മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരെ: ഇന്ത്യൻ തൊഴിലാളിവർഗ്ഗം പടയ്‌ക്കൊരുങ്ങുന്നു

Spread our news by sharing in social media

 

2018 സെപ്തംബർ 28ന് ന്യൂഡൽഹിയിലെ മവ്‌ലങ്കർ ഹാളിൽവച്ച് നടന്ന
തൊഴിലാളികളുടെ ദേശീയ കൺവൻഷൻ അംഗീകരിച്ച പ്രഖ്യാപനം

2019 ജനുവരി 8,9 48 മണിക്കൂർ അഖിലേന്ത്യാ പൊതുപണിമുടക്ക് വിജയിപ്പിക്കുക

കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളും നിരന്തരമായി നടത്തിവന്ന പ്രക്ഷോഭ ശൃംഖലകളുടെ തുടർച്ചയായി ഇന്ന് തൊഴിലാളികളുടെ ദേശീയ കൺവൻഷൻ ചേരുകയാണ്. 2017 ആഗസ്റ്റ് 8-ാം തിയ്യതി തൽക്കത്തോറ സ്റ്റേഡിയത്തിൽ വെച്ച് നടന്ന തൊഴിലാളികളുടെ ദേശീയ കൺവെൻഷൻ അംഗീകരിച്ച തീരുമാനങ്ങൾ വിജയകരമായി നടപ്പിലാക്കിയിരുന്നു. മൂന്നു മാസത്തിലേറെ കാലം രാജ്യവ്യാപകമായി നടത്തിയ വിപുലമായ പ്രചരണങ്ങൾക്കുശേഷം 2017 നവംബർ 9,10,11 തിയ്യതികളിൽ നടത്തിയ തൊഴിലാളികളുടെ വമ്പിച്ച പ്രതിഷേധ ഒത്തുചേരലുകൾ പൊരുതി നേടിയ അവകാശങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ നടന്നുവന്ന പ്രക്ഷോഭങ്ങളിൽ ഒരു നാഴികകല്ലായി മാറി. നിലവിലെ തൊഴിൽ നിയമങ്ങളും ഐഎൽഒ കൺവൻഷനുകളും ലംഘിച്ച് തൊഴിലുടമകൾക്ക് അനുകൂലമായി, തൊഴിലാളികൾക്കും ട്രേഡ് യൂണിയനുകൾക്കുമെതിരെ ലേബർ കോഡ് രൂപീകരിക്കുന്ന ഗവൺമെന്റ് ആക്രമണങ്ങൾക്കെതിരെയും കൂടിയായിരുന്നു ആ പ്രക്ഷോഭം. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുവാൻ കർശന നടപടികൾ സ്വീകരിക്കുക, മാന്യമായ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, മിനിമം വേതനം പ്രതിമാസം 18000/- രൂപയാക്കുക, പ്രതിമാസ പെൻഷൻ 6,000/- രൂപയാക്കി വർദ്ധിപ്പിച്ച് എല്ലാവർക്കും നൽകുക, ഓഹരി വില്പന, പുറംപണി, പൊതുസ്വകാര്യ പങ്കാളിത്തം എന്നീ മാർഗങ്ങളിലൂടെയും നേരിട്ടുള്ള വില്പനയിലൂടെയും പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാനുള്ള എല്ലാ നീക്കങ്ങളും ഉപേക്ഷിക്കുക, സാർവ്വത്രിക സാമൂഹിക സുരക്ഷ ഏർപ്പെടുത്തുക എന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ആ പരിപാടി നടന്നത്. അതിനെ തുടർന്ന് 2018 ജനുവരി 17ന് സ്‌കീം തൊഴിലാളികളുടെ രാജ്യവ്യാപകമായ പണിമുടക്കും 2018 ജനുവരി 23 മുതൽ ഫെബ്രുവരി 23 വരെ വിവിധ തിയ്യതികളിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലുമായി സത്യാഗ്രഹങ്ങളും പ്രതിഷേധങ്ങളും നടക്കുകയുണ്ടായി.

തൊഴിലാളികൾ സംഘടിത പ്രക്ഷോഭങ്ങളോടെ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളോട് കേന്ദ്ര സർക്കാർ പ്രതികരിച്ചില്ലെന്ന് മാത്രമല്ല, തൊഴിലാളികളുടെയും, ജീവനക്കാരുടെയും ട്രേഡ് യൂണിനുകളുടെയും അവകാശങ്ങൾ ഹനിക്കുന്ന ആക്രമണങ്ങൾക്ക് ആക്കം വർദ്ധിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുകയാണ് ചെയ്തത്. ദ്വികക്ഷി, ത്രികക്ഷി സംവിധാനങ്ങളെ സർക്കാർ ദുർബലപ്പെടുത്തുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ വേതന പരിഷ്‌കരണത്തിനുള്ള ദ്വികക്ഷി കരാറുകളിൽനിന്നും, കേന്ദ്ര ജീവനക്കാരുടെ 7-ാം ശമ്പള കമ്മീഷൻ ശുപാർശകളിലെ അപാകതകൾ പരിഹരിക്കുന്നതിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറുകയാണ്. പുതിയ പെൻഷൻ സ്‌കീം റദ്ദുചെയ്യുക, മിനിമം വേതനവും ഫിറ്റ്‌മെന്റ് ഫോർമുലയും പരിഷ്‌ക്കരിക്കുക, അലവൻസുകൾ പുന:സ്ഥാപിക്കുക, പെൻഷൻ ഫിറ്റ്‌മെന്റ് ഫോർമുലയിലെ ഓപ്ഷൻ ഒന്ന് അനുവദിക്കുക തുടങ്ങി കേന്ദ്ര ജീവനക്കാർ ഉയർത്തിയ അനേകം ഡിമാന്റുകൾ പരിഹരിക്കുന്നതിന് നാല് ഉപസമിതികൾ ഗവൺമെന്റ് രൂപീകരിച്ചെങ്കിലും ഇക്കാര്യത്തിൽ യാതൊന്നും നടപ്പിലായിട്ടില്ല.

