മുതലാളിത്തം മനുഷിക മൂല്യങ്ങളെ കെടുത്തുന്നു. – സഖാവ്‌ പ്രൊവാഷ്‌ ഘോഷ്‌

2013 ഏപ്രില്‍ 24 ന്‌ പാര്‍ട്ടി സ്ഥാപനദിനാചരണത്തോടനുബന്ധിച്ച്‌ കൊല്‍ക്കത്തയില്‍നടന്ന വമ്പിച്ച പൊതുസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സഖാവ്‌ പ്രൊവാഷ്‌ഘോഷ്‌ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷയാണ്‌ ചുവടെ കൊടുത്തിട്ടുള്ളത്‌.

സഖാവ്‌ അദ്ധ്യക്ഷന്‍, സഖാക്കളെ, സുഹൃത്തുക്കളേ,
ഇന്ന്‌ ഈ ചരിത്രദിനത്തില്‍ ഗൗരവാവഹമായ ചില കാര്യങ്ങള്‍ ഞാന്‍ നിങ്ങളോട്‌ ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നു. ആരോഗ്യസ്ഥിതിയും കാലാവസ്ഥയും പരിഗണിക്കുമ്പോള്‍ എത്രത്തോളം എനിക്ക്‌ അത്‌ സാധ്യമാകുമെന്ന്‌ അറിയില്ല. എങ്കിലും ഞാന്‍ കഴിയുന്നിടത്തോളം അതിനായി പരിശ്രമിക്കാം.
പശ്ചിമബംഗാളില്‍ ലക്ഷക്കണക്കിനാളുകള്‍ ചിട്ടിഫണ്ട്‌ കുംഭകോണത്തില്‍ തട്ടിപ്പിനിരയായിരിക്കുകയാണ്‌. എന്താണ്‌ സംഭവിച്ചതെന്ന്‌ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെന്ന്‌ അവകാശപ്പെടുന്നു. ശക്തമായ ഭരണസംവിധാനവും പോലീസും കോടതിയുമൊക്കെ ഉണ്ട്‌. കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ, സിബിഐ, സംസ്ഥാന ഇന്റലിജന്‍സ്‌ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്‌. ഇതിനൊക്കെ വേണ്ടി കോടിക്കണക്കിന്‌ രൂപയും ചെലവഴിക്കുന്നുണ്ട്‌. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നുവെന്നാണ്‌ അധികാരികള്‍ അവകാശപ്പെടുന്നത്‌. അങ്ങനെയെങ്കില്‍ എങ്ങനെയാണ്‌ ഒരു വ്യക്തിക്ക്‌ (ശാരദ ചിട്ടി ഫണ്ട്‌ ഉടമ) ലക്ഷക്കണക്കിനാളുകളെ കബളിപ്പിക്കാനും അവരുടെ പണം അപഹരിക്കാനും കഴിയുന്നത്‌! ആരിതിന്‌ ഉത്തരം പറയും? കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകകള്‍ ഇതില്‍ ഒരുപോലെ ഉത്തരവാദികളല്ലേ. ബംഗാളില്‍ മുമ്പ്‌ ഭരിച്ചിരുന്ന സിപിഐ(എം) സര്‍ക്കാരിനും ഈ ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒഴിയാനാകുമോ? എല്ലാം അവരുടെ കണ്‍മുന്നിലല്ലേ നടന്നത്‌. ഒറ്റ ദിവസം കൊണ്ട്‌ പതിനായിരം രൂപ ഒരു ലക്ഷമാക്കിത്തരാം എന്നൊരു ബിസിനസുകാരന്‍ പറയുമ്പോള്‍ ഇതെന്താ കണ്‍കെട്ടുവിദ്യയാണോ?നേതാക്കന്മാര്‍ക്കുംമന്ത്രിമാര്‍ക്കുമൊന്നും ഇതേപ്പറ്റി ഒന്നുമറിയില്ലായിരുന്നു എന്ന്‌ നമ്മള്‍ വിശ്വസിക്കണോ. ഇപ്പോഴവര്‍ പരസ്‌പരം പഴിചാരുന്നു. ഉത്തരവാദിത്വം തലയില്‍ വെച്ചൊഴിയാന്‍ സിപിഐ(എം) മന്ത്രിമാരും തൃണമൂല്‍ മന്ത്രിമാരും തമ്മില്‍ മത്സരിക്കുകയാണ്‌. ഇരുകൂട്ടരും ഒരുപോലെ ഉത്തരവാദികളാണ്‌ എന്നാണ്‌ ഞങ്ങളുടെ അഭിപ്രായം. എല്ലാവരുടെയും ഒത്താശയോടെയാണ്‌ ഇതെല്ലാം നടന്നിരിക്കുന്നത്‌.

സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന്‌ കാര്യങ്ങള്‍ മറച്ചുവെയ്‌ക്കുന്നു
കേന്ദ്രഗവണ്മെന്റ്‌ഈ ചിട്ടികമ്പനികള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കുന്നതെന്തുകൊണ്ട്‌? അദ്ധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യത്തില്‍ നിന്ന്‌ അല്‌പം അധികവരുമാനം സാധാരണക്കാര്‍ ആഗ്രഹിക്കുക സ്വാഭാവികം മാത്രം. സര്‍ക്കാരിന്റെ സമ്പാദ്യപദ്ധതികളില്‍ നിന്നുള്ള വരുമാനം അടിക്കടി കുറച്ച്‌ സ്വകാര്യകമ്പനികള്‍ക്ക്‌ ജനങ്ങളെ കബളിപ്പിക്കാന്‍ അവസരമൊരുക്കുകയാണ്‌ സര്‍ക്കാരുകള്‍ ചെയ്യുന്നത്‌. സ്വാഭാവിക രീതിയില്‍ ഇവ്വിധം പണം ഇരട്ടിപ്പിക്കാന്‍ കഴിയില്ലെന്നും അപ്പോള്‍ വഴിവിട്ട കാര്യങ്ങളാണ്‌ നടക്കുന്നതെന്നും ജനങ്ങള്‍ കബളിപ്പിക്കപ്പെടുമെന്നും സര്‍ക്കാരുകള്‍ അറിയാത്തതാണോ?
എന്തുകൊണ്ട്‌ സര്‍ക്കാര്‍ ജനങ്ങളെ മാധ്യമങ്ങളിലൂടെ ഇക്കാര്യങ്ങള്‍ അറിയിച്ചില്ലേ? ഏത്‌ രാഷ്ട്രീയപാര്‍ട്ടിയുടെ പത്രത്തിലാണ്‌ ഇവരുടെ പരസ്യം വരുന്നതെന്നും ഏതൊക്കെ നേതാക്കളാണ്‌ ഇവരുടെ ഉദ്‌ഘാടനവേളകളിലും മറ്റും പങ്കെടുക്കുന്നതെന്നും ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. ഇനിയും പലതും വെളിച്ചത്ത്‌ വരാനുമുണ്ട്‌. ഇത്തരത്തിലൊരു സംരംഭം ഉദ്‌ഘാടനം ചെയ്‌ത മുന്‍ സിപിഐ(എം) മുഖ്യമന്ത്രി പറഞ്ഞത്‌ ഇവരുടെ പണത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ അറിയില്ലായിരുന്നു എന്നാണ്‌. അതായത്‌ ഈ തട്ടിപ്പുകാരെക്കുറിച്ച്‌ മുന്‍ ഗവണ്മെന്റിന്‌ എല്ലാമറിയാമായിരുന്നുവെന്നും ഇവരില്‍ നിന്ന്‌ അവര്‍ ആനുകൂല്യങ്ങള്‍കൈപ്പറ്റിയിട്ടുണ്ട്‌ എന്നും വ്യക്തം. ഇവര്‍ക്കെതിരെ നിയമം കൊണ്ടുവന്നുവെന്നും അതിന്‌ കേന്ദ്രസര്‍ക്കാര്‍ അനുമതി ല്‍കിയില്ലെന്നും പറഞ്ഞ്‌ തടിതപ്പാനാണ്‌ ഇപ്പോഴിവര്‍ ശ്രമിക്കുന്നത്‌. അതുകൊണ്ടാണത്രേ ഈ തട്ടിപ്പുകാര്‍ക്കെതരിരായ നടപടി നീണ്ടുപോയത്‌. അന്ന്‌ കേന്ദ്രത്തിലെ ഒന്നാം യുപിഎ സര്‍ക്കാര്‍ സിപിഐ(എം) പിന്തുണയോടെയാണ്‌ ഭരിച്ചിരുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. എന്നിട്ട്‌ ഈ ദുരന്തം ഒഴിവാക്കാന്‍ അവര്‍ ശ്രമിക്കാതത്തതെന്തേ. ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്‌ അവര്‍ സമരങ്ങള്‍ വളര്‍ത്തിയെടുക്കാതിരുന്നത്‌ എന്തുകൊണ്ട്‌? ചിട്ടിക്കമ്പനിക്കാരൊക്കെ ഇവരുടെ ചങ്ങാതിമാരായിരുന്നു എന്നതുതന്നെ കാരണം. സിപിഐ എം ഇക്കാര്യത്തില്‍ സംശുദ്ധരല്ല എന്ന്‌ ഒരു മുന്‍ മന്ത്രി തന്നെ വിഴുപ്പലക്കല്‍ നടത്തിയിട്ടുണ്ട്‌. സര്‍ക്കാര്‍ മാറിയപ്പോള്‍ എല്ലാ സാമൂഹ്യവിരുദ്ധരും തൃണമൂലിനൊപ്പമായി. ഒപ്പം ചിട്ടിഫണ്ടുകാരും. ചിട്ടിഫണ്ടുകാരുടെ ചടങ്ങില്‍ പങ്കെടുത്തത്‌ അവര്‍ ക്ഷണിച്ചതുകൊണ്ടാണെന്ന്‌ തൃണമൂല്‍ മുഖ്യമന്ത്രി പറയുന്നു. ത്രിപുരയിലെ സിപിഐ (എം) മുഖ്യമന്ത്രിയും ഇതുതന്നെ പറയുന്നു. ക്ഷണിക്കുന്നവരുടെ സ്വഭാവമൊന്നും ഇവര്‍ പരിശോധിക്കുന്നില്ലത്രേ! അവര്‍ വിളമ്പുന്ന ഈ ചവറൊക്കെ വിഴുങ്ങാന്‍ മാത്രം വിഡ്‌ഢികളാണ്‌ ജനങ്ങള്‍ എന്നാണോ ഇവരൊക്കെ കരുതുന്നത്‌? ആരാണ്‌ ക്ഷണിക്കുന്നതെന്നും എന്തിനാണ്‌ ക്ഷണിക്കുന്നതെന്നും അതുകൊണ്ട്‌ അവര്‍ക്കുണ്ടാകുന്ന നേട്ടമെന്താണെന്നുമൊക്കെ മനസ്സിലാക്കാതെയാണോ ഒരു നേതാവ്‌ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നത്‌? ഒരു സംഘടന ഒരു ആംബുലന്‍സ്‌ സര്‍വ്വീസ്‌ ഉദ്‌ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുമ്പോള്‍ ആ സംഘടനയുടെ പ്രവര്‍ത്തനമെന്താണ്‌ എന്ന്‌ തിരക്കാതെ ക്ഷണം സ്വീകരിക്കുമോ? തൃണമൂല്‍ ഭരിക്കാന്‍ തുടങ്ങിയിട്ട്‌ രണ്ട്‌ വര്‍ഷമായി. അതിനുമുമ്പ്‌ സിപിഐഎം മുപ്പത്തിനാല്‌ വര്‍ഷം ഭരിച്ചു. ഇക്കാലമൊക്കെ ഇവര്‍എന്തുചെയ്യുകയായിരുന്നു? ഈ പാര്‍ട്ടികള്‍ തമ്മില്‍ ഒരു വ്യത്യാസമുണ്ടെന്നത്‌ ശരിതന്നെ. സിപിഐഎം നേതൃത്വം കൂടുതല്‍ സൂത്രശാലികളാണ്‌. അവരെ അപേക്ഷിച്ച്‌ സാമര്‍ത്ഥ്യം കുറഞ്ഞ തൃണമൂല്‍ പെട്ടെന്ന്‌ പിടിക്കപ്പെട്ടു എന്നതാണ്‌ വസ്‌തുത.

ലക്ഷക്കണക്കിനാളുകളെ കബളിപ്പിച്ച ഈ ഇടപാടുകളുടെ ഉത്തരവാദിത്വം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുത്തേ മതിയാകൂ.

നഷ്ടക്കണക്ക്‌ പറഞ്ഞ്‌ വിലപിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കും കുത്തകകള്‍ക്കുമൊക്കെ പൊതുഖജനാവില്‍ നിന്ന്‌ 5,50,000 കോടിരൂപയാണ്‌ കേന്ദ്ര-സര്‍ക്കാര്‍ ചൊരിഞ്ഞുകൊടുത്തത്‌. 5,00,000 കോടിരൂപയുടെ ബജറ്റ്‌ കമ്മിറ്റിയുള്ളപ്പോഴാണ്‌ ഈ നടപടിയെന്നോര്‍ക്കണം. കുത്തകകളോട്‌ എന്ത്‌ ഔദാര്യം! എന്നാല്‍ ഈ ചിട്ടിഫണ്ട്‌ കുംഭകോണത്തില്‍ കൊള്ളയടിക്കപ്പെട്ട നിക്ഷേപകര്‍ക്ക്‌ ഒരു സാമ്പത്തിക സഹായം ചെയ്യാന്‍ ഈ സര്‍ക്കാര്‍ തയ്യാറാകാത്തതെന്ത്‌? സംസ്ഥാന സര്‍ക്കാരിനും ഇത്‌ ചെയ്യാവുന്നതേയുള്ളൂ. തെരഞ്ഞെടുപ്പ്‌ താല്‍പ്പര്യം മുന്‍നിര്‍ത്തി ഇമാമുമാരുടെ അലവന്‍സെന്നും ക്ലബുകള്‍ക്ക്‌ സംഭാവനയെന്നുമൊക്കെ പറഞ്ഞ്‌ എത്ര പണമാണിവര്‍ ധൂര്‍ത്തടിക്കുന്നത്‌. പക്ഷേ തട്ടിപ്പിന്‌ ഇരയായ പാവങ്ങള്‍ക്ക്‌ ഒരു സഹായവുമില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിരോധ ബജറ്റും പോലീസ്‌ ബജറ്റുമൊക്കെ വെട്ടിക്കുറക്കുകയും എംപിമാരുടെയും എംഎല്‍എ മാരുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥപ്രമാണിമാരുടെയുമൊക്കെ ശമ്പളത്തില്‍ അല്‌പം കുറവുവരുത്തുകയും ചെയ്‌താല്‍ നിക്ഷേപകര്‍ക്ക്‌ കൊടുക്കാന്‍ ആവശ്യമായ തുകകിട്ടും. അല്ലാത്തപക്ഷം അവര്‍ ആത്മഹത്യ ചെയ്യേണ്ടിവരും. �പോയതുപോയി� എന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. കബളിപ്പിക്കപ്പെട്ടവരോടുള്ള മനോഭാവം കൊള്ളാം. എല്ലാം നഷ്ടപ്പെട്ട്‌ വഴിയാധാരമായിരിക്കുന്നവരോട്‌ ക്ഷമയോടെ അടങ്ങിയൊതുങ്ങി ഇരിക്കാനാണ്‌ ഉപദേശം. ഇതെന്ത്‌ മനോഭാവമാണ്‌?

