സിപിഐ(എംഎൽ) ലിബറേഷന്റെ 10-ാം പാർട്ടി കോൺഗ്രസ്സിൽ എസ്‌യുസിഐ(സി) കേന്ദ്രകമ്മിറ്റിയംഗം സഖാവ് സത്യവാൻ പങ്കെടുത്തു

Spread our news by sharing in social media

2018 മാർച്ച് 24ന് പഞ്ചാബിലെ മൻസയിൽ നടന്ന സിപിഐ(എംഎൽ) ലിബറേഷന്റെ 10-ാം പാർട്ടി കോൺഗ്രസ്സിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗം സഖാവ് സത്യവാൻ ചെയ്ത പ്രസംഗം

സഖാക്കളെ,
നിങ്ങളുടെ പാർട്ടി കോൺഗ്രസിന്റെ ഈ പൊതുസമ്മേളനത്തിൽ ആദ്യമേതന്നെ എസ്‌യുസിഐ(സി) കേന്ദ്രകമ്മിറ്റിയുടെ വിപ്ലവാഭിവാദ്യങ്ങൾ ഞാൻ അർപ്പിക്കുകയാണ്. നമ്മുടെ രാജ്യവും ലോകമാകെയും രൂക്ഷമായ പ്രതിന്ധിയിലകപ്പെട്ടിരിക്കുന്ന സമയമാണിത്. എല്ലാ പ്രതിസന്ധിക്കും പരിഹാരമാകുമെന്ന അവകാശവാദവുമായി ഇന്ത്യയടക്കം മുഴുവൻ സാമ്രാജ്യത്വ രാജ്യങ്ങളും നടപ്പിലാക്കിയ മുതലാളിത്ത ആഗോളീകരണം ഒരു പൂർണ്ണ പരാജയമായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. റഷ്യയും ചൈനയുംപോലെ പുതുതായി ഉയർന്നുവന്ന സാമ്രാജ്യത്വ ശക്തികൾക്ക് തടയിടാനായി സാമ്രാജ്യത്വ ശക്തികളായ അമേരിക്ക, ജപ്പാൻ, ആസ്‌ട്രേലിയ എന്നിവയുമായി കൂടുതൽ അടുത്ത സഖ്യങ്ങൾ സ്ഥാപിക്കുകയാണ് ഇന്ത്യയെന്നകാര്യവും അറിയാമല്ലോ. രാജ്യത്താകട്ടെ, ചൂഷണ മുതലാളിത്ത വ്യവസ്ഥ അരക്കിട്ടുറപ്പിക്കുന്നതിനായി തൊഴിലാളികളെയും കർഷകരെയും മറ്റദ്ധ്വാനിക്കുന്ന ജനങ്ങളെയുമെല്ലാം നിർദ്ദാക്ഷിണ്യം ചൂഷണം ചെയ്യുകയാണ് ഭരണ മുതലാളിവർഗം. കടുത്ത ചൂഷണത്തിന് ജനങ്ങളെ വിധേയരാക്കുക മാത്രമല്ല, ജനങ്ങളിൽ പരസ്പരശത്രുത വിതച്ചുകൊണ്ട് വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഐക്യം തകർക്കാനുള്ള ആസൂത്രിത നീക്കവും നടക്കുന്നു. ഇതെല്ലാം വിളിച്ചോതുന്നത് ഫാസിസത്തിന്റെ സാന്നിദ്ധ്യമാണ്.
ലോകസാഹചര്യമെടുത്താൽ, മുതലാളിത്തവാഴ്ച നിലനിൽക്കുന്ന രാജ്യങ്ങളെല്ലാം, പലപ്പോഴും പാർലമെന്ററി ജനാധിപത്യത്തിന്റെ രൂപം നിലനിർത്തിക്കൊണ്ടുതന്നെ, ഫാസിസത്തിലേയ്ക്ക് ചുവടുവെക്കുകയാണ്. ഇന്ത്യൻ സമ്പദ്ഘടന ഒരുപിടി കുത്തക കുടുംബങ്ങളുടെ പിടിയിലമർന്നിരിക്കുന്നത് നോക്കൂ. ഭരണം അതിശക്തമായ ഒരു ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കൈകളിലാണ്. നീതിന്യായ വ്യവസ്ഥയെപ്പോലും വരുതിയിലാക്കാനുള്ള ശ്രമത്തിലാണവർ. സാസ്‌കാരിക മേഖലയിലാണ് ഏറ്റവും ഗുരുതരമായ ആക്രമണങ്ങൾ നടക്കുന്നത്. ശാസ്ത്രവും ചരിത്രവും വളച്ചൊടിക്കലുകൾക്കും ആക്രമണങ്ങൾക്കും സർവ്വാർത്ഥത്തിലും വിധേയമായിക്കൊണ്ടിരിക്കുന്നു. ഫാസിസത്തിന്റെ ഈ ആക്രമണപദ്ധതികൾ എല്ലാ മുതലാളിത്ത രാജ്യങ്ങളിലും ദൃശ്യമാണ്. തൊഴിലാളി വർഗ്ഗത്തിന്റെ മഹാന്മാരായ ആചാര്യന്മാർ ലെനിനും സ്റ്റാലിനും വളരെ മുമ്പുതന്നെ ഇതേക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