പുതിയ പെൻഷൻ സ്‌കീം റദ്ദാക്കുന്നതടക്കമുള്ള ന്യായമായ ആവശ്യങ്ങളോട് വഞ്ചനാപരമായ നിലപാട് സ്വീകരിച്ചിരിക്കുന്ന കേന്ദ്രത്തിനെതിരെ റെയിൽവേ, പ്രതിരോധം എന്നീ മേഖലകളിലേതുൾപ്പെടെയുള്ള കേന്ദ്ര ജീവനക്കാരുടെ വിവിധ സംഘടനകൾ സംയുക്തമായി യോജിച്ച പ്രക്ഷോഭത്തിന് പദ്ധതിയിടുന്നുണ്ട്. അവരുടെ മുഴുവൻ ആവശ്യങ്ങളോടും പ്രക്ഷോഭങ്ങളോടും ഈ കൺവൻഷൻ പൂർണ്ണമായ പിന്തുണ പ്രഖ്യാപിക്കുന്നു.
ഐഎൽസി സമ്മേളനം 2015 ജൂലൈയിൽ നടന്നതിനുശേഷം ഇതുവരെ വിളിച്ചുചേർത്തിട്ടില്ല. പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും സേവന മേഖലയായ ബാങ്ക്, ഇൻഷൂറൻസ്, കേന്ദ്ര സംസ്ഥാന ജീവനക്കാർ, പ്രതിരോധ വ്യവസായം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര ഫെഡറേഷനുകളും സംയുക്തമായി ആഹ്വാനം ചെയ്തതനുസരിച്ച് 2018 സെപ്തംബർ 28-ന് ഡൽഹിയിലെ മവ്‌ലങ്കർ ഹാളിൽ നടക്കുന്ന തൊഴിലാളികളുടെ ഈ അഖിലേന്ത്യാ കൺവൻഷൻ കേന്ദ്ര ഗവൺമെന്റിന്റെ കോർപ്പറേറ്റ് അനുകൂലവും രാജ്യദ്രോഹപരവും ജനവിരുദ്ധവുമായ നയങ്ങൾമൂലം ദേശീയ സമ്പദ്‌വ്യവസ്ഥയും തൊഴിലാളികളുടെ ജീവിതോപാധികളും രാജ്യവ്യാപകമായി തകർന്നുകൊണ്ടിരിക്കുന്നതിലും അതിശക്തമായി പ്രതിഷേധിക്കുന്നു.
മിനിമംവേതനം, സാർവ്വത്രിക സാമൂഹിക സുരക്ഷ, സ്‌കീം തൊഴിലാളികളുടെ പദവി ഉൾപ്പെടെ വേതനവും സൗകര്യങ്ങളും, ധനമേഖലയിലേതുൾപ്പെടെയുള്ള പൊതു മേഖലകളുടെ സ്വകാര്യവൽക്കരണത്തിൽ നിന്നുളള പിൻമാറ്റം, വൻതോതിലുള്ള കരാർവല്ക്കരണം, ഐഎൽഒ കൺവെൻഷൻ 87, 98ന്റെ അംഗീകാരം തുടങ്ങിയ പന്ത്രണ്ട് ഇനങ്ങൾ അടങ്ങിയ അവകാശ പത്രികയെ ധിക്കാരപൂർവ്വം അവഗണിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിലുള്ള അമർഷം ഈ കൺവൻഷൻ ശക്തമായി രേഖപ്പെടുത്തുന്നു. വീടുകളിൽനിന്ന് ചെയ്യുന്ന തൊഴിലിനെ സംബന്ധിച്ച 177-ാം ഐഎൽഒ കൺവൻഷനും ഗാർഹിക തൊഴിൽ സംബന്ധിച്ച 189-ാം കൺവൻഷനും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ തൊഴിൽ നല്കുന്ന മേഖലയിൽ പോലും തൊഴിൽ സൃഷ്ടിയുടെ നിരക്ക് യഥാർത്ഥത്തിൽ പിറകോട്ട് പോകുന്നു. വ്യസായങ്ങൾ ഉൽപ്പാദനം നിർത്തിവെക്കുകയും അടച്ചുപൂട്ടുകയും ചെയ്യുന്ന പ്രതിഭാസം വ്യാപകമാകുന്നു. ഐ.ടി.മേഖലയിൽ വൻ തൊഴിൽ നഷ്ടമുണ്ടാകുമെന്ന പ്രവചനം ഈ പ്രതിഭാസത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെയും അവശ്യ വസ്തുക്കളുടെയും വിലക്കയറ്റവും, പൊതുഗതാഗതം, വൈദ്യുതി, ഔഷധം തുടങ്ങിയ സേവനങ്ങൾക്ക് വിലയേറിയതും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പൊതുവിൽ ദുരിതപൂർണ്ണമാക്കിയിരിക്കുന്നു. ഇത് ദാരിദ്ര്യവൽക്കരണം തീവ്രമാക്കുകയാണ്. ജിഎസ്ടി നടപ്പിലാക്കിയതോടെ സ്ഥിതി കൂടുതൽ മോശമായി. അവശ്യ മരുന്നുകൾക്കും ജീവൻ രക്ഷാ മരുന്നുകൾക്കുപോലും ഉയർന്ന നിരക്കിൽ ജിഎസ്ടി ഏർപ്പെടുത്തി. സാമൂഹിക മേഖലയ്ക്കും ക്ഷേമപദ്ധതികൾക്കുമുള്ള പണം വൻതോതിൽ സർക്കാർ വെട്ടിക്കുറച്ചത് അസംഘടിത മേഖലാ തൊഴിലാളികളുടെ സ്ഥിതി കൂടുതൽ ദയനീയമാക്കിയിരിക്കുന്നു. നിശ്ചിതകാല തൊഴിൽ പിൻവാതിലിലൂടെ നടപ്പിലാക്കിക്കൊണ്ട് ആധുനിക അടിമവേല സമ്പ്രദായം അടിച്ചേൽപ്പിച്ചിരിക്കുകയാണ്. അപ്രന്റീസ്ഷിപ്പ് നിയമത്തിൽ തൊഴിലുടമയ്ക്ക് അനുകൂലമായ ഭേദഗതികൾ വരുത്തിക്കൊണ്ട് പിൻവാതിലിലൂടെ പതിനാല് വയസ്സിനു താഴെയുള്ള കുട്ടികളെ കുടുംബ യൂണിറ്റുകളിൽ തൊഴിലെടുപ്പിക്കാൻ അനുവാദം നൽകിയിരിക്കുന്നു.
പെട്രോൾ, ഡീസൽ വില കുത്തനെ ഉയർന്നതിനെത്തുടർന്ന് ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങൾക്കും, പ്രതേ്യകിച്ച് ഭക്ഷ്യവസ്തുക്കൾക്ക് വൻതോതിൽ വിലകൂടിയത് സാധാരണക്കാർക്ക് പീഡനത്തിന്റെ നാളുകളാണ് സമ്മാനിച്ചത്. നോട്ടുനിരോധനവും തെറ്റുനിറഞ്ഞ ജിഎസ്ടി സംവിധാനവും നവലിബറൽ സാമ്പത്തിക നയങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയെ മൂർഛിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷമായി പുതിയ തൊഴിലവസരങ്ങൾ ഒന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. സർക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പൊതുവിൽ ജോലിഭാരം ഇരട്ടിയായിട്ടും, സ്ഥിതി രൂക്ഷമാക്കിക്കൊണ്ട് സർക്കാർ സ്ഥാപനങ്ങളിൽ ഓരോ വർഷവും മൂന്നു ശതമാനം സ്ഥിരം തസ്തികകൾ ഇല്ലാതാക്കുന്നത് തുടരുകയും ചെയ്യുന്നു.

