സിപിഐ(എം) 22-ാം പാർട്ടി കോൺഗ്രസ്സിൽ എസ്‌യുസിഐ(സി) പൊളിറ്റ്ബ്യൂറോ മെമ്പർ സഖാവ് അസിത് ഭട്ടാചാര്യ 2018 ഏപ്രിൽ 8ന് ചെയ്ത പ്രസംഗം

Spread our news by sharing in social media

2018 ഏപ്രിൽ 8ന് ഹൈദരാബാദിൽ നടന്ന സിപിഐ(എം) 22-ാം പാർട്ടി കോൺഗ്രസ്സിൽ എസ്‌യുസിഐ(സി) പൊളിറ്റ്ബ്യൂറോ മെമ്പർ സഖാവ് അസിത് ഭട്ടാചാര്യ ചെയ്ത പ്രസംഗം

സഖാക്കളെ,

ഹൈദരാബാദിൽ നടക്കുന്ന നിങ്ങളുടെ 22-ാം പാർട്ടി കോൺഗ്രസ്സുമായി ബന്ധപ്പെട്ട ഗംഭീരമായ ഈ സമ്മേളനത്തിൽ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്) പാർട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ഞാൻ ആദ്യമായി ഊഷ്മളമായ അഭിവാദ്യങ്ങൾ അർപ്പിക്കട്ടെ. രാജ്യമാകെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാൽ പുളയുന്ന സമയമാണിത്. വ്യവസായ മേഖലയാകെ സ്തംഭിക്കുകയും രാജ്യം മാന്ദ്യത്തിന്റെ പിടിയിൽ അമരുകയും ചെയ്യുകയാണ്. ജനസംഖ്യയുടെ 95 ശതമാനം വരുന്ന അദ്ധ്വാനിച്ച് ജീവിക്കുന്നവർക്ക് ജീവൻ നിലനിർത്താൻ നന്നേ ക്ലേശിക്കേണ്ടിവരുന്നു. ജനങ്ങളിൽ നല്ലൊരുപങ്ക് വരുന്ന ദരിദ്ര-ഇടത്തരം കർഷകർ പിടിച്ചുനിൽക്കാനാകാതെ ആത്മഹത്യയിൽ അഭയംതേടുകയാണ്. മുതലാളിത്ത വാഴ്ചയാണ് അസഹനീയമായ ഈ സ്ഥിതിക്ക് കാരണമെന്ന് പറയേണ്ടതില്ലല്ലോ. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ആർഎസ്എസ്-ബിജെപി ഭരണം ആരംഭിച്ചതോടെ മുതലാളിത്ത ചൂഷണത്താൽ നട്ടംതിരിയുന്ന ജനങ്ങളുടെ ജീവിതത്തിനുനേർക്ക് പുതിയ ഭീഷണികൂടി ഉയർന്നിരിക്കുകയാണ്. ഭരണകൂട പിന്തുണയോടെ രാജ്യത്തെവിടെയും വർഗ്ഗീയ കലാപങ്ങളും കൊലപാതകങ്ങളും ആക്രമണങ്ങളും ചിട്ടയായ ആസൂത്രണത്തോടെ നടപ്പിലാക്കിക്കൊണ്ട് അവർ സാമൂഹ്യാന്തരീക്ഷമാകെ വിഷലിപ്തമാക്കിയിരിക്കുന്നു. ബോധപൂർവ്വം മതഭ്രാന്ത് വളർത്തിയെടുക്കുന്ന ഈ ശക്തികൾ രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്നു എന്നതാണ് ഏറ്റവും മാരകമായിട്ടുള്ളത്. ഫാസിസം മനുഷ്യരാശിയുടെ ഏറ്റവും കൊടിയ ശത്രുവാണ്.
അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങൾ ഇപ്രകാരം തീർത്തും നിസ്സഹായരായിരിക്കുന്ന ഈ സാഹചര്യത്തിൽ, ഭ്രാന്തമായ ഈ വർഗ്ഗീയ ശക്തിക്ക് തടയിടാനായി ഐതിഹാസികമായ ജനകീയ മുന്നേറ്റം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു രാഷ്ട്രീയകാതലിന് രൂപംനൽകാൻ ഇടതുപക്ഷ ശക്തികൾ ബാദ്ധ്യസ്ഥരായിരിക്കുന്നു. ഇതിനായി മറ്റ് ജനാധിപത്യ-മതേതര ശക്തികളുമായി ചേർന്ന് വിശാലമായ ഐക്യനിര പടുത്തുയർത്തുകയുംവേണം. അതോടൊപ്പം, ഏല്ലാ ബിജെപി വിരുദ്ധ ശക്തികളും മതേതര സ്വഭാവമുള്ളവരല്ല എന്ന കാര്യം ഓർക്കുകയുംവേണം.
യഥാർത്ഥ മതേതരത്വം ചരിത്രത്തിൽ ഉദയംചെയ്തത് ജന്മിത്തത്തിനെതിരായ ജനകീയ മുന്നേറ്റത്തിലൂടെയാണ്. ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്കുമേൽ മതം പിടിമുറുക്കുന്നതിനെതിരായ ആ പോരാട്ടം, ഭരണകൂട പ്രവർത്തനങ്ങൾ മതത്തിനതീതമായി മാറുന്നതിലും സാമൂഹ്യ ബന്ധങ്ങൾ മതത്തിന്റെ സ്വാധീനത്തിൽ നിന്നും മുക്തമാകുന്നതിലുമാണ് കലാശിച്ചത്. കാലം മുന്നേറിയതോടെ മതേതരത്വവും ശാസ്ത്രീയ-ജനാധിപത്യ വീക്ഷണവും പരസ്പരം വേർപെടുത്താനാകാത്തവിധം ഒന്നായി തീരുകയായിരുന്നു. ഈ വികാസത്തിന്റെ പാരമ്യത്തിൽ മതാന്ധതയിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും ജനങ്ങൾ മോചിതരായി.
രാജ്യത്തെ ആകമാന സാഹചര്യം, വിശേഷിച്ച് ആർഎസ്എസ്-ബിജെപി ശക്തികളുടെ അപകടകരമായ വളർച്ച, പരിഗണിക്കുമ്പോൾ 1975 ലെ അടിയന്തരാവസ്ഥയ്ക്ക് മുൻപ് വളർന്നുവന്നതുപോലുള്ള, ശക്തമായൊരു ഇടതുപക്ഷ മുന്നേറ്റം രാജ്യവ്യാപകമായി പുനരുജ്ജീവിപ്പിച്ചെടുക്കുക എന്നത് അടിയന്തരാവശ്യകതയാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ജാതി, മതം,ഭാഷ തുടങ്ങിയവയ്‌ക്കൊക്കെ അതീതമായി, ജനജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങൾ കേന്ദ്രീകരിച്ച്, നിരന്തരമായ ജനകീയ പ്രക്ഷോഭങ്ങൾ, അധ്വാനിച്ച് ജീവിക്കുന്ന ജനവിഭാഗങ്ങളെയാകെ അണിനിരത്തിക്കൊണ്ട് വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ. വീറുറ്റ ജനാധിപത്യ സമരങ്ങൾ സംഘടിപ്പിക്കുമ്പോൾ, അതിന് അനുപൂരകവും അനുയോജ്യവുമായ നടപടികൾ നിയമനിർമ്മാണ സഭകളിലുമുണ്ടാകണമെന്നത് ശരിയാണെങ്കിലും സഭകൾക്ക് പുറത്ത് നടക്കുന്ന, പാർലമെന്റേതരമായ സമരങ്ങളാണ് പ്രഥമവും നിർണ്ണായക പ്രാധാന്യമുള്ളതുമെന്ന കാര്യം നമ്മൾ മറന്നുകൂടാ. ഇത്രയും പറഞ്ഞുകൊണ്ട് ഈ ലഘു പ്രസംഗം അവസാനിപ്പിക്കുകയാണ്. ഒരിക്കൽ കൂടി സഖാക്കളെ നിങ്ങൾക്കേവർക്കും ഞങ്ങളുടെ അഭിവാദ്യങ്ങൾ.

Share this