് ഗവൺമെന്റ്, 1994, പിയുസിഎൽ വെഴ്‌സസ് ഇന്ത്യൻ യൂണിയൻ, 1996) കഴിഞ്ഞവർഷം സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലും സ്വാകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് എടുത്തുപറയുന്നു.
ബാങ്ക് അക്കൗണ്ടും പാൻ കാർഡുമെല്ലാം ആധാറിന്റെ ബയോമെട്രിക് വിവരങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ വ്യക്തിയുടെ ഭൗതികവും സാമ്പത്തികവുമൊക്കെയായ മുഴുവൻ വിവരങ്ങളും ആധാറിൽ ശേഖരിക്കപ്പെടുകയാണ്. പഴുതില്ലാത്ത ഒരു വിവര സംരക്ഷണസംവിധാനം നിലവിലുണ്ടെങ്കിൽ മാത്രമേ വിവരങ്ങളുടെ ചോർച്ചയോ മോഷണമോ ഒക്കെ തടഞ്ഞ് സ്വകാര്യത സംരക്ഷിക്കാൻ കഴിയൂ. ഇത് സുരക്ഷിതമാണെന്ന് ഗവൺമെന്റ് ആവർത്തിച്ച് ആണയിടുന്നുണ്ടെങ്കിലും ആധാറിന് അങ്ങനെയൊരു ‘ശക്തമായ’ വിവരസംരക്ഷണ സംവിധാനമില്ല എന്നാണ് സുപ്രീം കോടതിതന്നെ സമ്മതിക്കുന്നത്. ബാങ്ക് അക്കൗണ്ടിനും ഓൺലൈൻ ബാങ്കിങ്ങിനുമൊക്കെ ഇത് നിർബന്ധമല്ലാതാക്കിയിട്ടുണ്ട്. എന്നാൽ ഇതിനകം ശേഖരിച്ച വിവരങ്ങളുടെ സ്ഥിതി എന്താണ്? വിവരങ്ങൾ ഇതിനകം ചോർന്നിട്ടുണ്ടെങ്കിൽ ആര് സമാധാനം പറയും? ഇത് ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് എന്താണുറപ്പ്? നിയമനിർമ്മാണത്തിലൂടെ സുപ്രീംകോടതിവിധി അസാധുവാക്കി ബാങ്ക് അക്കൗണ്ടിനും മൊബൈൽ ഫോൺ കണക്ഷനും ആധാർ വീണ്ടും നിർബന്ധമാക്കണമെന്ന അഭിപ്രായക്കാരനാണ് കേന്ദ്രധനകാര്യമന്ത്രി. സ്വകാര്യ ഏജൻസികൾക്ക് ആധാർ വിവരങ്ങൾ ലഭിക്കുന്നതോടെ വ്യക്തിയുടെ രാഷ്ട്രീയബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാണിക്കുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് ആധാർ നിയമത്തിലെ, സ്വകാര്യ ഏജൻസികൾക്ക് ആധാർ വിവരങ്ങൾ ലഭ്യമാക്കുന്ന 57-ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത്. ഇത് സ്വകാര്യ ഏജസൻസികളുടെ കാര്യത്തിൽ മാത്രം മതിയോ? കേന്ദ്രഗവൺമെന്റ് അടുത്തിടെ മുതിർന്ന ചില മനുഷ്യാവകാശ പ്രവർത്തകരെ ‘നഗര നക്‌സലുകൾ’ എന്ന് മുദ്രകുത്തിക്കൊണ്ട് അറസ്റ്റുചെയ്തതും യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങളും അടുത്തിടെ ഒരു ബിസിനസ് മേധാവി കൊല്ലപ്പെട്ടതുമൊക്കെ വിരൽ ചൂണ്ടുന്നത് സർക്കാരും പോലീസുമൊക്കെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്ത് എതിരാളികളെ അമർച്ചചെയ്യുന്നുണ്ടെന്നും അവരെയും ആധാർ വിവരങ്ങൾ ശേഖരിക്കുന്നതിൽനിന്ന് വിലക്കണമെന്നുമാണ്. 