മുതലാളിത്ത സർക്കാരുകളും പാർട്ടികളും ആവർത്തിക്കുന്ന വികസനം എന്ന പല്ലവി: ഹീനമായ ജനവഞ്ചന

Spread our news by sharing in social media

ഇന്ത്യയിലെ വോട്ട് അധിഷ്ഠിത മുതലാളിത്ത രാഷ്ട്രീയത്തിനും, ആ രീതിയിൽ മുഴുവൻ സാമ്രാജ്യത്വ-മുതലാളിത്ത ലോകത്തിനും ഇന്ന് ഏറ്റവും പ്രിയങ്കരമായ പദമാണ് ‘വികസനം. പാർലമെന്ററി വ്യവസ്ഥയിലും അല്ലാതെയും, അധികാരത്തിലിരിക്കുന്നതും അധികാരത്തിനുള്ള മൽസരത്തിൽ ഏർപെട്ടിരിക്കുന്നതുമായ, സോഷ്യൽ ഡെമോക്രാറ്റുകളടക്കമുള്ള എല്ലാ ബൂർഷ്വാ-പെറ്റിബൂർഷ്വാ പാർട്ടികളുടെയും പൊതുപല്ലവിയാണിത്. രാജ്യത്തെ ജനങ്ങളെ സർവനാശത്തിന്റെ ഗർത്തത്തിലേക്ക് കൂടുതലായി തള്ളിയിടുമ്പോഴും, ഭരണമുതലാളിത്തത്തിന്റെ ഹീനമായ വർഗതാത്പര്യങ്ങളെ സേവിക്കുന്ന പാർട്ടികൾക്ക് അടിച്ചമർത്തപ്പെടുന്ന ബഹുജനങ്ങളെ കബളിപ്പിക്കുവാനുള്ള സൗകര്യപ്രദമായ ആയുധമാണ് വികസനം എന്ന മുദ്രാവാക്യം.

വാസ്തവത്തിൽ കൊടികളുടെ നിറത്തിനതീതമായി ഈ പാർലമെന്ററി പാർട്ടികൾ തമ്മിൽത്തമ്മിൽ, ആരാണ് ഈ പുതിയ വികസന തന്ത്രത്തിന്റെ ഏറ്റവും മികച്ച പതാകാവാഹകനാകുന്നതെന്ന് തെളിയിക്കുവാനുള്ള ഒരു മൽസരംതന്നെ നടന്നു കൊണ്ടിരിക്കുകയാണ്. കുത്തകകളുടെ നിയന്ത്രണത്തിലുള്ള മുഴുവൻ മാധ്യമങ്ങളും, എങ്ങനെയാണ് രാജ്യത്തിന്റെ മുക്കിലും മൂലയിലും വികസനം പടരുന്നത് എന്നതിനെക്കുറിച്ച് ചെണ്ടകൊട്ടി അറിയിക്കുവാനായി നിയോഗിക്കപ്പെടുന്നു. മന്ത്രിമാരും ഭരണകക്ഷിനേതാക്കളും അധികാരത്തിന്റെ വിധേയസേവകരായ വിശകലനവിദഗ്ധരും എഴുത്തുകാരും മാധ്യമപ്രവർത്തകരുംചേർന്ന്, തരാതരംപോലെ തിരുത്തുന്ന ചില സാമ്പത്തികസൂചകങ്ങളും, ലോകമെമ്പാടും രാജ്യത്തിന്റെ പ്രതിച്ഛായ ഉയർത്തുന്നതും വിപ്ലവകരവും എന്ന അവകാശവാദത്തോടെ നിരത്തുന്ന ഒരു കൂട്ടം നേട്ടങ്ങളും, വ്യാജമോ അപ്രധാനമോ ആയ ചില പ്രശ്‌നങ്ങളും ഈ വികസനക്കുതിപ്പിനു തെളിവായി എടുത്തുകാട്ടുന്നു. എന്നാൽ കേന്ദ്രത്തിലാകട്ടെ സംസ്ഥാനങ്ങളിലാകട്ടെ, അധികാരത്തിലിരിക്കുന്ന മുതലാളിത്ത സർക്കാരുകളൊന്നും തന്നെ, തങ്ങളുടെ ഭരണകാലത്തെ വികസനത്തിന്റെ പട്ടിക നിരത്തുമ്പോൾ സാധാരണക്കാരന്റെ ജീവിതത്തെ തകർക്കുന്ന നീറുന്ന പ്രശ്‌നങ്ങളെന്തെങ്കിലും പരാമർശിക്കുന്നതുതന്നെ വിരളമാണ്. രാത്രിയെ പകലാക്കാനും, കറുപ്പിനെ വെളുപ്പാക്കാനും, എന്തു മാലിന്യവും വ്യാജനിർമിതിയും കഴമ്പുള്ളതുപോലെയാക്കി അവതരിപ്പിക്കാനും സാമർത്ഥ്യമുള്ള ശക്തമായ ആശയപ്രചരണയന്ത്രമാണ് മുതലാളിത്ത സർക്കാരുകളുടേത്. ഇതിനെ ഉപയോഗപ്പെടുത്തി, ജനങ്ങളെ തങ്ങളുടെ ദുരിതവും കഷ്ടപ്പാടുകളും മറന്ന്, പകരം ഭരണവർഗത്തിന്റെ ഈ ആജ്ഞാനുവർത്തികൾ വ്യാഖ്യാനിച്ച് രൂപകൽപ്പന ചെയ്ത് വളർത്തുന്ന വികസനത്തിന്റെ ഘോഷയാത്രയിൽ അഭിമാനം കൊള്ളാൻ ഉതകുന്ന രീതിയിൽ പരിവർത്തനപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. വികസനം എന്ന അടയാളവാക്കുപയോഗിച്ചുകൊണ്ട് ജനങ്ങളെ വഞ്ചിക്കാൻ സാധിക്കുന്ന കാലത്തോളം തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതും അധികാരത്തിലേറുന്നതും എളുപ്പമാണെന്ന് ഭരണകക്ഷികൾക്കും അറിയാം. ഈ കാരണത്താൽ, പണത്തിനും അധികാരത്തിനും വ്യഗ്രതപൂണ്ട ഈ വോട്ടധിഷ്ഠിത ബൂർഷ്വാ-പെറ്റിബൂർഷ്വാ പാർട്ടികൾ, കാലം ചെല്ലുന്തോറും വികസനത്തിന്റെ കോലാഹലം സാധ്യമായ എല്ലാ രീതിയിലും ജ്വലിപ്പിച്ചു നിർത്താനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു.

