ബിജെപി-ആര്‍എസ്‌എസ്‌ ഇന്‍ഡ്യന്‍ നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും ഉജ്ജ്വലമായ പാരമ്പര്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു

Spread our news by sharing in social media

(സമുന്നത മാര്‍ക്‌സിസ്റ്റ്‌ ദാര്‍ശനികനും മഹാനായ തൊഴിലാളിവര്‍ഗ്ഗ നേതാവും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) പാര്‍ട്ടിയുടെ സ്ഥാപക ജനറല്‍സെക്രട്ടറിയുമായ സഖാവ്‌ ശിബ്‌ദാസ്‌ഘോഷിന്റെ 38-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ ആഗസ്റ്റ്‌ 5-ന്‌ കൊല്‍ക്കത്തയില്‍ നടന്ന അനുസ്‌മരണസമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍സെക്രട്ടറി സഖാവ്‌ പ്രൊവാഷ്‌ഘോഷ്‌ നടത്തിയ പ്രസംഗത്തിന്റെ തെരഞ്ഞെടത്ത ഭാഗങ്ങളാണ്‌ ഇവിടെ പ്രസിദ്ധീകരിക്കുന്നത്‌. സംഘപരിവാര്‍ ശക്തികള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങളെ മാര്‍ക്‌സിസം-ലെനിനിസം-ശിബ്‌ദാസ്‌ഘോഷ്‌ ചിന്തകളുടെ വെളിച്ചത്തില്‍ ഉജ്ജ്വലമായി വിശകലനം ചെയ്യുന്ന ഈ പ്രസംഗഭാഗം എല്ലാ പുരോഗമന ജനാധിപത്യ വിശ്വാസികള്‍ക്കും മാര്‍ഗ്ഗദര്‍ശനം നല്‍കുമെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു. രാജ്യം ഇന്ന്‌ നേരിടുന്ന രാഷ്‌ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായ വെല്ലുവിളികളെ ശാസ്‌ത്രീയമായി വിശകലനം ചെയ്‌തുകൊണ്ട്‌, വര്‍ഗ്ഗബഹുജനസമരങ്ങള്‍ക്ക്‌ ദിശകാട്ടുന്ന അര്‍ത്ഥസമ്പന്നവും സാമാന്യം ദീര്‍ഘവുമായ ആ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ഒരു പ്രത്യേക പുസ്‌തകമായി പ്രസിദ്ധീകരിക്കുന്നതാണ്‌ — എഡിറ്റര്‍, യൂണിറ്റി.)

ബി.ജെ.പി കുത്തക മുതലാളിത്തത്തിന്റെ ദാസന്മാര്‍

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ തന്നെ കുത്തകകളും വിദേശമുതലാളിമാരും കോര്‍പ്പറേറ്റ്‌ മേഖലയും ബിജെപിയെ അധികാരത്തിലേറ്റാന്‍ തീരുമാനിച്ചിരുന്നു. ഇക്കാലമത്രയും അവര്‍ക്കുവേണ്ടി പ്രവൃത്തിയെടുത്തിരുന്ന കോണ്‍ഗ്രസ്സിനെക്കൊണ്ട്‌ തല്‍ക്കാലം പ്രയോജനമില്ലെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലായിരുന്നു അത്‌. അങ്ങനെ അവര്‍ ബിജെപിക്ക്‌ വേണ്ടി ഭീമമായ തുക മുടക്കി പ്രചാരണം നടത്തി. ഗുജറാത്തിലെ വംശഹത്യയുടെ സൂത്രധാരനെന്ന്‌ കരുതപ്പെടുന്നയാളാണ്‌ നരേന്ദ്രമോഡി. നിരപരാധികളുടെ രക്തം പുരണ്ട കൈകളാണ്‌ അദ്ദേഹത്തിന്റേത്‌. ആ വ്യക്തി മാദ്ധ്യമപ്രചാരണത്തിലൂടെ ഒരു സുപ്രഭാതത്തില്‍ രാജ്യത്തിന്റെ രക്ഷകനായി അവതരിപ്പിക്കപ്പെട്ടു. ഇങ്ങനെയാണ്‌ ബൂര്‍ഷ്വാസി നേതാക്കന്മാരെ സൃഷ്‌ടിക്കുന്നത്‌. അധികാരത്തിലേറിക്കഴിഞ്ഞാല്‍ ബൂര്‍ഷ്വാസിയുടെയും കുത്തകകളുടെയും ആജ്ഞകള്‍ അക്ഷരംപ്രതി നിറവേറ്റിക്കൊള്ളാമെന്ന്‌ ബിജെപി അവരുമായി കരാറിലേര്‍പ്പെട്ടു. അധികാരലബ്‌ധിയെത്തുടര്‍ന്ന്‌ അവര്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌ കൃത്യമായും അതാണ്‌. അതേ സമയം, ബിജെപിക്ക്‌ ആശയപരമായി രക്ഷാകര്‍തൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന ആര്‍എസ്‌എസിന്‌ വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളിലും ആശയമണ്‌ഡലത്തിലും അവരുടെ ഹിന്ദുത്വ പ്രത്യയശാസ്‌ത്രം പ്രചരിപ്പിക്കാനുളള അവസരം ലഭിച്ചിരിക്കുന്നു. ഒറ്റയടിക്ക്‌ പ്രതിരോധവും റെയില്‍വേയും ഇന്‍ഷുറന്‍സുമുള്‍പ്പെടെയുള്ള മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം, കൂടുതല്‍ പൊതുമേഖലകളുടെ സ്വകാര്യവല്‌ക്കരണം തുടങ്ങിയ നടപടികളുടെ ഒരു പരമ്പര തന്നെ ബിജെപി നടപ്പില്‍ വരുത്തി. കോണ്‍ഗ്രസ്സും രാഷ്‌ട്രീയ തീരുമാനപ്രകാരമുളള നടപടികളെന്ന നിലയില്‍ ഇതെല്ലാം നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നതാണ്‌. എന്നാല്‍ സഖ്യകക്ഷികളുടെ തടസ്സങ്ങള്‍ മൂലം എല്ലാം നടപ്പിലാക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. ബിജെപി റെയില്‍വേ യാത്രക്കൂലിയും ചരക്കുകൂലിയും ഒറ്റയടിക്ക്‌ ഭീമമായി വര്‍ദ്ധിപ്പിക്കുകയുണ്ടായി. ജനക്ഷേമത്തിന്‌ വേണ്ടി പരിമിതമായെങ്കിലും ഏര്‍പ്പെടുത്തിയിരുന്ന സബ്‌സിഡികള്‍ ബിജെപി പിന്‍വലിക്കുകയാണ്‌. ഇന്ധനവിലകള്‍ വര്‍ദ്ധിപ്പിക്കുന്നു. ചില കയ്‌പുള്ള ഗുളികകള്‍ കഴിച്ചേ തീരൂവെന്ന്‌ പറഞ്ഞാണ്‌ അവര്‍ ജനങ്ങളുടെ മേല്‍ ഇതെല്ലാം അടിച്ചേല്‌പിക്കുന്നത്‌. കയ്‌പ്പുള്ള കൂടുതല്‍ ഗുളികകള്‍ ഇനിയും വരാനിരിക്കുന്നു. ബിജെപിയുടെ ധനകാര്യമന്ത്രി ഒരു പുതിയ സിദ്ധാന്തം അവതരിപ്പിച്ചിരിക്കുന്നു. �ബിസിനസ്സിന്‌ അനുകൂലമായിരിക്കുകയെന്നാല്‍ പാവങ്ങള്‍ക്ക്‌ അനുകൂലമായിരിക്കുക എന്ന്‌ തന്നെയാണര്‍ത്ഥം� എന്നതാണ്‌ ആ സിദ്ധാന്തം. സമ്പന്നരുടെ പണച്ചാക്കുകള്‍ എത്ര വീര്‍ക്കുന്നുവോ അത്രയും ഗുണം പാവങ്ങള്‍ക്ക്‌ കിട്ടും എന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. പണക്കാര്‍ കാരുണ്യം തോന്നി പാവങ്ങള്‍ക്ക്‌ ഭിക്ഷ നല്‍കുമത്രേ. സമ്പന്നര്‍ സമ്പന്നരായത്‌ പാവങ്ങള്‍ക്ക്‌ അവകാശപ്പെട്ടത്‌ അപഹരിച്ചിട്ടാണെന്ന്‌ സാധാരണ ജനങ്ങള്‍ക്കറിയാം. തൊഴിലാളികളെ ചൂഷണം ചെയ്‌താണ്‌ മുതലാളിമാര്‍ ലാഭമുണ്ടാക്കുന്നത്‌. എന്നാല്‍ ബിജെപിയും അവരുടെ മന്ത്രിയും പറയുന്നത്‌ മുതലാളിമാര്‍ക്ക്‌ എന്തുമാത്രം ലാഭമുണ്ടാകുമോ അത്രയും കണ്ട്‌ പാവങ്ങള്‍ക്ക്‌ മെച്ചമുണ്ടാകുമെന്നാണ്‌. ബിസിനസ്സിനനൂകൂലമെന്നാല്‍ പാവങ്ങള്‍ക്കനുകൂലം എന്ന സിദ്ധാന്തത്തിന്റെ സാരാംശം ഇതാണ്‌.
എന്നാല്‍, ഏറ്റവും അപകടം തീവ്ര ഹിന്ദുത്വ പ്രചാരണമാണ്‌. പാഠപുസ്‌തകങ്ങളില്‍ മതവിദ്യാഭ്യാസം ഉള്‍പ്പെടുത്തണമെന്ന ഒരു ചര്‍ച്ച ഇതിനകം തുടങ്ങിക്കഴിഞ്ഞതായി നിങ്ങള്‍ക്കറിയാം. അത്‌ പുതിയ കാര്യമല്ല. കോണ്‍ഗ്രസ്സ്‌ തന്നെ അത്തരമൊരാശയം മുന്നോട്ടുവച്ചിട്ടുണ്ട്‌. രണ്ടാം ലോകയുദ്ധാനന്തരം, ജര്‍മ്മനിയുടെയും ഇറ്റലിയുടെയും പരാജയത്തോടെ ഫാസിസം പരാജയപ്പെട്ടിരിക്കുന്നുവെന്ന വാദം പ്രചാരം നേടിയപ്പോള്‍ സഖാവ്‌ ശിബ്‌ദാസ്‌ഘോഷ്‌ അതിനോട്‌ വിയോജിക്കുകയുണ്ടായി. ജര്‍മ്മനിയുടെയും ഇറ്റലിയുടെയും പതനത്തിന്‌ ഫാസിസം പരാജയപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്ന്‌ അര്‍ത്ഥമില്ല എന്നദ്ദേഹം അഭിപ്രായപ്പെട്ടു. വികസിതമോ അവികസിതമോ ആയ എല്ലാ മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങളിലെയും ഒരു സാമാന്യ സ്വഭാവമായി ഫാസിസം പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നുപറഞ്ഞുകൊണ്ട്‌ അദ്ദേഹം ചൂണ്ടിക്കാട്ടി: മൂലധനം ഇന്നത്തേതുപോലെ കുത്തകകളുടെ കൈയില്‍ കേന്ദ്രീകൃതമായിത്തീര്‍ന്നിട്ടില്ലാതിരുന്ന കാലത്ത്‌, ചെറുകിട മൂലധനം മാത്രം നിലനില്‍ക്കുകയും സ്വതന്ത്രമത്സരം പ്രാബല്യത്തിലിരിക്കുകയും ചെയ്‌തിരുന്ന കാലത്ത്‌, മുതലാളിത്തം ഉദാര ജനാധിപത്യത്തിന്‌ വേണ്ടി നിലകൊണ്ടു. കുത്തക പ്രത്യക്ഷപ്പെടുകയും മൂലധനത്തിന്റെ കേന്ദ്രീകരണം സംഭവിക്കുകയും ചെയ്‌തതോടെ ആ ഉദാരജനാധിപത്യം തിരോഭവിക്കുകയും ഫാസിസത്തിന്റെ സാമ്പത്തികാടിത്തറ സ്ഥാപിതമാവുകയും ചെയ്‌തു. അധികാരം ഭരണസംവിധാനത്തിന്റെയും ഉദ്യോഗസ്ഥമേധാവിത്വത്തിന്റെയും പക്കല്‍ കേന്ദ്രീകരിക്കപ്പെടുന്നതും ഫാസിസത്തിന്റെ രാഷ്‌ട്രീയ സ്വഭാവവിശേഷമാണ്‌. ഫാസിസത്തിന്‍ കീഴില്‍ ശാസ്‌ത്രീയ കാഴ്‌ചപ്പാടോ യുക്തിസഹമായ ചിന്തയോ സ്വതന്ത്രമായ സംവാദത്തിനുള്ള അവസരമോ ഉണ്ടാവുകയില്ല, മറിച്ച്‌ മതത്തിന്റേതുപോലെയുളള അന്ധമായ വിശ്വാസത്തിന്‌ മാത്രമേ സ്ഥാനമുണ്ടാവുകയുള്ളു എന്നും സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌ ചൂണ്ടിക്കാട്ടുകയുണ്ടായി. യന്ത്രങ്ങളും ആയുധങ്ങളും ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടി മാത്രമായിരിക്കും ശാസ്‌ത്രത്തെ ഉപയോഗപ്പെടുത്തുക. ചിന്താമണ്‌ഡലത്തില്‍ ശാസ്‌ത്രത്തിന്റെ സാങ്കേതികവശങ്ങളുടെയും ആത്മീയവാദത്തിന്റെയും ലയനം സംഭവിക്കും. ഇതാണ്‌ ഫാസിസ്റ്റ്‌ സംസ്‌കാരം. രാജ്യത്ത്‌ ആദ്യം ഇത്‌ ആരംഭിച്ചത്‌ കോണ്‍ഗ്രസ്സ്‌ ആയിരുന്നു. ഇന്ന്‌ ഈ പദ്ധതി ആര്‍എസ്‌എസിലൂടെ കൂടുതല്‍ വിപുലമായ തോതില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌ ഇന്‍ഡ്യന്‍ മുതലാളിത്തം.
