സംസ്ഥാന സെക്രട്ടറി സഖാവ് സി.കെ.ലൂക്കോസിന്റെ അനുശോചന സന്ദേശം

Spread our news by sharing in social media

സഖാവ് ജി.എസ്.പത്മകുമാറിന്റെ അകാല നിര്യാണത്തിൽ പാർട്ടിക്ക്, വിശിഷ്യ, കേരളത്തിലെ സാമൂഹ്യ-സാംസ്‌ക്കാരിക അന്തരീക്ഷത്തിന് പറഞ്ഞറിയിക്കാൻ വയ്യാത്തത്ര കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. സഖാവ് ശിബ്ദാസ്‌ഘോഷ് ചിന്തകളുടെ കരുത്തനായ പ്രയോക്താവായിരുന്നു അദ്ദേഹം. സഖാവ് ശിബ്ദാസ്‌ഘോഷ് ചിന്തകളുടെ പ്രസക്തി പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ ആകസ്മികമായ വേർപാട് വളരെ വലിയൊരു ആഘാതമാണ്.
ആ ബഹുമുഖപ്രതിഭയുടെ ആഴവും പരപ്പും അറിയുന്ന കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കുട്ടികളും പ്രായമായവരും സഹിതം സഖാക്കളും അനുഭാവികളും അഭ്യുദയകാംഷികളും ആയ നിരവധിപേർ തീരാദുഃഖത്തിലും നഷ്ടബോധത്തിലും വിങ്ങിപ്പിടയുന്ന മനസ്സുമായി കഴിയുകയാണ്. സഖാവ് പത്മകുമാർ കടന്നുചെന്ന ഏതൊരു വിഷയത്തിലും കൃത്യമായ അറിവും ആഴത്തിലുള്ള പരിജ്ഞാനവും നേടിയിരുന്നു. മറ്റുള്ളവർക്ക് അത് പറഞ്ഞുകൊടുക്കുന്നതിൽ സവിശേഷമായ ഒരു ശൈലി അദ്ദേഹം വളർത്തിയെടുത്തിരുന്നു. നൈസർഗ്ഗികമായ നർമ്മം, അകൃത്രിമമായ സരസോക്തി കൂട്ടിക്കലർത്തി സൈദ്ധാന്തിക വിഷയങ്ങൾ പോലും അദ്ദേഹം കൈകാര്യം ചെയ്യുമ്പോൾ അത് കേൾവിക്കാർക്ക് ആകർഷണീയമായി തീരുമെന്നുമാത്രമല്ല ലളിതമായി മനസ്സിൽ പതിയുകയും ചെയ്യുന്നു.
സഖാവ് പത്മകുമാറിനെ സ്മരിക്കുമ്പോൾ അദ്ദേഹം നടത്തിയ സ്റ്റഡിക്ലാസ്സുകളും ചർച്ചകളുമായിരിക്കും സഖാക്കളുടെ മനസ്സിൽ ഓടിയെത്തുക. മാർക്‌സിസം-ലെനിനിസം-സഖാവ് ശിബ്ദാസ്‌ഘോഷ് ചിന്തയുടെ പാഠങ്ങൾ അദ്ദേഹത്തിൽനിന്നും ഉൾക്കൊണ്ടിട്ടുള്ളവരാണ് സഖാക്കൾ. പരന്ന വായനാശീലം അദ്ദേഹത്തിനുണ്ടായിരുന്നു. മാർക്‌സിയൻ സൈദ്ധാന്തിക പുസ്തകങ്ങൾ, വിശ്വസാഹിത്യകൃതികൾ, സാമൂഹിക പ്രസക്തിയുള്ള മറ്റെല്ലാ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ വായനയിൽപ്പെട്ടിരുന്നു. താൻ വായിച്ചുമനസ്സിലാക്കിയ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ പ്രത്യേക നിഷ്‌കർഷ അദ്ദേഹത്തിനുണ്ടായിരുന്നു. എത്ര സമയം വേണമെങ്കിലും മുഷിച്ചിൽ കൂടാതെ അദ്ദേഹവുമായി നർമ്മ സംഭാഷണത്തിൽ ഏർപ്പെടാൻ ഒരാൾക്കു കഴിഞ്ഞിരുന്നു. വായിച്ച പുസ്തകത്തിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ, നുറുങ്ങുകഥകൾ, ജീവിതത്തിൽ നേരിട്ടനുഭവിച്ചിട്ടുള്ള രസകരമായ സംഭവങ്ങൾ എല്ലാം കലർത്തിയുള്ള അദ്ദേഹത്തിന്റെ സരസമായ സംഭാഷണം ഒരു വേറിട്ട അനുഭവമായിരുന്നു.
