എസ്‌യുസിഐ(സി) മൂന്നാം പാർട്ടി കോൺഗ്രസ്സിന് വിദേശ രാജ്യങ്ങളിലെ പ്രസ്ഥാനങ്ങളിൽനിന്ന് ലഭിച്ച സന്ദേശങ്ങൾ

Spread our news by sharing in social media

ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനമെന്ന നിലയിൽ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ കമ്മ്യൂണിസ്റ്റ് തൊഴിലാളിവർഗ്ഗ സാർവ്വദേശീയതയുടെ തത്വങ്ങളോട് ഹൃദയംഗമമായ കൂറ് പുലർത്തുകയും ലോകത്തെ വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടികളോടും പ്രസ്ഥാനങ്ങളോടും സൗഹൃദബന്ധം കാത്തുപുലർത്തുകയും ചെയ്യുന്നു. അവയിൽ ചില പാർട്ടികളും പ്രസ്ഥാനങ്ങളും മൂന്നാം പാർട്ടി കോൺഗ്രസിന് അയച്ചുതന്ന സന്ദേശങ്ങൾ ചുരുക്കി താഴെ ചേർക്കുന്നു.

കമ്മ്യൂണിസ്റ്റ്  റീകൺസ്ട്രക്ഷൻ, കാനഡ

ലോകമെമ്പാടും ചൂഷണവും അടിച്ചമർത്തലും കൊള്ളയും പ്രതിസന്ധിയും ഫാസിസവും യുദ്ധവുമൊക്കെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എസ്‌യുസിഐ(സി)യുടെ മൂന്നാം അഖിലേന്ത്യ കോൺഗ്രസ് നടക്കുന്നത്. ഞങ്ങൾ നിങ്ങളുടെ നേതൃത്വത്തിനും അംഗങ്ങൾക്കും എല്ലാവിജയങ്ങളും ആശംസിക്കുന്നു. കോൺഗ്രസ് ഏറ്റവും ഫലപ്രദമാകട്ടെ എന്നാശംസിക്കുന്നു.
ശിബ്ദാസ് ഘോഷും അദ്ദേഹത്തിന്റെ ഉറ്റ സഖാക്കളും ചേർന്ന് 1948ൽ സ്ഥാപിച്ച നിങ്ങളുടെ മഹത്തായ മാർകസിസ്റ്റ് -ലെനിനിസ്റ്റ് പാർട്ടിയെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. കഴിഞ്ഞ 70 വർഷക്കാലമായി നിങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന മഹത്തായ നേട്ടങ്ങളെ ഞങ്ങൾ പ്രകീർത്തിക്കുന്നു.