2017ൽ വിദ്യാഭ്യാസസ്ഥാപനങ്ങളുമൊക്കെയായി ബന്ധപ്പെട്ട 210 ഗവൺമെന്റ് വെബ്‌സൈറ്റുകൾ ആധാർ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നു. ആധാർ അതോറിട്ടി ഇത് സമ്മതിക്കുകയും തങ്ങളല്ല അത് ചെയ്തതെന്ന് പറഞ്ഞ് കൈകഴുകുകയുമാണുണ്ടായത്. വിവരങ്ങൾ ചോർന്നവിവരം പുറത്തുവിടുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് തുടർന്ന് അവർ ഭീഷണിമുഴക്കി. സിം കാർഡ് നൽകുമ്പോൾ ലഭിക്കുന്ന അനുമതി ഉപയോഗപ്പെടുത്തി എയർടെൽ അവരുടെതന്നെ ഒരു പേമെന്റ് ബാങ്കിൽ ഉപഭോക്താക്കളുടെ പേരിൽ അക്കൗണ്ടുകൾ തുടങ്ങിയ കാര്യം 2017 ഡിസംബറിൽ പുറത്തുവന്നിരുന്നു. ഉപഭോക്താക്കൾക്ക് ലഭിക്കേണ്ടിയിരുന്ന സബ്‌സിഡികൾ ലഭിക്കാതെ വന്നപ്പോഴാണ് അതെല്ലാം ഈ എയർടെൽ അക്കൗണ്ടിലേയ്ക്ക് പോയതായി കണ്ടെത്തിയത്. അവരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരമൊരു അക്കൗണ്ട് തുടങ്ങിയത്. ഇതും ഇതിലപ്പുറവും നടക്കും എന്നാണിതെല്ലാം കാണിക്കുന്നത്.

ഇന്ത്യൻ യാഥാർത്ഥ്യം: ‘പ്രയോഗവും’ ‘അപേക്ഷകരും’

ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഒരുപാട് ‘എങ്കിൽ’കളെ ആശ്രയിച്ചുകൊണ്ടേ ആധാർപോലൊരു പദ്ധതി നടപ്പിലാക്കാൻ കഴിയൂ. അപേക്ഷ നൽകാനുള്ള വ്യവസ്ഥകൾ പാലിക്കാൻ കഴിയുമെങ്കിൽ, വിരലടയാളവും കണ്ണിന്റെ സ്‌കാനും പതിഞ്ഞാൽ, എൻറോൾ ചെയ്യുന്നിടത്ത് വൈദ്യുതി ബന്ധം ഉണ്ടെങ്കിൽ, നിങ്ങളുടെ വിവരങ്ങൾ, പ്രത്യേകിച്ച് നിങ്ങൾ നിരക്ഷരനാണെങ്കിൽ, കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ മേൽവിലാസം ശരിയാണെങ്കിൽ, പേരിലെ അക്ഷരങ്ങൾ ശരിയാണെങ്കിൽ അങ്ങനെ പോകുന്നു ‘എങ്കിലുകൾ’. ഇതെല്ലാം ശരിയായാൽ നിങ്ങൾക്ക് ആധാർ കാർഡ് കിട്ടുന്നു. ”ഗവൺമെന്റിന്റെ പണം വിതരണം ചെയ്യാനുള്ള ലിസ്റ്റിൽ ആരെങ്കിലും പകരക്കാരായി കടന്നുകൂടിയിട്ടുണ്ടെങ്കിൽ” ആധാർ തടയും എന്നുമാത്രമേ ബിൽഗേറ്റ്‌സ് പറയുന്നുള്ളൂ. കുടുംബാംഗങ്ങളെല്ലാം മറ്റെവിടെയെങ്കിലും ജോലിചെയ്യുന്ന, പെൻഷനെ ആശ്രയിച്ചു ജീവിക്കുന്ന ഒരു ഗ്രാമീണസ്ത്രീയുടെ കാര്യം, അല്ലെങ്കിൽ കുടുംബം പുലർത്താനായി അലയുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യമൊക്കെ ബിൽഗേറ്റ്‌സ് മനസ്സിലാക്കിയിട്ടുണ്ടാകുമെന്ന് കരുതാം. അങ്ങനെയുള്ള ലക്ഷക്കണക്കിനാളുകളാണ് ഈ രാജ്യത്തുള്ളത്. മേൽപറഞ്ഞ സ്ത്രീ കിലോമീറ്ററുകൾ അകലെയുള്ള റേഷൻകടയിൽ ചെല്ലുമ്പോൾ അവരുടെ വിരലടയാളം പൊരുത്തപ്പെടുന്നില്ലെന്നു പറഞ്ഞാൽ, മേല്പറഞ്ഞ തൊഴിലാളിക്ക് ഇതുപോലെ എന്തെങ്കിലും കാരണം പറഞ്ഞ് തൊഴിൽ നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടായാൽ, ഇവർ വ്യാജപ്പേരിൽ സബ്‌സിഡി തരപ്പെടത്താൻ വന്നെന്നോ അല്ലെങ്കിൽ അയാൾ തൊഴിലാളി എന്ന നാട്യത്തിൽ വന്ന ഭീകരനാണെന്നോ ഒക്കെ പറയാൻ കഴിയുമോ?

