ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും വർഗ്ഗീയതയ്ക്കും അക്രമരാഷ്ട്രീയത്തിനുമെതിരെ ജനങ്ങളുടെ സമരരാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)

Spread our news by sharing in social media

ചെങ്ങന്നൂർ എം.എൽ.എ ആകസ്മികമായി അന്തരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് മറ്റൊരു ഉപതെരഞ്ഞെടുപ്പ് കൂടെ വന്നുചേർന്നിരിക്കുകയാണ്. സംസ്ഥാന ഭരണ-രാഷ്ട്രീയ ബലാബലങ്ങളിൽ ഈ തെരഞ്ഞെടുപ്പിന്റെ ഫലം കാര്യമായ യാതൊരു മാറ്റവും ഉണ്ടാക്കില്ല എന്നിരിക്കിലും ഈ തെരഞ്ഞെടുപ്പിന് സാധാരണ ഉപതെരഞ്ഞെടുപ്പുകളേക്കാൾ രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. ദേശീയതലത്തിൽ ബിജെപിയുടെ ഭരണം അവസാന വർഷത്തേക്ക് പ്രവേശിക്കുകയാണ്. ത്രിപുര വിജയത്തിന്റെ അന്തരീക്ഷം പ്രയോജനപ്പെടുത്തി ഇടതുപാർട്ടികൾക്ക് മേധാവിത്വമുള്ള മറ്റൊരു സംസ്ഥാനമായ കേരളത്തിൽ രാഷ്ട്രീയസ്വാധീനം ശക്തിപ്പെടുത്താനുള്ള ഒരവസരമായി ബിജെപി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനെ കാണുന്നു. സിപിഐ(എം)നെ സംബന്ധിച്ചിടത്തോളം ഉപതെരഞ്ഞെടുപ്പ് വിജയം അവരുടെ രാഷ്ട്രീയ നിലനിൽപ്പിന് അനിവാര്യമായി ഒന്നായി മാറിയിരിക്കുന്നു. യുഡിഎഫിന്റെ സ്ഥിതിയും അപ്രകാരംതന്നെ. ചുരുക്കത്തിൽ കേരളത്തിന്റെ രാഷ്ട്രീയഭാവിയുടെ ഒരു സൂചകമായിരിക്കും ഉപതെരഞ്ഞെടുപ്പ് ഫലം എന്ന സ്ഥിതി കൈവന്നിട്ടുണ്ട്.
മറ്റെല്ലാ തെരഞ്ഞെടുപ്പിലുമെന്ന പോലെ ഇവിടെയും ഈ മൂന്നുമുന്നണികളും രാജ്യത്തേയോ സംസ്ഥാനത്തേയോ ജനങ്ങളെ ബാധിക്കുന്ന യാതൊരു അടിസ്ഥാന വിഷയങ്ങളും തെരഞ്ഞെടുപ്പ് വേദിയിൽ ചർച്ച ചെയ്യില്ല എന്നത് ഉറപ്പാണ്. വൻകിട കുത്തകകൾക്കുവേണ്ടി നടപ്പാക്കപ്പെടുന്ന നയങ്ങളുടെ കാര്യത്തിൽ ഈ മൂന്നു മുന്നണികളും തമ്മിൽ നിലനിൽക്കുന്ന ശക്തമായ യോജിപ്പാണ്, ജനങ്ങളുടെ പ്രശ്‌നങ്ങളെ തെരഞ്ഞെടുപ്പ് വേദിയിൽ നിന്നും അകറ്റിനിർത്താൻ അവരെ പ്രേരിപ്പിക്കുന്നത്.