സിപിഐ(എം) ആകട്ടെ, ഈ ചിട്ടിഫണ്ട്‌ കുംഭകോണം, വരുന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍, വരണ്ടുണങ്ങി കിടക്കുന്ന തങ്ങളുടെ വോട്ടുബാങ്കില്‍ അല്‌പം പച്ചപ്പുണ്ടാക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌. ഇതാണ്‌ നടക്കുന്നത്‌. തൃണമൂല്‍ കോണ്‍ഗ്രസിനെ പശ്ചിമബംഗാളിന്റെ രക്ഷകനായി ഉയര്‍ത്തികാട്ടിയ മുതലാളിവര്‍ഗ്ഗം ഇത്‌ അധികകാലം ഗുണം ചെയ്യില്ല എന്ന ചിന്താഗതിയിലാണിപ്പോള്‍. ഭരണവര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം സിപിഐ(എം) ആണ്‌ കൂടുതല്‍ ആശ്രയിക്കത്തക്കതും കാര്യപ്രാപ്‌തിയുള്ളതും. അതുകൊണ്ട്‌ അതേ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ തന്നെ ഇപ്പോള്‍ സിപിഐ(എം) നുവേണ്ടി പ്രചാരണം ആരംഭിച്ചിരിക്കയാണ്‌. കേന്ദ്രത്തില്‍ കോണ്‍ഗ്രസും ബിജെപിയുമെന്നപോലെ ഇവിടെയും രണടുപാര്‍ട്ടികള്‍ക്കിടയില്‍ അധികാരം മാറിമാറി ഏല്‌പിക്കാനുള്ള ശ്രമത്തിലാണ്‌ മുതലാളിവര്‍ഗ്ഗം. സിപിഐ(എം) ആകട്ടെ, �തെറ്റുതിരുത്തല്‍ സമര�ത്തിലൂടെ എന്ത്‌ തിരുത്തലാണ്‌ വരുത്തിയതെന്ന്‌ അവരുടെ നേതാക്കളുടെ വാക്കും പ്രവൃത്തിയും വ്യക്തമാക്കുന്നുണ്ട്‌. എന്തെങ്കിലും തെറ്റുകള്‍ അവര്‍ ഏറ്റുപറഞ്ഞോ? എന്തെങ്കിലും തിരുത്തല്‍ അവര്‍ വരുത്തിയോ? അധികാരത്തിലിരുന്നപ്പോള്‍, പോലീസും ഭരണസംവിധാനവും ക്രിമിനലുമൊക്കെ അവരുടെ വരുതിയിലായിരുന്നപ്പോള്‍, പണച്ചാക്കുകളുടെ പിന്‍ബലമുണ്ടായിരുന്നപ്പോള്‍ അവര്‍ അഹങ്കരിച്ചു, ജനകീയ സമരങ്ങളെ ഫാസിസ്റ്റ്‌ രീതിയില്‍ തച്ചുതകര്‍ത്തു, ഭീതി വിതച്ചു, ജനങ്ങളെ വേട്ടയാടി. അധികാരം നഷ്ടപ്പെട്ടതോടെ അവര്‍ മാളത്തിലൊളിച്ചു. നല്ല നാളെകള്‍ തിരിച്ചുവരുന്നതും കാത്ത്‌ കഴിയുന്നു. സിപിഐഎം എന്ന്‌ ചെയ്‌ത തിന്മകളൊക്കെ �മാറ്റ�ത്തിന്റെ മൂടുപടമിട്ടുകൊണ്ട്‌ തൃണമൂല്‍ അതേപടി ആവര്‍ത്തിക്കുന്നു.
ആവശ്യമായ നിയമങ്ങളുടെ അഭാവം മൂലം ശാരദാചിട്ടിക്കമ്പനിക്കെതിരെ ഒരു നടപടിയും എടുക്കാന്‍ കഴിയുന്നില്ല എന്നാണ്‌ ഭരണക്കാര്‍ പറയുന്നത്‌. നിയമത്തോട്‌ എന്ത്‌ ആദരവ്‌! കേന്ദ്രം നിയമം നിര്‍മ്മിക്കുന്നത്‌ കാത്തിരിക്കുകയാണെന്നും കേന്ദ്രം ഇത്‌ താമസിപ്പിക്കുകയാണെന്നുമാണ്‌ ഇവര്‍ ആവര്‍ത്തിക്കുന്നത്‌. എന്തായാലും വര്‍ഷങ്ങള്‍ കടന്നുപോയി, സംഭവിക്കാനുള്ളത്‌ സംഭവിക്കുകയും ചെയ്‌തു. എന്നാല്‍ ഒരു കാര്യം ചോദിക്കട്ടെ, ജനാധിപ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുമ്പോള്‍ നിങ്ങള്‍ ഏതെങ്കിലും നിയമം പാലിക്കാറുണ്ടോ? കഴിഞ്ഞദിവസം, പ്രൈമറി അധ്യാപകരെ തെരഞ്ഞെടുക്കാനുള്ള പരീക്ഷയില്‍ സമ്പൂര്‍ണ്ണമായ ക്രമക്കേട്‌ നടന്നത്‌ ചൂണ്ടിക്കാട്ടി നമ്മളുടെ വിദ്യാര്‍ത്ഥി സംഘടന ഒരു സമരം മേദിനിപ്പൂരില്‍ സംഘടിപ്പിക്കുകയുണ്ടായി. ആ ഡി.എസ്‌.ഒ പ്രവര്‍ത്തകരെ അറസ്റ്റുചെയ്‌ത്‌ അവര്‍ക്കുമേല്‍ എന്തൊക്കെ കുറ്റങ്ങളാണ്‌ ചുമത്തിയത്‌ എന്നറിയാമോ? സ്‌ത്രീകളെ മാനഭംഗപ്പെടുത്തി എന്ന കുറ്റം! നിയമഭക്തരുടെ ചെയ്‌തികള്‍ നോക്കൂ. ക്രമക്കേടിനെതിരെ പ്രകടനം നടത്തിയവരെ അറസ്റ്റ്‌ ചെയ്‌താണ്‌ മാനഭംഗത്തിന്‌ കേസെടുക്കുന്നത്‌! തൃണമൂല്‍ കോണ്‍ഗ്രസ്‌ അധികാരത്തില്‍ വന്നശേഷം എട്ടാംക്ലാസുവരെ ആള്‍ പ്രൊമോഷന്‍ ഏര്‍പ്പെടുത്തിയതിനെതിരെ നമ്മളാണ്‌ ആദ്യം സമരം ചെയ്‌തത്‌. വിദ്യാഭ്യാസതാല്‌പര്യം മുന്‍നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ ആ സമരത്തില്‍ അണിനിരന്നു. എന്നാല്‍, ഡി.എസ്‌.ഒക്കാര്‍ കുട്ടികളെ സ്‌കൂളില്‍ നിന്ന്‌ തട്ടിക്കൊണ്ടുപോയി പ്രകടനത്തില്‍ പങ്കെടുപ്പിക്കുന്നു എന്ന വാര്‍ത്ത പരന്നു. ഇത്‌ തികച്ചും അടിസ്ഥാനരഹിതമായിരുന്നു. പക്ഷേ, ഒരു തൃണമൂല്‍ നേതാവിന്റെ ആജ്ഞയനുസരിച്ച്‌ പോലീസ്‌ ഡി.എസ്‌.ഒ പ്രവര്‍ത്തകരെ അറസ്റ്റ്‌ ചെയ്‌ത്‌ കള്ളക്കേസ്‌ ചാര്‍ജ്‌ ചെയ്‌തു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പോലീസ്‌ ഒരു നിയമവും നോക്കുന്നില്ല. സിപിഐഎം ഭരിക്കുമ്പോള്‍ ഒരു ബഹുജനപ്രക്ഷോഭ രംഗത്ത്‌ നമ്മുടെ പ്രവര്‍ത്തകരും പോലീസുമായി ചെറിയതോതില്‍ ഒരു സംഘര്‍ഷമുണ്ടായപ്പോള്‍ അറസ്റ്റ്‌ ചെയ്‌ത പ്രവര്‍ത്തകരുടെ മേല്‍ കൊലപാതകശ്രമത്തിന്‌ കേസ്‌ ചാര്‍ജ്‌ ചെയ്യുകയുണ്ടായി. പത്തിരുപത്‌ വര്‍ഷമായി ഈ കേസ്‌ നടക്കുന്നു. ജനകീയ സമരങ്ങളുടെ സംഘാടകര്‍ക്കുമേല്‍ പല പ്രതിപക്ഷ പ്രവര്‍ത്തകരും കൊല്ലപ്പെടുന്നുണ്ട്‌.മുതലാളിമാരുടെ പരാതിപ്രകാരം നിരപരാധികളായ പല തൊഴിലാളികളുടെയും മേല്‍ കള്ളക്കേസ്‌ ചുമത്തി ജയിലിലടക്കുന്നു. സമരക്കാരെ അറസ്റ്റ്‌ ചെയ്‌തതിനുശേഷം അവരെ ഒരു പാഠം പഠിപ്പിക്കാനായി ഓരോരോ വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്നു. ഇവര്‍ നിയമങ്ങളുടെ ആരാധകര്‍ തന്നെ! ഒരു സംശയവുമില്ല.അങ്ങനെ നിയമങ്ങളുടെ അപര്യാപ്‌തത മൂലം മര്‍ദ്ദകരായ മുതലാളിമാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും തട്ടിപ്പുകാര്‍ക്കും കൊള്ളക്കാര്‍ക്കുമൊന്നും എതിരെ കേസെടുക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ്‌ പോലീസ്‌!

പാര്‍ട്ടികളുടെയും 
നേതാക്കളുടെയും പണത്തിന്റെ ഉറവിടമെന്താണ്‌?
കുറെക്കാലമായി രാഷ്ട്രീയം പണം കൊണ്ടുള്ള ഒരു കളിയാണെന്ന്‌ ഏവര്‍ക്കുമറിയാം. കുത്തകകളും പൂഴ്‌ത്തിവെയ്‌പുകാരും കള്ളക്കടത്തുകാരും പെണ്‍വാണിഭക്കാരുമൊക്കെ നല്‍കുന്നതാണ്‌ ഈ പണം. ചിട്ടിഫണ്ട്‌ തട്ടിപ്പുകാരും അവരുടെ കൂട്ടത്തിലുണ്ട്‌. കോണ്‍ഗ്രസ്സോ ബിജെപിയോ ആരുമാകട്ടെ, വോട്ട്‌ രാഷ്ട്രീയം കളിക്കുന്ന നേതാക്കള്‍ സാമ്പത്തിക തിരിമറി നടത്തുന്നവരായിരിക്കും. ഇനി സിപിഐ(എം) ന്റെ കാര്യമെടുക്കാം. സിപിഐ(എം) ന്‌ എത്ര ആസ്‌തിയുണ്ടെന്ന്‌ നിങ്ങള്‍ക്കറിയാമോ! തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ അവര്‍ സമര്‍പ്പിച്ച കണക്കുപ്രകാരം സ്വത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കും മായാവതിയുടെ ബിഎസ്‌പിക്കും പിന്നില്‍ അവരുണ്ട്‌. ഇത്‌ പാവപ്പെട്ട തൊഴിലാളികള്‍ നല്‍കിയ പണമാണോ? എവിടെ നിന്നാണ്‌ ഈ പണം വരുന്നത്‌? മനസ്സിലാക്കാന്‍ വല്ല പ്രയാസവുമുണ്ടോ? ഇന്ന്‌ തെരഞ്ഞെടുപ്പ്‌ എന്ന്‌ പറഞ്ഞാല്‍ പണത്തിന്റെയും കയ്യൂക്കിന്റെയും മാധ്യമബലത്തിന്റെയും അധികാരത്തിന്റെയും ഒരു ഏര്‍പ്പാട്‌ എന്നേ അര്‍ത്ഥമുള്ളൂ.
ജനാധിപത്യം ഇന്ന്‌ ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി നടത്തപ്പെടുന്ന ഒന്നല്ല. അത്‌ മേല്‌പറഞ്ഞ ശക്തികളുടെ ഒരു ഏര്‍പ്പാടാണ്‌. എല്ലാവരും ജനങ്ങളെപ്പിടിച്ച്‌ ആണയിടുന്നുണ്ട്‌. എല്ലാം വെറും തട്ടിപ്പ്‌. മുതലാളിവര്‍ഗ്ഗം ലോകത്തെവിടെയും ഒരുപോലെയാണ്‌. പണം പിടുങ്ങാന്‍ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ തമ്മില്‍ മത്സരിക്കുന്നു. ബി.ജെ.പിയേക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസ്‌ സമ്പാദിക്കുന്നു. മുപ്പത്തിനാല്‌ വര്‍ഷം കൊണ്ട്‌ സിപിഐ(എം) സമ്പാദിച്ചതിനേക്കാള്‍ കൂടുതല്‍ വെറും ഇരുപത്തിനാല്‌ മാസം കൊണ്ട്‌ തൃണമൂല്‍ സമ്പാദിക്കും. ചില നേതാക്കള്‍ അഴിമതിയുടെ കറ പുരളാത്തവരാണ്‌ എന്ന്‌ മേനി നടിക്കുന്നു. അവര്‍ പണം കൈകൊണ്ട്‌ തൊടില്ല. പക്ഷേ, എല്ലാം വെട്ടിവിഴുങ്ങാന്‍ ഉപഗ്രഹങ്ങള്‍ പോലെ ചുറ്റും കറങ്ങുന്ന കിങ്കരന്മാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്‌. എന്തായാലും ഈ �സത്യസന്ധരായ� നേതാക്കള്‍ പറയുന്നത്‌ അവര്‍ ഒന്നും അറിഞ്ഞില്ല എന്നാണ്‌. അവര്‍ കണ്ണും പൂട്ടിയിരിക്കുകയാണ്‌. ജനങ്ങളും ഇവര്‍ സത്യസന്ധരാണെന്ന്‌ വിശ്വസിക്കുന്നു. കൂടെയുള്ളവരാണ്‌ കള്ളന്മാര്‍. സിപിഐഎം 34 വര്‍ഷം കൊള്ളയടിച്ചെങ്കില്‍ തൃണമൂലിന്‌ എന്തുകൊണ്ട്‌ ആയിക്കൂടാ എന്നാണ്‌ ഗ്രാമീണരായ തൃണമൂല്‍ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്‌. പണം പിടുങ്ങല്‍ ഒരു അവകാശമായിരിക്കുന്നു. മഹത്തായ ഈ ജനാധിപത്യം മാഫിയകളുടെയും കൊള്ളക്കാരുടെയും കുറ്റവാളികളുടെയും പോലീസിന്റെയുമൊക്കെ ജനാധിപത്യമാണ്‌. സ്വാതന്ത്ര്യസമരകാലത്ത്‌ സി.ആര്‍.ദാസും ലാലാജിയും ഭഗത്‌സിംഗും സൂര്യസെന്നും പോലെയുള്ള നേതാക്കള്‍ തിലകനും നേതാജിയും കയ്യാളിയ രാഷ്‌ട്രീയത്തിന്റെ നിലവാരത്തെക്കുറിച്ച്‌ ഒന്ന്‌ ഓര്‍ത്തുനോക്കൂ. അധികാരമോഹികളും ആര്‍ത്തിപ്പണ്ടാരങ്ങളുമായ ഇന്നത്തെ നേതാക്കള്‍ രാഷ്ട്രീയത്തെ ഏതൊരു പതനത്തിലാണ്‌ കൊണ്ടെത്തിച്ചിരിക്കുന്നത്‌!
ജന്മിത്തത്തിനെതിരെ പൊരുതിക്കൊണ്ടാണ്‌ യൂറോപ്പില്‍ ബൂര്‍ഷ്വാ ജനാധിപത്യം ഉദയം ചെയ്‌തത്‌. കുടില്‍ വ്യവസായങ്ങളുടെ സ്ഥാനത്ത്‌ ഒരു ദേശീയ കമ്പോളം ഉയര്‍ന്നുവന്നു. വന്‍വ്യവസായങ്ങള്‍ക്ക്‌ തൊഴിലാളികളെ ആവശ്യമായിരുന്നു. ഇതിനായി അടിയാന്മാരെ ജന്മിത്ത കെട്ടുപാടുകളില്‍ നിന്ന്‌ മോചിപ്പിക്കേണ്ടതുണ്ടായിരുന്നു. പ്രകൃതിവിഭവങ്ങള്‍ ശരിയാംവണ്ണം ഉപയോഗപ്പെടുത്താന്‍ ശാസ്‌ത്രസാങ്കേതിക വിദ്യാവികാസം അനിവാര്യമായിരുന്നു. സാമൂഹ്യപുരോഗതിക്കായി നിലകൊണ്ട നവജാതമുതലാളിത്തയുഗമായിരുന്നു അത്‌. റാം മോഹനെയും വിദ്യാസാഗറിനെയും പോലുള്ള ഇന്ത്യന്‍ നവോത്ഥാനത്തിന്റെ തുടക്കക്കാര്‍ ഇതില്‍ ആകൃഷ്ടരായി. നാഗരികത പിറവി കൊണ്ട ചരിത്രമുഹൂര്‍ത്തമായിരുന്നു അത്‌. യൂറോപ്പിലാണ്‌ നാഗരികത എന്ന സങ്കല്‌പം ഉയിര്‍കൊള്ളുന്നത്‌. എന്നാല്‍ ഈ മുതലാളിത്തം ചരിത്രത്തിന്റെ അനിഷേധ്യനിയമങ്ങളാല്‍ പ്രതിസന്ധിയിലകപ്പെടുമെന്ന്‌ മഹാനായ മാര്‍ക്‌സ്‌ ചൂണ്ടിക്കാട്ടി. കാരണം, മുതലാളിത്തത്തില്‍ ഉല്‌പാദനലക്ഷ്യം ലാഭമാണ്‌, ഇന്നത്‌ പരമാവധി ലാഭവും. തൊഴിലാളികള്‍ക്ക്‌ അര്‍ഹതപ്പെട്ട പ്രതഫലം നിഷേധിക്കാതെ ഇത്‌ സാധ്യമാകില്ല. മുതലാളിത്തത്തിന്‌ കമ്പോളം വേണം. മനുഷ്യസമൂഹത്തെക്കുറിച്ചല്ല, മനുഷ്യ കമ്പോളത്തെക്കുറിച്ചാണ്‌ മുതലാളിമാര്‍ ചിന്തിക്കുന്നത്‌. കമ്പോളം എന്ന ഒറ്റ വിചാരമേ അവര്‍ക്കുള്ളൂ. അവരെപ്പോഴും കമ്പോളം അന്വേഷിച്ചുകൊണ്ടിരിക്കുന്ന, അതായത്‌ ഉല്‌പന്നം വാങ്ങാനുള്ള ആളുകളെ തെരഞ്ഞുകൊണ്ടിരിക്കുന്നു. വാങ്ങാനാളില്ലെങ്കില്‍ കമ്പോളവുമില്ല. മുതലാളിമാരെ സംബന്ധിച്ചിടത്തോളം പരമാവധി ലാഭം നേടാനുള്ള ലാഭയന്ത്രത്തില്‍ ഉപയോഗിക്കാനുള്ള അസംസ്‌കൃത വിഭവം മാത്രമാണ്‌ മനുഷ്യന്‍. വിരോധാഭാസമെന്നുപറയട്ടെ, ഈ സമീപനം വാങ്ങല്‍ശേഷിയുള്ളവരുടെ എണ്ണം കുറയുന്നതിനും കമ്പോള പ്രതിസന്ധി ഉടലെടുക്കുന്നതിനും കാരണമാകുകയും ചെയ്യുന്നു.