1956ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ 20-ാം കോൺഗ്രസിൽ ക്രൂഷ്‌ചേവ് സ്വീകരിച്ച തിരുത്തൽവാദ ലൈൻ തിരസ്‌കരിച്ചു എന്നതാണ് നിങ്ങൾ കൈവരിച്ച ഏറ്റവും മഹത്തായ നേട്ടങ്ങളിലൊന്ന്. തിരുത്തൽവാദം തിരസ്‌കരിക്കുന്നതിലൂടെ കാൾമാർക്‌സ്, ഫ്രെഡറിക് എംഗൽസ്, വ്‌ളാദിമിർ ലെനിൻ, ജോസഫ് സ്റ്റാലിൻ തുടങ്ങി അന്തർദ്ദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരും നേതാക്കളും പ്രവർത്തകരുമൊക്കെ സ്വീകരിച്ച ശാസ്ത്രീയ സോഷ്യലിസത്തിന്റെ തത്വങ്ങളും പ്രയോഗവുമൊക്കെ നിങ്ങൾ ഉയർത്തിപ്പിടിച്ചു. ആധുനിക തിരുത്തൽവാദത്തിനെതിരെ നിങ്ങൾ നടത്തിയ ശക്തമായ പോരാട്ടം അന്തർദ്ദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ലോകത്തിന്റെതന്നെയും ചരിത്രത്തിലെ പരമപ്രധാനമായ സംഭവങ്ങളിലൊന്നാണ്. സോവിയറ്റ് യൂണിയനിലും ജനകീയ ജനാധിപത്യ ഭരണം നിലനിന്ന രാജ്യങ്ങളിലും സോഷ്യലിസത്തിന്റെ തകർച്ചയ്ക്കും മുതലാളിത്ത പുനഃസ്ഥാപനത്തിനും അടിസ്ഥാന കാരണമായത് തിരുത്തൽവാദമാണ്.
മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യശാസ്ത്ര-രാഷ്ട്രീയ-സംഘടനാ ദൃഢീകരണത്തിനും വികസനത്തിനും നിരന്തരപരിശ്രമം നടത്തുന്നതിലൂടെ നിങ്ങൾ ഇന്ത്യയിലും ലോകമെമ്പാടുമുള്ള തൊഴിലാളിവർഗ്ഗത്തിന്റെയും മറ്റ് ചൂഷിത ജനവിഭാഗങ്ങളുടെയും സുദൃഢമായ ഐക്യം ഊട്ടിയുറപ്പിക്കുകയാണ്. വിദ്യാർത്ഥികൾ, യുവാക്കൾ, വനിതകൾ, തൊഴിലാളികൾ, കർഷകർ എന്നിവരുടെയൊക്കെ പ്രസ്ഥാനങ്ങൾക്ക് നിങ്ങൾ നൽകുന്ന ശക്തമായ നേതൃത്വത്തിലൂടെ ഇന്ത്യയിലും ഈ മേഖലയിലും ലോകമെമ്പാടുംതന്നെ സ്വേച്ഛാധിപത്യത്തെ കടപുഴക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തൊഴിലാളിവർഗ്ഗ സാർവ്വദേശീയതയുടെ രംഗത്ത് നിങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ അന്തർദ്ദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് മഹത്തായ സംഭാവനകളാണ് നൽകിക്കൊണ്ടിരിക്കുന്നത്. ലോകജനതയെ സംബന്ധിച്ചിടത്തോളം ഇത് ഏറെ നിർണ്ണായകമാണ്.
മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടികളുടെയും സംഘടനകളുടെയും കർത്തവ്യങ്ങൾ നിരവധിയാണ്. തൊഴിലാളിവർഗ്ഗ വിപ്ലവത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുക, മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടി വികസിപ്പിച്ചെടുക്കുക, തൊഴിലാളികളെയും ബഹുജനങ്ങളെയും ഏകോപിപ്പിക്കുക, ഒരു ഐക്യമുന്നണി രൂപീകരിക്കുക, സോഷ്യലിസ്റ്റ് വിപ്ലവത്തിനുവേണ്ടിയുള്ള സമരങ്ങൾ സംഘടിപ്പിക്കുക, മുതലാളിവർഗ്ഗ സ്വേച്ഛാധിപത്യത്തെ തൂത്തെറിയുക, ഭരണകൂടത്തിന്റെയും ഉൽപ്പാദനോപാധികളുടെയും നിയന്ത്രണം ഏറ്റെടുക്കുക, കമ്മ്യൂണിസ്റ്റ് സമൂഹത്തിന്റെ ആഗമനത്തിനുള്ള ആദ്യപടിയെന്ന നിലയിൽ സോഷ്യലിസം കെട്ടിപ്പടുക്കുക തുടങ്ങി ഉത്തരവാദിത്തങ്ങൾ നിരവധിയുണ്ട്.

മുതലാളിത്തം തുലയട്ടെ! സോഷ്യലിസം നീണാൾ വാഴട്ടെ!
മാർക്‌സിസം-ലെനിനിസം
നീണാൾ വാഴട്ടെ! തിരുത്തൽവാദവും അവസരവാദവും
തുലയട്ടെ!
ഫാസിസത്തിനും
യുദ്ധത്തിനുമെതിരായ
ഐക്യമുന്നണിക്കായി
നിലകൊള്ളുക!