ഏറെ പുകഴ്ത്തപ്പെടുന്ന  വികസനത്തിന്റെ വീരഗാഥ

എന്നാൽ വിരോധാഭാസമെന്നുപറയട്ടെ, വളർച്ചയെയും വികസനത്തെയുംകുറിച്ച് അവർ വലിയ അവകാശവാദങ്ങളുയർത്തുമ്പോൾ, മറുവശത്ത് ദാരിദ്ര്യത്തിലേക്കും ദുരിതത്തിലേക്കും കൂടുതൽ ജനങ്ങൾ തള്ളിവിടപ്പെട്ടുകൊണ്ടിരിക്കുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട വിവരമനുസരിച്ച്, 2018-19 ആദ്യ ത്രൈമാസത്തിൽ രാജ്യം 8.2% ജിഡിപി വളർച്ച നേടിയെന്ന കണക്കുപ്രകാരം, ആഗോളമാന്ദ്യത്തിനിടയിലും പുതിയ ഇന്ത്യയുടെ സാധ്യതകളാണിത് കാണിക്കുന്നതെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി വീമ്പിളക്കിയത്. എന്നാൽ ഈ അവകാശവാദത്തിന്റെ കാഹളം മുഴക്കുമ്പോഴും ഔദ്യോഗികകണക്കുകൾതന്നെ കാണിക്കുന്നത്, ഇന്ത്യയിലെ ജനങ്ങളിൽ 77 ശതമാനവും ദാരിദ്ര്യരേഖക്കുതാഴെ കഴിയുന്നവരാണെന്നാണ്. ലോകത്തെ ദരിദ്രരുടെ മൂന്നിലൊന്നും ഇന്ത്യയിലാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ കൃഷി മന്ത്രാലയം അവകാശപ്പെട്ടത്, ഇന്ത്യയിലെ ഭക്ഷ്യധാന്യോൽപ്പാദനം 0.9% വർധിച്ച് 277.49 ദശലക്ഷം ടണ്ണിലെത്തി, 2016-17 ലെ 275.11 ദശലക്ഷം ടൺ എന്ന മുൻകാല റെക്കോർഡിനെ മറികടക്കുമെന്നാണ്. പക്ഷേ ഇതിനു സമാന്തരമായി, ആഗോള വിശപ്പുസൂചികയിലെ 119 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 103 ആണ്. ഓരോ ദിവസവും 230 ദശലക്ഷം ഇന്ത്യക്കാരാണ് പട്ടിണിയിലേക്ക് പോകുന്നത്. പട്ടിണി മൂലം ഓരോ ദിവസവും മരിക്കുന്നത് 7000 പേർ. പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളുടെ എണ്ണത്തിലുള്ള വർധന ചൂണ്ടിക്കാട്ടി, തന്റെ സർക്കാർ വാഗ്ദാനം ചെയ്തതിലും അധികം തൊഴിലുകൾ ഇവിടെ സൃഷ്ടിച്ചു എന്നാണ് പ്രധാനമന്ത്രി രാജ്യത്തെ പൗരന്മാരോട് പറഞ്ഞത്. വിവിധ മേഖലകളിൽ നടന്ന മൂലധനനിക്ഷേപത്തിന്റെയും, കൂടുതൽ വമ്പൻ നിക്ഷേപങ്ങൾക്കായുള്ള ആദ്യപടിയെന്ന നിലയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള കുത്തകകളുമായി ഒപ്പിട്ട ധാരണാപത്രങ്ങളുടെ എണ്ണത്തിന്റെയും കണക്കുകൾ സർക്കാരുകൾ നിരത്തുന്നു. കൂടുതൽ നിക്ഷേപം നടക്കുന്നതനുസരിച്ച് കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്നതാണ് ഇതിൽ അന്തർലീനമായ അനുമാനം. 2018 ന്റെ ആദ്യപകുതിയിൽ 22 ശതകോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം ആകർഷിച്ചു എന്നാണ് കഴിഞ്ഞ ഒക്‌ടോബർ 16ന് കേന്ദ്രസർക്കാർ പറഞ്ഞത്. എന്നാൽ എത്ര പുതിയ തൊഴിലുകൾ സൃഷ്ടിച്ചു എന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നുമില്ല. മറിച്ച്, വർധിക്കുന്ന തൊഴിലില്ലായ്മയെ സാക്ഷ്യപ്പെടുത്തുന്ന നിരവധി വസ്തുതകളുണ്ട്. ഉത്തർപ്രദേശിൽ പ്യൂൺമാർക്കുള്ള 368 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ, ഡോക്ടറേറ്റുള്ള 255ഉം, ബിരുദാനന്തര ബിരുദമുള്ള അസംഖ്യം പേരുമടക്കം, 23 ലക്ഷം അപേക്ഷകൾ വന്നതിനെക്കുറിച്ച് 2016-ൽ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞിരുന്നു. യുപി പോലീസിലെ മെസഞ്ചർ എന്ന ക്ലാസ് ഫോർ തസ്തികയുടെ 62 ഒഴിവുകളിലേക്ക് അപേക്ഷ വിളിച്ചപ്പോഴാകട്ടെ, 3700 പിഎച്ച്ഡിക്കാർ, ബിരുദാനന്തര ബിരുദമുള്ള 28000 പേർ, 50000 ബിരുദധാരികൾ എന്നിങ്ങനെയായിരുന്നു അപേക്ഷകർ എന്നാണ് കഴിഞ്ഞ ആഗസ്തിൽ പുറത്തുവന്ന വിവരം. ഇന്ത്യൻ റെയിൽവേയിലെ 90000 ഒഴിവുകളിലേക്ക് രണ്ടരക്കോടിയിലധികം ആളുകൾ അപേക്ഷിച്ചതായാണ് മറ്റൊരു വിവരം. ഇത് ഓസ്‌ട്രേലിയയിലെ ആകെ ജനസംഖ്യയിലും കൂടുതലാണ്. 2011-15 ൽ 6.8% സാമ്പത്തികവളർച്ച ഉണ്ടായപ്പോൾ പുതിയ തൊഴിലവസരങ്ങൾ 0.6% മാത്രമായിരുന്നു എന്നാണ് ഔദ്യോഗികകണക്കുകൾ. 2013-15-ൽ 70 ലക്ഷം ജോലികളാണ് ഇല്ലാതായത്. കേന്ദ്രസർക്കാരിലെ നാലു ലക്ഷം ഒഴിവുകൾ ബിജെപി സർക്കാർ നികത്തിയിട്ടില്ല. മൂന്നര ദശലക്ഷത്തിലേറെവരുന്ന കേന്ദ്രസർക്കാർ ജോലികളിൽ പത്തു ശതമാനത്തിലേറെ, വർഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ റിപ്പോർട്ട് പ്രകാരം 2018-19 ൽ തൊഴിലില്ലായ്മ നിരക്ക് 3.6% ഉയരുമത്രെ. തൊഴിൽ സൃഷ്ടിയുടെ അവകാശവാദവും ലക്ഷക്കണക്കിന് തൊഴിലുകൾ സൃഷ്ടിക്കുമെന്ന ഇപ്പോളത്തെ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും എത്ര പൊള്ളയായിരുന്നു എന്നതാണ് ഇതെല്ലാം തെളിയിക്കുന്നത്. 121 കോടി ഇന്ത്യക്കാരിൽ 65 കോടിയും തൊഴിൽരഹിതരാണെന്ന് ഇന്ത്യയുടെ മുൻ രാഷ്ട്രപതിക്കുപോലും സമ്മതിക്കേണ്ടിവന്നു. പുതിയ വ്യവസായശാലകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് സർക്കാരുകൾ പറയുമ്പോൾ, അനൗദ്യോഗിക സ്രോതസ്സുകൾ സൂചിപ്പിക്കുന്നതോ, കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടയിൽ എഴുപതിനായിരത്തിലധികം വ്യവസായശാലകൾ അടച്ചുപൂട്ടപ്പെട്ട് ദശലക്ഷങ്ങൾക്ക് തൊഴിൽ നഷ്ടമായിരിക്കുന്നു എന്നും. തുച്ഛമായ കൂലിക്ക് കുറഞ്ഞ മനുഷ്യശേഷിയെ വിലയ്‌ക്കെടുത്ത്, കൂടുതൽ സാങ്കേതികവിദ്യാനിക്ഷേപം നടത്തി തങ്ങളുടെ ഉത്പാദനകേന്ദ്രങ്ങൾ ഇന്ത്യയിൽ ആരംഭിക്കാൻ വമ്പൻ വിദേശ കോർപ്പറേറ്റുകളെ ആകർഷിക്കുവാനാണ് ബിജെപി സർക്കാർ കൊട്ടിഘോഷിച്ച് മേക്ക് ഇൻ ഇന്ത്യ പദ്ധതി കൊണ്ടുവന്നത്. എന്നിട്ടും തൊഴിലില്ലായ്മ പ്രശ്‌നത്തെ വൻതോതിൽ ഭീഷണമാക്കിക്കൊണ്ട് ഉത്പാദന വ്യവസായങ്ങൾ ഏറെക്കുറെ നിർജ്ജീവമായിരിക്കുന്നു. ഒരു ലക്ഷത്തോളം തൊഴിലാളികൾ പണിയെടുത്തിരുന്ന ഇരുപത്തിയെട്ടോളം ചണമില്ലുകൾ 2015-16-ൽ അടച്ചുപൂട്ടിയെന്ന് രാജ്യസഭയിൽ റിപ്പോർട്ട് ചെയ്തിരുന്നു. 2017 ജൂൺ വരെ 682 തുണിമില്ലുകൾ അടച്ചുപൂട്ടിയെന്നാണ് കേന്ദ്ര ടെക്‌സ്റ്റൈൽ മന്ത്രി ലോക്‌സഭയിൽ പറഞ്ഞത്. ഓരോ ദിവസവും ഏതെങ്കിലും മില്ലോ വ്യവസായശാലയോ അടച്ചുപൂട്ടപ്പെടുന്നു. തൊഴിൽ നഷ്ടപ്പെടുന്നവർ തെരുവിൽ തെണ്ടുന്നു, അല്ലെങ്കിൽ ആത്മഹത്യ ചെയ്യുന്നു; ചിലർ നിസ്സാര തുകയ്ക്ക് കുട്ടികളെപ്പോലും വിൽക്കുന്നു. പിടിച്ചുനിൽക്കുവാനായി വീട്ടമ്മമാരും പെൺകുട്ടികളുംവരെ വേശ്യാവൃത്തിക്ക് നിർബന്ധിതരാകുന്നു എന്നുകാണുമ്പോൾ, സാമ്പത്തികദുരിതം എത്ര ഭീകരമെന്ന് നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ.

കഴിഞ്ഞ വർഷത്തെ ബജറ്റ് അവതരിപ്പിച്ചപ്പോൾ, തന്റെ മുൻഗാമികളെപ്പോലെതന്നെ കേന്ദ്ര ധനകാര്യമന്ത്രി അവകാശപ്പെട്ടത്, കൃഷിയുടെ വളർച്ചയ്ക്കും കർഷരുടെ അവസ്ഥ മെച്ചപ്പെടുത്താനുമായി അനവധി നടപടികൾ പരിഗണനയിലാണെന്നാണ്. എന്നാൽ ഗ്രാമീണ ഇന്ത്യയിലെ വസ്തുനിഷ്ഠ സാഹചര്യം പരിചയമുള്ളവർക്കറിയാം നമ്മുടെ കർഷകർ എത്രത്തോളം തളർച്ചയിലാണെന്ന്. കുറഞ്ഞ ഉത്പാദനം, ഉത്പാദനോപാധികളുടെ വർധിക്കുന്ന ചെലവ്, വിളനഷ്ടം, സംഭരണസംവിധാനങ്ങളെ നിയന്ത്രിക്കുന്നവരുടെ അവിഹിത പങ്കാളിത്തത്തിന്റെ ഫലമായി ഉത്പന്നങ്ങൾ വിറ്റൊഴിക്കാൻ നിർബന്ധിതരാക്കി മതിയായ വില നിഷേധിക്കുന്നതുമൂലം വരുമാനത്തിലുണ്ടാകുന്ന ഇടിവ്, ഉത്പന്നങ്ങൾ സംഭരിച്ചു സൂക്ഷിക്കാനുള്ള സൗകര്യങ്ങളുടെ അഭാവം, സ്വന്തം ഭൂമി പോലും നിലനിർത്താൻ കഴിയാതിരിക്കുക, കൂടുതൽ പാപ്പരാക്കപ്പെടുക, ഒപ്പം അന്താരാഷ്ട്ര കമ്പോളത്തിന്റെ മത്സരത്തോട് പിടിച്ചുനിൽക്കാൻ സാധിക്കാതെ വരിക, എന്നീ കാരണങ്ങൾകൊണ്ട് കർഷകന് എന്തെങ്കിലും കൂലിവേലക്ക് പോകേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. പലരും കുടിയേറ്റത്തൊഴിലാളികളാകുന്നു. പലരും ആക്രി പെറുക്കുന്നവരും യാചകരുമായി പട്ടിയെയും പൂച്ചയെയും പോലെ നഗരത്തിലെ തെരുവുകളിൽ ചത്തൊടുങ്ങുന്നു. വായ്പകൾ തിരിച്ചടക്കാനാകാതെ മൂന്നരലക്ഷത്തോളം കർഷകരാണ് ഇതിനോടകം ആത്മഹത്യയിൽ അഭയം പ്രാപിച്ചത്. ഓരോ മണിക്കൂറിലും ഇന്ത്യയിൽ ഏകദേശം അഞ്ച് കർഷകരും കൂലിത്തൊഴിലാളികളും ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്. അടിസ്ഥാന ആരോഗ്യപരിരക്ഷ, പ്രാഥമികവിദ്യാഭ്യാസസൗകര്യം, കുടിവെള്ളലഭ്യത എന്നിവ, നല്ലൊരു ശതമാനം ഇന്ത്യക്കാർക്കും ഇന്നും വിദൂരസ്വപ്‌നമാണ്. ഇടവിട്ടുണ്ടാകുന്ന പ്രളയവും വരൾച്ചയും മറ്റ് ദുരന്തങ്ങളും കൂടാതെ വ്യവസായവൽക്കരണത്തിന്റെയും മറ്റ് റിയൽ എസ്റ്റേറ്റ് പദ്ധതികളുടെയും പേരിലും, തങ്ങളുടെ കിടപ്പാടങ്ങളിൽനിന്നും ലക്ഷക്കണക്കിന് ജനങ്ങളെയാണ് ബലമായി കുടിയൊഴിപ്പിക്കുന്നത്. വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ അവർക്ക് സ്വന്തമാക്കാൻ സാധിക്കുന്ന എളിയ സ്ഥാവര-ജംഗമ വസ്തുക്കൾകൂടിയാണ് അവരിൽനിന്നും തട്ടിയെടുക്കുന്നത്. ഒരു വശത്ത് എങ്ങനെയെങ്കിലും ജീവിതം തള്ളിനീക്കാനുള്ള വരുമാനംപോലും നേടാനുള്ള അവസരം ചുരുങ്ങുന്നു, ചിലപ്പോൾ ഇല്ലാതാകുന്നു. മറുവശത്ത്, അവശ്യസാധനങ്ങളുടെ വിലകൾ ആകാശത്തോളമുയർന്ന് ജനങ്ങളുടെ ചോരയൂറ്റുന്നു. വൻതോതിൽ ജീവനെടുത്തുകൊണ്ട് പകർച്ചവ്യാധികൾ പടരുന്നു. സാമൂഹികസുരക്ഷ ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. ഇതാണോ ആവേശത്തോടെ ഉയർത്തിക്കാട്ടുന്ന വികസനത്തിന്റെ അടയാളം.