ജനാധിപത്യം പാഴ്‌വാക്കാകുന്നു. ബുദ്ധിജീവികള്‍ മൗനം ദീക്ഷിക്കുന്നു
ബൂര്‍ഷ്വാജനാധിപത്യത്തിന്റെ ആരംഭകാലത്ത്‌ യൂറോപ്പ്‌ മാനുഷിക മൂല്യങ്ങള്‍ക്ക്‌ പ്രാധാന്യം കല്‌പിച്ചിരുന്നു. എന്നാല്‍, മുതലാളിത്തം വികാസം പ്രാപിച്ച്‌ കുത്തക മുതലാളിത്തമാകുകയും സാമ്പത്തിക ദുഷ്‌പ്രഭുത്വത്തിന്‌ ജന്മം നല്‍കി ക്കൊണ്ട്‌ സാമ്രാജ്യത്വഘട്ടത്തിലെത്തുകയും ചെയ്‌തു. ബാങ്ക്‌ മൂലധനവും വ്യവസായ മൂലധനവും ലയിച്ച്‌ ഫിനാന്‍സ്‌ മൂലധനത്തിന്‌ രൂപം നല്‍കിക്കൊണ്ട്‌ മൂലധന കയറ്റുമതിക്ക്‌ വഴിയൊരുക്കിയാണ്‌ ഈ ഉയര്‍ന്ന ഘട്ടത്തില്‍ മുതലാളിത്തം എത്തിയത്‌. ഇതോടെ, വിദേശകമ്പോളം ചൂഷണം ചെയ്യാനും വ്യവസായ, കാര്‍ഷിക മേഖലകളിലും ഓഹരികമ്പോളത്തിലും ആധിപത്യം ചെലുത്താനും കഴിഞ്ഞു. ഇതോടെ മുതലാളിത്തത്തിന്റെ വികാസഘട്ടം അവസാനിച്ചിരിക്കുന്നുവെന്നും അതിന്റെ ജീര്‍ണ്ണത ആരംഭിച്ചിരിക്കുന്നുവെന്നും ലെനിന്‍ ചൂണ്ടിക്കാട്ടി. ഒരിക്കല്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മുതലാളിവര്‍ഗ്ഗം ഇപ്പോള്‍ എല്ലാ ജനാധിപത്യമൂല്യങ്ങളും ചവിട്ടിമെതിക്കാന്‍ തുടങ്ങി. സ്വന്തം രാജ്യത്തെ ജനങ്ങളെ നിര്‍ദ്ദയം ചൂഷണം ചെയ്‌തും അടിച്ചമര്‍ത്തിയും അതോടൊപ്പം മറ്റ്‌ രാജ്യങ്ങളിലെ ജനങ്ങളെ കൊള്ളയടിച്ചുമാണ്‌ ഇപ്പോള്‍ മുതലാളിത്തം പിടിച്ചു നില്‍ക്കുന്നത്‌. ഇന്ന്‌ യൂറോപ്പില്‍ ഒരു ഗലീലിയോവിനെയോ ന്യൂട്ടണെയോ ഷേക്‌സ്‌പിയര്‍, ഷെല്ലി, ബയറണ്‍, റൂസ്സോ, വോള്‍ട്ടയര്‍, മില്‍, ബേക്കണ്‍, ഫ്യൂവര്‍ബാഗ്‌, കാന്റ്‌, സ്വിനോസ എന്നിവരെയോ കാണാന്‍ കഴിയുന്നുണ്ടോ? ഒരിക്കല്‍ ഉജ്ജ്വലവ്യക്തിത്വങ്ങള്‍ക്ക്‌ ജന്മം നല്‍കിയ യൂറോപ്പ്‌, അമേരിക്ക ഇന്ന്‌ വികലമനസ്സുകളെയാണ്‌ സൃഷ്ടിക്കുന്നത്‌. സ്‌കൂള്‍ കുട്ടികളെ കൊലപ്പെടുത്തുന്നവരും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ രതിവൈകൃതങ്ങള്‍ക്ക്‌ ഇരയാകുന്നവരുമാണ്‌ ഇന്ന്‌ സൃഷ്ടിക്കപ്പെടുന്നത്‌. വിവാഹം കഴിക്കാതെ സ്‌ത്രീ പുരുഷന്മാര്‍ ഒരുമിച്ച്‌ ജീവിക്കുന്നതിനും സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കുന്നതിനും വേണ്ടി അവര്‍ മുറവിളി കൂട്ടുന്നു. കൂട്ടസംഹാരശേഷിയുള്ള രാസവസ്‌തുക്കളും വിഷവാതകങ്ങളും ആയുധങ്ങളും നിര്‍മ്മിക്കുന്ന ഫാക്ടറിയായി യൂറോപ്പും അമേരിക്കയും മാറിയിരിക്കുന്നു. ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ ഈ നെടുങ്കോട്ടകള്‍ക്ക്‌ ഇന്ന്‌ അന്തര്‍ദ്ദേശീയ രംഗത്ത്‌ എന്ത്‌ പങ്കാണ്‌ നിര്‍വഹിക്കാനുള്ളത്‌? ഇറാഖിലെ എണ്ണപ്പാടങ്ങള്‍ സ്വന്തമാക്കാനായി അവര്‍ ഇറാഖിനെതിരെ കള്ളക്കഥ പ്രചരിപ്പിച്ചു. ഇറാഖ്‌ കൂട്ടസംഹാരായുധങ്ങള്‍ ഉണ്ടാക്കുകയാണെന്നും അവരെ തടഞ്ഞില്ലെങ്കില്‍ അവര്‍ ലോകത്തെയാകെ നശിപ്പിച്ചുകളയുമെന്നും അമേരിക്കയും ബ്രിട്ടനും പ്രചാരണം നടത്തി. ഇരുരാജ്യങ്ങളുടെയും പാര്‍ലമെന്റ്‌ ഈ കള്ളക്കഥ അംഗീകരിച്ചു. ഇറാഖ്‌ ആക്രമിക്കപ്പെടുകയും അതിന്റെ പരമാധികാരം അട്ടിമറിക്കപ്പെടുകയും ചെയ്‌തു. എന്നാല്‍ ഈ പ്രചാരണം തീര്‍ത്തും വ്യാജമായിരുന്നുവെന്ന്‌ ലോകജനത ഇപ്പോള്‍ തിരിച്ചറിയുന്നു. പക്ഷേ, ഇറാഖിനെ അവര്‍ നിലംപരിശാക്കി. സ്‌ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന്‌ നിരപരാധികളെ കൊന്നൊടുക്കി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍, ആരാധനാലയങ്ങള്‍, വിലപ്പെട്ട പുരാവസ്‌തുശേഖരങ്ങള്‍ തുടങ്ങിയവയൊക്കെ നശിപ്പിച്ചു. നമ്മുടേതടക്കം ഒരു രാജ്യത്തെയും പാര്‍ലമെന്റുകള്‍ ഈ കൊടും ക്രൂരതക്കെതിരെ ശബ്ദമുയര്‍ത്തിയില്ല. ബുദ്ധിജീവികളൊക്കെ എവിടെയായിരുന്നു. റൊമെയ്‌ന്‍ റോളണ്ടും ബര്‍ണാഡ്‌ഷായും ഐന്‍സ്റ്റീനും രവീന്ദ്രനുമൊക്കെ ജീവിച്ചിരുന്നെങ്കില്‍ അവര്‍ ഈ അതിക്രമം അംഗീകരിക്കുമായിരുന്നോ? ഇറാഖിനുശേഷം ഇവര്‍ അഫ്‌ഗാനിസ്ഥാനെ തകര്‍ത്തു, ലിബിയയെ നശിപ്പിച്ചു. ഇപ്പോള്‍ സിറിയയെ ലക്ഷ്യം വെച്ചിരിക്കുകയാണ്‌. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വക്കാലത്തുകാരായ ബുദ്ധിജീവികള്‍ നിശബ്ദത പാലിക്കുകയാണ്‌. അവര്‍ക്ക്‌ ഒരു മനസ്സാക്ഷിക്കുത്തുമില്ല, ഒരു അലോസരം പോലുമില്ല. തെറ്റിനെയും അനീതിയെയും എതിര്‍ക്കാനും സാമൂഹ്യപുരോഗതിക്കുവേണ്ടി നിലകൊള്ളാനുമുള്ള ബുദ്ധിയും വിവേകവും ഈ ബുദ്ധിജീവികള്‍ക്കില്ല. പണവും പ്രശസ്‌തിയും സമ്പാദിക്കാന്‍ വേണ്ടി മാത്രമാണ്‌ ഇവര്‍ ബുദ്ധി ഉപയോഗിക്കുന്നത്‌. അഥവാ ആരെങ്കിലും പ്രതികരിച്ചാല്‍ത്തന്നെ അവരുടെ ഔദ്യോഗിക ജീവിതത്തിന്‌ ഒരു പോറല്‍പോലും ഏല്‍ക്കില്ല എന്ന്‌ ഉറപ്പുവരുത്തി കൊണ്ടുമാത്രമേ അതിന്‌ തയ്യാറാകൂ. വല്ലാത്ത ബുദ്ധിജീവികള്‍ തന്നെ!
എന്നാല്‍ സ്റ്റാലിനെ അധിക്ഷേപിക്കാനും അദ്ദേഹത്തെ സ്വേച്ഛാധിപതിയായി ചിത്രീകരിക്കാനും കിട്ടുന്ന ഒരവസരവും ഈ ബുദ്ധിജീവികള്‍ പാഴാക്കില്ല. രണ്ടാം ലോകയുദ്ധത്തിനുമുമ്പ്‌ ജര്‍മ്മനി, റഷ്യയിലടക്കം എല്ലാ രാജ്യങ്ങളിലും അഞ്ചാംപത്തികളെ, അഥവാ രഹസ്യഏജന്റുമാരെ നിയോഗിച്ചിരുന്നു. സോഷ്യലിസ്റ്റ്‌ സോവിയറ്റ്‌ യൂണിയന്റെ രക്ഷയ്‌ക്കുവേണ്ടി സ്റ്റാലിന്‍, കുപ്രസിദ്ധരായ ഈ അഞ്ചാംപത്തികളെ പിടികൂടി ശിക്ഷിച്ചു. ചരിത്രത്തില്‍ ഇതുപോലൊരു തുറന്ന വിചാരണ അഭൂതപൂര്‍വ്വമായിരുന്നു. വിദേശനയതന്ത്രജ്ഞരോടെല്ലാം പ്രതിനിധികളെ അയക്കാനും വക്കീലന്മാരെ നിയോഗിക്കാനും വിചാരണയില്‍ സാക്ഷ്യം വഹിക്കാനും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. വിചാരണയില്‍ പങ്കെടുത്തവരെല്ലാം അത്‌ നീതിപൂര്‍വ്വഹകമായിരുന്നു എന്ന്‌ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു.രവീന്ദ്രനാഥും സുഭാഷ്‌ ബോസും ശരത്‌ചന്ദ്രനും അന്ന്‌ ജീവിച്ചിരിപ്പുണ്ട്‌. അവരാരും ഈ മോസ്‌കോ വിചാരണക്കെതിരെ ഒരു വിയോജിപ്പും പറഞ്ഞിട്ടില്ല. കാരണം, അവര്‍ക്ക്‌ അതിന്റെ ന്യായയുക്തത ബോധ്യപ്പെട്ടിരുന്നു. ഈ ഉജ്ജ്വല വ്യക്തിത്വങ്ങളെക്കാള്‍ മികച്ചവരാണോ ഇന്നത്തെ ബുദ്ധിജീവികള്‍? ഞാനൊന്ന്‌ ചോദിക്കട്ടെ, ആരാണ്‌ ഒന്നാം ലോകയുദ്ധവും രണ്ടാം ലോകയുദ്ധവും ആരംഭിച്ചത്‌? റഷ്യയോ അതോ സാമ്രാജ്യത്വശക്തികളോ? ആരാണ്‌ ഹിറ്റ്‌ലര്‍ക്ക്‌ ജന്മം നല്‍കിയത്‌? റഷ്യയോ അതോ മുതലാളിത്തമോ? ആരാണ്‌ ഹിരോഷിമയും നാഗസാക്കിയും നശിപ്പിച്ചത്‌, റഷ്യയോ അമേരിക്കയോ?ആരാണ്‌ കൊറിയയിലേക്കും ചൈനയിലേക്കും അതിക്രമിച്ച്‌ കയറിയത്‌? ആരാണ്‌ വിയറ്റ്‌നാമിനെ ആക്രമിച്ചത്‌? എല്ലാറ്റിനും ഒരുത്തരമേയുള്ളൂ, അമേരിക്കന്‍ സാമ്രാജ്യത്വം, ജനാധിപത്യത്തിന്റെ സംരക്ഷകനായി ചമയുന്ന അമേരിക്കന്‍ സാമ്രാജ്യത്വം തന്നെ. എവിടെ ബുദ്ധിജീവികള്‍? വയറുപിഴപ്പ്‌ ബുദ്ധിജീവികളെല്ലങ്കില്‍, സത്യസന്ധരാണെങ്കില്‍ അവര്‍ വായ തുറക്കട്ടെ. ഇന്നും ഇറാഖില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച്‌, ഗ്വാണ്ടനാമോയില്‍ അരങ്ങേറുന്ന കിരാതത്വക്കുറിച്ച്‌ അവര്‍ പ്രതിഷേധ ശബ്ദമുയര്‍ത്തട്ടെ! അമേരിക്കയില്‍ വാണിജ്യാടിസ്ഥാനത്തില്‍, സ്വകാര്യബിസിനസുകാരാണ്‌ ജയിലുകള്‍ നടത്തുന്നത്‌. ഈ ജയില്‍ മുതലാളിമാര്‍ക്ക്‌ എല്ലാ അധികാരങ്ങലും കൈമാറിയിരിക്കുകയാണ്‌. ലോകത്തേറ്റവും കൂടുതല്‍ ജയില്‍പ്പുള്ളികളുള്ളത്‌ അമേരിക്കയിലാണ്‌. ഇവരെക്കൊണ്ട്‌ ജയില്‍ മുതലാളിമാര്‍ രാപകലില്ലാതെ പണിയെടുപ്പിക്കുന്നു. �സ്വതന്ത്രലോകത്തെ� സ്വതന്ത്ര ജനാധിപത്യം� ഇതാണ്‌!

യുവത്വത്തെ 
അധഃപതിപ്പിക്കുന്നതാര്‌?
നമ്മുടെ രാജ്യത്ത്‌ സ്‌ത്രീകളും പെണ്‍കുട്ടികളും നിത്യേന ബലാല്‍സംഗം ചെയ്യപ്പെടുന്നു ഇത്‌ യാദൃച്ഛികമാണോ? ആരെങ്കിലും ബലാത്സംഗക്കാരനായി ജനിക്കുന്നുണ്ടോ? അഞ്ചോ ആറോ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ നമ്മുടെ രാജ്യത്ത്‌ ഇങ്ങനെയൊരു സ്ഥിതി ഉണ്ടായിരുന്നോ? അന്നൊക്കെ ഒറ്റപ്പെട്ട ചില ലൈംഗികാതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. മൂന്നുവയസ്സുകാരിയും മുത്തശ്ശിമാരും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ഥിതി ഉണ്ടായിരുന്നില്ല. ഈ വഴിതെറ്റിയ യുവാക്കളെ ആരാണ്‌ സൃഷ്ടിക്കുന്നത്‌. ഇവര്‍ ദൈവത്തിന്റെ സൃഷ്ടികളാണോ അതോ മുതലാളിത്ത വ്യവസ്ഥയുടേയോ? രാജ്യം ഭരിക്കുന്നവര്‍ക്ക്‌ ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനാവില്ല.
മുതലാളിത്തം മാനുഷിക ഗുണങ്ങളും മനസാക്ഷിയുമൊക്കെ നശിപ്പിക്കുന്നു. നമ്മുടെ രാജ്യത്ത്‌ തൊഴില്‍ നഷ്ടപ്പെടുന്നവരും തൊഴില്‍രഹിതരുമൊക്കെയായി അനേകായിരങ്ങള്‍ ദുരിതമനുഭവിക്കുന്നുണ്ട്‌. ശരിയായ വിപ്ലവ പ്രത്യയശാസ്‌ത്രത്താല്‍ പ്രചോദിതരായാല്‍, ഉയര്‍ന്ന സദാചാരബോധവും മാനുഷിക മൂല്യങ്ങളും ആര്‍ജിച്ചാല്‍ ഇവര്‍ അനീതിക്കെതിരെ തലയുയര്‍ത്തി നിന്ന്‌ പൊരുതുമെന്ന്‌ മുതലാളിത്ത ഭരണാധികാരികള്‍ക്കറിയാം. അതുകൊണ്ട്‌ തന്നെ ജനങ്ങളുടെ, പ്രത്യേകിച്ച്‌ യുവാക്കളുടെ എല്ലാ മാനുഷിക ഭാവങ്ങളും ചോര്‍ത്തിക്കളയാന്‍ മുതലാളിത്തം കൊണ്ടുപിടിച്ചു ശ്രമിക്കുന്നു. അവര്‍ യുവാക്കളെ മദ്യം, മയക്കുമരുന്ന്‌, ചൂതുകളി മുതലായവയിലേക്ക്‌ തള്ളിവിടുന്നു. സ്‌ത്രീ ശരീരത്തോട്‌ തെറ്റായ മനോഭാവം വളര്‍ത്തുന്നു. അശ്ലീല സിനിമകളും പോസ്റ്ററുകളും കൊണ്ട്‌ നിറക്കുന്നു. ടെലിവിഷന്‍, ഇന്റര്‍നെറ്റ്‌,മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെ നീലച്ചിത്രങ്ങളും ആഭാസത്തരങ്ങളും പ്രചരിപ്പിക്കുന്നു. അതോടൊപ്പം തന്നെ മഹാന്മാരെയും വിപ്ലവകാരികളെയും കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും തുടച്ചുനീക്കുകയും സിനിമാതാരങ്ങളെയും ക്രിക്കറ്റ്‌ താരങ്ങളെയും മറ്റും അനുകരണീയ മാതൃകകളായി അവതരിപ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ നാടെമ്പാടും മദ്യശാലകള്‍ തുറക്കുന്നു. മുന്‍ സിപിഐഎം ഗവണ്മെന്റിന്റെ അതേ നിലപാട്‌ തന്നെയാണ്‌ ഇക്കാര്യത്തില്‍ തൃണമൂല്‍ സര്‍ക്കാരിനും. ഭരണം കയ്യാളുന്ന എല്ലാ പാര്‍ട്ടികള്‍ക്കും സര്‍ക്കാരുകള്‍ക്കും ഇതേ നിലപാട്‌ തന്നെയാണുള്ളത്‌. ഇവരാണ്‌ ക്രിമിനലുകളെ സൃഷ്ടിക്കുന്നത്‌. അവര്‍ക്ക്‌ ആദര്‍ശമോ യുക്തിബോധമോ സദാചാര സങ്കല്‍പ്പങ്ങളോ ഒന്നുമില്ല. അണികള്‍ക്ക്‌ ഇതുണ്ടാകണമെന്ന്‌ നേതാക്കള്‍ക്കും താല്‌പര്യമില്ല. കാരണം അത്‌ നേതാക്കളുടെ നിലനില്‍പ്പിനും ഭീഷണിയാകും. അതുകൊണ്ട്‌ ചിന്താശേഷിയും മൂല്യങ്ങളുമില്ലാത്ത റോബാട്ടുകളെയാണ്‌ എല്ലാ നേതാക്കള്‍ക്കും ആവശ്യം. മുതലാളിവര്‍ഗ്ഗത്തിന്റെയും അതിനെ സേവിക്കുന്ന കോണ്‍ഗ്രസ്‌, ബിജെപി, സിപിഐഎം, തൃണമൂല്‍ തുടങ്ങിയ പാര്‍ട്ടികളുടെയും ഹീനമായ ഗൂഢാലോചനയാണിത്‌. ഈ പാര്‍ട്ടികളുടെ ഒട്ടുമിക്ക പ്രവര്‍ത്തകരും വെറും തെമ്മാടികളെ പോലെയാണ്‌ പെരുമാറുന്നത്‌. ഇവര്‍ പലരും മുഴുക്കുടിയന്മാരാണ്‌. ചുണ്ടില്‍ വന്ദേമാതരവും ഇങ്ക്വിലാബ്‌ സിന്ദാബാദുമായി ഇവര്‍ സ്‌ത്രീകളോട്‌ അപമര്യാദയായി പെരുമാറുന്നു. തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ ഇവര്‍ നാട്ടുമ്പുറത്തെ ക്ലബ്ബുകള്‍ക്കും മറ്റും വാരിക്കോരി പണം നല്‍കുന്നു. അങ്ങനെ വിവരദോഷികളുടെ ഒരു അനുയായി വൃന്ദത്തെ സൃഷ്ടിച്ചെടുക്കുന്നു.ഹിറ്റ്‌ലറും നാസികളും ചെയ്‌തതും ഇതുതന്നെയാണ്‌. യുവാക്കളെ പ്രലോഭിപ്പിച്ചും വിലക്കെടുത്തും അവര്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി. ഇവിടെയും അത്‌ തന്നെ സംഭവിക്കുന്നു. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ കള്ളവോട്ട്‌ ചെയ്യാനും ബൂത്ത്‌ പിടിക്കാനും കൃത്രിമം നടത്താനും പ്രതിയോഗികളെ വിരട്ടാനും തല്ലാനും കൊല്ലാനുമൊക്കെ ഇവരെ ഉപയോഗിക്കുന്നു. പകരം എന്ത്‌ അക്രമവും വൃത്തികേടും കാണിക്കാന്‍ അവര്‍ക്ക്‌ അനുമതിയും കിട്ടുന്നു. രാഷ്ട്രീയത്തിന്റെ കുറ്റവല്‍ക്കരണത്തെ ഈ രാഷ്ട്രീയക്കാര്‍ തടയുന്നത്‌ ഇങ്ങനെയാണ്‌! യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെ മുഖംമൂടിയിട്ട ക്രിമിനലുകളാണ്‌. അവര്‍ മുഖംമൂടിയിടാത്ത കുട്ടി ക്രിമിനലുകളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ പാര്‍ട്ടികളിലെയൊക്കെ ഒരു വിഭാഗം നേതാക്കളെങ്കിലും ഈ പ്രവൃത്തികള്‍ ചെയ്യുന്നവരാണ്‌. പോലീസുമായി ഇവര്‍ കൂട്ടുകെട്ടുണ്ടാക്കുന്നു. സ്വാഭാവികമായും പോലീസ്‌ ഇവര്‍ക്കെതിരെ ഒന്നും ചെയ്യില്ല എന്നുമാത്രമല്ല, പോലീസില്‍ തന്നെ ഒരു വിഭാഗം ഈ അതിക്രമങ്ങളൊക്കെ ചെയ്യുന്നവരുമാണ്‌. ഇതില്‍ നിന്നും വ്യത്യസ്‌തമായി ചെയ്യാന്‍ സത്യസന്ധരായ ഏതെങ്കിലും പോലീസ്‌ ഓഫീസര്‍മാര്‍ തുനിഞ്ഞാല്‍ മേലധികാരികള്‍ അവരെ പിന്തിരിപ്പിക്കും. അനുസരിക്കാതെ നേരായി മുന്നോട്ടുപോകുന്നവര്‍ പ്രതികാര നടപടികള്‍ക്ക്‌ ഇരയാകുകയും ചെയ്യും.

