നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: ഇടതുമനഃസാക്ഷിയോട് ഒരു അഭ്യർത്ഥന – എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)

Download PDF

വായിച്ചു കേൾക്കുക

എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)
കേരള സംസ്ഥാന കമ്മിറ്റി

15-ാമത് നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റ് നേടിയ ഇടതുപക്ഷ ജനാധിപത്യമുന്നണി മെയ് 20ന് സത്യപ്രതിജ്ഞചെയ്ത് വീണ്ടും അധികാരത്തിലേറിയിരിക്കുന്നു. ഓരോ അഞ്ച് വർഷം കഴിയുമ്പോഴും ഭരണത്തിലിരിക്കുന്നവരെ പ്രതിപക്ഷത്തിരുത്തുക എന്ന കേരളത്തിന്റെ ദീർഘകാല പാരമ്പര്യം മാറ്റിക്കൊണ്ടാണ് എൽഡിഎഫ് ഭരണത്തുടർച്ച സൃഷ്ടിച്ചിരിക്കുന്നത്. പണിയെടുത്ത് സമ്പത്ത് സൃഷ്ടിക്കുന്ന ജനകോടികളെ എല്ലാത്തരത്തിലുമുള്ള ബന്ധനങ്ങളിൽനിന്നും മോചിപ്പിക്കുന്ന പ്രക്രിയയിൽ ഓരോ രാഷ്ട്രീയ സംഭവവികാസവും വഹിക്കുന്ന പങ്കിനെ സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാകണമെന്നതിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുകയാണ് ഇവിടെ. അടിയുറച്ച സത്യാവബോധവും തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തോടുള്ള കറകളഞ്ഞ പ്രതിബദ്ധതയും മാത്രം മുൻനിർത്തിയുള്ള ഈ വിശകലനം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കോൺഗ്രസ്സ് നയിക്കുന്ന യുഡിഎഫിന് ആറ് സീറ്റ് നഷ്ടപ്പെട്ട് ആകെ എണ്ണം 41 ആയി ചുരുങ്ങി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിൽ ഏതാണ്ട് 6 ശതമാനത്തോളം അവർക്ക് കുറവുണ്ടാകയും ചെയ്തു. വലിയ അവകാശവാദങ്ങളുയർത്തിയെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ ഒരു സീറ്റ് ബിജെപിയ്ക്ക് നഷ്ടപ്പെടുകയും മുന്നണിയുടെ വോട്ട് 3.8 ശതമാനം കുറയുകയും ചെയ്തു.
എൽഡിഎഫ് നേടിയ ഈ വിജയത്തോട് ആവേശകരമായി പ്രതികരിച്ചുകൊണ്ട് കേരളം ചുവന്നു എന്ന് ഇടതുപക്ഷ അണികൾ കൊണ്ടാടുകയുണ്ടായി. സിപിഐ, സിപിഐ(എം) കക്ഷികൾക്ക് പുറത്തുള്ള ഇടതുപക്ഷ വിശ്വാസികളിൽ ഒരു വിഭാഗത്തിനും ഈ വിജയം ആഹ്ലാദം നൽകി. ബിജെപിയുടെ ദയനീയമായ പരാജയമാണ് മറുവശത്ത് ഉണ്ടായത് എന്നതിനാൽ ജനാധിപത്യ-മതേതരവിശ്വാസികളും പൊതുവിൽ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശ്വസിക്കുകയാണുണ്ടായത്. സംസ്ഥാനത്ത് ഇടതുപ്രസ്ഥാനങ്ങൾ അവരുടെ സ്വാധീനം തിരിച്ചുപിടിക്കുന്നു, എൽഡിഎഫ് സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണനയങ്ങളെ ജനങ്ങൾ അംഗീകരിച്ചു, ബിജെപിയെ നേരിടാൻ എൽഡിഎഫിനേ കഴിയൂ എന്ന് തെളിഞ്ഞു എന്നൊക്കെയുള്ള വിലയിരുത്തലുകളും പ്രസ്താവനകളും വിജയാനന്തരം ഇടതുമുന്നണിയുടെ പ്രമുഖ നേതാക്കളിൽ നിന്നുണ്ടായി. ഈ പ്രസ്താവനകൾ എത്രത്തോളം ശരിയാണ്? സംസ്ഥാനത്ത് ഇടതു ജനാധിപത്യമുന്നണി നേടിയ വിജയം യഥാർത്ഥത്തിൽ അടയാളപ്പെടുത്തുന്നത് എന്തിനെയാണ് ? വൈകാരിക പ്രകടനങ്ങളുടെയും പ്രതീക്ഷകളുടെയും നടുവിലും വിജയത്തിൽ അന്തർഭവിച്ചിട്ടുള്ള, ഇടതുപക്ഷ രാഷ്ട്രീയത്തിന് തീർത്തും നിരക്കാത്ത സമീപനങ്ങളും ഗുരുതരമായ വീഴ്ചകളും യുക്തിഭദ്രമായി പരിശോധിച്ച് കണ്ടെത്തുന്നില്ലെങ്കിൽ പുരോഗമനത്തിന്റെ ദിശയിൽ ജനങ്ങളുടെ പോരാട്ടത്തിന്റെ മാർഗ്ഗം തെളിച്ചെടുക്കാനാവില്ല. വ്യാമോഹങ്ങളുടെ സ്ഥാനത്ത് പ്രബുദ്ധതയുടെ അടിസ്ഥാനത്തിലുള്ള ഇടതുരാഷ്ട്രീയ മനോഘടന സ്ഥാപിച്ചുറപ്പിച്ചുകൊണ്ടു മാത്രമേ നമുക്ക് യഥാർത്ഥ വിജയം നേടാനാകൂ. പണിയെടുത്ത് സമ്പത്ത് സൃഷ്ടിക്കുന്ന ജനകോടികളെ എല്ലാത്തരത്തിലുമുള്ള ബന്ധനങ്ങളിൽനിന്നും മോചിപ്പിക്കുന്ന പ്രക്രിയയിൽ ഓരോ രാഷ്ട്രീയ സംഭവവികാസവും വഹിക്കുന്ന പങ്കിനെ സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാകണമെന്നതിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണ് ഇവിടെ നടത്തുന്നത്. അടിയുറച്ച സത്യാവബോധവും തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തോടുള്ള കറകളഞ്ഞ പ്രതിബദ്ധതയും മാത്രം മുൻനിർത്തിയാണ് ഞങ്ങൾ ഇതു നിർവ്വഹിക്കുന്നത്. മുൻവിധിയൊന്നും തന്നെ കൂടാതെ ഈ വിശകലനം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഭരണകാലത്തെ ജനവിരുദ്ധ ചെയ്തികളെ വിജയം സാധൂകരിക്കുന്നില്ല

ആദ്യം തന്നെ ഒരു കാര്യം വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ജനാധിപത്യ അന്തഃസത്ത അപ്പാടെ ചോർന്നുപോയിരിക്കുന്ന വർത്തമാന ഇൻഡ്യയിൽ ഏതെങ്കിലും ഒരു മുന്നണിയോ പാർട്ടിയോ ജയിച്ചുവരുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകളെയും ഭരണകാലത്തെ ചെയ്തികളെയും ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവായി കാണാനാവില്ല.
നരേന്ദ്ര മോദിയുടെ ആദ്യടേമിലെ ഭരണത്തിന്റെ വിലയിരുത്തലായി 2019-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനെ ഗണിക്കാനാവുമോ? മുമ്പുണ്ടായിരുന്നതിനേക്കാൾ ഭൂരിപക്ഷത്തോടെ മോദി സർക്കാരിനെ വീണ്ടും അധികാരത്തലേറ്റിയതു വഴി, അഞ്ച് വർഷത്തേത് സദ്ഭരണമായിരുന്നുവെന്ന് സമർത്ഥിക്കുന്നില്ല. നോട്ടുനിരോധനവും കർഷകദ്രോഹവും അന്തമില്ലാത്ത സ്വകാര്യവൽക്കരണവും ഇന്ധനവിലവർദ്ധനവുമെല്ലാം ജനങ്ങൾ പൂർണ്ണസംതൃപ്തിയോടെ സ്വീകരിച്ചുവെന്ന് ഈ വിധിയെഴുത്തിലൂടെ നമുക്ക് വിലയിരുത്താനാവില്ല. തങ്ങളുടെ ഭരണത്തിനു ലഭിച്ച അംഗീകാരമായി തെരഞ്ഞെടുപ്പ് വിജയത്തെ ബിജെപി നേതൃത്വം വിലയിരുത്തിയപ്പോൾ, സിപിഐ, സിപിഐ(എം) ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ ഈ അവകാശവാദത്തെ തള്ളിക്കളയുകയും ചെയ്തതാണല്ലോ.
ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് കേരളത്തിൽ 19 സീറ്റും കരസ്ഥമാക്കിയത്, അവരുടെ രാഷ്ട്രീയ നിലപാടുകൾക്ക് ജനങ്ങൾ നൽകിയ നല്ല സർട്ടിഫിക്കറ്റാണെന്ന് ആരും കരുതുന്നില്ല. ഇപ്പോൾ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്ന് സംസ്ഥാനത്തും അധികാരത്തിലിരുന്ന പാർട്ടികൾതന്നെ വീണ്ടും ജയിച്ചുവരുന്നതാണ് നാം കണ്ടത്. അസമിൽ ബിജെപിയും ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സും ജയിച്ചുവന്നത് അവരുടെ ഭരണം അടിമുടി ജനങ്ങൾക്കു വേണ്ടിയായിരുന്നു എന്നതുകൊണ്ടാണെന്ന അഭിപ്രായം സിപിഐ(എം) മുതലായ പാർട്ടികൾക്കും ഇല്ലല്ലോ. ഈ ഉദാഹരണങ്ങളെല്ലാം വ്യക്തമാക്കുന്നത് തെരഞ്ഞെടുപ്പ് വിജയവും ഭരണനയങ്ങളുടെ ശരി-തെറ്റുകളും തമ്മിൽ മുഖ്യമായും ഒരു ബന്ധവുമില്ല എന്നുതന്നെയാണ്. ഭരണനയങ്ങളെ ജനങ്ങൾ അംഗീകരിക്കുന്നതു വഴിയും ഒരു സർക്കാർ വിണ്ടും അധികാരത്തിലേക്ക് വരാം. എന്നാൽ വിജയിച്ചു എന്ന ഒറ്റക്കാരണത്താൽ തങ്ങളുടെ ഭരണകാലത്തെ എല്ലാ നടപടികളും ജനങ്ങൾ അംഗീകരിച്ചു എന്ന് അർത്ഥമില്ല. തങ്ങളുടെ ഭരണകാലത്ത് കൈക്കൊണ്ട എല്ലാ തീരുമാനങ്ങൾക്കും നയങ്ങൾക്കുമുള്ള ജനങ്ങളുടെ മാൻഡേറ്റായി എൽഡ്എഫ് വിജയത്തെ അവതരിപ്പിക്കണമെങ്കിൽ, വിമർശാത്മകമായ പരിശോധനയിലൂടെ അത് സ്ഥിരീകരിക്കാൻ കഴിയണം.

നിയമസഭ തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടം ആയിരുന്നില്ല.


സർക്കാരിന്റെ നയങ്ങളെ സംബന്ധിച്ചുള്ള ജനങ്ങളുടെ വിലയിരുത്തൽ, തെരഞ്ഞെടുപ്പ് ഫലം നിർണ്ണയിക്കുന്നതിൽ ഏറ്റവും പ്രധാനഘടകമായി പ്രവർത്തിക്കുന്നത് തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടമായി മാറുമ്പോൾ മാത്രമാണ്. രാഷ്ട്രീയ പോരാട്ടമെന്നാൽ നയങ്ങളെ ആധാരമാക്കിയുള്ള ജനാധിപത്യ ചർച്ചകളും വിശകലനങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടണം. എന്നാൽ സ്വതന്ത്രവും നീതിപൂർവ്വകവുമായ വിധിയെഴുത്തിന് ജനങ്ങൾക്ക് അവസരം നൽകുന്ന ഒരു പ്രക്രിയയും തെരഞ്ഞെടുപ്പുകളിൽ ഇപ്പോൾ നടക്കുന്നില്ല എന്ന് നമുക്ക് അറിയാം. അധികാരത്തിലിരിക്കുന്ന കക്ഷികൾ മാത്രമല്ല പ്രതിപക്ഷത്തിരിക്കുന്നവരും അത്തരമൊരു വിധിയെഴുത്ത് ലക്ഷ്യം വയ്ക്കുന്നില്ല. ജനങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ രാഷ്ട്രീയ കക്ഷികൾ ഭയപ്പെടുന്നുവെന്നതാണ് യാഥാർത്ഥ്യം. ഭരണവും നയങ്ങളും സന്ദേഹമില്ലാത്തവിധം ധനികവർഗ്ഗത്തിന്റെ താൽപ്പര്യങ്ങൾ മാത്രമാവുകയും അതുകൊണ്ടുതന്നെ പൂർണ്ണമായും ജനങ്ങൾക്കെതിരാവുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ, നയങ്ങളെ സംബന്ധിച്ച ചർച്ചയും പരിശോധനയും തങ്ങൾക്കുതന്നെ വിനയാകുമെന്ന് എല്ലാ വ്യവസ്ഥാപിത പ്രസ്ഥാനങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാലാണ് ജനജീവിതം അഭിമുഖീകരിക്കുന്ന ഗൗരവതരമായ രാഷ്ട്രീയ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടാതെ പോകുന്നത്. തെരഞ്ഞെടുപ്പ്, കഴമ്പുള്ള ഒരു രാഷ്ട്രീയ പോരാട്ടമല്ലാതായി മാറിക്കഴിഞ്ഞു. അതിനാൽ ഒരു തെരഞ്ഞെടുപ്പ് ഫലവും രാഷ്ട്രീയ വിജയ-പരാജയങ്ങളെ അടയാളപ്പെടുത്തുന്നില്ല. അങ്ങേയറ്റം അരാഷ്ട്രീയമായ നടത്തപ്പെട്ട ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ജനജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാനനയങ്ങളൊന്നും ജനങ്ങൾക്കുമുമ്പിൽ വിധിയെഴുത്തിനുള്ള പരിഗണനാവിഷയങ്ങളായി വന്നതേയില്ല.

രാഷ്ട്രീയമൊഴികെയുള്ള മറ്റനേകം ഘടകങ്ങൾ ചേർന്ന് തെരഞ്ഞെടുപ്പ് വിജയം സൃഷ്ടിക്കുന്നു.


തെരഞ്ഞെടുപ്പ് വിജയങ്ങൾ നമ്മുടെ രാജ്യത്ത് പണവും പ്രചാരണവും അധികാരവുംകൊണ്ട് നിർമ്മിച്ചെടുക്കുന്നവയായി മാറിക്കഴിഞ്ഞു. ജനങ്ങളുടെ അഭിലാഷങ്ങളോ താൽപ്പര്യങ്ങളോ അതിൽ പ്രതിഫലിക്കണമെന്നില്ല. ജനജീവിതത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം ഒഴികെ, അതിനു പുറത്തുള്ള അനേക ഘടകങ്ങൾ ചേർന്നാണ് ഇന്ന് വിജയം നിർണ്ണയിക്കുന്നത്. സമകാലിക ഭാരതത്തിൽ അതിന് ഒരു ഫോർമുല തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അഞ്ച് വർഷത്തെ ഭരണം ജനങ്ങളിൽ സൃഷ്ടിക്കുന്ന അസംതൃപ്തിയെയും രോഷത്തെയും മറികടക്കാനായി മുൻകൂർ തയ്യാറാക്കപ്പെട്ട ഒരു തിരക്കഥ പ്രകാരം അതിനുള്ള വഴി കൃത്രിമമായോ അല്ലാതെയോ വികസിപ്പിച്ചെടുക്കുന്നു. മോദി ഭരണത്തിന്റെ ആദ്യ ടേം അവസാനിക്കാറാകുമ്പോഴാണ് പുൽവാമ ആക്രമണമുണ്ടാകുന്നത്. തുടർന്ന് ബലാക്കോട്ട് പ്രത്യാക്രമണവും. പിന്നെ നമ്മൾ രാജ്യത്ത് കാണുന്നത് തീവ്രദേശീയതയെ മുൻനിർത്തിയുള്ള അതിവൈകാരികമായ ആസൂത്രിത പ്രചാരവേലയാണ്. ആക്രമണോൽസുകമായ മുസ്ലീം വിരുദ്ധതയെ ആ പ്രചാരവേലയുടെ കേന്ദ്രബിന്ദുവാക്കി മാറ്റിയെടുത്തു. മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഊതിപ്പെരുപ്പിച്ച ദേശഭ്രാന്തിനെ ജനങ്ങളുടെ ചിന്തയിൽ സമർത്ഥമായി സ്ഥാപിച്ചപ്പോൾ മോദി സർക്കാരിനെതിരെയുണ്ടായിരുന്ന രാഷ്ട്രീയ വിഷയങ്ങളെല്ലാം മുക്കിത്താഴ്ത്തപ്പെട്ടു, വിസ്മൃതമായി. ബിജെപി വീണ്ടും വർദ്ധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻതിരിച്ചടിക്ക് കാരണമായ ഭരണവിരുദ്ധ വികാരത്തെ മറികടക്കുന്നതിനായി മമതാ ബാനർജി, ആസൂത്രിതമായി വളർത്തിയെടുത്തത് ‘സുവർണ്ണ ബംഗാൾ’ എന്ന മുദ്രാവാക്യത്തിലൂടെ തീവ്ര ബംഗാൾ വികാരമാണ്. ഒപ്പം സാമ്പത്തിക സഹായങ്ങളുടെയും ആനുകൂല്യങ്ങളുടെയും പദ്ധതികളും മമതയെ തുണച്ചു. തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പേ രാജ്യത്തെ ഏറ്റവും പ്രശസ്തനായ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ടീം ഈ പ്രചാരവേലയുടെ മുഴുവൻ അജണ്ടയും നിർണ്ണയിച്ചു. പ്രചണ്ഡമായ പ്രചാരണത്തിലൂടെ മുകളിൽ പരാമർശിച്ച വിഷയങ്ങളെ തെരഞ്ഞെടുപ്പിന്റെ കേന്ദ്രഅജണ്ടയാക്കി മാറ്റിക്കൊണ്ട് തനിക്കെതിരായ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കാൻ മമതയ്ക്ക് കഴിഞ്ഞു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ ഫോർമുല ഫലപ്രദമായി നടപ്പാക്കപ്പെട്ടതായി കാണാൻ കഴിയും. കോവിഡ് പ്രതിരോധ വിജയഗാഥയും സാമ്പത്തിക സഹായനടപടികളെക്കുറിച്ചുള്ള പ്രകീർത്തനങ്ങളും ആകമാന പ്രചാരണത്തിന്റെ മർമ്മമാക്കി മാറ്റിക്കൊണ്ട് പ്രതികൂല രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുകയാണ് യഥാർത്ഥത്തിൽ പിണറായി വിജയൻ ചെയ്തത്.


പരമ്പരാഗത തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ സ്ഥാനത്ത് കോടികൾ ഒഴുക്കി, എണ്ണമറ്റ തന്ത്രങ്ങളെ അതിവിശേഷമായ മാനേജുമെന്റ് വൈദഗ്ദ്ധ്യത്തോടെ ഏകോപിപ്പിച്ച് നടത്തപ്പെടുന്ന ഒരു ബൃഹത് യജ്ഞമാണ് ഇപ്പോൾ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനു വളരെമുമ്പുതന്നെ ഒരു പാർട്ടിയുടെയോ മുന്നണിയുടെയോ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ സമഗ്രമായി തയ്യാറാക്കുന്നതിനായി പ്രൊഫഷണൽ മാനേജ്‌മെന്റ് വിദഗ്ദ്ധ സംഘത്തെ നിയോഗിക്കും. നേതാവിന്റെ ശരീരഭാഷ മുതൽ പ്രചാരണത്തിന്റെ മുദ്രാവാക്യംവരെ അവർ തീരുമാനിക്കും. തങ്ങളെ അനുകൂലിക്കുന്ന വാർത്തകൾ നിരന്തരമായി പ്രസിദ്ധീകരിക്കാനായി മാധ്യമങ്ങളെ വിലയ്‌ക്കെടുക്കും. ‘പെയ്ഡ് ന്യൂസ്’ എന്നാണ് സമ്പ്രദായത്തിന്റെ പേര്. പത്രങ്ങൾക്ക് നിശ്ചിത പേജുകളും ടെലിവിഷൻ ചാനലുകൾക്ക് നിശ്ചിത സമയവും ഉള്ളപ്പോൾ സോഷ്യൽ മീഡിയയിൽ അനന്തമായ ഇടവും അനന്തമായ സാധ്യതയുമാണുള്ളത്. വ്യക്തിയോ പ്രസ്ഥാനമോ പണം എത്ര മുടക്കാൻ തയ്യാറുണ്ടോ അത്രയും പ്രചാരണം ഈ രംഗത്ത് സംഘടിപ്പിക്കാൻ കഴിയും. അവിടെ ചെലവഴിക്കപ്പെടുന്ന കോടികൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവിനോ പരിശോധനയ്‌ക്കോ വിധേയമല്ല. കൂറ്റൻ പ്രതിഫലം നൽകി നൂറുകണക്കിന് സ്റ്റാഫിനെ നിയമിച്ച് സുഘടിതമായി നിർവ്വഹിക്കപ്പെടുന്ന ഒന്നാണ് സോഷ്യൽ മീഡിയക്യാമ്പയിൻ. കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പ് ഫലങ്ങളിലും സമൂഹമാധ്യമങ്ങളുടെ സ്വാധീനം വളരെ പ്രകടമായും കാണാവുന്നതാണ്.

കോർപ്പറേറ്റുകളുടെയും വൻ ധനിക വിഭാഗങ്ങളുടെയും പിന്തുണയും സഹായവും ഉറപ്പാക്കുക, വർഗ്ഗീയതയെയും മതാന്ധതയെയും പരമാവധി ജ്വലിപ്പിച്ച് വോട്ട് നേടുക, വാഗ്ദാനങ്ങൾ നൽകിയും തന്ത്രങ്ങൾ പ്രയോഗിച്ചും സമ്മർദ്ദഗ്രൂപ്പുകളെയും സാമുദായിക ചേരികളെയും കൂടെനിർത്തുക, പ്രതിയോഗികളുടെ ചേരിയിലെ വൈരുദ്ധ്യങ്ങളെ മുതലെടുക്കാൻ കരുക്കൾ നീക്കുക, അവിടെ പിളർപ്പ് സംഘടിപ്പിക്കുക, നേതാക്കളെ പദവിയും പണവും നൽകി വിലയ്‌ക്കെടുക്കുക, തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാനായി ഭരണസംവിധാനങ്ങളെ ഉപയോഗിക്കുക, വോട്ടർ പട്ടിക തയ്യാറാക്കൽ മുതൽ പോളിംഗ്‌വരെയുള്ള നടപടികളിൽ കൃത്രിമങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ഒട്ടനവധി ഘടകങ്ങളെ ഒരൊറ്റ ലക്ഷ്യത്തിലേക്ക് കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് ഇന്ന് തെരഞ്ഞെടുപ്പ് വിജയം സൃഷ്ടിക്കപ്പെടുന്നത്.