കേന്ദ്ര ബിജെപി ഭരണം കഴിഞ്ഞ നാലു വർഷമായി അടിമുടി പിൻതുടരുന്നത് കോർപ്പറേറ്റുകൾക്കുവേണ്ടിയുള്ള നയങ്ങൾ മാത്രമാണ്. കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ തുടങ്ങിവച്ച സാമ്പത്തിക ഉദാരവൽക്കരണനയങ്ങളെ അതിന്റെ ഉയർന്ന ഘട്ടത്തിലേക്ക് ആവിഷ്‌കരിക്കുക മാത്രമാണ് മോദി ഭരണം ചെയ്തത്. പ്രതിരോധ മേഖല ഉൾപ്പടെയുള്ളവയുടെ അടിമുടിയുള്ള സ്വകാര്യവൽക്കരണം, പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കപ്പെടാതിരുന്ന രംഗങ്ങളിലേക്കും നൂറുശതമാനം പ്രവേശനാനുമതി, സ്വകാര്യമൂലധനത്തിന്റെ കൊടുംകൊള്ളക്ക് കളമൊരുക്കത്തക്കവിധം തൊഴിൽ നിയമങ്ങളുടെ പൊളിച്ചെഴുത്ത്, മൂലധനസമാഹരണത്തിന്റെ പേരിൽ ബാങ്കുകളുടെ വമ്പിച്ച മുതൽ കവർച്ചചെയ്യാൻ മുതലാളിമാർക്ക് സുവർണ്ണാവസരം അങ്ങിനെ ജനാധിപത്യഭരണസംവിധാനങ്ങളെ മുഴുവൻ നോക്കുകുത്തികളാക്കിക്കൊണ്ട് കുത്തകകൾക്ക് എന്തും ചെയ്യാനുള്ള അഛേ ദിൻ ഒരുക്കുകയാണ് ബിജെപി ഭരണം. സാമൂഹ്യജീവിതത്തിലെ ഏറ്റവും ശ്വാസം മുട്ടിക്കുന്ന പ്രശ്‌നമായ വിലക്കയറ്റവും തൊഴിൽ നഷ്ടപ്പെടലും ഈ സർക്കാർ നടപ്പാക്കുന്ന നയങ്ങളുടെ സൃഷ്ടിയാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിനു വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നിട്ടും അതിന്റെ നാമമാത്രമായ പ്രയോജനം പോലും ജനങ്ങൾക്ക് നൽകാൻ തയ്യാറായില്ലെന്നുമാത്രമല്ല നികുതിയും വിലയും നിരവധി തവണ വർദ്ധിപ്പിച്ച് ഇന്ധനവില മാനംമുട്ടെ ഉയർത്തുകയും ചെയ്തു. ഇതരമേഖലകളിലെ വമ്പിച്ച വിലക്കയറ്റത്തിന് പ്രധാനമായും കാരണമായത് ഒരു നീതീകരണവുമില്ലാത്ത ഈ പെട്രോളിയം വിലവർദ്ധനവാണ്. ഇന്ധനരംഗത്തെ ഭീമന്മാർ ഇതിലൂടെ കൊയ്ത ലാഭം കണക്കറ്റതാണ്. ജനങ്ങളുടെ ശിരസ്സിനേറ്റ വലിയ പ്രഹരമായിരുന്ന നോട്ട് നിരോധനം നടപ്പാക്കിയതും കുത്തകകൾക്കുവേണ്ടി മാത്രമായിരുന്നു. കുത്തകകളുടെ കിട്ടാക്കടം പെരുകി, മൂലധനപ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷപ്പെടുത്താനും