ഇനി അതിസമ്പന്നരുടെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയുടെയും ഐശ്വര്യത്തിന്റെയും ചിത്രവുമായി ഈ ദയനീയചിത്രമൊന്ന് താരതമ്യം ചെയ്തു നോക്കാം. 2017-ൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ സമ്പത്ത് 20.9 ലക്ഷം കോടി വർധിച്ചതായാണ് കണക്ക്. ഇത് 2017-18 ലെ കേന്ദ്രസർക്കാരിന്റെ ആകെ ബജറ്റിനു തുല്യമാണ്. മുകേഷ് അംബാനി എന്ന ഇന്ത്യയിലെ ഏറ്റവും സമ്പന്നനും കുത്തകമുതലാളിയുമായ വ്യക്തി തന്റെ സമ്പത്ത്, പ്രതിദിനം 300 കോടി രൂപവെച്ച് വർധിപ്പിച്ച്, 2018 ജൂലൈ 31 ലെ കണക്ക് പ്രകാരം 3,71,000 കോടി രൂപയുടെ ആകെ സ്വത്ത് സമാഹരിച്ചതായാണ് കണക്കുകൾ. അതിസമ്പന്നരായ 831 ഇന്ത്യക്കാരുടെ മൊത്തം സ്വത്ത് 719 ശതകോടി ഡോളർ അഥവാ ഏകദേശം 50,330 ശതകോടി രൂപ ആയിരിക്കുന്നുവെന്നും പറയപ്പെടുന്നു. ഇത് ഇന്ത്യയുടെ മൊത്തം ജിഡിപിയുടെ (2848 ശതകോടി ഡോളർ) നാലിലൊന്നു ഭാഗം വരും. ഭരണകുത്തകവർഗത്തിന്റെ സേവകരായ രാഷ്ട്രീയകക്ഷികളും നേതാക്കളും ഇതേപോലെ സമ്പത്തിന്റെ വളർച്ചയാൽ അനുഗ്രഹിക്കപ്പെടുന്നുണ്ടെന്നു കാണാം. ഉദാഹരണത്തിന്, ഭരണകക്ഷിയായ ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സമ്പത്തിൽ, തന്റെ പാർട്ടി അധികാരം കൈയാളിയ കഴിഞ്ഞ നാലു വർഷത്തിനിടക്ക് 300% വർധനവുണ്ടായി. അദ്ദേഹത്തിന്റെ മകൻ ജയ് ഷായുടെ സമ്പത്താകട്ടെ, 16,000% വർധിച്ചതായാണ് കണക്കുകൾ. ഏറ്റവും സമ്പന്നരായ ലോകനേതാക്കളെപ്പറ്റി പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് 200 കോടി ഡോളറിന്റെ സമ്പത്തുണ്ട്. മറ്റ് ബൂർഷ്വാ പാർട്ടി നേതാക്കളുടെയും മന്ത്രിമാരുടെയും ബന്ധുക്കളുടെയും സ്വകാര്യസ്വത്തുവിവരം നോക്കിയാലും ചിത്രം സമാനമായിരിക്കും. കേവലം ഒരു തവണ പഞ്ചായത്തംഗം ആയാൽപോലും അഞ്ച് തലമുറയ്ക്ക് കഴിയാനുള്ളത് സമ്പാദിക്കാനാവുമെന്നാണ് പറയപ്പെടുന്നത്. ലോകത്തെതന്നെ അതിസമ്പന്നരുടെ പട്ടികയിലേക്ക് കൂടുതൽ ഇന്ത്യക്കാരുടെ പേരുകൾ കയറിപ്പോകുന്നതും അടുത്തിടെ കൂടുതലായി ആഘോഷിക്കപ്പെടുന്നു. അപ്പോൾ ആരുടെ വികസനവും ഐശ്വര്യവുമാണ് മുതലാളിത്ത സർക്കാരുകളും അവരുടെ കുഴലൂത്തുകാരും ആഘോഷിക്കുന്നത്? കേവലം ഒരു പിടി വമ്പൻ കുത്തകമുതലാളിമാരുടെയും അവരുടെ ചെരുപ്പുനക്കികളുടേതുമോ, അതോ, അവരുടെ ഉച്ഛിഷ്ടം മാത്രം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട അധ്വാനിക്കുന്ന ജനകോടികളുടേതോ?
ഫ്രാൻസിനെ മറികടന്ന് ലോകത്തെ ആറാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയായി ഇന്ത്യ മാറിയിരിക്കുന്നു എന്ന,് ലോകബാങ്ക് റിപ്പോർട്ടിനെ അധികരിച്ച് അടുത്തിടെയായി കുത്തക നിയന്ത്രിത മാധ്യമങ്ങളും ഔദ്യോഗികവൃത്തങ്ങളും വലിയ കോലാഹലമുണ്ടാക്കിയിരുന്നു. അടുത്തുതന്നെ ബ്രിട്ടനെയും മറികടന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയുമാകുമത്രെ. ജിഡിപിയിലെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയുടെയും പ്രതിശീർഷ ജിഡിപി ഉയർച്ചയുടെയും പേരിലാണ് ഈ സാമ്പത്തിക വളർച്ച, പട്ടികയിൽ ഇടം പിടിക്കുന്നത്. ഓഹരിക്കമ്പോളത്തിലെ കുതിച്ചുകയറ്റവും വർധിക്കുന്ന കോർപ്പറേറ്റ് ലാഭക്കണക്കുകളും ഇന്ത്യയുടെ സാമ്പത്തികവളർച്ചയുടെ മുന്നോട്ടുള്ള കുതിപ്പിന്റെ മാനകങ്ങളായി ഉയർത്തിക്കാട്ടുന്നു.

