മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകയ്ക്കുനേരെ കൂട്ടബലാത്സംഗം- പ്രക്ഷോഭം ഉണ്ടാകാത്തത് അത്ഭുതപ്പെടുത്തുന്നു. -പ്രൊഫ. കെ.അരവിന്ദാക്ഷന്‍

Spread our news by sharing in social media

മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകയെ അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയിട്ട് ഈ രാജ്യത്ത് ഒരു പ്രക്ഷോഭം വളര്‍ന്നു വരാത്തത് തന്നെ അത്ഭുതപ്പെടുത്തുകയാണെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ പ്രൊഫ.കെ.അരവിന്ദാക്ഷന്‍ പറഞ്ഞു.സ്ത്രീസുരക്ഷാ സമിതി എറണാകുളം മേനക ജംഗ്ഷനില്‍ സംഘടിപ്പിച്ച ജാഗ്രതാകൂട്ടായ്മ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡല്‍ഹിയില്‍ നിര്‍ഭയക്കെതിരെ ആക്രമം നടന്നപ്പോള്‍ രാഷ്ട്രപതിഭവനെപ്പോലും പിടിച്ചുലക്കുന്നതരത്തില്‍ രാജ്യം പ്രക്ഷുബ്ദമായി. അതിനെത്തുടര്‍ന്ന് അധികാരികള്‍ ചില നടപടികള്‍ കൈക്കൊണ്ടെങ്കിലും സ്ത്രീകള്‍ക്കുനേരെയുളള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതുകാണിക്കുന്നത് സര്‍ക്കാര്‍ സ്വീകരിച്ചതായി പറയപ്പെടുന്ന നടപടികളൊന്നും ഫലപ്രദമല്ല എന്നതാണ് അദ്ദേഹം പറഞ്ഞു.

അഖിലേന്ത്യാ മഹിളാ സാംസ്‌ക്കാരിക സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഷൈല കെ.ജോണ്‍ തന്റെ അധ്യക്ഷപ്രസംഗത്തില്‍,നിര്‍ഭയത്തോടെയും, ആത്മവിശ്വാസത്തോടെയും തൊഴില്‍ചെയ്യേണ്ടുന്ന മേഖലയാണ് മാധ്യമ പ്രവര്‍ത്തനം. അതിനുളള സാഹചര്യം സൃഷ്ടിക്കേണ്ടത് ജനാധിപത്യ ഭരണകൂടത്തിന്റെ ചുമതലയാണ്. ഈ ചുമതല ഭരണകര്‍ത്താക്കള്‍ നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ അതിശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ അത്‌നേടിയെടുക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ചൂണ്ടികാട്ടി.

ജാഗ്രത കൂട്ടായ്മയില്‍ സ്ത്രീസുരക്ഷാ സമിതി എറണാകുളം ജില്ലാ സെക്രട്ടറി എം.കെ.ഉഷ, അഡ്വ.ബി.കെ.രാജഗോപാല്‍, ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി ടി.കെ.സുധീര്‍കുമാര്‍, സാമൂഹ്യ പ്രവര്‍ത്തക ജ്യോതിനാരായണന്‍, ലൈല റഷീദ്, കെ.പി ശാന്തകുമാരി,കെ.കെ.വിലാസിനിയമ്മ, കെ.ഒ.സുധീര്‍,കെ.കെ.ശോഭ, കലാ സുധാകരന്‍, കെ.എസ്.ഹരികുമാര്‍,ഷീന, വി.ജി.രാജന്‍, ടി.ഇ.മൈക്കിള്‍, സി.കെ.ബാബു എന്നിവര്‍ പ്രസംഗിച്ചു.

Share this