ഇടതുമുന്നണിക്ക് ഭരണത്തുടർച്ച നൽകിയ ഈ തെരഞ്ഞെടുപ്പിലും മുകളിൽ സൂചിപ്പിച്ച ഘടകങ്ങളെല്ലാം ഏറിയോ കുറഞ്ഞോ പ്രവർത്തിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് രംഗത്തേക്ക് കണക്കില്ലാതെ ഒഴുകുന്ന കോർപ്പറേറ്റുകളുടെ കറുത്ത പണത്തിന്റെ സ്വാധീനം ഇത്തവണ മറനീക്കി വെളിച്ചത്ത് വന്നു. ഇതിന്റെ പ്രധാന ഗുണഭോക്താവായ ബിജെപി സംസ്ഥാനത്ത് വാരിയെറിഞ്ഞ തുക ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ട്, ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്തുകൊടുത്ത സുപ്രീം കോടതി, തെരഞ്ഞെടുപ്പ് രംഗത്തേക്കുള്ള കോർപ്പറേറ്റ് ഫണ്ടിംഗിന്റെ പ്രവാഹത്തെ ശക്തിപ്പെടുത്തി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗത്ത് ഒഴുക്കപ്പെട്ട ഭീമമായ കള്ളപ്പണത്തിന്റെ വ്യക്തമായ തെളിവാണ് കൊടകരയിലെ പണത്തട്ടിപ്പിലൂടെ പുറത്തുവന്നത്. നിയമവിരുദ്ധമായി തുക കടത്തിക്കൊണ്ടുവരാൻ ചുക്കാൻ പിടിക്കുന്ന ബിജെപിയുടെ നേതാക്കൾതന്നെ പ്രസ്തുത തുക കൊള്ളയടിക്കാനും പദ്ധതി തയ്യാറാക്കുന്നു! ഏപ്രിൽ 3ന് വന്ന ഈ തുക, തെരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടിയായിരിക്കില്ലല്ലോ. എന്താവശ്യത്തിനുവേണ്ടിയാണ് ഈ തുക കൊണ്ടുവന്നതെന്ന് ആർക്കുമറിയില്ല. തെരഞ്ഞെടുപ്പിൽ കക്ഷികളുടെ ‘ആവശ്യങ്ങൾ’ഇത്രമേൽ ദുരൂഹമായിരിക്കുന്നതിനാൽ ഇലക്ഷൻ പ്രക്രിയയുടെ പിന്നിൽ നടക്കുന്ന നിയമവിരുദ്ധവും ജനവിധിയെ അട്ടിമറിക്കുന്നതുമായ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് സങ്കൽപ്പിക്കുക സാധ്യമല്ല. ഇതൊക്കെ ചേർന്നാണ് ഫലം നിർണ്ണയിക്കുന്നതെങ്കിൽ പിന്നെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിന് എന്ത് റോൾ?

ദേശീയ പ്രക്ഷോഭത്തിന്റെ ചരിത്രദൗത്യം വെടിഞ്ഞ ഇടതുപക്ഷം.


സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ദശാസന്ധിയുടെ നാളുകളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സർവ്വസീമകളും ലംഘിച്ച കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾ രാജ്യത്തെ തകർക്കുന്നു. അങ്ങേയറ്റം ഹതാശരാണ് ജനങ്ങൾ. കോർപ്പറേറ്റുകൾക്കുവേണ്ടിയുള്ള കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ രാജ്യമെമ്പാടും കർഷകരുടെ പൊട്ടിത്തെറിക്ക് നാം സാക്ഷ്യം വഹിക്കുന്നു. രാജ്യത്തിന്റെ ആസ്തികൾ മുഴുവൻ വൻ കുത്തകകൾക്ക് ദാനമായി നൽകുന്നു. അന്തംവിട്ട സ്വകാര്യവൽക്കരണത്തിനെതിരെ വലതുക്യാമ്പിലെ സാമ്പത്തികവിദഗ്ദ്ധർ യുക്തിഭദ്രമായി മുന്നോട്ടുവയ്ക്കുന്ന വാദങ്ങൾ പരിശോധിക്കാൻപോലും കേന്ദ്രമന്ത്രിസഭ തയ്യാറാവുന്നില്ല. ‘കോവിഡ് കാലത്ത് യാത്ര കുറയ്ക്കാൻ പ്രേരിപ്പിക്കുന്നതിനാണ് പെട്രോൾ വില കൂട്ടുന്നത്’എന്ന കേന്ദ്രമന്ത്രി നിർമ്മലാ സീതാരമന്റെ ക്രൂരമായ വാക്കുകൾ യഥാർത്ഥത്തിൽ കുത്തിക്കവർച്ചയായി മാറിയിരിക്കുന്ന ഇന്ധനവില വർദ്ധനവിനെ നുണകൾ അവതരിപ്പിച്ചുപോലും ന്യായീകരിക്കാനാവുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണ്. തെരുവുപ്രതിഷേധങ്ങൾ വിലക്കപ്പെട്ടിരിക്കുന്ന കോവിഡ് കാലത്തെ പെട്രോൾ വിലവർദ്ധനവിനെതിരെ രാജ്യമെമ്പാടും ജനങ്ങൾ അമർഷം കടിച്ചമർത്തുകയാണ്. നിർദ്ധനരായ ജനങ്ങളെ പിഴിഞ്ഞ് ഖജനാവിൽ പെരുക്കപ്പെടുന്ന പണമത്രയും വൻ ധനികഗ്രൂപ്പുകൾക്ക് സഹായങ്ങളും ഇളവുകളുമായി പ്രവഹിക്കുന്നു. ഏകാധിപത്യത്തിന്റെ ഭ്രാന്തൻ കൈകൾ വിയോജിപ്പുകളെയും വിമർശനങ്ങളെയും അടിച്ചമർത്തുന്നു. മാധ്യമ പ്രവർത്തകർ, പൗരാവകാശപ്രവർത്തകർ, എഴുത്തുകാർ തുടങ്ങി എണ്ണമറ്റ പൗരന്മാരെ കരിനിയമങ്ങൾ ചുമത്തി, വിചാരണപോലും നിഷേധിച്ച്, തുറുങ്കുകളിൽ അടച്ചിരിക്കുന്നു. അവരൊക്കെ എന്ന് വെളിച്ചംകാണുമെന്നുപോലും ആർക്കുമറിയില്ല.

കർഷകർ രചിക്കുന്ന ഐതിഹാസികമായ സമരത്തിന് സമാനമായ നിലയിൽ രാജ്യമെമ്പാടുമുള്ള തൊഴിലാളികളുടെ പ്രക്ഷോഭം നാല് ലേബർകോഡുകൾക്കെതിരെ ഉയിർകൊള്ളേണ്ടതായിരുന്നു. അത്രമേൽ ദ്രോഹകരമായിരുന്നു അവ.
ഈ അക്ഷരങ്ങളില്‍ മഷി പുരളുമ്പോൾ രാജ്യം പ്രാണവായുവിനുവേണ്ടി കേഴുകയാണ്. കോടിക്കണക്കിന് പൗരന്മാരെ നിസ്സഹായരായ ഇരകളാക്കി മാറ്റി കോവിഡ് മഹാവ്യാധിയുടെ മുമ്പിലേക്ക് കേന്ദ്രസർക്കാർ എറിഞ്ഞുകൊടുത്തിരിക്കുന്നു. ഗംഗയിലും യമുനയിലും മൃതദേഹങ്ങൾ നിറയുന്നു. കണ്ണിൽച്ചോരയില്ലാത്ത കേന്ദ്രസർക്കാർ വാക്‌സിനും മരുന്നുകളും വിറ്റ് കൊള്ളലാഭം നേടാൻ മുതലാളിമാർക്ക് വിപണി തുറന്നുകൊടുത്തിരിക്കുന്നു. എത്ര ഭീതിജനകമായ ദുരന്തത്തെയാണ് രാജ്യം നേരിടുന്നത്. എന്നാൽ അപ്പോഴും ബിജെപിയുടെ വിവരണാതീതമായ ക്രൂരതകൾക്കെതിരെ രാജ്യത്ത് സംഘടിത പ്രതിഷേധത്തിന്റെ ഒരു ചെറുചലനംപോലും കാണുന്നില്ല. പാർലമെന്ററി രാഷ്ട്രീയത്തിന്റെ വേദികളിൽ, ദുർബ്ബലമായ തെരഞ്ഞടുപ്പ് മൽസരത്തിന്റെ പ്രതിനിധികളാകുന്നതൊഴിച്ചു നിർത്തിയാൽ ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ നാമമാത്ര പ്രക്ഷോഭങ്ങൾപോലും ഉയരുന്നില്ല.

സർവ്വശക്തിയും സമാഹരിച്ച് പിന്തുണയ്‌ക്കേണ്ടുന്ന, കർഷക പ്രക്ഷോഭത്തിന്റെ അചഞ്ചലമായ, അഭിമാനകരമായ മാതൃക ഉയർന്നു വന്നിട്ടുപോലും രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ പ്രക്ഷോഭത്തെ തിരിഞ്ഞുനോക്കാൻ തയ്യാറായില്ല.
പാർലമെന്ററി രാഷ്ട്രീയത്തിന്റെ സൗഭാഗ്യങ്ങൾ മാത്രം ലക്ഷ്യമാക്കി കഴിഞ്ഞുകൂടുന്ന, ഭീരുത്വത്തിന്റെ നേർപ്രതീകങ്ങളായി പ്രതിപക്ഷം അധ:പതിച്ചിരിക്കുന്നു. പ്രത്യേക പദവി പിൻവലിക്കപ്പെട്ടപ്പോൾ കാശ്മീരിലെ സ്ഥിതി നേരിൽ മനസ്സിലാക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശ്രീനഗർ എയർപോർട്ടിൽ ഇറങ്ങിയ സീതാറാം യച്ചൂരി ഉൾപ്പടെയുള്ള 12 പ്രതിപക്ഷ നേതാക്കളെ വിമാനത്താവളത്തിനു വെളിയിലേക്ക് ഇറങ്ങാൻപോലും അനുവദിക്കാതെ തടഞ്ഞപ്പോൾ നാണംകെട്ട നിലയിൽ അതിനു കീഴടങ്ങിയ രാഷ്ട്രീയനേതൃത്വം എന്തുസന്ദേശമാണ് രാജ്യത്തിനും ജനങ്ങൾക്കും നൽകിയത്? മടക്കയാത്രയ്ക്കുള്ള വിമാനം നല്കിയ ബിജെപിയുടെ ഔദാര്യത്തിനു നന്ദി പറഞ്ഞ്, ദില്ലിയിൽ വന്നിറങ്ങിയ നേതാക്കൾ ഒരു പ്രതിഷേധ പ്രസ്താവനയ്ക്കുപോലും മെനക്കെടാതെ സ്വന്തം മാളങ്ങളിലേക്ക് മടങ്ങിപ്പോയി! ഇതൊരു ഉദാഹരണം മാത്രം. ഇത്തരം സന്ദർഭങ്ങളുടെ ഒരു ഘോഷയാത്രതന്നെ നാം കാണുകയാണ്. ദേശീയതലത്തിൽ പ്രതിപക്ഷകക്ഷികളുടെ ദയനീയമായ പതനത്തെയാണ് ഇത് വ്യക്തമാക്കുന്നത്.
രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഭയന്നു മാറിനിൽക്കുന്നു. അഴിമതിയുടെയും സാമ്പത്തികത്തട്ടിപ്പുകളുടെയും ഗുണഭോക്താക്കളായ രാഷ്ട്രീയ കക്ഷികളെ കേന്ദ്ര ഏജൻസികളുടെ ഭീഷണികളിലൂടെ ബിജെപി ഭരണം ഭയപ്പെടുത്തി നിശബ്ദരാക്കിയിരിക്കുന്നു. രാജ്യം ഇന്നൊരു സന്നിഗ്ദ്ധ ഘട്ടത്തിലാണ്. രാഷ്ട്രീയപ്രവർത്തനങ്ങളുടെയാകെ കേന്ദ്രമായി മാറത്തക്കവിധം ഫാസിസ്റ്റ്‌വിരുദ്ധ പ്രക്ഷോഭം പടുത്തുയർത്താൻ ഇനിയും ഒട്ടും വൈകിക്കൂടാ എന്ന് ഓരോ നിമിഷവും സാഹചര്യം നമ്മോടാവശ്യപ്പെടുകയാണ്. ജനങ്ങൾക്കാകെ പ്രതീക്ഷ നൽകും വിധം സമരരാഷ്ട്രീയം ഉയരുകയും ശക്തിപ്പെടുകയും വേണം. രാജ്യത്തിന് നിർഭയമായ നേതൃത്വം വേണം. വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുന്ന ഒരു രാഷ്ട്രീയ നേതൃത്വത്തെ രാഷ്ട്രം ഇന്ന് ആവശ്യപ്പെടുന്നു.


ഏറ്റവും വിധിനിർണ്ണായകമായ ഈ വേളയിൽ ഇൻഡ്യയിലെ ഇടതുപക്ഷം എന്നു വിളിക്കപ്പെടുന്നവർ ദേശവ്യാപകമായ പ്രക്ഷോഭം പടുത്തുയർത്താൻ ഒരു കടമയും നിർവ്വഹിക്കുന്നില്ല എന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കേരളമൊഴികെ എല്ലാ സംസ്ഥാനത്തും സിപിഐ(എം), സിപിഐ പാർട്ടികൾ കോൺഗ്രസ്സുമായി സഖ്യം രൂപപ്പെടുത്തിയാണ് മൽസരിച്ചത്. പാർലമെന്ററി രാഷ്ട്രീയത്തിന്റെ സങ്കുചിതമായ കണക്കുകൂട്ടലല്ലാതെ മറ്റൊന്നും ഈ തെരഞ്ഞെടുപ്പ് സഖ്യത്തിൽ പ്രതിഫലിക്കുന്നില്ല. താൽക്കാലികമായ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സൃഷ്ടിക്കുന്ന ഈ അവസരവാദ കൂട്ടുകെട്ടുകൾ ജനാനുകൂലമായ ഒരു രാഷ്ട്രീയ നിലപാടിനെയും പ്രതിനിധാനം ചെയ്യുന്നില്ല എന്നതിനാൽ ജനങ്ങളുടെ വിശ്വാസ്യത നേടുന്നതിൽ അവ തീർത്തും പരാജയപ്പെടുന്നു. മറുവശത്ത് അത് ബിജെപിയുടെ രാഷ്ട്രീയത്തിന് മേധാവിത്വം ഉറപ്പിക്കാൻ അവസരം നൽകുകയും ചെയ്യുന്നു. ഉടനടിയുള്ള പാർലമെന്ററി രാഷ്ട്രീയ നേട്ടം എന്ന ലക്ഷ്യം പൂർണ്ണമായും ഉപേക്ഷിച്ച്, വിജയ പരാജയങ്ങൾക്കിടയിലും നീണ്ടുനിൽക്കുന്ന ജനാധിപത്യ പ്രക്ഷോഭത്തിന്റെ ദുഷ്‌കരമായ ഒരേയൊരു ദൗത്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് മുന്നേറുക എന്നതാണ് ഇടതുപക്ഷം നിർവ്വഹിക്കേണ്ടുന്ന ചരിത്രകടമ. സമരരാഷ്ട്രീയത്തിന് അനുകൂലമായി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി, സമരനിര ശക്തിപ്പെടുത്തി മുന്നേറിയാൽ തത്വാധിഷ്ഠിതമായ ഈ സമരമുന്നണി ക്രമേണ ജനങ്ങളുടെ പിന്തുണ ആർജ്ജിക്കുമെന്നതിൽ ഒരു സംശയവും വേണ്ട. ജനങ്ങളെയാകെ ഒരു പുതുശക്തിയാക്കി അത് പരിവർത്തനപ്പെടുത്തും. അതാണ് ചരിത്രപാഠം.

സമരരഹിത കേരളം സൃഷ്ടിച്ച എൽഡിഎഫ് ഇടതുരാഷ്ട്രീയത്തിന്റെ യശസ്സിന് കളങ്കമേൽപ്പിച്ചു.


പ്രക്ഷോഭത്തിന്റെ ദൗത്യം പാടേവെടിഞ്ഞ ദേശീയ സമീപനത്തിന്റെ കേരള പതിപ്പായിരുന്നു എൽഡിഎഫിന്റെ അഞ്ചു വർഷത്തെ ഭരണം. കേന്ദ്രത്തിലെ ബിജെപി ഭരണത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ നയങ്ങളുടെ പരാജയം ഉറപ്പാക്കത്തക്കവിധമുള്ള എതിർപ്പിന്റെ സമീപനം എൽഡിഎഫിന്റെയോ ഭരണത്തിന്റെയോ ഭാഗത്തുനിന്നുണ്ടായതേയില്ല. നാട്ടുകാരെ അക്ഷരാർത്ഥത്തിൽ യാചകരാക്കി മാറ്റിയ കേന്ദ്രഭരണത്തിനെതിരെ ശക്തമായ ഒരു താക്കീത് ഉയർത്താൻപോലും ഇടതുമുന്നണിയോ സിപിഐയും സിപിഐ(എം)ഉം തയ്യാറായില്ല.
കർഷക സമരത്തിന് അളവറ്റ പിന്തുണ നൽകിക്കൊണ്ട് കേരളത്തിൽ പ്രക്ഷോഭകൊടുങ്കാറ്റ് സൃഷ്ടിക്കാൻ കരുത്തുള്ളവർ, ജില്ലാ കേന്ദ്രങ്ങളിൽ ഒരു പന്തലും കെട്ടി സഹനസമരമിരുന്നു. രാജ്ഭവനുകൾ ഉപരോധിക്കാൻ ദില്ലിയിൽ നിന്ന് കർഷകർ ആഹ്വാനുമുയർത്തിയപ്പോൾ കേരളഗവർണ്ണറുടെ കൊട്ടാരത്തിനുമുമ്പിൽ ഒരു പ്രതിഷേധവും ഉയർന്നില്ല. പെട്രോളിയം വിലവർദ്ധനവ് പകൽവെളിച്ചത്തിലെ കുത്തിക്കവർച്ചയായി മാറിയിട്ടും ഗൗരവപ്പെട്ട ഒരു സമരപ്രവർത്തനവും സംസ്ഥാനത്ത് ഉണ്ടായില്ല. വരവരറാവു മുതൽ സിദ്ധിക്ക് കാപ്പൻവരെ യുഎപിഎ ചുമത്തപ്പെട്ട് ജയിലുകളിൽ നരകിക്കുമ്പോൾ അതേ കരിനിയമം ഇവിടെ നടപ്പാക്കി മോദിയുടെ മർദ്ദനകരങ്ങൾക്ക് പിന്തുണയും ശക്തിയും നൽകുന്നതാണ് നാം കണ്ടത്. കോടതികൾപോലും നഗ്നമായ മനുഷ്യാവകാശലംഘനങ്ങൾക്ക് നിർലജ്ജമായി കൂട്ടുനിന്നപ്പോൾ ഒരക്ഷരം ഉരിയാടാൻ ഇടതുപക്ഷമെന്ന ലേബലണിഞ്ഞവർ ഉണ്ടായില്ല. സമരപ്രവർത്തനങ്ങളിലൂടെ ബിജെപിയുടെ നയങ്ങൾക്കെതിരെയുള്ള ജനാഭിപ്രായം ദൃഢീകരിക്കാനും രാഷ്ട്രീയ ദിശ നൽകി അതിനെ ഒന്നാകെ സമാഹരിക്കാനും ഏറ്റവും അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയായിരുന്നു കഴിഞ്ഞ അഞ്ച് വർഷം നിലനിന്നിരുന്നത്. എന്നാൽ അത്തരമൊരു പ്രവർത്തനത്തെ സംബന്ധിച്ച് ചിന്തിക്കാൻ പോലും സിപിഐ(എം)ഉം സിപിഐയും തയ്യാറായില്ല. ബിജെപിയുടെ നയങ്ങൾക്കെതിരെ വീറുറ്റ സമരങ്ങൾ സംഘടിപ്പിച്ച്, ജനവികാരത്തെ കോർത്തിണക്കാനും അങ്ങിനെ സമ്മതിദാനത്തെയും ഒരു സമരപ്രവർത്തനമാക്കി മാറ്റാനും ഒരു നടപടിയും എൽഡിഎഫ് സ്വീകരിച്ചില്ല. കേരളത്തിലെ ബിജെപിയുടെ പരാജയം ഇടതുപക്ഷം പണിചെയ്ത് ഉണ്ടാക്കിയതാണെന്ന വാദം എട്ടുകാലി മമ്മൂഞ്ഞെന്ന കഥാപാത്രത്തെയാണ് ഓർമ്മപ്പെടുത്തുന്നത്.


സാമ്പത്തിക-ഭരണ രംഗത്തെ ബിജെപിയുടെ അടിസ്ഥാനനയങ്ങളെ എവിടെയാണ് വിട്ടുവീഴ്ചയില്ലാതെ എൽഡിഎഫ് എതിർത്തിട്ടുള്ളത്? കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടലിന്റെ പാത ഒഴിവാക്കി, പരമാവധി യോജിച്ചുപോവുക എന്ന രാഷ്ട്രീയ മര്യാദ കാട്ടുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് അതിൽ തലയൊളിപ്പിക്കുകയാണ് കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷം പിണറായി സർക്കാർ ചെയ്തത്. പ്രക്ഷോഭത്തിന്റെ കടമ തിരസ്‌കരിച്ചുകൊണ്ടുള്ള തങ്ങളുടെ നിലപാടിനെ വെള്ളപൂശാൻ ഈ കപട രാഷ്ട്രീയ മര്യാദയുടെ അന്തരീക്ഷം പ്രയോജനപ്പെടുത്തി. മുതലാളിമാർക്ക് നൽകിയ സമരരഹിത കേരളം എന്ന വാഗ്ദാനം അങ്ങനെ ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു. പ്രത്യേക പദവി റദ്ദാക്കിക്കൊണ്ട് മോദിയുടെ രണ്ടാംസർക്കാർ കാശ്മീരിനെ വെട്ടിമുറിച്ചപ്പോൾ ഒരു പ്രസ്താവന കൊണ്ടുപോലും ചോദ്യംചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല. അയോദ്ധ്യാ ക്ഷേത്രവിധിയുടെ കാര്യത്തിലും ഇതേ നിലപാടാണ് അദ്ദേഹം തുടർന്നത്. നാലുകോഡുകൾ നടപ്പാക്കി രാജ്യത്തിന്റെ തൊഴിൽ നിയമങ്ങളെയാകെ കുഴിച്ചുമൂടിയപ്പോഴും പ്രതികരണമൊന്നുമുണ്ടായില്ല. തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ 14 ജില്ലയിലും പ്രസംഗിച്ച മുഖ്യമന്ത്രി, കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻപോലും തയ്യാറായില്ല. സിപിഐ(എം)ന്റെ ഒരു നേതാവെന്നതിനുമപ്പുറം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രതികരണത്തിനുള്ള രാഷ്ട്രീയ ഘനം എത്രയോ ആണ്. കേന്ദ്രനയങ്ങൾക്കെതിരായ ജനങ്ങളുടെ എതിർപ്പിന് ദൃഢമായ രാഷ്ട്രീയ ഉള്ളടക്കം നൽകാനും പ്രക്ഷോഭത്തെ മുന്നോട്ടു കൊണ്ടുപോകാനും അതു വലിയ തോതിൽ സഹായിക്കുമായിരുന്നു. വേദനയോടെ പറയട്ടെ; അപ്രകാരമൊരു നിലപാട് ഉണ്ടായില്ല. ബിജെപിയുടെ ആപൽക്കരമായ നവലിബറൽ സാമ്പത്തികനയങ്ങളും രാഷ്ട്രീയ നടപടികളും കാര്യക്ഷമമായി കേരളത്തിൽ നടപ്പാക്കുകവഴി ബിജെപിയുടെ നയങ്ങൾക്ക് സാധൂകരണം നൽകി എന്നതാണ് സിപിഐ(എം) സർക്കാർ ചെയ്ത പാതകം. ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരായ പോരാട്ടത്തിന് അത് വരുത്തിവച്ച ആഘാതം അളവറ്റതാണ്.