കപട അവകാശവാദങ്ങളും  അടിസ്ഥാനരഹിത  വിവരങ്ങളും

എന്നാൽ ഈ അവകാശവാദങ്ങൾ സത്യസന്ധവും, അത് സാധൂകരിക്കാൻ നൽകുന്ന വിവരങ്ങൾ വിശ്വാസയോഗ്യവുമാണോ? ജിഡിപി വളർച്ച, സാമാന്യജനങ്ങളുടെ വികസനത്തെ ഉറപ്പാക്കുന്നുണ്ടോ? ഒരു സാമ്പത്തികവ്യവസ്ഥയിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം സമ്പത്തിന്റെ അളവിനെയാണ് ജിഡിപി സൂചിപ്പിക്കുന്നത്. എന്നാൽ ജിഡിപി വളർച്ചയുടെ പ്രസ്താവം, മനുഷ്യാധ്വാനം ഉത്പാദിപ്പിച്ച സമ്പത്തിന്റെ, പൗരന്മാർക്കിടയിലെ വിതരണത്തിന്റെയോ കുന്നുകൂട്ടലിന്റെയോ ക്രമത്തെക്കുറിച്ച് എന്തെങ്കിലും ധാരണ നൽകുന്നുണ്ടോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. മരണാസന്നമായ മുതലാളിത്തത്തിൽ ഉത്പാദനകരമായ സാമ്പത്തിക പ്രവൃത്തികൾക്കുണ്ടായിട്ടുള്ള ഇടിവുമൂലം ജിഡിപി വളർച്ചാനിരക്കും താഴേക്കു തന്നെയാണ് പോകുന്നത്. അതുകൊണ്ട് ഭരണമുതലാളിത്തത്തിനും അതിന്റെ സേവകവൃന്ദങ്ങൾക്കും ഈ വസ്തുതയെ മറയ്ക്കാൻ ചില തിരിമറികൾ നടത്തേണ്ടത് ആവശ്യമായി വരുന്നു. അതിൻപ്രകാരം, ബിജെപി സർക്കാർ തങ്ങളുടെ യജമാനന്മാരുടെ വർഗപരമായ ആവശ്യത്തിൻപ്രതി, ജിഡിപി കണക്കാക്കുവാനുള്ള അടിസ്ഥാനവർഷം 2004-05 ൽ നിന്നും 2011-12 എന്നതാക്കി മാറ്റി. കണക്കുകൂട്ടലിന്റെ പ്രക്രിയ തന്നെ, വളർച്ചാനിരക്കിന് കൃത്രിമമായ പെരുപ്പം ഉറപ്പാക്കുന്ന തരത്തിൽ പരിഷ്‌കരിച്ചിരിക്കുന്നു. ഇതിന്റെ ഫലമായി 4.7% എന്ന വളർച്ചാനിരക്ക് 6.95% ആയി പെരുപ്പിക്കപ്പെടും. കള്ളത്തരത്തിന്റെയും വഞ്ചനയുടെയും എത്രയോ കൊടിയ അവസ്ഥയാണിത്. അതുപോലെ തന്നെ, പ്രതിശീർഷ ജിഡിപി ഏകദേശം 350 രൂപയായി ഉയർന്നിരിക്കുന്നു എന്നാണ് അവകാശവാദം. ഇന്ത്യയിലെ ദാരിദ്ര്യം താഴേക്കുവന്നുവെന്നും പൊതുവായ വികസനത്തെ ശരിവെക്കുന്ന തരത്തിൽ വരുമാനപരിധി ഉയരുന്നുവെന്നുമാണ് അത് സൂചിപ്പിക്കുന്നതത്രെ. കണക്കുകളുടെ കളി കൊണ്ടുള്ള മറ്റൊരു തട്ടിപ്പാണിവിടെയും. എന്താണ് പ്രതിശീർഷ ജിഡിപി? അത് സ്ഥിതിവിവരക്കണക്കുകൾവെച്ചുള്ള ഒരു ശരാശരിയാണ്. ജിഡിപി 100 കോടി രൂപയും 10 ലക്ഷം ജനങ്ങളുമുണ്ടെങ്കിൽ പ്രതിശീർഷം ഇത് 1000 രൂപയായിരിക്കും (100 കോടിയെ 10 ലക്ഷം കൊണ്ട് ഹരിച്ച തുക) അതിനർത്ഥം ഈ 10 ലക്ഷം പേരിൽ ഓരോരുത്തർക്കും 1000 രൂപ വീതം കൈവശം ലഭിച്ചു എന്നാണോ? അല്ല. പതിനായിരം പേർ അഥവാ, പത്തു ലക്ഷത്തിന്റെ 1% ജനങ്ങൾ 95 കോടി കൈവശം വെക്കുകയും ബാക്കി 5 കോടി രൂപ ശേഷിക്കുന്ന 99 ശതമാനത്തിന്റെയിടയിൽ വിതരണം ചെയ്യപ്പെടുകയുമാണെങ്കിലും പ്രതിശീർഷം 1000 രൂപ തന്നെയായിരിക്കും. 80 ശതമാനം ഇന്ത്യക്കാർ 350 രൂപയിൽ താഴെ മാത്രം പ്രതിദിനം വരുമാനം ഉള്ളവരാണെന്ന് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളും സ്ഥാപിക്കുന്നു. അതായത്, ഇന്ത്യയുടെ ജനസംഖ്യയുടെ വലിയൊരു വിഭാഗവും ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾപോലും നിറവേറ്റി മുന്നോട്ടു പോകാനുള്ള കുറഞ്ഞ വരുമാനംപോലും ലഭിക്കാത്തവരാണ്. അതുപോലെതന്നെ, ഓഹരിക്കമ്പോളത്തിലെ സൂചികയുടെ കുതിച്ചുകയറ്റം സാമ്പത്തികവികാസത്തിന്റെ മാനകമേയല്ല. എന്നുമാത്രമല്ല, ഇത് സാമ്പത്തിക സംവിധാനത്തിന്റെ രോഗാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഉത്പാദനപരമായ മുതൽമുടക്കിന് മൂലധനം ഉപയോഗിക്കുന്നതിനുപകരം, ഓഹരിക്കമ്പോളത്തിന്റെ ഊഹക്കച്ചവടത്തിനാണ് കൂടുതലായി അധികമൂലധനം ഉപയോഗപ്പെടുത്തുന്നത്. മൂലധനത്തിന്റെ ഈ വർധിച്ച ഒഴുക്ക്, തെരഞ്ഞെടുത്ത ഓഹരികളിലും ഓഹരി സൂചികയെ നിർണയിക്കുന്ന ഓഹരികളിലും നിക്ഷേപിക്കാനുള്ള മൽസരമായി മാറുന്നു. സ്വാഭാവികമായും ഊഹക്കച്ചവടത്തിനായി പണം കുത്തിയൊഴുക്കുമ്പോൾ സൂചികകൾ ഉയരുന്നു, പണം പിൻവലിക്കുമ്പോൾ അത് ഇടിയുന്നു. ഇതിന് സമ്പദ്‌വ്യവസ്ഥയുമായി നേരിട്ടൊരു ബന്ധവുമില്ല. അപ്പോൾ, സാമ്പത്തികവളർച്ച അളക്കുന്നതിനുള്ള തെറ്റായ അളവുകോൽ ഉയർത്തിക്കാണിച്ചും തോന്നുംപടി വിവരങ്ങൾ വളച്ചൊടിച്ചും, ദുരിതമനുഭവിക്കന്ന ജനങ്ങളെ കബളിപ്പിക്കാൻ മാത്രമാണ് മുതലാളിത്തകേന്ദ്രങ്ങൾ വികസനത്തിന്റെ പട്ടിക തയ്യാറാക്കുന്നത്.

എന്തായിരിക്കണം  യഥാർത്ഥവികസനത്തിന്റെ അളവുകോൽ

രാജ്യം എന്നതുകൊണ്ട്, ഒരുപിടി വരുന്ന വ്യവസായ-കോർപ്പറേറ്റ് ഭീമന്മാരെയും ഗ്രാമീണ ജന്മിമാരെയും ബഹുരാഷ്ട്രകുത്തകകളെയും അവരുടെ സേവകരെയുമല്ല, അധ്വാനിക്കുന്ന ബഹുജനസഞ്ചയത്തെയാണ് നാം ഉദ്ദേശിക്കുന്നതെങ്കിൽ, ഈ വസ്തുനിഷ്ഠ സാഹചര്യത്തെ രാജ്യത്തിന്റെ വികസനം എന്നുവിളിക്കാൻ സാധിക്കുമോ എന്ന ചോദ്യമാണ് തീർച്ചയായും അടുത്തതായി വരിക. അങ്ങനെയെങ്കിൽ എന്താകണം വികസനം അളക്കുവാനുള്ള അളവുകോൽ? ലളിതവും കൃത്യവുമായി പറഞ്ഞാൽ, സാധാരണജനങ്ങളുടെ സർവതോമുഖമായ – സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ജീവിതനിലവാരത്തിലുള്ള നിരന്തരമായ ഉയർച്ച, യോജിച്ച മനുഷ്യാധ്വാനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന സമ്പത്തിന്റെയും ആനുകൂല്യങ്ങളുടെയും കൂടുതൽ തുല്യമായ വിതരണം ഉറപ്പാക്കുന്നതിലൂടെ, ദരിദ്രനും സമ്പന്നർക്കുമിടയിലെ വിടവ് പുരോഗമനപരമായി കുറയ്ക്കുക, എന്നിവയെല്ലാമാണ് രാജ്യത്തെ യഥാർത്ഥ വളർച്ചയുടെയും വികസനത്തിന്റെയും അടയാളം. ഇത് അളവുകോലായി സ്വീകരിച്ചാൽ, ഇന്നത്തെ വ്യവസ്ഥിതിയുടെ കാവലാളുകൾ ഉച്ചത്തിൽ ഘോഷിക്കുന്ന ഈ വികസനം, കഷ്ടപ്പെടുന്ന ജനലക്ഷങ്ങളിൽ 90 ശതമാനത്തിന്റെയും ജീവിതത്തിൽ ഒരംശമെങ്കിലും ഉന്നതി ഉണ്ടാക്കിയുണ്ടോ? അതോ, കുന്നുകൂട്ടിയ സമ്പത്തിന്റെമേൽ അടയിരിക്കുന്ന ഒരുപിടി അതിസമ്പന്നരുടെയും, ഉള്ള ജീവിതവൃത്തി കൂടി നഷ്ടപ്പെടുമോ എന്ന ഭീതിയിൽ ദുരിതജീവിതം തള്ളിനീക്കുന്ന അസംഖ്യം സാധാരണജനങ്ങളുടെയും ഇടയിലെ വർധിക്കുന്ന വിടവിന്റെ വീരഗാഥയാണോ അത്? തൊഴിലില്ലാത്തവരുടെ വൻപടയെക്കുറിച്ച് എടുത്തുപറയേണ്ട കാര്യമില്ല. ആഗോളതലത്തിൽ, കഴിഞ്ഞ വർഷം ഉത്പാദിപ്പിച്ച സമ്പത്തിന്റെ 82 ശതമാനവും ആഗോള ജനസംഖ്യയിൽ ഏറ്റവും ധനികരായ ഒരു ശതമാനത്തിന്റെ കൈവശമായിരുന്നു. ലോകത്തെ ഏറ്റവും ദരിദ്രരുടെ പകുതിയിൽപ്പെടുന്ന 370 കോടി ജനങ്ങളുടെ സമ്പത്തിൽ യാതൊരു ഉയർച്ചയും ദൃശ്യമായില്ല. നമ്മുടെ രാജ്യത്തെയും സമാനമായ സമ്പത്ത് ധ്രുവീകരണത്തിന്റെ വസ്തുതകളും കണക്കുകളും നമ്മൾ കണ്ടുകഴിഞ്ഞു. രബീന്ദ്രനാഥ ടാഗോർ ഒരിക്കൽ നിരീക്ഷിച്ചതുപോലെ, ശരീരത്തിലെ മുഴുവൻ രക്തവും വായിൽ ശേഖരിക്കപ്പെടുന്നത് ആരോഗ്യത്തിന്റെ ലക്ഷണമെന്ന് വിളിക്കാൻ സാധിക്കില്ല.