12 വയസ്സു തികയുന്നതിനുമുമ്പോ അറുപത് വയസ്സ് കഴിഞ്ഞാലോ നിരന്തരമായ അദ്ധ്വാനംമൂലമോ വിരലടയാളം മാറാവുന്നതാണ്. ഇത് റേഷൻ നിഷേധത്തിന് ഇടയാക്കും. പാവപ്പെട്ട ദലിത് കുടുംബങ്ങളിലെയുംമറ്റും കുട്ടികളുടെ സ്‌കോളർഷിപ്പുംമറ്റും അധികൃതർ തട്ടിയെടുക്കുന്ന സ്ഥിതിയുമുണ്ടാകും. ഇതിന് രക്ഷാകർത്താക്കളുടെ ഒപ്പ് അവർ രസീതുകളിൽ വാങ്ങിക്കും. തൊഴിലുറപ്പുപദ്ധതിയിൽ വേതനം വിതരണം ചെയ്യുമ്പോഴും ഇത്തരം തട്ടിപ്പുകൾ നടക്കും. ഈ തട്ടിപ്പൊക്കെ ഇല്ലാതാക്കാൻ ആധാർ എങ്ങനെയാണ് ഉപകരിക്കുക? പ്രധാനമായും നിരക്ഷരർ നേരിടുന്ന പ്രശ്‌നങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. നിരക്ഷരരല്ലാത്തവരുടെ സ്ഥിതിയും സമാനമാണ്. സുപ്രീംകോടതി മുൻചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അമ്മയും അൽഷൈമേഴ്‌സ് രോഗിയുമായ വയോധികയ്ക്കും പെൻഷൻ കിട്ടാൻ വിരലടയാളം നൽകേണ്ടി വരുന്നു. എല്ലാമാസവും ബാങ്ക് ഉദ്യോഗസ്ഥൻ വീട്ടിൽവന്ന് വിരലടയാളം രേഖപ്പെടുത്തിയ ശേഷമാണ് കുടുംബപെൻഷൻ കിട്ടുന്നത്. ഇത്ര ഉയർന്ന നിലയിലുള്ള ആളായതുകൊണ്ടുമാത്രമാണ് ബാങ്ക് ഉദ്യോഗസ്ഥൻ വീട്ടുപടിക്കലെത്തുന്നത്. എന്നാൽ ആയിരക്കണക്കിന് സാധാരണക്കാരായ പെൻഷൻകാരുടെ കാര്യത്തിൽ ഇതല്ല സ്ഥിതി. തൊഴിലില്ലാതെ ലക്ഷക്കണക്കിന് യുവാക്കൾ രാജ്യമെമ്പാടും അലയുന്നു. സ്വന്തമായി വീടില്ലാത്തവരും ലക്ഷക്കണക്കിനുണ്ട്. ഇവരൊക്കെ എന്ത് ആധികാരിക രേഖയാണ് നൽകുക? ആധാറിന് മേൽവിലസമില്ലാതെയും പ്രവർത്തിക്കാം. എന്നാൽ സേവനങ്ങൾ സുഗമമായി ലഭിക്കാൻ ജനങ്ങൾക്ക് അത് ആവശ്യമായിരിക്കുന്നു. ജനനം തെളിയിക്കുന്ന രേഖകൾ, പേരിലെ അക്ഷരങ്ങളിലുള്ള വ്യത്യാസം, ഒന്നിലേറെ പേരുകൾ തുടങ്ങിയവയൊക്കെ നമ്മുടെ രാജ്യത്ത് പ്രശ്‌നം തന്നെയാണ്. ഇതുകൂടാതെ ഗവൺമെന്റിന്റെ കണക്കിൽപ്പെടാതെ ജീവിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുമുണ്ട്. നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നവർ ഇതിൽപ്പെടും. നിരന്തരം കുടിയിറക്ക് ഭീഷണി നേരിടുന്നവരാണ് ഇക്കൂട്ടർ. ഇതുകൂടാതെ സംരക്ഷിത വനപ്രദേശങ്ങൡലുംമറ്റും താമസിക്കുന്ന ആദിവാസികളുംമറ്റുമായ ദരിദ്രവിഭാഗങ്ങളുണ്ട്. ഇവരൊക്കെ ഇന്ത്യൻ പൗരന്മാർതന്നെയാണ്. എന്നാൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടാതെ ജീവിക്കുന്നവരാണ്. സർക്കാർ എപ്പോൾവേണമെങ്കിലും ഇവർക്കെതിരെ തിരിയാം എന്നതുതന്നെ കാരണം. അതായത്, എല്ലാവരെയും ഉൾക്കാനുള്ളതെന്ന് പറഞ്ഞ് ആവിഷ്‌ക്കരിച്ച ഒരു പദ്ധതി ജനങ്ങളെ ഒന്നുകൂടി വിഭജിക്കാനാണ് ഉപയോഗിക്കുന്നത് എന്നർത്ഥം. ആധാർകാർഡുള്ള, അവകാശങ്ങൾക്ക് അർഹതയുള്ളവരും മേൽവിലാസമില്ലാത്ത, അവരുടേതല്ലാത്ത കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടവരും എന്നനിലയിൽ ഇത് രണ്ട് വിഭാഗങ്ങളെ സൃഷ്ടിച്ചിരിക്കുന്നു.

നിയമസാധുതയും യാഥാർത്ഥ്യവുമായി വലിയ അന്തരം നിലനിൽക്കുന്ന ഈ രാജ്യത്ത് ആധാർ നടപ്പിലാക്കി എല്ലാവർക്കും വിശിഷ്ട വ്യക്തിത്വം നൽകുമെന്നൊക്കെപ്പറയുന്നത് വെറും പാഴ്‌വാക്കുമാത്രമാണ്. ബിൽഗേറ്റ്‌സ് പറയുന്നത് സംവിധാനത്തിൽ പിശകില്ല നടപ്പിലാക്കുന്നതിലുള്ള പാളിച്ചയേയുള്ളു എന്നത്രെ! ഹൃദയശൂന്യരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥർ, പോലീസ് സേന, വൻകിട ബിസിനസുകാർ, സ്വാർത്ഥരും കുറ്റവാളികളുമായ രാഷ്ട്രീയക്കാർ, നാട്ടുപ്രമാണിമാർ, മാഫിയകൾ എന്നിവരെല്ലാം ചേർന്ന ഒരു അവിശുദ്ധ കൂട്ടുകെട്ട് നിയമപ്രകാരമുള്ളതും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന യാഥാർത്ഥ്യം ഇദ്ദേഹം അറിയുന്നുണ്ടോ? ആധാറും അവർക്ക് ചൂഷണത്തിനുള്ള പുതിയ ഉപാധി മാത്രം. ഗ്രാമത്തിൽനിന്ന് പത്തുപതിനഞ്ച് കിലോമീറ്റർ അകലെയുള്ള ബാങ്കിന്റെ സേവനം വൃദ്ധരായ സാധുക്കൾക്ക് എങ്ങനെ ലഭിക്കാൻ. ഒരു ദിവസത്തെ ജോലികളഞ്ഞ് പാവപ്പെട്ടവരെങ്ങനെയാണ് ബാങ്കിൽ പോകുക. ഇപ്പോൾ ഇവർക്കും ബാങ്കിനുമിടയിൽ ബാങ്കിംഗ് കറസ്‌പോണ്ടന്റ്‌സ് എന്ന പേരിൽ ഇടനിക്കാരുണ്ട്. ഇവർ പലപ്പോഴും ഇത്തിക്കണ്ണികളാണ്. അഴിമതി നിറഞ്ഞ മുതലാളിത്ത വ്യവസ്ഥയിൽ അത് സ്വാഭാവികം മാത്രം. ഗുണഭോക്താക്കൾക്കുവേണ്ടി ബാങ്കിടപാടുകൾ നടത്തുന്നത് ഇവരാണ്. അപ്പോൾ ആനുകൂല്യങ്ങൾ നേരിട്ടെത്തിക്കുന്നു എന്നത് പാഴ്‌വാക്കായി അവശേഷിക്കുന്നു. മുക്കാൽ പങ്ക് ഇടനിലക്കാരും ഗ്രാമമുഖ്യൻമാരോ അവരുടെ മക്കളോ ഒക്കെത്തന്നയെന്ന്(ഉദാ: എക്കണോമിക് ടൈംസ്) റിപ്പോർട്ട് വന്നിട്ടുണ്ട്. അതായത് നിയന്ത്രണം പഴയപടി അവരുടെ കൈകളിൽത്തന്നെ. നേരിട്ട് ആനുകൂല്യങ്ങളെത്തിക്കലൊക്കെ വെറും വാചകക്കസർത്തുമാത്രം.