പശ്ചിമബംഗാളിലെ സദാചാര തകര്‍ച്ചക്ക്‌ പ്രധാന ഉത്തരവാദി സിപിഐഎം
ഇക്കാര്യത്തില്‍ സിപിഐഎം മറ്റെല്ലാരെക്കാളും മുന്നിലാണ്‌. 36 വര്‍ഷം മുമ്പ്‌ അധികാരത്തിലെത്തിയ ഉടനെ അവര്‍ ചെയ്‌തത്‌ എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളെയും വരുതിയിലാക്കുക എന്നതാണ്‌. അതുവഴി ഭരണസംവിധാനത്തിന്റെ സാപേക്ഷികമായ സ്വയംഭരണാവകാശം തകര്‍ത്ത്‌ അതിനെ പാര്‍ട്ടിയുടെ ഒരു അനുബന്ധമാക്കി തീര്‍ത്തു. ഭരണകക്ഷിയുടെ ദുഷ്‌ചെയ്‌തികളെല്ലാം കണ്ടില്ലെന്ന്‌ നടിച്ച്‌ വിധേയത്വം പുലര്‍ത്തി നിന്നാലേ രക്ഷയുള്ളൂ എന്ന സന്ദേശമാണ്‌ ഇതിലൂടെ നല്‍കപ്പെട്ടത്‌. മനഃസാക്ഷിയും നീതിയും മൂല്യങ്ങളുമൊക്കെ കുഴിച്ചുമൂടപ്പെട്ടു. അങ്ങനെ മറ്റൊരുപാര്‍ട്ടിക്കും കഴിയാത്തവിധം അവര്‍ സമൂഹത്തിന്റെ മൂല്യബോധത്തിന്‌ കനത്ത പ്രഹരമേല്‍പ്പിച്ചു. ഒരു പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന്‌ ഉയര്‍ന്ന സംസ്‌കാരവും സദാചാരബോധവുമൊന്നും പ്രതീക്ഷിക്കാനാവില്ല. ഇടുങ്ങിയതും വിഭാഗീയവും സ്വജനപക്ഷപാതപരവുമായ നൈതിക-സദാചാര ധാരണകള്‍ തൊട്ടുതീണ്ടാത്തതുമായ ഒരു രാഷ്ട്രീയം അനുവര്‍ത്തിച്ചുകൊണ്ട്‌ സിപിഐഎം വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളെയും യുവാക്കളെയും അധഃപതനത്തിലേക്ക്‌ നയിച്ചു. പാര്‍ട്ടിക്കും തെരഞ്ഞെടുപ്പ്‌ നേട്ടങ്ങള്‍ക്കും വേണ്ടി എന്തും ചെയ്യാം ഏതറ്റംവരെയും താഴാം എന്നാണവര്‍ ഉദ്‌ബോധിപ്പിച്ചത്‌. അവര്‍ക്ക്‌ കുടിക്കാം കൂത്താടാം മോഷ്ടിക്കാം ബലാത്സംഗം ചെയ്യാം, റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ നടത്താം, കര്‍ഷകരെ അവരുടെ ഭൂമിയില്‍ നിന്ന്‌ ഇറക്കിവിടാം പാര്‍ട്ടിക്കാരനായിരുന്ന്‌ പാര്‍ട്ടിക്കുവേണ്ടി ആളും പണവും സംഘടിപ്പിച്ചാല്‍ നിങ്ങളുടെ പാപങ്ങളെല്ലാം പാര്‍ട്ടി പൊറുക്കും ഇത്തരമൊരു പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിക്കുന്നത്‌ സമമൂഹത്തിന്‌ വളരെയേറെ ഹാനികരമായിരിക്കും. ഇതുതന്നെ സംഭവിച്ചു.1960 മുതല്‍, സിപിഐഎം പിന്തുടരുന്ന ഈ അധാര്‍മ്മികമായ രാഷ്ട്രീയത്തെ കുറിച്ച്‌ നമ്മള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മുന്നറിയിപ്പ്‌ നല്‍കിക്കൊണ്ടിരുന്നു. അധികാരം നഷ്ടപെട്ടതോടെ സിപിഐഎമ്മിനെ കയ്യൊഴിഞ്ഞ ഈ ക്രിമിനലുകളും സാമൂഹ്യവിരുദ്ധരുമെല്ലാം തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം നിന്ന്‌ യാതൊരു ഉളിപ്പും ഇല്ലാതെ അവരുടെ കൊടിയും പിടിച്ച്‌ നടക്കുന്നത്‌ ഈ അധാര്‍മ്മികതയുടെ ഫലമായിട്ടാണ്‌. പശ്ചിമബംഗാളിന്റെ അധഃപതനത്തിന്‌ ഇത്‌ കാരണമായിരിക്കുന്നു. സിപിഐഎം അവസാനിപ്പിച്ചേടത്തുനിന്ന്‌ തൃണമൂല്‍ ആരംഭിച്ചിരിക്കുന്നു. സമൂഹത്തിലെ ന്‌ല്ലവരായ ആളുകളെല്ലാം പറയുന്നുണ്ട്‌ കാര്യങ്ങളൊന്നും നല്ല രീതിയിലല്ല നടക്കുന്നത്‌ എന്ന്‌. എന്നാല്‍ എന്തുകൊണ്ടവര്‍ പ്രതിഷേധവുമായി മുന്നോട്ടുവരുന്നില്ല എന്നു ചോദിച്ചാല്‍ അവര്‍ പറയും സാഹചര്യം വളരെ പ്രതികൂലമാണ്‌, നല്ല കാര്യങ്ങള്‍ പറഞ്ഞാല്‍ ആരും അത്‌ ശ്രദ്ധിക്കുന്നില്ല എന്നൊക്കെ. അങ്ങനെ അവര്‍ പിന്‍വാങ്ങി സ്വസ്ഥമായി കഴിയുകയാമ്‌. പ്രവര്‍ത്തിക്കേണ്ടതാണ്‌ എന്ന്‌ മനസ്സിലാക്കിയിട്ടും നിഷ്‌ക്രിയമായിരിക്കുന്നതിനെ ന്യായീകരിക്കുന്ന ഈ വാദഗതി ആത്മവഞ്ചനയാണ്‌, മനഃസാക്ഷിയുടെ കടയ്‌ക്കല്‍ കത്തിവെയ്‌ക്കലാണ്‌. വിദ്യാസാഗര്‍ ഒരിക്കല്‍ മുഴുവന്‍ ഹിന്ദുസമൂഹത്തിനും എതിരെ ഒറ്റക്ക്‌ നിലകൊണ്ടു. സത്യത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ തുടക്കത്തില്‍ ഒറ്റക്കായിരിക്കും. ചിലപ്പോള്‍ അവര്‍ക്ക്‌ ജീവത്യാഗം ചെയ്യേണ്ടിയും വരാം. അതുകൊണ്ടാണ്‌ അവര്‍ മഹാന്മാരായിരിക്കുന്നത്‌. ഇന്ന്‌ നമ്മുടെ രാജ്യത്ത്‌ വിദ്യാസമ്പന്നരില്‍ വലിയൊരുവിഭാഗം, സത്യസന്ധരെന്ന്‌ അവകാശപ്പെടുന്നവര്‍, ഭീരുത്വം നിറഞ്ഞ ഒരു ജീവിതമാണ്‌ നയിക്കുന്നത്‌. ഒരു ജോലി കിട്ടാന്‍, അത്‌ നഷ്ടപ്പെടാതിരിക്കാന്‍, ഒരു സ്ഥലം മാറ്റം ഒഴിവാക്കാന്‍, പ്രമോഷന്‍ ഉറപ്പാക്കാന്‍ ഒക്കെ അവര്‍ ഇഷ്ടമില്ലാത്ത കാര്യങ്ങളൊക്കെ ചെയ്യുന്നു. എല്ലാറ്റിന്റെയും മുന്നില്‍ തലകുനിച്ചു നില്‍ക്കുന്നു. ചിലര്‍ നിര്‍ലജ്ജം പ്രശംസകള്‍ ചൊരിഞ്ഞും പ്രീണിപ്പിച്ചും കാര്യം സാധിക്കുന്നു. സുഖമായി കഴിയുമ്പോള്‍ എന്തിനാണ്‌ ആവശ്യമില്ലാത്ത വയ്യാവേലിയൊക്കെ വലിച്ചു വയ്‌ക്കുന്നത്‌ എന്നാണവര്‍ ചോദിക്കുന്നത്‌. ജനങ്ങളുടെ ആദരവിന്‌ പാത്രമാകുന്ന വളരെക്കുറച്ച്‌ പേരെയേ നമുക്കിന്ന്‌ കാണാന്‍ കഴിയൂ.
അഞ്ചാറ്‌ പതിറ്റാണ്ടുകള്‍ക്കുമുമ്പ്‌ ഇവിടെ യുവാക്കളും കൗമാരപ്രായക്കാരും ഇല്ലായിരുന്നോ? ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ പരസ്‌പരാകര്‍ഷണം ഇല്ലായിരുന്നോ? അത്‌ മനുഷ്യസഹജവും ജീവിതത്തിന്റെ സ്വാഭാവിക നിയമവുമാണ്‌. പക്ഷേ, ആ ബന്ധങ്ങള്‍ക്ക്‌ മാന്യതയും മനഃസാക്ഷിയുമുണ്ടായിരുന്നു. ചപലവികാരങ്ങള്‍ക്ക്‌ മനഃസാക്ഷി കടിഞ്ഞാണിട്ടിരുന്നു. ജന്മിത്തത്തിനും മധ്യകാല ചിന്താഗതികള്‍ക്കുമെതിരെ പൊരുതിക്കൊണ്ട്‌ റാംമോഹനും വിദ്യാസാഗറും സമൂഹമനഃസാക്ഷി ഉയര്‍ത്തുകയാണ്‌ ചെയ്‌തത്‌. പിന്നീട്‌ സ്വാതന്ത്ര്യസമരകാലത്ത്‌ അത്‌ കൂടുതല്‍ പ്രബലമായി. ഒന്ന്‌ ചിന്തിച്ചുനോക്കൂ. ഇന്ത്യ അന്ന്‌ വിദേശ നുകത്തിന്‍ കീഴിലായിരുന്നു. പിന്നാക്കാവസ്ഥയും ഇല്ലായ്‌മകളും നിറഞ്ഞുനിന്നു. സ്‌കൂളുകളും കോളേജുകളുമൊക്കെ വിരളമായിരുന്നു. മുട്ടറ്റം വെള്ളത്തില്‍ നീന്തിവേണം ഗ്രാമപ്രദേശത്ത്‌ മഴക്കാലത്ത്‌ സ്‌കൂളുകളില്‍ പോകാന്‍. സ്‌കൂളുകള്‍ മുളകൊണ്ട്‌ മറച്ച ടെന്റുകളായിരുന്നു. എന്നിട്ടും വിജ്ഞാനത്തിന്റെയും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയുമൊക്കെ ദീപ്‌തി എങ്ങും നിറഞ്ഞുനിന്നു. അനേകം ഉജ്ജ്വലവ്യക്തിത്വങ്ങള്‍ക്ക്‌ ആ കാലഘട്ടം ജന്മം നല്‍കി. എന്നാല്‍ സ്വാതന്ത്ര്യാനന്തരം സല്‍ഭരണം കാഴ്‌ച വെച്ചവര്‍ പടച്ചുവിടുന്നതെന്താണ്‌? കള്ളന്മാര്‍ക്കും ആത്മവഞ്ചകര്‍ക്കും കപടനേതാക്കള്‍ക്കുമാണ്‌ ഇന്നത്തെ സമൂഹം ജന്മം നല്‍കുന്നത്‌. വാടകകൊലയാളികളും പെണ്‍വാണിഭക്കാരുമൊക്കെ പുളയ്‌ക്കുകയാണിന്ന്‌. പ്രേമം നടിച്ച്‌ പെണ്‍കുട്ടികളെ വശത്താക്കി അവരെ ലൈംഗികമായി ഉപയോഗിച്ച്‌ അവരുടെ നഗ്നത വിറ്റ്‌ പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ ബലാല്‍സംഗം ചെയ്‌ത്‌ കൊല്ലുന്ന അധമന്മാര്‍ പെരുകിക്കൊണ്ടിരിക്കുന്നു. �ജനാധിപത്യ ഇന്ത്യ�ഇന്ന്‌ എല്ലാത്തരം കുറ്റകൃത്യങ്ങളുടെയും ഈറ്റില്ലമായി മാറിയിരിക്കുന്നു. രാജ്യപുരോഗതി ഇതാണ്‌. അനുഗൃഹീതരായ കുറച്ചുപേര്‍ക്കുമാത്രമാണ്‌ ഇവിടെ മേല്‍ഗതിയുണ്ടാകുന്നത്‌. ലോകത്തെ ഏറ്റവും സമ്പന്നരുടെ ലിസ്റ്റില്‍ 55 ഇന്ത്യന്‍ ശതകോടീശ്വരന്മാരുണ്ട്‌. ഈ പണച്ചാക്കുകളുടെ കൊള്ളമുതല്‍ വര്‍ദ്ധിപ്പിക്കലാണ്‌ �വികസനം�. മറുവശത്ത്‌ 120 കോടി ഇന്ത്യാക്കാരില്‍ 90 കോടിയും പട്ടിണിയിലോ അര്‍ദ്ധപട്ടിണിയിലോ ആണ്‌. ഇതാണ്‌ പുരോഗതിയുടെ സ്ഥിതി.
ഔദ്യോഗിക കണക്കനുസരിച്ച്‌ വ്യാവസായിക ഉല്‌പാദനം 4.5 ശതമാനമായിരുന്നു, കഴിഞ്ഞവര്‍ഷം. ഈ വര്‍ഷം അത്‌ വെറും 0.6 ശതമാനമായി കുറഞ്ഞു. ഉല്‌പാദനമേഖല സ്‌തംഭനാവസ്ഥയിലാണ്‌. ഖനനം ഏതാണ്ട്‌ നിര്‍ത്തിവെച്ചിരിക്കുന്നു. ഐ.ടി മേഖല കടുത്ത പ്രതിസന്ധിയില്‍. അമേരിക്കന്‍ കമ്പോളം മാന്ദ്യത്തിലാണ്‌. കയറ്റുമതി സാധ്യത മങ്ങിയിരിക്കുന്നു. ലക്ഷക്കണക്കിനാളുകളെ പിരിച്ചുവിടുന്നു. അതിനേക്കാളേറെ തൊഴില്‍ രഹിതര്‍. ഇന്ത്യയിലെ തൊഴില്‍ രഹിതര്‍ എത്രയെന്നറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. നമ്മുടെ രാജ്യം അനുഗൃഹീതമായതിനാല്‍ എല്ലാവരും �ദൈവ�ത്തിന്റെ സന്താനങ്ങളാണ്‌. അവര്‍ പറയുന്നത്‌ �വേദവാക്യ�മാണ്‌. സമ്പദ്‌ഘടനയുടെ തകര്‍ച്ച വ്യക്തമാക്കുന്ന കണക്കുകളൊന്നും ഗവണ്മെന്റ്‌ അംഗീകരിക്കില്ല. അവരുടെ അഭിപ്രായത്തില്‍ എവിടെയും �വികസനം� മാത്രം.
അടുത്തിടെ അമേരിക്കയില്‍ തെരഞ്ഞെടുപ്പ്‌ നടന്നു. ആര്‍ക്ക്‌ തൊഴിലില്ലായ്‌മ പരിഹരിക്കാനാവും എന്നതായിരുന്നു മുഖ്യവിഷയം. അമേരിക്കന്‍ സമ്പദ്‌ഘടനയുടെ ദയനീയചിത്രം ഇത്‌ വെളിവാക്കുന്നു. 14 ശതമാനമാണവിടെ തൊഴിലില്ലായ്‌മ. ന്യൂയോര്‍ക്ക്‌ നഗരത്തില്‍ പകുതിയാളുകളും അര്‍ദ്ധപട്ടിണിക്കാരാണെന്ന്‌ പത്രവാര്‍ത്തയുണ്ടായിരുന്നു. സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിലും സൂര്യന്‍ അസ്‌തമിച്ച്‌ ഇരുട്ട്‌ പരക്കുകയാണ്‌. ചൈനയുടെയും ജര്‍മ്മനിയുടെയും സാമ്പത്തികരംഗവും തകരുകയാണ്‌. കയറ്റുമതി കുറയുകയാണെന്നും വിദേശകമ്പോളം ചുരുങ്ങുകയാണെന്നും ഇന്ത്യയിലെ നേതാക്കള്‍ പറയുന്നു. കടുത്ത വ്യാപാരകമ്മിയെയാണ്‌ രാജ്യം അഭിമുഖീകരിക്കുന്നത്‌. വിദേശനാണ്യശേഖരം ഗണ്യമായി കുറഞ്ഞു. ഇതാണ്‌ പ്രതിസന്ധിയുടെ അവസ്ഥ. എന്നാല്‍ 120 കോടി ജനങ്ങളെ ഇന്ത്യയുടെ ആഭ്യന്തര കമ്പോളത്തിന്‌ എന്തുപറ്റി എന്ന്‌ ഇവര്‍ പറയുന്നില്ല. ആഭ്യന്തരമമായ ക്രയശേഷി ഇടിയുകയാണ്‌. ജനങ്ങള്‍ പാപ്പരായിക്കൊണ്ടിരിക്കുന്നു എന്നതാണ്‌ കാര്യം. അപ്പോള്‍പ്പിന്നെ സാധനം വാങ്ങാന്‍ ആര്‍ക്കുകഴിയും?
പണ്ടൊക്കെ ഗ്രാമീണര്‍ ഗ്രാമങ്ങള്‍ വിട്ടുപോകാന്‍ മടിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ ഒരു ഉപജീവനത്തിനുവേണ്ടി അവര്‍ കൂട്ടംകൂട്ടമായി ഗ്രാമങ്ങള്‍ വിട്ട്‌ ഇന്ത്യയിലെ എല്ലാ നഗരങ്ങളുടെയും പട്ടണങ്ങളുടെയും തെരുവില്‍ അലയുകയാണ്‌. ഉറ്റവരെയും ഉടയവരെയും എല്ലാം വിട്ടുപേക്ഷിച്ച്‌ അവര്‍ തെരുവോരത്ത്‌ കഴിഞ്ഞുകൂടുന്നു. കാലികളെപ്പോലെ ചത്തൊടുങ്ങുന്നു.ആരും അവരെക്കുറിച്ച്‌ അന്വേഷിക്കുന്നില്ല. ഈ ഇന്ത്യ മന്‍മോഹന്‍സിങ്‌ കാണുന്നുണ്ടോ?

നരേന്ദ്രമോഡിയെപ്പോലുള്ള ബിജെപി നേതാക്കള്‍ക്ക്‌ ഇങ്ങനെയൊരിന്ത്യയെ അറിയാമോ? സിപിഐഎം തൃണമൂല്‍ നേതാക്കള്‍ക്ക്‌ ഇവരെക്കുറിച്ച്‌ വല്ല വിചാരവുമുണ്ടോ? എങ്ങനെ വോട്ടുപിടിക്കാം, അതിന്‌ പുതിയ എന്തൊക്കെ കുതന്ത്രങ്ങള്‍ പയറ്റാം, അധികാരം പിടിക്കാന്‍ എന്തൊക്കെ ആയുധങ്ങള്‍ പ്രയോഗിക്കണം എന്നുമാത്രം ചിന്തിച്ചിരിക്കുന്നവര്‍ക്ക്‌ ഇതിനൊക്കെ എവിടെ സമയം?

5,00,000 കോടിരൂപ സാമ്പത്തിക ഉത്തേജനമെന്ന പേരില്‍ ഗവണ്മെന്റ്‌ മുതലാളിമാര്‍ക്ക്‌ നല്‍കുമ്പോള്‍ ചുരുങ്ങിയത്‌ 20,000 കോടിയെങ്കിലും പാവപ്പെട്ടവര്‍ക്ക്‌ നല്‍കണമെന്നാണ്‌ എന്റെ അഭിപ്രായം. പാവപ്പെട്ടവന്റെ ജീവന്‌ വല്ല വിലയുമുണ്ടോ? മുതലാളിമാരുടെ നഷ്ടം പോട്ടെ, അവരുടെ ലാഭത്തില്‍ അല്‌പം കുറവ്‌ വന്നാല്‍തന്നെ നേതാക്കന്മാര്‍ക്ക്‌ പിന്നെ ഉറക്കമില്ല. ടാറ്റയുടെയും അംബാനിയുടെയുമൊക്കെ കാര്യത്തില്‍ ഇവര്‍ക്ക്‌ എന്ത്‌ ഉല്‍ക്കണ്‌ഠയാണ്‌. പാവപ്പെട്ട പ്രവാസി തൊഴിലാളികളെക്കുറിച്ച്‌ ആര്‌ തിരക്കുന്നു? അവര്‍ പണിസ്ഥലത്ത്‌ വെച്ച്‌ മരിച്ചാല്‍ ആരറിയാന്‍? അവരുടെ ജീവന്‌ എന്തുവില?

സര്‍ക്കാര്‍ മാറും ജീവിതം മാറില്ല
ജനങ്ങള്‍ നിരാശരാണ്‌. സര്‍ക്കാര്‍ മാറിയതുകൊണ്ട്‌ എന്ത്‌ നേട്ടം എന്നവര്‍ ചോദിക്കുന്നു. ജീവിത പ്രശ്‌നങ്ങളെ സംബന്ധിച്ചിടത്തോളം ഒരു മാറ്റവുമില്ല എന്നാണ്‌ ഞങ്ങളുടെയും അഭിപ്രായം. ഇത്‌ ഞങ്ങള്‍ ഇപ്പോഴല്ല പറയുന്നത്‌. കഴിഞ്ഞ പാര്‍ലമെന്റ്‌, അസംബ്ലി തെരഞ്ഞെടുപ്പുകള്‍ക്കുമുമ്പുതന്നെ ഞങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്‌തിരുന്നു. 2011 ല്‍ പാര്‍ട്ടി സ്ഥാപനദിനാചരണയോഗത്തില്‍ ഈ മൈതാനത്ത്‌ വെച്ച്‌ ഞാന്‍ തന്നെ ഈ വിഷയം ചര്‍ച്ച ചെയ്‌തു. ഇവിടെ ഒരു മുതലാളിത്ത വ്യവസ്ഥയാണുള്ളത്‌.തൊഴിലാളി- മുതലാളി ബന്ധം നിലനില്‍ക്കുന്നു. ചൂഷണം അസഹനീയമാണ്‌. കരിഞ്ചന്ത ശക്തിപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, ഭരണതലത്തിലെ അഴിമതിക്കും കൊള്ളക്കുമൊക്കെ എതിരെ ഏതെങ്കിലും ഗവണ്മെന്റ്‌ നിലപാടെടുത്താല്‍ മുതലാളിവര്‍ഗ്ഗം അതിനെ അട്ടിമറിക്കുമെന്നുറപ്പാണ്‌. എന്നാല്‍ ആ നിലപാട്‌ ജനങ്ങള്‍ക്ക്‌ അല്‌പം ആശ്വാസം പകരുമെന്ന കാര്യത്തില്‍ സംശയമില്ല. തൃണമൂല്‍ അങ്ങനെയൊരു നിലപാടെടുക്കുമെന്ന്‌ നമ്മള്‍ കരുതുന്നില്ല എന്ന്‌ അന്ന്‌ ഞാന്‍ പറഞ്ഞു. മറ്റ്‌ ബൂര്‍ഷ്വാ പാര്‍ട്ടികളെയും സിപിഐ(എം)നെയും പോലെ തന്നെയാകും അവരും ഭരിക്കുക. ഒരു വ്യത്യാസവുമുണ്ടാകില്ല. ഇത്‌ ഞാന്‍ വ്യക്തമായി അന്ന്‌ സൂചിപ്പിച്ചു. സിപിഐ(എം) ജനാധിപത്യസമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുകയാണെന്നും തൃണമൂല്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ക്ക്‌ ഇതിന്‌ കുറച്ച്‌ അയവുവരുത്താന്‍ കഴിയുമെന്നുംകൂടി ഞാന്‍ പറഞ്ഞു. പക്ഷേ, അവര്‍ അത്‌ �ആഗ്രഹിക്കുന്നെങ്കില്‍മാത്രം. എന്നിരിക്കിലും നമ്മള്‍ തൃണമൂലിന്‌ പാര്‍ലമെന്റ്‌ അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ പിന്തുണ നല്‍കി. എന്തുകൊണ്ട്‌ എന്ന കാര്യവും നമ്മള്‍ പരസ്യമായി ചര്‍ച്ച ചെയ്‌തിട്ടുള്ളതാണ്‌. വര്‍ഗ്ഗീയ കലാപങ്ങളില്‍ പോലും കാണാത്തവിധം, കോണ്‍ഗ്രസ്സും ബിജെപിയും പോലും ചെയ്യാത്തവിധമുള്ള അടിച്ചമര്‍ത്തലും, കൊലയും കൂട്ടബലാത്സംഗങ്ങളുമാണ്‌ സിംഗൂര്‍ -നന്ദിഗ്രാം സമരത്തില്‍ സിപിഐ(എം) കാട്ടിക്കൂട്ടിയത്‌.
ഈ സാഹചര്യത്തില്‍ സിപിഐ(എം) അധികാരത്തില്‍ തിരിച്ചുവന്നിരുന്നെങ്കില്‍ ജനാധിപത്യ സമരങ്ങളുടെമേലുള്ള കടന്നാക്രമണം കൂടുതല്‍ രൂക്ഷമാകുമായിരുന്നു. മുതലാളിവര്‍ഗ്ഗത്തിന്റെ ആശീര്‍വാദത്തോടെ, കോണ്‍ഗ്രസ്സുമായുള്ള രഹസ്യധാരണയോടെ 34 വര്‍ഷം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച സിപിഐ(എം), തികഞ്ഞ അധികാരമോഹവും അഹങ്കാരവും ജനങ്ങളുടെ പ്രശ്‌നങ്ങളോട്‌ അവജ്ഞയുമുള്ള ഒരു ഭരണമാണ്‌ കാഴ്‌ചവച്ചത്‌. ഇതിനു പ്രഹരമേല്‍പ്പിക്കാനാണ്‌ നമ്മള്‍ ശ്രമിച്ചത്‌. സിംഗൂര്‍-നന്ദിഗ്രാം സമരത്തിനുമുമ്പ്‌ നമ്മള്‍ ഒരിക്കലും സിപിഐ(എം) സര്‍ക്കാരിനെ പുറത്താക്കണമെന്ന്‌ പറഞ്ഞിട്ടില്ല. സിപിഐ(എം) സര്‍ക്കാരിന്റെ ആക്രമണങ്ങളെ ചോരയൊഴുക്കിയാണ്‌ നമ്മള്‍ നേരിട്ടിരുന്നത്‌. എന്നിട്ടും സര്‍ക്കാരിനെ പുറത്താക്കാന്‍ ശ്രമിച്ചിട്ടില്ല, അങ്ങനെയൊരു ആവശ്യം ആദ്യമായാണ്‌ നമ്മള്‍ മുന്നോട്ടുവയ്‌ക്കുന്നത്‌.
മറ്റൊരു വിഷയം, സിംഗൂര്‍-നന്ദിഗ്രാം സമരങ്ങള്‍ നമ്മളാണ്‌ തുടങ്ങിയത്‌ എന്നുള്ളതാണ്‌. മാധ്യമങ്ങള്‍ക്ക്‌ ഇതറിയാം. പക്ഷേ ഒരിക്കലും അവരത്‌ പറഞ്ഞില്ല. സിംഗൂരിലെയും നന്ദിഗ്രാമിലെയും ജനങ്ങള്‍ക്കും ഇതറിയാം. എന്നാല്‍ സിപിഐ(എം) സര്‍ക്കാരിന്റെ ആക്രമണങ്ങളെ നമുക്ക്‌ ഒറ്റയ്‌ക്ക്‌ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. തൃണമൂല്‍, മാധ്യമങ്ങള്‍ക്ക്‌ സ്വീകാര്യമായ ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയാണ്‌. തൃണമൂല്‍ കോണ്‍ഗ്രസ്സ്‌ സമരത്തില്‍ പങ്കാളിയായാല്‍, മാധ്യമങ്ങള്‍ പ്രചാരം നല്‍കുകയും ഇന്ത്യയെമ്പാടും ഈ സമരങ്ങളെക്കുറിച്ച്‌ അറിയുകയും ചെയ്യും. നമ്മള്‍ ഒറ്റയ്‌ക്ക്‌ സമരം നയിച്ചാല്‍ ഇതുണ്ടാവില്ല. എന്നാല്‍, തൃണമൂല്‍ സമരത്തില്‍ പങ്കെടുത്തത്‌ തെരഞ്ഞെടുപ്പുനേട്ടം ലാക്കാക്കിയാണ്‌. സിപിഐ(എം) വിരുദ്ധ വികാരം മുതലെടുക്കുകയായിരുന്നു അവരുടെ ഉന്നം. എന്നാല്‍, കര്‍ഷകരുടെ കൃഷിഭൂമി സംരക്ഷിക്കുകയും സമരത്തിലൂടെ ജനങ്ങളില്‍ ഉയര്‍ന്ന രാഷ്ട്രീയബോധം ഉയര്‍ത്തിയെടുക്കുകയും സമരങ്ങളിലൂടെയല്ലാതെ അവകാശങ്ങള്‍ നേടിയെടുക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യം അവരെ ബോദ്ധ്യപ്പെടുത്തുകയുമായിരുന്നു നമ്മുടെ ലക്ഷ്യം. ഈ കാഴ്‌ചപ്പാടോടെയാണ്‌ സമരത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി തൃണമൂലുമായി നമ്മള്‍ കൂട്ടുകെട്ടുണ്ടാക്കിയത്‌. പാര്‍ട്ടികള്‍ തമ്മിലുള്ള ഒരൈക്യത്തിനല്ല ജനകീയ സമരകമ്മിറ്റിയില്‍ സഹകരിക്കുന്നതിനാണ്‌ ആദ്യം മുന്‍കൈയെടുത്തത്‌. സിംഗൂരില്‍ കൃഷിഭൂമി രക്ഷാ സമിതിയും നന്ദിഗ്രാമില്‍ കുടിയിറക്ക്‌ വിരുദ്ധ സമിതിയും രൂപീകരിച്ചത്‌ നമ്മുടെ താല്‍പ്പര്യപ്രകാരമാണ്‌.
ആ സമരങ്ങള്‍ക്കുശേഷം അസംബ്ലി തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണം എന്ന പ്രശ്‌നം വന്നു. സിംഗൂര്‍-നന്ദിഗ്രാം സമരങ്ങളുമായി തൃണമൂലിനെ മാത്രം ബന്ധപ്പെടുത്തി കാര്യങ്ങള്‍ അവതരിപ്പിക്കാനാണ്‌ മാദ്ധ്യമങ്ങള്‍ ശ്രമിച്ചത്‌. സമരം ചെയ്യുന്ന ജനങ്ങളില്‍ സമരവീര്യം സജീവമാക്കി നിര്‍ത്താനും സിപിഐ(എം) സര്‍ക്കാരിനെ പരാജയപ്പെടുത്താനും വേണ്ടിയാണ്‌ നമ്മള്‍ തൃണമൂലുമായി ഐക്യമുണ്ടാക്കിയത്‌. നമ്മുടെ ഐക്യനിര്‍ദ്ദേശം നിരുപാധികമായിരുന്നില്ല. അന്ന്‌ നമ്മുടെ എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിക്കാന്‍ തൃണമൂല്‍ നിര്‍ബന്ധിതമായിരുന്നു. തെരഞ്ഞെടുപ്പ്‌ പ്രചാരണ വേളയില്‍ മാര്‍ക്‌സിസം ലെനിനിസത്തെ ആക്രമിക്കരുതെന്ന കാര്യവും നമ്മള്‍ ആവശ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആ നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍, സിപിഐ(എം) നെ ആക്രമിക്കുന്നതിന്റെ പേരില്‍ പ്രചാരണത്തിലുടനീളം മാര്‍ക്‌സിസത്തിനും ഇടതുപക്ഷീയതയ്‌ക്കും നേരെ തൃണമൂല്‍ ആക്രമണമഴിച്ചുവിടുമായിരുന്നു. അത്‌ ഒരു പരിധിവരെ തടയാന്‍ നമുക്കായി, മന്ത്രിസഭയില്‍ ചേരില്ല എന്ന്‌ നമ്മള്‍ അവരെ അറിയിച്ചു. സഖാവ്‌ മണിക്‌ മുഖര്‍ജി ഇവിടെ സന്നിഹിതനാണ്‌. അദ്ദേഹം മന്ത്രിസഭയില്‍ ചേരണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു. പക്ഷേ, അദ്ദേഹം ആ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. മുന്‍പ്‌ സിപിഐ(എം) ഉം നമുക്ക്‌ എംഎല്‍എ, എംപി സ്ഥാനങ്ങള്‍ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. അതുപോലൊരു നിര്‍ദ്ദേശമാണ്‌ തൃണമൂലും മുന്നോട്ടുവച്ചത്‌. പക്ഷേ നമ്മള്‍ സ്വീകരിച്ചില്ല.