പക്ഷേ ആഗോള സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ വക്താക്കൾ വളരെ ശ്രദ്ധയോടെ അത്തരം പ്രധാന വസ്തുതകളെ തമസ്‌കരിച്ചു കൊണ്ട്, ഉൾച്ചേർന്ന വളർച്ച (കിരഹൗശെ്‌ല ഏൃീംവേ), അരിച്ചരിച്ച് ഇറങ്ങൽ സാമ്പത്തികശാസ്ത്രം (ഠൃശരസഹലറീംി ഋരീിീാശര)െ തുടങ്ങിയ മുദ്രാവാക്യങ്ങളുപയോഗിച്ചു കൊണ്ട,് ജനങ്ങളെ കബളിപ്പിക്കുന്നു. കോർപ്പറേറ്റ് ഭീമന്മാർക്കും വമ്പൻ കച്ചവടക്കാർക്കും അതിസമ്പന്നർക്കും നികുതിയിളവുകളും മറ്റ് സാമ്പത്തികാനുകൂല്യങ്ങളും നൽകുന്നത് പരോക്ഷമായി വിശാലമായ ദരിദ്രജനസഞ്ചയത്തിനു തന്നെയാകും ഉപകാരപ്പെടുക, കാരണം മേലേ നിന്നും താഴേക്കാണ് സാമ്പത്തിക വളർച്ച ഒഴുകുക – ഇതാണ് ഈ അരിച്ചരിച്ച് ഇറങ്ങൽ സാമ്പത്തികശാസ്ത്രം മുന്നോട്ടു വെക്കുന്ന ആശയം. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അവരുടെ വികസനമാതൃക സ്ഥാപിക്കുന്നത്, സമ്പന്നർ കൂടുതൽ സമ്പന്നരായിക്കൊണ്ടിരിക്കും, പാപ്പരാക്കപ്പെട്ട ജനലക്ഷങ്ങൾ അവർക്ക് എറിഞ്ഞുകിട്ടുന്ന അപ്പക്കഷണങ്ങൾ കൊണ്ടോ, ഔദാര്യങ്ങൾ കൊണ്ടോ സംതൃപ്തരായി കഴിഞ്ഞുകൊള്ളണം.

ദാനത്തിന്റെയും സൗജന്യങ്ങളുടെയും  രാഷ്ട്രീയം

സാമ്പത്തികഘടകങ്ങളുടെയും വിവരങ്ങളുടെ വൻതോതിലുള്ള കൃത്രിമവൽക്കരണത്തിന്റെയും പുറമേ, വ്യാജവികസനത്തിന്റെ പട്ടികയിൽ മറ്റുചില കൂട്ടിച്ചേർക്കലുകളുമുണ്ട്. സാമ്പ്രദായികമല്ലാത്ത ചില കാര്യങ്ങൾ, ഉദാഹരണത്തിന് ബുള്ളറ്റ് ട്രെയിനിന്റെ അവതരണം, ആധുനിക മിസൈലുകളുടെ പരീക്ഷണം, പുതിയ ബഹിരാകാശ യാനങ്ങളുടെ വിജയകരമായ വിക്ഷേപണം, 2022 ഓടെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുക, എന്നിവയെല്ലാം പുരോഗതിയുടെയും വികസനത്തിന്റെയും അടയാളങ്ങളായി പ്രദർശിപ്പിക്കപ്പെടുന്നു. ചില പാതകളുടെയും പാലങ്ങളുടെയും മേൽപ്പാതകളുടെയും കമ്മ്യൂണിറ്റി ഹാളുകളുടെയും നിർമാണം, മൺപാതകളെ കോൺക്രീറ്റ് പാതകളാക്കി മാറ്റുന്നത്, പാതകൾക്ക് വീതി കൂട്ടുന്നത്, ആഴമേറിയ കുഴൽക്കിണറുകൾ സ്ഥാപിക്കുന്നത്, എന്തിന,് പൊതുഖജനാവിൽനിന്ന് പണം മുടക്കി നടത്തുന്ന കാർണിവലുകൾ സംഘടിപ്പിക്കുന്നതുപോലും വികസനമായി ഉച്ചത്തിൽ കൊട്ടിഘോഷിക്കപ്പെടുന്നു. ജനങ്ങളുടെ സമ്മർദങ്ങൾക്ക് വിധേയമായി സർക്കാരുകൾക്ക് പലപ്പോഴും ഇതൊക്കെ ചെയ്യേണ്ടിവരാറുണ്ട്. ആ സാഹചര്യത്തിൽ അവയൊക്കെ സംശയരഹിതമായും പുതിയ സൗകര്യങ്ങളായി കണക്കാക്കാവുന്നതാണ്. പക്ഷേ പൂർണമായ അർത്ഥത്തിൽ ഇതൊക്കെ വികസനത്തെ കുറിയ്ക്കുന്നതാണോ? വന്നുവന്ന്, സംസ്ഥാനങ്ങളെയും ജില്ലകളെയും വിഭജിക്കുന്നതും, കൂടുതൽ സർക്കാർ ബോർഡുകളും കമ്മിറ്റികളും രൂപീകരിക്കുന്നതും, ഇതൊക്കെ ചെയ്യുമെന്നുള്ള വെറും പ്രഖ്യാപനം പോലും വികസനത്തെ പ്രോൽസാഹിപ്പിക്കുന്ന നേട്ടങ്ങളായി അവതരിപ്പിക്കപ്പെടുന്നു. അധികാരത്തിലിരിക്കുന്ന പല പ്രാദേശിക ബൂർഷ്വാ കക്ഷികളും, സൗജന്യങ്ങളും ദാനങ്ങളും വിതരണം ചെയ്യുന്നതിനെ വികസനപരിപാടികളായാണ് അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ചതി നമ്മൾ കാണാതെ പോകരുത്. പരോക്ഷനികുതികളുടെ വർധനയിലൂടെയും വർധിച്ച ഇന്ധനവിലയിലൂടെയുമൊക്കെ ജനങ്ങളുടെ അവസാനതുള്ളി ചോരയുമൂറ്റി ഞെക്കിപ്പിഴിഞ്ഞ് കോടിക്കണക്കിന് രൂപയാണ് സർക്കാർ വരുമാനം നേടുന്നത്. കൂടാതെ, സാധാരണജനങ്ങൾക്ക് നിയമപരമായി ലഭിക്കേണ്ടതോ, അനുവദിക്കപ്പെട്ടതോ ആയതിൽ നിന്നും, സർക്കാർഖജനാവിൽ നിന്നും വൻതുകകളാണ് ഇടനിലക്കാരും കോൺട്രാക്ടർമാരും, അഴിമതിക്കാരായ ഉദ്യോഗസ്ഥരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളുടെയും ഭാരവാഹികളും ചോർത്തിക്കൊണ്ടുപോകുന്നത്. 100-ദിന ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ജോലി ലഭിക്കാൻ പോലും തൊഴിൽ കോൺട്രാക്ടർമാർക്ക് കൂലിയുടെ ഓഹരി കൊടുക്കാൻ പാവപ്പെട്ടവർ നിർബന്ധിതരാകുന്നു എന്ന് ആർക്കാണറിയാത്തത്. റേഷൻ കാർഡ് നേടിയെടുക്കാൻ, തൊഴിലുറപ്പ് കാർഡ് നേടാൻ, വീട് പണിയാനുള്ള സർക്കാർ സഹായം നേടാൻ, കൊട്ടിഘോഷിക്കപ്പെടുന്ന ജൻധൻ പദ്ധതിയിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ പോലും ദരിദ്രജനങ്ങൾക്ക് ഇടനിലക്കാരന് പണം നൽകേണ്ടി വരുന്നു. ഔദാര്യങ്ങളുടെ രാഷ്ട്രീയമാണ് ഇന്ന് രാജ്യത്തെ ഗ്രാമീണമേഖലയിൽ സാധാരണയായിക്കൊണ്ടിരിക്കുന്നത്. തങ്ങളെ അധികാരത്തിലേറ്റിയാലോ, എന്തും ആവശ്യപ്പെടാനുള്ള അവകാശം നൽകിയാലോ, പകരം പണമായോ വസ്തുവായോ എന്തെങ്കിലും ആനുകൂല്യം തരപ്പെടുത്തിക്കൊടുക്കുക എന്നത് ഭരണകക്ഷി നേതാക്കൾ ഒരു ആചാരം തന്നെയാക്കി മാറ്റിയിരിക്കുന്നു. ദാരിദ്ര്യത്തിൽ മുങ്ങി നിസ്സഹായരായ ജനങ്ങൾക്ക് അവരുടെ ഈ കെണിയിൽവീണ്, കിട്ടുന്ന സൗജന്യങ്ങൾക്കും ഔദാര്യങ്ങൾക്കും പകരം അവരുടെ അടിയാളരായി മാറുകയല്ലാതെ മറ്റ് വഴികളൊന്നുമുണ്ടാവില്ല. ഒരു വശത്ത് ജനങ്ങളെ പരമാവധി ചൂഷണം ചെയ്തുകൊണ്ട് സർക്കാർ തങ്ങളുടെ ഖജനാവ് നിറയ്ക്കുന്നു.

മറുവശത്ത്, അതിൽനിന്നും തുച്ഛമായൊരു തുകയെടുത്ത് ഔദാര്യം പോലെയീ ചൂഷിതരായ ജനങ്ങൾക്കു തന്നെ എറിഞ്ഞുകൊടുത്തുകൊണ്ട്,’വികസന നായകർ എന്നും,’പാവങ്ങളുടെ സംരക്ഷകർ എന്നുമൊക്കെയുള്ള മേലങ്കി ഭരണകക്ഷികൾ സ്വയം എടുത്തങ്ങ് ചാർത്തുന്നു. ഇങ്ങനെയാണ് മുതലാളിത്ത സർക്കാരുകളും ഭരണകക്ഷികളും അവരുടെ ആശ്രിതരും വികസനത്തിന്റെ കാര്യത്തിൽ ജനങ്ങളെ വഞ്ചിക്കുന്നത്. ഈ വഞ്ചന സ്വാതന്ത്ര്യം ലഭിച്ചപ്പോൾമുതൽതന്നെ തുടങ്ങിയിരുന്നു. അന്ന് രാജ്യത്തിന്റെ അധികാരം ഇന്ത്യൻ കുത്തകകൾ പിടിച്ചെടുക്കുകയും അവരുടെ സേവകരായ രാഷ്ട്രീയകക്ഷികൾ സർക്കാരുകൾ രൂപീകരിക്കുകയും ചെയ്തു. ഈ വഞ്ചനയുടെ വീരകഥയിലേക്ക് ഓരോ ദിനം പിന്നിടുന്തോറും കൂടുതൽ മാനങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടിരുന്നു. ജനങ്ങൾ എപ്പോഴും ദുരിതത്തിന്റെ വശത്തുതന്നെ ഒതുങ്ങി.