ആധാർ രജിസ്‌ട്രേഷന് അനുമിതുയള്ള ഗവൺമെന്റ് അറിയാതെ അത് സബ്‌കോൺട്രാക്ട് നൽകുന്നു. നിർബന്ധമായും നൽകേണ്ട വിവരങ്ങളേത് അല്ലാത്തതേത് എന്ന് പറയാതെ ഇവരിൽ പലരും അധികവിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്തവർ ഇവിടെ കബളിപ്പിക്കപ്പെടുന്നുമുണ്ട്. ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത്തരക്കാർ വർഗീയ ശക്തികളുമായി ബന്ധമുള്ളവരാകാനും സാദ്ധ്യതയുണ്ട്.

ആധാറും  സാങ്കേതിക വിദ്യയും

പത്രസമ്മേളനങ്ങൾ ഒഴിവാക്കി ടെലിവിഷനിൽമാത്രം പ്രത്യക്ഷപ്പെടുന്ന പ്രധാനമന്ത്രി സാങ്കേതിക പുരോഗതിയുടെ പ്രതീകമായാണ് ആധാറിനെ വിശേഷിപ്പിക്കുന്നത്. ”സാങ്കേതിക പരിജ്ഞാനമില്ലാത്തവർ”, ”ഒന്നുകിൽ കാര്യങ്ങൾ മനസ്സിലാകുന്നില്ല, അല്ലെങ്കിൽ മന:പൂർവ്വം കള്ളം പറയുന്നു” എന്നൊക്കെയാണ് അദ്ദേഹം എതിരാളികളെ കുറ്റപ്പെടുത്തുന്നത്. നിലേകനിയും ബിൽഗേറ്റ്‌സും പോലെയുള്ള ഡിജിറ്റൽ പ്രമാണിമാർ തന്നെ പിന്തുണയ്ക്കുന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറയുന്നത് ”സാങ്കേതിക വിദ്യ സ്വാതന്ത്ര്യത്തിന്റെ ഭാവി തടസ്സപ്പെടുത്തുകയാണെ”ന്നത്രെ! നിരക്ഷരതയും കപട സാക്ഷരതയും നടമാടുന്ന രാജ്യമാണിതെന്നോർക്കണം. വിവരങ്ങൾ തന്ന മനുഷ്യന്റെ വ്യക്തിത്വം മുക്കിക്കളയുകയാണ് ഡിജിറ്റൽ ഇന്ത്യ. ”അർഹരായ ഗുണഭോക്താക്കളെ പുറന്തള്ളുന്ന ഗുരുതരമായ പിശകുകൾ” വരുത്തിവച്ചുകൊണ്ട് അതിന്റെ രൂപരേഖയിലും സംവിധാനത്തിലുമുള്ള പാളിച്ചകൾ പരിഹരിക്കുന്നതിൽ ആധാർ സംവിധാനം പരാജയപ്പെട്ടിരിക്കുന്നുവെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാണിക്കുന്നു. ”വ്യക്തികളുടെ അന്തസ്സും അവകാശവും കൂട്ടലിനും കിഴിക്കലിനും വിധേയമായിരിക്കാനാവില്ല” എന്നും അദ്ദേഹം വാദിക്കുന്നു. ഈ വാക്കുകൾ അറിവില്ലായ്മയെന്നോ കളവെന്നോ മോദിക്ക് പറയാൻ കഴിയുമോ? രൂപകൽപ്പനയിൽ സഹജമായുണ്ടാകേണ്ട നൈതികത കാത്തുപുലർത്താനുള്ള മതിയായ സംവിധാനങ്ങളോ ആത്യന്തികമായി നിയമപരിരക്ഷയോ ഇല്ലെങ്കിൽ സാങ്കേതിക വിദ്യകൾ വളരെ എളുപ്പത്തിൽ ചൂഷണത്തിനുള്ള ഉപാധികളാക്കിമാറ്റാൻ കഴിയുമെന്നത് ഡിജിറ്റൽ ലോകത്തെക്കുറിച്ച് ധാരണയുള്ള ഏതൊരാൾക്കുമറിയാവുന്ന കാര്യമാണ്. ആധാറിന്റെ കാര്യത്തിൽ, ഉയർന്ന നിലവാരത്തിലുള്ള പരിരക്ഷ പോയിട്ട് വിവരം സൂക്ഷിക്കാനുള്ള സംവിധാനം പോലുമില്ല എന്നതാണ് വസ്തുത.