സ്വകാര്യ മൂലധന നിക്ഷേപത്തിന്റെ പുതിയ മേഖലകളെന്ന നിലയിൽ കേന്ദ്ര ബിജെപി സർക്കാർ ആവിഷ്‌കരിച്ച സമസ്ത പദ്ധതികളെയും പിണറായി വിജയൻ സർക്കാർ ആശ്ലേഷിക്കുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ ഏറ്റവും നല്ല ഉദാഹരണം ദേശീയപാത വികസനം തന്നെയാണ്. കുടിയൊഴിപ്പിക്കപ്പെട്ട പതിനായിരങ്ങളും ഭീമമായ ചുങ്കം ഒടുക്കി മുടിയുന്ന ലക്ഷങ്ങളും ഈ വികസനത്തിന്റെ ഇരകളാണ്. വിഴിഞ്ഞം തുറമുഖം, വിമാനത്താവള വികസനം, മെട്രോ റെയിൽ തുടങ്ങിവയെല്ലാം എൽഡിഎഫ് സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണയോടെയോ മുൻകൈയിലോ മുന്നറുന്ന കേന്ദ്ര പദ്ധതികളാണ്. ബിജെപിയുടെ സാമ്പത്തിക രംഗത്തെ അടിസ്ഥാനനയങ്ങളുടെയും നടപടികളുടെയും നടത്തിപ്പുകാരായി എൽഡിഎഫ് സർക്കാർ മാറുന്നതാണ് കഴിഞ്ഞ അഞ്ച് വർഷം നാം കണ്ടത്. കള്ളപ്പണം തടയാൻ സഹായകരമായ നടപടി എന്നാണ് ആദ്യഘട്ടത്തിൽ സംസ്ഥാനത്തിന്റെ ധനകാര്യ മന്ത്രി നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചത്. സഹകരണ ബാങ്കുകൾക്കുകൂടി നോട്ട് വിതരണത്തിനുള്ള അനുവാദം നൽകാത്തതിലുള്ള പ്രതിഷേധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നവലിബറൽ നികുതി ഘടനയായ ജിഎസ്റ്റിയെ പരിപൂർണ്ണമായും പിന്തുണച്ചുകൊണ്ട് അതിന്റെ നടപ്പാക്കലിനുവേണ്ടിയുള്ള കമ്മിറ്റിയിൽ സുപ്രധാനമായ പങ്ക് വഹിച്ചു. ബിപിസിഎൽ സ്വകാര്യവൽക്കരണത്തിന് എതിരാണെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിച്ചതല്ലാതെ അതിനെ ഫലപ്രദമായി ചെറുക്കാൻ സർക്കാർ അധികാരങ്ങൾ ഉപയോഗിച്ച് യതൊന്നും ചെയ്യുകയുണ്ടായില്ല. കേന്ദ്രസർക്കാർ കൊണ്ടുവന്ന കരിനിയമങ്ങൾ നടപ്പാക്കി, ജനാധിപത്യ ധ്വംസനങ്ങൾക്ക് ഒരു മാതൃകയായി സംസ്ഥാന സർക്കാർ മാറി.


ജനങ്ങളുടെ സ്വതന്ത്രവും പ്രബുദ്ധവുമായ ജനാധിപത്യ ഉണർവ്വിന് കളമൊരുക്കത്തക്കവിധം ജനസമരങ്ങൾ ജന്മമെടുക്കാനും വികസിക്കാനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ഒരു ഇടത് സർക്കാരിന്റെ പരമപ്രധാനമായ കർത്തവ്യം. അതിനാൽ ഭരണകൂടത്തിന്റെ മർദ്ദനകരങ്ങൾക്ക് ശക്തി വർദ്ധിപ്പിക്കുക എന്നതിൽനിന്നും ഒരു ഇടതുപക്ഷ സർക്കാർ പൂർണ്ണമായും വിട്ടുനിൽക്കണം. ജനങ്ങളുടെ സംഘടിതമായ ജനാധിപത്യപ്രവർത്തനങ്ങൾ സ്വതന്ത്രമായി വളർന്നു വികസിച്ചു വരുന്നത് തടയാൻ ഭരണകൂട ശക്തികളെ അനുവദിക്കില്ല എന്നതായിരിക്കണം ഇടതു ഗവൺമെന്റിന്റെ അടിസ്ഥാനനയം. ജനാധിപത്യത്തിന്റെ രാഷ്ട്രീയ ഘടന ആധാരശിലയായി നിലനിൽക്കുന്നുവെന്നത് ഉറപ്പാക്കപ്പെടണം.
ജനകീയ സമരങ്ങളിൽ ഇടപെടാൻ പോലീസിനെ അനുവദിക്കില്ല എന്ന മൗലിക നിലപാടിനോടൊപ്പം വിപുലമായ ജനാധിപത്യ അവകാശങ്ങൾ, സർക്കാരിനോട് വിയോജിക്കാനും കലഹിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം, സ്വന്തം അഭിപ്രായങ്ങൾ നിർഭയമായി പ്രകാശിപ്പി ക്കാനുള്ള സ്വാഭാവിക സാഹചര്യം ഇവയെല്ലാം ഉറപ്പാക്കപ്പെടണം. ഇക്കാര്യങ്ങളിലെല്ലാം നേർവിപരീതമായാണ് പിണറായി സർക്കാർ പ്രവർത്തിച്ചതെന്ന് ഖേദപൂർവ്വം പറയാതെ വയ്യ. യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ എൻഐഎക്കു പിടിച്ചുകൊടുത്ത് അതീവ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിച്ചതും മാവോയിസ്റ്റ് വേട്ടയുടെ പേരിൽ വ്യാജ ഏറ്റുമുട്ടലുകൾ സംഘടിപ്പിച്ച് എട്ടുപേരെ കൊലപ്പെടുത്തിയതും പോലീസിന് മജിസ്റ്റീരിയൽ അധികാരം നൽകാനായി നീങ്ങിയതും പോലീസ് ആക്റ്റ് ഭേദഗതി ചെയ്ത് 118(എ) നടപ്പാക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ചതും പൗരത്വ നിയമഭേദഗതിക്കെതിരെ തികച്ചും സമാധാനപരമായി നടന്ന സമരങ്ങൾക്കെതിരെ ഏതാണ്ട് അഞ്ഞൂറോളം കേസുകൾ രജിസ്റ്റർ ചെയ്തതും എണ്ണമറ്റ ലോക്കപ്പ് കൊലപാതകങ്ങളും ഭരണകൂടത്തിന്റെ ശക്തി ഉപയോഗപ്പെടുത്തി സാധാരണ പൗരനെ വേട്ടയാടുന്ന വലതുപക്ഷ സർക്കാരുകളുടെ തനിപ്പകർപ്പ് നടപടികളാണ്. ജനാധിപത്യപ്രസ്ഥാനങ്ങളും മനുഷ്യാവകാശപ്രവർത്തകരും ഉയർത്തിയ പ്രതിഷേധങ്ങളോട് സർക്കാർ കൈക്കൊണ്ട ധാർഷ്ട്യം നിറഞ്ഞ പ്രതികരണങ്ങൾ ഒരു ഇടതുപക്ഷ സർക്കാരിന് തീർത്തും നിരക്കാത്ത സമീപനമായിരുന്നു. ഈ നടപടികളെല്ലാം തെരഞ്ഞെടുപ്പ് വിജയത്തിലൂടെ സാധൂകരിക്കപ്പെട്ടുവെന്ന് സ്ഥാപിക്കുന്നത് തുടർനാളുകളിൽ നഗ്നമായ ഈ പൗരാവകാശലംഘനങ്ങൾ ഇതിലും ഭീഷണമായി ആവർത്തിക്കപ്പെടുമെന്നതിന്റെ ആപത്‌സൂചനയാണ്.
ശ്വാസം മുട്ടിക്കുന്ന കോർപ്പറേറ്റ് നയങ്ങളിൽനിന്നും മോചനം ആഗ്രഹിക്കുന്ന ജനങ്ങളുടെ അഭിലാഷങ്ങളോടൊപ്പം ഇടതെന്ന പേരിലുള്ള ഒരു മുന്നണി നിലകൊള്ളേണ്ടതല്ലേ? വടക്കേ ഇൻഡ്യൻ സംസ്ഥാനങ്ങളിൽപ്പോലും സാധാരണ ജനങ്ങളും കർഷകരും സാമൂഹ്യ പ്രതിഭകളും പ്രക്ഷോഭത്തിന്റെ ഭാഗമായി തെരുവിലെത്തിയിട്ടും സംസ്ഥാനത്ത് നാം കണ്ടത് മൃതമായ ഒരു സാമൂഹ്യാവസ്ഥയായിരുന്നു.

ദേശമൊട്ടാകെയുള്ള പ്രക്ഷോഭത്തിന്റെ സ്ഥിതി പരിഗണിക്കുമ്പോൾ ബിജെപിക്കെതിരെ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവന്നതിൽ കേരളത്തിന്റെ പങ്കെന്താണ്? പേരിനെങ്കിലും ഒരു പങ്ക് വഹിക്കുവാൻ കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞില്ല. രാഷ്ട്രീയപ്രബുദ്ധതയിൽ പിന്നിലെന്ന് കരുതപ്പെടുന്ന ഉത്തർപ്രദേശിലും ഹരിയാനയിലും പഞ്ചാബിലും ബിജെപി വിരുദ്ധ പ്രക്ഷോഭങ്ങൾ ആളിക്കത്തുമ്പോൾ ഇടതുപക്ഷം ഭരണത്തുടർച്ച സൃഷ്ടിച്ച സംസ്ഥാനത്ത് നാം കാണുന്നത് കനത്ത നിശബ്ദതയാണ്.
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള ചില പ്രസ്താവനകളും സമരപരിപാടികളും വീക്ഷിക്കുന്ന സാധാരണ പ്രവർത്തകരും അണികളും, ബിജെപി സർക്കാരിനെതിരെയുള്ള നിലപാടിലാണ് സിപിഐ(എം) നിലകൊള്ളുന്നുതെന്ന നിഗമനത്തിലെത്തിയിട്ടുണ്ട്. ഇതിന്റെ യാഥാർത്ഥ്യമെന്താണ്? സ്വഭാവികമായി സ്വീകരിക്കാൻ നിർബ്ബന്ധിതമായിട്ടുള്ള പ്രതിപക്ഷ നിലപാടിന്റെ പ്രതികരണങ്ങൾ മാത്രമാണ് പ്രസ്താവനകളും സമരപരിപാടികളും. ജനവിരുദ്ധ നയങ്ങളെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യമോ ജനങ്ങൾക്ക് അനുകൂലമായ വിജയം ഉണ്ടാകണമെന്ന നിർബ്ബന്ധമോ അത്തരം സമരങ്ങൾക്കില്ല. ഒരു ചടങ്ങ് അനുഷ്ഠിക്കുന്നതുപോലെ സംഘടിപ്പിക്കപ്പെടുന്ന പ്രസ്തുത സമരപരിപാടികളിൽ ആട്ടിത്തെളിക്കപ്പെടുന്ന കുറച്ച് അണികൾ പങ്കെടുക്കുന്നതല്ലാതെ പാർട്ടിക്കു പുറത്തുനിന്ന് സാധാരണമനുഷ്യരുടെ പങ്കാളിത്തമോ പിന്തുണയോ ഉണ്ടാകുന്നില്ല. പാർലമെന്ററി രാഷ്ട്രീയത്തിന്റെ ചില കണക്കുകൂട്ടൽ മാത്രമേ ഇത്തരം സമരങ്ങൾക്കുള്ളൂ. ജനങ്ങൾക്കുവേണ്ടി തങ്ങൾ പ്രതിഷേധിച്ചു എന്ന് നാലാളെ ബോധ്യപ്പെടുത്തി ഏതാനും വോട്ടുനേടുക എന്ന സങ്കുചിതവും പരിമിതവുമായ ലക്ഷ്യം മാത്രമേ അതിനുള്ളൂ. ഉയർത്തുന്ന ഡിമാന്റിനോടും സത്യസന്ധമായ പ്രതിബദ്ധതയുടെ കണിക പോലുമില്ല. അതാത് സമയത്തെ ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റപ്പെടണം. അത്രമാത്രമേയുള്ളൂ. കെ.എം.മാണിക്കെതിരെ നടന്ന സമരം വെറുമൊരു രാഷ്ട്രീയ നാടകം മാത്രമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞില്ലേ. നേരും നെറിവുമില്ലാത്ത ഇത്തരം സമരങ്ങളിൽ അണിനിരക്കുന്ന പാർട്ടി പ്രവർത്തകർക്ക് ലഭിക്കുന്നത് എന്തുതരം രാഷ്ട്രീയ വിദ്യാഭ്യാസമാണ്? ഇത്തരം ആത്മവഞ്ചന, പ്രവർത്തകരെ അറപ്പുളവാക്കുന്നതരം അവസരവാദികളും തൻകാര്യംനോക്കികളുമാക്കി അധഃപതിപ്പിക്കുന്നു. പദവികൾക്കും സ്ഥാനമാനങ്ങൾക്കുംവേണ്ടി എന്തുമാകാമെന്ന് ഇവർ പഠിക്കുന്നു. ഇടതുരാഷ്ട്രീയത്തിന്റെ പേരിൽ പ്രസരിപ്പിക്കപ്പെടുന്നത് അപചയത്തിന്റെ ഈ ദുർഗ്ഗന്ധമാണെങ്കിൽ, അറുവഷളായ വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ നാം എങ്ങിനെ പ്രതിപ്രവാഹം സൃഷ്ടിക്കും. ഇടതുരാഷ്ട്രീയത്തെ ഇന്നും നെഞ്ചോട് ചേർത്തുപിടിക്കുന്ന സത്യസന്ധരായ മനുഷ്യരുടെ മനഃസാക്ഷിയോട് ഞങ്ങൾ ആവർത്തിച്ച് അഭ്യർത്ഥിക്കുകയാണ്. ഇത് ഇടതുരാഷ്ട്രീയമല്ലെന്ന് നാം തിരിച്ചറിയണം. തൊഴിലാളിവർഗ്ഗ രാഷ്ട്രീയം ഇതിനു നേർവിപരീതമാണെന്ന് നാം തിരിച്ചറിയണം.

എൽഡിഎഫ് വിജയം ജനങ്ങളുടെയോ ഇടതുരാഷ്ട്രീയത്തിന്റെയോ വിജയമല്ല.

ഒരു ഇടതു സർക്കാരിനെ വലതുപക്ഷ സർക്കാരിൽ നിന്നും മൗലികമായി വ്യതിരിക്തമാക്കുന്ന ഉത്തരവാദിത്വങ്ങളുടെ നിർവ്വഹണത്തിൽ പരാജയപ്പെട്ട ഒന്നായിരുന്നു പിണറായി വിജയൻ നയിച്ച കേരളത്തിലെ എൽഡിഎഫ് സർക്കാർ. രാഷ്ട്രീയ-സാമ്പത്തിക-ഭരണ രംഗങ്ങളിലെ അടിസ്ഥാന നയങ്ങൾ വൻകിട മൂലധന നിക്ഷേപകരുടെയും ധനികവിഭാഗങ്ങളുടെയും വളർച്ചയ്ക്കും ലാഭവേട്ടയ്ക്കും വേണ്ടിയുള്ളവയായിരുന്നു. മുതലാളിമാരുടെ വ്യവസായ നടത്തിപ്പ് ഏറ്റവും ആയാസരഹിതമാക്കാനായി കൊണ്ടുവന്ന ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്’ ആണ് തങ്ങളുടെ നയമെന്നും അതിനിയും തുടരുമെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിനത്തിൽ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കുകയുണ്ടായി. ഭരണത്തുടർച്ചയിൽ ആഹ്ലാദം രേഖപ്പെടുത്തിക്കൊണ്ടും ചെയ്തുതന്ന നല്ലകാര്യങ്ങൾ സ്മരിച്ചുകൊണ്ടും മുതലാളിമാരുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രിയുടെ കേരള ഘടകം മെയ് 3നു പുറപ്പെടുവിച്ച പ്രസ്താവന എൽഡിഎഫ് സർക്കാരിന്റെ അടിസ്ഥാനനയങ്ങൾക്കുള്ള അംഗീകാരമാണ്.


എൽഡിഎഫിന്റെ വിജയത്തിനുവേണ്ടി പണിയെടുത്ത പാവപ്പെട്ട ഇടതുപക്ഷ വിശ്വാസികൾ അവനവനോട് ചോദിക്കേണ്ട ചോദ്യം ഇതാണ്. കേരളത്തിലെ വൻകിട മുതലാളിമാർ, കൂറ്റൻ നിർമ്മാണ കമ്പിനികൾ, വൻകിട കരാറുകാർ, ഭൂമി കൈയേറ്റക്കാര്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ഉടമകൾ, ക്വാറി ഉടമകൾ, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന വമ്പൻ സാമ്പത്തികഗ്രൂപ്പുകൾ, ബാർ മുതലാളിമാർ തുടങ്ങി എല്ലാ ധനികവിഭാഗങ്ങളും എൽഡിഎഫ് തുടർന്നും അധികാരത്തിലേറണമെന്ന് ആഗ്രഹിച്ചത് എന്തുകൊണ്ടാണ്? സർക്കാരിന്റെ ബ്രാന്റ് അംബാസഡറെപ്പോലെ വ്യവസായ പ്രമുഖനായ യൂസഫലി നിലകൊണ്ടതെന്തുകൊണ്ടാണ്? അഞ്ച് വർഷത്തെ ഭരണനടപടികളെല്ലാം യഥാർത്ഥത്തിൽ അവർക്കുവേണ്ടിയുള്ളതായിരുന്നു എന്നതുമാത്രമാണ് അതിനുകാരണം.


യുഡിഎഫിന്റെ ഭരണനാളിൽ അദാനിയുടെ വിഴിഞ്ഞം പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചവർ, അധികാരത്തിലെത്തിയപ്പോൾ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പ്രമോട്ടർമാരുടെ റോളിലേക്ക് മാറി. തുടർന്ന് വിമാനത്താവള വികസനത്തിന്റെ പദ്ധതിയിലും അദാനിക്കു സഹായകരമായ നിലപാട് സ്വീകരിച്ചു. സംസ്ഥാന സർക്കാർ 1100 കോടി രൂപ മുടക്കി, കെ.എസ്.ഇ.ബി.യുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വീടുകളിൽ കേബിൾ വഴി ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന കെ-ഫോൺ പദ്ധതി യഥാർത്ഥത്തിൽ ഇന്റർനെറ്റ് സേവനദാതാക്കളായ ജിയോ ഉൾപ്പടെയുള്ള വൻകിടക്കാർക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുവേണ്ടിയുള്ളതാണ്.
മുതലാളിമാർക്ക് വേണ്ടത് കരുത്തനായ ഭരണാധികാരിയെയാണ്. മൂലധനത്തിന്റെ അഭീഷ്ടങ്ങൾക്ക് മുമ്പിൽ ജനങ്ങളുടെ എതിർപ്പിനെയോ വിയോജിപ്പിന്റെ ശബ്ദങ്ങളെയോ തെല്ലും പരിഗണിക്കാത്ത ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെയാണ് അവർക്ക് വേണ്ടത്. കുടിയൊഴിപ്പിക്കപ്പെടുന്നവർ ഉയർത്തുന്ന ആവലാതികളെ പുഛത്തോടെ തള്ളിക്കളഞ്ഞ്, ദേശീയപാത വികസിപ്പിച്ച്, ചുങ്കം പിരിക്കാൻ മുതലാളിമാർക്ക് വരം നൽകുന്ന മുഖ്യമന്ത്രിയെയാണ് അവർക്ക് വേണ്ടത്. തൊഴിൽരംഗത്തെ ‘അനാശാസ്യപ്രവണതകൾ’ക്കെതിരെ വടിയെടുക്കുന്ന മേലാളനെയാണ് മുതലാളിമാർക്ക് വേണ്ടുന്നത്. പ്രതീക്ഷകൾക്ക് യോജിച്ച ഭരണാധികാരിയെ ലഭിച്ചതിനാലാണ് അവർ ഒന്നാം പിണറായി സർക്കാരിനെ പ്രശംസകൾകൊണ്ട് മൂടിയത്. മുതലാളിമാർ മാത്രമല്ല, നിതിൻ ഗഡ്കരിയെപ്പോലുള്ള കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയെ പ്രശംസിക്കാൻ ക്യൂ നിന്നു.