ജനങ്ങളുടെ വികസനത്തെ തടയുകയെന്നത്  മുതലാളിത്തത്തിന്റെ  അടിസ്ഥാന നിയമമാണ്

എന്തുകൊണ്ടാണ് വികസനത്തിന്റെ കാര്യത്തിൽ ജനങ്ങൾ തുടർച്ചയായി കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്? എന്തുകൊണ്ടാണ് വികസനം അവരിൽനിന്നും അകന്നു പോകുന്നത്? എന്തുകൊണ്ടാണ് വോട്ട് അധിഷ്ഠിത രാഷ്ട്രീയകക്ഷികൾക്ക് അവരെ വഞ്ചിക്കുവാൻ പറ്റുന്നത്, എന്താണതിന് പരിഹാരം? ഈ പ്രധാനചോദ്യങ്ങൾക്ക് ഉത്തരം തേടുവാൻ, അടിച്ചമർത്തപ്പെടുന്ന ജനങ്ങൾ ഒരു അടിസ്ഥാന സത്യം ഉൾക്കൊള്ളേണ്ടതുണ്ട്. നമ്മൾ ജീവിക്കുന്ന മുതലാളിത്ത സംവിധാനം, ചൂഷണത്തിലും അടിച്ചമർത്തലിലും അസമത്വത്തിലും ദാരിദ്ര്യത്തിലും അടിസ്ഥാനമായതാണ്. ശാസ്ത്രീയവിശകലന രീതികളുപയോഗിച്ച് എത്തിച്ചേർന്ന, മുതലാളിത്തത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചുള്ള തന്റെ നിഗമനത്തിൽ മാർക്‌സ് വ്യക്തമായും തെളിയിച്ചുതന്നത്, ഉത്പാദനത്തിന്റെ സ്വഭാവം സാമൂഹികമാണെങ്കിലും ഉത്പാദനോപാധികൾ (ഉപകരണങ്ങൾ, യന്ത്രങ്ങൾ, ഭൂമി എന്നിവ) സ്വകാര്യ ഉടമസ്ഥതയിലാണ് എന്നതാണ്. ഉത്പാദനത്തിന്റെ പ്രചോദനശക്തി, സാമൂഹിക ആവശ്യകതകളെ നിറവേറ്റുകയെന്നതല്ല. മുതലാളിത്ത ഉടമസ്ഥർക്ക് ലാഭം നേടുകയെന്നതാണ്. മുതലാളി-തൊഴിലാളി ഉത്പാദനബന്ധത്തിൽ അടിസ്ഥാനമായതാണ് മുതലാളിത്തത്തിന്റെ സാമ്പത്തികനിയമം. ഭൂമിയോ വ്യവസായമോ ആയ ഉത്പാദനോപാധികളുടെ ഉടമസ്ഥരായ മുതലാളിവർഗം, വ്യവസായ-കാർഷിക ഉത്പാദനത്തിൽ, ലാഭമുണ്ടാക്കി മൂലധനം വർധിപ്പിക്കുകയെന്ന ഒറ്റലക്ഷ്യത്തോടെ മുതൽമുടക്കുന്നു. എങ്ങനെയാണ് അവർ അത് ചെയ്യുന്നത്? നിക്ഷേപിച്ചിട്ടുള്ള മൂലധനത്തേക്കാൾ കൂടിയ വിലയ്ക്ക് അവർ ഉത്പന്നങ്ങൾ കമ്പോളത്തിൽ വിൽക്കുന്നു. ഈ അധികമൂല്യം ലാഭമായി അവരുടെ പണസഞ്ചിയിൽ നിറയുന്നു. ഇവിടെ തൊഴിലാളിക്ക് അർഹതപ്പെട്ട കൂലി നിഷേധിക്കപ്പെട്ട് അവന്റെ അധ്വാനശക്തിയെ ചൂഷണം ചെയ്യുകയാണ്. അഥവാ മാർക്‌സ് കാണിച്ചുതന്നതുപോലെ, തൊഴിലാളികളുടെ മിച്ച അധ്വാനം തട്ടിയെടുക്കപ്പെടുന്നു. സാമ്പത്തികവ്യവസ്ഥയിൽ ഉൾച്ചേർന്നിരിക്കുന്ന തൊഴിലും മൂലധനവും തമ്മിലുള്ള വൈരുദ്ധ്യം കാരണം മുതലാളിത്തത്തിന്റെയും തൊഴിലാളികളുടേയയും വർഗതാത്പര്യങ്ങൾ ഒരിക്കലും യോജിച്ചു പോകില്ല. മുതലാളിമാരും തൊഴിലാളികളും തമ്മിലും, അല്ലെങ്കിൽ തൊഴിലും മൂലധനവും തമ്മിലും ഉള്ള വൈരുദ്ധ്യമാണ് മുതലാളിത്ത സമൂഹത്തിലെ പ്രധാന വർഗവൈരുദ്ധ്യം. മാർക്‌സിസത്തിന്റെ ഉത്സാഹിയായ വിദ്യാർത്ഥിയും അർഹനായ പിന്തുടർച്ചക്കാരനുമായ ലെനിൻ തുടർന്ന് വിശദീകരിക്കുന്നതുപോലെ, മുതലാളിത്തം മരണാസന്നമായ ദുഷിച്ച അവസ്ഥയിൽ എത്തിയാൽ, അഥവാ സാമ്രാജ്യത്വ ദശയിലെത്തിയാൽ, ഉത്പാദനത്തിന്റെ പ്രചോദനശക്തി കേവലം ലാഭമുണ്ടാക്കുകയെന്നതു മാത്രമാകില്ല, പരമാവധി ലാഭമുണ്ടാക്കുകയെന്നതാകും. പരമാവധി ലാഭമെന്നാൽ പരമാവധി ചൂഷണവും ദാരിദ്ര്യവുമെന്നാണ് അർത്ഥം. ഉത്പാദന-അധ്വാനശക്തികൾ സാമൂഹികമായപ്പോഴും ഉടമസ്ഥത സ്വകാര്യമായിരിക്കുന്നു എന്ന ഈ പ്രത്യേകതയാണ്, അടിസ്ഥാനമായും അസ്ഥിരത, അസമത്വം, ദാരിദ്ര്യം, വേർതിരിവ്, അടിച്ചമർത്തൽ, വഞ്ചന എന്നിങ്ങനെ എല്ലാ അന്യായങ്ങളുടെയും മൂലകാരണം. ഈ വർഗവിഭജിത സമൂഹത്തിൽ ചൂഷകമുതലാളിത്തത്തിന്റെ താത്പര്യങ്ങൾ തൊഴിലാളികളടക്കമുള്ള അടിച്ചമർത്തപ്പെടുന്ന ദശലക്ഷങ്ങളുടെ താത്പര്യങ്ങളോട് ഒത്തുപോകാൻ പറ്റാത്തവിധം എതിരാണ്. അപ്പോൾ, ഈ തകരുന്ന, മനുഷ്യത്വരഹിതമായ, ചൂഷകമുതലാളിത്തം സാധാരണക്കാരന്റെ ജീവിതത്തിൽ വികസനം കൊണ്ടുവരുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചാൽ. അതൊരു മരീചികയ്ക്ക് പിന്നാലെ ഓടുന്നതിന് തുല്യമായിരിക്കും.

