ചിറ്റൂരില്‍ അയ്യന്‍കാളി നയിച്ച കര്‍ഷകത്തൊഴിലാളിസമരത്തിന്റെ ശതാബ്ദിയാചരണം

Spread our news by sharing in social media

അയ്യന്‍കാളി നയിച്ച കര്‍ഷകത്തൊഴിലാളിസമരത്തിന്റെ ശതാബ്ദിയാചരണത്തിന്റെ ഭാഗമായി ചിറ്റൂര്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് അയ്യന്‍കാളിയും കേരളനവോത്ഥാനവും എന്ന വിഷയത്തില്‍ ചര്‍ച്ചാസമ്മേളനം നടന്നു.

ഡോ.എന്‍.എ.കരിം ചെയര്‍മാനായി സംസ്ഥാനതലത്തില്‍ രൂപീകൃതമായിട്ടുള്ള ആചരണക്കമ്മിറ്റിയുടെ പാലക്കാട് ജില്ലാഘടകത്തിന്റെയും ബാനര്‍ സാംസ്‌കാരികസമിതി ചിറ്റൂര്‍ ഘടകത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ആചരണക്കമ്മിറ്റി പാലക്കാട് ജില്ലാഘടകം ചെയര്‍മാനും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ.പി.എസ്.പണിക്കരുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സംസ്ഥാനകണ്‍വീനര്‍ ജി.എസ്.പത്മകുമാര്‍ വിഷയാവതരണം നടത്തി. അഡ്വ.പി.ജയപാലമേനോന്‍, പ്രൊഫ.കെ.ശശികുമാര്‍, പ്രൊഫ.ടി.വി.ശശി, വിളയോടി വേണുഗോപാല്‍, പി.ആര്‍.ജയശീലന്‍, എം.ശിവകുമാര്‍, എ.കണ്ടച്ചാമി, മുരളി തരൂര്‍, കെ.അബ്ദുള്‍ അസീസ്, കെ.എം.ബീവി എന്നിവര്‍ പ്രസംഗിച്ചു. കെ.കേശവന്‍കുട്ടി സ്വാഗതവും പി.മണികണ്ഠന്‍ കൃതജ്ഞതയും പറഞ്ഞു.

നവോത്ഥാനം ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യമൂല്യങ്ങള്‍ക്ക് കേരളീയസമൂഹത്തില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അയ്യന്‍കാളിയെപ്പോലുള്ള നവോത്ഥാന നായകന്മാരുടെ ജീവിതവും മൂല്യങ്ങളും അനുസ്മരിക്കുന്നതിന് വലിയ സാമൂഹ്യ പ്രസക്തിയുണ്ടെന്ന് ഡോ.പി.എസ്.പണിക്കര്‍ പറഞ്ഞു. ജനാധിപത്യവിശ്വാസികള്‍ക്ക് അയ്യന്‍കാളിയുടെ പ്രസ്ഥാനത്തില്‍ നിന്ന് വിലപ്പെട്ട പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ടെന്ന് അഡ്വ.പി.ജയപാലമേനോന്‍ പറഞ്ഞു. നവോത്ഥാനമാണ് കേരളത്തില്‍ മനുഷ്യനെ സൃഷ്ടിച്ചതെന്നും ആ മഹത്തായ പ്രസ്ഥാനത്തില്‍ അയ്യന്‍കാളി വഹിച്ചത് അദ്വിതീയമായ സ്ഥാനമാണെന്നും പ്രൊഫ.കെ.ശശികുമാര്‍ പറഞ്ഞു.

നവോത്ഥാനാദര്‍ശങ്ങളായ ജനാധിപത്യവും മതേതരത്വവും പ്രഭാഷണത്തിലൊതുക്കുകയും പ്രവൃത്തിയില്‍ വരുത്താതിരിക്കുകയും ചെയ്യുന്നുവെന്നതാണ് കേരളത്തിന്റെ സാംസ്‌കാരികജീവിതത്തിന്റെ ദുഃസ്ഥിതിയെന്ന് പ്രൊഫ.ടി.വി.ശശി ചൂണ്ടിക്കാട്ടി. അധഃസ്ഥിത ജനതയുടെ അതിജീവനസമരങ്ങള്‍ക്ക് ഇന്നും ഊര്‍ജ്ജം പകരുന്നവയാണ് അയ്യന്‍കാളി നയിച്ച അവകാശസമരങ്ങളെന്ന് വിളയോടി വേണുഗോപാല്‍ പറഞ്ഞു. അയ്യന്‍കാളി നയിച്ച കര്‍ഷകത്തൊഴിലാളിസമരത്തിന്റെ ശതാബ്ദിയാചരണത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നവോത്ഥാനശക്തി എന്ന ശീര്‍ഷകത്തിലുള്ള ഫോട്ടോ പോസ്റ്റര്‍ പ്രദര്‍ശനം, ചര്‍ച്ചകള്‍, സെമിനാറുകള്‍ തുടങ്ങി പരിപാടികള്‍ ജില്ലയിലുടനീളം സംഘടിപ്പിക്കാനുദ്ദേശിക്കുന്നതായി ആചരണസമിതി ജില്ലാകണ്‍വീനര്‍ കെ.അബ്ദുള്‍ അസീസ് അറിയിച്ചു.

Share this