‘അമ്മ’യുടെ നടപടി അപഹാസ്യം -എഐഎംഎസ്എസ്

Spread our news by sharing in social media

പ്രമുഖ ചലച്ചിത്ര നടിയെ ഗൂണ്ടകളെ ഉപയോഗിച്ച് തട്ടിയെടുത്ത് പീഡിപ്പിച്ച കേസ്സിൽ പ്രതിചേർക്കപ്പെട്ട് വിചാരണ നേരിടുന്ന നടനെ സംഘടനയിൽ തിരിച്ചെടുത്ത് ക്ലീൻചീറ്റ് നൽകിയ താരസംഘടന ‘അമ്മ’യുടെ നടപടി അങ്ങേയറ്റം അപഹാസ്യമാണെന്ന് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കും കുട്ടികൾക്കുംനേരെ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ഇത്തരമൊരു നടപടി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ശക്തമായ ജനകീയ മാധ്യമമെന്ന നിലയിൽ സിനിമരംഗത്തിന് സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താനാകുമെന്നതിനാൽ ഗൗരവപൂർവ്വം ഇത്തരം പ്രവൃത്തികളെ കാണേണ്ടതുണ്ട്. സഹപ്രവർത്തകയ്ക്കുനേരിട്ട ദുരനുഭവത്തോട് ക്രിയാത്മകമായി പ്രതികരിക്കുകയും പ്രതിഷേധസൂചകമായി സംഘടനയിൽനിന്ന് രാജിവയ്ക്കുകയും ചെയ്ത നാല് പ്രമുഖനടിമാരുടെ നിലപാടിനെ അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. മൂന്ന് ഇടതുപക്ഷ ജനപ്രതിനിധികൾ കൂടി അംഗങ്ങളായ താരസംഘടനയുടെ ജനാധിപത്യവിരുദ്ധവും സംസ്‌കാരശൂന്യവുമായ നടപടിക്കെതിരെ പ്രതിഷേധിക്കാനും പ്രതിഷേധരംഗത്തിറങ്ങിയ ചലച്ചിത്രപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തിറങ്ങാനും മുഴുവൻ ജനങ്ങളോടും എഐഎംഎസ്എസ് സംസ്ഥാന പ്രസിഡന്റ് മിനി കെ.ഫിലിപ്പും സെക്രട്ടറി ഷൈല കെ.ജോണും സംയുക്ത പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

Share this