എങ്ങനെയാണ് മുതലാളിത്തം ജനങ്ങളുടെ വികസനത്തെ  തടസ്സപ്പെടുത്തുന്നത്

മരണാസന്നമായ മുതലാളിത്തത്തിൽ നിന്നും വികസനം പ്രതീക്ഷിക്കുന്നത് എങ്ങനെയാണ് പ്രയോജനരഹിതമാകുന്നതെന്ന് കുറച്ചുകൂടി വിശദീകരിക്കാം. തൊഴിലെടുക്കുന്ന ജനങ്ങളുടെ അവസാനതുള്ളി രക്തംവരെ പിഴിഞ്ഞെടുത്ത് ഭീമലാഭം കൊയ്യുകയാണ് ഭരണമുതലാളിവർഗം. മുതലാളിത്ത സർക്കാരുകളാകട്ടെ, ജനങ്ങളുടെ നടുവൊടിച്ചുകൊണ്ട് വർധിച്ച പരോക്ഷനികുതികളും അധികചുങ്കങ്ങളും സെസ്സുകളും ഏർപ്പെടുത്തി തങ്ങളുടെ ഖജനാവുകൾ നിറയ്ക്കുകയാണ്. (ഉദാഹരണത്തിന്, ഇന്ധനത്തിനുമേൽ അടിക്കടി അടിച്ചേൽപ്പിക്കുന്ന നികുതി-സെസ്സ് വർധനവുകൾ പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പനവിലകൾ മാനംമുട്ടെ ഉയർത്തുന്നതും അത് പൊതുവെ വിലക്കയറ്റത്തിനു കാരണമാകുന്നതും.) ഈ തീക്ഷ്ണമായ മുതലാളിത്തചൂഷണത്തിന്റെയും അടിച്ചമർച്ചലിന്റെയും സാമ്പത്തികക്രൂരതകളുടെയും ഫലമായി ആളുകളുടെ വാങ്ങൽശേഷി താഴേക്ക് പോകുന്നു. കമ്പോളത്തിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങാൻ അവർക്ക് സാധിക്കാതെ വരുന്നു. ഇത് മുതലാളിത്തകമ്പോളത്തെ ചുരുക്കി, മുതലാളിവർഗത്തിന്റെ കമ്പോളപ്രതിസന്ധിക്ക് ജന്മം നൽകുന്നു. കമ്പോളം ചുരുങ്ങുമ്പോൾ ലാഭസാധ്യതകൾ കുറയുന്ന മുതലാളിമാർ തങ്ങളുടെ വ്യവസായശാലകൾ അടച്ചുപൂട്ടുന്നു, ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുന്നു. ഇതേ ആളുകൾ ഉപഭോക്താക്കൾ കൂടിയായിരുന്നു എന്നതു കൊണ്ട്, ഇതവരുടെ കമ്പോളത്തെ കൂടുതൽ ചുരുക്കുന്നു. ഇതാണ് മുതലാളിത്തത്തിന്റെ ആന്തരികപ്രതിസന്ധിയും ധർമസങ്കടവും. മുതലാളിത്തം ജന്മം നൽകുകയും സ്വയം പെട്ടുകിടക്കുകയും ചെയ്യുന്ന ഈ പ്രതിസന്ധി കാരണം തന്നെയാണ് തൊഴിലില്ലായ്മയുടെ പ്രശ്‌നവും വർധിക്കുന്നത്. മുതലാളിത്തം സ്വന്തം പ്രതിസന്ധിയിൽപ്പെട്ട് കിടക്കുമ്പോൾ വർധിക്കുന്ന ദാരിദ്ര്യത്തിന്റെ രൂപത്തിൽ അതിന്റെ ദുരിതം പേറേണ്ടിവരുന്നത് സാധാരണജനങ്ങളാണ്. അപ്പോൾ, കൂടുതൽ ഉത്പാദനപരമായ വ്യവസായങ്ങൾ സ്ഥാപിച്ച്, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച്, വ്യവസായ-കാർഷിക ഉത്പന്നങ്ങൾ മതിയായ അളവിൽ വാങ്ങാനും അതിലൂടെ ജീവിതനിലവാരം വർധിപ്പിക്കാനും ജനങ്ങളെ സഹായിക്കുന്ന തരത്തിൽ വ്യവസായവൽക്കരണം ഇന്നത്തെ മുതലാളിത്തത്തിൽ സാധ്യമാണെന്ന് ആരെങ്കിലും പറഞ്ഞാൽ, അത് സത്യമായാണോ വ്യാജമായാണോ കാണാനാവുക? അതേപോലെതന്നെ, അങ്ങേയറ്റം അഴിമതിയിൽ മുങ്ങിയ, പ്രതിസന്ധിഗ്രസ്തമായ മുതലാളിത്തത്തിന് കൃഷിയുടെ ആധുനികവൽക്കരണം നടത്താനും, മിതമായ വിലയിൽ ഉത്പന്നസുഭിക്ഷത ഉറപ്പുവരുത്തി ഗ്രാമീണദരിദ്രരുടെ അവസ്ഥ മെച്ചപ്പെടുത്താനും സാധിക്കുമോ? മതിയായ വിലകൾ ഉറപ്പുവരുത്തി അഴിമതിരഹിത സംഭരണവും, മുതലാളിത്ത സംവിധാനത്തിന്റെതന്നെ ഭാഗഭാക്കായ പൂഴ്ത്തിവെപ്പുകാരെയും ഇടനിലക്കാരെയും കരിഞ്ചന്തക്കാരെയും ഒഴിവാക്കി, സാധാരണജനങ്ങൾക്കിടയിൽ മിതമായ വിലയ്ക്ക് കൃത്യമായ വിതരണവും ഉറപ്പാക്കാൻ സാധിക്കുമോ? വസ്തുതകൾ മറ്റൊന്നാണ് കാണിച്ചുതരുന്നത്. വൃക്ഷത്തിന്റെ അടിവേരുതന്നെ ചീഞ്ഞിരിക്കുകയാണെങ്കിൽ എങ്ങനെയാണത് പൂക്കളും ഫലങ്ങളും തരിക?

വികസനത്തിന്റെ പ്രശ്‌നം എങ്ങനെ  ആശയക്കുഴപ്പമുണ്ടാക്കുന്നു,  വഴിതിരിച്ചുവിടുന്നു?

ഉത്പാദനപരമായ നിക്ഷേപത്തിലൂടെ പരമാവധി ലാഭം കൊയ്യാനുള്ള അവസരങ്ങൾ അതിവേഗം ഇല്ലാതാവുകയാണ്. അപ്പോൾ മുതലാളിമാർ തങ്ങളുടെ നിക്ഷേപം, നേരത്തേ ചർച്ച ചെയ്ത ഓഹരിക്കമ്പോളത്തിലെ ഊഹക്കച്ചവടത്തിലേക്കും, കൃത്രിമമായി കമ്പോളത്തെ ഉണർത്താൻ ഉതകുന്ന ഏറ്റവും നിഷ്ഫലമായ ആയുധ ഉത്പാദനത്തിലേക്കും വഴിതിരിച്ചുവിട്ട് പ്രതിസന്ധി ഒഴിവാക്കാൻ ശ്രമിക്കുന്നു. ജനങ്ങൾക്ക് യാതൊരു ഗുണവും ഉണ്ടാകുന്നുമില്ല. ഈ ചതി മറച്ചുപിടിക്കാനായി, ഉയരുന്ന ഓഹരി സൂചികകളിലും ആധുനിക ആയുധങ്ങൾ നിർമിക്കുകയോ സ്വന്തമാക്കുകയോ ചെയ്യുന്നതിലുമാണ് വികസനം എന്നവർ അവകാശപ്പെടുന്നു. ഇതിനുംപുറമേ ഈ വഞ്ചനയെ കൂടുതൽ സംരക്ഷിക്കാൻ വിദേശാക്രമണം എന്ന ഓലപ്പാമ്പിനെ ഉപയോഗിച്ച്, വികസനത്തിന്റെ പ്രശ്‌നത്തേക്കാൾ മുമ്പിലേക്ക് തീവ്രദേശീയതാവാദത്തെ കൊണ്ടുവരുന്നു.
ഇനി ആ മാർഗവും ഈ വഞ്ചനയെ മറയ്ക്കാൻ പര്യാപ്തമാകുന്നില്ല എന്നുകാണുമ്പോൾ, ഭരണവർഗവും അതിന്റെ പടയാളികളായ രാഷ്ട്രീയ കാര്യദർശികളും തങ്ങളുടെ സർവശക്തിയുമുപയോഗിച്ച്, വിവിധ വിഭാഗം ജനങ്ങളുടെയിടയിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഒരു വിഭാഗത്തിന്റെ വികസനം തടസ്സപ്പെടുത്തുന്നത് മറ്റൊരു വിഭാഗമാണെന്നുള്ള പ്രതീതി സൃഷ്ടിക്കാൻ അവർ ശ്രമിക്കുന്നു. ഹിന്ദുക്കളുടെ വികസനത്തെ മുസ്ലീങ്ങൾ തടസ്സപ്പെടുത്തുന്നു, സിഖുകാരുടെ വികസനത്തെ സിഖല്ലാത്തവർ തടയുന്നു, ആസ്സാമീസ് സംസാരിക്കുന്നവരുടെ വികസനത്തിന് ബംഗാളികൾ തടസ്സം നിൽക്കുന്നു, മഹാരാഷ്ട്രയിൽ ഉത്തരേന്ത്യക്കാർ വികസനം ഇല്ലാതാക്കുന്നു എന്നിങ്ങനെ. അല്ലാതെ തന്നെ നമ്മുടെ രാജ്യത്ത് വിഭജനങ്ങളുടെ അനവധി വിത്തുകൾ കിടപ്പുണ്ട്. കൃത്യമായ സാമൂഹ്യ-ചരിത്ര കാരണങ്ങളാൽ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണം നടക്കാഞ്ഞതുമൂലവും, രാഷ്ട്രീയ സ്വാതന്ത്ര്യം അനുരഞ്ജനമാർഗങ്ങളിലൂടെ നേടിയെടുത്തതുമൂലവുമാണ് ഇത് സംഭവിച്ചത്. അതുകൊണ്ടു തന്നെ, ഇത്തരം വിഭാഗീയത തന്ത്രപരമായി പ്രയോഗിച്ചാൽ അത് അധ്വാനിക്കുന്ന ജനങ്ങളുടെ ഐക്യത്തെ തകർക്കുന്നു, പരസ്പരം അവിശ്വാസവും വെറുപ്പും വളർത്തുന്നു. ജനങ്ങളുടെ ശ്രദ്ധയെ അത് പ്രധാനപ്രശ്‌നങ്ങളിൽ നിന്നും വഴിതിരിച്ചുവിടുന്നു. പകരം, ഒരു വിഭാഗം അടിച്ചമർത്തപ്പെടുന്ന ജനങ്ങളുടെ വികസനം മറ്റൊരു വിഭാഗം തട്ടിയെടുക്കുന്നു എന്നുപറഞ്ഞ് പരസ്പരം സംഘർഷത്തിലേർപ്പെടുന്നു. ജനങ്ങൾക്കിടയിൽ ഇത്തരം വിഭാഗീയചിന്തകൾ കൂടുതലായി പിടിമുറുക്കുമ്പോൾ, മുതലാളിത്ത സർക്കാരുകളും ഭരണകക്ഷികളും കൂടുതൽ ആശ്വസിക്കുന്നു. വാഗ്ദാനം ചെയ്ത വികസനം നൽകിയില്ല എന്ന പേരിൽ തങ്ങളെ ജനങ്ങൾ ആക്രമിക്കുകയില്ല എന്ന് അവർക്ക് ആശ്വസിക്കാം. അപ്പോൾ ഈ ഭരണമുതലാളിവർഗത്തിൽനിന്നും, അവരുടെ രാഷ്ട്രീയ കാര്യദർശികളിലും ചെരുപ്പുനക്കികളിലുംനിന്നും ഇരുവഴിക്കുമുള്ള ആക്രമണമാണ് നടക്കുന്നത്. ഒരു ശ്വാസത്തിൽ ബൂർഷ്വാ-പെറ്റിബൂർഷ്വാ കക്ഷികൾ വോട്ടുറപ്പാക്കാനും അധികാരത്തിലേറാനും ജനങ്ങൾക്ക് വികസനവും ഐശ്വര്യവും വാഗ്ദാനം ചെയ്യുന്നു. അടുത്ത ശ്വാസത്തിൽ, ഇതേ കക്ഷികൾതന്നെ ഹീനമായ മുതലാളിത്ത വർഗതാത്പര്യങ്ങളെ സേവിക്കാൻ, അതേ വികസനത്തെതന്നെ അപഹാസ്യമാക്കാൻ എല്ലാതരത്തിലുമുള്ള മാറ്റിമറിക്കലുകളും കള്ളത്തരങ്ങളും വഞ്ചനകളും ഇരട്ടത്താപ്പുകളും നാടകങ്ങളും നടത്തുന്നു. അതുവഴി രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളോട് മാപ്പർഹിക്കാത്ത കുറ്റം ചെയ്യുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ഈ പരിശ്രമങ്ങളെല്ലാം നടത്തിയിട്ടും മുതലാളിത്തലോകത്തിന്റെ ഒരു വിഭാഗംതന്നെ ജനങ്ങൾക്കായി ഒരു വികസനവും നടക്കുന്നില്ല എന്ന് സമ്മതിക്കുന്നു. ആഗോള സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ ഒരു ഏജൻസിയായ ലോക സാമ്പത്തിക ഫോറം പറയുന്നത്, ഈ സാമ്പത്തിക വളർച്ചയിൽനിന്നും ദരിദ്രർ എത്ര നേട്ടം സ്വന്തമാക്കിയെന്നും, തലമുറകളായുള്ള കടബാധ്യത എത്രകണ്ട് കുറഞ്ഞു എന്നും (അതായത് കുടുംബകടം കുറയുന്നതും പ്രായമായവർക്ക് മെച്ചപ്പെട്ട ശുശ്രൂഷ കിട്ടുന്നതുംമറ്റും) വസ്തുതാധിഷ്ഠിതമായി വിലയിരുത്തണമെന്നാണ്.