അന്റോണിയോ
അർത്തൂസോ

സിലോൺ കമ്മ്യൂണിസ്റ്റ് യൂണിറ്റി സെന്റർ

സിലോണിലെ തൊഴിലാളികളുടെയും അടിച്ചമർത്തപ്പെട്ട ദേശീയതകളുടെയും പേരിൽ നിങ്ങളുടെ മൂന്നാം പാർട്ടികോൺഗ്രസ്സിന് വിജയാശംസകൾ നേരുന്നു. ഞങ്ങൾ ഏറ്റവും അടുത്ത സൗഹൃദം പുലർത്തുന്ന ഇന്ത്യയിലെ വിപ്ലവപ്പാർട്ടിയായ എസ്‌യുസിഐ(സി) പ്രത്യയശാസ്ത്രം, സംഘടന, നൈതികത എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് അതിന്റെ മൂന്നാം പാർട്ടി കോൺഗ്രസ്സ് സംഘടിപ്പിക്കുന്ന വിവരം അറിയുന്നതിൽ ഏറെ സന്തോഷമുണ്ട്. സ്ഥാപകജനറൽ സെക്രട്ടറിയായ സഖാവ് ശിബ്ദാസ്‌ഘോഷിന്റെ പാഠങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്‌യുസിഐ(സി) കെട്ടിപ്പടുത്തിട്ടുള്ളത് എന്ന് ഞങ്ങൾക്കറിയാം. വിപ്ലവപ്പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മറ്റ് പാഠങ്ങളോടൊപ്പംതന്നെ സഖാവ് ശിബ്ദാസ് ഘോഷിന്റെ പാഠങ്ങളും മൂല്യവത്തും പ്രചോദനാത്മകവുമാണെന്ന വസ്തുത ഞങ്ങൾ മനസ്സിലാക്കുന്നു.
പാർട്ടി കെട്ടിപ്പടുക്കുന്നതിന് ഏറെ പരിശ്രമം ചെയ്ത ഞങ്ങൾക്ക് സഖാവ് ശിബ്ദാസ് ഘോഷിന്റെ സംഭാവനകൾ പ്രോത്സാഹജനകമായിരുന്നു എന്ന കാര്യംകൂടി ഇവിടെ സൂചിപ്പിക്കട്ടെ.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ

പ്രിയ സഖാക്കളെ,

നിങ്ങളുടെ പാർട്ടി കോൺഗ്രസിന് ഹൃദയംഗമമായ അഭിവാദ്യങ്ങൾ. ഈ നേതൃസംരംഭം ഇന്നത്തെ സാഹചര്യത്തെ മറികടക്കുന്നതിനും പുരോഗമന സോഷ്യലിസ്റ്റ് പാതയിലൂടെ മുന്നേറുന്നതിനും സഹായകമാകും എന്ന് വിശ്വസിക്കുന്നു.
വിമോചന പോരാട്ടങ്ങളുടെ കാലംമുതൽ വളർന്നുവന്നിട്ടുള്ള കമ്മ്യൂണിസ്റ്റുകളുടെയും ഇടതുപക്ഷങ്ങളുടെയും സമരം അയൽരാജ്യങ്ങൾക്കുമാത്രമല്ല, പൊതുവിൽ ലോകത്തിനുതന്നെ മാതൃകയായിട്ടുള്ളതാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ എസ്‌യുസിഐ(സി)യുടെ പങ്ക് സുപ്രധാനവും മാതൃകാപരവുമാണ്. നമ്മുടെ സൗഹൃദത്തിന് വലിയ ദൈർഘ്യമില്ലെങ്കിലും ഇരുപാർട്ടികളും തമ്മിലുള്ള സൗഹൃദത്തിലൂടെ പരസ്പരം പല കാര്യങ്ങളും പഠിക്കുവാനും മനസ്സിലാക്കുവാനും കഴിഞ്ഞിട്ടുണ്ട്. പ്രത്യയശാസ്ത്ര വീക്ഷണം, സമരം, അന്തർദ്ദേശീയ വിഷയങ്ങളിലെ നിലപാടുകൾ എന്നിവയിലൊക്കെ നമ്മൾ സമാനത പുലർത്തുന്നുണ്ട്.
സഖാക്കളെ, മുതലാളിത്ത വ്യവസ്ഥ ഇന്ന് സമ്പത്തിന്റെ കേന്ദ്രീകരണത്തിലൂടെ വലിയൊരു ജനവിഭാഗത്തെ പട്ടിണിയിലേയ്ക്കും അരക്ഷിതാവസ്ഥയിലേയ്ക്കും തള്ളിവിട്ടിരിക്കുകയാണ്. ഇതുമൂലം അനാഥത്വം പെരുകുന്നു. വിപ്ലവരാഷ്ട്രീയത്തിന്റെ നേതൃത്വത്തിൽ വ്യവസ്ഥിതിയിൽ വിപ്ലവകരമായ പരിവർത്തനം നേടിയെടുക്കുന്നതിനുവേണ്ടി വർഗ്ഗസമരം മൂർച്ഛിപ്പിക്കേണ്ടത് ഇന്ന് ആവശ്യകതയാണ്. എന്നാൽ, അതിനുപകരം മുതലാളിത്തത്തിനെതിരായ പ്രസ്ഥാനത്തെ ദുർബ്ബലപ്പെടുത്താനായി മതാന്ധതയും വിഭാഗീതയതും വംശീയമായ വേർതിരിവുമൊക്കെ കുത്തിപ്പൊക്കുകയാണ്. വിവിധ രാജ്യങ്ങൾ, വിശേഷിച്ച് മുസ്ലീം രാഷ്ട്രങ്ങൾ നിരന്തരം യുദ്ധത്തെ അഭിമുഖീകരിക്കുകയാണ്. ഇവിടെ മുസ്ലീങ്ങളെ കശാപ്പുചെയ്യാനുള്ള ഉപാധിയായാണ് ഇസ്ലാമിനെ ഉപയോഗിക്കുന്നത്. ലോകരാഷ്ട്രീയം പുതിയ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. രാഷ്ട്രീയത്തെ യഥാർത്ഥവിഷയങ്ങളിലേയ്ക്ക് തിരിച്ചുവിടാനുള്ള ഉത്തരവാദിത്തം കമ്മ്യൂണിസ്റ്റുകൾ ഏറ്റെടുക്കണം.

ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഭരണാധികാരികൾ പൊതുഖജനാവിലെ പണം യുദ്ധസന്നാഹങ്ങൾക്കായി വാരിക്കോരി ചിലവഴിച്ച് യുദ്ധഭീതി വളർത്തുകയാണ്. എന്നാൽ, ജനങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താൻ അവർ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ പട്ടിണി പെരുകുകയും ചെയ്യുന്നു.
വർഗ്ഗസമരം പുനഃസംഘടിപ്പിക്കുകയും യഥാർത്ഥ പ്രശ്‌നങ്ങളുടെമേൽ സമരം വളർത്തിയെടുക്കുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യകയായിരിക്കുന്നു. പ്രത്യയശാസ്ത്രധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം മെമ്പർഷിപ്പ് നൽകുകയും പ്രവർത്തകരെ സംഘടിപ്പിക്കുകയും ചെയ്യേണ്ടത്. രണ്ടുമേഖലകളിൽ നമ്മൾ പ്രവർത്തനം ശക്തിപ്പെടുത്തണം. ചങ്കൂറ്റമുള്ള പ്രവർത്തകരെ ഉൾപ്പെടുത്തിക്കൊണ്ട് വിപ്ലവസമരങ്ങൾക്ക് സജ്ജമായ കേഡർനിര പടുത്തുയർത്തണം. രണ്ടാമത്, കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സമരങ്ങൾ അവരുടെ നീറുന്ന പ്രശ്‌നങ്ങൾ മുൻനിർത്തി വളർത്തിയെടുക്കണം. പൊതു ഉടമസ്ഥതിയിലുള്ള സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ തൊഴിലാളികളെ അണിനിരത്തണം. ഇന്ത്യയും പാക്കിസ്ഥാനും സമാനമായ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. രണ്ടുനേരത്തെ ആഹാരത്തിനുള്ള വക തൊഴിലാളികൾക്ക് വേതനമായി കിട്ടുന്നില്ല. അപ്പോൾപ്പിന്നെ കട്ടികളുടെ വിദ്യാഭ്യാസത്തിന്റെയും ചികിത്സയുടെയുമൊക്കെ കാര്യം പറയാനില്ലല്ലോ. ഇക്കാര്യങ്ങളിലൊക്കെ കമ്മ്യൂണിസ്റ്റുകൾ മുൻനിരയിൽനിന്നു പൊരുതണം. നിങ്ങളുടെ പാർട്ടികോൺഗ്രസ് കൂടുതൽ മെച്ചപ്പെട്ട ഒരു സമരതന്ത്രം ആവിഷ്‌ക്കരിക്കുമെന്നും അത് ഞങ്ങൾക്കുകൂടി സഹായകരവും മാർഗ്ഗദർശകവുമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഇരു രാജ്യങ്ങളിലെയും ജനങ്ങൾ നൂറ്റാണ്ടുകളോളം ഒന്നിച്ചുജീവിച്ചവരും പൊതുവായ പാരമ്പര്യം, ഭാഷ, സംസ്‌കാരം, ചിന്താഗതി എന്നിവയൊക്കെ പങ്കുവയ്ക്കുന്നവരുമാണ്. അതുകൊണ്ടുതന്നെ നമ്മുടെ സമരങ്ങളും പരസ്പരം സ്വാധീനിക്കുകയും പ്രചോദനമാകുകയും ചെയ്യും. പാർട്ടികോൺഗ്രസ്സിന് വിജയം ആശംസിക്കുകയും സോഷ്യലിസ്റ്റ് സമരങ്ങളുടെ ചരിത്രത്തിൽ അതൊരു പുതിയ അദ്ധ്യായം എഴുതിച്ചേർക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

