പിരിച്ചുവിടപ്പെട്ട എംപാനൽ തൊഴിലാളികളെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തണം; സുദീർഘ പോരാട്ടത്തിലൂടെ വർക്കേഴ്സ് ഫെഡറേഷൻ നേടിയ ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ വിധി

KSRTC.jpg
Share

കെഎസ്ആര്‍ടിസിയിൽനിന്നും 2018 ഡിസംബറിൽ നിയമവിരുദ്ധമായി പിരിച്ചുവിടപ്പെട്ട എംപാനൽ ജീവനക്കാരെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ച് സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കെഎസ്ആർടിസി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.സീതിലാൽ സംസ്ഥാന കൺസിലിയേഷൻ ഓഫീസറായ ലേബർ കമ്മീഷണർക്ക് 2019 ഒക്ടോബർ ഒന്നിന് ഒരു അപേക്ഷ നൽകുകയുണ്ടായി. 90 ദിവസം കാത്തിരുന്നിട്ടും യാതൊരു നടപടിയും ഉണ്ടാകാതെ വന്നതിനെത്തുടർന്ന് യൂണിയൻ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി പരാതിക്കാരനെ വിളിച്ച് ഹിയറിംഗ് നടത്തി തീരുമാനമെടുക്കുവാൻ സർക്കാരിന് നിർദ്ദേശം നൽകി ഉത്തരവാകുകയും ചെയ്തു.


ഹിയറിംഗിനുശേഷം, സംസ്ഥാന സർക്കാർ, ‘കെഎസ്ആര്‍ടിസിയിൽ നിന്നും എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട നടപടി നീതികരിക്കത്തക്കതാണോ? അല്ല എങ്കിൽ അവർ എന്തൊക്കെ  ആശ്വാസ (reliefs) നടപടികൾക്ക് അർഹരാണ്’ എന്ന റെഫറൻസോടുകൂടി തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രിബ്യൂണലിന് വിഷയം വിട്ടു. 2020 ജനുവരി 1 മുതൽ 2026 ജനുവരി 24 വരെ നീണ്ട കോടതി നടപടികളെത്തുടർന്നാണിപ്പോൾ വിധി (Award) വന്നിട്ടുള്ളത്.


എം പാനൽ തൊഴിലാളികളെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്നും അവരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തണ മെന്നും വിധിയിൽ പറയുന്നു. സീനിയോറിറ്റി ക്രമത്തിൽ നിലവിലുള്ള ഒഴിവുകളിൽ അവരെ നിയമിക്കണം. ഒഴിവുകൾ നിലവിൽ ആവശ്യത്തിനില്ലെങ്കിൽ, വരുന്ന 5 വർഷക്കാലം ഉണ്ടാകുന്ന ഒഴിവുകളുടെ 50% എം പാനൽകാർക്കായി മാറ്റിവെക്കണം.
ജോലിയിൽനിന്നും പിരിച്ചുവിടപ്പെട്ട തീയതി മുതൽ ഈ അവാർഡ് ഡേറ്റു വരെയുള്ള ദിവസങ്ങൾ കണ്ടിന്യുവസ് സർവ്വീസായി കണക്കാക്കി 50% ബാക്ക് വേജസ് നൽകണം. ഈ കാലയളവ് സർവ്വീസ് സീനിയോറിറ്റി, പ്രൊമോഷനുള്ള യോഗ്യത എന്നിവക്കും പരിഗണിക്കണം. മരിച്ചു പോയതൊഴിലാളികളുടെ ബന്ധുക്കൾക്ക് അർഹമായ സാമ്പത്തിക സഹായം നൽകണം. തൊഴിലാളികളിൽനിന്നും വാങ്ങിയ സെക്യൂരിറ്റി തുക തിരികെ നൽകണം തുടങ്ങിയ സുപ്രധാന അവകാശങ്ങൾ എല്ലാം വിധി ഉറപ്പാക്കുന്നുണ്ട്.

സ്ഥിരം തൊഴില്‍ ഇല്ലാതാക്കി കരാർവൽക്കരണം വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു വിധി തൊഴിലാളികൾക്കനുകൂലമായി ഉണ്ടായിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. കേന്ദ്ര ലേബർ കോഡിലെ നിശ്ചിത കാലതൊഴിൽ സമ്പ്രദായം (Fixed Term Employment) കെഎസ്ആർടിസി സ്വിഫ്റ്റിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിട്ട് 5 വർഷങ്ങൾ പിന്നിടുമ്പോഴാണ് ഈ വിധി എന്നതും ശ്രദ്ധേയമാണ്.  സഖാവ് കെ.പി.കോസല രാമദാസ് സ്ഥാപിച്ച കെഎസ്ആര്‍ടിസി വർക്കേഴ്സ് ഫെഡറേഷനെ ഇന്ന് നയിച്ചു കൊണ്ടിരിക്കുന്നത് എസ്‍യുസിഐ(സി)സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ എസ്.സീതിലാൽ അടക്കമുള്ള എഐയുറ്റിയുസി നേതൃത്വമാണ്. യൂണിയന്റെ കൃത്യതയോടെയുള്ള പ്രവർത്തന ഫലമായാണ് ഈ ഐതിഹാസികമായ വിജയം നേടാനായത്.

Share this post

scroll to top