നോട്ടുനിരോധനത്തിന്റെ ആദ്യ മാസങ്ങൾ പിന്നിട്ടപ്പോൾത്തന്നെ രാജ്യമൊട്ടുക്ക് 2.34 ലക്ഷം ചെറുകിട ഫാക്ടറി യൂണിറ്റുകൾ അടച്ചുപൂട്ടുകയും 70 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായെന്നുമാണ് തൊഴിലുടമകളുടെ സംഘടനകളുടെ ആഭിമുഖ്യത്തിലും സ്വതന്ത്ര ഏജൻസികളും നടത്തിയ സർവ്വെകൾ വെളിപ്പെടുത്തുന്നത്. അനൗപചാരിക മേഖലയിലെ ആറുകോടി ജനങ്ങൾക്കും സംഘടിത മേഖലയിലെ 17 ലക്ഷം പേർക്കും ജീവനോപാധികൾ നഷ്ടമാകുന്നത് രൂക്ഷമായ സ്ഥിതിവിശേഷത്തെയാണ് വെളിവാക്കുന്നത്.
തുല്യ ജോലിക്ക് തുല്യ വേതനം, പതിനഞ്ചാം ഐഎൽസി യോഗവും സുപ്രീം കോടതിയും നിർദ്ദേശിച്ച വിധത്തിലുള്ള മിനിമം വേതനം, അംഗൻവാടി, മിഡ്‌ഡേ മീൽ, ആഷ, തൊഴിലുറപ്പ് തുടങ്ങിയ സ്‌കീം തൊഴിലാളികൾക്കും ഗാർഹിക തൊഴിലാളികൾക്കും, തൊഴിലാളി പദവി എന്നീ വിഷയങ്ങളിൽ സർക്കാർ കൂടി കക്ഷിയായ ഇന്ത്യൻ ലേബർ കോൺഫറൻസു(ഐഎൽസി)കൾ തുടർച്ചയായി നൽകിയ ഏകകണ്ഠമായ ശുപാർശകൾ നടപ്പാക്കാൻ സർക്കാർ തയ്യാറാകുന്നില്ല. തുല്യ ജോലിക്ക് തുല്യവേതനം, യഥാർത്ഥ വേതനത്തെയും ക്ഷാമബത്തയെയും അടിസ്ഥാനമാക്കിയ ഇപിഎഫ് പെൻഷൻ കണക്കാക്കൽ തുടങ്ങിയ വിഷയങ്ങളിൽ സുപ്രിംകോടതിയുടെ സമിപകാല വിധികൾ പോലും നടപ്പാക്കാൻ തയ്യാറാകുന്നില്ല.

