തൊഴിലില്ലായ്മ വർദ്ധിപ്പിക്കുന്ന കേന്ദ്രനയത്തിനെതിരെ എഐഡിവൈഒയുടെ രാജ്ഭവൻ മാർച്ച്

Spread our news by sharing in social media

സ്ഥിരം തൊഴിൽ ഇല്ലാതാക്കാനുള്ള തീരുമാനം പിൻവലിക്കുക, ഒഴിവുള്ള തസ്തികകളിൽ ഉടൻ സ്ഥിര നിയമനം നടത്തുക, തൊഴിലില്ലായ്മ വേതനം 120 ൽനിന്നും 2000 രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ(എഐഡിവൈഒ) നവംബർ 15ന് രാജ്ഭവൻ മാർച്ച് നടത്തി. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ആർ.കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു.
10 കോടി പുതിയ തൊഴിലുകൾ വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, യുവാക്കളോട് മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സാമൂഹ്യപ്രശ്‌നങ്ങളുടെയും ആണിക്കല്ലായി പരിഗണിക്കാവുന്നത് തൊഴിലില്ലായ്മ പ്രശ്‌നമാണ്. തൊഴിലിന്റെ കാര്യത്തിൽ നെഗറ്റീവ് വളർച്ചയിലാണ് രാജ്യം. അതിന്റെ അടിസ്ഥാന കാരണം ജനവിരുദ്ധ ആഗോളവൽക്കരണ നയങ്ങളാണ്. അത് പരിഹരിക്കാനുള്ള അടിയന്തര നടപടികൾ കൈകൊള്ളുവാൻ ഗവൺമെന്റുകൾ തയ്യാറാകണം. സംസ്ഥാന എൽഡിഎഫ് ഗവൺമെന്റും നിയമന നിരോധനം ഏർപ്പെടുത്തികൊണ്ട് യുവാക്കളെ കൂടുതൽ അനിശ്ചിതത്വത്തിലേയ്ക്ക് തള്ളിവിടുകയാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.
എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് എൻ.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ.വി.പ്രകാശ്, വൈസ് പ്രസിഡന്റ് പി.പി.പ്രശാന്ത്കുമാർ, ജോയിന്റ് സെക്രട്ടറി കെ.പി.സാൽവിൻ, സംസ്ഥാന കമ്മിറ്റിയംഗം വി.സുജിത്, എഐഡിഎസ്ഒ സംസ്ഥാന ട്രഷറർ ആർ.അപർണ്ണ എന്നിവർ പ്രസംഗിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ചിന് എൻ.ആർ.അജയകുമാർ, റ്റി.ആർ.രാജിമോൾ, എം.കെ.ഉഷ, കെ.ബിമൽജി, പി.കെ.ഭഗത്, എ.സുരേഷ്, റ്റി.ഷിജിൻ, രജിതാജയറാം, പി.സി.വിവേക്, അനിലാ ബോസ്, എസ്.ശ്രീകുമാർ, ഇ.സനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.

Share this