അവരുടെ പാഠങ്ങൾ നമ്മൾ തിരിച്ചറിയണം. ഇന്ന് ജനാധിപത്യത്തിൽ മുതലാളിവർഗ്ഗത്തിന് ഒരു വിശ്വാസവുമില്ല. മതേതരത്വത്തിന്റെ പ്രസക്തിയും അവരെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെട്ടിരിക്കുന്നു. അവർ ഫാസിസത്തെ അധികമധികം പുൽകുകയാണ്. കോൺഗ്രസാണ് ഇന്ത്യയിൽ ഈ പ്രക്രിയയ്ക്ക് തുടക്കംകുറിച്ചത്. ബിജെപി കൂടുതൽ നഗ്നമായി അതിന്ന് മുന്നോട്ടുകൊണ്ടുപോകുന്നു. ഫാസിസത്തിന്റെ ഈ കടന്നുവരവിനെ ചെറുത്തേ മതിയാകൂ സഖാക്കളെ. തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുകളോ സഖ്യങ്ങളോ ഉണ്ടാക്കി ഇത് സാക്ഷാത്കരിക്കാനാവില്ല. ഫാസിസം എന്നത് ഒരു പ്രതിവിപ്ലവ മുന്നേറ്റമാണെന്ന് ചരിത്രത്തിൽനിന്ന് നമ്മൾ മനസ്സിലാക്കിയിട്ടുണ്ടല്ലോ. ശക്തമായ ഒരു വിപ്ലവമുന്നേറ്റത്തിലൂടെ, ജനങ്ങളുടെ വിപ്ലവകരമായ ഉയർത്തെഴുന്നേൽപ്പിലൂടെ മാത്രമേ അതിനെ തുരത്താനാകു. സമരങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. അതിനെ ശരിയായ ദിശയിൽ സംഘടിതമായി നയിക്കണം. ഇടതുപക്ഷ പാർട്ടികൾക്കും ശക്തികൾക്കും മാത്രമേ ഈ കടമ ഏറ്റെടുക്കാനാകു. അതിനാൽ ഇടതുപക്ഷ മുന്നേറ്റങ്ങളുടെ വേലിയേറ്റം രാജ്യവ്യാപകമായി സൃഷ്ടിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾ കവർന്നെടുക്കുന്നതിനെ ചെറുക്കാനും ജനങ്ങളുടെ ഐക്യം കാത്തുപുലർത്താനും അത്തരമൊരു ഇടതുപക്ഷ മുന്നേറ്റത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ.
സഖാക്കളെ, നമ്മളെല്ലാം ചെങ്കൊടി പിടിക്കുന്നവരാണ്. വിമോചനം സ്വപ്‌നം കാണുന്നവരാണ്. ധീരരക്തസാക്ഷി ഭഗത്‌സിംഗും സ്വാതന്ത്ര്യ സമരത്തിലെ മറ്റനേകം വിപ്ലവകാരികളും ജീവൻ ബലിയർപ്പിച്ചത് ആ സ്വപ്‌നം സാക്ഷാത്കരിക്കാൻവേണ്ടിയാണ്. സ്വാതന്ത്ര്യാനന്തരമാകട്ടെ, ജനാധിപത്യ സമരവേദിയിൽ നമ്മുടെ അനേകം സഖാക്കൾ ഈ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻവേണ്ടി ജീവൻനൽകി. മുൻഗാമികളായ ഈ രക്തസക്ഷികളുടെ സ്വപ്‌നങ്ങൾക്ക് മൂർത്തരൂപം നൽകാൻ യോജിച്ച പോരാട്ടമല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. അതിനാൽ, നമ്മൾ ഇടതുപക്ഷ ഐക്യത്തിനായി പ്രയത്‌നിക്കണം. നിങ്ങളുടെ ഈ പാർട്ടി കോൺഗ്രസ് ഈ ഐക്യം യാഥാർത്ഥ്യമാക്കുന്ന ദിശയിൽ മുന്നേറുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. നിങ്ങൾക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നു.

ഏവർക്കും ലാൽസലാം!
വിപ്ലവം നീണാൾവാഴട്ടെ!

Share this