മാതൃകായോഗ്യനായ വിപ്ലവകാരി

Spread our news by sharing in social media

സഖാവ് ജി.എസ്.പത്മകുമാര്‍ (57) തികഞ്ഞ ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്നു. പാര്‍ട്ടിക്കുവേണ്ടിയല്ലാതെ യാതൊന്നും അദ്ദേഹം ആഗ്രഹിച്ചില്ല. 17 വയസ്സുള്ളപ്പോള്‍ എസ്‌യുസിഐയെ മനസ്സിലാക്കി വിപ്ലവസമരം ആരംഭിച്ച നാള്‍ മുതല്‍ ഏപ്രില്‍ 28ന് അന്ത്യശ്വാസം വലിക്കുംവരെ അദ്ദേഹം പരിപൂര്‍ണ്ണമായും പാര്‍ട്ടിക്കുവേണ്ടി ജീവിച്ചു. ചിന്തിച്ചത്, പ്രവര്‍ത്തിച്ചത് എല്ലാം പാര്‍ട്ടിക്കുവേണ്ടിയായിരുന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ മഹാനായ നേതാവ് സഖാവ് ശിബ്ദാസ് ഘോഷ് കാട്ടിത്തന്ന പ്രൊഫഷണല്‍ വിപ്ലവകാരിയുടെ അത്യുന്നതമായ ജീവിതവീക്ഷണം സ്വന്തം ജീവിതത്തില്‍ പകര്‍ത്തുന്നതിനുവേണ്ടി അദ്ദേഹം കഠിനപ്രയത്‌നത്തില്‍ മുഴുകി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാതത്വങ്ങളെ അദ്ദേഹം മുറുകെപ്പിടിച്ചു. കമ്യൂണിസ്റ്റ് പെരുമാറ്റച്ചട്ടം അതീവ നിഷ്‌കര്‍ഷയോടെ സഖാവ് സ്വജീവിതത്തില്‍ പരിപാലിച്ചു. ഇതര സഖാക്കള്‍ക്ക് അദ്ദേഹം മാതൃകയായി. സ്തുതിപാടുന്ന് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. പലേ വിഷയങ്ങളിലും അദ്ദേഹം ആഴത്തിലുള്ള അറിവ് സമ്പാദിച്ചിരുന്നു. നാട്യങ്ങളൊന്നുമില്ലാത്ത സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ഊതിവീര്‍പ്പിച്ച് സ്വയംകൊട്ടിഘോഷിച്ച് നടക്കുന്ന പൊങ്ങച്ചക്കാരെ അദ്ദേഹത്തിന് പുച്ഛമായിരുന്നു. വിനയം അദ്ദേഹത്തിന് എടുത്തുചാര്‍ത്തിയ അലങ്കാരമായിരുന്നില്ല, മറിച്ച് ജീവിതത്തിലെ സ്വാഭാവികമായ ഗുണമായിരുന്നു. യാന്ത്രികമായ ഉപചാരങ്ങളെയും കൃത്രിമമായ പെരുമാറ്റങ്ങളെയും അദ്ദേഹം വെറുത്തു. നേരിന്റെയും നെറിവിന്റെയും നേര്‍ചിത്രമായിരുന്നു സഖാവ് ജി.എസ്.പത്മകുമാര്‍. സത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത അന്യൂനമായിരുന്നു. അതിന്റെ തികഞ്ഞ പ്രതിഫലനമായിരുന്നു തൊഴിലാളിവര്‍ഗ്ഗ വിപ്ലവരാഷ്ട്രീയത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന കൂറ്. ചീഞ്ഞഴുകിയ ബൂര്‍ഷ്വാരാഷ്ട്രീയവും കപടകമ്യൂണിസ്റ്റുകളുടെ ഇരട്ടത്താപ്പും അദ്ദേഹം വെറുത്തിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും ചര്‍ച്ചകളിലും അത് ശക്തമായി പ്രകടമായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ പ്രാവച്ചമ്പലം സ്വദേശിയായ ജി.എസ്.പത്മകുമാര്‍, എസ്.യു.സി.