നവോത്ഥാന നായകന്മാരുടെ ആദര്‍ശങ്ങളെ ആര്‍എസ്‌എസ്‌ ചവിട്ടിയരയ്‌ക്കുന്നു
സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഭഗവത്‌ഗീതയും വേദാന്തവും ഉള്‍പ്പെടുത്തണമെന്ന വാദം ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്‌. ഗുജറാത്തിലും മദ്ധ്യപ്രദേശിലും അതിന്‌ തുടക്കമിട്ടുകഴിഞ്ഞു. ഗീതയും രാമായണവും മഹാഭാരതവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ഒരു ജഡ്‌ജിയും ഉപദേശിച്ചിരിക്കുന്നു. യുഗങ്ങളുടെ പഴക്കമുളളതും കാലഹരണപ്പെട്ടതുമായ ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും മദ്ധ്യകാലഘട്ടത്തിന്റേതായ ഇരുട്ടിന്റെയും പിടിയിലായിരുന്ന ഇന്‍ഡ്യന്‍ സമൂഹത്തെ അറിവിന്റെ വെളിച്ചത്തിലേയ്‌ക്ക്‌ ആനയിച്ചത്‌, നവോത്ഥാനത്തിന്റെ പുലരിയില്‍ രാജാ റാം മോഹന്‍ റോയ്‌ ആയിരുന്നുവെന്ന്‌ നിങ്ങള്‍ക്കറിയാം. അദ്ദേഹം സംസ്‌കൃതവും വേദാന്തവും പഠിപ്പിക്കുന്നതിന്‌ എതിരായിരുന്നു. അദ്ദേഹം പറഞ്ഞു: �ഈ രാജ്യത്തെ ഇരുട്ടില്‍ തളച്ചിടുകയെന്നതാണ്‌ ബ്രിട്ടീഷ്‌ നിയമനിര്‍മ്മാണസഭയുടെ നയമെങ്കില്‍, അതിന്‌ ഏറ്റവും യോജിച്ച ഒന്നാണ്‌ സംസ്‌കൃത വിദ്യാഭ്യാസ സമ്പ്രദായം. എന്നാല്‍, തദ്ദേശീയ ജനതയുടെ പുരോഗതിയാണ്‌ ഗവണ്മെന്റിന്റെ ഉദ്ദേശ്യം എന്നതിനാല്‍ ഗവണ്മെന്റ്‌, ഗണിതവും പ്രകൃതി തത്ത്വചിന്തയും രസതന്ത്രവും ശരീരഘടനാശാസ്‌ത്രവും, ഒപ്പം ഉപയോഗപ്രദമായ മറ്റ്‌ ശാസ്‌ത്രങ്ങളും, ഉള്‍പ്പെടുന്നതും കൂടുതല്‍ ഉദാരവുമായ ഒരു ബോധനസമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കും.കാണുന്ന വസ്‌തുക്കള്‍ക്കൊന്നും യഥാര്‍ത്ഥത്തിലുള്ള നിലനില്‌പില്ലെന്ന്‌ പഠിപ്പിക്കുന്ന വേദാന്ത തത്ത്വത്തിലൂടെ യുവാക്കള്‍ സമൂഹത്തിലെ മെച്ചപ്പെട്ട അംഗങ്ങളായിത്തീരുകയുമില്ല. ഗവണ്മെന്റ്‌, ഇന്‍ഡ്യയില്‍ നിലനിന്നുവരുന്ന തരത്തിലുള്ള വിജ്ഞാനം പകര്‍ന്നു നല്‍കുന്നതിനായി ഹിന്ദു പണ്‌ഡിറ്റുകളുടെ കീഴില്‍ സംസ്‌കൃതം സ്‌കൂളുകള്‍ തുടങ്ങുന്നതായാണ്‌ ഇപ്പോള്‍ കാണുന്നത്‌. രണ്ടായിരം കൊല്ലം മുമ്പ്‌ അറിയാമായിരുന്ന കാര്യങ്ങള്‍, ഊഹാപോഹങ്ങള്‍ നടത്തുന്നതില്‍ സമര്‍ത്ഥരായ ചിലര്‍ പിന്നീട്‌ സൃഷ്‌ടിച്ച വ്യര്‍ത്ഥവും അര്‍ത്ഥശൂന്യവുമായ വ്യാഖ്യാനങ്ങള്‍ സഹിതം, ആണ്‌ അവിടെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിക്കാന്‍ പോകുന്നത്‌�.1 രാജാ റാം മോഹന്റെ വാക്കുകളാണിവ. ആര്‍എസ്‌എസ്‌-ബിജെപിയുടെ അഭിപ്രായങ്ങള്‍ രാജാ റാം മോഹന്റെ പാഠങ്ങള്‍ക്കെതിരാണ്‌. റാം മോഹന്റെ കാല്‌പാടുകളെ പിന്തുടര്‍ന്നാണ്‌ വിദ്യാസാഗര്‍ വന്നത്‌. വിദ്യാസാഗര്‍ ഏതാനും ചുവടുകള്‍ മുന്നോട്ട്‌ വച്ചു. അദ്ദേഹം പറഞ്ഞു: �ചില കാരണങ്ങളാല്‍… സംസ്‌കൃതകോളേജില്‍ വേദാന്തവും സാംഖ്യവും തുടര്‍ന്നും പഠിപ്പിക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്‌. എന്നാല്‍, വേദാന്തവും സാംഖ്യവും തെറ്റായ തത്ത്വചിന്താപദ്ധതികളാണെന്നത്‌ ഇപ്പോള്‍ നിസ്‌തര്‍ക്കമായ കാര്യമാണ്‌.�2 നോക്കൂ, വിദ്യാസാഗര്‍ പറഞ്ഞത്‌ �വേദങ്ങളും വേദാന്തവും തെറ്റായ ദാര്‍ശനിക പദ്ധതികളാണ്‌� എന്നാണ്‌. ശ്രീ രാമകൃഷ്‌ണ പരമഹംസര്‍ വിദ്യാസാഗറിന്റെ വീട്ടില്‍ ചെന്ന്‌ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്‌. വിവേകാനന്ദന്‌ വിദ്യാസാഗറിനോട്‌ അഗാധമായ ആദരവുണ്ടായിരുന്നു. പൂര്‍വ്വേന്ത്യയില്‍ താന്‍ ഉള്‍പ്പെടെയുള്ള യുവാക്കള്‍ ഒന്നടങ്കം വിദ്യാസാഗറില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ടവരാണെന്ന്‌ വിവേകാനന്ദന്‍ തന്നെ പറഞ്ഞിട്ടുണ്ട്‌. വിദ്യാസാഗര്‍ വേദ-വേദാന്തത്തെ തെറ്റായ തത്ത്വചിന്താപദ്ധതി എന്ന്‌ വിശേഷിപ്പിച്ചിട്ടുള്ള കാര്യം വിവേകാനന്ദന്‌ അറിയാമായിരുന്നു. വിദ്യാസാഗര്‍ നിരീശ്വരവാദിയായിരുന്നുവെന്നും ശ്രീരാമകൃഷ്‌ണനും വിവേകാനന്ദനും അറിയാമായിരുന്നു. വിദ്യാസാഗര്‍ പറയുകയുണ്ടായി: �സംസ്‌കൃതം കോഴ്‌സിന്റെ ഭാഗമായി അവ (വേദാന്തവും സാംഖ്യവും – എഡിറ്റര്‍,യൂണിറ്റി) പഠിപ്പിക്കുമ്പോള്‍ത്തന്നെ, അവയുടെ സ്വാധീനത്തിന്‌ പരിഹാരമുണ്ടാക്കുന്നതിനു വേണ്ടി, ഇംഗ്ലീഷ്‌കോഴ്‌സിന്റെ ഭാഗമായി ശരിയായ തത്ത്വചിന്ത കൊണ്ട്‌ നാം അവയെ എതിര്‍ക്കുകയും വേണം…ഇന്‍ഡ്യയിലെ പഠിപ്പുള്ളവരുടെയിടയിലുള്ള അന്ധവിശ്വാസങ്ങള്‍ അറേബ്യയിലെ കലീഫയുടേതിനെക്കാള്‍ ഒട്ടും കുറഞ്ഞവയല്ല എന്ന്‌ പറയേണ്ടി വരുന്നതില്‍ എനിക്ക്‌ ലജ്ജയുണ്ട്‌. അവരുടെ ശാസ്‌ത്രങ്ങള്‍ എല്ലാം സര്‍വ്വജ്ഞരായ ഋഷിമാരില്‍ നിന്ന്‌ ഉടലെടുത്തവയാണെന്നും, അതിനാല്‍ അവയില്‍ ഒരു തെറ്റും ഉണ്ടാവുക സാദ്ധ്യമല്ലെന്നും അവര്‍ വിശ്വസിക്കുന്നു.�2 ഇങ്ങനെയാണ്‌ വിദ്യാസാഗര്‍ മതഗ്രന്ഥങ്ങള്‍ക്കെതിരെ പറഞ്ഞത്‌. അദ്ദേഹം പറഞ്ഞു: �ബംഗാളിയും ഇംഗ്ലീഷും – ഈ രണ്ട്‌ ഭാഷകളും അറിയുന്നവരും, അതേ സമയം തന്നെ മതപരമായ മുന്‍വിധികളില്‍ നിന്ന്‌ മുക്തി നേടിയവരുമായ അദ്ധ്യാപകരെ നമുക്കാവശ്യമുണ്ട്‌.�3
ഇതാണ്‌ പണ്‌ഡിറ്റ്‌ ഈശ്വരചന്ദ്ര വിദ്യാസാഗര്‍. അദ്ദേഹം തന്നെ നാല്‌ പാഠപുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. ദൈവത്തെക്കുറിച്ചുളള ഒരു ചര്‍ച്ചയും ആ പുസ്‌തകങ്ങളിലില്ല. അദ്ദേഹം ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല. അദ്ദേഹം ഉപദേശിച്ചു: �ഭൂമിശാസ്‌ത്രം, ചരിത്രം, ജീവചരിത്രം, ഗണിതം, ജ്യാമിതി, പ്രകൃതി തത്ത്വചിന്ത, അര്‍ത്ഥശാസ്‌ത്രം, ശരീരധര്‍മ്മശാസ്‌ത്രം എന്നിവയാണ്‌ പഠിപ്പിക്കേണ്ടത്‌.�3 ഇത്തരത്തിലായിരുന്നു അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട്‌. ഇന്‍ഡ്യന്‍ നവോത്ഥാനത്തിന്റെ നായകന്മാരായിരുന്ന റാം മോഹനും ഈശ്വരചന്ദ്ര വിദ്യാസാഗറും മതവിദ്യാഭ്യാസത്തെ എതിര്‍ക്കുകയും, പ്രകൃതി തത്ത്വചിന്തയുടെയും ശാസ്‌ത്രപഠനത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്‌തിരുന്നുവെന്ന്‌ കാണാന്‍ കഴിയും. പക്ഷെ, കോണ്‍ഗ്രസ്സ്‌ അതിന്‌ നേരെ വിപരീതമായാണ്‌ പ്രവര്‍ത്തിച്ചത്‌. ഇപ്പോള്‍ ആര്‍എസ്‌എസും ബിജെപിയും അതിന്‌ കൂടുതല്‍ വ്യാപ്‌തി നല്‍കുകയാണ്‌.
രവീന്ദ്രനാഥ്‌ ടാഗോര്‍ ഒരു വിശ്വാസിയായിരുന്നുവെങ്കില്‍പ്പോലും അദ്ദേഹം ഇങ്ങനെ പറഞ്ഞു: �മതം നല്‍കുന്ന മിഥ്യാബോധം മനുഷ്യന്റെ ചൈതന്യം കെടുത്തുന്നു. അത്‌ അവന്റെ ബുദ്ധിയെ രക്തത്തിലും മാംസത്തിലും അലിഞ്ഞുചേര്‍ന്ന അര്‍ത്ഥശൂന്യവും ജഡവുമായ ആചാരത്തിന്റെ കെട്ടുപാടുകളില്‍പ്പെടുത്തുന്നു. ബുദ്ധി ബന്ധനസ്ഥമായിരിക്കുന്നിടത്ത്‌ മനുഷ്യത്വം ഞെരിച്ചമര്‍ത്തപ്പെടുന്നു. അത്തരത്തിലുള്ള ഭാഗ്യഹീനമായ രാജ്യത്ത്‌ ഭൗതികവും മാനസികവും രാഷ്‌ട്രീയവുമായ എല്ലാ ദൗര്‍ഭാഗ്യങ്ങളും വിശദീകരണമില്ലാതെയും സ്ഥായിയായും നില നില്‍ക്കുന്നു.�4 ശരത്‌ചന്ദ്ര ചാറ്റര്‍ജി പറഞ്ഞു: ഒരു മതഗ്രന്ഥത്തിനും അപ്രമാദിത്വമുണ്ടാവുക സാദ്ധ്യമല്ല. വേദവും മതഗ്രന്ഥമാണ്‌. അതിനാല്‍ അതിലും അബദ്ധങ്ങള്‍ക്ക്‌ ഒരു കുറവുമില്ല… എല്ലാ മതങ്ങളും കപടമാണ്‌ – പ്രാകൃതയുഗങ്ങളിലെ അന്ധവിശ്വാസങ്ങള്‍. മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം, അതിലും വലിയ ശത്രുവില്ല… മനുഷ്യന്‍ ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ സവിശേഷമായ പാരമ്പര്യത്തിന്‌ വേണ്ടി സൃഷ്‌ടിക്കപ്പെട്ടവനല്ല. മനുഷ്യന്‍ മൂലമാണ്‌ പാരമ്പര്യ സവിശേഷതകള്‍ വിലമതിക്കപ്പെടുന്നത്‌. ആ പാരമ്പര്യം ഇന്ന്‌ മനുഷ്യരാശിക്ക്‌ ഗുണകരമാണോ എന്നതാണ്‌ കാതലായ പ്രശ്‌നം. അതൊഴികെ മറ്റെല്ലാം അന്ധമായ മിഥ്യാധാരണകളാണ്‌. മനുഷ്യന്റെ പാരമ്പര്യം മനുഷ്യനെക്കാള്‍ വലുതല്ല. അത്‌ മറക്കുമ്പോള്‍ നമുക്ക്‌ മനുഷ്യനെയും നഷ്‌ടപ്പെടുന്നു, അവന്റെ പാരമ്പര്യത്തെയും നഷ്‌ടപ്പെടുന്നു.�5 ആ നാളുകളിലെ നവോത്ഥാനത്തിന്റെ ധീരമായ ശബ്‌ദമാണിത്‌. എന്നാല്‍ കോണ്‍ഗ്രസ്സും അതേ പോലെ തന്നെ ആര്‍എസ്‌എസ്‌-ബിജെപിയും, ഒരു ഫാസിസ്റ്റ്‌ മനോഘടന സൃഷ്‌ടിക്കുന്നതിന്‌ വേണ്ടി, ഈ മഹാന്മാരായ നവോത്ഥാന നായകന്മാരുടെ ചിന്തകളെ എതിര്‍ക്കുകയാണ്‌.
