ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ഫലം ഓർമ്മിപ്പിക്കുന്നതെന്ത്?

Spread our news by sharing in social media

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം നേടി വിജയിക്കുകയുണ്ടായി. സിപിഐ(എം) നയിക്കുന്ന എൽഡിഎഫ്, ഇത്തരമൊരു വിജയം നേടത്തക്കവിധം കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന്റെ വേളയേക്കാൾ ജനങ്ങളുടടെ സ്‌നഹത്തിന് പാത്രമായി മാറി എന്നാണോ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്? പിണറായി വിജയന്റെ ഭരണത്തിൽ സന്തോഷം സഹിക്കവയ്യാതെ ജനങ്ങൾ പെരുമഴയത്ത് ക്യൂ നിന്ന് ആയിരക്കണക്കിന് വോട്ട് നൽകി എന്നാണോ വിചാരിക്കേണ്ടത്? ജനങ്ങളുടെ വെറുപ്പിന് പാത്രമായിരുന്ന കഴിഞ്ഞ യുഡിഎഫ് വാഴ്ചയോടുള്ള അതൃപ്തി വോട്ടാക്കിയപ്പോൾ പോലും ലഭിക്കാത്ത ഭൂരിപക്ഷം സർവ്വത്ര പിഴച്ച പിണറായി ഭരണം നിലനിൽക്കുമ്പോൾ ലഭിച്ചതിന്റെ പിറകിൽ ഒരു അത്ഭുതം പ്രവർത്തിച്ചിട്ടുണ്ട്. ആ അത്ഭുതം നമുക്ക് വഴിയേ കണ്ടെത്താം.
എല്ലാം ശരിയാക്കുന്ന ഭരണമെന്ന പരിഹാസം സർവ്വ മേഖലയിൽനിന്നും പുരസ്‌കാരം പോലെ സ്വീകരിക്കുകയാണ് ഇടതു ഭരണം. തെരഞ്ഞെടുപ്പിന് ഒന്നര മാസം മുമ്പാണ് വരാപ്പുഴ കസ്റ്റഡി മരണം ഉണ്ടാകുന്നത്. തെരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് പോലീസിന്റെ ഒത്താശയോടെ കോട്ടയം സ്വദേശി കെവിന്റെ കൊലപാതകമുണ്ടാകുന്നത്. 13 പേരെ ഇതിനോടകം കൊന്നുതള്ളിയ സിപിഐ(എം)-ബിജെപി രാഷ്ട്രീയ കൊലപാതക പരമ്പര അവസാനിച്ചുകാണാൻ കേരളത്തിന്റെ മനസ്സാക്ഷി അത്യധികമായി അഭിലഷിക്കുന്ന സന്ദർഭത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അനുദിനം ഉയർന്നുകൊണ്ടിരിക്കുന്ന പെട്രോളിന്റെ വിലയിൽ വലിയ പങ്കും കേന്ദ്ര-സംസ്ഥാന നികുതിയാണെന്നിരിക്കെ അതു കുറയ്ക്കണമെന്നാവശ്യപ്പെട്ട മാധ്യമങ്ങളെയും ജനങ്ങളെയം പുച്ഛിക്കുന്ന കേന്ദ്രത്തിനെതിരെ തെരഞ്ഞെടുപ്പിൽ ജനവികാരമുണ്ടായിട്ടും അതേ സമീപനം പുലർത്തുന്ന ഇടതുമുന്നണിയെ ജനങ്ങൾ കണക്കറ്റ് ഇഷ്ടപ്പെടുന്നുവെന്ന് വിലയിരുത്തണമോ? കണ്ണൂരിലെ മെഡിക്കൽ കോളേജ് മുതലാളിയെ രക്ഷിക്കാൻ നാണംകെട്ടും നിയമസഭയിൽ ബിൽ കൊണ്ടുവന്നതിലൂടെ വിദ്യാഭ്യാസക്കച്ചവടക്കാരോടുള്ള പ്രതിബദ്ധത ആവർത്തിച്ച് തെളിയിക്കപ്പെട്ടിരിക്കുമ്പോൾ നടന്ന തെരഞ്ഞെടുപ്പാണിത്. അതിനെയും ജനങ്ങൾ അവഗണിച്ചു എന്നു കരുതണമോ? തെളിവുകളം ശക്തമായ വാദങ്ങളും നിരത്താതെ കോടതിയിൽ സ്വയം തോറ്റുകൊടുത്തുകൊണ്ട് സർക്കാർ വനഭൂമിയും സ്വത്തുക്കളും സ്വകാര്യവ്യക്തികൾക്ക് തീറെഴതുന്ന, പൊന്തൻപുഴ മാതൃകകൾ ആവർത്തിക്കപ്പെടുകയാണ്. പരമാവധി പിഎസ്‌സി പരീക്ഷ നടത്തലാണ് തങ്ങളുടെ പണിയെന്നും