പുതിയതായി ലൈസൻസ് നൽകിയതുൾപ്പടെ 545 ബാറുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത് ബാർ മുതലാളിമാരെ എത്രമേൽ സന്തോഷിപ്പിച്ചിട്ടുണ്ടാകും! വനത്തിനോട് ചേർന്നു പ്രവർത്തിക്കുന്ന ക്വാറികളുടെ ദൂരപരിധി 50 മീറ്ററാക്കി ഉത്തരവിട്ടതും ചട്ടങ്ങൾ ലംഘിച്ച് ക്വാറികൾക്ക് ലൈസൻസ് നൽകിയതും ക്വാറി ഉടമകൾക്കും വളരെ ആഹ്ലാദം നൽകി. സർക്കാർ ഭൂമി കൈയേറിയവർക്കെതിരെ കോടതികളിൽ നടന്ന കേസ്സുകളിൽ സർക്കാർ സ്വയം തോറ്റുകൊടുത്ത് കൈേയറ്റത്തിന് നിയമസാധുത നൽകി അവർക്കും സന്തോഷം പകർന്നു. പൊന്തൻപുഴ വനം അതിനൊരു ഉദാഹരണം മാത്രം. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എല്ലാത്തരം ഫീസും കുത്തനെ കൂട്ടിക്കൊടുത്തും ഈ സ്ഥാപനങ്ങളിലെ വിദ്യാർത്ഥിപീഡനത്തിന് സംരക്ഷണം നൽകിയും വിദ്യാഭ്യാസ കച്ചവടക്കാരെയും കൂടെനിർത്തി. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഏറ്റവും കുറഞ്ഞ ഫീസായിരുന്ന 1.85 ലക്ഷം രൂപ, പല തവണയായി 7.65 ലക്ഷം രൂപയാക്കി ഉയർത്തിക്കൊടുത്തു. കിഫ്ബി വഴി കൂറ്റൻ പദ്ധതികളുടെ വൻകിട ഓഫറുകൾ നൽകിയും ഉയർന്ന നിരക്കിൽ നിർമ്മാണപ്രവർത്തനങ്ങളുടെ തുക ഉറപ്പാക്കിയും കരാറുകാർക്കും നിർമ്മാണ കമ്പിനികൾക്കും ലാഭത്തിന്റെ ചാകര തുറന്നുകൊടുത്ത സർക്കാരിന്റെ കൂടെ അവരും നിലകൊണ്ടു. വമ്പൻ മൂലധനനിക്ഷേപത്തിന്റെ പദ്ധതികൾ മുതൽ താഴേത്തലത്തിൽ ഒരു തൊഴിൽത്തർക്കത്തിൽ വരെ മുതലാളിമാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സർക്കാരായിരുന്നു പിണറായിയുടേത്. സുപ്രീംകോടതി വിധിച്ച ശമ്പളം ഒന്നാം ടേം ഭരണം അവസാനിക്കുമ്പോഴും നേഴ്‌സുമാർക്ക് നൽകാത്ത സ്വകാര്യആശുപത്രികളുണ്ടെന്ന് നാം വിസ്മരിക്കരുത്. നേഴ്‌സുമാർക്കായി സമരം ചെയ്ത യുഎൻഎയുടെ നേതാക്കളെ കള്ളക്കേസ് ചുമത്തി ജയിലിലടച്ച് ആശുപത്രിമുതലാളിമാരെയും സന്തോഷിപ്പിച്ചു. നിലവിലുള്ള എല്ലാ തൊഴിൽനിയമങ്ങളും ലംഘിച്ചുകൊണ്ട്, കൊല്ലത്തെ വിജയലക്ഷ്മി കാഷ്യൂ ഫാക്ടറി അടച്ചുപൂട്ടിയപ്പോൾ തൊഴിലാളികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കാതെ സർക്കാർ കാലാവധി തീരുന്നതുവരെ മുതലാളിയുടെ ആഗ്രഹപ്രകാരം ഫാക്ടറി അടഞ്ഞുതന്നെ കിടക്കാൻ വഴിയൊരുക്കിയത് ആരെ സഹായിക്കാനായിരുന്നു? മുത്തൂറ്റ് ധനകാര്യസ്ഥാപനത്തിൽ സമരം ചെയ്ത ജീവനക്കാരുടെ അവകാശങ്ങളുടെ സ്ഥിതിയെന്താണ്? കുത്തകമുതലാളിമാരുടെയും ധനികവിഭാഗങ്ങളുടെയും മധ്യവർഗ്ഗത്തിന്റെയും അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുക എന്ന ഒരേയൊരു അജണ്ടയാണ് ഇന്ന് സിപിഐ(എം)നെയും എൽഡിഎഫിനെയും നയിക്കുന്നത്.


ഇടതെന്ന പേരിലുള്ള ഈ പ്രസ്ഥാനങ്ങൾ അടിസ്ഥാനവർഗ്ഗത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെയും ഏറ്റുമുട്ടലിന്റെയും രാഷ്ട്രീയം ഉപേക്ഷിച്ചു കഴിഞ്ഞു. ദളിത് ജനവിഭാഗങ്ങളും ദരിദ്രജനവിഭാഗങ്ങളും അവരുടെ കണക്കുപുസ്തകത്തിന് പുറത്തായി. സംവരണത്തോടുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം അതിന്റെ വ്യക്തമായ തെളിവായിരുന്നു. മറാത്ത കേസുമായി ബന്ധപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തികമാണെന്ന് പ്രസ്താവിച്ചതും തങ്ങളുടെ കൂറ് ആരോടാണെന്നതിന്റെ പ്രഖ്യാപനമായിരുന്നു.
പിണറായി വിജയൻ സർക്കാർ ബജറ്റ് രേഖകളിലും നിക്ഷേപക സമ്മേളനങ്ങളിലും ഒടുവിൽ മെയ് 3ന്റെ പത്രസമ്മേളനത്തിലും ആവർത്തിച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് ഇടതുപ്രസ്ഥാനങ്ങളുടെ പണിയല്ല. മുതലാളിമാരുടെ ബിസിനസ്സ് നടത്തിക്കൊടുക്കാനല്ല, ഇടതുപക്ഷം അധികാരത്തിലേറുന്നത്. സമസ്ത ജീവിത മാർഗ്ഗങ്ങളും അടഞ്ഞ തൊഴിലാളികളുടെ, സർവ്വവും അപഹരിക്കപ്പെട്ട പാവപ്പെട്ട ജനങ്ങളുടെ പ്രക്ഷോഭത്തെ വളർത്താനാണ് ഇടതുപക്ഷം ഭരണചക്രം കൈയാളേണ്ടത്. അങ്ങിനെയൊരു അജണ്ടയേ ഇന്ന് ഇടതെന്ന് ഘോഷിക്കുന്നവരുടെ കണക്കിലില്ല. ഇതാണ് കേരള രാഷ്ട്രീയത്തിന്റെ ദുരന്തം.

വികസനമെന്ന അജണ്ട; തെരഞ്ഞെടുപ്പ് രംഗത്തെ കാപട്യം.


തെരഞ്ഞെടുപ്പ് രംഗത്ത് ഏറ്റവും സജീവമായത് വികസനം എന്ന വിഷയമാണ്. കൃത്യമായ നിർവ്വചനമൊന്നും വികസനം എന്ന സംജ്ഞയ്ക്ക് ഇല്ല എന്ന സൗകര്യം മുതലെടുത്തുകൊണ്ട് എല്ലാ മുന്നണികളും പാർട്ടികളും നാട്ടുകാർക്ക് വമ്പിച്ച ഗുണം ചെയ്യുന്ന ഒന്നായി വികസനത്തെ അവതരിപ്പിച്ച് അതിന്റെ വക്താക്കളായി നിലകൊള്ളുകയാണ്. അതിനാലാണ് അധികാരഘടനയുടെ ഭാഗമായി നിലനിൽക്കുന്ന എല്ലാ മുന്നണികൾക്കും കക്ഷികൾക്കും ഒരുപോലെ ഈ മുദ്രാവാക്യം സ്വീകാര്യമായിട്ടുള്ളത്. മണ്ഡലത്തിന്റെ വികസനം, സംസ്ഥാനത്തിന്റെ വികസനം അല്ലെങ്കിൽ രാജ്യത്തിന്റെ വികസനം എന്നൊക്കെ അറുപിന്തിരപ്പൻ വലതു രാഷ്ട്രീയ ചേരികൾ വീറോടെ പ്രചരിപ്പിക്കുന്ന മുദ്രാവാക്യം വള്ളിപുള്ളിവിസർഗ്ഗ ഭേദങ്ങളില്ലാതെ ഇടതുപക്ഷം എന്നു സ്വയം സാക്ഷ്യപ്പെടുത്തുന്നവർക്ക് ഏറ്റുപറയാൻ കഴിയുന്നതെന്തുകൊണ്ടെന്ന് ഒരിക്കലെങ്കിലും ഇടതുസുഹൃത്തുക്കൾ ചിന്തിച്ചിട്ടുണ്ടോ.
പുറമേയ്ക്ക് അരാഷ്ട്രീയ സ്വഭാവമുള്ള വികസനമെന്ന വിഷയം യഥാർത്ഥത്തിൽ വളരെ ആസൂത്രിതമായ ഒരു വലതുപക്ഷ അജണ്ടയാണ്. ഖജനാവിലെ പണമോ സർക്കാരുകളെ പണയപ്പെടുത്തി കൈപ്പറ്റുന്ന കൂറ്റൻ വിദേശവായ്പകളോ ഉപയോഗപ്പെടുത്തി മെഗാ നിർമ്മാണ പ്രോജക്റ്റുകളിലും അടിസ്ഥാന സൗകര്യങ്ങളുടെ രംഗത്തും കോർപ്പറേറ്റ് കമ്പനികൾക്ക് മൂലധനനിക്ഷേപം നടത്താനുള്ള സാധ്യതയെയാണ് വികസനം എന്നതുകൊണ്ട് മുതലാളിത്ത ഭരണകൂടങ്ങൾ അർത്ഥമാക്കുന്നത്. അതിനു സാധാരണമനുഷ്യരുടെ ജീവിതാഭിവൃദ്ധിയുമായി യാതൊരു ബന്ധവുമില്ല. ഭക്ഷണം, വിദ്യാഭ്യാസം, തൊഴിൽ, കൂലി, ചികിൽസ, പാർപ്പിടം, പൗരാവകാശങ്ങള്‍, സ്വതന്ത്രവും അന്തസ്സാർന്നതുമായ മനുഷ്യജീവിതം, ജനാധിപത്യപരമായ നിലനിൽപ്പ് തുടങ്ങി, ഈ രാജ്യത്തെ പൗരസഞ്ചയത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങളെയെല്ലാം സ്ഥാനഭ്രഷ്ടമാക്കികൊണ്ട് അടിച്ചേൽപ്പിച്ചിട്ടുള്ള വികസനം എന്ന അജണ്ട നവലിബറൽ കാലഘട്ടത്തിൽ മുതലാളിമാരുടെ കണക്കറ്റ വളർച്ചക്കു വേണ്ടിയുള്ളതാണ്. ആറുവരിയോ പന്ത്രണ്ടു വരിയോ ഉള്ള ആധുനിക റോഡുകൾ, എക്സ്‌പ്രസ് ഹൈവേകൾ, വികസന ഇടനാഴികൾ, കൂറ്റൻ നിർമ്മിതികൾ, രാജ്യമെമ്പാടും മെട്രോ റയിലുകൾ, കേരളത്തിന്റെ കെ-റെയിൽ, ഇപ്പോൾ ദില്ലിയിൽ പണിയുന്ന സെൻട്രൽ വിസ്ത തുടങ്ങിയവയെല്ലാം ഈ വികസനത്തിന്റെ പ്രതീകങ്ങളാണ്. അവയെല്ലാം ബൃഹത് മൂലധനനിക്ഷേപത്തിന്റെ ഇടങ്ങളാണ്.

റോഡോ പാലമോ കെട്ടിടങ്ങളോ പണിയുന്ന ഒരു സമ്പ്രദായമായാണ് സാധാരണജനങ്ങൾ വികസനത്തെ മനസ്സിലാക്കി വച്ചിരിക്കുന്നത്. ഇതൊക്കെ വന്നുകഴിഞ്ഞാൽ നാട്ടുകാർക്ക് പ്രയോജനമല്ലേ എന്ന, സാധാരണക്കാരെ നയിക്കുന്ന നിരുപദ്രവകരമായ ചിന്തയാണ് വളരെ ആപൽക്കരമായ ഒരു വലതുപക്ഷ അജണ്ടയിൽ അവർ ആകർഷിക്കപ്പെടാൻ ഇടയാക്കുന്നത്. മുതലാളിവർഗ്ഗ ഉള്ളടക്കമുള്ള ഇത്തരമൊരു വിഷയത്തെ തുറന്നുകാണിക്കാനും സാധാരണമനുഷ്യന്റെ ജീവിതപ്രശ്‌നങ്ങളുടെ മൂലകാരണമായ നിലനിൽക്കുന്ന ഈ വ്യവസ്ഥിതിയെ സ്ഥാനഭൃഷ്ടമാക്കാതെ മനുഷ്യന്റെ സർവ്വതോമുഖമായ വികസനം അസാധ്യമാണെന്നമുള്ള വിലപ്പെട്ട രാഷ്ട്രീയ പാഠം പകർന്നുനൽകാനും ബാധ്യതപ്പെട്ടവർ ഇടതുപക്ഷമാണ്. നാടിന്റെ വികസനമെന്ന വർഗ്ഗാതീത സംജ്ഞയുടെ പിറകിലെ അപകടകരമായ രാഷ്ട്രീയത്തിന്റെ വൻ പ്രചാരകരായി അവർതന്നെ മാറിയിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് രംഗത്തെ ഏറ്റവും ആഴമേറിയ രാഷ്ട്രീയചതിയാണ് വികസനം എന്ന പേരിൽ നടക്കുന്ന പ്രചാരണം.

അതിവിപുലവും വിദഗ്ദ്ധവുമായ പ്രൊഫഷണൽ പ്രചാരവേലയിലൂടെ യഥാർത്ഥ രാഷ്ട്രീയ പ്രശ്‌നങ്ങളെ തമസ്‌കരിച്ചു.


ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഏതാണ്ട് ഒരു വർഷം മുമ്പേ എൽഡിഎഫ് തെരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രചാരണം ആരംഭിച്ചിരുന്നു. പരസ്യരംഗത്ത് അതിവൈദഗ്ദ്ധ്യമുള്ള പ്രൊഫഷണൽ ഏജൻസികളുടെ നേതൃത്വത്തിലും ആസൂത്രണത്തിലുമായിരുന്നു എൽഡിഎഫിന്റെ പ്രചാരണം മുഴുവൻ. ബിജെപിയും ഇക്കാര്യത്തിൽ തൊട്ടുപിന്നിൽ തന്നെയുണ്ടായിരുന്നു. യുഡിഎഫാകട്ടെ വളരെ പിന്നിലും. കോവിഡ് പ്രതിസന്ധി തുടങ്ങി ഏതാനും ആഴ്ചകൾ പിന്നിട്ടപ്പോൾ, 2020 മാർച്ച് അവസാനം മുതൽ വളരെ ആസുത്രിതമായ ഒരു പബ്ലിക് റിലേഷൻ പ്രവർത്തനത്തിന് എൽഡിഎഫ് തുടക്കം കുറിച്ചു. സർക്കാർ സംവിധാനങ്ങളും സ്വകാര്യ ഏജൻസികളും ഒത്തുചേർന്ന് നടത്തിയ ഈ പ്രവർത്തനത്തിന്റെ മുഖ്യലക്ഷ്യം, ഗൗരവപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങളൊന്നും പൊതുസമൂഹത്തിന്റെ പരിഗണനാവിഷയമാകാത്തവിധം കോവിഡ് പ്രതിരോധ വിജയത്തെ സംബന്ധിച്ച അവകാശവാദത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്നതായിരുന്നു. അതിൽ അവർ പൂർണ്ണമായും വിജയിക്കുകയും ചെയ്തു. സർക്കാരിനെതിരായ വിമർശങ്ങൾക്ക് മാധ്യമങ്ങളിൽ ഇടം ലഭിക്കാതിരിക്കുകയോ അപ്രധാനമായ ഇടത്തിലേക്ക് ഒതുങ്ങുകയോ ചെയ്തു. മുഖ്യമന്ത്രി നടത്തുന്ന പ്രതിദിന പത്രസമ്മേളനമായിരുന്നു ഈ പ്രചാരവേലയുടെ പ്രമുഖ ഇനം. മഹാവ്യാധിയെ സംബന്ധിച്ച സ്വഭാവികമായ ആശങ്കയും പ്രതിരോധ നടപടികൾ അറിയാനുള്ള ആകാംക്ഷയും കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെയും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണാൻ ടി.വി.ചാനലുകളുടെ മുമ്പിൽ മുടക്കംകൂടാതെ എത്തിച്ചു. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം, സൗജന്യറേഷൻ, സാമൂഹ്യ അടുക്കള, ജനകീയ ഹോട്ടൽ, ഇതര സാമ്പത്തിക സഹായങ്ങളുടെ പ്രഖ്യാപനങ്ങൾ തുടങ്ങിയവ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന്റെ പതിവ് ഇനങ്ങളായി മാറി.

ഏകപക്ഷീയ അവതരണത്തിന് മുഖ്യമന്ത്രി സമയമെടുത്തും സർക്കാരിനെ സംബന്ധിച്ച വിമർശങ്ങൾ ഉന്നയിക്കാൻ അവസരം നൽകാതെയും ജനാധിപത്യവിരുദ്ധമായ രീതിയിൽ രൂപകൽപ്പന ചെയ്തവയായിരുന്നു ഈ പത്രസമ്മേളനങ്ങൾ. അഞ്ച് മാസം നീണ്ട അസാധാരണമായ ഈ പ്രചാരണത്തിലൂടെ മുഖ്യമന്ത്രിയും ഇടതു മുന്നണി സർക്കാരും കോവിഡ്കാല ആശങ്കകളുടെ ഉത്തരമാണെന്ന് സ്ഥാപിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിനും അതിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പിനും രണ്ട് മാസം മുമ്പേ, സർക്കാർ ഖജനാവിൽ നിന്നും കോടികൾ ചെലവഴിച്ചുകൊണ്ട് ഒരു മാസത്തോളം തുടർച്ചയായി സംസ്ഥാനത്തെ എല്ലാ പ്രമുഖ ദിനപത്രങ്ങളിലും ടി.വി ചാനലുകളിലും സർക്കാരിനെ പ്രകീർത്തിക്കുന്ന പരസ്യങ്ങളുടെ പ്രളയംതന്നെ സൃഷ്ടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനു 3 മാസം മുമ്പേ, കേരളം മുഴുവൻ സർക്കാർ പരസ്യങ്ങളുടെ ഹോർഡിംഗുകൾ സ്ഥാപിച്ചു. പിന്നീട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്വകാര്യകമ്പനി തയ്യാറാക്കിയ പരസ്യ വാചകത്തെ കേന്ദ്രമാക്കി സംസ്ഥാനമെമ്പാടും എൽഡിഎഫിന്റെ പേരിൽ കൂറ്റൻ ഹോർഡിംഗുകൾ ആദ്യം സ്ഥാപിച്ചതിന്റെ മൂന്ന് മടങ്ങെങ്കിലും വീണ്ടും സ്ഥാപിച്ചു. സോഷ്യൽ മീഡിയയിൽ കോടികൾ ചെലവഴിച്ചുകൊണ്ട് നടത്തപ്പെട്ട പരസ്യപ്രചരണത്തോട് ആർക്കും മൽസരിക്കാൻ കഴിയുമായിരുന്നില്ല. ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണമാകട്ടെ അന്നുവരെ നടത്തപ്പെട്ടതിന്റെ എത്ര മടങ്ങായിരുന്നു എന്ന് ഊഹിക്കുകപോലും അസാധ്യമായിരുന്നു. വൻ പരസ്യങ്ങൾ നൽകി മാധ്യമങ്ങളെസ്വാധീനിച്ചുകൊണ്ട് നടത്തിയതെന്ന് ആരോപിക്കപ്പെട്ട പ്രീ പോൾ സർവ്വെകൾ ഇത്തരമൊരു തെരഞ്ഞെടുപ്പ് ഫലം നിർമ്മിച്ചെടുക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചു. ഈ പ്രചാരണ പ്രവർത്തനങ്ങളുടെ പ്രധാന ഉള്ളടക്കം കോവിഡ് പ്രതിരോധ രംഗത്ത്‌നേടിയതെന്നു വിശേഷിപ്പിക്കപ്പെടുന്ന സർക്കാർ വിജയത്തെ സംബന്ധിക്കുന്ന അവകാശവാദങ്ങളും സർക്കാർ ധനസഹായങ്ങളുടെ കണക്കുമായിരുന്നു.


ദിനംപ്രതിയുള്ള പത്രസമ്മേളനത്തിലൂടെയും മാധ്യമങ്ങൾ വഴിയുള്ള കോവിഡ് പ്രതിരോധ വിജയ പ്രചാരവേലയിലൂടെയും ഭരണമുന്നണിയും മുഖ്യമന്ത്രിയും പൊതുസമൂഹത്തിൽ നിറഞ്ഞുനിൽക്കുമ്പോൾ, ഭരണകക്ഷിയൊഴികെയുള്ള മുഴുവൻ പാർട്ടികളുടെയും സാമൂഹ്യസംഘടനകളുടെയും പ്രവർത്തനം ലോക്ക്ഡൗൺ നിമിത്തം അസാധ്യമായി. എല്ലാ പ്രോട്ടോക്കോളും പാലിച്ചുകൊണ്ട് നടത്തപ്പെട്ട പരിപാടികൾക്കെതിരെപോലും പോലീസ് വ്യാപകമായി കേസുകൾ രജിസ്റ്റർ ചെയ്ത് മറ്റു പാർട്ടികളുടെ പ്രവർത്തനത്തെ നിരോധിക്കുകയും ചെയ്തു. ഫലത്തിൽ ഭരണമുന്നണിയുടെ പ്രവർത്തനങ്ങൾ നിർബാധം മുന്നേറുകയും അതിനു പരമാവധി പ്രചാരണം ലഭിക്കുകയും ചെയ്തപ്പോൾ ഭരണമുന്നണിയൊഴികെയുള്ളവരുടെ പ്രവർത്തനങ്ങൾ ബലപ്രയോഗത്തിലൂടെ തടയപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുമ്പോഴും സംസ്ഥാനം ലോക്ക് ഡൗണിൽ ആയിരുന്നതിനാൽ ഭരണമുന്നണിയും ഭരണവും സന്ദർഭവശാൽ രക്ഷപെടുകയാണുണ്ടായത്. നാണംകെട്ട അഴിമതികളെ വെള്ളപൂശിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഇടതു നേതാക്കളുടെയും വ്യാഖ്യാനങ്ങൾ ഒരു വിഘ്‌നവും കൂടാതെ പ്രവഹിച്ചു. എന്നാൽ അവയെ സംബന്ധിച്ച സാരവത്തായ വിമർശങ്ങൾ പൊതുസമൂഹത്തിന് അവതരിപ്പിക്കാനോ ജനങ്ങൾക്ക് അവ സ്വതന്ത്രമായി പരിശോധിക്കാനോ അവസരം ലഭിച്ചതേയില്ല. സോളാർ അഴിമതിയേക്കാൾ ഗുരുതരമായ കുറ്റകൃത്യങ്ങൾ സ്വർണ്ണക്കള്ളക്കടത്തുമായി ഉയർന്നുവന്നെങ്കിലും, സോളാറിന്റെ പേരിൽ യുഡിഎഫ് നേരിട്ട രാഷ്ട്രീയ വിചാരണയുടെ ഒരംശംപോലും എൽഡിഎഫിനു നേരിടേണ്ടി വരാതെ പോയത് കോവിഡ് നിയന്ത്രണങ്ങൾമൂലം സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിക്കപ്പെട്ടിരുന്നുവെന്നതിനാലാണ്.
അങ്ങിനെ കോവിഡ് മഹാവ്യാധി എൽഡിഎഫ് ഭരണത്തിന് തുറന്നുകൊടുത്ത അനുകൂല സാധ്യതകൾ നിരവധിയായിരുന്നു. നവോത്ഥാന നാളുകൾ മുതൽ മനുഷ്യസ്‌നേഹികളുടെയും ജനാധിപത്യ ഭരണകർത്താക്കളുടെയും മുൻകൈയിൽ രൂപപ്പെട്ട സംസ്ഥാനത്തിന്റെ താരതമ്യേന ശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പിൻബലത്തിൽ നടത്തിയ പ്രതിരോധ പ്രവർത്തന ങ്ങളെല്ലാം പിണറായി സർക്കാരിന്റെമാത്രം കണക്കിലെഴുതപ്പെട്ടു. കോവിഡ് പ്രതിസന്ധിയിലെ ആശ്വാസ നടപടികളും സാമ്പത്തിക സഹായങ്ങളും സർക്കാരിന്റെ വൻനേട്ടങ്ങളായി അവതരിപ്പിക്കപ്പെട്ടു. വളരെ സുഘടിതമായി സംഘടിപ്പിക്കപ്പെട്ട പ്രചാരവേലയിലൂടെ മനുഷ്യകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാരെന്ന പ്രതിഛായ ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ടു. അതോടൊപ്പം കോവിഡിനു മുമ്പിൽ ദയനീയമായി പരാജയപ്പെട്ട വടക്കേ ഇൻഡ്യൻ സംസ്ഥാനങ്ങളുമായുള്ള താരതമ്യംകൂടി വന്നപ്പോൾ കേരളത്തിന്റെ നേട്ടത്തെക്കുറിച്ചുള്ള അവതരണം ചോദ്യം ചെയ്യാനാവാത്ത ഒന്നായി മാറുകയുംചെയ്തു. മറുവശത്ത് സർക്കാരിനെതിരെ ഉയർന്നുവന്ന അതീവ ഗൗരവമുള്ള രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കപ്പെടുന്നത് തടയാൻ ഇതേ കോവിഡുതന്നെ വഴി തുറക്കുകയും ചെയ്തു. സർക്കാരിനെക്കുറിച്ചുള്ള സ്തുതിഗീതങ്ങൾ കഴിയുന്നത്ര ശബ്ദത്തിൽ കേൾപ്പിച്ചുകൊണ്ട്, സംസ്ഥാനത്തിന്റെ യഥാർത്ഥ രാഷ്ട്രീയ വിഷയങ്ങൾ ആഴത്തിൽ മുക്കിത്താഴ്ത്താൻ കഴിഞ്ഞു. വിധിയെഴുത്തിന്റെ മാനദണ്ഡമായി വരേണ്ടുന്ന യഥാർത്ഥ രാഷ്ട്രീയ വിഷയങ്ങൾ, ജനങ്ങളുടെ സജീവ പരിഗണനയിലുള്ള രാഷ്ട്രീയ വിഷയങ്ങളല്ലാതാക്കി മാറ്റുന്നതിൽ സർക്കാർ തന്ത്രപൂർവ്വം വിജയിച്ചു എന്നതാണ് എൽഡിഎഫ് വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന്. അതുകൊണ്ടുതന്നെ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന വാദത്തിന് ഒരടിസ്ഥാനവുമില്ല.