ഡിജിറ്റൽ വ്യാപാര രംഗത്തെ വൻകിടക്കാർക്ക് കൊള്ളലാഭം നേടിക്കൊടുക്കാനും വേണ്ടി മാത്രമാണ് നോട്ട് നിരോധനം നടപ്പാക്കിയത്. അതിനു സ്വന്തം പ്രാണൻ പോലും സാധാരണക്കാരന് വിലയായി നൽകേണ്ടി വന്നു. നോട്ട് വിതരണം മാത്രമായതോടെ ബാങ്കുകളുടെ ഇതരപ്രവർത്തനങ്ങൾ 2 മാസത്തേക്ക് പൂർണ്ണമായും നിലച്ചു. കാർഷിക-നിർമ്മാണ-വ്യാപാര മേഖലകൾ തകർന്നു. ലക്ഷക്കണക്കിന് തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ടു. ആഭ്യന്തര ഉൽപ്പാദനം ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. കോടിക്കണക്കിന് സാധാരണക്കാർ ഈ ദുരിതങ്ങൾക്കെല്ലാം ഇരയായത് ആർക്കുവേണ്ടിയായിരുന്നു? വിനിമയത്തിലുണ്ടായിരുന്ന മുഴുവൻ കറൻസിയും മടങ്ങിവന്നുവെന്ന് റിസർവ്വ് ബാങ്ക് അംഗീകരിച്ചതിലൂടെ കറൻസിയിൽ സൂക്ഷിച്ചിരുന്ന ഒരു രൂപയുടെ പോലും കള്ളപ്പണം പിടികൂടാൻ കഴിഞ്ഞില്ല എന്നു വ്യക്തമായി. എന്നു മാത്രവുമല്ല കള്ളപ്പണം, വെളുപ്പിക്കപ്പെടുകയും ചെയ്തു.

നോട്ട് നിരോധനത്തെത്തുടർന്ന് ഉലഞ്ഞ സാമ്പത്തികഘടനയെ അടിമുടി തകർക്കുന്ന ഒന്നായി അതിന്റെ പിന്നാലെ അടിച്ചേൽപ്പിക്കപ്പെട്ട ചരക്ക് സേവന നികുതി (ജിഎസ്ടി). ധനകാര്യകക്കമ്മീഷൻ ശുപാർശ ചെയ്തിരുന്നത് 14 ശതമാനമായിരുന്നെങ്കിൽ നടപ്പാക്കിയപ്പോൾ ജിഎസ്ടിയുടെ നിരക്ക് 28 ശതമാനമായി ഉയർന്നു. ഭയാനകമായ വിലക്കയറ്റത്തിനാണ് ജിഎസ്ടി തിരികൊളുത്തിയത്. വിദ്യാഭ്യാസ ഫീസുകൾ, ഹോട്ടൽ ഭക്ഷണം മുതൽ യാത്രാടിക്കറ്റുകളിൽ വരെ പുതിയ നികുതിയുടെ വലിയ തുകകൾ ഈടാക്കുകയാണ്. ചില്ലറ വ്യാപാരരംഗത്തേക്ക് 100 ശതമാനവും വിദേശകുത്തകകളെ പ്രവേശിപ്പിക്കുന്ന കേന്ദ്രസർക്കാർ തീരുമാനം പിന്നാലെ വന്നതിലൂടെ, ഈ നികുതി ഘടന വൻകിട വ്യാപാരകുത്തകകൾക്കു വേണ്ടിയുള്ളതാണെന്ന വിമർശനത്തെ പൂർണ്ണമായും ശരിവച്ചു. 5 കോടിയോളം വരുന്ന ചെറുകിട കച്ചവടക്കാർ നിലനിൽപ്പിനായി പിടയുന്ന സാഹചര്യമാണ് രാജ്യമെമ്പാടും നാം ദർശിക്കുന്നത്.
