ബഡ്ജറ്റ് അവതരണത്തോടനുബന്ധിച്ച് നിയമസഭയ്ക്ക് അകത്തും പുറത്തും അരങ്ങേറിയ കോപ്രായങ്ങള്‍ക്കെതിരെ എസ്.യു.സി.ഐ(സി) സംസ്ഥാന സെക്രട്ടറി സി.കെ. ലൂക്കോസ് പുറപ്പെടുവിച്ച പ്രസ്താവന.

Spread our news by sharing in social media

സംസ്ഥാനത്ത് നാളിതുവരെ ഉണ്ടായിട്ടുള്ളതിലേയ്ക്കും വെച്ച് വഷളന്‍ ജനദ്രോഹ ഭരണമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കീഴില്‍ നിലനില്‍ക്കുന്നത്. ജനാഭിലാഷത്തിന്റെയും ജനകീയ സമ്മര്‍ദ്ദത്തിന്റെയും ഫലമായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പ്രഖ്യാപിക്കേണ്ടിവന്ന മദ്യനയം പാടേ ഉപേക്ഷിച്ചുകൊണ്ട് കേരളത്തെ സമ്പൂര്‍ണ്ണമായും മദ്യലോബിക്ക് തീറെഴുതികൊടുത്ത നടപടി മാത്രം മതി ഈ സര്‍ക്കാരിന്റെ തനിനിറം വ്യക്തമാക്കാന്‍.

ക്വാറി-ഭൂ മാഫിയകളുടെയും അധോലോക ശക്തികളുടെയും പിടിയലമര്‍ന്നിരിക്കുന്ന, മൂക്കറ്റം അഴിമതിയിലാണ്ട, സര്‍ക്കാരാണിത്. ഇതിനെതിരെ ശക്തവും തത്ത്വാധിഷ്ഠിതവുമായ ബഹുജനപ്രക്ഷോഭണം വളര്‍ത്തിയെടുക്കുക എന്നതാണ് ജനപക്ഷത്തുനില്‍ക്കുന്നവരുടെ ധര്‍മ്മം. പ്രഖ്യാപിച്ച മദ്യനയം പാടേ പിന്‍വലിച്ച് മദ്യരാജാക്കന്മാരുടെ നെറികെട്ട ഉപജാപങ്ങള്‍ക്ക് കീഴടങ്ങിയ നടപടി പിന്‍വലിക്കണമെന്നതും വിലക്കയറ്റത്തിനും തൊഴില്‍ സ്തംഭനങ്ങള്‍ക്കും ക്വാറി-ഭൂ മാഫിയകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സത്വരപരിഹാരമുണ്ടാക്കണമെന്നതും ഉള്‍പ്പെടെയുള്ള ജനകീയാവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് താഴെത്തട്ടില്‍ നിന്നേ കെട്ടിപ്പടുക്കുന്ന ജനാധിപത്യസമരമാണ് ഇന്നത്തെ അടിയന്തിരാവശ്യകത.

എന്നാല്‍ അതിന്റെ സ്ഥാനത്ത് ബഡ്ജറ്റ് അവതരണത്തെ തടസ്സപ്പെടുത്തി സഭയ്ക്കകത്തും പുറത്തും അരങ്ങേറിയ കൈയ്യാങ്കളികള്‍ ജനാധിപത്യ മര്യാദകളുടെ ലംഘനവും സര്‍ക്കാരിന് അവരുടെ ജനദ്രോഹ നയങ്ങളും നിലപാടുകളുമായി അനായാസം മുന്നോട്ടുപോകാന്‍ സഹായകരവുമാണ്. പ്രതിപക്ഷ സാമാജികര്‍ തെരുവുഗൂണ്ടകളെപ്പോലെ നിയമസഭയ്ക്കുള്ളില്‍ പെരുമാറിയതും സ്പീക്കറുടെ പീഠത്തില്‍ കയറിപ്പോലും തടസ്സം സൃഷ്ടിച്ചതും അപലപനീയമാണ്.

അച്ചടക്കത്തോടെയും ചിട്ടയോടെയുമുള്ള യഥാര്‍ത്ഥ ജനാധിപത്യ ബഹുജന പ്രക്ഷോഭണത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമല്ലാത്തതും നിക്ഷിപ്തതാല്‍പര്യക്കാരെ താലോലിച്ചുപരിപാലിക്കാന്‍ ഭരണക്കാര്‍ക്ക് വീണ്ടും അവസരമൊരുക്കുന്നതുമാണ് ഈ നടപടി. ന്യായമായ ജനകീയഡിമാന്റുകള്‍ ഉയര്‍ത്തികൊണ്ടുള്ള ചിട്ടയായ ജനാധിപത്യസമരത്തിന്റെ മാര്‍ഗ്ഗത്തിലേയ്ക്ക് വരണമെന്നും ഇടുങ്ങിയ പാര്‍ലമെന്റെറി താല്‍പര്യങ്ങളെ മുന്‍നിര്‍ത്തികൊണ്ടുള്ള സമരകോപ്രായങ്ങള്‍ ഇനിയെങ്കിലും ഉപേക്ഷിക്കണമെന്നും സി.പി.ഐ(എം),സി.പി.ഐ തുടങ്ങിയ ഇടതുപക്ഷ പാര്‍ട്ടികളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.