കാലഹരണപ്പെടുന്ന ലിസ്റ്റിന്റെ ആയുസ്സ് നീട്ടാൻ തയ്യാറല്ലെന്നും ധിക്കാരപൂർവ്വം പ്രഖ്യാപിക്കുന്ന സർക്കാരാണ് സംസ്ഥാനത്തുള്ളത്. എങ്ങിനെയാണ് യുവാക്കൾ ഈ സർക്കാരിന് വോട്ടു ചെയ്യുന്നത്? വിലക്കയറ്റം മാനം മുട്ടുമ്പോൾ എങ്ങിനെയാണ് സാധാരണ ജനങ്ങളും ഇടത്തരക്കാരും ഈ സർക്കാരിന് അനുകൂലമായി വിധിയെഴുതുന്നത്? എന്നിട്ടും ഈ സർക്കാരിന്റെ പ്രതിനിധിയായി മൽസരിച്ച സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു. എന്താണതിന്റെ കാരണം?
കഴിഞ്ഞ യുഡിഎഫ് ഭരണ കാലയളവിലും നാല് ഉപതെരഞ്ഞെടുപ്പുകൾ നടന്നിരുന്നു. അവയിൽ നാലിലും വിജയിച്ചത് യുഡിഎഫായിരുന്നു. ആ വിജയം നാലും നേടിയത് യുഡിഎഫ് ഭരണത്തെ ജനങ്ങൾ ശപിക്കുന്ന വേളയിൽത്തന്നെയായിരുന്നു. യുഡിഎഫിന്റെ വിജയത്തെ അവരുടെ ഭരണത്തോട് ജനങ്ങൾ കാട്ടിയ പിന്തുണയായി വിശദീകരിക്കാൻ കഴിയില്ലല്ലോ. ഇടതുമുന്നണിയുടെ നേതൃത്വം അന്ന് പറഞ്ഞതും അതായിരുന്നല്ലോ. ഇതിൽനിന്ന് വ്യക്തമാകുന്നത് എന്താണ്? തെരഞ്ഞെടുപ്പ് വിജയം നിർണ്ണയിക്കുന്നതിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന ജീവിതപ്രശ്‌നങ്ങൾ പ്രധാന മാനദണ്ഡമാകുന്നില്ല എന്നു തന്നെയാണ്. സർക്കാരുകളുടെ നയങ്ങളും തദ്വാര സൃഷ്ടിക്കപ്പെടുന്ന ജനജീവിതത്തിന്റെ ദുരിതങ്ങളും ഒരു തെരഞ്ഞെടുപ്പിന്റെയും ചർച്ചാ വിഷയമാകുന്നില്ല. അത്തരമൊരു ആരോഗ്യകരമായ ജനാധിപത്യ സംവാദം തെരഞ്ഞെടുപ്പ് വേദിയിൽനിന്ന് ഒഴിവാക്കുന്നതിൽ എല്ലാ മുന്നണികളും ശക്തമായൊരു സമവായത്തിൽ എത്തിയിരിക്കുന്നു. ജനങ്ങളെ ദ്രോഹിക്കുന്ന നയങ്ങളുടെ കാര്യത്തിൽ മുന്നണികൾ തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നതിനാൽ പ്രസ്തുത ചർച്ചകൾ എല്ലാ മുന്നണികളുടെയും തടിക്കുതട്ടുമെന്ന് എല്ലാ കൂട്ടർക്കും ഉത്തമ ബോദ്ധ്യമുണ്ട്. അതിനാലാണ് അവർ തെരഞ്ഞെടുപ്പ് വേദിയിൽ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഒഴിവാക്കുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ വേദിയിലും അതോ അതിലേറെയോ ആണ് നടന്നത്. പ്രചാരണ വേദിയിൽ ഒരു മുന്നണിയും ജനജവിതത്തിന്റെ അതീവ ഗുരുതരമായ പ്രശ്‌നങ്ങൾ ഉന്നയിച്ചില്ല. നാണം കെട്ടതും അറപ്പുളവാക്കുന്നതുമായ പ്രചാരണത്തിന്റെ പതിവ് സമ്പ്രദായങ്ങളെ ഇത്തവണ ചെങ്ങന്നൂർ കടത്തിവെട്ടി. ജാതി-മത വികാരങ്ങളെ പ്രീണിപ്പിക്കുന്നതിലും അത് പരമാവധി ഇളക്കിവിട്ട് വോട്ട് ഉറപ്പാക്കുന്നതിലും ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് സർവ്വകാല റെക്കോഡാണ് സൃഷ്ടിച്ചത്. ഇക്കാര്യത്തിൽ യുഡിഎഫിനെയും ബിജെപിയെയും കടത്തിവെട്ടാൻ ഇടതുമുന്നണിക്ക് കഴിഞ്ഞുവെന്നതാണ് ഈ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഏറ്റവും പ്രധാന കാരണം. വർഗ്ഗീയതയും ജാതീയതയും ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനുള്ള മത്സരത്തിൽ ബിജെപിയെയും പിന്നിലാക്കി സിപിഐ(എം). എല്ലാ ജാതി-മത സംഘടനകളുമായി ബന്ധപ്പെട്ട് അവർ വാഗ്ദാനങ്ങൾ നൽകിക്കൊണ്ടിരുന്നു. ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കും എന്നുള്ള ചില ജാതി സംഘടനാ നേതാക്കളുടെ പ്രസ്താവനകൾ ഇതിന്റെ ഫലമായിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിതന്നെ നേരിട്ട് ഇത്തരം നേതാക്കളെ സന്ദർശിച്ചിരുന്നു. ബിജെപിയും സംഘപരിവാറും ദേശീയ തലത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭൂരിപക്ഷ വർഗ്ഗീയ പ്രീണനവും ന്യൂനപക്ഷങ്ങൾക്കും ദളിത് വിഭാഗങ്ങൾക്കുംനേരെ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും കണ്ട് ഭയപ്പാടോടെ കഴിയുന്ന കേരളത്തിലെ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കുമുമ്പിൽ തങ്ങളാണ് യഥാർത്ഥ രക്ഷകർ എന്ന് സ്വയം അവതരിപ്പിച്ചതും അതിന്റെ പേരിൽ നടത്തിയ പ്രീണനവും ഈ വിഭാഗങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ചെങ്ങന്നൂരിൽ നടക്കുന്നത് ത്രികോണ മൽസരമാണെന്ന് സിപിഐ(എം) നേതാക്കൾ പരസ്യപ്രസ്താവന നടത്തിയത് ബിജെപി ജയിച്ചേക്കും എന്ന ഭയപ്പാടിന്റെ അന്തരീക്ഷം ന്യൂനപക്ഷങ്ങൾക്കിടയിൽ സൃഷ്ടിക്കുന്നതിനുവേണ്ടിയാണ്.
ക്രിസ്തീയ വിഭാഗങ്ങളിൽ വലിയൊരു പങ്കിനെ തങ്ങളുടെ പിറകിൽ അണിനിരത്തുന്നതിനായുള്ള കളമൊരുക്കലായിരുന്നു ക്രിസ്തീയ പശ്ചാത്തലമുള്ള സ്ഥാനാർത്ഥിയെ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി പിണറായി വിജയൻ പറഞ്ഞത് ”ഇതുവരെ ഞങ്ങളെ പിന്തുണയ്ക്കാത്ത ഒരു പ്രബല വിഭാഗം ഇത്തവണ പിന്തുണച്ചു” എന്നായിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുടങ്ങിയ ഈ പരീക്ഷണം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അവർ ആവർത്തിച്ചിരുന്നു. അതിന്റെ പൂർണ്ണവിജയമാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം. ബിജെപിയോടൊപ്പം കൂടിയിട്ടും നേട്ടങ്ങളൊന്നും ലഭിക്കാത്തതിനാൽ അതൃപ്തരായിരുന്ന എസ്എൻഡിപി- ബിഡിജെഎസ് നേതൃത്വത്തെ തങ്ങൾക്ക് അനുകൂലമാക്കാൻ സിപിഐ(എം) നടത്തിയ കുൽസിത നീക്കങ്ങൾ വിജയിച്ചതും എൽഡിഎഫിന് വലിയ നിലയിൽ അനുകൂലമായി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ എസ്എൻഡിപി നിലപാട് മാതൃകാപരമെന്നു ഇടതുനേതാക്കൾ സർട്ടിഫിക്കറ്റ് നലകിയത് ഉപകാരസ്മരണയുടെ ഭാഗമായിട്ടാണ്. ഇപ്രകാരം സർവ്വമാന ജാതി-മത ശക്തികളെയും ഏച്ചുകെട്ടിയും പ്രീണിപ്പിച്ചുമാണ് ഭരണത്തിനെതിരെയുള്ള ജനവികാരത്തെ എൽഡിഎഫ് മറികടന്നത്.

