ദേശീയ പൗരത്വ രജിസ്റ്റർ പുറന്തള്ളിയ ഇന്ത്യൻ പൗരന്മാരെ മുഴുവൻ ഉൾപ്പെടുത്തുക

Spread our news by sharing in social media

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)
ജനറൽ സെക്രട്ടറി സഖാവ്
പ്രൊവാഷ് ഘോഷ് 2018 ജൂലൈ 31ന് പുറപ്പെടുവിച്ച പ്രസ്താവന

ആസാമിൽ മത-ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട 40 ലക്ഷത്തിലേറെ യഥാർത്ഥ പൗരന്മാർ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന വസ്തുത മാധ്യമ റിപ്പോർട്ടുകളിൽനിന്ന് മനസ്സിലാക്കിയത് വലിയ ആഘാതത്തോടെയാണ്. എജിപി നയിച്ച സംസ്ഥാന സർക്കാർപോലും നടത്തിയിട്ടുള്ള, വിശേഷിച്ച് 1985 മുതൽ നടന്നിട്ടുള്ള മുൻകാല സർവ്വേകൾക്കും പരിശോധനകൾക്കുമൊന്നും തീർത്തും നിരക്കുന്നതല്ല വൻതോതിലുള്ള ഈ പുറന്തള്ളൽ. ഈ സർവ്വേകളൊന്നും മത-ഭാഷ-വംശീയ മുൻവിധികളിൽനിന്ന് മുക്തമല്ലാതിരുന്നിട്ടും വലിയൊരു വിഭാഗം യഥാർത്ഥ ഇന്ത്യൻ പൗരന്മാരെ ഏകപക്ഷീയമായും ഗൂഢോദ്ദേശ്യത്തോടെയും ഡി-വോട്ടർമാർ എന്ന് മുദ്രകുത്തി അവർക്ക് മൗലികാവകാശം നിഷേധിച്ചിട്ടും അവരുടെ എണ്ണം 3.7ലക്ഷം കവിഞ്ഞിരുന്നില്ല എന്ന കാര്യം ഓർക്കണം. ഇപ്പോൾ ഇത്രയധികം പേരെ പുറന്തള്ളിയ നടപടി അവിശ്വസനീയമാണെന്നുമാത്രമല്ല വംശീയവും വർഗ്ഗീയവുമായ വിദ്വേഷത്തോടെ ആസൂത്രണം ചെയ്ത ഒരു ഗൂഢാലോചന ഈ ലിസ്റ്റ് തയ്യാറാക്കിയതിനുപിന്നിലുണ്ട് എന്നും വെളിവാക്കപ്പെടുകയാണ്. നിയമവിരുദ്ധ കുടിയേറ്റക്കാരും അനധികൃതമായി കടന്നുകയറിയവരുമായ വിദേശികളെ കണ്ടെത്താനായി വിപുലമായ പരിശോധനകൾ നടത്തിയിട്ടാണ് ഈ ലിസ്റ്റ് തയ്യാറാക്കിയത് എന്ന് അധികാരികൾ ഭാവിക്കുന്നുണ്ടെങ്കിലും രാജ്യത്തെ പൗരന്മാരായി ഇത്രകാലം ഗണിച്ചിരുന്ന വലിയൊരു വിഭാഗത്തെ ഒറ്റയടിക്ക് വിലക്കപ്പെട്ടവരായി എഴുതിത്തള്ളുന്നതിനുപിന്നിൽ ബിജെപി നയിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മർക്കടമുഷ്ടിയുണ്ടെന്നതാണ് വസ്തുത. ഹീനമായ ബൂർഷ്വാ വർഗ പദ്ധതിക്കിണങ്ങുംപടി എവ്വിധവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനായി ഇവർ ജനങ്ങൾക്കിടയിൽ വംശീയവും വർഗീയവും മതപരവുമായ ഭിന്നിപ്പും അനൈക്യവും ഊട്ടിവളർത്തുന്നതിന്റെ ഫലമാണിത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തുമെന്നല്ല ലോകത്തൊരിടത്തും കേട്ടുകേൾവിപോലുമില്ലാത്തതാണ് സ്വന്തം പൗരന്മാരുടെ പൗരത്വംതന്നെ നിഷേധിക്കുന്ന ഈ ഫാസിസ്റ്റ് നടപടി.