സുഭാഷ്‌ ചന്ദ്രബോസിന്റെ
അഭിപ്രായങ്ങള്‍
ഇനി ഞാന്‍ മറ്റൊരു സംഭവം പറയാം. രണ്ടാം ലോകയുദ്ധത്തിന്‌ തൊട്ടുമുമ്പായി സുഭാഷ്‌ബോസ്‌ ഇന്‍ഡ്യ വിടുന്നതിന്‌ മുമ്പ്‌ അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു. അതിന്‌ മുമ്പ്‌ ആലിപ്പൂര്‍ ജയിലിലും. ജയിലില്‍ വച്ച്‌ ചില ആവശ്യങ്ങളുന്നയിച്ചുകൊണ്ട്‌ അദ്ദേഹം മരണം വരെ നിരാഹാരസമരം ആരംഭിച്ചു. ബ്രിട്ടീഷുകാര്‍ തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയില്ല എന്നായിരുന്നു അദ്ദേഹം വിചാരിച്ചിരുന്നത്‌. അതിനാല്‍, താനും ജതിന്‍ദാസിനെപ്പോലെ രക്തസാക്ഷിത്വം വരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ആ നാളുകളില്‍ അദ്ദേഹം രണ്ട്‌ ലേഖനങ്ങള്‍ എഴുതുകയുണ്ടായി. തന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശമായിരുന്നു അതിലൊന്ന്‌. മറ്റേത്‌ ഇന്‍ഡ്യയിലെ യുവജനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും. സുഭാഷ്‌ബോസ്‌ ആദ്യനാളുകളില്‍ വേദാന്തവിശ്വാസിയും ഭൗതികവാദത്തിന്റെ എതിരാളിയുമായിരുന്നുവെന്ന കാര്യം ഇവിടെ സ്‌മരണീയമാണ്‌. എന്നാല്‍, പില്‍ക്കാലത്ത്‌ അദ്ദേഹം ഹെഗലിയന്‍ ദ്വന്ദ്വവാദത്തിന്റെ ഭാഗത്തേയ്‌ക്ക്‌ ക്രമേണ ചായുകയുണ്ടായി. അദ്ദേഹം എഴുതി: �പ്രതിഭാസങ്ങളുടേതായ ലോകത്തിന്റെ സ്വഭാവം എന്തെന്ന പ്രശ്‌നത്തെ സംബന്ധിച്ചിടത്തോളം, ശാസ്‌ത്രം ഇന്നോളം വെളിപ്പെടുത്തിയ കാര്യങ്ങള്‍ കണക്കിലെടുക്കുകയും, തുറന്ന മനസ്സോടുകൂടിയുളള ഒരു സമീപനം സ്വീകരിക്കുകയും ചെയ്യുന്നതാണ്‌ നല്ലത്‌. ശാസ്‌ത്രം മുന്നേറുന്നതിനനുസരിച്ച്‌ കൂടുതല്‍ വെളിച്ചം ലഭിക്കുമെന്നുറപ്പാണ്‌. അതേ സമയംതന്നെ, ഭൗതികവാദത്തിന്റെ പഴയ ധാരണ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നുവെന്ന്‌ നാം ഓര്‍ക്കണം. അത്‌, ഒരുവശത്ത്‌ ശാസ്‌ത്രീയ ഗവേഷണങ്ങളുടെയും മറുവശത്ത്‌ ദാര്‍ശനികമായ യുക്തിവിചാരത്തിന്റെയും സങ്കല്‌പങ്ങളുടെയും ആക്രമണത്തിന്‌ വിധേയമായിരുന്നു.�6 ശാസ്‌ത്രീയമായ കണ്ടുപിടിത്തങ്ങളുടെയും യുക്തിചിന്തയുടെയും വെളിച്ചത്തില്‍ തെറ്റെന്ന്‌ തെളിയിക്കപ്പെട്ട പഴയ ഭൗതികവാദത്തില്‍ തനിക്ക്‌ വിശ്വാസമുണ്ടായിരുന്നില്ലെങ്കിലും, സത്യം കണ്ടെത്താനുള്ള ഉപാധിയായി അദ്ദേഹം ശാസ്‌ത്രത്തെ മാത്രമാണ്‌ ചൂണ്ടിക്കാട്ടിയത്‌ എന്ന്‌ ഇത്‌ കാണിക്കുന്നു. ഇന്‍ഡ്യയിലെ യുവജനതയ്‌ക്ക്‌, ചെറുപ്പത്തില്‍ തനിക്ക്‌ സംഭവിച്ചതുപോലെ തെറ്റുപറ്റരുത്‌ എന്ന്‌ കരുതിയാണ്‌ അദ്ദേഹം ഈ വരികള്‍ എഴുതിയത്‌. ബിജെപി പറയുന്നതും ചെയ്യാന്‍ തുനിയുന്നതുമായ കാര്യങ്ങള്‍ റാം മോഹനും വിദ്യാസാഗറും രവീന്ദ്രനാഥ്‌ ടാഗോറും ശരത്‌ചന്ദ്രചാറ്റര്‍ജിയും സുഭാഷ്‌ചന്ദ്രബോസും പറഞ്ഞതിന്‌ നേര്‍ വിപരീതമാണെന്ന്‌ വ്യക്തമാക്കാന്‍ വേണ്ടിയാണ്‌ ഞാന്‍ ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്‌. അപ്പോള്‍ ഇതില്‍ ആരെയാണ്‌ നാം അനുഗമിക്കേണ്ടത്‌? നിങ്ങള്‍ മാര്‍ക്‌സിസം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍പ്പോലും, പശ്ചിമ ബംഗാളിലെ, ഇന്‍ഡ്യയിലെ, പൗരന്മാരെന്ന നിലയില്‍ ചിന്തിക്കണം: ഈ മഹാന്മാരെ നിരാകരിച്ചിട്ട്‌ നാം പൊയ്‌പ്പോയ ആ ഇരുളടഞ്ഞ നാളുകളിലേയ്‌ക്ക്‌ മടങ്ങിപ്പോകണമോ? വേദങ്ങളും വേദാന്തവും മനുസ്‌മൃതിയും അപ്രമാദങ്ങളാണെന്ന്‌ കരുതപ്പെട്ടിരുന്ന ആ നാളുകളിലേയ്‌ക്ക്‌ നാം മടങ്ങിപ്പോകണമോ? ഈ കാലഹരണപ്പെട്ട ആശയങ്ങള്‍ക്കെതിരെയാണ്‌ റാം മോഹനും വിദ്യാസാഗറും രവീന്ദ്രനാഥും ശരത്‌ചന്ദ്രനും സുഭാഷ്‌ചന്ദ്രനും നസ്രുള്‍ ഇസ്ലാമും പോരാട്ടം നടത്തിയത്‌. ഇവിടെ നാം ഏത്‌ മാര്‍ഗ്ഗം അവലംബിക്കണം? ഈ വിഷയം നിങ്ങള്‍ ഗാഢമായി ചിന്തിക്കണം.
ആര്‍.എസ്‌.എസിന്റെയും ബിജെപിയുടെയും ആശയങ്ങള്‍ സ്വാമി വിവേകാനന്ദന്റെ പാഠങ്ങള്‍ക്കെതിരാണ്‌
ബിജെപിയും ആര്‍എസ്‌.എസും സ്വാമി വിവേകാനന്ദന്റെ ചിത്രം അലങ്കരിച്ചുവയ്‌ക്കുകയും, വിവേകാനന്ദന്റെ അനുയായികളായി സ്വയം അവകാശപ്പെടുകയും ചെയ്യുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്‌? ആര്‍.എസ്‌.എസിന്റെ സിദ്ധാന്തകാരനായ ഗോള്‍വര്‍ക്കര്‍ എഴുതി: �അതിനാല്‍, ഹിന്ദുസ്ഥാനിലെ വിദേശ വംശക്കാര്‍, ഒന്നുകില്‍ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കണം; ഹിന്ദുമതത്തെ ബഹുമാനിക്കാനും ഭക്ത്യാദരപൂര്‍വ്വം കാണാനും പഠിക്കണം; ഹിന്ദുവംശത്തെയും സംസ്‌കാരത്തെയും, അതായത്‌ ഹിന്ദുരാഷ്‌ട്രത്തെ, മഹത്വവല്‍ക്കരിക്കുന്നതല്ലാത്ത യാതൊരുവിധ ആശയവും വച്ചുപുലര്‍ത്താന്‍ പാടില്ല; ഹിന്ദുവംശത്തില്‍ ലയിച്ചുചേരുന്നതിനായി തങ്ങളുടെ വേറിട്ട നിലനില്‌പ്‌ ഉപേക്ഷിക്കണം. അതല്ലെങ്കില്‍, ഹിന്ദുരാഷ്‌ട്രത്തിന്‌ പൂര്‍ണ്ണമായും കീഴ്‌പ്പെട്ട്‌, യാതൊന്നും അവകാശപ്പെടാതെയും വിശേഷാവകാശങ്ങള്‍ക്കോ പ്രത്യേകപരിഗണനയ്‌ക്കോ പോകട്ടെ പൗരാവകാശങ്ങള്‍ക്ക്‌ പോലും അവകാശമില്ലാതെയും ഈ രാജ്യത്ത്‌ ജീവിച്ചുകൊള്ളണം.�7 ഹിന്ദുക്കളല്ലാത്തവര്‍ ഹിന്ദുമതത്തെയും ഹിന്ദുസംസ്‌കാരത്തെയും ഹിന്ദുഭാഷയെയും, അതായത്‌ സംസ്‌കൃതത്തെയും, ബഹുമാനിച്ചുകൊള്ളണം എന്നാണ്‌ അതിനര്‍ത്ഥം. അല്ലെങ്കില്‍ അവര്‍ക്ക്‌ ഈ രാജ്യത്ത്‌ യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല. അതാണ്‌ ആര്‍എസ്‌എസ്‌ മേധാവി ഗോള്‍വര്‍ക്കറുടെ കല്‌പന. ഇനി, വിവേകാനന്ദന്‍ പറഞ്ഞതെന്തെന്ന്‌ നോക്കാം. അദ്ദേഹം പറഞ്ഞു: �ക്രിസ്‌ത്യാനികള്‍ ബുദ്ധമതക്കാരാവുകയോ, മുസ്ലീങ്ങള്‍ ഹിന്ദുക്കളാകുകയോ, ബൗദ്ധന്മാര്‍ ക്രിസ്‌ത്യാനികളാകുകയോ ഒന്നും ചെയ്യേണ്ടതില്ല. മറിച്ച്‌ ഈ മതങ്ങളിലോരോന്നും ഇതര മതങ്ങളുടെ സാരാംശം സ്വാംശീകരിക്കുന്നതിലൂടെ പുഷ്‌ടിപ്പെടുകയും, അതാതിന്റെ പ്രകൃതമനുസരിച്ചും തനിമ നിലനിര്‍ത്തിയും വളര്‍ന്നുവരും….വേദങ്ങളോ ബൈബിളോ ഖുറാനോ ഇല്ലാത്ത ഒരു ലോകം, എന്നാല്‍ വേദങ്ങളുടെയും ബൈബിളിന്റെയും ഖുറാന്റെയും ഉദ്‌ഗ്രഥനത്തിലൂടെ എല്ലാ പ്രവൃത്തികളും നിര്‍വഹിക്കപ്പെടുന്ന ഒരു ലോകം, അങ്ങനെയൊരു ഘട്ടത്തിലേയ്‌ക്ക്‌ മനുഷ്യരാശിയെ നയിക്കാനാണ്‌ നാം ആഗ്രഹിക്കുന്നത്‌… നാം എല്ലാ മതങ്ങളോടും സഹിഷ്‌ണുത പുലര്‍ത്തുക മാത്രമല്ല, അവയെല്ലാം സത്യമാണെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്നു.�8,9 അപ്പോള്‍ ഇതില്‍ ആരാണ്‌ യഥാര്‍ത്ഥ ഹിന്ദു? വിവേകാനന്ദനോ അതോ ആര്‍എസ്‌എസ്‌ ബിജെപിയോ? വിവേകാനന്ദന്‍ ഇങ്ങനെയും പറഞ്ഞു: �എനിക്കൊരു മകനുണ്ടായിരുന്നെങ്കില്‍ അവനെ ഏകാഗ്രത പരിശീലിപ്പിക്കുകയും ഒരു ഖണ്‌ഡിക പ്രാര്‍ത്ഥനയും മന്ത്രോച്ഛാരണവും പഠിപ്പിക്കുമെന്നല്ലാതെ പ്രത്യേകിച്ച്‌ ഏതെങ്കിലും മതപാഠങ്ങള്‍ പഠിപ്പിക്കുമായിരുന്നില്ല. വളര്‍ന്നുവരുന്നതനുസരിച്ച്‌, പല അഭിപ്രായങ്ങളും ഉപദേശങ്ങളും കേള്‍ക്കുന്നതില്‍ നിന്ന്‌ തനിക്ക്‌ സത്യമെന്ന്‌ ബോദ്ധ്യപ്പെടുന്ന ചിലത്‌ അവന്‌ ലഭിക്കും. ഒരേ സമയം, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെയും പ്രത്യേകിച്ച്‌ ഒരു സംഘര്‍ഷവുമില്ലാതെയും, എന്റെ മകന്‌ ബൗദ്ധനും ഭാര്യയ്‌ക്ക്‌ ക്രിസ്‌ത്യാനിയും എനിക്ക്‌ മുസ്ലീമും ആയിരിക്കാന്‍, തികച്ചും സ്വാഭാവികമായിത്തന്നെ, സാധിക്കും.�10 അപ്പോള്‍ നാം വിവേകാനന്ദനെ ഹിന്ദുവെന്ന്‌ വിളിക്കണമോ അതോ ആര്‍എസ്‌എസ്‌-ബിജെപിയെ ഹിന്ദുവെന്ന്‌ വിളിക്കണമോ എന്ന്‌ നിങ്ങള്‍ തന്നെ ചിന്തിക്കുക.