കർഷകരുടെ സ്ഥിതി പരമദയനീയമായിരിക്കുന്നു. യുപിഎ ഭരണനാളുകളിലെ കർഷക ആത്മഹത്യയുടെ നിരക്ക് കുറയുകയല്ല, കൂടുകയാണ് ചെയ്തിട്ടുള്ളത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 1.2 ലക്ഷം കർഷകർ ആത്മഹത്യ ചെയ്തുകഴിഞ്ഞു. രാജ്യതലസ്ഥാനത്ത് വിലാപവുമായി എത്തിയ തമിഴ്‌നാട് കർഷകർ മനുഷ്യമലം കഴിക്കുന്ന സമരമുറ സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കേണ്ടി വന്നു. നഗ്നപാദരായി നടന്ന് കാലുകളിലെ തൊലിപൊളിഞ്ഞ് വലിയ മുറിവുകളുണ്ടായി രക്തം വാർന്നൊഴുകുമ്പോഴും ലോംഗ് മാർച്ചിൽ നിന്നും പിൻവാങ്ങാതെ മുംബൈയിലേക്ക് ശിരസ്സുയർത്തി നടന്ന മഹാരാഷ്ട്രയിലെ കർഷകർ അവർ നേരിടുന്ന ദുർഗതിയുടെ പ്രതീകങ്ങളാണ്. മോദി ഭരണം ഈ കർഷകർക്കു നൽകിയതെന്താണ്? അധികാരത്തിലെത്തിയാൽ വിളകൾക്ക് കൃഷിച്ചെലവിന്റെ ഒന്നരമടങ്ങ് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന് പറഞ്ഞ മോദിയും സംഘവും, കരാർ കൃഷിയിലൂടെ വലിയ വ്യാപാരശൃംഖലകളുടെ അധിപൻമാരായ മുതലാളിമാരുടെ ദയയ്ക്ക് കർഷകരെ എറിഞ്ഞുകൊടുത്തു. വിപണിയിൽ കാർഷികോൽപ്പന്നങ്ങളുടെ വില കുത്തകകൾ കുത്തനെ ഇടിച്ചു. നിസ്സഹായരായ കർഷകർ കാർഷികോൽപ്പന്നങ്ങൾ പെരുവഴിയിലുപേക്ഷിച്ച് മടങ്ങിപ്പോയി സ്വന്തം ജീവനെടുത്തു. ഇന്ന് രാജ്യമെമ്പാടും ഇതാണ് സ്ഥിതി.
ബിജെപിയുടെ കേന്ദ്രഭരണം നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയങ്ങളുടെ കാര്യത്തിൽ അന്തിമവിശകലനത്തിൽ സിപിഐ(എം) നയിക്കുന്ന എൽഡിഎഫിനും കോൺഗ്രസ്സ് നയിക്കുന്ന യുഡിഎഫിനും അടിസ്ഥാനപരമായ വിയോജിപ്പുകൾ ഇല്ല എന്നത് അവരുടെ നിലപാടുകളിൽ നിന്നും വ്യക്തമാണ്. നോട്ടുനിരോധനത്തെ അംഗീകരിക്കുന്ന നിലപാടാണ് സിപിഐ(എം) കെക്കൊണ്ടത്. കറൻസി വിതരണം ചെയ്യുന്നതിൽ സഹരണമേഖലയെ ഒഴിവാക്കി തുടങ്ങിയ ചില ദുർബ്ബല വിമർശനങ്ങൾ മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേർത്ത് ജി.എസ്.ടി നടപ്പാക്കാൻ വഴിതെളിക്കുകയാണ് എൽഡിഎഫും യുഡിഎഫും ചെയ്തത്. ഒടുവിൽ ചരക്ക് സേവന നികുതി വൻ വിലക്കയറ്റത്തിലേക്ക് നയിച്ചപ്പോൾ, ജനങ്ങളുടെ വികാരത്തോടൊപ്പമാണ് തങ്ങളെന്നു കാട്ടാൻ ചില്ലറ എതിർപ്പുകളുടെ ശബ്ദം പുറപ്പെടുവിച്ചു എന്നു മാത്രമേയുള്ളൂ. സ്വന്തം നയങ്ങളുടെ തുടർച്ചമാത്രമാണ് എന്നതിനാൽ കേന്ദ്രസർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ നടപടികളെ ഫലപ്രദമായി ചോദ്യം ചെയ്യാൻ കോൺഗ്രസ്സ് ലക്ഷ്യമിടുന്ന പ്രശ്‌നമേയില്ല. അന്തിമവിശകലനത്തിൽ ഒരേ നയങ്ങളെ പ്രതിനിധാനം ചെയ്യുന്നവർ തമ്മിലുള്ള മൽസരമെന്ന നിലയിൽ ഉപതെരഞ്ഞെടുപ്പ് മാറുകയാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ യഥാർത്ഥ താൽപ്പര്യം പ്രതിനിധാനം ചെയ്യുന്ന എസ്‌യുസിഐ(സി)യുടെ സ്ഥാനാർത്ഥിത്വം അനിവാര്യതയായി മാറുന്നത്.