‘ഭീകരത’യ്ക്കും സാമ്പത്തിക  ക്രമക്കേടുകൾക്കുമെതിരെ ആധാറിന്റെ പോരാട്ടം

ആധാർ ഓരോ വ്യക്തിക്കും ഒരു സവിശേഷ നമ്പർ നൽകുന്നുണ്ട്. പകരമായി വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങളടക്കം ശേഖരിക്കുകയും ചെയ്യുന്നു. പേര്, മേൽവിലാസം, വയസ്സ്, ലിംഗം, വംശം, മതം, വിദ്യാഭ്യാസയോഗ്യത, ദാമ്പത്യസ്ഥിതി, ജോലി തുടങ്ങിയ സകല വിവരങ്ങളും ഇപ്രകാരം കരസ്ഥമാക്കുന്നു. ബയോമെട്രിക് വിവരങ്ങളായി പത്തുവിരലുകളുടെയും ഫോട്ടോ, കണ്ണിന്റെ സ്‌കാൻ, മുഖത്തിന്റെ ഫോട്ടോ എന്നിവയും ശേഖരിക്കുന്നു. ഏതൊരു മനുഷ്യനെയും തിരിച്ചറിയാൻ പാകത്തിലുള്ള വിവരങ്ങളാണിത്. ആരെങ്കിലും തെറ്റു ചെയ്താൽ, അത് ഭീകരപ്രവർത്തനമോ സാമ്പത്തിക ക്രമക്കേടോ എന്തുമാകട്ടെ, ഉടനടി കണ്ടുപിടിക്കാൻ ഇത് സഹായകമാകുമെന്നാണ് ഇതിന്റെ വക്കാലത്തുകാർ പറയുന്നത്. ഇതൊക്കെ വെറും ബാലിശമായ വാദഗതികൾ മാത്രം. ഭീകരവാദിയെന്ന് വിളിക്കപ്പെടുന്നവനെയും അഴിമതിക്കാരെയുമൊക്കെ തുറുങ്കിലടയ്ക്കാൻ ഇപ്പോൾത്തന്നെ മതിയായ സംവിധാനങ്ങൾ ഭരണകൂടത്തിനുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ഐബി, മിലിട്ടറി ഇന്റലിജൻസ് തുടങ്ങിയവയൊക്കെ ഇതിൽപ്പെടും. എന്നിട്ടും എല്ലാം നിർബ്ബാധം നടക്കുന്നു. നിയമവിധേയമായിട്ടോ അല്ലാതെയോ ഒരു പതിറ്റാണ്ടുകാലമായി ആധാർ പ്രാബല്യത്തിലുണ്ട്. കുഴപ്പക്കാരെ ആരെയെങ്കിലും പിടിച്ചതായി കാണുന്നുണ്ടോ? ആധാർ നിലവിൽ വന്നതിനുശേഷമല്ലേ വിജയ് മല്യയും നീരവ് മോദിയും മെഹുൽ ചോക്‌സിയുമൊക്കെ ബാങ്കുകളിൽനിന്ന് ജനങ്ങളുടെ പണം കോടിക്കണക്കിന് കൈയടക്കി രാജ്യം വിട്ടുപോയത്? ഇവരിൽ ചിലർ പാവനമെന്ന് കരുതപ്പെടുന്ന പാർലമെന്റ് പരിസരത്തുവച്ച് ധനകാര്യമന്ത്രിയുമായി കൂടിയാലോചനനടത്തിയിട്ടാണ് നാടുവിട്ടത്. ഇവരുടെ കേസുകൾ കൈകാര്യം ചെയ്യുന്നതും കേന്ദ്രമന്ത്രിമാരുടെ അടുത്ത ബന്ധുക്കളായ വക്കീലന്മാർതന്നെ. മുതലാളിത്ത വ്യവസ്ഥതന്നെ കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും താലോലിക്കുന്നു എന്നതാണ് കാര്യം. ഇവർക്ക് കടിഞ്ഞാണിടാൻ ഗവൺമെന്റ് മുതിരുകയുമില്ല. നിയമങ്ങൾ പലതുമുണ്ട്. ഇനിയും പുതിയ നിയമങ്ങൾ ഉണ്ടാക്കാം. എന്നാൽ അത് പ്രയോഗിക്കാൻ തയ്യാറല്ലെങ്കിൽപ്പിന്നെ എന്ത് പ്രയോജനം? അപ്പോൾ ആധാർകൊണ്ട് എന്തുഗുണം?