ക്ഷേമനടപടികൾ വലതുപക്ഷ സർക്കാരിൽനിന്നും ഇടതുപക്ഷ സർക്കാരിനുള്ള മൗലികമായ വ്യതിരിക്തതയല്ല.


കോവിഡ് പ്രതിസന്ധിയുടെ വേളയിൽ സർക്കാർ കൈക്കൊണ്ട ആശ്വാസ-ക്ഷേമനടപടികളും സാമ്പത്തിക സഹായങ്ങളും ജനങ്ങൾക്ക് – പ്രത്യേകിച്ചു നിർദ്ധന കുടുംബങ്ങൾക്ക്-ഒരാശ്വാസം തന്നെയായിരുന്നു. ലോക്ക് ഡൗൺ, ആഴ്ചകളും മാസങ്ങളും നീണ്ടപ്പോൾ, അസാധാരണമായ ജീവിത പ്രതിസന്ധിയുടെ മുമ്പിൽ അന്ധാളിച്ചുപോയ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം എത്ര പരിമിതമെങ്കിലും ലഭ്യമായ സഹായങ്ങൾ ഒരനുഗ്രഹമായി മാറി. അതിനാൽ കേരള സർക്കാരിന്റെ സഹായനടപടികളെ ജനങ്ങൾ കൈനീട്ടി സ്വീകരിക്കുകയുണ്ടായി.
അളക്കാനാവാത്ത വരുമാനമില്ലായ്മയും നിസ്സഹായതയുമാണ് മഹാവ്യാധിയും ലോക്ക് ഡൗണും സൃഷ്ടിച്ചത്. ഇന്നും അതു ഭയാനകമായ നിലയിൽ തുടരുകയാണ്. സാധാരണക്കാരെ അടിമുടി ഉലച്ചിട്ടുള്ള സാമ്പത്തികത്തകർച്ചയ്ക്ക് ആനുപാതികമായ പരിഹാരം നൽകുക എന്നതായിരുന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിറവേറ്റേണ്ടിയിരുന്ന അടിയന്തര കർത്തവ്യം. അത്തരമൊരു സമീപനം ഇരുസർക്കാരുകളുടെയും ഭാഗത്തുനിന്ന് ഉണ്ടായില്ല. കനത്ത നഷ്ടത്തിന് ആനുപാതിക പരിഹാരം എന്ന നിലയിലാണ് നിരവധി മുതലാളിത്ത രാജ്യങ്ങൾ ജനങ്ങൾക്കായി വൻതുകകളുടെ സാമ്പത്തികസഹായ പാക്കേജുകൾ പ്രഖ്യാപിച്ചത്. എന്നാൽ നമ്മുടെ രാജ്യത്ത് പ്രഖ്യാപിക്കപ്പെ ട്ടത് ജനങ്ങളെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന തരത്തിലുള്ള, തുഛതുകകളുടെ സഹായങ്ങൾ മാത്രമായിരുന്നു. ജൻധൻ അക്കൗണ്ടുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 500 രൂപ എന്ന കേന്ദ്ര സർക്കാർ സഹായം നിർദ്ധനരെ അപമാനിക്കുന്ന നടപടിയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ശരാശരി 500 രൂപ വിലവരുന്ന ഭക്ഷ്യക്കിറ്റും പരിമിതമായ ചില സാമ്പത്തിക സഹായങ്ങളും യഥാർത്ഥത്തിൽ ജനങ്ങൾക്ക് അർഹതപ്പെട്ട തുകയുടെ വളരെ ചെറിയ അംശം മാത്രമായിരുന്നു. ആ സഹായങ്ങളെപ്പോലും വലിയ മതിപ്പോടെ കാണാൻ തയ്യാറായത് ജനങ്ങളുടെ ദുരിതങ്ങളും യാതനകളും അത്രയും കഠിനതരമായിരുന്നു എന്നതിനാലാണ്.


കോവിഡ് പ്രതിസന്ധിയുടെ വേളയിൽ സർക്കാർ കൈക്കൊണ്ട ആശ്വാസ-ക്ഷേമനടപടികളും സാമ്പത്തിക സഹായങ്ങളും വലതുപക്ഷ സർക്കാരിൽ നിന്നും ഇടതുപക്ഷ സർക്കാരിനുള്ള മൗലികമായ വ്യത്യസ്തതയല്ല. മുതലാളിത്തത്തിന്റെ ഉദയനാളുകളിൽ രൂപംകൊണ്ട സർക്കാരുകൾ ഉയർന്ന ജനാധിപത്യ-ധാർമ്മിക മൂല്യങ്ങളുടെ മാതൃകകളെന്ന നിലയിൽ ജനക്ഷേമപ്രവർത്തനങ്ങളുടെ അടിയുറച്ച വക്താക്കളായിരുന്നു. തുഛമായ സാമ്പത്തിക സഹായങ്ങളുടെ പദ്ധതികളല്ല, മറിച്ച് ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം തുടങ്ങിയവ ഉറപ്പാക്കുന്ന അടിസ്ഥാന ക്ഷേമ പ്രവത്തനങ്ങളായിരുന്നു അവ. തീവ്ര മുതലാളിത്തത്തിന്റെ ഇന്നത്തെ കാലഘട്ടത്തിൽ ഈ ക്ഷേമബാധ്യതകൾ കൈയൊഴിഞ്ഞിട്ടുണ്ടെങ്കിലും ജനരോഷത്തെ ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ധനസഹായത്തിന്റെയും ആനുകൂല്യങ്ങളുടെയും പോപ്പുലിസ്റ്റ് പദ്ധതികൾ വലതുപക്ഷ സർക്കാരുകളും സ്വീകരിക്കാറുണ്ട്.
ജനവിരുദ്ധ നയങ്ങൾക്കും അഴിമതിക്കും അക്രമ രാഷ്ട്രീയത്തിനും പേരുകേട്ട തൃണമൂൽ കോൺഗ്രസ്സ് ഭരിക്കുന്ന ബംഗാളിലും ഫലപ്രദമായ ആശ്വാസ പദ്ധതികളും ക്ഷേമനടപടികളും കൈക്കൊണ്ടിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മമത ബാനർജിയെ അധികാരത്തിലേറ്റാൻ അവ വലിയ തോതിൽ സഹായിച്ചിട്ടുമുണ്ട്. ജയലളിതയുടെ ഭരണനാളുകളിൽ പ്രഖ്യാപിക്കപ്പെ ട്ടിട്ടുള്ള ക്ഷേമപദ്ധതികൾ അവരെ അധികാരത്തിൽ എത്തിക്കുന്നതിൽ നിരവധി തവണ പങ്ക് വഹിച്ചിട്ടുണ്ട്. കൃഷക് സമ്മാൻ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ നാലുമാസത്തിലൊരിക്കൽ രാജ്യമെമ്പാടും കർഷകരുടെ അക്കൗണ്ടലേക്ക് 2000 രൂപ നിക്ഷേപിക്കുന്നു. ഉജ്ജ്വൽ സ്‌കീമിനു കീഴിൽ രാജ്യത്ത് നാലുകോടി സൗജന്യ പാചകവാതക കണക്ഷൻ നൽകിയതായാണ് ബിജെപിയുടെ പ്രചാരണം. ഇപ്പോൾ രാഷ്ട്രീയ സാഹചര്യം തങ്ങൾക്ക് എതിരാകുന്നുവെന്ന് കണ്ടപ്പോൾ പുതിയ ചില ആനുകൂല്യ പ്രഖ്യാപനങ്ങ ളുമായി മെയ് 14ന് പ്രധാനമന്ത്രി എത്തിയിട്ടുണ്ട്.

തികഞ്ഞ ജനവിരുദ്ധമായ ഭരണത്തിന് നേതൃത്വം നൽകുന്ന ഒരു കക്ഷി, ജനങ്ങളിൽനിന്ന് കവർന്നെടുക്കുന്ന ലക്ഷക്കണക്കിന് കോടി രൂപയിലെ ഒരു ചെറുഭാഗം ഉപയോഗപ്പെടുത്തി എന്തെങ്കിലും ആനുകൂല്യങ്ങളോ ആകർഷകമായ പാരിതോഷികമോ നൽകി, തങ്ങളുടെ പാപക്കറ മുഴുവൻ കഴുകിക്കളഞ്ഞ് ജനങ്ങളുടെ മുമ്പിൽ വിശുദ്ധവേഷം കെട്ടുന്നത് വഞ്ചനയാണ്. ജനാധിപത്യ രാഷ്ട്രീയത്തിന്റെ അപചയത്തെയാണ് അത് വെളിവാക്കുന്നത്. അത് തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിന് മാനദണ്ഡമാകുന്നത് അതിലേറെ അപകടകരമാണുതാനും. കർഷകരെ മുച്ചൂടും തകർത്തിട്ട്, അവർക്ക് നാല് മാസത്തിലൊരിക്കൽ 2000 രൂപ നൽകുന്നുവെന്ന് പ്രചരിപ്പിച്ച് വോട്ടുതേടുന്ന ബിജെപിയുടെ രാഷ്ട്രീയം എത്രമേൽ വഞ്ചനാപരമാണ്. ഈ ഉള്ളടക്കമുള്ള രാഷ്ട്രീയം ആര് അനുവർത്തിച്ചാലും അത് ആപൽക്കരം തന്നെയാണ്.

ആനുകൂല്യങ്ങൾ നൽകി പാട്ടിലാക്കാൻ പറ്റാത്തവിധം ജനങ്ങളെ വിവേകവും ആത്മാഭിമാനവും രാഷ്ട്രീയ പ്രബുദ്ധതയുമുള്ളവരാക്കി മാറ്റുകയല്ലേ യഥാർത്ഥത്തിൽ ഇടതുപക്ഷം ചെയ്യേണ്ടത്?
സർക്കാർ നൽകുന്ന ആനുകൂല്യങ്ങളുടെയും ധനസഹായങ്ങളുടെയും ഔദാര്യം പറ്റുന്നവരെന്ന നിലയിൽ വോട്ടു നൽകി ഉപകാരസ്മരണ കാട്ടണമെന്നതായിരുന്നു ഇടതുമുന്നണിയുടെയും ഒരളവുവരെ ബിജെപിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യമായ ഇനം. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലില്ല എന്നത് യുഡിഎഫിന് ഇവ്വിധമൊരു പ്രചാരണത്തിന്റെ സാധ്യത നൽകിയില്ല. സർക്കാരിൽനിന്നും ലഭിക്കുന്ന സഹായങ്ങൾ ഔദാര്യമല്ലെന്നും ജനാധിപത്യക്രമത്തിൽ നികുതിദായകന്റെ അവകാശമാണെന്നുമുള്ള രാഷ്ട്രീയബോധത്തിന്റെ സ്ഥാനത്ത് ഔദാര്യം കൈപ്പറ്റുന്നവന്റെ വിധേയമനോഭാവം അല്ലെങ്കിൽ ആശ്രിതമനോഭാവം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാനാണ് അവർ ലക്ഷ്യം വച്ചത്.
വളരെ പരിമിതമായ ചില ആനുകൂല്യങ്ങളുടെ കണക്കുപറഞ്ഞ് ഇന്ന് വോട്ടുനേടുമ്പോൾ നാളെ അതിനെ കവച്ചുവയ്ക്കുന്ന പാരിതോഷിക പ്രഖ്യാപനങ്ങളു മായി വരുന്നവരുടെ പിറകെ ജനങ്ങൾ പോകില്ലേ? പാരിതോഷികങ്ങളുടെയും ആനുകൂല്യങ്ങളുടെയും തിരികുറ്റിയിൽ കിടന്നു കറങ്ങുന്ന തമിഴ്‌നാട് രാഷ്ട്രീയം, അപചയമല്ലാതെ ഗുണപരമായ എന്തുമാറ്റമാണ് ഇൻഡ്യൻ ജനാധിപത്യത്തിനു നൽകിയിട്ടുള്ളത്. സർക്കാരിന്റെ നയങ്ങളെ വിശകലനം ചെയ്തുകൊണ്ട് നിലപാട് സ്വീകരിക്കാനും വ്യാമോഹങ്ങളിൽ നിന്നും വിധേയത്വത്തിൽനിന്നും മുക്തമായ ജനാധിപത്യ പ്രബുദ്ധതയുടെ അടിസ്ഥാനത്തിൽ സമ്മതിദാനം വിനിയോഗിക്കാനും ജനങ്ങളെ പരിശീലിപ്പിക്കുകയാണ് യഥാർത്ഥ ഇടതുരാഷ്ട്രീയ കടമ. അത് നിർവ്വഹിക്കുന്നതിനു പകരം പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം സൃഷ്ടിച്ച ഉപകാരസ്മരണയുടെ രാഷ്ട്രീയം ആവർത്തിക്കണമെന്ന കണക്കുകൂട്ടലിൽ ആനുകൂല്യങ്ങളെയും ധനസഹായങ്ങളെയും ഫലപ്രദമായ പ്രചാരണവിഷയങ്ങളാക്കി മാറ്റുകയാണ് ഭരണമുന്നണി ചെയ്തത്. അതിലൂടെ ഭരണവിരുദ്ധ വികാരത്തെ മറികടക്കുന്നതിൽ എൽഡിഎഫ് കാണിച്ച മികവാണ്, തെരഞ്ഞെടുപ്പ് വിജയം സൃഷ്ടിച്ച പ്രധാനഘടകങ്ങളിലൊന്ന്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ നാലു പഞ്ചായത്തിൽ മൽസരിച്ച് അനായാസേന വിജയിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ പതിനായിരക്കണക്കിന് വോട്ടുപിടിക്കുകയും ചെയ്ത ട്വന്റി – ട്വന്റി എന്ന അരാഷ്ട്രീയ കൂട്ടായ്മ ആവശ്യപ്പെട്ടത്, ചെയ്തുകൊടുത്ത സഹായങ്ങളുടെ പേരിലുള്ള ഉപകാരസ്മരണയുടെ പ്രതിഫലമാണ്. ട്വന്റി-ട്വന്റിയുടേത് രാഷ്ട്രീയ വിജയമല്ല എന്നു പ്രസ്താവിച്ച സിപിഐ(എം)ന് അതേ അരാഷ്ട്രീയ നിലപാട് സംസ്ഥാനം മുഴുവൻ ഉപയോഗപ്പെടുത്തി നേടിയ വിജയത്തെ എങ്ങിനെയാണ് രാഷ്ട്രീയ വിജയമെന്നു അവകാശപ്പെടാൻ കഴിയുക?

വിജയം നിർണ്ണയിച്ചതിൽ വർഗ്ഗീയ കരുനീക്കങ്ങൾക്ക് ഗണനീയമായ പങ്ക്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്ത് മത-ജാതി വികാരങ്ങൾ ജ്വലിപ്പിക്കുന്നതിൽ പ്രമുഖ മുന്നണികൾ തമ്മിൽ മൽസരത്തിൽ ഏർപ്പെട്ടു. ശബരിമലയുടെ പേരിൽ സംഭവിച്ചതിനെല്ലാം മാപ്പ് ചോദിച്ചുകൊണ്ട് ഒരു കൂട്ടർ. ആചാരസംരക്ഷണത്തിന് നിയമമുണ്ടാക്കാൻ മറ്റൊരു കൂട്ടർ. സ്വയം അയ്യപ്പനും മാളികപ്പുറത്തമ്മയുമായി അവതരിച്ച വേറൊരു കൂട്ടർ. എല്ലാവരും ഭൂരിപക്ഷ വർഗ്ഗീയതയുടെ ആൾരൂപങ്ങളായി സംസ്ഥാനം മുഴുവൻ മണ്ടി നടന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത നഷ്ടം നികത്താനുള്ള മാർഗ്ഗമെന്ന നിലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ആപൽക്കരമായ വർഗ്ഗീയ കരുനീക്കങ്ങൾ നടത്താൻ ഇടതുമുന്നണി മുതിരുകയാണ് ചെയ്തത്. ശബരിമലയുടെ കാര്യത്തിൽ എൽഡിഎഫിന്റെ ആകമാന ശരീരഭാഷ മാപ്പപേക്ഷയുടെയും പശ്ചാത്താപത്തിന്റെയും ഖേദത്തിന്റെയുമായിരുന്നു. നാമജപഘോഷയാത്രയുടെ പേരിൽ എടുത്തിരുന്ന 2600 കേസുകൾ റദ്ദാക്കിയും അമ്പലങ്ങളായ അമ്പലങ്ങളിലെല്ലാം ഫോട്ടോഗ്രാഫറെയും കൂട്ടി തൊഴാൻപോയും വെരുദ്ധ്യാധിഷ്ഠിത ഭൗതിവാദത്തെ തള്ളിപ്പറഞ്ഞും ഒടുവിൽ അയ്യപ്പനും ദേവഗണങ്ങളും എൽഡിഎഫിൽ ചേർന്നു എന്നു പ്രഖ്യാപിച്ചും ഭൂരിപക്ഷ വിഭാഗത്തിനുണ്ടാക്കിയ വേദനകൾ പരിഹരിക്കാൻ ആവതും ശ്രമിച്ചു. അപകടം മണത്ത യുഡിഎഫ് അതേനാണയത്തിൽ തിരിച്ചടിച്ചുകൊണ്ട് ശബരിമലയിലെ ആചാരസംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന് പ്രസ്താവിച്ചു. മണ്ഡലകാലത്തെ അതിക്രമങ്ങൾ മറക്കില്ലെന്ന മുദ്രാവാക്യവുമായി ബിജെപി അവരുടെ സ്വതസിദ്ധമായ ശൈലിയിൽ തീവ്രനിലപാടുകളുമായി രംഗം കൊഴുപ്പിച്ചു. അങ്ങിനെ തെരഞ്ഞെടുപ്പ് പ്രാചരണരംഗം വർഗ്ഗീയ നിലപാടുകളുടെ മൽസര രംഗമായി മാറി. ജനജീവിതത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് ഏതാണ്ട് പൂർണ്ണമായും നിഷ്‌കാസിതമായി.
ബിജെപി ആസൂത്രിതമായി വളർത്തുന്ന മുസ്ലിം വിരോധം സമർത്ഥമായി ഉപയോഗപ്പെടുത്താൻ സിപിഐ (എം) ഈ തെരഞ്ഞെടുപ്പിൽ ബോധപൂർവ്വം ശ്രമിച്ചു. സംസ്ഥാനരാഷ്ട്രീയം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രമുഖവും ഗൗരവതരവുമായ വിപത്ത് മുസ്ലിം മതാടിസ്ഥാനത്തിലുള്ള സംഘടിത പ്രസ്ഥാനങ്ങളാണെന്ന പ്രതീതി സൃഷ്ടിക്കാൻ നിരന്തരം സിപിഐ (എം) ശ്രമിച്ചുകൊണ്ടേയേിരുന്നു. ഇവരെ ഭീകരവാദികളെന്നും വിഘടനവാദികളെന്നും ബിജെപിയും സംഘശക്തികളും നിരന്തരമായി മുദ്രകുത്തുന്ന അതേ ശൈലിയിലും സ്വരത്തിലും സിപിഐ(എം) ആവർത്തിക്കുന്നത് രാഷ്ട്രീയ ദുഷ്ടലക്ഷ്യങ്ങളോടെയാണ്. യുഡിഎഫിനെ നയിക്കുന്നത് ലീഗാണെന്നു ആവർത്തിച്ചു പ്രസ്താവിച്ചും ലീഗ് നേതാക്കളെ സന്ദർശിക്കാൻപോയ യുഡിഎഫ് നേത്വത്തെ വിമർശിച്ചും ന്യൂനപക്ഷവർഗ്ഗീയത ഏറ്റവും ആപൽക്കരമാണെന്ന് വിശേഷിപ്പിച്ചും മുസ്ലീംവിരോധത്തെ ജ്വലിപ്പിച്ചുനിർത്തി.