മുസ്ലീം രാജാക്കന്മാരും ചക്രവര്‍ത്തിമാരും വാളിന്റെ ബലത്തില്‍ ഈ രാജ്യത്ത്‌ ഇസ്ലാം മതം പ്രചരിപ്പിച്ചുവെന്നാണ്‌ ആര്‍എസ്‌എസ്‌-ബിജെപി പറയുന്നത്‌. എന്നാല്‍, വിവേകാനന്ദന്‍ പറഞ്ഞു: �മുസ്ലീങ്ങള്‍ ഇന്‍ഡ്യ കീഴടക്കിയതോടെ പാവങ്ങള്‍ വിമോചനത്തിന്റെ രുചിയറിഞ്ഞു. അതുകൊണ്ടാണ്‌ ഈ രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്ന്‌ ഭാഗവും മുസ്ലീങ്ങളായത്‌. ആയുധത്തിന്റെ ബലം കൊണ്ടല്ല അത്‌ സംഭവിച്ചത്‌. ആയുധത്തിന്റെയും നശീകരണപ്രവൃത്തികളുടെയും ബലത്തിലാണ്‌ അത്‌ സംഭവിച്ചതെന്ന്‌ ചിന്തിക്കുന്നത്‌ തികഞ്ഞ ഭ്രാന്താണ്‌. പാവങ്ങള്‍ ജമീന്ദാരന്മാരുടെയും പുരോഹിതന്മാരുടെയും പിടിയില്‍ നിന്നുള്ള മോചനം ആഗ്രഹിച്ചിരുന്നു.�11�അധഃസ്ഥിത ജാതിക്കാരായ പാവപ്പെട്ട ഹിന്ദുക്കള്‍ ഹിന്ദുക്കളായ ജമീന്ദാരന്മാരുടെയും പുരോഹിതന്മാരുടെയും മര്‍ദ്ദനത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ വേണ്ടിയാണ്‌ മുസ്ലീങ്ങളായത്‌ എന്നര്‍ത്ഥം. ഇത്‌ പറയുന്നത്‌ സാക്ഷാല്‍ വിവേകാനന്ദന്‍. അപ്പോള്‍ ആരാണ്‌ ശരി? വിവേകാനന്ദനോ ആര്‍എസ്‌എസോ? വിവേകാനന്ദന്റെ ചിത്രവുമേന്തിനടക്കാന്‍ ആര്‍എസ്‌എസിന്‌ എന്തെങ്കിലും ധാര്‍മ്മികാവകാശമുണ്ടോ?
ബിജെപി നേതാക്കള്‍ ചരിത്രസ്‌മാരകമായിരുന്ന ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തു. താലിബാന്‍കാര്‍ അഫ്‌ഘാനിസ്ഥാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ത്തതിന്‌ തുല്യം ഹീനമായ നടപടിയായിരുന്നു അത്‌. ബാബ്‌റി മസ്‌ജിദില്‍ ആരും പ്രാര്‍ത്ഥന നടത്തിയിരുന്നില്ല. പ്രത്യേകിച്ച്‌ ആരും ഉപയോഗിക്കാതെ കിടന്നിരുന്ന പഴയ ഒരു കെട്ടിടമായിരുന്നു അത്‌. പുരാണത്തിലെ സാങ്കല്‌പിക കഥാപാത്രമായ രാമന്റെ പേരിലുള്ള വികാരം കുത്തിപ്പൊക്കി ബിജെപി-ആര്‍എസ്‌എസ്‌ ആ കെട്ടിടം ഇടിച്ചുനിരത്തി. തെരഞ്ഞെടുപ്പില്‍ വോട്ട്‌ നേടുക എന്ന ലക്ഷ്യം മാത്രമായിരുന്നു അതിന്‌ പിന്നില്‍. മുമ്പും ഞങ്ങള്‍ അവരോട്‌ ചോദിച്ചിട്ടുള്ള ഒരു ചോദ്യം ആവര്‍ത്തിക്കട്ടെ: ചൈതന്യന്‍ ഹിന്ദുവായിരുന്നുവോ? രാമകൃഷ്‌ണപരമഹംസര്‍ ഹിന്ദുവായിരുന്നുവോ? വിവേകാനന്ദന്‍ ഹിന്ദുവായിരുന്നുവോ? അവര്‍ക്ക്‌ ബാബ്‌റി മസ്‌ജിദിനെപ്പറ്റിയും അതിന്റെ ചരിത്രത്തെപ്പറ്റിയും അറിയുമായിരുന്നില്ലേ? പക്ഷെ, അവര്‍ ഒരിക്കലും ഹിന്ദുക്കളോട്‌ ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്ത്‌ തല്‍സ്ഥാനത്ത്‌ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന്‌ ആഹ്വാനം ചെയ്‌തിട്ടില്ല. ആര്‍എസ്‌എസ്‌-ബിജെപി നുണപ്രചാരണം നടത്തി ആ ചരിത്രസ്‌മാരകം തകര്‍ക്കുകയും വര്‍ഗ്ഗീയകലാപം അഴിച്ചുവിടുകയും ചെയ്‌തത്‌ വോട്ടിന്‌ വേണ്ടി മാത്രമായിരുന്നു. രാമകൃഷ്‌ണ പരമഹംസര്‍ തന്നെ ഒരു മുസ്ലീംപള്ളിയില്‍ നമസ്‌കരിക്കുകയും ക്രിസ്‌ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്‌തിട്ടുണ്ടെന്ന്‌ അവര്‍ക്കറിയാമോ? ക്ഷേത്രത്തെപ്പറ്റി വിവേകാനന്ദന്‍ എഴുതി: �കാശിയിലെയും വൃന്ദാവനത്തിലെയും ക്ഷേത്രകവാടങ്ങള്‍ അടച്ചും തുറന്നും ദശലക്ഷക്കണക്കിന്‌ രൂപയാണ്‌ ചെലവിടുന്നത്‌. ഒരിക്കല്‍ ദൈവം വസ്‌ത്രം മാറ്റുന്നു, മറ്റൊരിക്കല്‍ ചോറുണ്ണുന്നു, അല്ലെങ്കില്‍ മച്ചികളായ സ്‌ത്രീകളുടെ പുത്രന്മാരെ ശകാരിക്കുന്നു. അതേ സമയം ജീവനുള്ള ദൈവങ്ങള്‍ ഭക്ഷണവും വസ്‌ത്രവുമില്ലാതെ മരിക്കുകയാണ്‌.�12 പാവങ്ങള്‍ ഭക്ഷണവും വസ്‌ത്രവുമില്ലാതെ നരകിക്കുമ്പോള്‍ ഭക്തന്മാരെന്ന്‌ പറയുന്നവര്‍ അമ്പലങ്ങള്‍ പണിയുകയും വിഗ്രഹങ്ങളെ സ്വര്‍ണ്ണാഭരണങ്ങള്‍ ചാര്‍ത്തി അലങ്കരിക്കുകയും ചെയ്യുന്നതിനെയാണ്‌ അദ്ദേഹം വിമര്‍ശിക്കുന്നത്‌. മറുവശത്ത്‌, ജീവിച്ചിരിക്കുന്ന ദൈവങ്ങള്‍ അതായത്‌ മനുഷ്യര്‍ ഭക്ഷണമില്ലാതെ മരിക്കുന്നുവെന്നും അത്‌ അപമാനകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം പറഞ്ഞതെന്തെന്ന്‌ ഞാന്‍ ആര്‍എസ്‌എസ്‌-ബിജെപി നേതാക്കളെ ഓര്‍മ്മപ്പെടുത്തട്ടെ: �ആദ്യം ഭക്ഷണം. അതിന്‌ ശേഷം മതി മതം… ഭാരതീയനെന്നല്ല, ഏതെങ്കിലുമൊരു മനുഷ്യന്‍ എവിടെയെങ്കിലും പട്ടിണി കിടക്കുന്നിടത്തോളം കാലം ഞാന്‍ മതം പ്രചരിപ്പിക്കുകയില്ല.� �ഈ രാജ്യത്ത്‌ ഒരു നായയെങ്കിലും ഭക്ഷണമില്ലാതെ കഴിയുന്നിടത്തോളം കാലം, അവയ്‌ക്ക്‌ ആഹാരം കൊടുക്കുക എന്നത്‌ മാത്രമായിരിക്കും എന്റെ മതം.�13 ഈ വിവേകാനന്ദനെപ്പറ്റി ആര്‍എസ്‌എസ്‌-ബിജെപി നേതാക്കള്‍ക്ക്‌ എന്താണ്‌ പറയാനുള്ളത്‌? ഇങ്ങനെയൊരു വിവേകാനന്ദനെ അവര്‍ക്ക്‌ പരിചയമുണ്ടോ? അദ്ദേഹം വേദാന്തത്തിലാണ്‌ വിശ്വസിച്ചിരുന്നത്‌. ഞങ്ങള്‍ വിശ്വസിക്കുന്നത്‌ മാര്‍ക്‌സിസത്തിലും. ഇക്കാര്യത്തില്‍ അദ്ദേഹവും ഞങ്ങളും തമ്മില്‍ മൗലികമായ വ്യത്യാസമുണ്ട്‌്‌ പക്ഷെ, അദ്ദേഹം മഹാനായിരുന്നു. അദ്ദേഹം വോട്ടിന്റെ രാഷ്‌ട്രീയത്തില്‍ ഏര്‍പ്പെടുകയോ കാപട്യം വച്ചുപുലര്‍ത്തുകയോ ചെയ്‌തില്ല. യഥാര്‍ത്ഥ രാജ്യസ്‌നേഹി ആര്‌ എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു. അദ്ദേഹത്തിന്റെ ഭാഷയില്‍ : �ജനങ്ങള്‍ നൂറ്റാണ്ടുകളായി അര്‍ദ്ധ പട്ടിണിക്കാരായി ജീവിക്കുന്നു. വിദ്യാവിഹീനതയുടെ കാര്‍മേഘങ്ങള്‍ ഇന്‍ഡ്യയെ മൂടിയിരിക്കുകയാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ? ഈ ചിന്തകള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ, നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ? ഈ ചിന്തകള്‍ നിങ്ങളുടെ രക്തത്തില്‍ ഇഴുകിച്ചേര്‍ന്ന്‌ സിരകളിലൂടെ ഒഴുകുന്നുണ്ടോ? ഇതൊക്കെ നിങ്ങളെ സംബന്ധിച്ചിടത്തോളം ഭ്രാന്തുപിടിപ്പിക്കുന്ന ചിന്തകളാണോ? രാജ്യസ്‌നേഹിയാകുന്നതിന്റെ ആദ്യ ചുവടുവയ്‌പ്‌ ഇതാണ്‌.�14 ഇന്ന്‌ അധികാരത്തിലിരിക്കുന്ന ആര്‍എസ്‌എസ്‌- ബിജെപി നേതാക്കള്‍ക്ക്‌ ഈ വിവേകാനന്ദനെ അറിയുമോ? വിവേകാനന്ദന്റെ വ്യക്തിത്വത്തില്‍ രണ്ട്‌ വിപരീത വശങ്ങളുണ്ടായിരുന്നു. ഒരുവശത്ത്‌, അദ്ദേഹം ഒരു ആത്മീയവാദിയായിരുന്നു, വേദാന്തവിശ്വാസി. മറുവശത്ത്‌ അദ്ദേഹം ഇന്‍ഡ്യന്‍ ദേശീയവികാരത്തെ ഉണര്‍ത്തിയ വ്യക്തിയുമായിരുന്നു. വിവേകാനന്ദന്റെ ദേശീയവാദത്തിന്റെയും ഏതെങ്കിലും അളവില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മാനവവാദ മൂല്യങ്ങളുടെയും പേരിലാണ്‌ ഞങ്ങള്‍ വിവേകാനന്ദനെ ആദരിക്കുന്നതും ഒരു മഹാനെന്ന നിലയില്‍ ഉയര്‍ത്തിപ്പിടിക്കുന്നതും. ദേശീയവാദിയായ വിവേകാനന്ദന്‍ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യത്തിന്റെയും മര്‍ദ്ദനത്തിന്റെയും വിദ്യാവിഹീനതയുടെയും പേരില്‍ കഠിനമായി ദുഃഖിക്കുകയും അവയ്‌ക്കെതിരെ ശബ്‌ദമുയര്‍ത്തുകയും ചെയ്‌തപ്പോള്‍, ആത്മീയവാദിയായ വിവേകാനന്ദന്‍, �വസ്‌തുനിഷ്‌ഠലോകം മിഥ്യയാണ്‌, പരമാത്മാവ്‌ അഥവാ ബ്രഹ്മം മാത്രമാണ്‌ സത്യം� എന്നു പറയുന്ന ആത്മീയവാദപരമായ വേദാന്തത്തിലാണ്‌ വിശ്വസിച്ചിരുന്നത്‌ എന്നതാണ്‌ ഖേദകരമായ കാര്യം. വസ്‌തുനിഷ്‌ഠലോകം യഥാര്‍ത്ഥത്തില്‍ നിലനില്‌പില്ലാത്ത മിഥ്യ മാത്രമാണ്‌ എന്നത്രേ വേദാന്തത്തിലെ ഈ ആശയത്തിന്റെ അര്‍ത്ഥം. ജനങ്ങളുടെ യാതനകളും കഷ്‌ടപ്പാടുകളും എന്നു പറയുന്നതും മിഥ്യയാണെന്നാണ്‌ അതിന്റെ അര്‍ത്ഥം. ഇത്രയും മഹാനായ ഒരു വ്യക്തിക്ക്‌ തന്റെ ജീവിതത്തില്‍ സംഭവിച്ച വേദനാകരമായ ദുരന്തമാണത്‌.