അസംഘടിത തൊഴിലാളികൾ വൻതോതിൽ തൊഴിലെടുക്കുന്ന നിർമ്മാണ മേഖലയിൽ സുപ്രീം കോടതി റൂളിംഗ് പ്രകാരം കൺസ്ട്രക്ഷൻ വർക്ക് സെസ് ഫണ്ടും തൊഴിലാളികൾക്ക് ഉപകാരപ്രദമായവിധം അതിന്റെ ഉപയോഗവും സംബന്ധിച്ച് ഒരു നടപടിക്കും ഗവൺമെന്റ് തയ്യാറാകുന്നില്ല. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്ന സംവിധാനത്തിൽ കേന്ദ്ര-സംസ്ഥാന ട്രേഡ് യൂണിയനുകളെ സർക്കാരുകൾ അവഗണിക്കുന്നു. രാജ്യത്തെ നഗരങ്ങളിലെ 2.5 ശതമാനം ജനങ്ങളും തെരുവുകച്ചവടക്കാരാണ്. ദ സ്ട്രീറ്റ് വെന്റിംങ് (പ്രൊട്ടക്ഷൻ ഓഫ് ലൈവ്‌ലിഹുഡ് ആന്റ് റെഗുലേറ്റിങ്ങ് സ്ട്രീറ്റ് വെന്റിങ്ങ്) നിയമം 2014 പാർലമെന്റ് പാസാക്കിയത് ഈ വിഭാഗത്തെ സംരക്ഷിക്കാനാണെങ്കിലും അതിന് ആസൂത്രിതമായി തുരങ്കംവയ്ക്കുകയാണ്. ജിഎസ്ടി അടിച്ചേൽപ്പിച്ചതോട ബീഡി തൊഴിലാളികളുടെ തൊഴിലും ക്ഷേമവും അപകടാവസ്ഥയിലാണ്. തൊഴിലുടമ-തൊഴിലാളി ബന്ധം അംഗീകരിക്കാൻ ബീഡി നിർമ്മാണ മേഖലയിലെ ഭീമന്മാർ തയ്യാറാകാത്തതോടെ ഈ മേഖലയുടെ അവസ്ഥ ദയനീയമായിരിക്കുന്നു.
തൊഴിലാളികൾ പൊരുതി നേടിയ 44 കേന്ദ്ര തൊഴിൽ നിയമങ്ങൾ സംയോജിപ്പിച്ച് തൊഴിലാളി വിരുദ്ധവും തൊഴിലുടമകൾക്ക് അനുകൂലവുമായ നാല് ലേബർ കോഡുകളാക്കി മാറ്റാൻ സർക്കാർ തിരുമാനിച്ചിരിക്കുന്നു. സുഗമമായ ബിസിനസ്സ്, മെയ്ക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ട് അപ്പ് തുടങ്ങിയവയുടെ പേരിൽ തൊഴിലാളികളെ പിരിച്ചുവിടാൻ ഹയർ ആന്റ് ഫയർ പദ്ധതി സുഗമമാക്കാനാണ് ഈ ലേബർ കോഡുകൾ വഴിവയ്ക്കുക. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷൂറൻസ് കോർപറേഷൻ, വിവിധ ക്ഷേമ നിയമങ്ങൾ തുടങ്ങിയ നിലവിലുള്ള നിയമാനുസൃതമായ സാമൂഹിക സുരക്ഷാ ചട്ടക്കൂടുകൾ പൊളിച്ചടുക്കുകയും ക്ഷേമവുമായി ബന്ധപ്പെട്ട സെസ് ഇല്ലാതാക്കുകയും ചെയ്ത സാമൂഹ്യ സുരക്ഷാ കോഡിന് രൂപം നൽകാനുള്ള നീക്കം ഏറ്റവും ഒടുവിലത്തെ കടന്നാക്രമണമാണ്. ‘സാർവ്വത്രിക സാമൂഹിക സുരക്ഷ’എന്ന പേരിൽ തൊഴിലാളികളുടെ വിഹിതമായ 24 ലക്ഷം കോടി രൂപയെന്ന ഭീമമായ തുക തട്ടിയെടുത്ത് ഓഹരി വിപണിയിലെ ചൂതാട്ടത്തിന് വിട്ടുകൊടുക്കാനാണ് നീക്കം. ഓക്യുപേഷണൽ സേഫ്റ്റി ആന്റ് ഹെൽത്ത്(ഒഎസ്എച്ച്) എന്ന നിർദ്ദിഷ്ട കോഡ് ഫാക്ടറികളിലെയും സേവനമേഖലയിലെയും തൊഴിലാളികളുടെ തൊഴിൽപരമായ സുരക്ഷയ്ക്ക് വൻ ഭീഷണി സൃഷ്ടിക്കും.