ഐയില്‍ ചേരുന്നത് 1978ലാണ്. തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടി സംഘാടനരംഗത്ത് രാപകലില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ട്, വിവരണാതീതമായ ക്ലേശങ്ങള്‍ നേരിട്ടുകൊണ്ട് അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. സഖാവിന്റെ അസാധാരണമായ സംഘാടനപാടവവും ഉയര്‍ന്ന സംസ്‌കാരവും ദര്‍ശിച്ച സംസ്ഥാന നേതൃത്വം അദ്ദേഹത്തെ പാര്‍ട്ടി കെട്ടിപ്പടുക്കാനായി തുടര്‍ന്ന് എറണാകുളം ജില്ലയിലേക്ക് നിയോഗിച്ചു. സഹായത്തിന്റെ കൈകളൊന്നുമില്ലാതെ, എണ്ണമറ്റ കഷ്ടപ്പാടുകളെ അഭിമുഖീകരിച്ചുകൊണ്ട് സാവധാനം അദ്ദേഹം തന്റെ ദൗത്യം നിറവേറ്റുന്നതില്‍ വിജയിച്ചു. പാര്‍ട്ടിയുടെ നിലവിലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സഖാവ് സുരേന്ദ്രന്‍, എറണാകുളം ജില്ലാ സെക്രട്ടറി സഖാവ് റ്റി.കെ.സുധീര്‍കുമാര്‍ ഉള്‍പ്പടെയുള്ള നിരവധി കേഡര്‍മാരെ വാര്‍ത്തെടുത്തുകൊണ്ട് എറണാകുളം ജില്ലയില്‍ പാര്‍ട്ടി സംഘടനയ്ക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു. എറണാകുളം ജില്ലയുടെ സെക്രട്ടറി എന്ന ചുമതലയോടൊപ്പം തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ട ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം വിപ്ലവപ്രസ്ഥാനത്തിന്റെ അടിത്തറ ഒരുക്കുന്നതില്‍ വിജയിച്ചു. 1988 ല്‍ നടന്ന പ്രഥമ സംസ്ഥാനസമ്മേളനത്തില്‍ വച്ച് അദ്ദേഹം പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2006ല്‍ സംസ്ഥാനസെക്രട്ടേറിയറ്റംഗമായും തെരഞ്ഞെടുക്കപ്പെട്ടു. ഒപ്പം സംസ്ഥാന ഓഫീസ് സെക്രട്ടറിയുടെ ധാരാളം സങ്കീര്‍ണ്ണതകളും സാങ്കേതികത്വവും നിറഞ്ഞ ചുമതലയും ഏല്‍പ്പിക്കപ്പെട്ടു. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ കുറ്റമറ്റ രീതിയില്‍ അദ്ദേഹം നിറവേറ്റി. കഴിഞ്ഞ 2 വര്‍ഷത്തിലധികമായി സംസ്ഥാന സെക്രട്ടറിയും കേന്ദ്രക്കമ്മിറ്റിയംഗവുമായ സഖാവ് സി.കെ.ലൂക്കോസ് അഭിമുഖീകരിക്കുന്ന അനാരോഗ്യത്തിന്റെ കൂടി പശ്ചാത്തലത്തില്‍ സഖാവിന്റെ ഭാരിച്ച ചുമതലകള്‍ ഇരട്ടിക്കുകയുണ്ടായി. എങ്കിലും അവയിലൊന്നിലും പേരിനുപോലും വീഴ്ച ഉണ്ടാകാതിരിക്കാന്‍ അദ്ദേഹം തികഞ്ഞ ജാഗ്രതയോടെ ശ്രദ്ധിച്ചു. ഓഫീസ് സെക്രട്ടറി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിപ്ലവകരമായ കാര്യക്ഷമതയുടെ ഉത്തമഉദാഹരണമായിരുന്നു. സമയക്കുറവിന്റെ പേരില്‍ അദ്ദേഹം ഒരു ജോലിയും ബാക്കിവച്ചില്ല. ഇതിനിടയില്‍ പാര്‍ട്ടി മുഖപത്രമായ യൂണിറ്റിയുടെ എഡിറ്റോറിയല്‍ അംഗമെന്ന നിലയിലും ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഒരു വീഴ്ചയും കൂടാതെ നിറവേറ്റി.