കമ്മ്യൂണിസ്റ്റ് സാഹോദര്യം നീണാൾ വാഴട്ടെ!
മാർക്‌സിസം-ലെനിനിസം നീണാൾ വാഴട്ടെ!

 

ന്യൂ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നെതർലൻഡ്‌സ്

ന്യൂ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നെതർലൻഡ്‌സിന്റെ കേന്ദ്രകമ്മിറ്റി നിങ്ങളുടെ കോൺഗ്രസ് ഫലപ്രദവും വിജയകരവും ആകട്ടെ എന്നാശംസിക്കുന്നു. പൊതുവിൽ, കഴിഞ്ഞ ദശാബ്ദത്തിൽ ലോകശാക്തിക സന്തുലനത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെങ്കിലും എവിടെയുമുള്ള തൊഴിലാളിവർഗ്ഗത്തിന് എതിരാകുംവിധം പലമാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. നേരത്തേതിനെക്കാൾ നമ്മുടെ ശത്രുക്കൾ കൂടുതൽ ക്രൂരന്മാരായിട്ടുണ്ട്. മതത്തിന്റെ മാർഗ്ഗം അവലംബിച്ച് പ്രശ്‌നങ്ങൾക്ക് പരിഹരമുണ്ടാക്കാമെന്ന വ്യാമോഹം ജനിപ്പിച്ചുകൊണ്ട് പല സംരംഭങ്ങളും മുന്നോട്ടുവന്നിട്ടുള്ളത് നമ്മുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ശരിയായ അവബോധം സൃഷ്ടിക്കുന്ന പാഠങ്ങൾ ഇവിടെ അങ്ങേയറ്റം അനിവാര്യമായിരിക്കുന്നു. സാർവ്വദേശീയ തലത്തിൽ ഐക്യപ്പെട്ടുകൊണ്ടേ തൊഴിലാളിവർഗ്ഗത്തിന് വർഗ്ഗസമരം വിജയിപ്പിക്കാനാകൂ.
ഇന്ത്യയിൽ നടത്തിയ സന്ദർശനങ്ങളും പങ്കെടുത്ത വമ്പൻ സമ്മേളനങ്ങളും ഞങ്ങൾക്ക് മറക്കാൻ കഴിയില്ല. വിദൂരമെങ്കിലും സാഹചര്യം വ്യത്യസ്തമെങ്കിലും ഘട്‌സിലയിൽ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.
വിൽ വാൽഡർ ക്ലിഫ്,
ഇന്റർനാഷണൽ സെക്രട്ടറി

കൊറിയൻ കമ്മിറ്റി ഫോർ ആഫ്രോ-ഏഷ്യൻ സോളിഡാരിറ്റി (കെസിഎഎഎസ്)

എസ്‌യുസിഐ(സി) മൂന്നാം പാർട്ടി കോൺഗ്രസിനെ കെസിഎഎഎസ് അഭിവാദ്യം ചെയ്യുന്നു. സ്വതന്ത്രമായൊരു ലോകം കെട്ടിപ്പടുക്കാനായി ഓരോ രാഷ്ട്രവും അടിയുറച്ച സമരത്തിലേർപ്പെടേണ്ടുന്നതിന്റെ ആവശ്യകത നിലവിലെ സാർവ്വദേശീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ആവശ്യങ്ങൾക്കും താത്പര്യങ്ങൾക്കും അനുയോജ്യമായ ജനാധിപത്യത്തെ തിരിച്ചറിയണം. വിദേശ ഇടപെടലുകൾ അനുവദിക്കരുത്.
അടിയുറച്ച സോഷ്യലിസ്റ്റ് പാതയിലാണ് എസ്‌യുസിഐ(സി) സമരം ചെയ്തിട്ടുള്ളത്. ആ പ്രക്രിയയിലൂടെ നിരവധിയായ അനുഭവങ്ങളും വിജയവും കരസ്ഥമാക്കാൻ എസ്‌യുസിഐ(സി)ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ജനതയുടെ ആഗ്രഹങ്ങൾക്ക് നിരക്കുംവിധം നീതിയും സമാധാനവും സോഷ്യലിസവും സ്ഥാപിക്കാൻ നിങ്ങളുടെ പാർട്ടിയുടെ നേതൃത്വത്തിൻ കീഴിലുള്ള പ്രവർത്തനങ്ങൾക്ക് സാധിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആയതിനാൽ സ്വതന്ത്രവും സമൃദ്ധവുമായ സോഷ്യലിസ്റ്റ് ഇന്ത്യയെ നിർമ്മിക്കാനുള്ള നിങ്ങളുടെ സമരത്തിന് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും കെസിഎഎഎസ് അറിയിക്കുന്നു.
പ്യോങ്‌യാങ് ഡി.പി.ആർ.കൊറിയ

