നേപ്പാള്‍ ദുരിതാശ്വാസഫണ്ട്‌ പ്രചണ്‌ഡയ്‌ക്ക്‌ കൈമാറാനായി എസ്‌യുസിഐ(സി) പോളിറ്റ്‌ബ്യൂറോ അംഗം കൃഷ്‌ണചക്രവര്‍ത്തി കാഠ്‌മണ്‌ഡുവിലേയ്‌ക്ക്‌

Spread our news by sharing in social media

നേപ്പാള്‍ ഭൂകമ്പദുരിതാശ്വാസത്തിനായി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്‌ സമാഹരിച്ച ഫണ്ട്‌ യുണൈറ്റഡ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ നേപ്പാള്‍ – മാവോയിസ്റ്റ്‌ (UCPN-Maoist)ചെയര്‍മാന്‍ പ്രചണ്‌ഡയ്‌ക്ക്‌ നേരിട്ട്‌ കൈമാറുന്നതിനായി എസ്‌യുസിഐ(സി) പോളിറ്റ്‌ ബ്യൂറോ അംഗം കൃഷ്‌ണചക്രവര്‍ത്തി നാളെ കാഠ്‌മണ്‌ഡുവിലേയ്‌ക്ക്‌ പോകുന്നതാണ്‌. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗവും ഹര്യാന സംസ്ഥാനസെക്രട്ടറിയുമായ സത്യവാനും അദ്ദേഹത്തെ അനുഗമിക്കും.

എസ്‌യുസിഐ(സി)യുടെ ആഭിമുഖ്യത്തിലുള്ള മൂന്ന്‌ മെഡിക്കല്‍ ടീമുകള്‍ യുസിപിഎന്‍ മാവോയിസ്റ്റ്‌ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ഇപ്പോള്‍ നേപ്പാളില്‍ ദുരിതാശ്വാസപ്രവര്‍ത്തനം നടത്തിവരികയാണ്‌.

മേയ്‌ 13-ന്‌ എസ്‌യുസിഐ(സി) കേന്ദ്രകമ്മിറ്റി യുസിപിഎന്‍(മാവോയിസ്റ്റ്‌) നേതൃത്വത്തിനയച്ച കത്തില്‍, പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ്‌ യുസിപിഎന്‍ ചെയര്‍മാന്‍ പ്രചണ്‌ഡയെയോ മറ്റേതെങ്കിലും മുതിര്‍ന്ന നേതാവിനെയോ നേരിട്ട്‌ കണ്ട്‌ ദുരിതാശ്വാസഫണ്ട്‌ കൈമാറാനും കൂടിക്കാഴ്‌ച നടത്താനും താല്‌പര്യപ്പെടുന്നുവെന്നറിയിച്ചുകൊണ്ട്‌ അതിന്‌ ഒരു തിയ്യതി നിശ്ചയിച്ചറിയിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുകയുണ്ടായി. മേയ്‌ 15-ന്‌ യുസിപിഎന്‍ അയച്ച മറുപടിയില്‍ എസ്‌യുസിഐ(സി)യുടെ തൊഴിലാളിവര്‍ഗ്ഗ സാര്‍വ്വദേശീയ മനോഭാവത്തെയും പ്രവര്‍ത്തനത്തെയും ശ്ലാഘിക്കുകയും മേയ്‌ 22-ന്‌ രാവിലെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) നേതാവുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ പ്രചണ്‌ഡ സന്നദ്ധനാണെന്ന്‌ അറിയിക്കുകയുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ്‌ കൃഷ്‌ണചക്രവര്‍ത്തി കാഠ്‌മണ്‌ഡുവിലെത്തുന്നത്‌.

Share this