എല്ലാം ശരിയാക്കാൻ ജനങ്ങൾ എൽ.ഡി.എഫിന് അവസരം നൽകിയിട്ട് രണ്ട് വർഷം തികയാൻ പോകുന്നു. കേരളം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ പരിഹരിക്കുവാനോ ലഘൂകരിക്കാനോ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, ജനങ്ങളെ ബാധിക്കുന്ന മിക്ക വിഷയങ്ങളിലും, മുൻപ് ഭരിച്ച യു.ഡി.എഫ് ഗവൺമെന്റിന്റെ തുടർച്ച തന്നെയായിരുന്നു.
വിദ്യാഭ്യാസ, വ്യവസായ ലോബികൾക്ക് സർക്കാർ സമ്പൂർണ്ണമായി കീഴടങ്ങിയ കാഴ്ചയാണ് നാം കണ്ടത്. സ്വശ്രയമേഖലയിലെ കച്ചവട താൽപര്യങ്ങൾക്കനുസരിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുന്നതാണ് നാം കണ്ടത്. വിദ്യാർത്ഥികളെ കൊല ചെയ്യുകയോ ആത്മഹത്യയിലേക്ക് തള്ളി വിടുകയോ ചെയ്യുന്ന ശക്തമായൊരു മാഫിയയായി സ്വാശ്രയ മേഖല വളർന്നിരിക്കുന്നു. നിരവധി ജിഷ്ണു പ്രണോയിമാർ സൃഷ്ടിക്കപ്പെടുന്നതും അവിടെയെല്ലാം സർക്കാർ ആരുടെ പക്ഷത്താണെന്നും നാം കണ്ടു. ആരോഗ്യ മേഖലയിലും ഇതുതന്നെയാണ് സ്ഥിതി. സുപ്രീം കോടതി നിശ്ചയിച്ച മിനിമം വേതനത്തിന് വേണ്ടി നഴ്‌സുമാർ സുദീർഘമായ സമരത്തിനൊടുവിൽ നടത്തിയ ഒത്തു തീർപ്പ് വ്യവസ്ഥകൾ പാലിക്കാതിരുന്ന ആശുപത്രി മാനേജ്‌മെന്റുകളോടൊപ്പമാണ് ഈ സർക്കാർ.

കേരളം കണ്ട ഏറ്റവും സാമൂഹ്യവിരുദ്ധമായ മദ്യ നയമാണ് സർക്കാർ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തെയും സംസ്‌കാരത്തെയും നന്മകളെയാകെയും ചോർത്തിക്കളഞ്ഞ് മനോരോഗികൾ ആക്കുന്ന വിധത്തിൽ മദ്യമൊഴുക്കുകയാണ്. അതിനുവേണ്ടി ആനയിക്കുന്ന ന്യായവാദങ്ങൾ അറപ്പുളവാക്കുന്നവയാണ്. മദ്യത്തിൽ നിന്ന് സർക്കാരിനും മദ്യ രാജാക്കന്മാർക്കും ലഭിക്കുന്ന വരുമാനം സ്വന്തം കുഞ്ഞുങ്ങളെ വിറ്റ് നേടുന്നതുപോലെ അസാന്മാർഗികമാണ്. കേരളത്തിന്റെ പൊതുസ്വത്തായ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈയ്യിലെത്തിക്കുന്നതിന് കാണിക്കുന്ന താൽപര്യം മുന്നണികളിൽ തന്നെ സംഘർഷങ്ങൾ സൃഷ്ടിക്കുന്നു. വനഭൂമി കൈയ്യേറ്റവും കായൽ കൈയ്യേറ്റവും നടത്തുന്ന മന്ത്രിയെയും എംഎൽഎയെയും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ദേശീയ പാത വികസനത്തിന്റെയും മറ്റും പേരിൽ സ്വന്തം ഭൂമിയിൽ നിന്ന് സാധാരണ മനുഷ്യരെ ആട്ടിപ്പുറത്താക്കുകയും പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുകയുമാണ്. കോർപ്പറേറ്റ് ഭീമനായ അദാനിക്ക് വിഴിഞ്ഞം തുറമുഖം തീറെഴുതി കൊടുത്തു. ഗെയ്ൽ പൈപ്പ്‌ലൈൻ പദ്ധതിയിലും അദാനിക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകി.
തൊഴിലെടുത്ത് ജീവിക്കുന്നവരുടെ ഭാവി അരക്ഷിതാവസ്ഥയിലാണ്. കെ.എസ്.ആർ.ടി.സി പെൻഷനും ശമ്പളവും അനിശ്ചിതത്ത്വത്തിലാക്കി മുൻപെങ്ങുമില്ലാത്ത വിധമുള്ള ജീവിത ദുരന്തങ്ങൾ സൃഷ്ടിച്ചു. കെഎസ്ആർടിസിയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും ഇതേ പാതയിലാണ്. സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിച്ചിരിക്കുന്ന കടുത്ത മാന്ദ്യം ഉള്ള തൊഴിൽ ഇല്ലാതാവുന്നതിലേക്കും കൂലി കുറവിലേക്കും നയിക്കുന്നു. തൊഴിൽ തേടി ചെറുപ്പക്കാർ അലയുകയാണ്. കാർഷിക മേഖല മുച്ചൂടും മുടിയുകയാണ്. കൃഷിഭൂമി ചുരുങ്ങുന്നത് ഒരു ലക്ഷണം മാത്രം. സംസ്ഥാനത്തിന്റെ പൊതുകടം രണ്ട് ലക്ഷം കോടി രൂപയിൽ എത്തിയിരിക്കുന്നു എന്നത് സർക്കാരിനെ അലോസരപ്പെടുത്തുന്നില്ല. ആദിവാസികൾ നേരിടുന്ന ജീവിത ദുരന്തങ്ങളുടെ പ്രതീകമാണ് ഭക്ഷണം മോഷ്ടിച്ചു എന്ന് ആരോപിച്ച് തല്ലി കൊലചെയ്യപ്പെട്ട മധു. എൻഡോസൾഫാൻ ഇരകൾ ഇന്നും സമരത്തിലാണ്. ക്ഷേമ പെൻഷനുകൾ യഥാസമയം വിതരണം ചെയ്യപ്പെടുന്നില്ല.

മൂന്ന് മുന്നണികളുംകൂടി കൂട്ടുകച്ചവടത്തിലേർപ്പെട്ടുകൊണ്ട് കേരള നിയമസഭയെ ഏതുപതനത്തിൽ എത്തിച്ചു എന്നതിന്റെ തിളങ്ങുന്ന ദൃഷ്ടാന്തമാണ് കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ പ്രവേശനാനുമതി. ഭരിക്കുന്ന എൽഡിഎഫും പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫും ബിജെപി മുന്നണിയും എംബിബിഎസ് പ്രവേശനത്തിൽ നിയമവിരുദ്ധമായ കൃത്രിമം കാട്ടിയ മാനേജ്‌മെന്റുകളെ സംരക്ഷിക്കാൻവേണ്ടി ഒത്തുചേർന്ന് കേരള നിയമസഭയെ കരുവാക്കി. പ്രവേശനത്തിലെ കൃത്രിമത്തിന് സംരക്ഷണം നൽകിക്കൊണ്ട് ഓർഡിനൻസ് ഇറക്കി. കോടതിയിൽ നിലനിൽക്കാൻവേണ്ടി കൃത്രിമങ്ങൾക്ക് നിയമസംരക്ഷണം നൽകാൻ ബിൽ അവതരിപ്പിച്ച് അത് ഐകകണ്‌ഠ്യേന പാസ്സാക്കിയെടുക്കുന്ന അപമാനകരമായ സ്ഥിതിവിശേഷത്തിന് കേരള നിയമസഭ സാക്ഷ്യംവഹിക്കേണ്ടിവന്നു.