ആൾ യൂണിയൻ  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബോൾഷെവിക്‌സ്

ഞങ്ങളുടെ കേന്ദ്രകമ്മിറ്റി 3-ാം പാർട്ടി കോൺഗ്രസ്സിന്റെ എല്ലാ സംഘാടകരെയും പങ്കാളികളെയും ആഭിവാദ്യം ചെയ്യുകയും അവരുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു.
പതിനായിരക്കണക്കിന് തൊഴിലാളികളെ ഏകോപിപ്പിക്കാനും വലിയൊരു ശക്തിയായി അവരെ മാറ്റിത്തീർക്കാനും നിങ്ങളുടെ പാർട്ടിക്ക് സാധിക്കുന്നുണ്ട്. അവരുടെ സമരത്തിന്റെ കടമകളും ലക്ഷ്യങ്ങളും കൃത്യമായി നിർവ്വചിച്ച് സോഷ്യലിസ്റ്റ് ആശയങ്ങളുടെ സംസ്ഥാപനത്തിനായുള്ള നിരന്തരവും നന്ധിരഹതിവുമായ അവരുടെ സമരത്തിലും അതിന്റെ വിജയത്തിലും വിശ്വസിച്ച് അവരെ നയിക്കാനും പാർട്ടിക്ക് സാധിക്കുന്നുണ്ട്.
സോഷ്യലിസത്തിലേയ്ക്കുള്ള തൊഴിലാളിവർഗ്ഗ
സമരൈക്യം നീണാൾ വാഴട്ടെ!
നീന ആൻഡ്രീവ,
ജനറൽ സെക്രട്ടറി