പക്ഷെ, വിവേകാനന്ദന്റെ ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ മഹത്വമെന്തെന്ന്‌ വെളിപ്പെടുത്തുന്നു: �കോടിക്കണക്കിന്‌ വരുന്ന ഇന്‍ഡ്യക്കാര്‍ ദാരിദ്ര്യത്തിന്റെയും അജ്ഞതയുടെയും അന്ധകാരത്തില്‍ കഴിയുന്നിടത്തോളം കാലം, ദരിദ്രരും അജ്ഞരുമായ ആ ജനസഞ്ചയത്തിന്റെ ചെലവില്‍ വിദ്യാഭ്യാസം നേടുകയും എന്നാല്‍ അവരെ തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുന്നവരെ ഞാന്‍ രാജ്യദ്രോഹികളായി കണക്കാക്കും… ഇരുപത്‌ കോടി വരുന്ന ഇന്‍ഡ്യക്കാര്‍ വിശക്കുന്ന മൃഗങ്ങളെപ്പോലെ ജീവിക്കുന്ന കാലത്തോളം, ആ നിസ്സഹായരെ പിഴിഞ്ഞൂറ്റുന്ന പണം കൊണ്ട്‌ സുഖലോലുപമായ ജീവിതം നയിക്കുന്ന സമ്പന്നരെ ഞാന്‍ പാപികളായ തെമ്മാടികള്‍ എന്ന്‌ വിളിക്കും.�15,16 വിവേകാനന്ദന്റെ ഈ നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍, രാജ്യസ്‌നേഹികളും ജനക്ഷേമതല്‌പരരുമായി നടിക്കുന്ന ഇന്നത്തെ നേതാക്കളെ നാം എന്തു വിളിക്കണം! മാര്‍ക്‌സിസ്റ്റുകളെന്ന നിലയില്‍ ഞങ്ങള്‍ക്ക്‌, പൊയ്‌പ്പോയ യുഗങ്ങളിലെ മഹാന്മാരുടെ ആശയങ്ങളുമായി വിയോജിപ്പുണ്ട്‌. എങ്കിലും അവരുടെ സ്വപ്‌നങ്ങളെയും, മര്‍ദ്ദിത ജനതയോട്‌ അവര്‍ പുലര്‍ത്തിയിരുന്ന സഹാനുഭൂതിയെയും ഞങ്ങള്‍ അത്യാദരപൂര്‍വ്വം വീക്ഷിക്കുന്നു. ഞങ്ങള്‍ അവരെ ആദരിക്കുന്നുവെന്ന്‌ മാത്രമല്ല, അവര്‍ ജീവിച്ചിരുന്ന സ്ഥലകാലങ്ങളുടെ പശ്ചാത്തലത്തില്‍ അവരെ വിലമതിക്കാനും ശ്രമിക്കുന്നു.
മതാചാര്യന്മാരെ ഞങ്ങള്‍ ആദരിക്കുന്നുവെന്ന്‌ കൂട്ടിച്ചേര്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഈ വിഷയത്തില്‍ മാര്‍ക്‌സിസ്റ്റുകളെപ്പറ്റി തെറ്റായ ഒരു ധാരണ പരന്നിട്ടുണ്ട്‌. മതം അതിന്റെ കാലത്ത്‌ പുരോഗമനപരമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌ എന്നതാണ്‌ ഞങ്ങളുടെ അഭിപ്രായം. ചില മതങ്ങള്‍ സാമൂഹ്യപുരോഗതിക്കുവേണ്ടി പോരാട്ടം തന്നെ നടത്തിയിട്ടുണ്ട്‌. എന്നാല്‍, വിദൂരഭൂതകാലത്ത്‌ സമൂഹത്തില്‍ ദൈവം എന്ന സങ്കല്‌പം ഉണ്ടായിരുന്നില്ല. ചരിത്രവിശകലനത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്‌സിസം അസന്ദിഗ്‌ദ്ധമായി സ്ഥാപിച്ചിട്ടുള്ള കാര്യമാണത്‌. ആന്‍ഡമാന്‍ ദ്വീപുകളില്‍ ജറോവ എന്നറിയപ്പെടുന്ന ഒരു ആദിമ ഗോത്രവര്‍ഗ്ഗത്തെ കാണാം. അവര്‍ക്ക്‌ വസ്‌ത്രം ധരിക്കാനറിയില്ല, സ്വകാര്യസ്വത്തില്ല, വീടോ കുടുംബമോ ഒന്നുമില്ല. അവരുടെയിടയില്‍ ഉള്ളവരും ഇല്ലാത്തവരും ഇല്ല, ഭരണാധികാരികളുമില്ല. അവര്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല, മതപരമായ അനുഷ്‌ഠാനങ്ങളും വച്ചുപുലര്‍ത്തുന്നില്ല. മാര്‍ക്‌സിസം ചൂണ്ടിക്കാട്ടിയിട്ടുള്ള ആദിമയുഗത്തിലെ മനുഷ്യന്റെ സ്വഭാവം ഇതായിരുന്നു.
ഇനി വിവേകാനന്ദന്റെ കൃതികളില്‍ നിന്ന്‌ ചില വരികള്‍ ഞാന്‍ വായിക്കാം. വിവേകാനന്ദനെ അന്ധമായി പിന്തുടരുന്ന അനുയായികള്‍ക്ക്‌ ഈ വരികള്‍ രസിച്ചെന്നുവരില്ല. എന്തെന്നാല്‍, ഇവിടെ വിവേകാനന്ദന്‍ തന്നെയാണ്‌ അവരെ കുഴപ്പത്തിലാക്കുന്നത്‌. വിവേകാനന്ദന്‍ 1897-ല്‍ തന്റെ ലാഹോര്‍ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: �പ്രപഞ്ചസത്യം തേടി ബാഹ്യപ്രകൃതിയില്‍ നടത്തിയ തിരച്ചിലായിരുന്നു ആദ്യത്തേത്‌. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക്‌ പദാര്‍ത്ഥലോകത്തുനിന്ന്‌ ഉത്തരം കണ്ടെത്താനുള്ള ശ്രമമായിരുന്നു അത്‌.�17വിവേകാനന്ദന്‍ തന്നെ പറയുകയാണ്‌, മനുഷ്യന്റെ ആദ്യത്തെ ചിന്ത ഈ ഭൗതികലോകത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നുവെന്ന്‌. അതാണ്‌ വിവേകാനന്ദന്റെ മഹത്വം. അദ്ദേഹം ചരിത്രസത്യം അംഗീകരിച്ചു.
മാര്‍ക്‌സിസം മാത്രമാണ്‌ മതത്തിന്റെ ചരിത്രപരമായ സ്ഥാനമെന്തെന്ന്‌ ശരിയായി ചൂണ്ടിക്കാട്ടിയത്‌
ആദിമ സമൂഹത്തില്‍ മതം ഉണ്ടായിരുന്നില്ല. അടിമത്ത സമൂഹത്തില്‍, മര്‍ദ്ദകനും മര്‍ദ്ദിതനും, ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും, എന്നുള്ള വിഭജനം നിലവില്‍ വന്നിരുന്ന സമൂഹത്തില്‍, ആണ്‌ മതം ഉടലെടുത്തത്‌. ഈ വിഷയത്തില്‍ മാര്‍ക്‌സ്‌ ചരിത്രപ്രധാനമായ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്‌. അദ്ദേഹം പറഞ്ഞു: �മതപരമായ ദുഃഖം അതേ സമയം തന്നെ യഥാര്‍ത്ഥ ദുഃഖത്തിന്റെ പ്രകാശനമാണ്‌. യഥാര്‍ത്ഥ ദുഃഖത്തിനെതിരായ പ്രതിഷേധവും കൂടിയാണത്‌. മതം മര്‍ദ്ദിത ജീവിയുടെ നിശ്വാസമാണ്‌, ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണ്‌, ആത്മാവില്ലാത്ത സാഹചര്യങ്ങളുടെ ആത്മാവാണ്‌.�18 ആ യുഗത്തില്‍, മര്‍ദ്ദിതരായ അടിമകളുടെ വേദനയിലും വിലാപത്തിലും മനസ്സലിഞ്ഞ ഒരുപിടി ചിന്തകന്മാര്‍ ഉയര്‍ന്നുവന്നു. അവര്‍ പറഞ്ഞു: സമൂഹത്തിന്റെ നായകസ്ഥാനത്ത്‌ സമൂഹത്തെ ഭരിക്കാന്‍ ഒരു യജമാനന്‍ ഉള്ളതുപോലെ, ഈ പ്രപഞ്ചത്തിന്റെയാകെ യജമാനനായി, ഭരണാധികാരിയായി ഒരാളുണ്ട്‌. അദ്ദേഹത്തിന്റെ ആജ്ഞയനുസരിച്ചാണ്‌ എന്തും സംഭവിക്കുന്നത്‌. എല്ലാവരും ആ സര്‍വ്വശക്തനായ ദൈവത്തിന്റെ മക്കളാണെന്ന്‌ അവര്‍ പറഞ്ഞു. അടിമയും ഉടമയും ദൈവത്തിന്റെ മക്കളാണ്‌. അതിനാല്‍ സമൂഹത്തില്‍ എല്ലാം നടക്കേണ്ടത്‌ ദൈവത്തിന്റെ ഇച്ഛയനുസരിച്ചാണ്‌. അക്കാലത്ത്‌, മനസ്സ്‌ എന്താണ്‌, ചിന്ത എന്താണ്‌, എങ്ങനെയാണ്‌ നാം ചിന്തിക്കുന്നത്‌ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ശാസ്‌ത്രീയമായ ഉത്തരം ഉണ്ടായിരുന്നില്ല. അതിനും എത്രയോ കാലത്തിന്‌ ശേഷമാണ്‌ മാര്‍ക്‌സിസം, ശാസ്‌ത്രത്തെ അടിസ്ഥാനപ്പെടുത്തി ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയത്‌. മനുഷ്യന്റെ തലച്ചോറും ബാഹ്യലോകവും തമ്മിലുള്ള വൈരുദ്ധ്യത്തിലൂടെയാണ്‌ ചിന്ത ഉടലെടുക്കുന്നതെന്ന്‌ മാര്‍ക്‌സിസം ചൂണ്ടിക്കാണിച്ചു. ഭൗതിക സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച്‌ ചിന്തയും മാറുന്നു. എന്നാല്‍, അന്നത്തെ കാലത്തെ ചിന്തകന്മാര്‍ കരുതിയത്‌ സര്‍വ്വശക്തനായ ദൈവമാണ്‌ തങ്ങളെക്കൊണ്ട്‌ ചിന്തിപ്പിക്കുന്നതെന്നായിരുന്നു. ദൈവത്തിന്റെ വിഭാവനമാണ്‌ ചിന്ത എന്നായിരുന്നു വിശ്വാസം. അതിനാല്‍, സമൂഹത്തിന്റെ ക്ഷേമത്തെപ്പറ്റി അവരുടെ മനസ്സില്‍ ഉദയം ചെയ്‌ത ചിന്തകള്‍ ദൈവത്തില്‍ നിന്ന്‌ സിദ്ധിക്കുന്നതാണെന്ന്‌ അവര്‍ കരുതി. അവരെ സംബന്ധിച്ചിടത്തോളം അവ ദൈവത്തിന്റെ കല്‌പനകളായിരുന്നു. മതം എന്ന ധാരണ ലോകത്തുണ്ടാകുന്നതങ്ങനെയാണ്‌. അതുകൊണ്ടാണ്‌ മഹാനായ എംഗല്‍സ്‌ ക്രിസ്‌തുമതത്തെപ്പറ്റി ഇങ്ങനെ പറഞ്ഞത്‌: �ക്രിസ്‌തുമതവും തൊഴിലാളിവര്‍ഗ്ഗ സോഷ്യലിസവും, രണ്ടും, ബന്ധനത്തില്‍ നിന്നും ദുരിതങ്ങളില്‍ നിന്നുമുള്ള മോചനം വരും എന്ന്‌ ഉദ്‌ഘോഷിക്കുന്നു. ജീവിതത്തിനും അപ്പുറത്ത്‌, മരണാനന്തരം സ്വര്‍ഗ്ഗത്തില്‍, ഈ മോചനം വരും എന്നാണ്‌ ക്രിസ്‌തുമതം പറയുന്നത്‌. ഈ ലോകത്ത്‌ തന്നെ, സമൂഹത്തിന്റെ പരിവര്‍ത്തനത്തിലൂടെ, അത്‌ കൈവരുമെന്ന്‌ സോഷ്യലിസം പറയുന്നു.�19 അദ്ദേഹം പറഞ്ഞത്‌ ക്രിസ്‌തുമതത്തെപ്പറ്റിയാണെങ്കിലും എല്ലാ മതങ്ങളെയും ഉദ്ദേശിച്ചിരുന്നു. സഖാവ്‌ ശിബ്‌ദാസ്‌ഘോഷും ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: …ക്രിസ്‌തുമതം ഏവരുടെയും സമത്വം ഉദ്‌ഘോഷിച്ചു. അതനുസരിച്ച്‌, അടിമകളുടെ മേല്‍ മര്‍ദ്ദനം നടത്തുന്ന ഉടമകള്‍ ദൈവേച്ഛയ്‌ക്കെതിരെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ വരും. അതിനാല്‍ അടിമകളെ പീഡിപ്പിക്കുന്നത്‌ ക്രിസ്‌തുമത തത്ത്വങ്ങളുടെ ലംഘനമാകുന്നു. ഈ വീക്ഷണകോണില്‍ നിന്ന്‌ നോക്കുമ്പോള്‍, ക്രിസ്‌തുമതം ഉടമകളുടെ അനീതിക്കും മര്‍ദ്ദനത്തിനുമെതിരെ പോരാട്ടം സംഘടിപ്പിക്കാന്‍ ഒരു പ്രകാരത്തില്‍ അടിമകളെ സഹായിച്ചുവെന്നും, ആ അര്‍ത്ഥത്തില്‍ അന്ന്‌ സാമൂഹ്യപുരോഗതിയെ സഹായിച്ചുവെന്നും കാണാന്‍ ബുദ്ധിമുട്ടില്ല. ഇസ്ലാമിന്റെ അനുയായികളുടെ കാര്യവും ഇതിന്‌ സമാനമാണ്‌…സാമൂഹ്യവികാസത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍, ധാര്‍മ്മിക-നൈതിക ധാരണകളും മൂല്യബോധവും ശരി-തെറ്റുകളെപ്പറ്റിയുള്ള ധാരണയും മറ്റുള്ളവര്‍ക്ക്‌ സേവനം ചെയ്യാനും ആരെയും വെറുക്കാതിരിക്കാനുമുള്ള മനോഭാവവും വളര്‍ത്തിയെടുക്കാന്‍ സഹായിച്ചത്‌ മതമാണെന്ന കാര്യം ഓര്‍ക്കണം. തല്‍ഫലമായി, സമൂഹത്തിന്‌ കെട്ടുറപ്പും ഐക്യവും പ്രദാനം ചെയ്യാന്‍ സഹായിച്ച ഒരു അച്ചടക്കബോധം വളര്‍ന്നുവന്നു. ഈ അര്‍ത്ഥത്തിലും മതം സാമൂഹ്യപുരോഗതിയില്‍ പങ്ക്‌ വഹിച്ചിട്ടുണ്ട്‌.�20 ഈ അടിസ്ഥാനത്തില്‍ ഞങ്ങള്‍ മതാചാര്യന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