പാര്‍ട്ടി സംഘടനയുടെ നേരിട്ടുള്ള ചുമതലകളോടൊപ്പം പാര്‍ട്ടിയുടെ ആശയനേതൃത്വത്തില്‍ സാംസ്‌കാരിക – സാഹിത്യ – ശാസ്ത്രമേഖലകളിലെ മുന്നേറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ ചുമതലയും സഖാവ് ജി.എസ്.പത്മകുമാറില്‍ നിക്ഷിപ്തമായിരുന്നു. ഈ മേഖലകളില്‍ സഖാവിന്റെ നേതൃത്വത്തില്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനം സൃഷ്ടിച്ച മുന്നേറ്റം ആരിലും അത്ഭുതമുളവാക്കുന്ന ഒന്നായിരുന്നു. ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റി എന്ന ദേശീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡണ്ടായി ചുമതല നിര്‍വ്വഹിച്ചുകൊണ്ട് സംസ്ഥാനമെമ്പാടും യാത്രചെയ്ത് ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനം രൂപപ്പെടുത്തിയെടുക്കാന്‍ അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു. കേരളത്തിലെ ശാസ്ത്ര പ്രവര്‍ത്തകര്‍ക്കും ശാസ്ത്രസ്‌നേഹികള്‍ക്കും പ്രവര്‍ത്തനത്തിന്റെ അളവറ്റ ഊര്‍ജ്ജസ്രോതസ്സായിരുന്നു സഖാവ് ജി.എസ്.പത്മകുമാര്‍. കപടശാസ്ത്രപ്രചാരണവും സങ്കുചിതമായ ദേശഭ്രാന്തിന്റെ അവകാശവാദങ്ങളും അരങ്ങ് തകര്‍ക്കുന്ന ഈ കാലത്ത് സഖാവിന്റെ നേതൃത്വത്തില്‍ ശരിയായ ശാസ്ത്രബോധം പകര്‍ന്ന് നല്‍കാനായി നടന്ന പ്രവര്‍ത്തനങ്ങളുടെ പ്രസക്തി എത്രയോ വലുതാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 14ന് ലോകമെമ്പാടും നടന്ന മാര്‍ച്ച് ഫോര്‍ സയന്‍സിന്റെ ഭാഗമായി കേരളത്തിന്റെ 13 ജില്ലകളില്‍ പ്രസ്തുത മുന്നേറ്റം സംഘടിപ്പിക്കാന്‍ അമരക്കാരനെന്ന നിലയില്‍ സഖാവ് ജി.എസ്.പത്മകുമാര്‍ ഉണ്ടായിരുന്നു. ബാനര്‍ സാംസ്‌കാരിക സമിതി എന്ന സാംസ്‌കാരിക പ്രസ്ഥാനത്തിന്റ സംസ്ഥാന കണ്‍വീനറായിരുന്നു അദ്ദേഹം. എത്ര തിരക്കിനിടയിലും തിരുവനന്തപരുത്തും മലപ്പുറത്തും പാലക്കാട്ടും സ്ഥിരമായി നടക്കുന്ന സര്‍ഗ്ഗസംഗമ സദസ്സുകളില്‍ പങ്കെടുക്കാനും അവിടെ നടക്കുന്ന സാഹിത്യ – സാംസ്‌കാരിക ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനും അദ്ദേഹം സമയം കണ്ടെത്തി. തികച്ചും വ്യതിരിക്തമായ ഒരു സാംസ്‌കാരിക മുന്നേറ്റത്തിന് സംസ്ഥാനമെമ്പാടും കളമൊരുക്കാന്‍ അദ്ദേഹം വളരെയധികം പ്രയത്‌നിച്ചു. ഈ സാംസ്‌കാരിക പ്രസ്ഥാനം പ്രസിദ്ധീകരിക്കുന്ന ബാനര്‍ എന്ന ത്രൈമാസികത്തിന്റെ എഡിറ്റര്‍ കൂടിയായിരുന്നു സഖാവ് ജി.എസ്.പത്മകുമാര്‍.

നാടിന്‍ ശ്രേഷ്ഠ സന്താനങ്ങളാക നാം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് കഴിഞ്ഞ 25 വര്‍ഷമായി നടന്നു വരുന്ന കുട്ടികളുടെ ക്യാമ്പിന്റെ സംഘാടക സമിതി കണ്‍വീനറായിരുന്നു സഖാവ് ജി.എസ്.പത്മകുമാര്‍. കുട്ടികളെ ഉയര്‍ന്ന മൂല്യബോധത്തിലേക്കും കൂട്ടായ ജീവിതത്തിലേക്കും ആനയിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി സഖാവിന്റെ നേതൃത്വത്തില്‍ വളരെ ഗൗരവപൂര്‍വ്വമുള്ള പ്രവര്‍ത്തനങ്ങളാണ് ക്യാമ്പിലൂടെ നടന്നു വന്നിരുന്നത്. സാരവത്തായ ജീവിതത്തിന്റെ ഉടമകളാക്കി കുട്ടികളെ മാറ്റാനായി എത്രയോ ശുഷ്‌കാന്തിയോടെയാണ് പപ്പന്‍ മാമന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ക്യാമ്പിലൂടെ കടന്നുപോയിട്ടുള്ള നൂറുകണക്കിന് കുട്ടികളും അവരുടെ രക്ഷിതാക്കളും വളരെ ആദരവോടെയാണ് സ്മരിക്കുന്നത്. അഖിലേന്ത്യാ സാമ്രാജ്യത്വ വിരുദ്ധ ഫോറത്തിന്റെ സംസ്ഥാനത്തെ കണ്‍വീനര്‍മാരിലൊരാളായിരുന്നു സഖാവ് പത്മകുമാര്‍. ലോകത്തെവിടെയും സാമ്രാജ്യത്വ – മുതലാളിത്ത ശക്തികളുടെ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെതിരെ പ്രതിഷേധം വളര്‍ത്തിക്കൊണ്ട് കേരളത്തില്‍ സാമ്രാജ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സവിശേഷമായ ഒരു ശ്രദ്ധ സഖാവ് പുലര്‍ത്തിയിരുന്നു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗമെന്ന നിലയിലുള്ള സംസ്ഥാനസംഘടനയുടെ ചുമതലകള്‍, 4 ജില്ലകളിലെ പാര്‍ട്ടി ജില്ലാകമ്മിറ്റികളുടെ മേല്‍നോട്ടം, പ്രസ്തുത ജില്ലകളിലെ ജനകീയ പ്രക്ഷോഭങ്ങളുടെ സങ്കീര്‍ണ്ണ ജോലികള്‍, മുഴുവന്‍ സമയ പ്രവര്‍ത്തകരായ നിരവധി സഖാക്കളുടെ വിപ്ലവ സമരത്തിന്റെ പ്രശ്‌നങ്ങള്‍, ഓഫീസ് സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍, സംസ്ഥാന കമ്മിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള അഞ്ചിലധികം സബ് കമ്മിറ്റികളുടെ ഇന്‍ചാര്‍ജ്ജ് എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍, യൂണിറ്റി എഡിറ്റോറിയല്‍ അംഗത്തിന്റെ ജോലികള്‍ അങ്ങിനെ നിരവധിയായ ഉത്തരവാദിത്തങ്ങള്‍ ഒരേ സമയം തികഞ്ഞ സന്തോഷത്തോടെ സഖാവ് ജി.എസ്.പത്മകുമാര്‍ നിറവേറ്റി. ആയാസകരമായ ഈ ഉത്തരവാദിത്തങ്ങളുടെ സമ്മര്‍ദ്ദത്തിന്നിടയിലും അദ്ദേഹം വായനയും പഠനവും എഴുത്തും തുടര്‍ന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ തിരക്കുകൊണ്ട് പഠനപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നുവെന്ന് ആവലാതിപ്പെടുന്ന സഖാക്കളോട് സഖാവ് ജി.എസ്.പത്മകുമാറിന്റെ പഠനസമ്പ്രദായം മാതൃകയാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. തിരക്കേറിയ ബസ് സ്റ്റാന്റിലോ റെയില്‍വേസ്റ്റഷനിലോ ഒരു ഇരിപ്പിടം ലഭിച്ചാല്‍ സഖാവ് പുസ്തകം നിവര്‍ത്തി വായന തുടങ്ങുമായിരുന്നു. സഖാവ് ശിബ്ദാസ് ഘോഷിന്റെ ഒരു പുതിയ കൃതി കൈവശം ലഭിച്ചാല്‍ ഒറ്റ ശ്വാസത്തില്‍ അത് വായിച്ചുതീര്‍ത്തിരിക്കും. താന്‍ വായിച്ച കൃതിയെക്കുറിച്ച് മറ്റ് സഖാക്കളോട് സരളമായി സംസാരിച്ച് അവരെയും ആ കൃതി വായിക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു. വായിച്ചും ചര്‍ച്ച ചെയ്തും മനസ്സിലാക്കിയ സിദ്ധാന്തത്തെ സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ അദ്ദേഹം അസാധാരണമായ ഏകാഗ്രതയോടെ പരിശ്രമിച്ചു. സ്വാംശീകരിക്കപ്പെട്ട ആ അറിവിന്റെ ഉയര്‍ന്ന തലം പഠനത്തെ വീണ്ടും ശക്തിപ്പെടുത്തി. പഠനത്തിന്റെ ഡയലിക്ടിക്കലായ ഈ പ്രക്രിയയെ അവിരാമവും അക്ഷീണവുമായി നിര്‍വ്വഹിച്ചുകൊണ്ട് മാര്‍ക്‌സിസം-ലെനിനിസം-സഖാവ് ശിബ്ദാസ് ഘോഷ് ചിന്തകളില്‍ അദ്ദേഹം ആഴമാര്‍ന്ന ധാരണ നേടിയെടുത്തു. ആ ധാരണയുടെ അടിത്തറയില്‍ നിന്നുകൊണ്ട് സംസ്ഥാന-ജില്ലാ പഠന ക്യാമ്പുകളില്‍ സഖാവ് നടത്തിയ പ്രഭാഷണങ്ങള്‍, അദ്ദേഹം നയിച്ചിട്ടുള്ള സ്റ്റഡി സര്‍ക്കിളുകള്‍, ക്ലാസ്സുകള്‍, എണ്ണമറ്റ ചര്‍ച്ചാ പരിപാടികള്‍ ഇവയെല്ലാം കേരളത്തിലെ നൂറുകണക്കിന് സഖാക്കള്‍ക്ക് അടിയുറച്ച പ്രത്യയശാസ്ത്ര നിലവാരം പകര്‍ന്നുനല്‍കുന്നതില്‍ വമ്പിച്ച പങ്കാണ് നിറവേറ്റിയത്. മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ലളിതവും സുഗ്രാഹ്യവുമായ പ്രതിപാദനത്തിലൂടെ അദ്ദേഹം സഖാക്കളെ പഠിപ്പിച്ചു. ഉയര്‍ന്ന നിലവാരമുള്ള നര്‍മ്മവും വിമര്‍ശവിധേയമാകുന്ന വ്യക്തികളോടും ആശയങ്ങളോടുമുള്ള ആദരവും സഖാക്കള്‍ക്ക് പകര്‍ന്ന് നല്‍കിയത് അറിവിനോടൊപ്പം ഉയര്‍ന്ന നൈതികതയുമായിരുന്നു.

തൊഴിലാളിവര്‍ഗ്ഗത്തിന്റെ മഹാനായ ഗുരുനാഥന്‍ സഖാവ് ശിബ്ദാസ് ഘോഷിന്റെ കൃതികളും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള വലുതും ചെറുതുമായിട്ടുള്ള നിരവധി മറ്റു കൃതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളത് സഖാവ് ജി.എസ്.പത്മകുമാറാണ്. ഇതിനുപുറമെ സംസ്ഥാന കമ്മിറ്റിയുടെ നിയോഗപ്രകാരം നിരവധി സ്വതന്ത്രരചനകളും അദ്ദേഹം നടത്തിയിട്ടുണ്ട്. കേരളത്തില്‍ വളരെയധികം വിതരണം ചെയ്യപ്പെട്ടിട്ടുള്ള ‘എന്താണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)’ എന്ന ലഘുകൃതി ഉള്‍പ്പടെ, ഒടുവില്‍ പ്രസിദ്ധീകരിച്ച ‘മഹത്തായ നവംബര്‍ വിപ്ലവത്തിന്റെ പാഠങ്ങളും കടമകളും’ വരെ സംസ്ഥാനകമ്മിറ്റിക്കു വേണ്ടി രചിച്ചത് സഖാവ് ജി.എസ്.പത്മകുമാറാണ്. സംസ്ഥാനകമ്മിറ്റിക്കു വേണ്ടി രചിച്ച ‘ശ്രീനാരായണഗുരുവും കമ്യൂണിസ്റ്റുകാരും’ എന്ന കൃതി, ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് കേരളത്തിന്റെ നവോത്ഥാനമുന്നേറ്റത്തെ സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ നീക്കി വളരെ തെളിഞ്ഞ ധാരണ നല്‍കുന്ന ഒന്നാണ്. പ്രസ്തുത കൃതിയുടെ ഉള്‍ക്കാമ്പ് തിരിച്ചറിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരല്ലാത്ത ചില വ്യക്തികള്‍ കൂടുതല്‍ കോപ്പികള്‍ പാര്‍ട്ടി ഓഫീസില്‍ നിന്നും വാങ്ങി അത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയുണ്ടായി. ചിന്തിക്കുന്ന ജനങ്ങള്‍ക്കിടയില്‍ അത്രമേല്‍ സ്വാധീനമാണ് പ്രസ്തുത കൃതി സഷ്ടിച്ചത്.

സാഹിത്യം, ചരിത്രം, ദര്‍ശനം മുതല്‍ ശാസ്ത്രം വരെയുള്ള മേഖലകളിലെ പരന്നതും ആഴമാര്‍ന്നതുമായ വായനയും പഠനവും അദ്ദേഹത്തെ പ്രസ്തുത മേഖലകളിലെ തികഞ്ഞ പണ്ഡിതനാക്കി മാറ്റി. വ്യത്യസ്ത മേഖലകളിലെ വിഷയങ്ങളെ അധികരിച്ച് അദ്ദേഹം നടത്തിയിട്ടുള്ള പ്രഭാഷണങ്ങള്‍ കേള്‍ക്കാനിട വന്നിട്ടുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ അദ്ദേഹത്തെ ഒരു ഗുരുനാഥനെപ്പോലെ ആദരിക്കാനും അംഗീകരിക്കാനും ഒരു മടിയും കാട്ടിയില്ല. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ സംബന്ധിച്ച് പഠിച്ച് ഏറ്റവും ശാസ്ത്രീയവും ചരിത്രപരവുമായ വിശകലനം അവതരിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നിയോഗിച്ച കേരള ചരിത്രപഠന സമിതിയുടെ ജനറല്‍ കണ്‍വീനറായിരുന്നു സഖാവ് ജി.എസ്.പത്മകുമാര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രസ്തുത പഠനസമിതി 2 വര്‍ഷം നീണ്ട പഠനത്തിലൂടെ ആദ്യം പ്രസിദ്ധീകരിച്ച ‘അയ്യന്‍കാളിയും കേരള നവോത്ഥാനവും’ എന്ന കൃതി നിരവധി ചരിത്രപണ്ഡിതന്മാരുടെയും സാധാരണ ജനങ്ങളുടെയും അംഗീകാരം നേടുകയുണ്ടായി. ഊര്‍ജ്ജസ്വലനായ ഒരു ശാസ്ത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സഖാവ് ജി.എസ്.പത്മകുമാര്‍ വ്യക്തിപരമായും മറ്റ് പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്നും നടത്തിയിട്ടുള്ള രചനകള്‍ സംസ്ഥാനത്തെ ശാസ്ത്രമുന്നേറ്റത്തിന് മറക്കാനാവില്ല. ‘ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ആപേക്ഷികതാ സിദ്ധാന്തവും’, ‘ചാള്‍സ് ഡാര്‍വിനും പരണാമ സിദ്ധാന്തവും’ എന്നീ ഗ്രന്ഥങ്ങള്‍ ശാസ്ത്രതല്‍പ്പരരെ സംബന്ധിച്ചിടത്തോളം വിലപ്പെട്ട കൈപ്പുസ്തകങ്ങളാണ്.

സഖാവ്  ജി.എസ്.പത്മകുമാര്‍  പാര്‍ട്ടിക്കുള്ളിലെ  മഹത്തായ  വിപ്ലവസമരത്തിന്റെ സൃഷ്ടി

പാര്‍ട്ടിയുടെയും തൊഴിലാളി വര്‍ഗ്ഗത്തിന്റെയും താല്‍പ്പര്യവുമായി തന്റെ വ്യക്തിതാല്‍പ്പര്യത്തെ സമ്പൂര്‍ണ്ണമായും താദാത്മ്യപ്പെടുത്താനുള്ള കമ്യൂണിസ്റ്റ് സമരത്തില്‍ സര്‍വ്വാത്മന മുഴുകിയതുകൊണ്ടാണ് പാര്‍ട്ടി സംഘാടനത്തിന്റെ സര്‍വ്വമേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ച ഒരു വിപ്ലവ വ്യക്തിത്വമായി സഖാവ് ജി.എസ്.പത്മകുമാര്‍ ഉയര്‍ന്നുവന്നത്. നമ്മുടെ പാര്‍ട്ടിക്കുള്ളിലെ മഹത്തായ വിപ്ലവസമരത്തിന്റെ സൃഷ്ടിയായിരുന്നു സഖാവ് ജി.എസ്.പത്മകുമാര്‍. അവൈയക്തികമായ സമീപനം മാത്രമാണ് സത്യാന്വേഷണത്തിന്റെ മാര്‍ഗ്ഗം തെളിക്കുന്നത്. എത്രകണ്ട് വ്യക്തിവാദത്തിന്റെ അംശങ്ങളെ, സ്വാധീനങ്ങളെ മനോഘടനയില്‍ നിന്നു മോചിപ്പിക്കുവാന്‍ കഴിയുമോ അത്രകണ്ട് സത്യത്തെ മനസ്സിലാക്കാനും സ്വാംശീകരിക്കാനും കഴിയും. സഖാവ് ജി.എസ്.പത്മകുമാര്‍ കഠിനതരമായ ഈ വിപ്ലവസമരത്തിനു മുമ്പില്‍ തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ ആവതും പരിശ്രമിച്ചു. അതില്‍ അദ്ദേഹം വലിയ നിലയില്‍ വിജയിച്ചു. ഈ വിപ്ലവ സമരപാതയില്‍ ആര്‍ക്കൊക്കെ മുന്നേറാന്‍ കഴിയുമോ അവര്‍ക്കൊക്കെ ഉന്നതരായ മനുഷ്യരായി മാറാന്‍ കഴിയും. നമ്മുടെ പ്രിയപ്പെട്ട പാര്‍ട്ടിക്കുള്ളിലെ ജീവന്‍ തുടിക്കുന്ന, കമ്യൂണിസ്റ്റുകളെ വാര്‍ത്തെടുക്കുന്ന ഈ സമരമാണ് എല്ലാ പ്രതിസന്ധികളെയും മറികടക്കാനുള്ള നമ്മുടെ മുമ്പിലെ സുനിശ്ചതമായ വഴി. ഈ സമരത്തില്‍ കാലിടറാതെ, അചഞ്ചലം മുന്നേറിയാല്‍ സഖാവ് പത്മകുമാറിനു തുല്യരോ അതിലേറെ വളര്‍ന്നവരോ ആയ നൂറുകണക്കിന് സഖാക്കള്‍ സൃഷ്ടിക്കപ്പെടും. ഏതൊരു സഖാവിന്റെയും വിയോഗം സൃഷ്ടിക്കുന്ന നഷ്ടം നാം നികത്തുന്നത് അങ്ങനെയാണ്. അതിനാല്‍ നിശ്ചയദാര്‍ഢ്യത്തോടെ വിപ്ലവസമരപാതയില്‍ തങ്ങളെത്തന്നെ സമര്‍പ്പിക്കാന്‍ പ്രതിജ്ഞയെടുക്കുക. സഖാവ് ജി.എസ്.പത്മകുമാറിനോടുള്ള സ്‌നേഹാദരങ്ങള്‍ അങ്ങനെ നിറവേറ്റുമെന്ന് നമ്മള്‍ പ്രതിജ്ഞയെടുക്കുക.

Share this