ധനവിനിയോഗ ബിൽ അവതരിപ്പിക്കുന്നതിനൊപ്പം സർക്കാർ നയമായി അവതരിപ്പിച്ച് പാസാക്കിയ നിശ്ചിതകാല തൊഴിൽ, തൊഴിൽ സുരക്ഷയുടെ മരണമണിയാണ്. 1926-ലെ ട്രേഡ് യൂണിയൻ നിയമത്തിന്റെ 28എ, 29 എന്നീ വകുപ്പുകളിൽ കേന്ദ്ര-സംസ്ഥാന തലങ്ങളിലെ ട്രേഡ് യൂണിയനുകൾ സംബന്ധിച്ച നിർവചനം മാറ്റാനാണ് ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടത്. ഗവൺമെന്റിന് ട്രേഡ് യൂണിയനുകളുടെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിനും അധികാരങ്ങൾ കവരുന്നതിനും വേണ്ടിയാണ് ഈ കുത്സിത നീക്കം. സുഗമമായ ബിസിനസ്സ്, സ്റ്റാർട്ട് അപ്പ് തടങ്ങിയവ മറയാക്കി ഹയർ ആൻഡ് ഫയർ നടപ്പാക്കാനുള്ള ഗൂഢനീക്കമാണ് ഈ ഭേദഗതിക്കു പിന്നിൽ. യൂണിയനുകളുടെ അംഗീകാരം ഇല്ലാതാക്കാൻകൂടി വേണ്ടിയാണ് ഈ നീക്കം. തൊഴിൽ നിയമ ഭേദഗതിക്കായുള്ള ത്രികക്ഷി ചർച്ചയെന്ന പേരിൽ തൊഴിൽ മന്ത്രാലയം വിളിച്ചുചേർത്ത യോഗങ്ങൾ, ട്രേഡ് യൂണിയനുകളുടെ അഭിപ്രായം തേടുന്നു എന്ന് വരുത്തുവാനും രേഖകൾ ഉണ്ടാക്കുവാനും മാത്രമാണ്.

പ്രതിരോധ ഉൽപ്പാദനം, പൊതുമേഖലാ ബാങ്കുകൾ, ഇൻഷൂറൻസ്, റെയിൽവേ, പൊതു റോഡ് ട്രാൻസ്‌പോർട്, എണ്ണ, വൈദ്യുതി, സ്റ്റീൽ, കൽക്കരി തുടങ്ങിയ നിർണായക പൊതുമേഖലാ സ്ഥാപനങ്ങൾ ഓഹരി വിൽപ്പനയുടെയും തന്ത്രപരമായ വിൽപ്പനയുടെയും പുറംതൊഴിലിന്റെയും പേരിൽ ഓരോ ദിവസവും സ്വകാര്യവൽക്കരിക്കുകയാണ്. തന്ത്രപ്രധാന മേഖലകൾ ഉൾപ്പെടെ പ്രധാനപ്പെട്ട മേഖലകളിലേക്ക് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നത് ദിനംപ്രതി വർദ്ധിക്കുകയാണ്. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപ സാധ്യതയുള്ള സഞ്ചിത നിധി അവരിൽ നിന്ന് എടുത്തുമാറ്റുന്നത് മറ്റൊരു കനത്ത ആക്രമണമാണ്. കഴിഞ്ഞ ആറര പതിറ്റാണ്ടിൽ നമ്മുടെ പ്രതിരോധ മേഖല കൈവരിച്ച ഉല്പാദന ഗവേഷണ നേട്ടങ്ങൾ തകർക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ് പ്രതിരോധ മേഖലയുടെ സ്വകാര്യവൽക്കരണ നീക്കം. നമ്മുടെ ഓർഡനൻസ് ഫാക്ടറികൾ നിർമ്മിച്ചുകൊണ്ടിരുന്ന ആയുധങ്ങളും നിർണായക ഉപകരണങ്ങളുമടക്കം അമ്പതു ശതമാനത്തിലേറെ ഉൽപ്പന്നങ്ങൾക്ക് പുറം കരാർ കൊടുക്കുന്നതിനുള്ള പദ്ധതിയാണ് ഇതിലെ ഏറ്റവും നീചവും സംശയാസ്പദവുമായ കാര്യം. അഞ്ച് ഓർഡനൻസ് ഫാക്ടറികൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചത് ആയിരക്കണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കും. പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും കപ്പൽ നിർമ്മാണ ശാലകൾക്കും വർക്ക് ഓർഡർ നൽകാതെ വിവേചനത്തിന് ഇരയാക്കുമ്പോൾ, പ്രതിരോധ സംഭരണ ഓർഡറുകൾ നൽകി സ്വകാര്യ കോർപറേറ്റുകളെ സർക്കാർ പ്രീണിപ്പിക്കുകയാണ്.