പതിനാറും പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍, യൂറോപ്യന്‍ നവോത്ഥാനത്തിന്റെ കാലത്ത്‌, ബൂര്‍ഷ്വാ ചിന്തകന്മാരാണ്‌ ആദ്യം മതത്തിനെതിരെ ആക്രമണം നടത്തിയതെന്ന്‌ നിങ്ങളില്‍ പലര്‍ക്കും അറിയുകയില്ലായിരിക്കാം. ബൂര്‍ഷ്വാസി തലയുയര്‍ത്തി വരുന്ന സമയമായിരുന്നു അത്‌. ജന്മിത്തത്തെ നിഷ്‌കാസനം ചെയ്‌ത്‌ ഉയര്‍ന്നുവന്നുകൊണ്ടിരുന്നതും പുരോഗമനസ്വഭാവമുള്ളതുമായ ശക്തിയായിരുന്നു അന്ന്‌ മുതലാളിത്തം. ജന്മിത്തത്തില്‍ രാജാവിനെ ദൈവത്തിന്റെ പ്രതിപുരുഷനായാണ്‌ കണ്ടിരുന്നത്‌. ബൈബിളിന്റെ വാഴ്‌ച ദൈവത്തിന്റെ വാഴ്‌ചയാണെന്നായിരുന്നു വിശ്വാസം. ബൂര്‍ഷ്വാസി ശാസ്‌ത്രത്തെ ആയുധമാക്കിക്കൊണ്ട്‌ ജന്മിത്തത്തിനെതിരെ നടത്തിയ പോരാട്ടത്തില്‍ ബൂര്‍ഷ്വാ മാനവവാദികള്‍ മതത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടു. ബേക്കണ്‍, സ്‌പിനോസ, ഹ്യൂം, കാന്റ്‌, ഫ്യൂവര്‍ബാഹ്‌ തുടങ്ങിയ ചിന്തകന്മാര്‍ മതത്തെ ചരിത്രത്തിന്റെ അപഭ്രംശം എന്നാണ്‌ വിശേഷിപ്പിച്ചത്‌.അവര്‍ മതത്തിന്റെ പങ്ക്‌ എന്തെന്ന്‌ ശരിയായി വിലയിരുത്തിയില്ല. അവരെ സംബന്ധിച്ചിടത്തോളം മതം ചരിത്രത്തിന്റെ അപഭ്രംശം അല്ലെങ്കില്‍ വളച്ചൊടിക്കല്‍ ആയിരുന്നു. അതിനാല്‍ അവര്‍ മതത്തെ വലിച്ചെറിയാന്‍ ആഹ്വാനം ചെയ്‌തു. അതില്‍ നിന്ന്‌ വ്യത്യസ്‌തമായി മാര്‍ക്‌സിസം, മതത്തിന്‌ ചരിത്രത്തില്‍ ഒരു സ്ഥാനമുണ്ടെന്നും, ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ അത്‌ പുരോഗമനപരമായ പങ്ക്‌ വഹിച്ചിരുന്നുവെന്നും അംഗീകരിക്കുന്നു. പക്ഷെ, ഇന്നത്തെ ലോകത്തിന്റെ പ്രശ്‌നങ്ങളില്‍ ഒന്നിനെങ്കിലും പരിഹാരം കാണാന്‍ മതത്തിന്‌ സാധിക്കുമോ? വിലക്കയറ്റം, തൊഴിലില്ലായ്‌മ, ദാരിദ്ര്യം, ന്യായമായ കൂലി ലഭിക്കായ്‌ക, നികുതികളുടെയും ചാര്‍ജ്ജുകളുടെയും വര്‍ദ്ധനവ്‌, സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, മുതലാളിത്ത ചൂഷണം, സാമ്രാജ്യത്വ കടന്നാക്രമണം എന്നിവ പോലെ, ഇന്നത്തെ ജീവിതത്തെ അലട്ടുന്ന നീറുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ രാമായണത്തിലോ മഹാഭാരതത്തിലോ ഗീതയിലോ ബൈബിളിലോ ഖുറാനിലോ എന്തെങ്കിലും പറയുന്നുണ്ടോ? ഇല്ല. ന്യായത്തിന്റെയും സത്യത്തിന്റെയും മാര്‍ഗ്ഗം പിന്തുടരണം എന്നുമാത്രമേ എഴുതിയിട്ടുള്ളു. പക്ഷെ, ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍, ശരിതെറ്റുകളുടെയും സത്യാസത്യങ്ങളുടെയും പ്രശ്‌നം നിര്‍ണ്ണയിക്കപ്പെടേണ്ടത്‌ ആ പ്രത്യേക കാലഘട്ടത്തിന്റെ ആവശ്യകതയുടെ അടിസ്ഥാനത്തിലാണ്‌. ഇതാണ്‌ മതത്തിന്റെ പരിമിതി. മതവിശ്വാസികളുമായി ഞങ്ങള്‍ക്ക്‌ ഒരു പ്രശ്‌നവുമില്ല. വിലക്കയറ്റം, പിരിച്ചുവിടല്‍, സ്‌ത്രീപീഡനം, വിദ്യാഭ്യാസ അവസരനിഷേധം, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം, അഴിമതി തുടങ്ങിയ വിനകള്‍ക്കെതിരായ സമരത്തില്‍ അവര്‍ക്ക്‌ ഞങ്ങളുമായി സഹകരിക്കാം. എല്ലാ മതങ്ങളിലെയും വിശ്വാസികള്‍ക്ക്‌ മുന്നോട്ടുവരാം. അവരേവരുമായും സഹകരിച്ച്‌ പോരാടാന്‍ ഞങ്ങള്‍ക്ക്‌ സാധിക്കും. അഭിപ്രായവ്യത്യാസം എവിടെയാണ്‌? സമ്പന്നരും ദരിദ്രരും എന്ന വ്യത്യാസം ദൈവത്തിന്റെ സൃഷ്‌ടിയാണ്‌ എന്ന്‌ പ്രചരിപ്പിക്കപ്പെടുന്നിടത്താണ്‌ ഞങ്ങള്‍ക്ക്‌ അഭിപ്രായഭിന്നതയുള്ളത്‌. ഒരാള്‍ ദരിദ്രനായിരിക്കുന്നത്‌ കഴിഞ്ഞ ജന്മത്തിലെ പാപത്തിന്റെ ഫലമായാണ്‌; പട്ടിണി കിടക്കുന്നത്‌, ബലാല്‍സംഗം ചെയ്യപ്പെടുന്നത്‌, ഒരാളുടെ കുഞ്ഞ്‌ ആശുപത്രിയില്‍ മരിക്കുന്നത്‌ – എല്ലാം കഴിഞ്ഞ ജന്മത്തില്‍ അയാള്‍ ചെയ്‌ത പാപത്തിന്റെ ഫലമായാണ്‌; സംഭവിക്കുന്നതെല്ലാം വിധിയാണ്‌; മനുഷ്യന്‍ ഇച്ഛിക്കുന്നു ദൈവം കല്‌പിക്കുന്നു; അതായത്‌ എല്ലാം വിധിയുടെ വിളയാട്ടമാണ്‌. അതുകൊണ്ട്‌, പ്രതിഷേധിക്കരുത്‌, എതിര്‍ക്കരുത്‌, കാരണം അത്‌ ദൈവനിശ്ചയമാണ്‌.അതിനാല്‍ എത്ര കൊടിയ വേദനയാണെങ്കിലും ദൈവേച്ഛയാണെന്ന്‌ കരുതി സഹിക്കുക. അങ്ങനെയായാല്‍ അടുത്ത ജന്മത്തില്‍ അയാള്‍ക്ക്‌ സൗഖ്യമായിരിക്കാം — ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നിടത്താണ്‌ ഞങ്ങള്‍ വിയോജിക്കുന്നത്‌. മതത്തെ മനുഷ്യനെ മയക്കുന്ന കറുപ്പായാണ്‌ ചൂഷകവര്‍ഗ്ഗം ഉപയോഗിക്കുന്നതെന്ന്‌ പറഞ്ഞപ്പോള്‍ മാര്‍ക്‌സ്‌ ഇതൊക്കെയാണ്‌ ഉദ്ദേശിച്ചത്‌. നിങ്ങള്‍ക്ക്‌ കാണാന്‍ കഴിയും, എത്രയോ ആളുകളാണ്‌ കൊടും പട്ടിണി സഹിച്ച്‌ അലഞ്ഞുതിരിയുന്നത്‌. എത്രയോ സ്‌ത്രീകള്‍ പീഡനത്തിനിരയായി വിലപിക്കുകയാണ്‌. പക്ഷെ, വിവേകാനന്ദന്റെയും മുഹമ്മദ്‌ നബിയുടെയും സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുനടക്കുന്നവര്‍ ഇതിനെല്ലാമെതിരെ പ്രതിഷേധിക്കുന്നതായി കാണുന്നുണ്ടോ? ഇത്തരം സാമൂഹ്യതിന്മകള്‍ക്കും അപഭ്രംശങ്ങള്‍ക്കുമെതിരെ അവര്‍ പൊരുതുന്നതായി കാണുന്നുണ്ടോ? ഏതെങ്കിലും ക്ഷേത്രത്തിലെ പൂജാരിയോ പള്ളിയിലെ വൈദികനോ മുസ്ലീംപള്ളിയിലെ ഇമാമോ വിലക്കയറ്റത്തിനും അഴിമതിക്കും സ്‌ത്രീപീഡനത്തിനുമെതിരെ സമരം ചെയ്യുന്നതായി കാണുന്നുണ്ടോ? ക്രിസ്‌തുവോ മുഹമ്മദ്‌ നബിയോ ഹിന്ദുമതാചാര്യന്മാരോ വിവേകാനന്ദന്‍ തന്നെയോ ജീവിച്ചിരുന്നെങ്കില്‍ അവര്‍ ഈ തിന്മകളെ എതിര്‍ക്കാതിരിക്കുമായിരുന്നുവോ? ഇതെല്ലാം ഈശ്വരേച്ഛ മൂലമാണ്‌ ഉണ്ടായത്‌ എന്നതിനാല്‍ എല്ലാം അങ്ങനെ തുടരട്ടെ, നമുക്ക്‌ പൂജയിലും നേര്‍ച്ചകള്‍ നേരുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന്‌ അവര്‍ പറയുമായിരുന്നുവോ? അപ്പോള്‍, മതം ചരിത്രഗതിയില്‍ കാലഹരണപ്പെട്ടിരിക്കുന്നു എന്ന്‌ വ്യക്തം. ഇന്ന്‌ മതം ചൂഷകന്മാരുടെ കൈയിലെ ഊന്നുവടിയാണ്‌. ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ മതപ്രചാരകന്മാര്‍ പട്ടിണിയും ആക്രമണങ്ങളും, കായികാക്രമണങ്ങളും അനുഭവിച്ചിട്ടുണ്ട്‌. എന്നാല്‍ അതൊന്നും കൂസാതെ അവര്‍ പോരാടി. ഇന്ന്‌ ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും ക്രിസ്‌ത്യന്‍പള്ളികള്‍ക്കും കോടിക്കണക്കിന്‌ രൂപയുടെ സ്വത്തുക്കളുണ്ട്‌.ആ ഭീമമായ സ്വത്തിന്മേലിരുന്നുകൊണ്ടാണ്‌ പുരോഹിതന്മാരും വൈദികന്മാരും ഇമാമുമാരും മതപ്രഭാഷണങ്ങള്‍ നടത്തുന്നത്‌. അപ്രതിരോധ്യമായ ചരിത്രഗതിയില്‍ മതത്തിന്‌ അതിന്റെ പ്രയോജനം നഷ്‌ടപ്പെട്ടത്‌ ഇങ്ങനെയാണ്‌.
മാര്‍ക്‌സിസം പൊടുന്നനെ ആകാശത്തു നിന്ന്‌ പൊട്ടിവീണ ഒന്നല്ല എന്ന്‌ മഹാനായ ലെനിന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ചരിത്രത്തില്‍ ഉദയം ചെയ്‌തിട്ടുള്ള എല്ലാ മഹാന്മാരുടെയും, ഓരോ യുഗത്തിലും സത്യവും ജ്ഞാനവും തേടി മനുഷ്യന്‍ നടത്തിയ എല്ലാ സപര്യകളുടെയും, ഏറ്റവും ശ്രേഷ്‌ഠമായ തുടര്‍ച്ചയെന്ന നിലയില്‍, പുതിയ യുഗത്തിന്റെ ആവശ്യകതയ്‌ക്കനുസരിച്ച്‌ പുതിയ സത്യം അംഗീകരിച്ചുകൊണ്ടാണ്‌ മാര്‍ക്‌സിസം ഉരുത്തിരിഞ്ഞത്‌. �മനുഷ്യന്‍ യുഗങ്ങളിലൂടെ നേടിയ വിജ്ഞാനത്തിന്റെ സപര്യയിലേര്‍പ്പെടുന്നവര്‍ മാത്രമാണ്‌ കമ്മ്യൂണിസ്റ്റുകള്‍ � എന്നും ലെനിന്‍ പറഞ്ഞു. ഞങ്ങള്‍ പഴയകാലത്തെ മഹാന്മാരായ മതാചാര്യന്മാരുടെ ജീവിതസമരം പഠിക്കുകയും അതില്‍ നിന്ന്‌ ഉള്‍ക്കൊള്ളേണ്ടതായ മൂല്യങ്ങള്‍ സ്വാംശീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ എല്ലാ മഹാന്മാരുടെയും ജീവിതത്തില്‍ നിന്ന്‌ പഠിക്കാന്‍ ശ്രമിക്കുന്നു. സഖാവ്‌ ശിബ്‌ദാസ്‌ഘോഷ്‌ ഞങ്ങളെ പഠിപ്പിച്ചത്‌ അതാണ്‌.
