നിര്‍മ്മാണത്തൊഴിലാളികളുടെ കോട്ടയം കലക്‌ട്രേറ്റ് മാര്‍ച്ച്

Spread our news by sharing in social media

നിര്‍മ്മാണ മേഖലയിലെ തൊഴില്‍ സ്തംഭനം ഉടന്‍ പരിഹരിക്കുക.
നിര്‍മ്മാണത്തൊഴിലാളികളുടെ കോട്ടയം കലക്‌ട്രേറ്റ് മാര്‍ച്ച്

നിര്‍മ്മാണ മേഖലയിലെ തൊഴില്‍ സ്തംഭനം ഉടന്‍ പരിഹരിക്കുക, അവശ്യനിത്യോപയോഗ സാധനങ്ങളുടെയും നിര്‍മ്മാണസാമഗ്രികളുടെയും വിലക്കയറ്റം തടയുക, തൊഴില്‍ പുനരാരംഭിക്കുംവരെ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും പ്രത്യേക ധനസഹായം നല്‍കുക, മിനിമം പെന്‍ഷന്‍ 2000 രൂപയായും മറ്റ് ആനുകൂല്യങ്ങള്‍ ഇരട്ടിയായും വര്‍ദ്ധിപ്പിക്കുക, ക്ഷേമനിധി അംഗത്വത്തിന് ആധാര്‍ നിര്‍ബന്ധമാക്കരുത്, നിര്‍മ്മാണത്തൊഴിലാളികളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, നിര്‍മ്മാണമേഖലയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം (എഉക) അനുവദിക്കുവാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ 11 ഡിമാന്റുകള്‍ ഉന്നയിച്ചുകൊണ്ട് ആഗസ്റ്റ് 25ന് കോട്ടയം ജില്ലാ കളക്‌ട്രേറ്റിലേക്ക് കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെയും ആള്‍ ഇന്ത്യ യുണൈറ്റഡ് ട്രേഡ്‌യൂണിയന്‍ സെന്ററി(എഐയുറ്റിയുസി)ന്റെയും സംയുക്ത നേതൃത്വത്തില്‍ നിര്‍മ്മാണതൊഴിലാളികള്‍ മാര്‍ച്ച് നടത്തി. ആള്‍ ഇന്ത്യ യുറ്റിയുസി സംസ്ഥാന വൈസ് പ്രസിഡന്റും കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ട്രഷററുമായ സഖാവ് പി.എം.ദിനേശന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമായി എല്ലാ തൊഴില്‍ മേഖലകളും തകര്‍ന്നടിഞ്ഞപ്പോള്‍ അല്പമെങ്കിലും തൊഴില്‍ സാധ്യത നിലനിന്നിരുന്നത് നിര്‍മ്മാണ മേഖലയിലായിരുന്നുവെന്നും നിര്‍മ്മാണ സാമഗ്രികളുടെ ഭീകരമായ വിലക്കയറ്റം ഈ മേഖലയെയും തകര്‍ത്തിരിക്കുന്നുവെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. മാസങ്ങളായി നിര്‍മ്മാണമേഖലയില്‍ പണിയില്ല. തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലും ദുരിതത്തിലുമാണ്. ഈ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര സഹായമെത്തിക്കണം.

തൊഴിലാളികള്‍ അടച്ച 600 കോടിയിലേറെ രൂപ ക്ഷേമനിധിഫണ്ടില്‍ കെട്ടിക്കിടക്കുമ്പോള്‍ അതിലെ അംഗങ്ങളായ തൊഴിലാളികള്‍ പട്ടിണിയിലാണ്. ആയതിനാല്‍ ശക്തമായ ബഹുജനപ്രക്ഷോഭം വളര്‍ത്തിയെടുക്കുവാന്‍ തൊഴിലാളികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡ്യ സ്വതന്ത്രമാകുന്ന കാലത്തുതന്നെ തൊഴിലാളികള്‍ പൊരുതി നേടിയ തൊഴിലവകാശങ്ങളും, നിയമങ്ങളും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി പൊളിച്ചെഴുതുകയാണ് മോഡി സര്‍ക്കാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപം കൊണ്ടിട്ടുള്ള ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് കുത്തകകള്‍ക്ക് വ്യാവസായിക ആവശ്യങ്ങള്‍ക്കായി പണം കൊടുക്കുമ്പോഴും അതില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ചില്ലിത്തുട്ടുപോലും കൊടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സങ്കുചിത കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ബോര്‍ഡിനെ കാര്യക്ഷമവും ജനാധിപത്യപരവുമാക്കിത്തീര്‍ക്കുവാന്‍ തൊഴിലാളികളുടെ യോജിച്ച പ്രക്ഷോഭം വളര്‍ത്തിയെടുക്കണമെന്നും എഐയുറ്റിയുസി ജില്ലാ പ്രസിഡന്റ് സഖാവ് കെ.പി. വിജയന്‍ അഭിവാദ്യപ്രസംഗത്തില്‍ പറഞ്ഞു.

എഐയുറ്റിയുസി ജില്ലാ സെക്രട്ടറിയും കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റുമായ വി.പി കൊച്ചുമോന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.എന്‍.രാജന്‍ സ്വാഗതം ആശംസിച്ചു. എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടേറിയറ്റംഗം സഖാവ് എന്‍.കെ. ബിജു, എഐയുറ്റിയുസി നേതാക്കളായ സഖാക്കള്‍ എം.കെ.കണ്ണന്‍, എ.ജി.അജയകുമാര്‍, കെ.എസ്.ചെല്ലമ്മ, കെ.ജെ.ജോയി, റ്റി.എം.ബോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നിന്നാരംഭിച്ച പ്രകടനത്തിന് കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാക്കളായ സഖാക്കള്‍ ബെന്നി ദേവസ്യാ, കെ.പി. പ്രസാദ്, പി.സി. മധു, പി.ജെ.ചാക്കോ, ഷീബാ സാലു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share this