സിപിഐ(എം) നെ പരാജയപ്പെടുത്തുന്നതോടൊപ്പം തൃണമൂലിനെ തുറന്നുകാട്ടലും നമ്മുടെ ലക്ഷ്യമായിരുന്നു.
സിപിഐ(എം) നെ പരാജയപ്പെടുത്തുന്നതോടൊപ്പം തൃണമൂലിന്റെ സ്വഭാവം വെളിവാക്കാനും നമ്മള്‍ ലക്ഷ്യം വച്ചിരുന്നു. അധികാരത്തിലെത്തിയാല്‍ അവരെ ശരിയായി മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക്‌ കഴിയണം. ഇപ്പോള്‍ അത്‌ ജനങ്ങള്‍ക്ക്‌ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. സിപിഐ(എം)ന്റെ പാതയിലൂടെതന്നെയാണ്‌ തൃണമൂലും സഞ്ചരിക്കുന്നത്‌ എന്നാണ്‌ ജനസംസാരം. സിപിഐ(എം)ന്റെ പാത ഇന്നും ജനങ്ങള്‍ക്ക്‌ അസഹനീയമാണ്‌. സന്തോഷത്തോടെ ഓര്‍ക്കാന്‍ ഒന്നും അവരുടെ ഭരണകാലത്തുണ്ടായിരുന്നില്ല. ഇന്നത്തെ ഈ ദയനീയ സ്ഥിതിക്ക്‌ അവരാണ്‌ ഉത്തരവാദികള്‍. തൃണമൂലിനെ നമ്മള്‍ പിന്തുണച്ചില്ലായിരുന്നെങ്കിലും അവര്‍ പാര്‍ലമെന്റ്‌-അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ജയിക്കുമായിരുന്നു എന്നത്‌ ശരിയാണ്‌. അത്‌ മാര്‍ക്‌സിസത്തിനും ഇടതുപക്ഷ രാഷ്‌ട്രീയത്തിനും എതിരെ പുലഭ്യം പറഞ്ഞുകൊണ്ടായിരിക്കും എന്നുമാത്രം. കാരണം സിപിഐ(എം)വിരുദ്ധ വികാരം അന്ന്‌ അത്ര ശക്തമായിരുന്നു. ബ്രിട്ടീഷ്‌ ഭരണകാലം മുതല്‍ ബംഗാള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രമാണ്‌. ഗാന്ധിയന്‍മാര്‍ക്ക്‌ ഒരിക്കലും ഇവിടെ മുന്‍പന്തിയിലെത്താന്‍ കഴിഞ്ഞിട്ടില്ല. അമ്പതുകളിലും അറുപതുകളിലും ശക്തമായ ഇടതുപക്ഷ സമരമുണ്ടായി. ഇടതുജനാധിപത്യ ശക്തികളുടെ രണ്ട്‌ ഐക്യമുന്നണി ഗവണ്മെന്റുകള്‍ അറുപതുകളിലുണ്ടായി. എന്നിട്ടും വലതുപക്ഷ ശക്തികള്‍ക്ക്‌ തലപൊക്കാന്‍ ആരാണ്‌ അവസരമുണ്ടാക്കിയത്‌? സിപിഐ(എം) ആണ്‌ ഇതിനുത്തരവാദികള്‍.
സ്വാതന്ത്ര്യ സമരകാലത്ത്‌ വിപ്ലവകാരികളുടെ കേന്ദ്രമായിരുന്നു ബംഗാള്‍. ശരത്‌ചന്ദ്രന്റെയും സുഭാഷ്‌ ചന്ദ്രബോസിന്റെയും ഓര്‍മ്മകള്‍ ഇന്നും സജീവമായിരിക്കുന്നു ഈ മണ്ണില്‍. വിപ്ലവകാരികളുടെ ഈ പരമ്പര്യം പിന്തുടര്‍ന്നും റഷ്യന്‍, ചൈനീസ്‌ വിപ്ലവങ്ങളുടെ സ്വാധീനത്താലും കമ്മ്യൂണിസത്തെ നെഞ്ചിലേറ്റിയ ഈ മണ്ണില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്‌ സ്വാധീനമുണ്ടാക്കാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ ഈ മനോഭാവത്തെ ഉപയോഗപ്പെടുത്തിയാണ്‌ സിപിഐ(എം) സ്വാധീനമുണ്ടാക്കിയത്‌. ആ ബംഗാളിനെ അതേ സിപിഐ(എം)തന്നെ വെള്ളിത്തളികയില്‍വച്ച്‌ വലതുപക്ഷത്തിന്‌ സമര്‍പ്പിച്ചിരിക്കുന്നു. ഇതിന്റെ ഖ്യാതി അവര്‍ക്കുമാത്രം അവകാശപ്പെട്ടതാണ്‌. എന്നാല്‍ ഇതിന്‌ വിപരീതമായി എല്ലാ ശക്തിയും സമാഹരിച്ചുകൊണ്ട്‌ നമ്മള്‍ ഇടതുപക്ഷീയതയും കമ്മ്യൂണിസമെന്ന പ്രത്യയശാസ്‌ത്രവും എക്കാലവും ഉയര്‍ത്തിപ്പിടിച്ചുപോന്നു. നമ്മള്‍ വോട്ടിനുവേണ്ടിമാത്രം പ്രവര്‍ത്തിക്കുന്നവരല്ല. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിലോ, പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലോ നമ്മള്‍ പരാജയപ്പെട്ടെന്നുവരാം. ജനപിന്തുണയോടെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ നമ്മള്‍ പരമാവധി പരിശ്രമിക്കും. എന്നിരുന്നാലും നമ്മള്‍ പരാജയപ്പെടാം. എന്നാല്‍ അത്‌ നമ്മുടെ വളര്‍ച്ചയെ തടയുമോ? എന്തുകൊണ്ടാണ്‌ ഇന്ന്‌ നമ്മുടെ പാര്‍ട്ടി വളര്‍ച്ചയുടെ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്‌? മഹാനായ മാര്‍ക്‌സിസ്റ്റ്‌ ചിന്തകന്‍ സഖാവ്‌ ശിബ്‌ദാസ്‌ ഘോഷിന്റെ ഉജ്ജ്വലമായ ചിന്തകള്‍ ജനങ്ങളെ നമ്മളിലേയ്‌ക്ക്‌ ആകര്‍ഷിക്കുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. സത്യത്തിന്റെ വിജയത്തെ ആര്‍ക്കാണ്‌ തടയാന്‍ കഴിയുക? തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന്‌ പറഞ്ഞ്‌ നമ്മളെ വിരട്ടാനാവില്ല. നമ്മള്‍ യഥാര്‍ത്ഥ മനുഷ്യനെ, നല്ല മനസ്സും മനഃസാക്ഷിയുമുള്ള മനുഷ്യനെയാണ്‌ അന്വേഷിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളെല്ലാം ജനങ്ങളെ വോട്ടര്‍മാരായി മാത്രമാണ്‌ കാണുന്നത്‌. മറുവശത്ത്‌, നമ്മള്‍ കാണുന്നത്‌ അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യനെയാണ്‌. അവരിലെ സത്യസന്ധതയും നല്ല വികാരങ്ങളും മനസാക്ഷിയും വളര്‍ത്തിയെടുക്കാനാണ്‌ നമ്മുടെ പരിശ്രമം. ഉന്നതമായ പ്രത്യയശാസ്‌ത്രത്തിലൂടെയും സത്യസന്ധത, മാന്യത, സ്വഭാവഗുണം എന്നിവയിലൂടെയും ജനങ്ങളെ ആകര്‍ഷിച്ച്‌ അവരെ സംഘടിപ്പിക്കുകയാണ്‌ നമ്മുടെ പാര്‍ട്ടിയുടെ രീതി. ഇതാണ്‌ സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌ നമ്മളെ പഠിപ്പിച്ചത്‌.
നമുക്ക്‌ കുറച്ചുപേര്‍ മതി, എന്നാല്‍ അവര്‍ മികച്ചവരായിരിക്കണം, മനുഷ്യത്വം ഉള്ളവരായിരിക്കണം പിന്തിരിപ്പത്തത്തിനു മുന്നില്‍ നട്ടെല്ലു വളച്ചാല്‍ നമുക്ക്‌ ധാരാളം പണം സമാഹരിക്കാനും നാടെമ്പാടും ഓഫീസുകള്‍ തുറക്കാനും പണം കൊടുത്ത്‌ ധാരാളം ചെറുപ്പക്കാരെ സംഘടിപ്പിക്കാനും കഴിയും. അങ്ങനെ ചെയ്‌താല്‍ നമ്മുടെ പാര്‍ട്ടിയുടെ വലുപ്പം കൂടും. പക്ഷെ, അതിന്റെ വിപ്ലവ സ്വഭാവം, സഖാവ്‌ ശിബ്‌ദാസ്‌ ഘോഷിന്റെ ചിന്തകളാല്‍ വളര്‍ത്തിയെടുക്കപ്പെട്ട ഒരേയൊരു യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി എന്ന വ്യതിരിക്തമായ സ്ഥാനം നഷ്‌ടപ്പെടും. അങ്ങനെയൊരു പാര്‍ട്ടിയെക്കൊണ്ട്‌ ചൂഷിത ജനതയ്‌ക്ക്‌ ഗുണമല്ല ദോഷമാണ്‌ ഉണ്ടാകുക. നമ്മളെ സംബന്ധിച്ചിടത്തോളം വിപ്ലവപ്രത്യയശാസ്‌ത്രവും സദാചാരവുമൊക്കെ മഹത്തരമാണ്‌. അതില്‍ അടിയുറച്ചാണ്‌, ആരാലും വിലയ്‌ക്കെടുക്കപ്പെടാനാവാതെ, തലയുയര്‍ത്തി നമ്മള്‍ മുന്നേറുന്നത്‌. കുതന്ത്രങ്ങളുടെ രാഷ്‌ട്രീയം നമ്മള്‍ അനുവര്‍ത്തിക്കില്ല. നമ്മള്‍ പച്ചയായ സത്യമാണ്‌ പറയുന്നത്‌. മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി അന്തസ്സ്‌ കൈവിടില്ല. നമുക്ക്‌ മുതലാളിമാരും വമ്പന്‍മാരുമായി ചങ്ങാത്തമില്ല. നമ്മുടെ സഖാക്കളുടെയും അനുഭാവികളുടെയും അഭ്യൂദയകാംക്ഷികളുടെയും സംഭാവനകൊണ്ടാണ്‌ നമ്മള്‍ കേന്ദ്രകമ്മിറ്റി ഓഫീസ്‌ പണിതുകൊണ്ടിരിക്കുന്നത്‌. ആ സംഭാവന അപര്യാപ്‌തമായതുകൊണ്ട്‌ നമ്മള്‍ സാധാരണ ജനങ്ങളോട്‌ സംഭാവനചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയാണ്‌. ഇങ്ങനെയാണ്‌ നമ്മുടെ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്‌.
ഒരു പ്രധാനകാര്യത്തെക്കുറിച്ച്‌ ആലോചിക്കാന്‍ ഞാന്‍ ജനങ്ങളോട്‌ അഭ്യര്‍ത്ഥിക്കുകയാണ്‌. എല്ലാം മോശമാണ്‌, ഒരു നല്ലകാര്യവും നടക്കില്ല എന്ന്‌ വിചാരിച്ചിരുന്നാല്‍ നമ്മള്‍ നിരാശയുടെ പടുകുഴിയിലാണ്ടുപോകും. നമ്മുടെ സമൂഹം അധ:പതനത്തിലേയ്‌ക്ക്‌ കൂപ്പുകുത്തുകയാണ്‌. അല്‌പം ഭേദപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഉള്ളവരുണ്ടാകാം. അവരുടെ മക്കള്‍ നാളെ ഒരു പിഞ്ചുകുഞ്ഞിനെയോ ഒരു മുത്തശ്ശിയെയോ ബലാല്‍സംഗം ചെയ്യില്ല എന്ന്‌ എന്താണുറപ്പ്‌? അവന്‍ വഴിതെറ്റി ഒരു കൊലയാളി ആകില്ല എന്ന്‌ ഉറപ്പുണ്ടോ? ആര്‍ക്കാണ്‌ ഈ അധ:പതനത്തെ തടയാനാകുക? ടാഗോറിനെക്കുറിച്ച്‌ പ്രഭാഷണങ്ങള്‍ നടത്തുന്നവര്‍ ഇത്‌ ആലോചിച്ചിട്ടുണ്ടോ? ദീര്‍ഘകാലം പ്രകൃതി വര്‍ണ്ണനകളില്‍ മുഴുകിയിരുന്ന ടാഗോര്‍ അവസാനകാലത്ത്‌, സമൂഹത്തില്‍ അരങ്ങേറുന്ന പൈശാചികതയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയുണ്ടായി.

ബൂര്‍ഷ്വാനാഗരികതയുടെ പ്രതിസന്ധി 
രവീന്ദ്രനാഥിനെ അസ്വസ്ഥമാക്കി
ആരാണീ രവീന്ദ്രനാഥ്‌? പ്രകൃതി സൗന്ദര്യം കവിതകളില്‍ പകര്‍ത്തുന്നതില്‍ മുഴുകിയിരുന്ന ഒരു കവി മാത്രമായിരുന്നോ? സായുധ വിപ്ലവത്തോട്‌ വിയോജിച്ചിരുന്ന അദ്ദേഹം തിന്മയ്‌ക്കെതിരായ പോരാട്ടത്തിന്‌ തയ്യാറെടുക്കാന്‍ യുവാക്കളെ ആഹ്വാനം ചെയ്‌തത്‌ എന്തുകൊണ്ട്‌?
കല കലയ്‌ക്കുവേണ്ടിയാണ്‌ എന്ന്‌ വശ്വസിച്ചിരുന്ന അദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ നേരിട്ട്‌ പങ്കാളിയായിരുന്നില്ല. എന്നാല്‍ നാഗരികതയുടെ പ്രതിസന്ധി എന്നപേരില്‍ പ്രസിദ്ധീകൃതമായ അദ്ദേഹത്തിന്റെ അവസാന ജന്മദിന സന്ദേശത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: സാഹിത്യത്തിന്റെ കേവലമായ ആസ്വാദനത്തില്‍ നിന്ന്‌ എന്നെത്തന്നെ പറിച്ചുമാറ്റുവാന്‍ നിര്‍ബന്ധിതമായ ഒരു കാലയളവ്‌ വന്നു. പൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളിലേയ്‌ക്ക്‌ ഞാന്‍ കണ്ണുതുറന്നപ്പോള്‍ ഇന്ത്യന്‍ ജനതയുടെ ദാരിദ്ര്യം എന്റെ മനസ്സിനെ മഥിച്ചു. പടിഞ്ഞാറന്‍ നാടുകളിലെ ബൂര്‍ഷ്വാപാര്‍ലമെന്ററി വ്യവസ്ഥയിലുള്ള വിശ്വാസം നഷ്‌ടപ്പെട്ട അദ്ദേഹം പറഞ്ഞു: നാഗരികതയുടെ വസന്തം വിടരുന്നത്‌ യൂറോപ്പിന്റെ ഹൃദയത്തില്‍ നിന്നായിരിക്കുമെന്നാണ്‌ ഞാന്‍ ഒരു കാലത്ത്‌ വിശ്വസിച്ചിരുന്നത്‌. എന്നാല്‍, ജീവിതത്തോട്‌ വിടപറയാന്‍ തയ്യാറെടുക്കുന്ന ഈ ഘട്ടത്തില്‍, ആ വിശ്വാസം പൊള്ളയായിരുന്നു എന്ന്‌ ഞാന്‍ തിരിച്ചറിയുന്നു. രവീന്ദ്രനാഥിന്റെ ആത്മീയതാ സ്‌പര്‍ശമുള്ള രചനകളിലും പ്രകൃതി വര്‍ണ്ണനകളിലും അഭിരമിക്കുകയും പാശ്ചാത്യ നാടുകളിലെ പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ച്‌ വാചാലമാകുകയും ചെയ്യുന്നവര്‍ രവീന്ദ്രനാഥിന്റെ ഈ നിരീക്ഷണങ്ങള്‍ പരിശോധിച്ചിട്ടുണ്ടാകുമോ?
തന്റെ സമകാലികരായ റൊമെയ്‌ന്‍ റോളണ്ട്‌, ബര്‍ണാഡ്‌ഷാ, ഐന്‍സ്റ്റീന്‍ തുടങ്ങിയ മാനവവാദികളെപ്പോലെ തന്നെ രവീന്ദ്രനാഥിനും അവസാനകാലത്ത്‌ ബൂര്‍ഷ്വാ വ്യവസ്ഥിതിയോട്‌ മടുപ്പുതോന്നുകയും സോവിയറ്റ്‌ സോഷ്യലിസത്തോട്‌ ആഭിമുഖ്യം ജനിക്കുകയും ചെയ്‌തതെന്തുകൊണ്ടാണ്‌? രവീന്ദ്രനാഥിന്റെ ആരാധകര്‍ ഇതെപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? റഷ്യയെക്കുറിച്ച്‌ അദ്ദേഹം പല സുപ്രധാന കാര്യങ്ങളും പറഞ്ഞു. റഷ്യയില്‍ നിന്നുള്ള കത്തുകള്‍ എന്ന കൃതിയില്‍, സ്വാതന്ത്ര്യം-സമത്വം-സാഹോദര്യം എന്ന സങ്കല്‍പ്പം ഫ്രാന്‍സിന്‌ സ്വന്തം മണ്ണില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞില്ലെന്നും സോവിയറ്റ്‌ റഷ്യയില്‍ അത്‌ വിജയകരമായി നടപ്പിലാക്കപ്പെട്ടിരിക്കുന്നുവെന്നും, അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എല്ലാ ആയുധങ്ങളും നശിപ്പിക്കണമെന്ന്‌ ലീഗ്‌ ഓഫ്‌ നേഷന്‍സില്‍ ആദ്യമായി ആവശ്യപ്പെട്ട, ഭൂമുഖത്തെ ഏകരാജ്യം സോവിയറ്റ്‌ റഷ്യയാണെന്ന്‌ അദ്ദേഹം തുറന്നു പറയുന്നു. മറ്റാരും ഇതിന്‌ തയ്യാറായില്ല. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീര്‍ത്ഥാടനം സോവിയറ്റ്‌ യൂണിയന്‍ സന്ദര്‍ശനമാണെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്‌.