ആര്‍എസ്‌എസ്‌ സ്വാതന്ത്ര്യ
സമരത്തെ എതിര്‍ത്തു
ആര്‍എസ്‌എസ്‌-ബിജെപിയുടെ ആശയങ്ങള്‍ എന്തുമാത്രം വികലമാണെന്ന്‌ മനസ്സിലാക്കാന്‍ അവര്‍ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തോട്‌ എന്ത്‌ നിലപാട്‌ സ്വീകരിച്ചുവെന്ന്‌ നോക്കിയാല്‍ മതി. അവരുടെ പ്രത്യയശാസ്‌ത്രകാരനായ ഗോള്‍വര്‍ക്കര്‍ പറഞ്ഞു: �ഭൂപ്രദേശത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ദേശീയവാദം എന്ന സിദ്ധാന്തവും, അതുപോലെ പൊതുവിപത്തിനെ സംബന്ധിച്ച സിദ്ധാന്തവുമാണ്‌ നമ്മുടെ രാഷ്‌ട്രസങ്കല്‌പത്തിന്റെ അടിത്തറയിട്ടിരിക്കുന്നത്‌. ഈ സിദ്ധാന്തങ്ങള്‍ നമ്മുടെ യഥാര്‍ത്ഥ ഹിന്ദു രാഷ്‌ട്രപദവിയുടെ ക്രിയാത്മകവും പ്രചോദനാത്മകവുമായ ഉള്ളടക്കം നമുക്ക്‌ നിഷേധിച്ചിരിക്കുകയാണ്‌. അത്‌ പല �സ്വാതന്ത്ര്യസമര�ങ്ങളെയും ഫലത്തില്‍ ബ്രിട്ടീഷ്‌വിരുദ്ധ സമരങ്ങളാക്കി മാറ്റിയിരിക്കുന്നു. ബ്രിട്ടീഷ്‌വിരുദ്ധത തന്നെയാണ്‌ രാജ്യസ്‌നേഹവും ദേശീയവാദവും എന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ടു. പ്രതിലോമകരമായ ഈ കാഴ്‌ചപ്പാട്‌ നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഗതിയില്‍ അപ്പാടെയും അതിന്റെ നേതാക്കളുടെ മേലും സാധാരണജനങ്ങളുടെ മേലും വിനാശകരമായ ഫലങ്ങളാണ്‌ ഉളവാക്കിയിരിക്കുന്നത്‌.�7 ഈ വാക്കുകള്‍ എത്ര അപകടകരമാണെന്ന്‌ കാണുക. ഇന്‍ഡ്യ എന്ന ഭൂമിശാസ്‌ത്രപരമായ പ്രദേശത്താകമാനം ബ്രിട്ടീഷ്‌ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തെ കേന്ദ്രീകരിച്ച്‌ വളര്‍ന്നുവന്ന ഇന്‍ഡ്യന്‍ ദേശീയവാദം എന്ന സങ്കല്‌പം വിനാശകരമാണത്രേ. ഇന്‍ഡ്യന്‍ ദേശീയവാദത്തിന്റെ ആവിര്‍ഭാവം മൂലം അവരുടെ ഹിന്ദുദേശീയവാദത്തിന്‌ കുഴപ്പമുണ്ടായിരിക്കുന്നുവെന്നാണ്‌ അദ്ദേഹം പറയുന്നത്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ബ്രിട്ടീഷ്‌സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനം രാജ്യസ്‌നേഹപരവും ദേശീയവാദപരവുമാണെന്ന അഭിപ്രായം തന്നെ പിന്തിരിപ്പനാണ്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വവാഴ്‌ചയെ എതിര്‍ത്തുകൊണ്ട്‌ ദേശീയവാദപരമായി സംസാരിച്ച നേതാക്കളെല്ലാം പ്രതിലോമചിന്തകളാല്‍ നയിക്കപ്പെട്ടവരായിരുന്നുവത്രേ. ഹിന്ദുരാഷ്‌ട്രം എന്ന മുദ്രാവാക്യമാണ്‌ ഉയര്‍ത്തപ്പെടേണ്ടിയിരുന്നത്‌ എന്നാണ്‌ ആര്‍എസ്‌എസ്‌-ബിജെപിയും അവരുടെ നേതാക്കളും പറയുന്നത്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരായ സ്വാതന്ത്ര്യസമരത്തിലൂടെ വളര്‍ന്നുവന്നതും, ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളുന്നതും, ജാതിക്കും മതത്തിനും വംശീയതയ്‌ക്കും ആചാരാനുഷ്‌ഠാനഭേദങ്ങള്‍ക്കും ഉപരിയായി വളര്‍ന്നുവന്നതുമായ ഏകോപിതമായ ഇന്‍ഡ്യന്‍ രാഷ്‌ട്രം എന്ന ആശയം പിന്തിരിപ്പനാണെങ്കില്‍, ദേശബന്ധു ചിത്തരഞ്‌ജനും ബാലഗംഗാധര തിലകനും ലാലാ ലജ്‌പത്‌റായിയും നേതാജി സുഭാഷ്‌ ചന്ദ്രബോസും ഖുദിറാമും ഭഗത്‌സിംഗും സൂര്യസെന്നും എല്ലാം പ്രതിലോമകാരികളും രാജ്യദ്രോഹികളുമാണെന്ന്‌ പറയേണ്ടിവരും. എന്തെന്നാല്‍, അവരാരും ഹിന്ദുരാഷ്‌ട്രത്തിന്‌ വേണ്ടി വാദിച്ചിട്ടില്ല. ബ്രിട്ടീഷ്‌സാമ്രാജ്യത്വ വാഴ്‌ച ഇല്ലായിരുന്നെങ്കില്‍ ഏകോപിതമായ ഇന്‍ഡ്യന്‍ രാഷ്‌ട്രത്തിന്‌ വേണ്ടിയുള്ള വാദവും ഉണ്ടാകുമായിരുന്നില്ല എന്നതാണ്‌ വസ്‌തുത. ബ്രിട്ടീഷ്‌ ഭരണത്തിന്‌ മുമ്പ്‌ ഇന്‍ഡ്യയുടെ അവസ്ഥ എന്തായിരുന്നു? കുറെ ഹിന്ദുരാജാക്കന്മാരും മുസ്ലീം നവാബുമാരും ഉണ്ടായിരുന്നു. മുസ്ലീം രാജാക്കന്മാര്‍ വരുന്നതിന്‌ മുമ്പ്‌ ഒറ്റപ്പെട്ട കുറെ ഹിന്ദുരാജ്യങ്ങളുണ്ടായിരുന്നു. അവയൊന്നും ഒരു രാഷ്‌ട്രമെന്ന നിലയില്‍ ഏകോപിതമായിരുന്നില്ല. ബ്രിട്ടീഷുകാര്‍ ഇവിടെ വന്ന്‌ ഭരണം സ്ഥാപിക്കുകയും വ്യത്യസ്‌ത പ്രദേശങ്ങളെ പരസ്‌പരം ബന്ധപ്പെടുത്തുന്ന വാര്‍ത്താവിനിമയ സംവിധാനം സ്ഥാപിക്കുകയും, അതിലൂടെ മെച്ചപ്പെട്ട വ്യാപാരവാണിജ്യങ്ങള്‍ വളര്‍ത്തിയെടുക്കുകയും, അങ്ങനെ ഏകോപിതമായ ഒരു സമ്പദ്‌വ്യവസ്ഥ വളര്‍ത്തിയെടുക്കുകയും ചെയ്‌തുകൊണ്ട്‌ ദേശീയ മൂലധനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ കളമൊരുക്കിയില്ലായിരുന്നെങ്കില്‍ ഒരു ഏകോപിത ഇന്‍ഡ്യന്‍രാഷ്‌ട്രം വളര്‍ന്നുവരുമായിരുന്നില്ല. പകരം, പ്രത്യേക ബംഗാളി ദേശീയരാഷ്‌ട്രവും ഒഡിഷ ദേശീയരാഷ്‌ട്രവും ഗുജറാത്തി ദേശീയരാഷ്‌ട്രവും തമിഴ്‌ ദേശീയരാഷ്‌ട്രവുമൊക്കെയേ വളര്‍ന്നുവരുമായിരുന്നുള്ളു. ഹിന്ദു എന്ന്‌ പറയുന്നത്‌ മതത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഒറ്റ രാഷ്‌ട്രമാണെങ്കില്‍ പിന്നെ എന്തുകൊണ്ടാണ്‌ നേപ്പാള്‍ ഒരു പ്രത്യേക രാഷ്‌ട്രവും ഭരണകൂടവുമായി നിലകൊണ്ടത്‌? നേപ്പാള്‍ ഹിന്ദുമതത്തിന്റെ രാജ്യമാണ്‌. നേപ്പാള്‍ ഒരു രാഷ്‌ട്രമായിരിക്കുന്നത്‌ ഹിന്ദുമതത്തെ അടിസ്ഥാനപ്പെടുത്തിയല്ല, മറിച്ച്‌ ഒരു പ്രത്യേക ദേശീയ അസ്‌തിത്വം എന്ന നിലയിലാണ്‌. പശ്ചിമേഷ്യയിലെ അറബിരാജ്യങ്ങളുടെ കാര്യമെടുക്കുക. അവരെല്ലാം മുസ്ലീങ്ങളാണെങ്കിലും അവിടെ നിരവധി രാഷ്‌ട്രങ്ങളുണ്ട്‌. എന്തുകൊണ്ടങ്ങനെ സംഭവിച്ചു. രാഷ്‌ട്രങ്ങള്‍ ഉദയം ചെയ്യുന്നത്‌ മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല എന്നാണ്‌ അത്‌ കാണിക്കുന്നത്‌. അതിനാല്‍, ബിജെപിയുടെ രക്ഷാധികാരിയായ ആര്‍എസ്‌എസ്‌ ഇന്‍ഡ്യന്‍ നവോത്ഥാനത്തിനും ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ നടന്ന സ്വാതന്ത്ര്യസമരത്തിനും എതിരായിരുന്നുവെന്നോര്‍ക്കുക. അതുകൊണ്ടാണ്‌ ആര്‍എസ്‌എസ്‌ ദേശീയ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നത്‌. ചരിത്രത്തിന്‌ നിരക്കാത്ത ഈ സിദ്ധാന്തം വച്ചുകൊണ്ട്‌ അവര്‍ ഈ രാജ്യത്തെ എങ്ങോട്ടാണ്‌ നയിക്കുന്നത്‌?
ഇത്തരത്തിലുളള വളച്ചൊടിക്കല്‍ ഇന്ന്‌ മുതലാളിത്തത്തിന്‌ ആവശ്യമുണ്ട്‌ എന്നതാണ്‌ വസ്‌തുത. ജനങ്ങള്‍ ഈ തെറ്റായ ആശയത്തിന്റെ സ്വാധീനത്തില്‍ പെട്ടുകഴിഞ്ഞാല്‍ പിന്നെ, ജീവിതത്തില്‍ പ്രതിസന്ധികള്‍ ഏറിവരുമ്പോഴും അവര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യില്ല. മുജ്ജന്മത്തിലെ ചെയ്‌തികളുടെ ഫലം, വിധിവിഹിതം എന്നൊക്കെയുള്ള കാലഹരണപ്പെട്ട ആശയങ്ങളുടെ തടവുകാരായി, വിധിവിശ്വാസത്തില്‍ മയങ്ങി അവര്‍ കഴിഞ്ഞുകൊള്ളും. ഫാസിസ്റ്റ്‌ സംസ്‌കാരമാണത്‌. ആര്‍എസ്‌എസ്‌ ബിജെപിയിലൂടെ കൂടുതല്‍ സംഘടിതമായ രീതിയില്‍ ആ സംസ്‌കാരം ഇവിടെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണ്‌. തീര്‍ച്ചയായും, ഈ രാജ്യത്ത്‌ അവരുടെ പദ്ധതി നടപ്പില്‍ വരുത്തുന്നതിന്‌ പല തടസ്സങ്ങളുമുണ്ട്‌. കുത്തകമൂലധനത്തിന്റെ കേന്ദ്രീകരണം ഉണ്ടായിട്ടുണ്ടെങ്കില്‍പ്പോലും രാജ്യത്ത്‌ പ്രാദേശികമൂലധനവും കുത്തകമൂലധനവും തമ്മിലുള്ള വൈരുദ്ധ്യം നിലനില്‍ക്കുന്നുവെന്ന കാര്യം സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌ ചൂണ്ടിക്കാട്ടിയിട്ടുളളതാണ്‌. ചെറുകിട മൂലധനം വലിയ അളവില്‍ ഇവിടെ നിലനില്‍ക്കുന്നു. അതുപോലെ തന്നെ പ്രാദേശികവാദവും. സമ്പൂര്‍ണ്ണമായ ഫാസിസ്റ്റ്‌ ദേശീയൈക്യത്തിന്റെ വളര്‍ച്ചയെ ഇതെല്ലാം തടസ്സപ്പെടുത്തുന്നു. അഭ്യസ്‌തവിദ്യരായ ജനങ്ങളും ഉദാരജനാധിപത്യവിശ്വാസികളും ഒരു ഗണ്യമായ ശക്തിയാണ്‌. ഫാസിസത്തിന്റെ വളര്‍ച്ചയെ അവര്‍ അത്ര എളുപ്പം അംഗീകരിക്കുകയില്ല. അവര്‍ പ്രതിഷേധിക്കുകയും സമരം വളര്‍ത്തിയെടുക്കുകയും ചെയ്യും. പോരാട്ടമുണ്ടാകും. അതാണ്‌ യാഥാര്‍ത്ഥ്യം. ശരിയായ രീതിയില്‍ വര്‍ഗ്ഗ ബഹുജനസമരങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ ഫാസിസ്റ്റ്‌ വിപത്തിനെ നമുക്ക്‌ നേരിടാന്‍ സാധിക്കും. പക്ഷെ, നാം അഭിമുഖീകരിക്കാന്‍ പോകുന്നത്‌ വലിയൊരു വിപത്തിനെയാണെന്ന കാര്യം, മാര്‍ക്‌സിസ്റ്റ്‌ വിപ്ലവകാരികളെന്ന നിലയില്‍, യഥാര്‍ത്ഥ ഇടതുപക്ഷ വിശ്വാസികളെന്ന നിലയില്‍, നാം മനസ്സിലാക്കിയിരിക്കണം.