ഈ വികസനകുമിളയെ ജനങ്ങൾ തകർക്കണം

എന്തുകൊണ്ടാണ് ഭരണമുതലാളിത്തത്തിനും അതിന്റെ സേവകർക്കും ജനങ്ങളെ ഇങ്ങനെ കബളിപ്പിക്കാനാകുന്നത്? സാധാരണക്കാരായ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് ശരിയായ രാഷ്ട്രീയ അവബോധം ഇല്ലാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഒരു ശരിയായ വിപ്ലവപാർട്ടി – ഉയർന്ന വിപ്ലവ സിദ്ധാന്തം-നൈതികത-ധാർമികത-സംസ്‌ക്കാരം എന്നിവയിൽ അടിയുറച്ച് ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളുയർത്തി പൊരുതുന്ന പാർട്ടി, ഈ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കുമേൽ എല്ലാ പ്രതിബന്ധങ്ങൾക്കുമപ്പുറം മതിയായ സൈദ്ധാന്തിക-സംഘടനാ സ്വാധീനം നേടിയെങ്കിൽ മാത്രമേ അങ്ങനെയൊരു അവബോധം അവർക്ക് ആർജ്ജിക്കാനാവൂ, സത്യം തിരിച്ചറിയാനാകൂ. ഈ അവസ്ഥയെ മുതലെടുത്തു കൊണ്ട്, ഭരണമുതലാളിവർഗവും അവരുടെ വിശ്വസ്തരായ പാർലമെന്ററി രാഷ്ട്രീയക്കാരും, വികസനം എന്ന തങ്ങളുടെ അതിശക്തമായ ആശയപ്രചരണയന്ത്രം ഉപയോഗിച്ച് ജനങ്ങളെ മയക്കി വോട്ടുകൾ നേടി തെരഞ്ഞെടുപ്പുകൾ ജയിക്കാൻ ശ്രമിക്കുന്നു.
ഈ യുഗം ദർശിച്ച ഏറ്റവും മഹാന്മാരായ മാർക്‌സിസ്റ്റ് ദാർശനികരിലൊരാളും, എസ്‌യു സിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി സ്ഥാപക ജനറൽ സെക്രട്ടറിയുമായ സഖാവ് ശിബ്ദാസ് ഘോഷ് ഒരിക്കൽ അഭിപ്രായപ്പെട്ടതു പോലെ, ശരിയായ അവബോധമുള്ള സംഘടനാശക്തിയുടെ ആയുധം ജനങ്ങൾ സ്വയം അണിഞ്ഞില്ലെങ്കിൽ, സമരത്തിന്റെ നടുവിലല്ലെങ്കിൽ, അവരുടെ സ്വന്തം വർഗ സംഘടനയുണ്ടാകുന്നില്ലെങ്കിൽ, വെള്ളത്തിന്റെ കുത്തൊഴുക്കിൽ ആറ്റുവഞ്ചികൾ മുങ്ങുന്നതുപോലെ തെരഞ്ഞെടുപ്പുകൾ സൃഷ്ടിക്കുന്ന പുകമറയിൽ അവരും എളുപ്പത്തിൽ വഴിതെറ്റിപ്പോകാം. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും, ഭരണവർഗത്തോട് കൂറ് പുലർത്തുന്ന ഏതെങ്കിലുമൊരു കക്ഷിയോ സഖ്യമോ വികസനത്തെക്കുറിച്ച് അയവിറക്കിക്കൊണ്ട് അധികാരത്തിലേറുകയും, സ്വന്തം സ്ഥിതിയും സ്ഥാനവും ഉറപ്പിക്കുവാനായി അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ രക്തം കൂടുതൽ ഊറ്റുകയും ചെയ്യുന്നു. ജനങ്ങളുടെ ദുരിതങ്ങളും ദാരിദ്ര്യവുമാകട്ടെ കൂടുതലായി വർധിക്കുക മാത്രം ചെയ്യുന്നു. കൊടിയുടെ നിറമേതുമാകട്ടെ, ഭരണകക്ഷികൾ, വികസനം എന്ന ചൂണ്ടയിൽ ജനങ്ങളെ കൊരുത്ത് നിർവീര്യരാക്കി, സുരക്ഷിതമായും തടസ്സമില്ലാതെയും ജനങ്ങളുടെ പോക്കറ്റടിച്ച് തങ്ങളുടെയും യജമാനന്മാരുടെയും പണസഞ്ചികൾ നിറയ്ക്കുന്നു.

തങ്ങൾക്കുമേൽ നടത്തുന്ന ഈ കുറ്റങ്ങളും തട്ടിപ്പുകളും നിസ്സഹായരായി നോക്കിനിൽക്കുകയാണോ ജനങ്ങൾ ചെയ്യേണ്ടത്? ഇനിയും പാർലമെന്ററി വ്യാമോഹത്തെ വളർത്തി, അതിന്റെ പ്രയോക്താക്കളാൽ വീണ്ടും വീണ്ടും കബളിപ്പിക്കപ്പെട്ട്, വോട്ടുതേടുന്ന കക്ഷികളുടെ കൈകളിലെ വെറും കരുക്കൾ മാത്രമായി തുടരണോ? അങ്ങനെയെങ്കിൽ, അവർ കൂടുതൽ തീക്ഷ്ണമായ ആക്രമണങ്ങളാകും ക്ഷണിച്ചുവരുത്തുക. യാതൊരാളും-തൊഴിലാളിയാകട്ടെ, കർഷകനാകട്ടെ, മധ്യവർഗത്തിൽ പെട്ടയാളാകട്ടെ, വിദ്യാർത്ഥിയാകട്ടെ, യുവാവാകട്ടെ, സാക്ഷരനോ നിരക്ഷരനോ ആകട്ടെ, സ്ത്രീയോ പുരുഷനോ ആകട്ടെ, ഹിന്ദുവോ മുസ്ലീമോ ആകട്ടെ, തമിഴനോ ബീഹാറിയോ ആകട്ടെ, ഉയർന്ന ജാതിയോ ദളിതനോ ആകട്ടെ -ഒഴിവാക്കപ്പെടുന്നില്ല. മുതലാളിവർഗത്തിന്റെ വിശ്വസ്ത സേവകരാണ് വോട്ട് അധിഷ്ഠിത പാർട്ടികൾ. അവർ മുതലാളിവർഗ താത്പര്യങ്ങളോട് ചേർന്നുനിൽക്കുന്നവരാണ്. അതുകൊണ്ടുതന്നെ അധ്വാനവർഗത്തിന്റെ താത്പര്യങ്ങളോട് പ്രതികൂലവും. അവരെല്ലാംതന്നെ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവരാണ്. ഉയർന്ന തൊഴിലാളിവർഗ മൂല്യബോധത്തിലും സംസ്‌ക്കാരത്തിലും ധാർമികതയിലും അധിഷ്ഠിതമായ വർഗ-ബഹുജനപ്രക്ഷോഭങ്ങൾ നിരന്തരം സംഘടിപ്പിക്കുകയും തീവ്രമാക്കുകയും ചെയ്തുകൊണ്ട,് മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിനായുള്ള കൃത്യമായ രാഷ്ട്രീയ ലൈനിന്റെ അടിത്തറയുള്ള, തൊഴിലാളിവർഗത്തിന്റെ യഥാർത്ഥ വിപ്ലവപാർട്ടിക്കുമാത്രമേ ഇന്ന് ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സാധിക്കുകയുള്ളു. വഞ്ചിക്കപ്പെടുന്ന, ദരിദ്രരാക്കപ്പെടുന്ന ജനങ്ങൾ ഈ സത്യം അതിന്റെ പൂർണമായ അർത്ഥത്തിൽ ഉൾക്കൊള്ളണം. ബൂർഷ്വാ വോട്ട് രാഷ്ട്രീയത്തിന്റെയും അതിന്റെ കച്ചവടക്കാരുടെയും പിടിയിൽനിന്നും നാം മുക്തരാകണം. ഒരു ശക്തവും സംഘടിതവുമായ ഐക്യ-ജനാധിപത്യമുന്നേറ്റം ശരിയായ വിപ്ലവനേതൃത്തിനുകീഴിൽ കെട്ടിപ്പടുത്ത് ശക്തമായ പ്രതിപ്രവാഹം സൃഷ്ടിക്കാൻ നമ്മൾ മുന്നോട്ടു വരേണ്ടതുണ്ട്. അതിലൂടെ ജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ചൂഷകമുതലാളിത്ത സംവിധാനത്തിന്റെ അടിത്തറതന്നെ ഇളക്കേണ്ടതുണ്ട്. വികസനത്തിന്റെ കുമിളയെ കുത്തിപ്പൊട്ടിക്കേണ്ടതുണ്ട്. ഈ പ്രക്രിയയിലൂടെ ഒഴിവാക്കാനാകാത്ത വിപ്ലവത്തിനുള്ള തയ്യാറെടുപ്പിനും വേഗം വർധിക്കും.

Share this