റെയിൽവേയുടെ പൂർണ്ണമായ സ്വകാര്യവൽക്കരണം ഘട്ടംഘട്ടമായി പൂർത്തിയായി വരികയാണ്. റെയിൽവേ നിർമ്മിച്ച നിലവിലുള്ള പാളങ്ങളിൽ സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ അനുമതി നൽകിക്കഴിഞ്ഞു. റെയിൽവേ യാർഡുകൾ, ഷെഡുകൾ, വർക്ഷോപ്പുകൾ എന്നിവയിൽ സ്വകാര്യ കമ്പനികൾക്ക് സൗജന്യമായി കടന്നുകയറാനും അവരുടെ കോച്ചുകളും വാഗണുകളും എഞ്ചിനുകളും അറ്റകുറ്റപ്പണി നടത്താനും അനുവദിക്കുന്നു. മെട്രോ നഗരങ്ങളിലെ 23 സ്റ്റേഷനുകൾ സ്വകാര്യവൽക്കരണത്തിനായി ഇതിനകം ഷോർട് ലിസ്റ്റ് ചെയ്തുകഴിഞ്ഞു.
ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി (സിഇആർസി)ക്ക് സമാനമായി റെയിൽവേ ഡെവലപ്‌മെന്റ് അതോറിറ്റി (ആർഡിഎ)ക്ക് രൂപം നൽകിയിട്ടുണ്ട്. സിഇആർസിയുടെ കീഴിൽ വൈദ്യുതി നിരക്ക് കുത്തനെ കുതിച്ചുകയറിയതുപോലെ ആർഡിഎയുടെ കീഴിൽ റെയിൽവേ നിരക്കും ചരക്കുകൂലിയും കുതിക്കാൻ പോകുകയാണ്. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഈ തീരുമാനംമൂലം നേട്ടമുണ്ടാക്കുക സ്വകാര്യവ്യക്തികളാണ്.
കേന്ദ്രത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ സർക്കാരിന്റെ കീഴിൽ അരങ്ങേറുന്ന വമ്പൻ അഴിമതികൾ ഒന്നൊന്നായി പുറത്തുവരുകയും അത് ഭരിക്കുന്ന ഉപജാപക സംഘത്തിന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടുകയുമാണ്.

കിട്ടാക്കടം എന്ന പ്രശ്‌നത്തെ പരിഹരിക്കാനോ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയ കോർപ്പറേറ്റുകളെ ശിക്ഷിക്കാനോ സർക്കാരിന് താൽപര്യമില്ല. സർക്കാർ കൊണ്ടുവന്ന എഫ്ആർഡിഐ ബില്ലിനെ അതിശക്തമായി എതിർത്ത യൂണിയനുകൾ ബിൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇൻസോൾവൻസി, ബാങ്ക്‌റപ്റ്റ്‌സി കോഡുകൾ കൊണ്ടുവന്ന് കോർപ്പറേറ്റുകൾക്ക് അവർ തട്ടിയെടുത്ത പണവുമായി രക്ഷപ്പെടാൻ അവസരം നൽകുകയാണ്. ഇവർ വെട്ടിച്ച പണത്തിന്റെ മുപ്പത് ശതമാനത്തിൽ താഴെ തുക മാത്രമേ ഇതുവഴി തിരിച്ചു കിട്ടൂ.
പല ബാങ്കുകളും ടെലികോം മേഖലയും കരാർ തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഇൻഷൂറൻസ് മേഖലയിലും ഇതേ അവസ്ഥയാണ്. നമ്മുടെ പ്രധാന തുറമുഖങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നിയമനിർമ്മാണ നീക്കങ്ങൾ ഉയർന്ന തലത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. നിർണായക മേഖലകളിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഊർജ്ജം, പെട്രോളിയം, ടെലികോം, മെറ്റൽ, ഖനി, യന്ത്ര നിർമാണം, ഇലക്‌ട്രോണിക്,ഡിജിറ്റൽ, റോഡ്, വ്യോമയാനം, ജലഗതാഗതം, തുറമുഖം, ഡോക്ക് തുടങ്ങിയ മേഖലകളും സർക്കാരിന്റെ സ്വകാര്യവല്ക്കരണ ഭീഷണി നേരിടുന്നവയാണ്.
സ്‌കീം വർക്കർ ഉൾപ്പെടെ സർക്കാരിന്റെ സേവന മേഖലയിലെ തൊഴിലാളികളും ജീവനക്കാരും വീട്ടുജോലിക്കാരും അസംഘടിത തൊഴിലാളികളും, കുടിയേറ്റ തൊഴിലാളികളുമെല്ലാം യോജിച്ച സമരങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ഈ സമരങ്ങൾക്കെല്ലാം കൺവൻഷൻ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. കുറച്ചുപേർക്ക് അനുവദിച്ച വൺ റാങ്ക് വൺ പെൻഷൻ പദ്ധതി പ്രതിരോധ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഒരുപോലെ നടപ്പാക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെടുന്നു.