ആധാർ ഇന്ത്യൻ  ജനതയ്‌ക്കെതിരായ  തികഞ്ഞ ഗൂഢാലോചന

വ്യക്തിയെ സംബന്ധിച്ച സമ്പൂർണ്ണവും സമഗ്രവുമായ ഒരു വിവരശേഖരം ആധാർ സൂക്ഷിക്കുന്നു. എന്നാൽ ഡിജിറ്റൽ സംബന്ധവും നിയമപരവുമായ സാക്ഷരത രാജ്യത്ത് ഇന്നും വളരെ താഴ്ന്നതാകയാൽ ഇതിലൂടെ പുതിയൊരു അഴിമതിക്കുള്ള സാഹചര്യം ഉയർന്നുവരുന്നു. സർക്കാർ, സ്വകാര്യ ഏജൻസികളുടെ പക്കലുള്ള, വ്യക്തിയെ സംബന്ധിച്ച ഈ വിവരങ്ങൾ വിറ്റ് കാശാക്കാനുള്ള സാദ്ധ്യതയാണ് ഉണ്ടായിരിക്കുന്നത്.
അടിമുടി അഴിമതിയിൽ മുങ്ങിയ, ജീർണ്ണമായ ഒരു മുതലാളിത്ത വ്യവസ്ഥയിലാണ് ജീവിക്കുന്നത് എന്ന വസ്തുത ജനങ്ങൾ വിസ്മരിക്കരുത്. അധികാരം കൈയാളുന്ന ചൂഷകരും ബഹുഭൂരിപക്ഷംവരുന്ന ചൂഷിതരുമായി സമൂഹം വിഭജിക്കപ്പെട്ടിരിക്കുന്നു. ജനങ്ങളെ അടിച്ചമർത്തി വ്യവസ്ഥയുടെ പ്രവർത്തനം സുഗമമാക്കുന്നത് ഭരണകൂടമാണ്. ഭരണവർഗത്തിന് പ്രിയപ്പെട്ടവരും ഫലപ്രദമായി സേവിക്കാൻ കഴിവുള്ളവരുമായ പാർട്ടികൾ കാലാകാലങ്ങളിൽ അധികാരത്തിൽ അവരോധിക്കപ്പെടുന്നു. മറുവശത്ത് മർദ്ദിതരും ചൂഷിതരുമായ ജനസാമാന്യം. അവർ പ്രതിഷേധിച്ചാൽ തോക്കും ലാത്തിയും കൊണ്ടാണ് നേരിടുക. ഉയർത്തപ്പെടുന്നത് ഏറ്റവും ന്യായമായ ജീവിതപ്രശ്‌നങ്ങളായിരിക്കാം. അതൊന്നും പരിഗണിക്കപ്പെടില്ല. അതുകൊണ്ടുതന്നെ അവരുടെ മുന്നിൽ ഒറ്റവഴിയേയുള്ളൂ. ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരെ, അനീതിക്കും അഴിമതിക്കുമെതിരെ യോജിച്ചതും പ്രബുദ്ധവുമായ സമരം പടുത്തുയർത്തുക. ഇതിന് തടസ്സം സൃഷ്ടിക്കുന്നതിനെക്കുറിച്ചോ അത്തരം നീക്കങ്ങളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചോ നേരായി ചിന്തിക്കുന്ന ആരും വിചാരിക്കുകപോലും ചെയ്യരുത്. മുതലാളിത്ത വ്യവസ്ഥയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന ഒരു ഗവൺമെന്റിൽനിന്ന് ജനനന്മയെക്കരുതിയുള്ള പദ്ധതികൾ പ്രതീക്ഷിക്കുന്നത് വെറും മനക്കോട്ട കെട്ടലാണ്. സംഘടിത മുന്നേറ്റങ്ങളിലൂടെ ജനശക്തി പ്രകടിപ്പിച്ചുകൊണ്ടേ എന്തെങ്കിലും ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നേടിയെടുക്കാൻ കഴിയൂ.