രവീന്ദ്രനാഥ്‌ പ്രതീക്ഷയര്‍പ്പിച്ചത്‌ സോഷ്യലിസത്തില്‍
1939 ല്‍ സോവിയറ്റ്‌ യൂണിയനെ സംബന്ധിച്ച്‌ രവീന്ദ്രനാഥ്‌ നടത്തിയ പരാമര്‍ശം നിങ്ങളില്‍ പലര്‍ക്കും അറിയില്ലായിരിക്കാം. അതുവായിച്ചപ്പോള്‍ എനിക്ക്‌ അദ്ദേഹത്തോടുള്ള ബഹമാനം ഇരട്ടിച്ചു. ഗാന്ധിജിയും രവീന്ദ്രനാഥും യഥാക്രമം രാഷ്ട്രീയത്തിന്റെയും സംസ്‌ക്കാരത്തിന്റെയും മേഖലകളില്‍ ഇന്ത്യന്‍ നവോത്ഥാനത്തിന്റെ സന്ധിമനോഭാവക്കാരുടെ ധാരയെയാണ്‌ പ്രതിനിധീകരിച്ചിരുന്നതെങ്കിലും രണ്ടുപേരും തീര്‍ത്തും ഒരേ തരക്കാരല്ല എന്ന വിശ്വാസമാണ്‌ ഞാന്‍ പുലര്‍ത്തിയിരുന്നത്‌. ഗാന്ധിജി സത്യസന്ധനായിരുന്നെങ്കിലും വളരെ യാഥാസ്ഥികതികനായിരുന്നു. പുതിയ സത്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള മനസ്സ്‌ അദ്ദേഹത്തിനുണ്ടായിരുന്നില്ല. പാരമ്പര്യവാദത്തിന്റെ ബന്ധനങ്ങളില്‍നിന്ന്‌ മുക്തനാകാന്‍ രവീന്ദ്രനാഥിനും കഴിഞ്ഞിരുന്നില്ല എന്നത്‌ ശരിതന്നെ. എന്നാല്‍ ഈ പരിമിതികള്‍ക്കുള്ളിലും പുതിയതിനെ കാണാനുള്ള കണ്ണ്‌ അദ്ദേഹത്തിനുണ്ടായിരുന്നു.
അമിയ ചക്രവര്‍ത്തി എന്ന കവിക്ക്‌ 1939 ല്‍ അദ്ദേഹം എഴുതി: �ദുര്‍ബലനെതിരെ നിര്‍ദ്ദാക്ഷിണ്യം നിലകൊള്ളുന്ന ഈ നാഗരികത വേരോടെ പിഴുതെടുക്കാതെ, സമ്പന്നന്റെ തീന്‍മേശയില്‍ നിന്ന്‌ അവജ്ഞയോടെ വലിച്ചെറിയുന്ന ആഹാരശകലങ്ങള്‍കൊണ്ട്‌ നമുക്ക്‌ നിലനിന്നുപോകാനാവില്ലെന്ന്‌, കടുത്ത നിസ്സഹായതയുടെ നിമിഷങ്ങളില്‍ എനിക്ക്‌ ബോദ്ധ്യപ്പെട്ടിരിക്കുന്നു. നാഗരികതയുടെ ആ മാറ്റത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ എനിക്ക്‌ റഷ്യയില്‍ കാണാന്‍ കഴിഞ്ഞു. …. അനുഗ്രഹീതമായ ആ നാട്ടില്‍ നാഗരികതയുടെ പുതിയമുഖം ദര്‍ശിക്കാന്‍ കഴിഞ്ഞ എനിക്ക്‌, എന്തൊക്കെ പരിമിതികളുണ്ടെങ്കിലും, അതില്‍ വിശ്വാസവും പ്രതീക്ഷയുമുണ്ട്‌. മാനവചരിത്രത്തിലൊരിടത്തും ഇവ്വിധമൊരു സന്തോഷവും പ്രതീക്ഷയും കളിയാടുന്നത്‌ ഞാന്‍ കണ്ടിട്ടില്ല. ഭയങ്കരമായ ഒരു വിപ്ലവത്തിന്റെ അടിത്തറയിന്മേലാണ്‌ റഷ്യ ഈ പുതുയുഗം പടുത്തുയര്‍ത്തിയിരിക്കുന്നത്‌ എന്ന്‌ മനസ്സിലാക്കുന്നു. പക്ഷേ, ആ വിപ്ലവം മാനവരാശിയുടെ ഏറ്റവും ബലിഷ്‌ഠമായ തിന്മയ്‌ക്കെതിരെയുള്ള വിപ്ലവമായിരുന്നു. ആ പരിധിവരെ അത്‌, യുഗങ്ങളായി അടിഞ്ഞുകൂടിയ പാപങ്ങള്‍ക്കുള്ള പരിഹാരക്രിയായിരുന്നു. മാനവനാഗരികതയുടെ ഹൃദയത്തില്‍ തറച്ച, ആര്‍ത്തി എന്ന കൂരമ്പ്‌ നീക്കം ചെയ്യാനുള്ള പ്രയത്‌നത്തിലാണ്‌ പുതിയ റഷ്യ. അവരുടെ പരിശ്രമം വിജയം വരിക്കട്ടെ എന്ന്‌ ഞാന്‍ ആത്മാര്‍ത്ഥമായി അഭിലഷിക്കുകയാണ്‌.� ഹൃദയത്തില്‍ തറച്ച ഒരു കൂരമ്പ്‌ നീക്കം ചെയ്യാനുള്ള പരിശ്രമത്തിലാണ്‌ സോവിയറ്റ്‌ സോഷ്യലിസം എന്ന രവീന്ദ്രനാഥിന്റെ അഭിപ്രായം നോക്കൂ. എത്ര ആഴമാര്‍ന്നതും ആത്മാര്‍ത്ഥവുമായ നിരീക്ഷണമാണ്‌ അദ്ദേഹത്തെപ്പോലൊരാള്‍ നടത്തിയിരിക്കുന്നത്‌! പാപം, ആര്‍ത്തി, അസൂയ എന്നിവയൊക്കെ ശാശ്വതമാണെന്നാണ്‌ മതം അനുശാസിക്കുന്നത്‌. മതാനുഷ്‌ഠാനങ്ങളാല്‍ ഇവയെ നിയന്ത്രിച്ചു നിര്‍ത്താനാവും എന്നാണ്‌ വിശ്വസിച്ചുപോന്നത്‌. ബൂര്‍ഷ്വാ പണ്ഡിതന്മാര്‍ പോലും ഇവയൊക്കെ മാറ്റാനാവാത്തതും നിയന്ത്രിക്കാന്‍ മാത്രം കഴിയുന്നതുമായ അടിസ്ഥാന സ്വഭാവങ്ങളെന്നാണ്‌ കരുതിയത്‌. എന്നാലിത്‌ അടിസ്ഥാന സ്വഭാവങ്ങളല്ലെന്നും തുടക്കം മുതല്‍ ഇത്‌ സമൂഹത്തില്‍ നിലനിന്നുപോരുന്നവയല്ലെന്നും ആദ്യമായി പറഞ്ഞത്‌ മാര്‍ക്‌സിസമാണ്‌. സാമൂഹ്യപുരോഗതിയുടെ ഒരു പ്രത്യേകകാലഘട്ടത്തില്‍, സാമൂഹ്യവും ചരിത്രപരവുമായ കാരണങ്ങളാല്‍ ഉടലെടുത്തതാണിത്‌. അനിഷേധ്യമായ ചരിത്രഗതിയില്‍ ഇവ തുടച്ചുനീക്കപ്പെടുകയും ചെയ്യും. നിശ്ചിതമായ ഒരു സാമ്പത്തിക അടിത്തറയുടെ ഉപരിഘടനയാണ്‌ ആശയപരവും മാനസികവുമായ ലോകം. ഇത്‌ മാറ്റത്തിന്‌ വിധേയവുമാണ്‌. അസമത്വം ആര്‍ത്തിയില്‍ നിന്ന്‌ ഉടലെടുത്തതല്ലെന്നും അസമത്വത്തിലധിഷ്‌ഠിതമായ വര്‍ഗ്ഗവിഭജിത സമൂഹമാണ്‌ അത്യാഗ്രഹത്തിന്‌ ജന്മം നല്‍കിയതെന്നും സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. വര്‍ഗ്ഗ വിഭജനം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതോടെ അത്യാഗ്രഹവും സമൂഹത്തില്‍നിന്ന്‌ തുടച്ചുനീക്കപ്പെട്ടും. ഒരു മാര്‍ക്‌സിസ്റ്റ്‌ അല്ലാതിരുന്നിട്ടും, സോവിയറ്റ്‌ യൂണിയന്‍ സമൂഹത്തില്‍നിന്ന്‌ അത്യാഗ്രഹം എന്ന തിന്മ ഉന്മൂലനം ചെയ്യാനുള്ള ചരിത്രപ്രധാനമായ പോരാട്ടമാണ്‌ നടത്തുന്നതെന്ന്‌ രവീന്ദ്രനാഥ്‌ തിരിച്ചറിയുകയും അതിനെ അങ്ങേയറ്റം ആദരവോടെയും വികാരവായ്‌പോടെയും പിന്തുണയ്‌ക്കുകയും ചെയ്‌തു. രവീന്ദ്രനാഥിന്റെ ആരാധകരോ സോവിയറ്റ്‌ വിരുദ്ധ പ്രചാരണത്തില്‍ മുഴുകിയിരിക്കുന്ന ബുദ്ധിജീവികളോ ഇക്കാര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ? അവര്‍ക്ക്‌ ചരിത്രം അറിയാമോ? രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ രവീന്ദ്രനാഥ ടാഗോര്‍ ഒരു സര്‍ജ്ജറി കാത്ത്‌ കഴിയുകയായിരുന്നു. പ്രശസ്‌ത ഗണിതശാസ്‌ത്രജ്ഞനായ പ്രശാന്തമഹലനോബിസ്‌ അദ്ദേഹത്തിന്റെ സമീപത്തുണ്ടായിരുന്നു. സോവിയറ്റ്‌ സൈന്യം എത്രമുന്നേറിയെന്ന്‌ രവീന്ദ്രനാഥ്‌ അദ്ദേഹത്തോട്‌ ചോദിച്ചു. ചെമ്പട പിന്‍വാങ്ങുകയാണെന്ന മറുപടി കേട്ടപ്പോള്‍ ദേഷ്യപ്പെട്ട്‌ അദ്ദേഹം പത്രം വലിച്ചെറിഞ്ഞു. പിന്നീട്‌ സര്‍ജറി ദിവസം സോവിയറ്റ്‌ സൈന്യം വിജയത്തോടടുക്കുകയാണെന്ന വാര്‍ത്ത കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖം സന്തോഷംകൊണ്ട്‌ തിളങ്ങി. അവര്‍ക്ക്‌, അവര്‍ക്കുമാത്രമേ നാഗരികതയുടെ രക്ഷകരാകാന്‍ കഴിയൂ എന്ന്‌ സന്തോഷം തുളുമ്പിയ വാക്കുകളില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. സോവിയറ്റ്‌ സോഷ്യലിസത്തില്‍ അത്രവലിയ വിശ്വാസമാണ്‌ അദ്ദേഹം വച്ചുപുലര്‍ത്തിയത്‌.
അവസാനകാലത്ത്‌ അദ്ദേഹത്തിന്റെ ചിന്തയില്‍ സമൂലമായ മാറ്റമുണ്ടായി എന്നല്ല അര്‍ത്ഥമാക്കുന്നത്‌. സിംഫണി എന്ന പേരിലുള്ള കവിതയില്‍ തനിക്ക്‌ എന്താണ്‌ ചെയ്യാന്‍ കഴിയാതെ പോയതെന്നും എന്തുകൊണ്ടാണെന്നും അദ്ദേഹം പശ്ചാത്തപിക്കുന്നുണ്ട്‌. കുന്നുകളും മലകളും നക്ഷത്രങ്ങളും നദികളും അരുവികളുമൊക്കെയുള്ള വശ്യസുന്ദരമായ പ്രകൃതിയുടെ മനോഹാരിത തനിക്ക്‌ പരിചിതമായിരുന്നുവെന്നും എന്നാല്‍ നാഗരികതയുടെ സ്രഷ്ടാക്കളായ കര്‍ഷകര്‍, നെയ്‌ത്തുകാര്‍, മുക്കുവര്‍ തുടങ്ങിയ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുമായി തനിക്ക്‌ അടുപ്പമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. കാവ്യഭാഷയില്‍ ഇതദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്‌.
തന്റെ പരാജയത്തെ എത്ര വ്യഥയോടെയും പശ്ചാത്താപത്തോടെയുമാണ്‌ അദ്ദേഹം നോക്കിക്കണ്ടത്‌ എന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കാം. പരാജയ കാരണങ്ങളിലൊന്ന്‌ അദ്ദേഹത്തിന്‌ ശരിയായി ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞു. സമ്പന്ന കുടുംബത്തില്‍ പിറന്നതുകൊണ്ട്‌ ജീവിതത്തിന്റെ കഷ്ടപ്പാടുകളൊന്നും അഭിമുഖീകരിക്കേണ്ടി വന്നില്ല എന്നതായിരുന്നു അത്‌. സത്യാന്വേഷണ പാതയില്‍ ശാസ്‌ത്രീയ മനോഭാവം പുലര്‍ത്താന്‍ കഴിയാതെ പോയതുകൊണ്ട്‌ കായികപ്രവര്‍ത്തനവും ബുദ്ധിപരമായ പ്രവര്‍ത്തനവും തമ്മില്‍ ശാശ്വതമായ ഒരു അന്തരം നിലനില്‍ക്കുന്നുവെന്ന്‌ വിശ്വസിച്ചതായിരുന്നു രണ്ടാമത്തെ കാരണം. ഈ അന്തരമില്ലാതെ നാഗരികതയ്‌ക്ക്‌ മുന്നേറാനാവില്ല എന്നദ്ദേഹം കരുതി. അതുകൊണ്ടാണദ്ദേഹം പറഞ്ഞത്‌, �അടിത്തട്ടില്‍ ഒരു വിഭാഗമില്ലെങ്കില്‍ മറ്റൊരു വിഭാഗത്തിന്‌ ഉയര്‍ന്നുവരാന്‍ കഴിയില്ല എന്ന്‌… ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്കുമാത്രമേ പരിമിതികളെ അതിജീവിക്കുന്ന വീക്ഷണം കൈവരിക്കാന്‍ കഴിയൂ… വിശ്രമവേളകളിലാണ്‌ നാഗരികതയുടെ ബൗദ്ധിക സദ്‌ഫലങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്‌… സാഹചര്യങ്ങളുടെ സവിശേഷതകൊണ്ടുമാത്രമല്ല, ശാരീരികവും മാനസികവുമായ കാരണങ്ങള്‍ മൂലവും സമൂഹത്തിന്റെ താഴെത്തട്ടില്‍ കഷ്ടപ്പെടുവാന്‍ നിര്‍ബന്ധിതരായവരുടെ വിദ്യാഭ്യാസവും ആരോഗ്യവും സുഖസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുവേണ്ടി സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന്‌ ചിന്തിച്ചിരുന്ന ആളാണ്‌ അദ്ദേഹം.� അതായത്‌, സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ മുകള്‍ത്തട്ടിലുള്ളവരെ ശാരീരികമായും മാനസികമായും സേവിക്കാന്‍ വേണ്ടിമാത്രം ജനിച്ചവരാണ്‌ എന്ന കാഴ്‌ചപ്പാടായിരുന്നു രവീന്ദ്രനാഥിനുണ്ടായിരുന്നത്‌ എന്നാണിതു വ്യക്തമാക്കുന്നത്‌.

സത്യസന്ധരായ മാനവവാദികള്‍ക്ക്‌ ഒരു വിഷയത്തെ മറികടക്കാനാവുന്നില്ല

വേറൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം പറഞ്ഞു: �സ്വത്തിനോട്‌ ഒരാള്‍ക്കുള്ള ആഭിമുഖ്യം ഒരു തര്‍ക്ക വിഷയമല്ല. അത്‌ മനുഷ്യസഹജമാണ്‌. നമുക്ക്‌ സ്വയം വെളിപ്പെടുത്താന്‍ ആഗ്രഹമുണ്ട്‌. ഇത്‌ ആത്മപ്രകാശനത്തിന്റെ ഒരു രീതിയാണ്‌…. എന്നാല്‍ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ സ്വത്ത്‌ അയാളുടെ വ്യക്തിത്വത്തിന്റെ ഭാഷയാണ്‌. അതു നഷ്‌ടപ്പെട്ടാല്‍ പിന്നെ അയാള്‍ക്ക്‌ നിലനില്‍പ്പില്ല…. സ്വകാര്യസ്വത്ത്‌ നിലനില്‍ക്കും. എന്നാല്‍ അതിരുകടന്ന വ്യക്തിപരമായ ഉപയോഗത്തിന്‌ പരിധിനിശ്ചയിക്കണം. ഈ പരിധിയില്‍ കവിഞ്ഞുള്ള സ്വത്ത്‌ പൊതുനന്മയ്‌ക്കുവേണ്ടി വിനിയോഗിക്കണം…. ചുരുക്കത്തില്‍ ഓരോരുത്തര്‍ക്കും സ്വന്തമായി ചിലതുണ്ടാകണം ബാക്കിയുള്ളത്‌ മറ്റുള്ളവര്‍ക്ക്‌. സ്വന്തവും അല്ലാത്തതുമായതിനെ ഒരുപോലെ അംഗീകരിക്കുകയാണ്‌ യഥാര്‍ത്ഥ പരിഹാരം. ഇതില്‍ ഏതെങ്കിലുമൊന്ന്‌ അവഗണിക്കപ്പെടുമ്പോള്‍ മനുഷ്യ പ്രകൃതിയുടെ നിയമങ്ങളുമായി സംഘര്‍ഷമുണ്ടാകുന്നു.� അതായത,്‌ രവീന്ദ്രനാഥിന്റെ അഭിപ്രായത്തില്‍, വര്‍ഗ്ഗവിഭജനം നിലനില്‍ക്കേണ്ടത്‌ നാഗരികതയുടെ ആവശ്യകതയാണ്‌. കായികവും മാനസികവുമായ അദ്ധ്വാനം തമ്മിലുള്ള അന്തരത്തിന്റെ രൂപത്തില്‍ ഇത്‌ എന്നും നിലനില്‍ക്കും. �ശാരീരികവും മാനസികവുമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ കിടന്ന്‌ കഷ്‌ടപ്പെടാന്‍ ഒരു വിഭാഗം നിര്‍ബന്ധിതരായിത്തീരുകയും ചെയ്യും.� എന്നുമാത്രമല്ല, �വ്യക്തിത്വത്തിന്റെ ഭാഷ� എന്നനിലയിലോ, �ആത്മപ്രകാശനത്തിന്റെ രീതി� എന്നനിലയിലോ, �സ്വകാര്യസ്വത്ത്‌ നിലനില്‍ക്കുകയും ചെയ്യും.� വ്യക്തി അവനാവശ്യമുള്ളത്‌ എടുത്തിട്ട്‌ ബാക്കി മറ്റുള്ളവര്‍ക്ക്‌ വിതരണം ചെയ്‌തുകൊള്ളും. ഫൊയര്‍ബാഹ്‌ മുതല്‍ ഗാന്ധിവരെയുള്ള എല്ലാ മാനവവാദികളുടെയും കാഴ്‌ചപ്പാട്‌ ഇതായിരുന്നു. എന്നാല്‍ ഈ ചിന്താഗതി സ്വീകരിക്കാന്‍ രവീന്ദ്രനാഥിനെ പ്രേരിപ്പിച്ചതെന്താണ്‌? ഇതിന്‌ സഖാവ്‌ ശിബ്‌ദാസ്‌ ഘോഷ്‌ നല്‍കിയ ഉത്തരം ഇങ്ങനെ: �മനസ്സിന്റെ സ്വാതന്ത്ര്യത്തിനുപോലും അതിരുകളുണ്ട്‌. രണ്ട്‌ കാര്യങ്ങളില്‍ നിന്നാണ്‌ ഈ പരിധി നിശ്ചയിക്കപ്പെടുന്നത്‌. ഒന്ന്‌, മൂര്‍ത്തമായ ചുറ്റുപാടുകള്‍. മറ്റേത്‌ ചിന്താപ്രക്രിയ. അതായത്‌, ഒരാള്‍ അറിഞ്ഞോ അറിയാതെയോ അയാളുടെ ചിന്താ രീതി വികസിച്ചു വന്ന പ്രക്രിയ. ഒരാളുടെ മനസ്സിന്റെ ചിന്തയുടെ, സ്വാതന്ത്ര്യത്തെ ഈ പ്രക്രിയ പരിമിതപ്പെടുത്തുന്നു.�

