സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയാൻ ജസ്റ്റിസ് വർമ്മ കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക, സർക്കാരിന്റെ ജനവിരുദ്ധ മദ്യനയം പിൻവലിക്കുക, പാചക വാതക-ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, വിലക്കയറ്റം തടയുക എന്നീ ഡിമാന്റുകളുന്നയിച്ചുകൊണ്ട് അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന സെക്രട്ടേറിയറ്റിനു മുന്നിൽ വനിതകളുടെ ധർണ്ണ സംഘടിപ്പിച്ചു.
പ്രതിഷേധ വാരാചരണത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന ധർണ്ണ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സഖാവ് ഷൈല കെ.ജോൺ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ജീവിതത്തെ പിന്നോട്ടടിക്കുന്ന അനവധി നടപടികൾ രാജ്യമെമ്പാടും ഉയർന്നുവരുമ്പോൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശബരിമലയടക്കമുള്ള വിഷയങ്ങൾ കുത്തിപ്പൊക്കി കൊണ്ടുവരുന്നതെന്ന് സഖാവ് ഷൈല കെ.ജോൺ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സഖാവ് മിനി കെ.ഫിലിപ്പ് അധ്യക്ഷത വഹിച്ചു.അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വലിയൊരളവിൽ തൂത്തെറിഞ്ഞ് സാമൂഹ്യപുരോഗതിയുടെ ഭാഗമായി സ്ത്രീകൾ മാറിയത് അവർ ജീവനും ജീവിതവും നൽകി വളർത്തിയെടുത്ത പോരാട്ടങ്ങളിലൂടെയാണെന്ന് സഖാവ് മിനി ഓർമിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി കെ.എം.ബീവി, അഡ്വ.എം.എ.ബിന്ദു, പുഷ്പ അഗസ്റ്റിൻ, കസ്തൂരിഭായി ടീച്ചർ, എസ്.രാധാമണി, കെ.ജെ.ഷീല, ട്വിങ്കിൾ പ്രഭാകരൻ, കെ.കെ.ശോഭ, അഡ്വ. സുജ ആന്റണി എന്നിവർ പ്രസംഗിച്ചു. എസ്.മിനി സ്വാഗതവും ആശാരാജ് നന്ദിയും പറഞ്ഞു.