റോഡ് ഗതാഗത മേഖല പൂർണ്ണമായും സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിടുന്ന പുതിയ മോട്ടോർ വാഹന (ഭേദഗതി) ബിൽ 2017 തിടുക്കത്തിൽ പാസാക്കിയെടുക്കാനാണ് കേന്ദ്ര നീക്കം. ഈ നിയമത്തിലെ കിരാത വകുപ്പുകൾ സ്വകാര്യ മേഖലയിലേതുൾപ്പെടെയുള്ള ഗതാഗത തൊഴിലാളികളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ഈ ബില്ലിന്റെ മുന്നോടിയായുള്ള റോഡ് ട്രാൻസ്‌പോർട്ട് ആന്റ് സേഫ്റ്റി ബിൽ, 2014 നെതിരെ ഈ മേഖലയിലെ മറ്റ് ട്രേഡ് യൂണിയനുകളുമായി ചേർന്ന് 2014 മുതൽ തന്നെ രാജസ്ഥാൻ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. വാഗ്ദാനങ്ങളിൽ മലക്കം മിറഞ്ഞ് ട്രാൻസ്‌പോർട് ഡിപ്പോകൾ സ്വകാര്യവലക്കരിക്കാൻ ഉത്തരവിട്ട രാജസ്ഥാൻ ഗതാഗത മന്ത്രിക്കെതിരെ 2018 സെപ്തംബർ 16 മുതൽ ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്. മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാരിന്റെ അടിച്ചമർത്തലുകളെ ധീരമായി നേരിട്ടുകൊണ്ട് നിശ്ചയദാർഢ്യത്തോടെയും പ്രതിബദ്ധതയോടെയും ഐക്യത്തോടെയും ട്രാൻസ്‌പോർട്ട് തൊഴിലാളികൾ നടത്തിയ 4 ദിവസത്തെ സംസ്ഥാന പൊതുപണിമുടക്ക് കൺവൻഷന്റെ ശ്രദ്ധയിൽപ്പെടുകയും സമരം ചെയ്യുന്ന തൊഴിലാളികളെ കൺവൻഷൻ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ചില കരിങ്കാലികളുടെ വഞ്ചനയെക്കൂടി മിറകടന്നുകൊണ്ടാണ് മഹാരാഷ്ട്രയിലെ ട്രാൻസ്‌പോർട്ട് തൊഴിലാളികളുടെ സമരം. മോട്ടോർ വാഹന ഭേദഗതി ബില്ലിനെതിരെ 2018 ആഗസ്റ്റ് 7ന് രാജ്യവ്യാപകമായി പണിമുടക്കിയ റോഡ് ഗതാഗത തൊഴിലാളികളെ ഈ കൺവൻഷൻ അഭിവാദ്യം ചെയ്യുന്നു. ഗതാഗത മേഖലയിൽ കേന്ദ്ര സർക്കാരും ഹരിയാന, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാന സർക്കാരുകളും സ്വീകരിക്കുന്ന തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ സമീപനങ്ങളിൽ കൺവെൻഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും നടക്കുന്ന കർഷകരുടെ പ്രക്ഷോഭങ്ങൾക്കും 2006ലെ വനാവകാശ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന പട്ടികവർഗക്കാർക്കും ഈ ദേശീയ കൺവെൻഷൻ ഐക്യദാർഢ്യമർപ്പിക്കുന്നു. കോർപ്പറേറ്റുകൾക്കും ഭൂപ്രഭുക്കൾക്കും അനുകൂലമായി നടപ്പിലാക്കിയ നയങ്ങൾ തന്നെയാണ് രാജ്യത്തെ സമ്പദ്ഘടനയിൽ ഏറ്റവും കൂടുതൽ ഉപജീവനോപാധി ഒരുക്കുന്ന കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കിയതും കർഷകരുടെ ആത്മഹത്യകൾ പെരുകുന്നതിന് കാരണമായതും. ഉൽപ്പാദന ചെലവിന്റെ ഒന്നര ഇരട്ടി തുക കുറഞ്ഞ താങ്ങുവിലയായി നൽകുമെന്ന് കർഷകർക്ക് സർക്കാർ നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല. പകരം കാർഷിക വിളകൾക്ക് താങ്ങുവില നൽകിയെന്ന മട്ടിലുള്ള വ്യാജ അവകാശവാദങ്ങൾ ആവർത്തിച്ച് കർഷകരെ വഞ്ചിക്കുകയാണ് സർക്കാർ.

