ആഭാസകരമായ ചുംബന സമരത്തിനും സദാചാര പോലീസിനുമെതിരെ യുവജനജാഗ്രത

Spread our news by sharing in social media

ആഭാസകരമായ ചുംബന സമരത്തിനും സദാചാര പോലീസിനുമെതിരെ യുവജനജാഗ്രത
ആള്‍ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നവംബര്‍ 1 ന് യുവജനജാഗ്രത സംഘടിപ്പിച്ചു.
യുവജനങ്ങളെ വഴിതെറ്റിക്കുന്ന ‘ചുംബനസമര’മോ, സദാചാരപോലീസ് ചമയുന്ന യുവമോര്‍ച്ചയുടെയും വിവിധ മതമൗലികവാദ ശക്തികളുടെയും അഴിഞ്ഞാട്ടങ്ങളോ സമൂഹ്യതിന്മകളെ ചെറുക്കാന്‍ അപര്യാപ്തമാണെന്ന് എഐഡിവൈഒ ചൂണ്ടിക്കാട്ടി. ഉയര്‍ന്ന സാംസ്‌കാരിക-നൈതിക സൗന്ദര്യാവബോധ ധാരണകള്‍ ഏതൊരു ഉദാത്തമായ പോരാട്ടത്തിന്റേയും പ്രാണനും കാതലുമായി വര്‍ത്തിക്കേണ്ടതുണ്ട്. അത്തരം ബഹുജനപോരാട്ടങ്ങള്‍ക്കേ സാംസ്‌കാരികച്യുതിയെ തടഞ്ഞുനിര്‍ത്താനാകൂ. യുവജനങ്ങളുടെ ഇടയിലുള്ള ഗൂണ്ടായിസം പ്രോത്സാഹിപ്പിക്കുന്നതില്‍ വിവിധ വ്യവസ്ഥാപിത രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ വലിയപങ്കുവഹിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരെ സമരത്തില്‍നിന്ന് അകറ്റുന്നു.
മറുവശത്ത്, അധമമായവാസനകളും സാമൂഹ്യബോധമില്ലായ്മയും ചുംബനസമരംപോലുള്ള ആഭാസകരമായ സമരങ്ങളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇവയ്ക്കും സാമൂഹ്യപുരോഗതിയില്‍ നല്ലതൊന്നും ചെയ്യാനാവില്ല. സംഘാടകര്‍ അഭിപ്രായപ്പെട്ടു.
എസ്‌യുസിഐ(സി) എറണാകുളം ജില്ലാ സെക്രട്ടറി ടി.കെ.സുധീര്‍കുമാര്‍ മുഖ്യപ്രസംഗകനായ യോഗം എഐഡിവൈഒ സംസ്ഥാന സെക്രട്ടറി എന്‍.കെ.ബിജു ഉദ്ഘാടനം ചെയ്തു. എഐഎംഎസ്എസ് ജില്ലാ പ്രസിഡന്റ് കെ.കെ.ശോഭ, എഐഡിഎസ്ഒ ജില്ലാ സെക്രട്ടറി രശ്മി ആര്‍. എന്നിവരും പ്രസംഗിച്ചു. എഐഡിവൈഒ ജില്ലാ സെക്രട്ടറി കെ.ഒ.സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. അകില്‍ ഐ.എം സ്വാഗതവും ജോണി ജോസഫ് നന്ദിയും പറഞ്ഞു.

Share this