ശാസ്ത്രവിഷയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന താൽപ്പര്യം എടുത്തുപറയേണ്ടതാണ്. ബ്രേക്ത്രൂ സയൻസ് സൊസൈറ്റിയുടെ കേരളത്തിലെ ഭാരവാഹിത്വം അദ്ദേഹം അഭിമാനപൂർവ്വം ഏറ്റെടുത്തിരുന്നു. അതിന്റെ വേദിയിൽ നിന്നുകൊണ്ട് കേരളത്തിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞർക്കൊപ്പം പ്രഭാഷണങ്ങൾ നടത്താൻ അവസരം കിട്ടിയപ്പോഴെല്ലാം, അവരുടെ മതിപ്പും ആദരവും പിടിച്ചുപറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു. സഖാവ് പത്മകുമാറിന്റെ നേതൃത്വത്തിൽ ബ്രേക്ത്രൂ സയൻസ് സൊസൈറ്റി കേരളത്തിൽ ശാസ്ത്രവിഷയങ്ങളിലുള്ള ആധികാരിക സ്വരമായി എളുപ്പം മാറിത്തീർന്നു. ആൽബർട്ട് ഐൻസ്റ്റീനും മാഡംക്യൂറിയും മുതൽ സ്റ്റീഫൻ ഹോക്കിങ് വരെയുള്ള ശാസ്ത്രകാരന്മാരുടെ മഹത്തായ സംഭാവനകളെക്കുറിച്ചും ഡാർവിനെയും ഡാർവിന്റെ പരിണാമസിദ്ധാന്തത്തെയുംകുറിച്ചുമെല്ലാം പൊതുവേദികളിൽനിന്ന് സഖാവ് പത്മകുമാർ പ്രതിപാദിച്ചപ്പോൾ അത് സാധാരണക്കാരെപോലും ആകർഷിച്ചു.
സാംസ്‌കാരിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് അത്യുത്സാഹമായിരുന്നു സഖാവ് പത്മകുമാറിന്. നിലവാരമുള്ള ഒരു സാംസ്‌കാരിക പ്രസിദ്ധീകരണം മലയാളത്തിലുണ്ടാകണമെന്ന താൽപ്പര്യത്തിൽ നിന്നാണ് ബാനർ എന്ന പേരിലുള്ള ത്രൈമാസികയുടെ രണ്ട് പതിപ്പുകൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചത്. ജീവിച്ചിരുന്നുവെങ്കിൽ മഹത്തായ സംഭാവന സാംസ്‌കാരിക മേഖലയ്ക്ക് അദ്ദേഹത്തിൽനിന്നും ഉണ്ടാകുമായിരുന്നുവെന്ന് എന്തുകൊണ്ടും പ്രതീക്ഷിക്കാമായിരുന്നു. വായനാവേദി, സർഗ്ഗ സംഗമം, ബാനർ സാസ്‌ക്കാരിക വേദി എന്നിങ്ങനെ ചെറുതും വലുതുമായ ഒട്ടനവധി കൂട്ടായ്മകളിൽ സജീവ പങ്കാളിയായി മാത്രമല്ല, മാർഗ്ഗനിർദ്ദേശകൻ കൂടിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. അദ്ദേഹം തൂലിക ചലിപ്പിച്ചപ്പോഴെല്ലാം അത് പുരോഗമന പ്രസ്ഥാനത്തിന് കരുത്തും പുത്തൻദിശാബോധവും പ്രദാനം ചെയ്യാൻ ഉതകുന്നതായിരുന്നു. ആൾ ഇന്ത്യാ ആന്റി ഇംപീരിയലിസ്റ്റ് ഫോറത്തിന്റെ കേരള ചാപ്റ്ററിന്റെ ഉത്തരവാദിത്തവും കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ വൈസ് പ്രസിഡന്റ് എന്ന സ്ഥാനത്ത് നിന്നുള്ള ഉത്തരവാദിത്തവും ഇതിനെല്ലാം പുറമേ ഒരുപാട് സാങ്കേതികത്വം നിറഞ്ഞ പാർട്ടി സംസ്ഥാനകമ്മിറ്റി ഓഫീസ് സെക്രട്ടറിയുടെ ഉത്തരവാദിത്തവും കുറ്റമറ്റ രീതിയിൽ അദ്ദേഹം നിർവ്വഹിച്ചിരുന്നു.
തത്വദീക്ഷയുടെ കാര്യത്തിൽ അദ്ദേഹം കർശന സ്വഭാവക്കാരനായിരുന്നു. തത്വദീക്ഷ വെടിഞ്ഞുള്ള പെരുമാറ്റം അദ്ദേഹത്തിൽനിന്നുള്ള വിമർശനത്തിനും ചിലപ്പോൾ ശാസനയ്ക്കുപോലും വിധേയമാകുമായിരുന്നു. വിമർശനത്തിന് മാർദ്ദവമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ കാലുഷ്യമൊന്നും അവശേഷിപ്പിച്ചതുമില്ല. എല്ലാ വിഷയങ്ങളിലും വിമർശനവിധേയരാകുന്ന സഖാക്കളോടുപോലും സ്‌നേഹമസൃണമായ പെരുമാറ്റമേ അദ്ദേഹത്തിൽനിന്ന് ഉണ്ടായിട്ടുള്ളൂ. സഖാക്കൾ തമ്മിൽ സ്വരച്ചേർച്ചയില്ലാതെ വരികയോ ഏതെങ്കിലും കാര്യത്തിൽ പരസ്പരം ശണ്ഠകൂടുകയോ ചെയ്യുന്ന അവസരത്തിൽ അദ്ദേഹം ക്ഷമാപൂർവ്വം കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി പ്രശ്‌നം പരിഹരിക്കുമായിരുന്നു. സഖാക്കളെ ജീവനുതുല്യം അദ്ദേഹം സ്‌നേഹിച്ചിരുന്നു. അന്തസുറ്റ അദ്ദേഹത്തിന്റെ പെരുമാറ്റശൈലി മാതൃകായോഗ്യമായിരുന്നു.
സഖാവ് ജി.എസ്.പത്മകുമാറിന് തുല്യം സഖാവ് ജി.എസ്.പത്മകുമാർ മാത്രമേയുള്ളൂ. നമ്മളിൽ ഒരാളോ, ഒരു പറ്റം ആളുകളോ വിചാരിച്ചാൽ നികത്താവുന്നതല്ല അദ്ദേഹം അവശേഷിപ്പിച്ച് പോയ വിടവ്. എന്നാൽ ഒറ്റക്കെട്ടായി അഗാധമായ ദുഃഖത്തെ ഉയർന്ന കർമ്മശേഷിയാക്കി മാറ്റിക്കൊണ്ട് ആ വിടവ് നികത്തിയെടുക്കാൻ കഴിയുമെന്ന സഖാവ് ശിബ്ദാസ്‌ഘോഷിന്റെ പാഠം നാം ഓർക്കേണ്ടതുണ്ട്. സഖാവ് ജി.എസ്.പത്മകുമാർ സ്വജീവിതംകൊണ്ട് അഭിലഷിച്ചതും പ്രയത്‌നിച്ചതുമായ ആ ഉന്നതമായ സമൂഹം ഈ മണ്ണിൽ യാഥാർത്ഥ്യമാക്കിത്തീർക്കാൻ കൂടുതൽ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.

സഖാവ് ജി.എസ്.പത്മകുമാറിന്
ലാൽസലാം.

Share this