മുസ്ലീംവർഗ്ഗീയതക്കെതിരായ പോരാട്ടമെന്ന പുരോഗമനവേഷം കെട്ടിയാടുന്നത് ഭൂരിപക്ഷ വർഗ്ഗീയതയുടെ സഹായം നേടുക എന്ന നീചമായ ലക്ഷ്യത്തോടെ മാത്രമാണ്. ഇക്കാര്യത്തിൽ ബിജെപിയോട് മൽസരിക്കുകയാണ് യഥാർത്ഥത്തിൽ സിപിഐ(എം) ചെയ്യുന്നത്. മുസ്ലീം വിഭാഗമാണ് യുഡിഎഫിനെ നയിക്കുന്നതെന്നു സ്ഥാപിച്ചാൽ യുഡിഎഫ് മുന്നണിയുടെ ശക്തമായ വോട്ടുബാങ്കായി ഇന്നും നിലകൊള്ളുന്ന ചില വിഭാഗങ്ങളെ മുസ്ലീം വിരോധത്തെ ഉപയോഗപ്പെടുത്തി അകറ്റാൻ കഴിയും. ഏതാനും വോട്ടുകൾക്കുവേണ്ടി ഇക്കൂട്ടർ നടത്തുന്ന നീചമായ ഈ രാഷ്ട്രീയം ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ ജനാധിപത്യഘടനയ്ക്ക് അളവറ്റ ആഘാതം ഏൽപ്പിക്കും. ഇത്തരം കുൽസിത നീക്കങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന സാമൂഹ്യ അന്തരീക്ഷം നാളെ ഫാസിസ്റ്റ് ശക്തികൾ കൂടുതൽ കൗശലപൂർവ്വം ഉപയോഗിക്കുകതന്നെ ചെയ്യും. ഹ്രസ്വകാല നേട്ടങ്ങൾക്കായി ദീർഘകാല വിപത്തുകളെ കുടിയിരുത്തുന്ന ഈ രാഷ്ട്രീയത്തിന് സംസ്ഥാനം കനത്തവില നൽകേണ്ടിവരും.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിൽ മേഖലയിൽ സംവരണമെന്ന പ്രഖ്യാപനം സവർണ്ണ വിഭാഗങ്ങളുടെ ധ്രുവീകരണം തങ്ങൾക്ക് അനുകൂലമാക്കുന്നതിനു വേണ്ടിയായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിൽ അതൊരു സ്വാധീന ഘടകമായി പ്രവർത്തിച്ചിട്ടുണ്ട്. ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കത്തിൽ ഒരു വിഭാഗത്തിന്റെ വക്താവായി നിലകൊണ്ടതും സാമുദായികമായ ചേരിതിരിവ് ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. മധ്യകേരളത്തിൽ പരമ്പരാഗത യുഡിഎഫ് വോട്ടിൽ വിള്ളൽ സൃഷ്ടിക്കാനും ഒരു വിഭാഗത്തിന്റെ വോട്ട് ഒന്നാകെ കരസ്ഥമാക്കാനും എൽഡിഎഫിനു ഇതിലൂടെ സാധ്യമായി. യാക്കോബായ സഭയും കാന്തപുരവും ഇതര സാമുദായിക ശാക്തിക ചേരികളും തുടങ്ങി ഏവർക്കും അവരുടേതായ പങ്ക് നിർവ്വഹിക്കാൻ ധാരണകൾ രൂപപ്പെട്ടു. വർഗ്ഗീയതയുടെയും രാഷ്ട്രീയ അധാർമ്മികതയുടെയും രംഗത്തുനടന്ന ഈ മൽസരത്തിൽ ഇതരമുന്നണികളെ പിന്നിലാക്കാൻ കഴിഞ്ഞുവെന്നതും എൽഡിഎഫിന്റെ വിജയത്തിന്റെ ഘടകങ്ങളിൽ മറ്റൊന്നാണ്. ഇപ്രകാരം അധമമായ നിരവധി മാർഗ്ഗങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത വിജയത്തെയാണ് രാഷ്ട്രീയ വിജയമായും ഇടതുവിജയമായും അവതരിപ്പിച്ച് ഊറ്റംകൊള്ളുന്നത്.

കേന്ദ്രസർക്കാരിന്റെ നയങ്ങളോടുള്ള ജനങ്ങളുടെ എതിർപ്പ് ബിജെപിക്ക് വോട്ട് കുറയാൻ കാരണമായി.

മൂന്ന് മുന്നണികൾക്കിടയിൽ പരസ്പരം ഉണ്ടാക്കിയിട്ടുള്ള അവിഹിതബന്ധത്തെക്കുറിച്ചും ഡീലുകളെക്കുറിച്ചുമുള്ള ആരോപണ-പ്രത്യാരോപണങ്ങൾ തെരഞ്ഞെടുപ്പ് രംഗമാകെ അവസാനദിനംവരെയും നിറഞ്ഞുനിന്നു. ബിജെപിയും യുഡിഎഫും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം ആവർത്തിച്ചുകൊണ്ടേയിരുന്ന മുഖ്യമന്ത്രി തന്നെയായിരുന്നു ഈ പ്രചരണത്തിന്റെ നായകൻ. ബിജെപിയും സിപിഎമ്മും തമ്മിലാണ് രഹസ്യധാരണയെന്ന് യുഡിഎഫും പ്രചരിപ്പിച്ചു. മൽസരിക്കാൻ സീറ്റുലഭിക്കാതെപോയ ആർഎസ്എസ് നേതാവിന്റെ സമാനസ്വഭാവത്തിലുള്ള ആരോപണം കൂടി വന്നപ്പോൾ ‘ഡീൽ’ പ്രചാരണരംഗത്തെ താരവിഷയമായി മാറി. തെരഞ്ഞെടുപ്പ് ഫലം വന്ന അടുത്ത ദിനംതന്നെ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന് ആരോപിച്ചുകൊണ്ട് മുഖ്യമന്ത്രിതന്നെ ചില കണക്കുകൾ നിരത്തുകയുണ്ടായി. മറിച്ചുകൊടുത്തതുകൊണ്ടു മാത്രമാണ് ബിജെപിക്ക് വോട്ട് കുറഞ്ഞതെന്ന അദ്ദേഹത്തിന്റെ സിദ്ധാന്തം രാഷ്ട്രീയ പാപ്പരത്തം വെളിവാക്കുന്ന തെരഞ്ഞെടുപ്പ് വിശകലനമായിരുന്നു. ബിജെപിയുടെ വോട്ട് ഒരു സ്ഥിര നിക്ഷേപമാണെന്ന തരത്തിലുള്ള അവതരണം ഫലത്തിൽ അവരെ സഹായിക്കുന്ന നിരീക്ഷണമാണ്. സംഘപരിവാർ ആശയങ്ങളിൽ വിശ്വസിക്കുന്നവരുടെ പരിമിതമായ വോട്ട് മാറ്റിനിർത്തിയാൽ, അവർക്കു ലഭിക്കുന്ന വോട്ടിൽ ഗണ്യമായ പങ്കും പല ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട് പുറത്തുനിന്ന് ലഭിക്കുന്നത് മാത്രമാണ്. അതുകൊണ്ടുതന്നെ ഒരു തെരഞ്ഞെടുപ്പിൽ ലഭിക്കുന്ന വോട്ട് അടുത്ത തെരഞ്ഞെടുപ്പിൽ അവർക്ക് ലഭിക്കണമെന്നേയില്ല. അത് ബിജെപിയുടെ സ്ഥിരനിക്ഷേപവുമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ 14.43 ശതമാനം വോട്ടും അവരുടെ കീശയിൽ കിടക്കുന്ന, എത്ര പ്രതികൂലമായ രാഷ്ട്രീയ സാഹചര്യത്തിലും ഒരെണ്ണംപോലും കുറയാതെ നിലകൊള്ളുന്ന വോട്ടാണോ? ഒരിക്കലുമല്ല.
തെറ്റിദ്ധരിപ്പിക്കപ്പെട്ട് ബിജെപി ചേരിയിലേക്ക് പോകുന്ന വോട്ടുകൾ ഉണ്ടെന്നും ശരിയായ രാഷ്ട്രീയ പ്രചാരണത്തിലൂടെ അവരെ തിരികെ കൊണ്ടുവരണമെന്നും വിലയിരുത്തുകയല്ലേ ഇടതുപക്ഷം ചെയ്യേണ്ടത്. ബിജെപിയുടെ നയങ്ങൾക്കെതിരായ ശക്തമായ ജനവികാരം നിയമസഭാതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന വിലയിരുത്തൽ ജനങ്ങൾക്കു പകർന്നുനൽകി, കേന്ദ്രസർക്കാരിനെതിരായ ജനാധിപത്യ പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്താനുള്ള ആത്മവിശ്വാസമാക്കി അതിനെ പരിവർത്തനപ്പെടുത്തുകയായിരുന്നു സിപിഐ (എം) നിർവ്വഹിക്കേണ്ടിയിരുന്ന കടമ. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിനോടുള്ള ജനങ്ങളുടെ എതിർപ്പ് അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുന്നുവെന്നതാണ് അവർക്ക് ഇത്രമേൽ വോട്ട് കുറയാൻ കാരണം. മറിച്ചുകൊടുത്തതുകൊണ്ടു മാത്രമാണ് ബിജെപിയുടെ വോട്ട് കുറഞ്ഞതെന്ന സിദ്ധാന്തം അവതരിപ്പിക്കുന്ന സിപിഐ(എം), വോട്ട് കുറയാൻ യഥാർത്ഥ കാരണമായ കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ ഒരു പങ്കും വഹിച്ചിട്ടില്ലെന്ന് സമർത്ഥിക്കുകയാണ്. സംസ്ഥാനത്തിനുള്ളിൽ കേന്ദ്രനയങ്ങൾക്കെതിരെ വളർന്നുവരേണ്ടുന്ന പ്രക്ഷോഭങ്ങളെ ദുർബ്ബലപ്പെ ടുത്തുന്ന ആപൽക്കരമായ സമീപനമാണത്. സത്യസന്ധരായ ഇടതുപക്ഷ വിശ്വാസികൾ സിപിഐ(എം)ന്റെ ഈ നിലപാടിനെ വിമർശനാത്മകമായി പരിശോധിക്കാൻ തയ്യാറാകണം.


ബിജെപി ബന്ധത്തെച്ചൊല്ലി പരസ്പര ആരോപണം: ന്യൂനപക്ഷ വോട്ടിനെ സ്വാധീനിക്കുന്നതിനായുള്ള നികൃഷ്ട നീീക്

ബിജെപിയുടെ വോട്ട്, കുറയാനിടയില്ലാത്തവിധം അത്ര ഉറപ്പുള്ളതാണെന്ന സിപിഐ(എം) പ്രചാരണം അവരുടെ അറിവില്ലായ്മയിൽ നിന്നുവരുന്നതല്ല, മറിച്ച്ദുഷ്ടബുദ്ധിയിൽനിന്ന് വരുന്നതാണ്. തെരഞ്ഞെടുപ്പ് പ്രചാരണരംഗമുടനീളം വോട്ടു മറിച്ചുകൊടുക്കൽ എന്ന ആരോപണത്തിൽ ചുറ്റിത്തിരിയണ മെന്ന നിർബ്ബന്ധബുദ്ധി ഹീനമായ രണ്ട് ലക്ഷ്യങ്ങളെ മുൻനിർത്തി രൂപം കൊള്ളുന്നതാണ്. ന്യൂനപക്ഷവോട്ടുകളെ ഭയപ്പെടുത്തി കൂടെനിർത്തുക എന്നതാണ് ഒന്നാമത്തെ ലക്ഷ്യം.

ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കിയവർക്ക് ന്യൂനപക്ഷങ്ങൾ വോട്ടുകൊടുക്കാൻ പാടില്ലല്ലോ! ബിജെപി വിരുദ്ധ ന്യൂനപക്ഷ ധ്രുവീകരണം കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ ഗണനീയമായി സ്വാധീനിക്കുന്ന ഒരു ഘടകമാണെന്നതിനാൽ മറുചേരിയുടെ വോട്ട് നഷ്ടപ്പെടുത്താൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നായി ഈ ആരോപണം കഴിഞ്ഞ രണ്ട് ദശാബ്ദമായി ഉപയോഗപ്പെടുത്തിവരുന്നു. യുഡിഎഫും ഇതേ ലക്ഷ്യത്തോടെ തന്നെയാണ് സിപിഐ(എം) -ബിജെപി രഹസ്യ ബന്ധം ആരോപിക്കുന്നത്. ഉയർന്ന മതേതര മൂല്യങ്ങളെ ആധാരമാക്കിയുള്ള അടിയുറച്ച ജനാധിപത്യ നിലപാടാണ് ന്യൂനപക്ഷങ്ങൾക്ക് തുണയാവുക എന്ന രാഷ്ട്രീയപാഠം ശക്തമായി സ്ഥാപിക്കപ്പെടണം. ഇതിന് നേർവിപരീതമായ നിലയിൽ ബിജെപിയുമായുള്ള രഹസ്യബന്ധം ആരോപിച്ച്, ഭീഷണിയുടെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ച് ധ്രുവീകരണം സൃഷ്ടിക്കാനാണ് സിപിഐ(എം)ശ്രമിക്കുന്നത്.ബിജെപിയുമായുള്ള രഹസ്യബാന്ധവത്തെ സംബന്ധിച്ച പ്രചരണം കേന്ദ്രവിഷയമായി മാറുന്നതോടെ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട അതിപ്രധാനമായ രാഷ്ട്രീയവിഷയങ്ങൾ തെരഞ്ഞെടുപ്പിന്റെ വേദിയിൽനിന്നും കഴിയുന്നത്ര അകറ്റിനിർത്തപ്പെടുന്നു. ജനങ്ങളുടെ ജീവിതയാതനകൾക്ക് തെരഞ്ഞെടുപ്പിൽ സ്ഥാനം ലഭിക്കാതിരിക്കാൻ മുന്നണികൾ തമ്മിൽ എഴുതപ്പെടാത്ത ഒരു ധാരണയായി ആരോപണം ഉന്നയിക്കൽ തുടർന്നുപോരികയാണ്.

അവസരവാദവും രാഷ്ട്രീയ സദാചാരരാഹിത്യവും നിറഞ്ഞാടിയ തെരഞ്ഞെടുപ്പ്.

ഏതാനും സീറ്റിനുവേണ്ടി എന്തു നെറികേട് കാട്ടാനും മുന്നണികൾക്കൊന്നിനും ഒരു മനഃസാക്ഷിക്കുത്തുമുണ്ടായില്ല. ബിജെപിയുടെ എട്ടിലധികം സ്ഥാനാർത്ഥികളിൽ കൂടുതലും ഇടതുമുന്നണിയിൽ നിന്നും ഏതാനും പേർ യുഡിഎഫിൽ നിന്നും കൂറുമാറി വന്നവരായിരുന്നു. രാജ്യമെമ്പാടും ഓപ്പറേഷൻ ലോട്ടസ് എന്ന പേരിൽ അങ്ങാടിയിൽ കാലികളെയെന്നപോലെ എംഎൽഎമാരെ വിലയ്‌ക്കെടുക്കുന്ന ബിജെപിക്ക് അത് അഭിമാനകരമായ ഒന്നായിരുന്നു. 35 പേർ ജയിച്ചാൽ മന്ത്രിസഭ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് ഈ കാലിക്കച്ചവടത്തിന് കടയും തറന്നിരുന്ന ബിജെപിയുടെ ‘ധാർമ്മികതയ്ക്ക്’ എത്രയും യോജിക്കുന്ന സ്ഥാനാർത്ഥികളായിരുന്നു അവർ. അവസരവാദത്തിനും രാഷ്ട്രീയ സദാചാരഹത്യക്കും ഏറ്റവും മുമ്പന്തിയിൽ നിന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയായിരുന്നു. വർഗ്ഗീയവിരുദ്ധ പുരോഗമന മുന്നണിയെന്നു സ്വയം വിശേഷിപ്പിക്കുന്ന എൽഡിഎഫിൽ, തെരഞ്ഞെടുപ്പിനു ഏതാനും മാസങ്ങൾക്ക് മുമ്പ്, പരേതനായ കെ.എം.മാണിയുടെ പുത്രൻ ജോസ് കെ.മാണി നയിക്കുന്ന കേരളാ കോൺഗ്രസ്സിന് പ്രവേശനം നൽകി. കോഴ മാണിയുടെ രാജിയ്ക്കായി സ്വന്തം പ്രവർത്തകരെ ജില്ലാ കേന്ദ്രത്തിലേക്കും സെക്രട്ടേറിയറ്റിലേക്കും ആട്ടിത്തെളിച്ചവർ, അഴിമതി വീരൻ മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് നിയമസഭയിൽ കൊലവിളിച്ചവർ പറഞ്ഞതെല്ലാം വിഴുങ്ങി കെ.എം.മാണിയെ ചുമക്കുന്ന നാണംകെട്ട ദൃശ്യമാണ് കേരളം തെരഞ്ഞെടുപ്പിന്റെ വേളയിൽ കണ്ടത്. രാഷ്ട്രീയ പദവികൾക്കും സ്ഥാനമാനങ്ങൾക്കും വേണ്ടി തരംതാണ നിലയിൽ യുഡിഎഎഫിനുള്ളിൽ തമ്മിലടിച്ച് പുറത്തുവന്നവരാണ് കേരളാ കോൺഗ്രസ്സുകാർ. ഇടതു രാഷ്ട്രീയം പോകട്ടെ, ജനാധിപത്യ രാഷ്ട്രീയത്തെയെങ്കിലും ഇക്കൂട്ടർ പ്രതിനിധാനം ചെയ്യുന്നുണ്ടോ? മധ്യകേരളത്തിലെ ധനിക ക്രൈസ്തവവിഭാഗത്തിന്റെ രാഷ്ട്രീയ അഭിലാഷങ്ങളുടെ പൂർത്തീകരണത്തിനായി നിലകൊള്ളുകയും ഭൂമി കൈയ്യേറ്റം മുതലുള്ള വൻഅഴിമതികൾക്കു നായകത്വം വഹിക്കുകയും ചെയ്യുന്ന കക്ഷിയാണ് കേരളാ കോൺഗ്രസ്സ്. പതിറ്റാണ്ടുകളായി യുഡിഎഫിന്റെ ഭാഗമായിരുന്ന ഇത്തരത്തിലൊരു കക്ഷിയെ ഒരു ഉളിപ്പുമില്ലാതെ കൂടെക്കൂട്ടിയതു വഴി കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നേടിയ മുൻതൂക്കം നിയമസഭാ തെരഞ്ഞെടുപ്പിൽ ഗണ്യമായ നിലയിൽ എൽഡിഎഫിന് പ്രയോജനകരമായി ഭവിച്ചു. കോൺഗ്രസ്സിന്റെ പരമ്പരാഗത വോട്ടർമാരെ വിഭജിക്കുന്നതിൽ കേരളാ കോൺഗ്രസ്സിന്റെ മുന്നണിമാറ്റം ഇടയാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം നിർണ്ണയിച്ചതിൽ ഈ ഘടകങ്ങളും അവഗണിക്കാനാവാത്ത പങ്ക് വഹിച്ചു.


അധികാരത്തിനും പദവിക്കുംവേണ്ടി രാപകൽ തമ്മിലടിക്കുന്നവരും സംസ്ഥാനത്തിന്റെ ജനാധിപത്യ രാഷ്ട്രീയഘടനയ്ക്ക് പേരിനുപോലും ഒരു സംഭാവനയും ചെയ്യാൻ കഴിവില്ലാത്തവരുമായ നിരവധി ചെറുകക്ഷികളും എൽഡിഎഫ് എന്ന സംവിധാനത്തിലുണ്ട്. ഒരു മണ്ഡലത്തിലെയോ ഏറിയാൽ ഒരു ജില്ലയിലെയോ കുറച്ച് വോട്ടുകൾ രാഷ്ട്രീയേതരമായ മാർഗ്ഗങ്ങളിലൂടെ സമാഹരിക്കാൻ ശേഷിയുള്ള ഏകാംഗസൈന്യങ്ങളാണവ. ഇടതുരാഷ്ട്രീയത്തെ പ്രതിനിധീകരിക്കാൻ ഒരു യോഗ്യതയുമില്ലാത്ത നിരവധി വ്യക്തികൾ ഇത്തവണയും എൽഡിഎഫിന്റെ സ്ഥാനാർത്ഥികളായിരുന്നു. ആഫ്രിക്കയിൽ ഇരുപതിനായിരം കോടി രൂപയുടെ സ്വർണ്ണ-വജ്ര ഖനന വ്യവസായത്തിൽ മുതൽമുടക്കുള്ള വ്യക്തി ഇത്തവണയും നിലമ്പൂരിൽ എം.എൽ.എ ആയി ജയിച്ചുവന്നിട്ടുണ്ട്. മൂന്നുമാസത്തോളം കാണാമറയത്തായിരുന്ന അദ്ദേഹം വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ സ്വീകരിക്കാൻ സിപിഐ(എം) നേതാക്കൾ, അണികളെ ചെങ്കൊടിയും കൊടുത്ത് പറഞ്ഞയച്ചു! ഈ സ്ഥാനാർത്ഥിയും കുട്ടനാട്, ചവറ, കുന്നത്തുനാട് തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും അവരുടെ പണത്തിന്റെ മിടുക്കുകൊണ്ടാണ് ജയിച്ചുകയറിയത് എന്നു പറഞ്ഞാൽ സത്യസന്ധരായ ഇടത് അണികൾക്ക് നിഷേധിക്കാനാവുമോ? വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്റെ പേരിൽ ക്രൈം ബ്രാഞ്ച് കേസ് എടുത്തപ്പോൾ യൂത്ത് കോൺഗ്രസ്സിന്റെ സംസ്ഥാന ഭാരവാഹിത്വം 2021 ജനുവരിയിൽ രാജിവയ്‌ക്കേണ്ടിവന്ന വ്യക്തിയായിരുന്നു സിപിഐ(എം)ന്റെ കുന്നത്തുനാട് സ്ഥാനാർത്ഥി. ക്രൈംബ്രാഞ്ച് കേസ്, യൂത്ത് കോൺഗ്രസ്സിന്റെ ഭാരവാഹിയായിരിക്കാൻ അയോഗ്യതയാണെങ്കിലും സിപിഐ(എം) എം.എൽ.എ ആകാൻ അത് മതിയായ യോഗ്യതയാണ്. അദ്ദേഹം ഇടതുമുന്നണിയിൽ ചേർന്നത് ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെട്ടുകാണാനുള്ള അതിയായ മോഹം കൊണ്ടാണോ? നോമിനേഷൻ സമർപ്പിക്കുന്നതിന് ഒരാഴ്ച മുമ്പുവരെയും കെ.പി.സി.സി സെക്രട്ടറിയായിരുന്ന ഒരു മാന്യദേഹമായിരുന്നു സുൽത്താൻ ബത്തേരിയിൽ സിപിഐ(എം)ന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിൽ മൽസരിച്ചത്. അദ്ദേഹവും ഇടതുമുന്നണിയിൽ ചേർന്നത് ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെട്ടുകാണാനുള്ള അടങ്ങാത്ത വാഞ്ഛ കൊണ്ടല്ലല്ലോ. അങ്ങിനെ അവസരവാദത്തിന്റെയും രാഷ്ട്രീയ സദാചാരരാഹിത്യത്തിന്റെയും എണ്ണമറ്റ ഘടകങ്ങളെല്ലാം സമാസമം ചേർത്ത് സൃഷ്ടിച്ചെടുത്ത വിജയം, ഇടതുപക്ഷ രാഷ്ട്രീയത്തിന്റേതാണെന്ന മുദ്ര പതിപ്പിക്കുന്നത്, തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന് അപമാനകരമാണ്.

വോട്ടര്‍ പട്ടികയിലെയും പോസ്റ്റല്‍വോട്ടിലെയും ക്രമക്കേട്.