വൻതോതിൽ പണം കുത്തിയൊഴുക്കി നടത്തിയ ഒരു പ്രചാരണമാണ് ചെങ്ങന്നൂരിൽ ഉണ്ടായത്. കോടിക്കണക്കിന് രൂപ ചെലവാക്കി വിവിധതരം നോട്ടീസുകൾ, പോസ്റ്ററുകൾ, ഫ്‌ളെക്‌സ് ബോർഡുകൾ തുടങ്ങിയവ കുത്തിനിറച്ച് മണ്ഡലത്തെ ഒരു ഉത്സവപ്പറമ്പാക്കിമാറ്റി മുന്നണികൾ. ആയിരക്കണക്കിന് വാഹനങ്ങൾ അലങ്കരിച്ചും അല്ലാതെയും മണ്ഡലത്തിന് കുറുകയും നെടുകയും ഓടിച്ചു. ഈ പ്രചാരണത്തിൽ ഒരിടത്തും ജനങ്ങളോ ജനങ്ങളുടെ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെതന്നെ ഏറ്റവും ഭീമമായ തുകയാണ് ചെങ്ങന്നൂരിൽ ചെലവഴിച്ചത്. ഇതിൽ എന്തുകൊണ്ടും ഒന്നാം സ്ഥാനത്തായിരുന്നു ഇടത് ജനാധിപത്യ മുന്നണി.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ വൈകിയതുവഴി ലഭിച്ച മൂന്നു മാസം ഏറ്റവും പ്രയോജനപ്പെടുത്തിയത് ഇടതു മുന്നണിയായിരുന്നു. ഒരു പഞ്ചായത്തിൽ ഒരു മന്ത്രിയെ വീതമാണ് പ്രചാരണത്തിനായി നിയോഗിച്ചത്. സർക്കാർ വകുപ്പുകളെയും സർക്കാർ വാഹനങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളെയും എൽഡിഎഫിന്റെ പ്രചാരണത്തിനായി ഉപയോഗിച്ചു. യുഡിഎഫ് ഭരണനാളിൽ എങ്ങിനെയാണോ സർക്കാർ സംവിധാനം തെരഞ്ഞെടുപ്പ് വിജയത്തിനായി ദുരുപയോഗം ചെയ്യുന്നത് അതിന്റെ ഇരട്ടി കാര്യക്ഷമതയോടെ ഇടത് മുന്നണി പ്രവർത്തിച്ചു. വലിയ വാഗ്ദാനങ്ങളുമായി 2014ൽ കേന്ദ്രത്തിൽഅധികാരത്തിലെത്തിയ ബിജെപി വാക്കുപാലിച്ചില്ല എന്നുമാത്രമല്ല ശക്തമായ ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോവുകയാണ് ഉണ്ടായത്. പെട്രോളിയം ഉല്പന്നങ്ങളുടെ വിലവർദ്ധനവ്, തൊഴിൽരംഗത്തെ കരിനിയമങ്ങൾ, കുത്തകകൾക്ക് നൽകുന്ന ഇളവുകൾ, കർഷക ദ്രോഹം, പൊതുമേഖല പൊളിച്ചടുക്കൽ, ജിഎസ്ടി, നോട്ട് നിരോധനം അങ്ങനെപോകുന്നു ആക്രമണങ്ങൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവരെ പിന്തുണച്ച വലിയൊരു വിഭാഗം ജനങ്ങൾ ഇക്കുറി അവർക്കെതിരെ തിരിഞ്ഞതിൽ അത്ഭുതത്തിന് അവകാശമില്ല.