ഇന്ത്യയിലെ മുതലാളിത്ത വ്യവസ്ഥ പാർലമെന്ററി ജനാധിപത്യത്തിന്റെ മുഖം പ്രദർശിപ്പിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. കാലാകാലങ്ങളിൽ അവർ തൽപരകക്ഷികളെ അധികാരത്തിലെത്തിക്കുന്നു. ഇതിനായി ജനങ്ങളുടെ പണവും പ്രചാരണോപാധികളും ഭരണസംവിധാനവുമെല്ലാം ഉപയോഗപ്പെടുത്തുന്നു. ജനങ്ങളിൽ പാർലമെന്ററി വ്യാമോഹം സജീവമാക്കി നിലനിർത്താൻ തെരഞ്ഞെടുപ്പുകൾ ഉപകരിക്കുന്നു. ഗവൺമെന്റ് മാറുന്നതോടെ സാഹചര്യത്തിൽ മാറ്റമുണ്ടാകുമെന്ന് ഓരോ തെരഞ്ഞെടുപ്പ് വേളയിലും ജനങ്ങൾ വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പഴയതോ അതിനെക്കാൾ മോശമോ ആയ അവസ്ഥയാണ് നിലവിൽവന്നിരിക്കുന്നത് എന്ന് അവർ തിരിച്ചറിയുന്നു. ആധാറും ഇതുപോലൊരു വ്യാമോഹം മാത്രമാണ്. പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന്, രാജ്യത്തുനിന്ന് ഭീകരവാദം തുടച്ചുനീക്കുമെന്ന്, ജീവിതത്തിൽനിന്ന് അഴിമതി നിർമ്മാർജ്ജനം ചെയ്യുമെന്നുമൊക്കെയുള്ള വ്യാമോഹം. വെറും തട്ടിപ്പ്. ഈ ഭരണവർഗ പദ്ധതിക്ക് നിയമസാധുതകൂടി കൈവരുന്നതോടെ എന്താണ് സംഭവിക്കുക എന്ന് ആർക്കറിയാം. ജനങ്ങളുടെ പണം വൻതോതിൽ ചെലവഴിച്ചുകൊണ്ട് പുതിയ അഴിമതിക്ക് കളമൊരുക്കുകയാണ്. പുതിയ ഇടനിലക്കാരും രജിസ്‌ട്രേഷൻകാരുമൊക്കെ രംഗപ്രവേശം ചെയ്യുന്നു. വാഗ്ദാനങ്ങളൊക്കെ എത്രനാൾ നിലനിൽക്കും എന്ന് പറയാനാകില്ല. എല്ലാറ്റിനുമുപരി ഭീകരവാദവും അഴിമതിയും തടയാനെന്നപേരിൽ ജനങ്ങളെ നിരീക്ഷിക്കാനും അവർക്ക് മൂക്കുകയറിടാനുമുള്ള അപകടകരമായൊരു ആയുധമായിട്ടാണ് മുതലാളിവർഗം ആധാറിനെ ഉപയോഗപ്പെടുത്തുക. അവരെ എക്കാലവും ഭീതിയിൽ തളച്ചിടാനും കഴിയും. ജനാധിപത്യ പ്രക്ഷോഭങ്ങൾക്കുമുന്നിൽ ഇത് കടുത്ത പ്രതിബന്ധം സൃഷ്ടിക്കും. വ്യക്തിയെയോ സംഘത്തെയോ നിരീക്ഷിച്ചുകൊണ്ട് അവർക്കുമേൽ സർക്കാർ ആഗ്രഹിക്കുന്ന എന്ത് നടപടിയും കൈക്കൊള്ളാൻ ഇത് ഉപയോഗപ്പെടുത്താം. ജനങ്ങൾ ഈ ഗൂഢാലോചന തിരിച്ചറിയണം. ആധാർ സ്ഥിരമാക്കാനുള്ള നീക്കം പരാരജയപ്പെടുത്തുന്നതിനായി നേരായി ചിന്തിക്കുന്നവരും ജനാധിപത്യവിശ്വാസികളുമായ മുഴുവനാളുകളെയും ഏകോപിപ്പിച്ചുകൊണ്ട് അടിയന്തരമായി ഒരു ബഹുജനമുന്നേറ്റം വളർത്തിയെടുക്കണം.

Share this