മാതൃരാജ്യത്തുനിന്നും പിഴുതെറിയപ്പെട്ട് സർവ്വനാശത്തെ മുന്നിൽക്കണ്ട് ഭയചകിതരായിക്കഴിയുന്ന ഈ മനുഷ്യർ അഭിമുഖീകരിക്കേണ്ടിവരുന്ന ദുരന്തത്തെക്കുറിച്ചൊന്നും ഈ നടപടി കൈയാളുന്ന അധികാരികൾ ചിന്തിക്കുന്നതേയില്ല.
ഒരു വിഭാഗം ജനങ്ങളെ ഉന്നംവച്ച് അവരുടെ അടിസ്ഥാന അവകാശങ്ങൾ തട്ടിത്തെറിപ്പിക്കുന്ന മനുഷ്യത്വരഹിതവും ഗൂഢാലോചനാപരവുമായ ഇത്തം നീക്കങ്ങൾ ഫാസിസ്റ്റ് ലക്ഷ്യങ്ങൾ വച്ചുപുലർത്തുന്ന ഒരു ഗവൺമെന്റിന് മാത്രം ചേർന്നതാണ്. ഭൂരിപക്ഷവും തീർത്തും ദരിദ്രരും അവശരുമായ ഒരു ജനവിഭാഗത്തെ സമ്പൂർണ്ണ തകർച്ചയിലേയ്ക്ക് തള്ളിവിടുന്ന ഈ പൗരത്വരജിസ്റ്റർ തയ്യാറാക്കൽ അഭ്യാസം ബിജെപി നയിക്കുന്ന കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളും അങ്ങേയറ്റം സങ്കുചിതമായ പ്രാദേശികവാദം കൈയാളുന്ന ചില വിഭാഗങ്ങളും ചേർന്ന് കൈക്കൊണ്ടത് ഈ ഹീനലക്ഷ്യത്തോടെ തന്നെയാണ്. ആസാമിലെ അദ്ധ്വാനിച്ചുജീവിക്കുന്ന ജനവിഭാഗങ്ങൾ ജാതിമതഭാഷ പരിഗണനകൾക്കതീതമായി നീറുന്ന ജീവിതപ്രശ്‌നങ്ങളിന്മേൽ യോജിച്ച സമരങ്ങൾ വളർത്തിയെടുക്കുന്നതിന് തുരങ്കം വയ്ക്കുക എന്ന ഗൂഢോദ്ദേശവും കേന്ദ്രസംസ്ഥാന സർക്കാരുകൾക്കുണ്ട്.

ആസാമിലെ വർഗീയ പ്രാദേശിക ശക്തികളുടെ ഹീനതാൽപര്യം പേറുന്ന ഈ ഫാസിസ്റ്റ് ഗൂഢപദ്ധതിയെ ഞങ്ങൾ ശക്തമായി അപലപിക്കുകയും ദുരുദ്ദേശത്തോടുകൂടി ദേശീയ പൗരത്വരജിസ്റ്ററിൽനിന്ന് ഒഴിവാക്കപ്പെട്ട മുഴുവൻ യഥാർത്ഥ ഇന്ത്യൻ പൗരന്മാരെയും അടിയന്തരമായി അതിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
ഈ ഹീനപദ്ധതിയിൽനിന്ന് ബിജെപി നയിക്കുന്ന ഗവൺമെന്റുകളെ പിന്തിരിപ്പിക്കാൻ തക്കവണ്ണം അവസരത്തിനൊത്തുയർന്ന് യോജിച്ചതും സുദീർഘവുമായ പ്രക്ഷോഭം വളർത്തിയെടുക്കുവാൻ ആസാമിലും രാജ്യമെമ്പാടുമുള്ള നേരാംവണ്ണം ചിന്തിക്കുന്നവരും ജനാധിപത്യവിശ്വാസികളുമായ ജനങ്ങളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this