സർക്കാർ സംവിധാനത്തിന്റെ ആശിസ്സുകളോടെ രാജ്യത്ത് വർഗീയ ഭിന്നത വളർത്താനുള്ള ഗൂഢതന്ത്രങ്ങളിൽ ഈ ദേശീയ കൺവെൻഷൻ ശക്തമായി എതിർപ്പ് രേഖപ്പെടുത്തുന്നു. വിമത അഭിപ്രായങ്ങളെ നിർദ്ദയമായ യുഎപിഎ, എൻഎസ്എ പോലുള്ളവ ഉപയോഗിച്ചും സിബിഐ, എൻഐഎ, ഐബി പോലുള്ള ഏജൻസികളെ ഉപയോഗിച്ചും അടിച്ചമർത്തുകയാണ്. രാജ്യത്തെ സമാധാന കാംക്ഷികളായ മതനിരപേക്ഷ വിശ്വാസികൾ അരക്ഷിതവും ഭീതിദവുമായ അവസ്ഥയിലാണ് കഴിയുന്നത്. ഇല്ലാത്ത പ്രശ്‌നങ്ങൾ ആളിക്കത്തിച്ച് അതിന്റെ പേരിൽ വർഗീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് വർഗീയ ശക്തികൾ. അത് തൊഴിലാളികളുടെയും അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളുടെയും ഐക്യം തകർക്കും. അതുകൊണ്ടുതന്നെ നേരത്തെ പരാമർശിച്ച പന്ത്രണ്ടിന അവകാശ പത്രികയെ അടിസ്ഥാനമാക്കിയുള്ള സമരങ്ങളുമായി മുന്നോട്ടുപോകേണ്ടത് അനിവാര്യമാണ്. തൊഴിലാളിവർഗം അവരുടെ പ്രതിഷേധ സ്വരം ഉച്ചത്തിൽ കേൾപ്പിക്കണം.

ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവും ദേശവിരുദ്ധവുമായ നയപരിപാടികൾ ജനങ്ങൾക്കുമേൽ ദുരിതം വിതയ്ക്കുന്നു എന്നു മാത്രമല്ല, നമ്മുടെ തദ്ദേശീയമായ ഉൽപ്പാദന-നിർമ്മാണ ശേഷികളെ തകർത്തുകൊണ്ട് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കനത്ത ആഘാതവും ഉണ്ടാക്കുന്നു. ബഹുരാഷ്ട്ര കമ്പനികളെയും അവരുടെ ജൂനിയർ പങ്കാളികളായ ഇന്ത്യൻ കോർപറേറ്റുകളെയും പ്രീതിപ്പെടുത്താൻ വേണ്ടിയാണ് നമ്മുടെ തദ്ദേശീയമായ ശേഷിയെ ഇല്ലാതാക്കുന്നത്. ഈ നയത്തെ പൂർണ്ണമായും ചെറുത്തുതോൽപ്പിക്കുകയും എല്ലാ തലത്തിലും ജനപക്ഷ ബദൽ നയങ്ങളിലേക്കുള്ള മാറ്റം സാധ്യമാക്കുകയും വേണം. അതിനു വേണ്ടി തൊഴിലാളിവർഗത്തിന്റെ പൊതുവേദി ശക്തിപ്പെടുകയും സമരങ്ങൾ ഊർജ്ജിതമാകുകയും വേണം.
വിവിധ സെക്ടറുകളിൽ നടക്കുന്ന സമരങ്ങൾ ഏകോപിപ്പിച്ച് ശക്തമാക്കുകയും അതുവഴി എല്ലാ സെക്ടർതല സമരങ്ങളുടെയും പരിസമാപ്തി എന്ന നിലയ്ക്ക് രാജ്യവ്യാപകമായ പൊതുപണിമുടക്കിന് ഒരുങ്ങുകയും ചെയ്യുക എന്നതാണ് കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര ദേശയ ഫെഡറേഷനുകളുടെയും സംയുക്ത വേദിക്ക് മുന്നിലുള്ള ദൗത്യം. ആയതുകൊണ്ട് തൊഴിലാളികളുടെ ഈ ദേശീയ കൺവെൻഷൻ താഴെ പറയുന്ന പരിപാടികൾ അംഗീകരിക്കുന്നു.

1. 2018 ഒക്‌ടോബർ/നവംബർ മാസങ്ങളിൽ വ്യവസായ തല/സെക്ടർതല സംയുക്ത കൺവൻഷനുകൾ ചേരുക.
2. 2018 നവംബറിലും ഡിസംബറിലുമായി സംയുക്തമായി വ്യവസായതല/സെക്ടർതല ഗേറ്റ് മീറ്റിങ്ങുകൾ സംഘടിപ്പിക്കുക.
3. 2018 ഡിസംബർ 17 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ പ്രകടനത്തോടെ സംയുക്തമായി സമര നോട്ടീസ് നൽകുക.
4. 2019 ജനുവരി 8, 9 തീയതികളിൽ രാജ്യവ്യാപകമായി ദ്വിദിന പൊതുപണിമുടക്ക് നടത്തുക.

ഈ പരിപാടികൾ വൻവിജയമാക്കാൻ രാജ്യമൊട്ടുക്കുമുള്ള സെക്ടറുകളിലെ തൊഴിലാളികൾ അഫിലിയേഷൻ ഭേദമില്ലാതെ രംഗത്തിറങ്ങണമെന്ന് ദേശീയ കൺവൻഷൻ ആഹ്വാനം ചെയ്യുന്നു.

Share this