ആര്‍എസ്‌എസ്‌ ഹിന്ദുരാഷ്‌ട്രം എന്ന മുദ്രാവാക്യമുയര്‍ത്തുന്നു. ഈ വിഷയത്തില്‍ രവീന്ദ്രനാഥ്‌ ടാഗോറിന്റെ ഒരു നിരീക്ഷണം ഓര്‍മ്മപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു: �ഇന്‍ഡ്യയില്‍ ഹിന്ദു മനസ്സുകളെ മാത്രം അംഗീകരിച്ചാല്‍ മതിയാവില്ല. സാഹിത്യവും കലയും ശില്‌പകലയും ശാസ്‌ത്രവും മറ്റും അവയുടെ വൈവിദ്ധ്യപൂര്‍വ്വമായ സമ്പന്നതയില്‍ വികാസം പ്രാപിച്ചത്‌ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും കൂടിച്ചേരലിലൂടെയാണ്‌.�21 ആര്‍എസ്‌എസ്‌-ബിജെപി പൗരാണിക പാരമ്പര്യത്തെപ്പറ്റി പറയുന്നു. അങ്ങനെയെങ്കില്‍, ഈ രാജ്യത്ത്‌ ഗൗതമബുദ്ധനും ജീവിച്ചിരുന്നുവെന്നോര്‍ക്കുക. ബുദ്ധന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല. ജൈനമതസ്ഥാപകനായ മഹാവീരനും ഈശ്വരവിശ്വാസിയായിരുന്നില്ല. ചാര്‍വാക മുനിയുടെ തത്ത്വചിന്തയും ലോകായത ദര്‍ശനവും മറ്റും പോലെയുള്ള ഭൗതികവാദ തത്ത്വചിന്തകള്‍ ഈ രാജ്യത്തുണ്ടായിരുന്നു. ഈ രാജ്യത്തിന്‌ വേദാന്ത ദര്‍ശനം മാത്രമേ ഉണ്ടായിരുന്നുള്ളുവോ? ആര്‍എസ്‌എസ്‌-ബിജെപി പാരമ്പര്യത്തിന്റെ പേരില്‍ മേല്‌പറഞ്ഞ മറ്റ്‌ തത്ത്വചിന്തകളെയൊന്നും വളര്‍ത്തുകയില്ല. എന്തെന്നാല്‍, അവ ഹിന്ദുത്വത്തെ അഥവാ ഹിന്ദുരാഷ്‌ട്രത്തെ പറ്റിയുള്ള അവരുടെ സിദ്ധാന്തത്തിന്‌ ഹാനി വരുത്തും. അവര്‍ക്ക്‌ വേണ്ടത്‌ അന്ധമായ വിശ്വാസമാണ്‌. അന്ധമായ മതഭക്തി. മുതലാളിത്തത്തിന്‌ ആത്മവിശ്വാസം നല്‍കാന്‍ അതിന്‌ മാത്രമേ സാധിക്കൂ. അത്‌ ചെയ്യാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. ഇത്‌ നാം മനസ്സിലാക്കിയിരിക്കണം.
മറ്റൊരു വിഷയവും കൂടി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത്‌ മതേതരത്വം എന്ന വാക്ക്‌ വളരെയേറെ വളച്ചൊടിക്കപ്പെട്ടിരിക്കുകയാണ്‌. മതേതരത്വമെന്നാല്‍ എല്ലാ മതങ്ങള്‍ക്കും തുല്യ പ്രോത്സാഹനം എന്നാണ്‌ ഇത്രയും കാലം കോണ്‍ഗ്രസ്സ്‌ വിശദീകരിച്ചുവന്നത്‌. എല്ലാ മതങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടത്‌ ഹിന്ദുമതമാണ്‌. അല്ലെങ്കില്‍ രാജ്യം വിഭജിതമാകുമായിരുന്നില്ല. പാകിസ്ഥാന്‍ സൃഷ്‌ടിക്കപ്പെടുമായിരുന്നില്ല. ഗാന്ധിജി തന്നെ സ്വയം ഒരു ഹിന്ദു സന്യാസിയുടെ ജീവിതമാണ്‌ നയിച്ചത്‌. സ്വാതന്ത്ര്യസമരത്തില്‍ ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കളുടെ മേധാവിത്വമുണ്ടായിരുന്നു. താണ ജാതിക്കാരെന്ന്‌ വിളിക്കപ്പെടുന്ന ആളുകള്‍ — തീര്‍ച്ചയായും ഞങ്ങള്‍ ആരെയും താണ ജാതിക്കാരായി കണക്കാക്കുന്നില്ല — സ്വാതന്ത്ര്യസമരത്തില്‍ പങ്ക്‌ ചേര്‍ന്നതുമില്ല. ഉയര്‍ന്ന ജാതിക്കാരെന്ന്‌ കരുതപ്പെടുന്ന ഹിന്ദുക്കള്‍ മാത്രമാണ്‌ സ്വാതന്ത്ര്യസമരത്തെ നിയന്ത്രിച്ചിരുന്നത്‌. മതേതരത്വം എന്ന വാക്കിന്റെ ശരിയായ വിവക്ഷയെന്താണ്‌? നവോത്ഥാനകാലത്ത്‌ യൂറോപ്പില്‍ ഉയര്‍ന്നുവന്ന ആശയമായ മതേതരത്വത്തിന്റെ നിലപാട്‌ ഭരണകൂടം ഒരു മതത്തെയും പ്രോത്സാഹിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്‌തുകൂടാ എന്നതാണ്‌. രാഷ്‌ട്രീയം, സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസം, സംസ്‌കാരം എന്നിവയിലൊന്നും മതത്തിന്‌ സ്ഥാനമുണ്ടാവുകയില്ല. മതം വ്യക്തികളുടെ സ്വകാര്യവിഷയമായിരിക്കും. ആര്‍ക്കെങ്കിലും താല്‌പര്യമുണ്ടെങ്കില്‍ മതവിശ്വാസം പുലര്‍ത്താം, താല്‌പര്യമില്ലെങ്കില്‍ അതിന്റെ ആവശ്യമില്ല. വേണമെങ്കില്‍ ദൈവത്തില്‍ വിശ്വസിക്കാം, വിശ്വസിക്കാതെയുമിരിക്കാം. അതാണ്‌ യഥാര്‍ത്ഥ മതേതരത്വം. പക്ഷെ, പരിഷ്‌കരണവാദികളായ കോണ്‍ഗ്രസ്സ്‌ നേതൃത്വം, അനുരഞ്‌ജന നിലപാട്‌ സ്വീകരിച്ചിരുന്ന ബൂര്‍ഷ്വാസിയുടെ താല്‌പര്യം പരിഗണിച്ചുകൊണ്ട്‌, മതേതരത്വത്തെ സംബന്ധിച്ച ഈ ശരിയായ ധാരണ നമ്മുടെ രാജ്യത്ത്‌ വേരുപിടിക്കാന്‍ അനുവദിച്ചില്ല. മതത്തിന്‌ രാഷ്‌ട്രീയവുമായി ഒരു ബന്ധവും പാടില്ലെന്ന്‌ സുഭാഷ്‌ചന്ദ്രബോസും പറഞ്ഞിരുന്നു. ശാസ്‌ത്രത്തിന്റെയും സാമ്പത്തികശാസ്‌ത്രത്തിന്റെയും രാഷ്‌ട്രമീമാംസയുടെയും മറ്റും അടിസ്ഥാനത്തിലാകണം രാഷ്‌ട്രീയം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹം പറഞ്ഞു: �മതത്തെ രാഷ്‌ട്രീയത്തില്‍ നിന്ന്‌ പരിപൂര്‍ണ്ണമായും മാറ്റി നിര്‍ത്തണം. മതം ഓരോരുത്തരുടെയും സ്വകാര്യവിഷയം മാത്രമായിരിക്കണം. ഏതൊരു വ്യക്തിക്കും ഒരു മനുഷ്യനെന്ന നിലയില്‍, തനിക്ക്‌ താല്‌പര്യമുള്ള മതം ദീക്ഷിക്കാനുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. പക്ഷെ, രാഷ്‌ട്രീയം മതത്തിന്റെയോ മറ്റേതെങ്കിലും പ്രകൃത്യതീത ആശയത്തിന്റെയോ അടിസ്ഥാനത്തില്‍ നയിക്കപ്പെട്ടുകൂടാ. രാഷ്‌ട്രീയത്തെ നയിക്കേണ്ടത്‌ സാമ്പത്തികവും രാഷ്‌ട്രീയവും ശാസ്‌ത്രീയവുമായ യുക്തിവിചാരമായിരിക്കണം.�6 അദ്ദേഹം ഇങ്ങനെയും പറയുകയുണ്ടായി: �ഹിന്ദുമഹാസഭ വോട്ടഭ്യര്‍ത്ഥിക്കാനായി ഹിന്ദുസന്യാസിമാരെയും സന്യാസിനിമാരെയും കൈയില്‍ ത്രശൂലവും നല്‍കി അയയ്‌ക്കുകയുണ്ടായി. കാവി വസ്‌ത്രവും ത്രിശൂലവും കാണുമ്പോള്‍ ഏതൊരു ഹിന്ദുവും ശിരസ്സ്‌ നമിക്കുന്നു. മതത്തെ മുതലെടുത്തുകൊണ്ടും അവഹേളിച്ചുകൊണ്ടുമാണ്‌ ഹിന്ദുമഹാസഭ രംഗത്ത്‌ വന്നിരിക്കുന്നത്‌…ഈ വഞ്ചകരെ ദേശീയജീവിതത്തില്‍ നിന്ന്‌ ഒറ്റപ്പെടുത്തണം. അവര്‍ക്ക്‌ ചെവികൊടുക്കരുത്‌. സ്വാതന്ത്ര്യസ്‌നേഹികളായ എല്ലാ സ്‌ത്രീപുരുഷന്മാരും ഒറ്റക്കെട്ടായും ഏകാഗ്രമായും രാജ്യത്തെ സേവിക്കണം എന്നതാണ്‌ നമ്മുടെ ആവശ്യം.�22 രവീന്ദ്രനാഥ്‌ ടാഗോറും മതത്തെ രാഷ്‌ട്രീയത്തിലേയ്‌ക്ക്‌ കടത്തിവിടുന്നതിനെ എതിര്‍ത്തിരുന്നു. ശരത്‌ചന്ദ്ര ചാറ്റര്‍ജിയുടെയും അഭിപ്രായം അതു തന്നെയായിരുന്നു. പക്ഷെ, ഈ ശരിയായ മതേതരത്വം നമ്മുടെ രാജ്യത്ത്‌ അനുവര്‍ത്തിക്കപ്പെട്ടില്ല. സിപിഐ(എം), സിപിഐ എന്നീ പാര്‍ട്ടികളും മതേതരത്വത്തെ സംബന്ധിച്ച ശരിയായ ധാരണ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചില്ല. അല്ലെങ്കില്‍ അവരുടെ സ്ഥിതി ഇത്രയും ദയനീയമാകുമായിരുന്നുവോ? സിപിഐ(എം)-ന്റെ പ്രവര്‍ത്തകരും അനുയായികളും വോട്ടര്‍മാരും വലിയ സംഘങ്ങളായി ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്‌. സിപിഐ(എം) അവരുടെ പ്രവര്‍ത്തകരെയും അനുയായികളെയും എന്തുതരം വിപ്ലവരാഷ്‌ട്രീയവും ഇടതുപക്ഷ രാഷ്‌ട്രീയവുമാണ്‌ ഇത്രയും കാലം പഠിപ്പിച്ചുകൊണ്ടിരുന്നത്‌ എന്ന്‌ ആലോചിച്ചുനോക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹിന്ദു സിപിഐ(എം)-കാര്‍ ബിജെപിയുടെ ഭാഗത്തേയ്‌ക്കും മുസ്ലീം സിപിഐ(എം)-കാര്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഭാഗത്തേയ്‌ക്കും ചായുകയുണ്ടായി. സിപിഐ(എം) പഠിപ്പിച്ചിരിക്കുന്ന കമ്മ്യൂണിസത്തിന്റെയും ഇടതുപക്ഷരാഷ്‌ട്രീയത്തിന്റെയും മതേതരത്വത്തിന്റെയും മേന്മ അതാണ്‌. വോട്ട്‌ നേടുന്നതിനെ മാത്രം ലാക്കാക്കിയുള്ള അവസരവാദ രാഷ്‌ട്രീയമാണ്‌ അവര്‍ അനുവര്‍ത്തിച്ചുപോന്നത്‌.

കുറിപ്പുകള്‍
1. Letter to Ballantyne, Vidyasagar Rachana Sangraha
2. Letter to F.J.Mouat, Vidyasagar Rachana Sangraha
3. Karunasagar Vidyasagar – Indra Mitra
4. Letters written to Hemantabala Debi and her son, daughter, son-in-law, brother and gradson.
5. Quoted from the novels, Charithrahin, Pather Dabi, Shesh Prasna.
6. Crossroads — Subhas Chandra Bose
7. We or our Nationhood Defined – Golwarkar
8. Swami Vivekananda – Bani O Rachana, Udbodhan (1st Edition, 1st Volume and 3rd Volume)
9. Letter to Mohammed Sarafraj of Nainital, Swami Vivekananda – Messages and Works, Udbodhan (Compiled)
10. Bani O Rachana, 3rd Volume, 5th Edition – Swami Vivekananda
11. Future of India, Swami Vivekananda – Bani O Rachana, Bengali, Udbodhan, 1st Vol 5th Edition
12. Bani O Rachana Samgrah, 7th Volume, Ibid
13. My Life and Mission
14. Amar Samarniti (My War principles) Swami Vivekananda — Collected Works (Bengali), 5th Volume
15. Swami Vivekananda – Bani O Rachana, Udbodhan (1st Edition, 2nd Volume)
16. Swami Vivekananda Collected Works, Bengali, Volume 5.
17. Advaitha Vedanta, the scientific religion
18. Critique of Hegel�s Philosophy of right.
19. On the History of Early Christianity.
20. Some Aspects of Marxism and Dialectical Materialism, Selected Works, Vol.2
21. Essays, Viswa Bharati
22. Ananda Bazar Patrika, 14.05.1940

Share this