വോട്ടർ പട്ടികയിൽ ഒന്നിലധികം വോട്ടുള്ള ലക്ഷക്കണക്കിന് പേരുകൾ കണ്ടെത്തിയെന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിക്കേണ്ടി വന്നു. ഈ വിഷയം ഉന്നയിക്കപ്പെട്ടത് പോളിംഗിനു ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണെന്നതിനാൽ ഇത്തരം വോട്ടർമാരെ പൂർണ്ണമായി കണ്ടെത്താനും തിരുത്താനുമുള്ള സാവകാശം തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുകയുണ്ടായില്ല. കണ്ടെത്തപ്പെട്ട വോട്ടർമാരുടെ സമ്മതിദാനം നിർവ്വഹിക്കുമ്പോൾ പാലിക്കാനായി കമ്മീഷൻ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ എത്ര പോളിംഗ് സ്റ്റേഷനുകളിൽ പാലിക്കപ്പെട്ടു എന്ന് ആർക്കുമറിയില്ല. ഇതിനും പുറമെയാണ് പോസ്റ്റൽ ബാലറ്റിനെ സംബന്ധിച്ച് ഉയർന്ന ഗുരുതരമായ ആരോപണങ്ങൾ. കോവിഡ് ബാധിതർ, വൃദ്ധർ, രോഗികൾ എന്നിവർക്കായി തയ്യാറാക്കപ്പെട്ട പോസ്റ്റൽ ബാലറ്റ് ഇത്തവണ ശരാശരി ഒരു മണ്ഡലത്തിൽ 5000 എണ്ണം വീതം ഉണ്ടായിരുന്നു. വീടുകളിലെത്തി വോട്ട് ചെയ്യിക്കുക, പ്രസ്തുത വോട്ട് സീൽ ചെയ്ത് ഭദ്രമാക്കുക, തിരികെ ഏൽപ്പിക്കുക ഈ പ്രക്രിയകളെല്ലാം പൂർത്തിയാക്കാൻ ഒരാഴ്ചത്തെ സമയദൈർഘ്യം അനുവദിക്കപ്പെട്ടിരുന്നു. കർശനമായ മേൽനോട്ടം അസാധ്യമായിരുന്ന വിധത്തിലായിരുന്നു പോസ്റ്റൽ വോട്ടിന്റെ സമസ്ത പ്രക്രിയയും നടന്നിരുന്നത്. രാഷ്ട്രീയപക്ഷപാതത്തിന് കുപ്രസിദ്ധി നേടിയ ഇടതുയൂണിയനിലെ സർക്കാർ ജീവനക്കാർ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്റ്റാഫെന്ന നിലയിൽ പോസ്റ്റൽ വോട്ടിൽ കൃത്രിമം കാട്ടുന്നതായി വ്യാപകമായി പരാതികൾ ഉയർന്നു.

തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി എന്തും കാട്ടാൻ തയ്യാറുള്ള ഒരു സാമൂഹ്യസാഹചര്യത്തിൽ സ്വതന്ത്രവും നീതിപൂർവ്വകവും സുതാര്യവുമായ പോളിംഗ് പ്രക്രിയ ആരാണ് ഉറപ്പാക്കുക? അനുവദിക്കപ്പെട്ടിട്ടുള്ള തുകയുടെ പത്തും ഇരുപതും മടങ്ങ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവഴിക്കുന്ന പ്രകടമായ ചട്ടലംഘനത്തിനെതിരെ കണ്ണടയ്ക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് ആ ഉത്തരവാദിത്തം നിർവ്വഹിക്കാൻ കഴിയുമോ? ഒരു മണ്ഡലത്തിൽ രണ്ടായിരത്തിനും മൂവായിരത്തിനുമിടയ്ക്ക് വോട്ട് കൃത്രിമങ്ങളിലൂടെ സൃഷ്ടിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ ഒട്ടും അസാധ്യമായ കാര്യമല്ല. അങ്ങിനെയെങ്കിൽ വ്യാപകമായി ആരോപിക്കപ്പെട്ട കൃത്രിമങ്ങൾ, ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ അതിന്റേതായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. 14 മണ്ഡലങ്ങളിൽ എൽഡിഎഫ് വിജയിച്ചിരിക്കുന്നത് മൂവായിരത്തിന് അടുത്ത് മാത്രം ഭൂരിപക്ഷം നേടിയാണെന്ന വസ്തുതയുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.

ജനവിരുദ്ധ ഭരണത്തിന്റെ ചരിത്രവും ദുർബ്ബലമായ സംഘടനയും യുഡിഎഫിന്റെ തകർച്ചയ്ക്ക് കാരണമായി.

അധികാരത്തിലായിരുന്ന ദീർഘകാലം മുതലാളിത്ത വികസനത്തിന്റെ അടിയുറച്ച വക്താക്കളായി നിലകൊണ്ടിട്ടുള്ള രാഷ്ട്രീയ കക്ഷിയാണ് കോൺഗ്രസ്സ്. ആഗോളവൽക്കരണ – നവലിബറൽ നയങ്ങളുടെ ആവിഷ്‌കർത്താക്കളായ കോൺഗ്രസ്സ്, രാജ്യത്തിന്റെ ആസ്തികൾ വിറ്റുതുലച്ചും അന്നുവരെ പ്രവേശനമില്ലാതിരുന്ന മേഖലകളിലേക്ക് സ്വകാര്യമൂലധനത്തെ കുടിയിരുത്തിയും ഏതാണ്ട് 3 ലക്ഷത്തോളം കർഷകരുടെ ജീവഹത്യയ്ക്ക് ഇടയാക്കിയ കർഷക ദ്രോഹനയങ്ങൾ നടപ്പാക്കിയും രാജ്യത്തെ അസാധാരണമായ ദുരന്തങ്ങളിലേക്ക് നയിച്ചു. ജനങ്ങളെ ഒരു പൊട്ടിത്തെറിയുടെ വക്കിലേക്ക് നയിച്ചത് കോൺഗ്രസ്സ് നയിച്ച യുപിഎ ഭരണത്തിന്റെ അഴിമതികളായിരുന്നു. രണ്ട് ദശകങ്ങളായി ഈ രാഷ്ട്രീയഘടകങ്ങൾ കോൺഗ്രസ്സിനെതിരായ വോട്ടിംഗിന് കാരണമാകുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും രാഷ്ട്രീയ ഘടകങ്ങൾ പ്രതികൂലമായി പ്രവർത്തിച്ചെങ്കിലും ന്യൂനപക്ഷ ധ്രുവീകരണത്തിലൂടെ അതിനെ മറികടക്കാൻ കഴിഞ്ഞതുകൊണ്ടാണ് യുഡിഎഫ് കേരളത്തിൽ വിജയിച്ചത്.

ബിജെപി വച്ചുനീട്ടുന്ന പണത്തിലും പദവിയിലും മയങ്ങി, സ്വയം വിൽക്കപ്പെടാൻ ഒരു ലജ്ജയുമില്ലാത്ത കോൺഗ്രസ്സ് നേതാക്കാന്മാരെയാണ് രാജ്യമെമ്പാടും കാണുന്നത്. ബിജെപിയുടെ തീവ്രവർഗ്ഗീയ നിലപാടുകളോട് മൃദുഹിന്ദുത്വം ഉയർത്തി മൽസരിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്സിന് ആശയപരമായ വ്യത്യസ്തത കാട്ടാൻ കഴിയുന്നില്ല എന്നതിനാൽ ജനാധിപത്യ-മതേതര വിശ്വാസികളുടെ വിശ്വസനീയമായ നേതൃത്വമായി ഉയരാനാവില്ല.

അയോധ്യാ ക്ഷേത്രവിധിയെ സ്വാഗതം ചെയ്ത നിലപാട് കോൺഗ്രസ്സിന്റെ മൃദുഹിന്ദുത്വ സമീപനത്തിന്റെ പ്രതിഫലനമായിരുന്നു.
സ്വാർത്ഥപൂരണത്തിന്റെ ഒരേയൊരു അജണ്ട മാത്രമാണ് സംസ്ഥാനത്ത് യുഡിഎഫ് എന്ന രാഷ്ട്രീയ മുന്നണിയെ നയിക്കുന്നത്. അന്തഛിദ്രവും ഗ്രൂപ്പ്കലാപവും മൂലം അമ്പേതകർന്ന കോൺഗ്രസ്സാണ് യുഡിഎഎഫിനെ നയിക്കുന്നത്. വേഷംകെട്ടി നടക്കുന്ന, ഉദരപൂരണത്തിന്റെ പ്രതീകങ്ങളായ കുറച്ച് നേതാക്കളല്ലാതെ, താഴെത്തലത്തിൽ സംഘടനയോ പ്രവർത്തനമോ ഇന്ന് കോൺഗ്രസ്സിനില്ല. പരമ്പരാഗത വോട്ടുകൾ മെയ്യനങ്ങാതെതന്നെ തങ്ങളുടെ പെട്ടിയിൽ വീഴുമെന്നും അങ്ങിനെ എല്ലാക്കാലവും നേതാക്കളായി വിലസാമെന്നുമാണ് വ്യാമോഹം. മുതലാളിമാരിൽ നിന്നുള്ള ഫണ്ട് വരവും കുറഞ്ഞതോടെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ദുർബ്ബലമായ പ്രവർത്തനമാണ് യുഡിഎഫ് നടത്തിയത്.
ഘടകക്ഷികൾ രണ്ടെണ്ണം മറുചേരിയിലേക്ക് പോയതോടെ യുഡിഎഫ് കൂടുതൽ ക്ഷീണിച്ചു. കണക്കില്ലാതെ പണവും സർവ്വസന്നാഹങ്ങളോടെയുള്ള തെരഞ്ഞെടുപ്പ് മെഷിനറിയും സർക്കാർ ഏജൻസികളുടെ വൻപ്രചാരണവും പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ഉറപ്പാക്കിയ താഴേത്തലത്തിലെ സംഘടനാസംവിധാനവും ഉള്ള, അടിമുടി സുസജ്ജമായ ഇടതുമുന്നണിയുമായി മൽസരിക്കാൻപോലും കഴിവില്ലാത്ത വളരെ ക്ഷയിച്ച ഒരു രാഷ്ട്രീയ കൂടാരമായിരുന്നു യുഡിഎഫ്. പ്രചാരണരംഗത്താകട്ടെ, രണ്ടാം സ്ഥാനം ബിജെപി കരസ്ഥമാക്കിയതോടെ യുഡിഎഫ് മൂന്നാം സ്ഥാനത്താവുകയും ചെയ്തു. ഇപ്രകാരം വിവിധ പരാധീനതകളോടെ വളരെ ദുർബ്ബലമായിരുന്ന യുഡിഎഫായിരുന്ന പ്രധാന പ്രതിയോഗി എന്നതും എൽഡിന്റെ വിജയം ആയാസരഹിതമാകാൻ വഴി തുറന്നു.

കഴിഞ്ഞകാല ചെയ്തികൾക്ക് അംഗീകാരം ലഭിച്ചെന്ന അവകാശവാദം അവ തുടരാനുള്ള നീക്കമാകരുത്.

മുകളിൽ പ്രതിപാദിച്ചു കഴിഞ്ഞ വിശകലനം പ്രാഥമികമായി വ്യക്തമാക്കുന്നത് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയം അവരുടെ നയങ്ങൾക്കുള്ള അംഗീകാരമല്ല എന്നതാണ്. ഒരു കാരണവശാലും അവർ കൈക്കൊണ്ട നയങ്ങൾ ജനവിരുദ്ധമല്ലെന്ന് വിജയം തെളിയിച്ചിട്ടില്ല. ഒന്നാം പിണറായി സർക്കാരിന്റെ ഭരണകാലത്ത് കൈക്കൊണ്ട നയപരമായ തീരുമാനങ്ങൾക്കും നടപടികൾക്കും താഴെ ജനങ്ങൾ അനുമതി നൽകി ഒപ്പിട്ടു എന്ന നേതാക്കളുടെ അവകാശവാദത്തിന്റെ ലക്ഷ്യമെന്താണ്? വിജയത്തിന്റെ മേലുള്ള നിരുപദ്രവകരമായ ആഹ്ലാദപ്രകടനമായി അവയെ ചുരുക്കിക്കാണരുതെന്ന് ഞങ്ങൾ ജനങ്ങളോടഭ്യർത്ഥിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം നടന്ന പോലീസിന്റെ ജനാധിപത്യധ്വംസനങ്ങൾ മുഴുവൻ മാതൃകാനടപടികളാണെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി നേതാക്കൾ വാദിക്കുകയാണ്. സംസ്ഥാനത്ത് യുഎപിഎ ചുമത്തുന്ന കീഴ്‌വഴക്കം സൃഷ്ടിച്ച നടപടി ശരിയാണെന്ന് തെരഞ്ഞെടുപ്പ് വിജയത്തെ കൂട്ടുപിടിച്ച് ന്യായീകരിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായി പിൻവലിക്കൽ ഓർഡിനൻസ് പുറപ്പെടുവിച്ച് റദ്ദാക്കേണ്ടി വന്ന പോലീസ് ആക്റ്റ് ഭേദഗതി ശരിയായ ദിശയിലുള്ള നീക്കമായിരുന്നു എന്നാണ് നേതാക്കൾ സമർത്ഥിക്കുന്നത്. കെ-റെയിൽ നാടിന്റെ വികസനമാണെന്നാണ് വിജയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സ്ഥാപിക്കാൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ മൂക്കിനുതാഴെ, പ്രിൻസിപ്പൽ സെക്രട്ടറിയുടെ കാർമ്മികത്വത്തിൽ നടന്ന അഴിമതികളിൽനിന്നും വഴിവിട്ട ചെയ്തികളിൽ നിന്നും തന്റെ ഒന്നാം സർക്കാർ കുറ്റവിമുക്തമാക്കപ്പെട്ടു എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത മനസ്സിലാക്കാം. പക്ഷേ തെരഞ്ഞെടുപ്പ് വിജയം ആ കൃത്യം നിർവ്വഹിക്കുന്നില്ല. വാളയാറിൽ പോലീസിന് സംഭവിച്ചത് ഗുരുതരമായ വീഴ്ചയല്ലെന്ന് ഈ വിജയം തെളിയിക്കുന്നില്ല. പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സായിട്ടുള്ള തൊഴിൽരഹിതരോട് കാട്ടിയ മനുഷ്യത്വവിരുദ്ധമായ സമീപനം കേരളം വകവച്ചുതന്നു എന്ന് ഈ വിജയം സമർത്ഥിക്കുന്നില്ല. യുഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാതിരുന്നത് ശരിയാണെന്ന് ഈ വിജയം തെളിയിക്കുന്നില്ല.
വിജയത്തിന്റെ കണക്കിൽപെടുത്തി ജനവിരുദ്ധനയങ്ങളെയും മൂലധനസേവയേയും വെള്ളപൂശാൻ ശ്രമിക്കുന്നത്, പഴയതിനേക്കാൾ തീവ്രമായി അവ തുടരുന്നതിനുവേണ്ടിയാണെങ്കിൽ ജനങ്ങൾക്ക് മുമ്പിലുള്ളത് ജനാധിപത്യം അനുവദിക്കുന്ന മഹിമയാർന്ന പാത മാത്രമാണ്. അത് പ്രക്ഷോഭത്തിന്റെ പാതയാണ്. ജനാധിപത്യത്തിന്റെ ശരിയായ വികാരം ഉൾക്കൊണ്ട്, ഒന്നാം ടേമിലെ ജനദ്രോഹകരമായ സമീപനങ്ങൾ തിരുത്താൻ രണ്ടാം പിണറായി സർക്കാർ തയ്യാറാവുകയാണ് വേണ്ടത്. കേരളത്തിലെ ഇടത്-ജനാധിപത്യ വിശ്വാസികൾ പ്രതീക്ഷിക്കുന്നത് ആ നടപടിയാണ്.

എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ഇടതുരാഷ്ട്രീയത്തെ പ്രാണനെപ്പോലെ നെഞ്ചോട് ചേർക്കുന്നു.

ഇൻഡ്യയുടെ വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപ്രസ്ഥാനങ്ങളുടെ മുമ്പിൽ നേർവിപരീതമായ രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഓരോ സംസ്ഥാനത്തെയും ഏതെങ്കിലും ഒരു പ്രമുഖകക്ഷിയുടെ അല്ലെങ്കിൽ കക്ഷികളുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് സഖ്യങ്ങളിൽ കടന്നുകൂടുക, അതതിടങ്ങളിലെ വിലപേശൽ ശേഷി ഉപയോഗപ്പെടുത്തി ഏതാനും സീറ്റുകൾ തരപ്പെടുത്തുക, ഏറിയാൽ ഒന്നോ രണ്ടോ സീറ്റുകളിൽ ജയിക്കുക; ഇതാണ് ഒരു മാര്‍ഗ്ഗം. ഇപ്പോൾ ഏതാണ്ട് എല്ലാ സംസ്ഥാനത്തും വ്യവസ്ഥാപിത ഇടതുപാർട്ടികൾ സ്വീകരിച്ചിട്ടുള്ളത് ഈ നിലപാടാണ്. ഒരു സംസ്ഥാനത്ത് സഖ്യകക്ഷിയായിട്ടുള്ളവർ അടുത്ത സംസ്ഥാനത്ത് എതിര്‍പാളയത്തിലാണെന്ന് വരാം. എന്തെങ്കിലും തത്വത്തിന്റെയോ ആദർശത്തിന്റെയോ പ്രശ്‌നം ഇതിൽ ഉദിക്കുന്നില്ല. തെരഞ്ഞെടുപ്പിൽ എന്തെങ്കിലും നേട്ടം ഉണ്ടാക്കാൻ ഇടവരുത്തുമെങ്കിൽ സഖ്യമാകാം. പുരോഗമനപരമെന്നും വർഗ്ഗീയ വിരുദ്ധമെന്നുമൊക്കെ വിളിക്കപ്പെടുന്ന ഈ സഖ്യങ്ങൾ രാജ്യത്തിന്റെ രാഷ്ട്രീയഘടനയിൽ പുരോഗമനാത്മകമായ എന്തെങ്കിലും മാറ്റം സൃഷ്ടിക്കുമെന്ന് ഈ പ്രസ്ഥാനങ്ങളുടെ നേതാക്കൾപോലും പ്രതീക്ഷിക്കുന്നില്ല. പാർലമെന്ററി നേട്ടത്തിനായി എന്ത് നെറിവുകേടും കാട്ടാമെന്ന് ഇടതുമുദ്രയണിഞ്ഞവർതന്നെ മാതൃക കാട്ടിയതോടെ, വലതുകക്ഷികൾക്ക് അത് വളക്കൂറുള്ള മണ്ണായി. അപചയത്തിലേക്കുള്ള കൂപ്പുകുത്തല ല്ലാതെ മറ്റൊന്നും ഇത് സൃഷ്ടിക്കുന്നില്ല. പൂർണ്ണമായും ഈ പാതയിലൂടെയാണ് സിപിഐ, സിപിഐ(എം) പാർട്ടികൾ സഞ്ചരിക്കുന്നത്.
മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിന് അനുരോധമായിട്ടുള്ള ജനാധിപത്യസമരങ്ങൾക്കായി ജനങ്ങളെ തയ്യാറെടുപ്പിക്കുക എന്ന ഇടതുരാഷ്ട്രീയത്തിന്റെ യഥാർത്ഥ മാര്‍ഗ്ഗമാണ് രണ്ടാമത്തേത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുമ്പിലുള്ളത് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ മാർഗ്ഗം മാത്രമാണ്. ഒരു സമരസഖ്യത്തിന് പാർലമെന്ററി അധികാരരാഷ്ട്രീയത്തിന്റെ രംഗത്ത് താൽക്കാലികമായ തിരിച്ചടികൾ ഉണ്ടായെന്നുവരാം. അപ്പോഴും ജനാധിപത്യസമരത്തിന്റെ അജണ്ട കൈവിടാതെ, നീണ്ടുനിൽക്കുന്ന പോരാട്ടത്തിലേക്ക് കൂടുതൽ അണികളെ ചേർത്ത് മുന്നേറും. ജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ രൂക്ഷമാകുന്നതനുസരിച്ച് വർദ്ധിതമാകുന്ന ജനരോഷവും അസംതൃപ്തിയും ശക്തമായ സമരരൂപങ്ങളായി വികസിക്കും.

പാർലമെന്ററി പ്രവർത്തന ത്തെയും സമരരാഷ്ട്രീയത്തിന്റെ ഭാഗം മാത്രമായി കാണുന്ന യഥാർത്ഥ ഇടതുരാഷ്ട്രീയ ദൗത്യം നിർവ്വഹിക്കുന്നതിനുവേണ്ടിയാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 36 മണ്ഡലങ്ങളിലും അഞ്ച് സംസ്ഥാനങ്ങളിലുമായി ആകെ 265 മണ്ഡലങ്ങളിലും പാർട്ടി മൽസരിച്ചു. അധികാരത്തിന്റെയോ സീറ്റിന്റെയോ എന്തിന് വോട്ടിന്റെയോപോലുമുള്ള പാർലമെന്ററി നേട്ടത്തിന്റെ ഉടനടിയുള്ള ഫലത്തെ മുഖ്യലക്ഷ്യമായി നിർണ്ണയിച്ചുകൊണ്ടല്ല ശരിയായ തൊഴിലാളിവർഗ്ഗപാർട്ടി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. തൊഴിലാളിവർഗ്ഗ വിപ്ലവമുന്നേറ്റത്തെ സഹായിക്കാനും ശക്തിപ്പെടുത്താനും തെരഞ്ഞെടുപ്പ് മൽസരവും പാർലമെന്ററി പ്രവർത്തനവും ഇടനൽകണം.
പാർലമെന്ററി അധികാരഘടനയുടെ രംഗത്ത് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ഗണനീയമായ ഒരു നാമമല്ല. ഇന്നത്തെ വഷളൻ രാഷ്ട്രീയ സാഹചര്യവുമായി സന്ധിചെയ്തുകൊണ്ടുള്ള പാർലമെന്ററി നേട്ടങ്ങൾ വേണ്ട എന്നതാണ് പാർട്ടിയുടെ നിലപാട്. ഏതെങ്കിലും ഒരു വ്യവസ്ഥാപിത മുന്നണിയുടെ ഭാഗമായിക്കൊണ്ടുമാത്രമാണ് സംസ്ഥാനത്ത് ഏതുപാർട്ടിയും പാർലമെന്ററി രംഗത്ത് മേൽവിലാസമുണ്ടാക്കുന്നത്. സമരത്തിനുവേണ്ടിയല്ല, തെരഞ്ഞെടുപ്പിനും അധികാരത്തിനുംവേണ്ടി മാത്രമാണ് മുന്നണിയെങ്കിൽ അതിനെ ഉപയോഗപ്പെടുത്തി ജനതാൽപര്യം സംരക്ഷിക്കാനാവില്ല. ഈ ഇടതുവീക്ഷണം ഉയർത്തിപ്പിടിക്കുന്നതിനാലാണ് എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ഒരു മുന്നണിയുടെയും ഭാഗമാകാതെ നിലകൊള്ളുന്നത്. എല്ലാ ആദർശവും തത്വവും വെടിഞ്ഞ് പാർലമെന്ററി രാഷ്ട്രീയം തുറന്നുതരുന്ന സൗഭാഗ്യങ്ങൾ എങ്ങനെയും നേടാനുള്ള ഭ്രാന്തൻ മൽസരങ്ങൾ അറപ്പുളവാക്കുന്ന രാഷ്ട്രീയ അപചയമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

മുന്നണിപ്രവേശനത്തിന്റെ സാധാരണ മാനദണ്ഡങ്ങൾക്കുമപ്പുറം കർമ്മശേഷിയും കേഡർ കരുത്തുമുള്ള പ്രസ്ഥാനമാണ് എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്). കേരളത്തിന്റെ രാഷ്ട്രീയ – സാമൂഹ്യമണ്ഡലങ്ങളിൽ അസാധാരണമായ ഇഛാശക്തിയോടെ, ചലനാത്മകതയോടെ ജനങ്ങൾക്കുവേണ്ടി, ജനാധിപത്യജീവിതത്തിന്റെ എണ്ണമറ്റ പ്രശ്‌നങ്ങളിൽ നിരന്തരം പോരടിക്കുന്ന പാർട്ടിയാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്). നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ, ദില്ലിയിലെ കർഷക സമരത്തിന്റെ സന്ദേശം പ്രചരിപ്പിച്ചും പിന്തുണ നൽകിയുമുള്ള പ്രവർത്തനങ്ങളിൽ രാപകൽ വ്യാപൃതമായിരുന്നു ഈ പാർട്ടി. സമാന്തരമായിത്തന്നെ കെ-റെയിൽ എന്ന വിനാശപദ്ധതിക്കെതിരെയുള്ള സമരപ്രവർത്തനരംഗത്തും സജീവമായി നിലകൊണ്ടു. തെരഞ്ഞെടുപ്പ് പ്രചരണദിനങ്ങളിലാകട്ടെ, പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് നടത്തിയ ഏറ്റവും ന്യായയുക്തമായ സമരത്തിന് നിർണ്ണായക സഹായങ്ങൾ നൽകിക്കൊണ്ട്, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെ ആശയനേതൃത്വത്തിലുള്ള യുവജന സംഘടന എഐഡിവൈഒ സെക്രട്ടേറിയറ്റ് നടയിൽ തൊഴിൽരഹിതരായ യുവാക്കളോടൊപ്പം ഉണ്ടായിരുന്നു. ന്യായമായ തൊഴിൽ സമരങ്ങളിൽ, വിദ്യാഭ്യാസ അവകാശപ്പോരാട്ടങ്ങളിൽ, വനിതകളുടെ അഭിമാനപ്പോരാട്ടങ്ങളിൽ, വികസനത്തിന്റെ ഇരകളുടെ ജീവന്മരണ സമരങ്ങളിൽ എവിടെയും ഈ പാർട്ടിയും അതിന്റെ സഖാക്കളും ഉണ്ടായിട്ടുണ്ട്. ഉന്നതമായ സംസ്‌കാരവും നീതിബോധവും ധാർമ്മികതയും ഒരു പ്രതിപ്രവാഹമായി വളർത്തിയെടുക്കാൻ സാമൂഹ്യമണ്ഡലത്തിന്റെ എല്ലാ തുറകളിലും വിശ്രമരഹിതമായി പണിയെടുക്കുന്ന പാർട്ടിയാണ് എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്).