ബിജെപി സംഘടനാ രംഗത്ത് നേരിടുന്ന വെല്ലുവിളികളും അവരുടെ പരാജയത്തിൽ പങ്കുവഹിച്ചിട്ടുണ്ട്, കേരളത്തിൽ അധികാരത്തിന്റെ പരിസരത്തെങ്ങും എത്താൻ കഴിയുന്നില്ലെങ്കിലും കേന്ദ്രഭരണം ഉപയോഗപ്പെടുത്തി അഴിമതി നടത്താനുള്ള മെയ്‌വഴക്കം തങ്ങൾക്കുണ്ടെന്ന് ഇതിനകംതന്നെ അവർ തെളിയിച്ചിട്ടുണ്ട്. പാർട്ടിയിൽ അതിശക്തമായി നിലനിൽക്കുന്ന വിഭാഗീയതയും അധികാരമോഹവും ധനമോഹവുമായി നേരിട്ട് ബന്ധപ്പെട്ടതുതന്നെ. സംസ്ഥാന പ്രസിഡന്റിന് പോലും കസേരയിൽ ഉറച്ചിരിക്കാൻ കഴിയുന്നില്ല. എംപി സ്ഥാനം നൽകി കേന്ദ്രത്തിൽ അയച്ചിട്ടും മുൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയതും ബോധപൂർവ്വംതന്നെ. പരസ്പരം പാരവയ്ക്കുന്ന ഈ നേതാക്കന്മാർക്ക് കേരളം പോലൊരു സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പ് വിജയിപ്പിക്കാൻ കഴിയുമെന്ന് അവരുടെ കേന്ദ്ര നേതൃത്വംപോലും കരുതുന്നില്ല.
അധികാരം നഷ്ടപ്പെട്ട കോൺഗ്രസ് സംഘടനാപരമായി വളരെ ദുർബലാവസ്ഥയിലായിരുന്നു. അവരുടെ സ്ഥാനാർത്ഥി ബൂത്ത് അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ കാര്യമായി നടന്നില്ല എന്ന് പരസ്യമായി പറഞ്ഞു.സംസ്ഥാന സർക്കാരിന് എതിരെയുള്ള ജനവികാരം അനുകൂലമാകും എന്ന പ്രതീക്ഷയിലായിരുന്നു അവർ. കോൺഗ്രസിലെ ഗ്രൂപ്പ് പോരും പരാജയത്തിന് വഴിയൊരുക്കി. അവസാന നിമിഷം രംഗത്തെത്തിയ മാണി വിഭാഗത്തോട് കോൺഗ്രസിൽ ഒരു വിഭാഗത്തിനും തിരിച്ചുമുള്ള അതൃപ്തി സജീവമായി നിലനിന്നു. ഒരാളും ജയിക്കാൻ എതിർകൂട്ടർ അനുവദിക്കില്ല എന്ന നിലയിലാണ് കാര്യങ്ങൾ. അപ്പോൾപിന്നെ എത്ര അനുകൂല സാഹചര്യമുണ്ടായിട്ടും ഫലമില്ലല്ലോ.

ഈ തെരഞ്ഞെടുപ്പ് ഫലം പക്ഷേ, ജനങ്ങളെ ചില കർത്തവ്യങ്ങൾ ഗൗരവത്തോടെ ഓർമ്മിപ്പിക്കുന്നുണ്ട്. ഏതൊരു സ്ഥാനാർത്ഥിയെയും അയാൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെയും അവരുടെ നയങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തി വോട്ടു ചെയ്യണമെന്നത് അതിൽ പ്രധാനമാണ്. ജനതാല്പര്യത്തെ പ്രതിനിധീകരിക്കുന്ന സ്ഥാനാർത്ഥിയെ ജയ-പരാജയ സാദ്ധ്യതകൾ പരിഗണിക്കാതെ പിന്തുണയ്ക്കുവാൻ മുന്നോട്ട് വരണമെന്നതും പ്രധാനംതന്നെ. അല്ലാത്തപക്ഷം ജനവിരുദ്ധമായ മുന്നണികളെയോ പാർട്ടികളെയോ മാറിമാറി തെരഞ്ഞെടുക്കാൻ വിധിക്കപ്പെട്ടവരാക്കി ജനങ്ങളെ തളച്ചിടുന്ന മുതലാളിവർഗ്ഗ ഗൂഢാലോചനയ്ക്ക് നാം ഇരയായിക്കൊണ്ടേയിരിക്കും.

Share this