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഗൂഢശ്രമം
ജീവിതസാഹചര്യങ്ങള്‍ മാത്രമല്ല, രവീന്ദ്രനാഥിന്റെ വീക്ഷണവും പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു. ഇത്‌ അദ്ദേഹത്തിന്‌ മനസ്സിലാക്കാനായില്ല. പരാജയബോധം അദ്ദേഹത്തെ അലട്ടിയിരുന്നു. മനസ്സിലാക്കാന്‍ കഴിഞ്ഞ കാര്യങ്ങള്‍ അദ്ദേഹം തുറന്നു സമ്മതിച്ചു. അവിടെയാണ്‌ അദ്ദേഹത്തിന്റെ മഹത്വം. രവീന്ദ്രനാഥിനെ പുകഴ്‌ത്തുന്നവര്‍ ഇതില്‍ നിന്ന്‌ എന്തെങ്കിലും പാഠം പഠിച്ചോ?
മുതലാളിവര്‍ഗ്ഗത്തിന്റെയും സര്‍ക്കാരിന്റെയും നല്ല പിള്ളകളായ ചില ബുദ്ധിജീവികളുണ്ട്‌. അവര്‍ വലിയ ആദര്‍ശ പ്രസംഗങ്ങള്‍ നടത്തും. ഉദാഹരണത്തിന്‌ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയത്തില്‍ പങ്കെടുക്കരുതെന്നും കോളേജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ നിരോധിക്കണമെന്നും അടുത്തിടെ ഇവര്‍ പറയുകയുണ്ടായി. ഈ പ്രചാരണത്തിന്‌ നേതൃത്വം കൊടുക്കുന്നവര്‍ നല്ല മിടുക്കന്മാര്‍ തന്നെ. ഞാന്‍ ചില ആളുകളുടെ കാര്യം പറയാം. അവര്‍ വിവേക ശാലികളാണോ എന്ന്‌ നിങ്ങള്‍ തന്നെ തീരുമാനിക്കുക. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ബംഗാളില്‍ പ്രവര്‍ത്തിച്ചിരുന്ന ബംഗാള്‍ വോളന്റിയേഴ്‌സ്‌ എന്ന വിപ്ലവസംഘടനയുടെ തലവന്‍ ഹേംചന്ദ്രഘോഷ്‌ ആയിരുന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സന്യാസ ജീവിതം സ്വീകരിക്കുന്നതിനായി അദ്ദേഹം ഒരു സന്യാസിയെ സമീപിച്ചു. �മാതൃഭൂമി അടിമത്തത്തില്‍ കഴിയുമ്പോള്‍ നിങ്ങള്‍ക്കെങ്ങനെയാണ്‌ സന്യാസം സ്വീകരിക്കാന്‍ കഴിയുക. പോയി രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുക,� എന്നാണ്‌ ആ സന്യാസി അദ്ദേഹത്തെ ഉപദേശിച്ചത്‌. ആരായിരുന്നു ഈ സന്യാസി? അദ്ദേഹം സ്വാമി വിവേകാനന്ദന്‍ ആയിരുന്നു. എട്ടാം ക്ലാസ്സുകാരനെ അദ്ദേഹം രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഉപദേശിച്ചു. വിദ്യാര്‍ത്ഥികളെ രാഷ്ട്രീയത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്താന്‍ വ്യഗ്രത കാണിക്കുന്നവര്‍ക്ക്‌ വിവേകാനന്ദനെ തള്ളിപ്പറയാന്‍ ധൈര്യമുണ്ടോ? എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സുഭാഷ്‌ ചന്ദ്രബോസ്‌ ഖുദിറാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ബേനി മാധവദാസ്‌ എന്ന പ്രഗത്ഭനായ അദ്ധ്യാപകനില്‍ നിന്നാണ്‌ സുഭാഷ്‌ ചന്ദ്രബോസ്‌ ആവേശം ഉള്‍ക്കൊണ്ടത്‌. ഈ ബുദ്ധിജീവികള്‍ക്ക്‌ സുഭാഷ്‌ചന്ദ്രബോസിനെയും ബേനി മാധവ്‌ദാസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ധൈര്യമുണ്ടോ?
ചിറ്റഗോംഗിലെ ജലാലാബാദില്‍ ബ്രിട്ടീഷ്‌ സേനയോട്‌ ഇതിഹാസനായകനായ സൂര്യസെന്നിന്റെ നേതൃത്വത്തില്‍ ഏറ്റുമുട്ടിയ വിപ്ലവകാരികളില്‍ ഏറിയ പങ്കും കൗമാരപ്രായക്കാരായിരുന്നു. 9-ാം ക്ലാസ്സുകാരികളായ ശാന്തിയും സുനിതയുമാണ്‌ മര്‍ക്കട മുഷ്ടിക്കാരനായ ബ്രിട്ടീഷ്‌ പോലീസ്‌ മേധാവിയെ വെടിവച്ചുകൊന്നത്‌. ബ്രിട്ടീഷുകാരുടെ ദൃഷ്ടിയില്‍ അവര്‍ കുറ്റവാളികളാണ്‌. ഈ ബുദ്ധിജീവികള്‍ അവരെ കുറ്റവാളികളായി കാണുമോ? �വിദ്യാഭ്യാസത്തിനുവേണ്ടി ഇനിയും കാത്തിരിക്കാം. പക്ഷേ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തിന്‌ അത്‌ സാദ്ധ്യമല്ല.� എന്നാണ്‌ ദേശബന്ധു സി.ആര്‍ ദാസ്‌ പറഞ്ഞത്‌. �പഠിക്കുക എന്നതാണ്‌ വിദ്യാര്‍ത്ഥികളുടെ മുഖ്യ കടമ� എന്നുപറഞ്ഞ്‌ വിദ്യാര്‍ത്ഥികളെ രാഷ്ട്രീയത്തില്‍ നിന്ന്‌ അകറ്റാന്‍ ശ്രമിച്ചപ്പോള്‍ സുഭാഷ്‌ചന്ദ്രബോസ്‌ അതിനെ ശക്തമായി എതിര്‍ത്തു. അക്കാദമിക പഠനം മാത്രമല്ല വിദ്യാര്‍ത്ഥികളുടെ കര്‍ത്തവ്യം. അവര്‍ രാഷ്ട്രീയത്തിലും പങ്കെടുക്കേണ്ടതുണ്ടെന്ന്‌ അദ്ദേഹം അസന്നിഗ്‌ദ്ധമായി പറഞ്ഞു. �രാജ്യത്തിനുവേണ്ടി നിലകൊള്ളുന്നതിന്‌ പ്രായം ഒരു പ്രതിബന്ധമല്ലെ�ന്നും അദ്ദേഹം പറഞ്ഞു. �സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ നിങ്ങള്‍ക്കും അതാകാം. തെറ്റു ചെയ്യുന്നവര്‍ക്കും അത്‌ പൊറുക്കുന്നവര്‍ക്കുമെതിരെ നിങ്ങളുടെ രോഷം തീജ്വാലകള്‍ പോലെ ആളിപ്പടരട്ടെ� എന്നാണ്‌ രവീന്ദ്രനാഥ്‌ പറഞ്ഞത്‌. പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ പഠനം കഴിഞ്ഞ്‌ ഒരാള്‍ക്ക്‌ ബോധം ഉണ്ടായാല്‍മതിയെന്നാണോ സുഭാഷ്‌ ചന്ദ്രബോസ്‌ പറഞ്ഞത്‌, അതോ ഇന്ന്‌ നമ്മുടെ രാജ്യത്ത്‌ തെറ്റും അനീതിയും ചൂഷണവും അടിച്ചമര്‍ത്തലും ഒന്നും ഇല്ലെന്നാണോ? ഏതുപ്രായത്തിലാണ്‌ ഖുദിറാമും ഭഗത്‌സിംഗുമൊക്കെ രാഷ്ട്രീയത്തില്‍ വന്നത്‌.
ഭരണകക്ഷികളുടെ ഗുണ്ടകളാണ്‌ തെരഞ്ഞെടുപ്പില്‍ അക്രമവും ഭീതിയുമൊക്കെ സൃഷ്ടിക്കുന്നത്‌. 1972 ല്‍ കോണ്‍ഗ്രസ്സ്‌ ഇത്‌ ചെയ്‌തു. പിന്നീട്‌ സിപിഐ(എം) ഉം ഇപ്പോള്‍ തൃണമൂലും അതുതന്നെ ചെയ്യുന്നു. അക്രമം കാട്ടുന്നവര്‍ തന്നെ കോളേജ്‌ ഇലക്ഷന്‍ നിരോധിക്കണമെന്ന്‌ ആവശ്യപ്പെടുന്നു എന്നതാണ്‌ കൗതുകകരം. അവര്‍ വെറും തെമ്മാടികളാണോ? വിദ്യാര്‍ത്ഥികള്‍ സമരങ്ങളില്‍ പങ്കെടുക്കണമെന്നോ, ആരോഗ്യകരമായ രാഷ്ട്രീയം വളര്‍ന്നുവരണമെന്നോ അവര്‍ക്ക്‌ താല്‍പ്പര്യമില്ല. അക്രമത്തിന്റെ പേരിലാണ്‌ തെരഞ്ഞെടുപ്പ്‌ വേണ്ടെന്ന്‌ വയ്‌ക്കുന്നതെങ്കില്‍ എന്തുകൊണ്ട്‌ കോളേജ്‌ ഇലക്ഷന്‍ മാത്രം? എല്ലാ തെരഞ്ഞെടുപ്പുകളും വേണ്ടെന്നുവയ്‌ക്കാത്തതെന്ത്‌? പഞ്ചായത്തുമുതല്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുവരെ ഇവിടെ അക്രമം നടക്കുന്നുണ്ട്‌. എല്ലാം നിരോധിക്കട്ടെ. അപ്പോള്‍ ഈ നേതാക്കള്‍ക്ക്‌ തൊഴിലില്ലാതാകും! 1970-71 കാലത്ത്‌ സിപിഐ(എം) വിദ്യാര്‍ത്ഥി യൂണിയനുകള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി. ആരോഗ്യകരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയോ പ്രത്യയശാസ്‌ത്ര ചര്‍ച്ചകളിലൂടെയോ യുക്തിപരമായ സമീപനത്തിലൂടെയോ ഒന്നുമായിരുന്നില്ല, വെറും ഗുണ്ടായിസത്തിലൂടെയാണ്‌ ഇത്‌ ചെയ്‌തത്‌. കോണ്‍ഗ്രസ്സ്‌ 72 ല്‍ ഈ മാര്‍ഗ്ഗം പിന്തുടര്‍ന്നു. പിന്നീട്‌ 1977 മുതല്‍ 34 വര്‍ഷം തുടര്‍ച്ചയായി സിപിഐ(എം) ഈ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചു. ഇപ്പോള്‍ ഈ മുന്‍ഗാമികളുടെ കാലടികള്‍ പിന്തുടരാനുള്ള ഊഴം തൃണമൂല്‍ കോണ്‍ഗ്രസ്സിന്‌ കൈവന്നിരിക്കുന്നു. അപ്പോള്‍ സാധാരണ വിദ്യാര്‍ത്ഥികള്‍ ഇതിനുത്തരവാദികളാകുന്നതെങ്ങനെ? അഥവാ രാഷ്ട്രീയമാണോ ഇതിനുത്തരവാദി? കോളേജുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും മറ്റുംമേല്‍ ആധിപത്യം നിലനിര്‍ത്താന്‍ ഫാസിസ്റ്റ്‌ രാഷ്ട്രീയം അനുവര്‍ത്തിക്കുന്ന ഭരണകക്ഷികള്‍ മാത്രമാണ്‌ ഇതിന്‌ ഉത്തരവാദികള്‍. ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയേ മതിയാകൂ. അപ്പോള്‍, വിദ്യാര്‍ത്ഥികള്‍ പൊരുതി നേടിയ ജനാധിപത്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതെന്തിന്‌?
ഒരു സംഭവം ഞാന്‍ ഓര്‍മ്മിപ്പിക്കാം. സിപിഐ(എം) ഗവണ്മെന്റ്‌ അധികാരത്തില്‍ വന്നയുടന്‍, കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞാനുസരണം ബംഗാളില്‍ പ്രൈമറി സ്‌കൂള്‍ തലത്തില്‍ ഇംഗ്ലീഷ്‌ പഠനം നിരോധിച്ചു. നമ്മുടെ പാര്‍ട്ടി അതിനെതിരെ നീണ്ട 18 വര്‍ഷക്കാലം പോരാട്ടം നടത്തി ഇംഗ്ലീഷ്‌ പഠനം പുന:സ്ഥാപിക്കാന്‍ സര്‍ക്കാരിനെ നിര്‍ബ്ബന്ധിതമാക്കി. ഈ സമരത്തില്‍ പ്രധാന പങ്കുവഹിച്ചത്‌ ആരായിരുന്നു? സ്‌കൂള്‍-കോളേജ്‌ വിദ്യാര്‍ത്ഥികള്‍ തന്നെ. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും സാഹിത്യകാരന്മാരും ബുദ്ധിജീവ ികളുമൊക്കെയായ ഡോ സുകുമാര്‍സെന്‍, പ്രേമേന്ദ്ര മിത്ര, നിഹാര്‍ രഞ്‌ജന്‍ റായ്‌, ഡോ.പ്രദുല്‍ ഗുപ്‌ത, ഡോ.സുശീല്‍ മുഖര്‍ജി, സന്തോഷ്‌ ഘോഷ്‌ തുടങ്ങിയവരൊക്കെ നിരവധി വിദ്യാര്‍ത്ഥി റാലികളെ അഭിസംബോധന ചെയ്‌തു. പ്രമുഖ സാഹിത്യകാരന്‍ പ്രമദനാഥ്‌ ബിസിയുടെ നിര്‍ദേശപ്രകാരം പതിനായിരം പ്രൈമറി വിദ്യാര്‍ത്ഥികളുടെ ധര്‍ണയും സംഘടിപ്പിച്ചു. ഈ പ്രമുഖ വ്യക്തിത്വങ്ങളെയും ബുദ്ധിജീവികളെയും കുറിച്ച്‌ ഇന്നത്തെ ബുദ്ധിജീവികള്‍ക്ക്‌ എന്തുപറയാനുണ്ട്‌? യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികള്‍ രാഷ്‌ട്രീയത്തില്‍ നിന്ന്‌ അകന്നു നില്‍ക്കണമെന്ന്‌ പറയുന്നത്‌ വലിയൊരു ഗൂഢാലോചനയാണ്‌.

അധികാരമോഹം മാത്രമാണ്‌ ബിജെപിയുടെ മതം.
സഖാക്കളെ, ഇന്നത്തെ സര്‍വ്വവ്യാപിയായ പ്രതിസന്ധി വിദ്യാസാഗറിനെയോ വിവേകാനന്ദനെയോ പോലുള്ളവര്‍ക്ക്‌ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. ധാര്‍മ്മിക-സദാചാര മേഖലകളിലെ ഭയാനകമായ പ്രതിസന്ധി നമ്മെ ഏറെ വേദനിപ്പിക്കുന്നു. ഒരു നരേന്ദ്രന്‍(വിവേകാന്ദന്‍) ലോകത്തിന്‌ വഴികാട്ടിയതിന്റെ പേരില്‍ ആദരിക്കപ്പെടുമ്പോള്‍ മറ്റൊരു നരേന്ദ്രന്‍(നരേന്ദ്ര മോഡി) ഇന്ത്യയെ നയിക്കുന്നതിന്റെ പേരില്‍ പ്രശംസിക്കപ്പെടുന്നുവെന്ന്‌ ഒരു പ്രമുഖ ബംഗാളി പത്രം എഴുതുകയുണ്ടായി. ആരെ ആരുമായിട്ടാണ്‌ ഉപമിക്കുന്നതെന്ന്‌ ചിന്തിച്ചുനോക്കൂ! ഇത്തരം ഒരു അപകടകരമായ പ്രസ്‌താവനയെ ഒരു ബുദ്ധിജീവിയും എതിര്‍ത്തുകണ്ടില്ല. നമ്മുടെ രാജ്യത്തിന്റെ പതനം നോക്കൂ. തത്വചിന്താമേഖലയില്‍ നമുക്ക്‌ വിവേകാനന്ദനോട്‌ വിയോജിപ്പുണ്ടെങ്കിലും നാം അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. നമ്മള്‍ കമ്മ്യൂണിസ്റ്റുകളാണ്‌. വിവേകാനന്ദന്‍ അദൈ്വതവേദാന്തി ആയിരുന്നു. (ബാക്കി ഭാഗം ഉടനെ പ്രസിദ്ധീകരിക്കും)

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp