സിപിഐ 23-ാം പാർട്ടി കോൺഗ്രസ്സിൽ എസ്‌യുസിഐ(സി) കേന്ദ്രകമ്മിറ്റിയംഗം സഖാവ് ശങ്കർ സാഹ പങ്കെടുത്തു

Spread our news by sharing in social media

2018 ഏപ്രിൽ 26ന് കൊല്ലത്ത് നടന്ന സിപിഐ  23-ാം പാർടി കോൺഗ്രസിൽ എസ്‌യുസിഐ(സി) കേന്ദ്രകമ്മിറ്റിയംഗം സഖാവ് ശങ്കർ സാഹ ചെയ്ത പ്രസംഗം

സഖാക്കളെ,

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്) കേന്ദ്ര കമ്മിറ്റിയുടെ പേരിൽ ഈ കോൺഗ്രസ്സിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്ന നിങ്ങൾക്കേവർക്കും ഊഷ്മളമായ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. സാമ്രാജ്യത്വ-മുതലാളിത്ത ലോകത്താകെ തൊഴിലെടുക്കുന്നവർ മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തിൽ സർവ്വതലസ്പർശിയായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കാലയളവിലാണ് നിങ്ങളുടെ ഈ പാർടി കോൺഗ്രസ് നടക്കുന്നത്. രൂക്ഷമായ ഈ പ്രതിസന്ധി സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ മാത്രമല്ല സാസ്‌കാരിക, നൈതിക, സദാചാര മേഖലകളിലാകെ പടർന്നിരിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കുറ്റകൃത്യങ്ങൾ പൈശാചികരൂപം പൂണ്ടിരിക്കുന്നു എന്നുമാത്രമല്ല അധികാരത്തിലിരിക്കുന്നവർ അതൊരു രാഷ്ട്രീയായുധമാക്കി മാറ്റുകയുമാണ്. തൊഴിലെടുക്കുന്നവരുടെ ജീവിതം അങ്ങേയറ്റം പരിതാപകരവും ദുസ്സഹവുമായിത്തീർന്നിരിക്കുന്നു. ലോക സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ ആസ്ഥാനമായ അമേരിക്കയിലടക്കം ചൂഷിത ജനവിഭാഗങ്ങൾ പൊറുതിമുട്ടി സ്വാഭാവികമായിത്തന്നെ പ്രതിഷേധവുമായി തെരുവിലണയുകയാണ്. ആഗോള കമ്പോളത്തിലുള്ള മേധാവിത്വം വിപുലപ്പെടുത്തുന്നതിനായി, യുദ്ധദാഹികളായ സാമ്രാജ്യത്വശക്തികൾ, വിശേഷിച്ച് അമേരിക്കൻ സാമ്രാജ്യത്വം വിവിധ രാജ്യങ്ങളിൽ ഒന്നിനുപിറകെ ഒന്നായി യുദ്ധങ്ങൾ കുത്തിപ്പൊക്കുകയാണ്. സിറിയയ്ക്കുമേലുള്ള യുദ്ധം ഇതിൽ ഒടുവിലത്തേതാണ്.
സോഷ്യലിസ്റ്റ് ചേരിയുടെ വേദനാകരമായ തകർക്കലിനുശേഷമുള്ള മാറിയ ലോകസാഹചര്യത്തിൽ, വർദ്ധിതവേഗത്തിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചെടുത്തിരുന്ന ഇന്ത്യൻ ഭരണമുതലാളിവർഗം ഇന്ന് ആഗോള കമ്പോളത്തിൽ കൂടുതൽ പങ്ക് കരസ്ഥമാക്കാനുള്ള ശ്രമത്തിലാണ്. ലോകവ്യാപാര സംഘടനയിൽ അംഗത്വമെടുത്തുകൊണ്ട് മുൻ കോൺഗ്രസ് ഗവൺമെന്റ് ഇതിന് പാതയൊരുക്കിയിരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെയടക്കം വിലയിൽ വന്നുകൊണ്ടിരിക്കുന്ന കടിഞ്ഞാണില്ലാത്ത വർദ്ധന, പട്ടിണി മരണങ്ങൾ, കാർഷികോല്പന്നങ്ങൾ ചുളുവിലയ്ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്ന സ്ഥിതി, വർദ്ധിച്ചുവരുന്ന കർഷക ആത്മഹത്യ, തൊഴിലില്ലായ്മയുടെ ഭീതിജനകമായ വർദ്ധന, തൊഴിൽ സുരക്ഷയില്ലായ്മ തുടങ്ങി നിർദ്ദയമായ മുതലാളിത്ത ചൂഷണത്തിന്റെ ഫലമായുണ്ടായ കെടുതികളെല്ലാംകൂടി ജനജീവിതം താറുമാറാക്കിയിരിക്കുന്നു. സാമ്പത്തിക മേഖലയിൽ ബിജെപി ഗവൺമെന്റും മുൻ കോൺഗ്രസ് ഗവൺമെന്റും തമ്മിൽ യാതൊരു അന്തരവുമില്ല എന്ന് വ്യക്തമാണ്. കോടിക്കണക്കിന് തൊഴിലാളികളെ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ പിഴിഞ്ഞൂറ്റി ലാഭം പരമാവധി വർദ്ധിപ്പിക്കാൻ കുത്തകകൾക്ക് ഒത്താശചെയ്യുന്ന ഇരുവരും ഇന്ത്യൻ മുതലാളി വർഗ്ഗത്തിന്റെ താല്പര്യമാണ് സംരക്ഷിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിൽ നടക്കുന്ന ആക്രമണവും ശാസ്ത്രീയ ചിന്താഗതിയുടെയും മനോഭാവത്തിന്റെയും മേലുള്ള കടന്നുകയറ്റവുമൊക്കെ കടുത്ത ആശങ്കയുളവാക്കുന്നതാണ്. കടുത്ത ഹിന്ദു വർഗ്ഗീയ ശക്തിയായ ആർഎസ്എസിന്റെ രാഷ്ടീയ സംഘടനയായ ബിജെപി അദ്ധ്വാനിച്ച് ജീവിക്കുന്നവരുടെ ഐക്യം തകർക്കാനായി അന്ധവിശ്വാസങ്ങളും വർഗീയതയും ജാതീയതയുമൊക്കെ ഊട്ടിവളർത്തുകയാണ്. മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞുകൊണ്ട്, വോട്ട് ബാങ്ക് വിപുലപ്പെടുത്താനായി മുമ്പ് കോൺഗ്രസ് ചെയ്ത അതേ കുറ്റം ബിജെപി, അതിന്റെ ഫാസിസ്റ്റ് ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി ആവർത്തിക്കുകയാണ്. ഇന്ത്യൻ കുത്തകകളുടെയും കോർപ്പറേറ്റുകളുടെയും താല്പര്യാർത്ഥം കൂടുതൽ അക്രമണോത്സുകമായും നഗ്നമായും അന്ധമായും ഭ്രാന്തമായും ഈ ജനവിരുദ്ധപാത പിന്തുടരുന്നു ബിജെപി. ഭരണവർഗ്ഗത്തിന്റെയും അവരുടെ സേവകരായ ഗവൺമെന്റുകളുടെയും വർദ്ധിച്ചുവരുന്ന ഈ ആക്രമണങ്ങളെ ചെറുക്കാനായി യോജിച്ച, ജനാധിപത്യ, മതേതര, വർഗ്ഗ-ബഹുജന സമരങ്ങൾ രാജ്യവ്യാപകമായി വളർത്തിയെടുക്കുകയാണ് ഇന്നത്തെ അടിയന്തര കർത്തവ്യം. ‘ഐക്യം-സമരം-ഐക്യം’ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരമൊരു സമരവേദി പടുത്തുയർത്താനായി മുൻകയ്യെടുക്കാനുള്ള ഉത്തരവാദിത്വം ചരിത്രപരമായിത്തന്നെ ഇടതുപാർട്ടികളിൽ അർപ്പിതമാണ്.

ഗവൺമെന്റുകൾ മാറുമ്പോഴും തിരശ്ശീലയക്കുപിന്നിൽനിന്ന് ഭരണവർഗ്ഗം ആവിഷ്‌കരിക്കുന്ന നയങ്ങളിലും ഭരണകൂടത്തിന്റെ ചൂഷണ സ്വഭാവത്തിലും യാതൊരു മാറ്റവുമുണ്ടാകുന്നില്ല എന്നതാണ് മാർക്‌സിസം-ലെനിനിസം നൽകുന്ന പാഠവും സ്വതന്ത്ര ഇന്ത്യയുടെ കഴിഞ്ഞ 70 വർഷക്കാലത്തെ അനുഭവവും നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ പാർലമെന്റേതര സമരങ്ങൾക്ക് പ്രാമുഖ്യംകൊടുക്കുകയും അതുവഴി ബൂർഷ്വാ പാർലമെന്ററി സംവിധാനത്തിലുള്ള വ്യാമോഹത്തിൽ നിന്ന് ജനങ്ങളെ മുക്തരാക്കുകയുമാണ് ഇടതുപക്ഷ ഐക്യത്തിന്റെ മുന്നിലുള്ള സുപ്രധാന കടമ. ഇടതുപക്ഷ മുന്നേറ്റത്തിന്റെ ആത്യന്തിക ദൗത്യമാകട്ടെ, മാർക്‌സിസം-ലെനിനിസമെന്ന മഹത്തായ പ്രത്യയശാസ്ത്രം വിഭാവനചെയ്യുംവിധം ചൂഷണ രഹിതമായ സമൂഹം സ്ഥാപിക്കലും. നിങ്ങളുടെ പാർടി കോൺഗ്രസിന് വമ്പിച്ച വിജയം നേർന്നുകൊണ്ട് നിർത്തട്ടെ.
ഇടതുപക്ഷ ഐക്യം നീണാൾ വാഴട്ടെ, മാർക്‌സിസം-ലെനിനിസം നീണാൾവാഴട്ടെ, തൊഴിലാളിവർഗ്ഗ സാർവ്വദേശീയത നീണാൾവാഴട്ടെ.

Share this