ചുരുക്കത്തിൽ ജനജീവിതം അസാധാരണമായ പ്രതിസന്ധിയിൽ എത്തിനിൽക്കുകയാണ്. ഭരണക്കാരും അവരുടെ പ്രസ്ഥാനങ്ങളും ജനങ്ങൾക്കെതിരെ നിലകൊള്ളുമ്പോൾ രക്ഷാമാർഗ്ഗമെന്താണ്? ഇവിടെയാണ് ജനസമരത്തിന്റെ പതാകയുമായി പതിറ്റാണ്ടുകളായി ഈ മണ്ണിൽ അവിരാമം പൊരുതുന്ന എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ പ്രസക്തി. ഇപ്പറഞ്ഞ വിഷയങ്ങളിലെല്ലാം എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ജനപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് ജനങ്ങളുടെ ചെറുത്തുനിൽപ് സംഘടിപ്പിക്കുകയാണ്. ഡിപിഇപിക്കെതിരെയും കരിമണൽ ഖനനത്തിനെതിരെയും നടന്ന സമരങ്ങൾ, ചെങ്ങറ ഭൂസമരം, മൂലമ്പള്ളിയിലെ കുടിയിറക്കപ്പെട്ടവരുടെ സമരം, വിളപ്പിൽശാല മാലിന്യ നിക്ഷേപത്തിനെതിരായ സമരം, സ്വാശ്രയ സമ്പ്രദായത്തിനെതിരായ അസംഖ്യം സമരങ്ങൾ, വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സമരം, നഴ്‌സുമാരുടെയും അൺ-എയിഡഡ് അധ്യാപകരുടെയും സമരം തുടങ്ങിയ നിരവധി സമരമുഖങ്ങളിൽ പാർട്ടിയുടെ സാന്നിധ്യവും നേതൃത്വപരമായ പങ്കും ജനങ്ങളുടെ മുന്നിലുണ്ട്.
തെരഞ്ഞെടുപ്പുകൾ വരികയും പോവുകയും ചെയ്യുന്നു. ഭരിക്കുന്ന കക്ഷികളും മാറുന്നു. പക്ഷേ ജനങ്ങളുടെ ജീവിതദുരിതങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്നു. സർക്കാർ ഏതായാലും ജനങ്ങൾക്കെതിരെയുണ്ടാകുന്ന ഏതൊരു ആക്രമണങ്ങളെയും ചെറുക്കാൻ ജാതി-മത-കക്ഷി-രാഷ്ട്രീയത്തിന് അതീതമായി ഒത്തുചേരുന്ന സമരശക്തികൾക്കേ കഴിയൂ. ഈ കടുത്ത യാഥാർത്ഥ്യം ജനങ്ങൾ മനസ്സിലാക്കണം. ഈ ദിശയിൽ പ്രവർത്തിക്കുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) മാത്രമാണ്. ജനസമരത്തിന്റെ രാഷ്ട്രീയ സന്ദേശം ജനങ്ങളിൽ എത്തിക്കാനാണ്, തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ, സമരത്തിന്റെ, ചെറുത്തുനിൽപ്പിന്റെ, പ്രതിനിധിയെന്ന നിലയിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥി സഖാവ് മധു ചെങ്ങന്നൂർ ഈ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. സഖാവിനെ വിജയിപ്പിക്കണമെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു.

Share this