വർക്കേഴ്‌സ് വേൾഡ്  പാർട്ടി, യുഎസ്എ

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്) മൂന്നാം പാർട്ടി കോൺഗ്രസിന്റെ വേളയിൽ വർക്കേഴ്‌സ് വേൾഡ് പാർട്ടി വിപ്ലവാഭിവാദനങ്ങൾ നേരുന്നു. പാർട്ടിയെ ശക്തിപ്പെടുത്താനും ഇന്ത്യയിലെ സോഷ്യലിസ്റ്റ് വിപ്ലവമെന്ന ലക്ഷ്യത്തിലേയ്ക്ക് കൂടുതൽ അടുക്കാനും ഉതകുംവിധം സമ്മേളനം വിജയകരമാകട്ടെ എന്നാശംസിക്കുന്നു.
ജനറൽ സെക്രട്ടറി, പ്രൊവാഷ്‌ഘോഷ് കോൺഗ്രസ്സിനുമുന്നോടിയായി അയച്ച അഭ്യർത്ഥനയിൽ സൂചിപ്പിച്ചതുപോലെ യുഎസ് സാമ്രാജ്യത്വത്തിന്റെ വയറ്റിൽ കിടക്കുന്ന ഞങ്ങൾക്ക് ഇന്ത്യയിലെയും ഇവിടുത്തെയും ആഭ്യന്തര സാഹചര്യങ്ങളിൽ ധാരാളം സമാനതകൾ കാണാൻ കഴിയുന്നുണ്ട്. ട്രംപ് ഭരണകൂടത്തെയും റിപ്പബ്ലിക്കൻ പാർട്ടിയെയും ഉപയോഗപ്പെടുത്തി അദ്ധ്വാനിക്കുന്നവരും അടിച്ചമർത്തപ്പെട്ടവരുമായ ജനങ്ങൾക്കുനേരെ തുറന്ന യുദ്ധമാണ് ബൂർഷ്വാസി നടത്തുന്നത്. നീണ്ട സമരങ്ങളിലൂടെ നേടിയെടുത്ത എല്ലാ ജനാധിപത്യ അവകാശങ്ങളും കടന്നാക്രമിക്കപ്പെട്ടിരിക്കുന്നു. തൊഴിലാളിവർഗ്ഗത്തിന്റെ പ്രതിരോധം സൃഷ്ടിക്കുന്നതിൽ വ്യാപൃതരാണ് ഞങ്ങൾ. എന്നാൽ സാമ്രാജ്യത്വ ബൂർഷ്വാസിയുടെ കൈയിലെ ഒരു ഉപകരണം മാത്രമായ ഡെമോക്രാറ്റിക്ക് പാർട്ടിക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടിരിക്കുന്നു. രണ്ട് സാമ്രാജ്യത്വ പാർട്ടികളിൽനിന്നും സ്വതന്ത്രമായ ജനകീയ സമരങ്ങൾക്കേ തൊഴിലാളിവർഗ്ഗത്തെയും അടിച്ചമർത്തപ്പെട്ടവെരയും സംരക്ഷിക്കാനും സോഷ്യലിസ്റ്റ് വിപ്ലവത്തിലേയ്ക്ക് അതിനെ നയിക്കാനും സാധിക്കൂ. വർദ്ധിതമായ അടിച്ചമർത്തലുകൾക്കിടയിലും യുവാക്കൾക്കിടയിൽ വർഗ്ഗ, സാമ്രാജ്യത്വവിരുദ്ധ മനോഭാവം ശക്തിപ്രാപിക്കുന്നുവെന്നത് മുതലാളിത്തത്തിന് അധികം ഭാവിയില്ല എന്നതിന് ഉദാഹരണമാണ്. യുഎസ് സാമ്രാജ്യത്വം ലോകത്തെല്ലായിടത്തും തൊഴിലാളികളെയും അടിച്ചമർത്തപ്പെട്ടവരെയും കൂടുതൽ കൂടുതൽ ചൂഷണം ചെയ്യാനും അവരുടെ സ്വതന്ത്രമായ മുന്നേറ്റങ്ങളെ ചവിട്ടിയരയ്ക്കാനും തുനിയുകയാണ്. യുഎസ് സാമ്രാജ്യത്വത്തിനെതിരായ സമരത്തിലും സോഷ്യലിസ്റ്റ് വിപ്ലവത്തിലും എസ്‌യുസിഐ(സി)യോട് ഞങ്ങൾ ഐക്യദാർഢ്യം രേഖപ്പെടുത്തുന്നു.

തൊഴിലാളിവർഗ്ഗ സാർവ്വദേശീയത നീണാൾ വാഴട്ടെ!
സാറാ ഫ്‌ളോണ്ടേഴ്‌സ്,
സെക്രട്ടറിയേറ്റംഗം,
ജോൺ കാറ്റലിനോറ്റോ,
എഡിറ്റർ, വർക്കേഴ്‌സ്
വേൾഡ് ന്യൂസ്‌പേപ്പർ,
നതാനിയേൽ ചേസ്,
ഇന്ററിം സെൻട്രൽ കമ്മിറ്റിയംഗം

മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാർട്ടി,  ടർക്കി-കുർദിസ്ഥാൻ

എസ്‌യുസിഐ(സി)യുടെ മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ വേളയിൽ, പാർട്ടിയെ ഇന്നത്തെ നിലവാരത്തിലേയ്ക്കുയർത്തിയ മുഴുവൻ സഖാക്കൾക്കും നേതൃത്വത്തിനും ടർക്കിയിൽ നിന്നും കുർദിസ്ഥാനിൽ നിന്നുമുള്ള വിപ്ലവാഭിവാദനങ്ങൾ. മഹത്തായ നവംബർ വിപ്ലവത്തിന്റെ വെളിച്ചത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിജയത്തിനും 21-ാം നൂറ്റാണ്ടിലെ വിപ്ലവപ്രവർത്തനങ്ങൾക്കുംവേണ്ടി പൊരുതുന്ന സഖാക്കളെ അഭിവാദ്യം ചെയ്യുകയെന്നത് വളരെ സന്തോഷകരമായ കാര്യമാണ്. ടർക്കിയിലെയും കുർദിസ്ഥാനിലെയും മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന നിലയ്ക്ക് ലോകത്തെവിടെയും നടക്കുന്ന വിപ്ലവപ്രവർത്തനങ്ങളെ ഒരു ലോകവിപ്ലവത്തിന്റെ ആവശ്യകത മനസിലാക്കിക്കൊണ്ട് ഞങ്ങൾ പിന്തുണയ്ക്കാറുണ്ട്. ഇന്നത്തെ വിപ്ലവദൗത്യങ്ങളെ സംബന്ധിക്കുന്ന കൃത്യമായ ഉത്തരങ്ങൾ നൽകാൻ നിങ്ങളുടെ മൂന്നാം പാർട്ടി കോൺഗ്രസിന് സാധിക്കുമെന്ന് ഞങ്ങൾ കരുതുന്നു. സമകാലിക ലോകസാഹചര്യത്തിൽ മുതലാളിത്തത്തിന്റെ നിലനിൽപ് പ്രതിസന്ധിയിലായിരിക്കുന്ന വേളയിൽ ലോകമെമ്പാടുമുള്ള വിപ്ലവകാരികൾ പ്രധാനപ്പെട്ട ചില വെല്ലുവിളികളെ നേരിടുന്നുണ്ട്. അതുകൊണ്ട് വിപ്ലവപ്രവർത്തനത്തിന്റെ കുതിച്ചുചാട്ടത്തിനുള്ള ഓരോ സാധ്യതയും പ്രയോജനപ്പെടുത്തേണ്ടുന്നതും സംഘടനാ സംവിധാനങ്ങളെ ശക്തിപ്പെടുത്തേണ്ടുന്നതും നമ്മുടെ അടിയന്തര കർത്തവ്യമാണ്. ആയതിനാൽ നിങ്ങളുടെ മൂന്നാംപാർട്ടി കോൺഗ്രസ് എല്ലാ മേഖലകളിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ വിജയിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മധ്യ-കിഴക്കൻ രാജ്യങ്ങളിൽ ഭീകരമായ ഫാസിസ്റ്റ് സാമ്രാജ്യത്വ കടന്നാക്രമണങ്ങളെയാണ് ഞങ്ങൾ നേരിടുന്നത് എന്ന് നിങ്ങൾക്കറിയാമല്ലോ. ടർക്കിയിൽ ഫാസിസ്റ്റ് നേതാവായ എർഡോഗണിന്റെ നേതൃത്വത്തിലുള്ള കൊളോണിയൽ ഏകാധിപത്യം എല്ലാ ശക്തിയും ഉപയോഗിച്ച് ജനാധിപത്യ-വിപ്ലവ മുന്നേറ്റങ്ങളെ അടിച്ചമർത്തുകയാണ്. കുർദിസ്ഥാനിലെ സ്വാതന്ത്ര്യ സമര ശക്തികൾക്കെതിരെയുള്ള യുദ്ധം ശക്തിപ്പെടുത്തുന്നതിനൊപ്പംതന്നെ മറ്റ് പ്രദേശങ്ങളിലേയ്ക്കും വ്യാപിക്കാനിടയുള്ള റോജാവയിലെ വിപ്ലവപ്രവർത്തനങ്ങളെ തകർക്കാനും അവർ ശ്രമിക്കുന്നു. മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ, സർവ്വശക്തിയും പ്രയോഗിച്ച് ഫാസിസ്റ്റ്-കൊളോണിയൽ-പുരുഷാധിപത്യത്തെ അവസാനിപ്പിക്കാനും ടർക്കിയിലും മധ്യ-കിഴക്കൻ മേഖലകളിലും സാമ്രാജ്യത്വവിരുദ്ധ ജനാധിപത്യ വിപ്ലവം നടത്താനും ഞങ്ങൾ സമരം ചെയ്യുകയാണ്.
അനശ്വരരായ നേതാക്കൾ പകർന്നുതന്ന ശക്തിയോടെ റോജാവയിലെയും കുർദിസ്ഥാനിലെ മലനിരകളിലെയും മെട്രോപോളിലെ ദരിദ്ര മേഖലകളിലെയും വിപ്ലകാരികൾ നിങ്ങളുടെ മൂന്നാം പാർട്ടി കോൺഗ്രസിനെ അഭിവാദ്യം ചെയ്യുന്നു.

സഖാവ് ശിബ്ദാസ്‌ഘോഷ്
നീണാൾ വാഴട്ടെ! വിപ്ലവരക്തസാക്ഷികൾ നീണാൾ വാഴട്ടെ!

Share this