എത്ര ദുഷ്‌കരമെങ്കിലും ജനകീയ സമരത്തിന്റെ ദൗത്യം ചുമലിലേറ്റി ഒറ്റയ്ക്ക് പൊരുതുകയാണ് എസ്‌യുസിിഐ (കമ്മ്യൂണിസ്റ്റ്). ജനകീയ സമരങ്ങളുടെ രാഷ്ട്രീയം കൈവെടിഞ്ഞാൽ പിന്നെ അവശേഷിക്കുന്നത് അറുവഷളൻ അവസരവാദത്തിന്റെയും അധാർമ്മികതയുടെയും പാതയാണ്. അതിനോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ചിട്ടുള്ള പാർട്ടിയാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്). മൽസരിച്ച മണ്ഡലങ്ങളിൽ തത്വാധിഷ്ഠിതവും മഹനീയവുമായ ഇടതുരാഷ്ട്രീയത്തിന്റെ ശക്തമായ പ്രചാരണമാണ് പാർട്ടി നടത്തിയത്. രാജ്യത്തിന്റെ വർത്തമാനസ്ഥിതിയിൽ ആശങ്കയും വേദനയുമുള്ള, രാഷ്ട്രീയ ചലനങ്ങളെ ഗൗരവപൂർവ്വം വീക്ഷിക്കുന്ന നിരവധി മനുഷ്യസ്‌നേഹികൾ, ഇടതുപക്ഷ വിശ്വാസികൾ ഈ രാഷ്ട്രീയത്തെ അംഗീകരിക്കാനും സ്വീകരിക്കാനും മുന്നോട്ടുവരികയുണ്ടായി. ജനകീയസമരത്തിന്റെ രാഷ്ട്രീയത്തെ കൂടുതൽ കരുത്തോടെ സ്ഥാപിക്കാൻ വലിയ തോതിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനം സഹായിക്കുകയുണ്ടായി.


അടിസ്ഥാന പരിവർത്തനത്തിനായി ജനങ്ങളെ തയ്യാറെടുപ്പിക്കലാണ്
ഇടതുരാഷ്ട്രീയത്തിന്റെ പരമപ്രധാനമായ ലക്ഷ്യം

99 സീറ്റിലെ വിജയം കാട്ടിക്കൊണ്ട് സംസ്ഥാനത്ത് ഇടതുപക്ഷ രാഷ്ട്രീയം മുന്നേറുന്നു, കേരളം ചുവക്കുന്നു എന്നിങ്ങനെയക്കെയുള്ള അവകാശവാദങ്ങളുടെ യഥാർത്ഥസ്ഥിതി എന്തെന്ന് വിലയിരുത്താൻ സത്യസന്ധരായ ഇടത് വിശ്വാസികളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. എൽഡിഎഫ് ജയിക്കുമ്പോഴും കേരളത്തിലെ സാമൂഹ്യമണ്ഡലത്തിൽ ഇടത് മനോഘടന അടിക്കടി ദുർബ്ബലമാകുന്നു എന്നതല്ലേ യാഥാർത്ഥ്യം? അറുവഷളൻ അവസരവാദം, സ്വാർത്ഥനേട്ടങ്ങൾക്കുവേണ്ടി എന്തു നീചകൃത്യവും ന്യായീകരിക്കപ്പെടുന്ന രാഷ്ട്രീയ അധാർമ്മികത, ജാതി-മത വികാരങ്ങളുടെ ഏറിവരുന്ന സ്വാധീനം, സാമുദായിക സംഘടനകളുടെ അധീശത്വം, ശാസ്ത്രീയ ചിന്താഗതിയും യുക്തിബോധവും അതിവേഗം അസ്തമിക്കുന്ന സാമൂഹ്യ അന്തരീക്ഷം, ട്രേഡ്‌യൂണിയൻ സംഘടനകളെ നയിക്കുന്ന അതീവ വഷളായ സാമ്പത്തികവാദവും നിയമവിധേയവാദവും, അവകാശങ്ങൾക്കുവേണ്ടി വീറോടെ പൊരുതുന്ന സമരപ്രബുദ്ധതയുടെ സ്ഥാനത്ത് യാചനയുടെയും അധികാരവിധേയത്വത്തിന്റെയും സന്ധിമനോഭാവം ഇവയെല്ലാം അനുനിമിഷം പെരുകുന്ന ഒരു സംസ്ഥാനത്ത് ഇടതുരാഷ്ട്രീയം ശക്തിപ്പെടുകയാണെന്ന് കരുതാനാകുമോ?. എന്തുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്? സത്യസന്ധമായ ഒരാത്മപരിശോധനയ്ക്ക് നാം ഇടതുപക്ഷ വിശ്വാസികൾ തയ്യാറാകണം.
ഏറ്റവും ജീർണ്ണമായ മുതലാളിത്ത വ്യവസ്ഥിതിയെ സംരക്ഷിക്കുന്ന പാർലമെന്ററി രാഷ്ട്രീയ അധികാരഘടനയുടെ-എസ്റ്റാബ്ലിഷ്‌മെന്റിന്റെ-അവിഭാജ്യ ഭാഗമായി വ്യവസ്ഥാപിത ഇടതുപക്ഷം മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പും അധികാരവുമല്ലാതെ മറ്റൊരു ലക്ഷ്യവും ഇന്ന് അവർക്കില്ല. എന്തെങ്കിലും ആദർശമോ തത്വമോ അവരെ അലട്ടുന്നില്ല. അറപ്പുളവാക്കുന്ന അവസരവാദത്തെയും രാഷ്ട്രീയ സദാചാരരാഹിത്യത്തെയും പ്രയോഗിക രാഷ്ട്രീയ കണക്കുകൂട്ടൽകൊണ്ട് ന്യായീകരിക്കുന്നു. ബംഗാളിൽ തീവ്രവർഗ്ഗീയ നിലപാടുള്ള അഹമ്മദ് സിദ്ധിഖിയുമായിപ്പോലും സഖ്യം രൂപപ്പെടുത്തിയതിൽ എന്തെങ്കിലും ജനാധിപത്യവിരുദ്ധത ഉള്ളതായി തിരിച്ചറിയാൻ കഴിയാത്തവിധമാണ് ഈ അപചയം.

എതിർചേരിയിലായിരിക്കുമ്പോൾ ചെകുത്താനും സ്വന്തം ചേരിയിലാകുമ്പോൾ മാലാഖയുമാകുന്ന നിലപാട് ഒന്നോ രണ്ടോ സീറ്റിന്റെ വിജയത്തിനുവേണ്ടി മാത്രമുള്ള ഇരട്ടത്താപ്പാണ്. ഉന്നതമായ മതേതര-ജനാധിപത്യ മൂല്യങ്ങൾ വ്യക്തിതലത്തിലും സാമൂഹ്യമണ്ഡലത്തിലും അനുഷ്ഠിക്കാനുള്ള സമരത്തിന് നേതൃത്വം നൽകേണ്ടുന്നവർ, തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ജാതി-മത വികാരങ്ങളുമായി സന്ധിചെയ്യുമ്പോൾ അത് നൽകുന്ന പാഠവും സന്ദേശവും ഏറ്റവും അപകടകരമായിരിക്കും. പൊതുസമൂഹത്തിന്റെ താൽപ്പര്യങ്ങളെ മുൻഗണനാപൂർവ്വം സമീപിക്കുന്ന ജീവിതവീക്ഷണം പരിശീലിപ്പിക്കപ്പെടേണ്ടതിന്റെ സ്ഥാനത്ത് സങ്കുചിതമായ വ്യക്തിവാദവും അഴിമതിയുടെ ചിന്താഗതിയും വ്യവസ്ഥാപിത ഇടത് പ്രസ്ഥാനങ്ങൾ അവരുടെ രാഷ്ട്രീയ നിലപാടുകളിലൂടെ പ്രോൽസാഹിപ്പിക്കുന്നു. അപരന്റെ വിമർശനങ്ങളോട് പുലർത്തേണ്ടുന്ന സഹിഷ്ണുത ജനാധിപത്യ ജീവിതശൈലിയുടെ പ്രാണനാണ്. പ്രതിയോഗികളെ അടിച്ചമർത്തിയും വകവരുത്തിയും മുന്നേറുന്ന ഇടതെന്നപേരിലുള്ള രാഷ്ട്രീയ പ്രവർത്തന മാതൃക സഹിഷ്ണുതയുടെ സംസ്‌കാരത്തെ ഇല്ലാതാക്കുന്നു. ഇടതെന്ന പേരിൽ നിലകൊള്ളുകയും പൊതുമണ്ഡലത്തിലും വ്യക്തിജീവിതത്തിലും വഷളായ വലതുനിലപാടുകൾ സ്വീകരിക്കുകയും പോരാട്ടത്തിന്റെ രാഷ്ട്രീയം കൈയൊഴിയുകയും ചെയ്യുന്നതുവഴിയാണ് ഇടതുപക്ഷ മനോഘടന സമൂഹത്തിൽനിന്നും അതിവേഗം അപ്രത്യക്ഷമാകുന്നത്.

നിർദ്ദയമായ ചൂഷണത്തിലും അനീതിയിലും അധിഷ്ഠിതമായിട്ടുള്ള നിലനിൽക്കുന്ന സാമൂഹ്യ-സാമ്പത്തിക ക്രമത്തിന്റെ അടിസ്ഥാനപരിവർത്തനമാണ് ഇടതുരാഷ്ട്രീയത്തിന്റെ ലക്ഷ്യം. അതിനായി ജനങ്ങളെ വിപുലമായി തയ്യാറെടുപ്പിക്കുന്ന സുപ്രധാനമായ രാഷ്ട്രീയ പ്രക്രിയയാണ് ജനാധിപത്യപ്രക്ഷോഭങ്ങൾ. അതുകൊണ്ടുതന്നെ സമരരാഷ്ട്രീയമാണ് ഇടതുദർശനത്തിന്റെ ജീവനും സത്തയും. മുതലാളിത്ത വ്യവസ്ഥയുടെ നയങ്ങൾക്കെതിരെ നാൾക്കുനാൾ ശക്തിപ്പെട്ടുവരുന്ന അസംതൃപ്തിക്കും പ്രതിഷേധത്തിനും സംഘടിത ജനാധിപത്യ പ്രക്ഷോഭത്തിന്റെ രൂപം നൽകുകയാണ് ഇടതു കടമ. വിജയിച്ചാലും ഇല്ലെങ്കിലും ജനാധിപത്യ സമരങ്ങൾ വഹിക്കുന്ന ഏറ്റവും ഗൗരവപ്പെട്ട ധർമ്മം, അത് ജനങ്ങൾക്ക് വൻതോതിൽ രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നു എന്നതാണ്. ജനകീയ സമരങ്ങളും തൊഴിലാളി പ്രക്ഷോഭങ്ങളും ജനങ്ങളുടെ പാഠശാലകളായി മാറും. ജനങ്ങൾ സ്വന്തം സമരാനുഭവങ്ങളിൽനിന്നും തങ്ങളുടെ ജീവിതദുരിതങ്ങളുടെ മൂലകാരണമെന്തെന്ന് തിരിച്ചറിയും. ഈ ധാരണകൾക്ക് വർഗ്ഗസമരത്തിന്റെ ഉൾക്കാഴ്ചകൂടി ലഭിക്കുന്നതോടെ തങ്ങളുടെ പോരാട്ടത്തിന്റെ വിപ്ലവകരമായ ദിശ തികഞ്ഞ വ്യക്തതയോടെ ജനങ്ങൾ മനസ്സിലാക്കും. ചൂഷകവാഴ്ച നീട്ടിക്കൊണ്ടുപോകാനായി മുതലാളിവർഗ്ഗം ആസൂത്രിതമായി വളർത്തുന്ന കൃത്രിമമായ ഭേദങ്ങളെയും വിഭാഗീയതയെയും ജനങ്ങൾ വലിച്ചെറിയും. സമരത്തിലൂടെ ആർജ്ജിതമാകുന്ന അറിവും പ്രബുദ്ധതയും എല്ലാവിധ ഫ്യൂഡൽ മാലിന്യങ്ങളെയും ആട്ടിയകറ്റും. ഉയർന്ന ജനാധിപത്യമൂല്യങ്ങളും ധാർമ്മികതയും സംസ്‌കാരവും ശോഭയോടെ സമൂഹത്തെയാകമാനം സ്വാധീനിക്കും. രാജ്യത്തെ മുഴുവൻ ജനങ്ങളും അത്യധികമായ ഇഛാശക്തിയോടെ, ഉൽസാഹപൂർവ്വം ഉണർന്നെഴുന്നേൽക്കും. എല്ലാം കഴുകി വെടിപ്പാക്കാനുള്ള രാഷ്ട്രീയ അഭിവാഞ്ഛ രാജ്യമെമ്പാടും അലയടിക്കും. കഴമ്പുകെട്ട ജീവിതത്തിന്റെ സ്ഥാനത്ത് സാരവത്തായ ജീവിതവർത്തനത്തിന്റെ മഹത്തായ ശൈലിയെ ജനങ്ങൾ പുൽകും. കൊടിയ നിരാശയുടെയും വ്യാമോഹങ്ങളുടെയും സ്ഥാനത്ത് സബോധതയുടെ അടിസ്ഥാനത്തിലുള്ള പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും ജനങ്ങളെ മുന്നോട്ടു നയിക്കും. ഐക്യപ്പെട്ട ജനത ഒരു പുതുശക്തിയായി ഉയരും. ഒരു പുതു സമൂഹ സൃഷ്ടിക്ക് അങ്ങനെ കളമൊരുങ്ങും. മുതലാളിത്ത വിരുദ്ധ തൊഴിലാളിവർഗ്ഗ വിപ്ലവത്തിന് അനുരോധമായി നാം വികസിപ്പിച്ചെടുക്കേണ്ട ജനാധിപത്യപ്രക്ഷോഭ രാഷ്ട്രീയത്തിന്റെ സാരാംശവും ലക്ഷ്യവും ഇതാണ്. ഇടതു-വലതു പ്രസ്ഥാനങ്ങൾ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യസ്തത ഇതൊന്നു മാത്രമാണ്. ഇതു നിർവ്വഹിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ഇടതെന്ന മുദ്രയണിയുന്ന തിൽ ഒരർത്ഥവുമില്ല. ഈ ദൗത്യം വിസ്മരിക്കുകയോ ബോധപൂർവ്വം കൈവെടിയുകയോ ചെയ്തിട്ട് മറ്റെന്തൊക്കെ ചെയ്‌തെന്ന് സമർത്ഥിച്ചാലും അത് ഇടതുരാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നുമില്ല.


സിപിഐ, സിപിഐ(എം) പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിനുമേൽ സമ്മർദ്ദം ചെലുത്തി, യഥാർത്ഥ ഇടതുരാഷ്ട്രീയം അനുവർത്തിക്കുന്നു എന്ന് ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ, വലിയ നേട്ടമെന്ന് സാധാരണ പ്രവർത്തകർ കരുതുന്ന ഈ തെരഞ്ഞെടുപ്പ് വിജയത്തിന് ഒരായുസ്സും ഉണ്ടാകില്ല. ശക്തമായി സ്വാധീനം ചെലുത്തിയ ഒരു ജനകീയസമരത്തിന്റെ ഫലമായോ പൊതുസമൂഹത്തിൽ ഇടതുമനോഘടന വൻതോതിൽ വർദ്ധിച്ചതുവഴിയോ സൃഷ്ടിക്കപ്പെട്ടതല്ല, മറിച്ച് ഈ വിജയം തൊലിക്കുപുറമെയുള്ളതു മാത്രമാണ്. അതിനാൽ വിജയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളപ്രതീക്ഷകൾ നിരാശയ്ക്ക് വഴിമാറും. അങ്ങിനെയാകാതിരിക്കണമെങ്കിൽ യഥാർത്ഥ ഇടതുമുന്നേറ്റത്തിന്റെ പാതയിലേക്ക് വ്യവസ്ഥാപിത ഇടതുപാർട്ടികൾ വരണം. ദുഷ്‌കരമായ ആശയസമരത്തിലൂടെയും നിതാന്തജാഗ്രതയിലൂടെയും തൊഴിലാളിവർഗ്ഗരാഷ്ട്രീയത്തിന്റെ ആധികാരികത സ്ഥാപിക്കേണ്ടിവരും.

മാനവരാശിയുടെ മുന്നേറ്റത്തിന്റെ ദീപശിഖയാണ് മാർക്‌സിസം.

സിപിഐ, സിപിഐ(എം) പാർട്ടികൾ മഹത്തായ കമ്മ്യൂണിസ്റ്റ് ദർശനത്തെ പൂർണ്ണമായും കൈവെടിഞ്ഞിരിക്കുന്നു. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ഇൻഡ്യയിൽ പ്രായോഗികമല്ല എന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉണ്ടായത് യാദൃശ്ചികമല്ല. പാർലമെന്ററി രാഷ്ട്രീയത്തിന്റെ സങ്കുചിതനേട്ടങ്ങൾ മാത്രം ലക്ഷ്യമാക്കിയാണ് ആ പ്രസ്താവന വന്നിട്ടുള്ളത്. മാർക്‌സിസത്തെ ജീവിതത്തിന്റെ വഴികാട്ടിയായി കാണുന്ന സത്യസന്ധരായ ഇടതുപക്ഷവിശ്വാസികളിൽ അത് വേദനയും ഞെട്ടലും സൃഷ്ടിച്ചുവെങ്കിലും കമ്മ്യൂണിസ്റ്റെന്ന പേരിൽ അറിയപ്പെടുന്ന ഈ പാർട്ടികളുടെ വർഗ്ഗസ്വഭാവം ഉദാത്തമായ മാർക്‌സിസ്റ്റ് ദർശനത്തിന്റെ വെളിച്ചത്തിൽ തിരിച്ചറിഞ്ഞിട്ടുള്ള എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിക്ക് ഒരത്ഭുതവും തോന്നിയില്ല. ഈ പാർട്ടികളുടെ പതനത്തെ സംബന്ധിച്ച് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)ന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും സമുന്നത മാർക്‌സിസ്റ്റ് ചിന്തകനുമായ സഖാവ് ശിബ്ദാസ്‌ഘോഷ് നൽകിയിട്ടുള്ള മുന്നറിയിപ്പുകൾ എത്രമേൽ ശരിയാണെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്.ചൂഷകവാഴ്ചയുടെ വിപ്ലവപരിവർത്തനമെന്ന ലക്ഷ്യം ഇന്ന് അവരുടെ വാക്കുകളിൽപോലുമില്ലാതായിരിക്കുന്നു. മൂലധനത്തിന്റെ നിക്ഷേപം ശക്തിപ്പെടുത്തി, വ്യവസായം സ്ഥാപിച്ച് രാജ്യത്തെ വികസിപ്പിക്കാമെന്ന സിദ്ധാന്തം മാത്രമാണ് ഇന്ന് അവരുടെ മുമ്പിലുള്ളത്. മാർക്‌സിസം അനാവരണം ചെയ്ത ചരിത്രപാഠത്തെ സ്വന്തം പ്രവർത്ത നങ്ങളിലൂടെ കുഴിച്ചുമൂടിയവർ, ഇന്ന് വാക്കുകളിലൂടെ അത് പ്രഖ്യാപിച്ചിരിക്കുന്നു.


മുതലാളിത്തത്തെ മാനവരാശിയുടെ കൊടിയശത്രുവായി ജനങ്ങൾ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ് പൊട്ടിത്തെറിക്കുന്ന ഈ നാളുകളിൽ, നമ്മുടെ പോരാട്ടവീഥിയിൽ മാനവരാശിയുടെ മുന്നേറ്റത്തിന്റെ ദീപശിഖയായ മാർക്‌സിസം വെളിച്ചം പകരും. ഭയാനകമായ സാമ്പത്തിക അസമത്വവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രം സൃഷ്ടിക്കുന്ന, ഇത:പര്യന്തം മനുഷ്യൻ നേടിയെടുത്ത സമസ്തമൂല്യങ്ങളുടെയും കുഴിമാടം ഒരുക്കുന്ന മുതലാളിത്ത-സാമ്രാജ്യത്വ ശക്തികൾക്കെതിരെയുള്ള വിപ്ലവമുന്നേറ്റത്തിൽ മാർക്‌സിസം-ലെനിനിസം മാത്രമാണ് അപരാജിതമായ ആയുധം. ഒരു മുൻകൂർ പ്രതിവിപ്ലവമെന്ന നിലയിൽ ഫാസിസത്തിൽ അഭയം പ്രാപിക്കുന്ന മുതലാളിത്തം മനുഷ്യനെയും മനുഷ്യഗുണങ്ങളെയുമാണ് ഇല്ലാതാക്കുന്നത്. മാർക്‌സിസം-ലെനിനിസം പകർന്നു നൽകുന്ന ചരിത്രബോദ്ധ്യം കൊണ്ടുമാത്രമേ ഫാസിസത്തിനെതിരായ പോരാട്ടത്തെ നയിക്കാനാവൂ. ഉദാത്തമായ കമ്മ്യൂണിസ്റ്റ് ദർശനത്തിന്റെ പതാകവാഹകരായിക്കൊണ്ട് ചരിത്രം ഭരമേൽപ്പിക്കുന്ന ഏതൊരു ദൗത്യവും ഏറ്റെടുക്കാൻ മുന്നോട്ടുവരണമെന്ന് എല്ലാ മനുഷ്യസ്‌നേഹികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp