‘ഇരട്ട എഞ്ചിൻ’ ഉള്ള യു.പി. സർക്കാർ, രക്ഷകർത്തൃ സ്ഥാനത്തുള്ള കേന്ദ്ര സർക്കാരിനെ പിന്തുടരുന്നു.

 ഇരട്ട എഞ്ചിൻ പോലെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും  ബി.ജെ.പി സർക്കാർ ഉണ്ടായാൽ  സംസ്ഥാനത്തിന്റെ സ്ഥായിയായ വികസനത്തെ അതത്രയും കാര്യക്ഷമമാക്കും എന്നായിരുന്നു തിരഞ്ഞെടുപ്പുപ്രചരണത്തിലുടനീളം കേന്ദ്രത്തിലെയും ബി.ജെ.പി. ഭരിക്കുന്ന യു. പി യിലേയും മന്ത്രിമാരും ഭരണകക്ഷിയിലെ ഉന്നത നേതാക്കളുമെല്ലാം ആവർത്തിച്ചു പറഞ്ഞിരുന്നത്.
മഹാമാരിയുടെ വീശിയടിക്കുന്ന രണ്ടാംതരംഗത്തെ നേരിടുന്നതിൽ  യുപിയിലെ ഈ ഇരട്ട എഞ്ചിൻ സർക്കാരും അതിന്റെ രക്ഷാകർതൃസ്ഥാനത്തുള്ള കേന്ദ്രസർക്കാരിനെപ്പോലെ തന്നെ പെരുമാറി എന്നതിനുള്ളതിന്  ഏതാനും ചില ഉദാഹരണങ്ങൾ ഞങ്ങളിവിടെ അവതരിപ്പിക്കട്ടെ.


ഉദാഹരണം 1
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ 297616-ലേറെ കോവിഡ് – 19 കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. കേസുകളുടെ എണ്ണത്തിൽ ഒരു ദിവസം മാത്രം 9472-ന്റെ വർദ്ധനയുമുണ്ടായിട്ടുണ്ട്. കേന്ദ്രനയങ്ങളുടെ ചിന്താകേന്ദ്രമായ നീതി ആയോഗിന്റെ പ്രവചനപ്രകാരം കേസുകളുടെ വ്യാപനത്തിൽ നട്ടംതിരിയുന്ന ഡെൽഹിക്കുശേഷം ഉത്തർ പ്രദേശായിരിക്കും കോവിഡ് 19 ഹോട് സ്പോട്ട്.
ഏപ്രിൽ 30 ആകുമ്പോഴേയ്ക്കും ഉത്തർ പ്രദേശിൽ 119604 പുതിയ കൊറോണ വൈറസ് കേസുകളും മഹാരാഷ്ട്രയിൽ 99665 കേസുകളും ഡൽഹിയിൽ 67134 കേസുകളും കൂടി അധികമായി വരുമെന്നു നീതി ആയോഗ് വിലയിരുത്തിയതായി വാർത്തകൾ സൂചിപ്പിക്കുന്നു.
പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കുകയും ഉയർന്ന രോഗബാധയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുക്കുകയും ചെയ്ത ഒരു യോഗത്തിൽ നീതി ആയോഗ് അംഗം (ആരോഗ്യം) വി.കെ.പോൾ നടത്തിയ ഒരു അവതരണത്തിലാണ്, മെയ് പകുതിയോടെ പ്രതിദിന രോഗബാധ അഞ്ചു ലക്ഷമായി,  കോവിഡ് വ്യാപനം അതിന്റെ മൂർദ്ധന്യത്തിലെത്തുമെന്നുള്ള ഈ പ്രവചനം ഉണ്ടായത്. മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതനുസരിച്ച് വി.കെ. പോൾ ഇങ്ങനെ പറഞ്ഞു ” കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ പ്രത്യേകമായ അപകട സാധ്യതയുണ്ട് . ഈ സാഹചര്യത്തെ കൈകാര്യം ചെയ്യാനുള്ള ആരോഗ്യ പരിരക്ഷാ സന്നാഹങ്ങളാകട്ടെ ഈ സംസ്ഥാനങ്ങളിൽ അപര്യാപ്തമാണുതാനും “.
ഇന്ത്യയിലെ ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. അതുമായി ചേർന്ന്  അതിർത്തി പങ്കിടുന്ന ഡൽഹി അതുകൊണ്ടുതന്നെ കറുത്ത ദിനങ്ങളെ മുന്നിൽക്കാണുകയും ചെയ്യുന്നു. ആശുപത്രി കിടക്കകൾ , ഐ.സി.യു കിടക്കകൾ, കോവിഡ് രോഗികൾക്കുള ഓക്സിജൻ ഇവയ്ക്കെല്ലാം രൂക്ഷമായ അപര്യാപ്തതയുണ്ട്. സഹായമെത്തുന്നതും കാത്തു കിടക്കുന്ന നിരവധിപേർ മരിച്ചു വീഴുകയും ചെയ്യുന്നു. ഓക്സിജൻ വിതരണം വളരെ താഴ്ന്ന നിലയിലാണെന്നു ഡൽഹിയിലെ നിരവധി ആശുപത്രികൾ അപായസൂചനനൽകുന്നു. സാമൂഹികമാദ്ധ്യങ്ങളിലും ആശുപത്രികൾക്കുപുറത്തു പതിച്ച അറിയിപ്പുകളിലും അത്  വ്യക്തമാണ്. 
ഉത്തർപ്രദേശിൽ ഓക്സിജൻ കൊടുക്കാൻ പറ്റുന്ന സുരക്ഷിതമായി വേർപെടുത്തപ്പെട്ട കിടക്കകൾക്കുളള കുറവ് പ്രതിദിനം 16752 ആകുമെന്നു നീതി ആയോഗ് കണക്കാക്കിയതായി വാർത്തകൾ സൂചിപ്പിക്കുന്നു. ഏതാണ്ട് 3061ഐ.സി. യു. കിടക്കകളും 1538 വെന്റിലേറ്ററുകളും പുതുതായി സംസ്ഥാനത്താവശ്യമായി വരുമത്രേ. (സബ് രംഗ് ഇന്ത്യ 27.4.2021 )


ഉദാഹരണം 2
” നിങ്ങളാ ഓക്സിജൻ സിലിണ്ടർ എടുത്തു മാറ്റിയാൽ എന്റെ അമ്മ മരിച്ചു പോകും” ഇത് യു.പിയിലെ വിഖ്യാത ടൂറിസ്റ്റ് നഗരമായ ആഗ്രയിലെ ഉപാദ്ധ്യായ ആശുപത്രിയിൽ നിന്ന് ഏപ്രിൽ 27 – ന് എടുത്ത ഒരു വീഡിയോയിലൂടെ കേട്ട രോദനമാണ്. ഉത്തർപ്രദേശ് പോലീസിനോട്, അവരുടെ കൂടെ വന്ന ഒരു കൂട്ടം ആൾക്കാർ ആ ഓക്സിജൻ സിലിണ്ടർ പിടിച്ചെടുത്ത് ഒരു വാനിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ പി.പി. ഇ കിറ്റുധരിച്ച ഒരു യുവാവ് തെരുവിൽ മുട്ടിൽ നിന്നു കൊണ്ടു നടത്തുന്ന അപേക്ഷയാണിത്. ഏപ്രിൽ 28-ന് ടൈംസ് ഓഫ് ഇന്ത്യ മറ്റു പലതിന്റേയും കൂട്ടത്തിൽ ഈ വീഡിയോ ട്വീറ്റ് ചെയ്യുകയും നിരവധി തവണ ഷെയർ ചെയ്യപ്പെടുകയും ചെയ്തു.
ഒരു വെബ് പോർട്ടലായ ‘ദി വയർ ‘ ഈ യുവാവ് 22 വയസ്സുകാരനായ അൻമോൽ ഗോയൽ ആന്നെന്നു തിരിച്ചറിഞ്ഞു. ഈ വീഡിയോ എടുത്തു രണ്ടു മണിക്കൂറിനുശേഷം തന്റെ അമ്മ മരണത്തിനു കീഴടങ്ങിയതായി അൻമോൽ വയറിനോടു പറഞ്ഞു. അവർക്ക് 53 വയസ്സേ ആയിരുന്നുള്ളു . “അവരെ സഹായിക്കുമെന്നു ഡോക്ടർ പറഞ്ഞ ഒരേയൊരു  സാധനം – ഓക്സിജൻ സിലിണ്ടർ – ഞങ്ങളുടെ കൈയിൽ നിന്നെടുത്തു മാറ്റപ്പെട്ടു” അൻമോൽ പറഞ്ഞു. വീഡിയോ അടങ്ങുന്ന ട്വീറ്റിൽ ടൈംസ് ഓഫ് ഇന്ത്യ ലേഖകൻ ആരോപിക്കുന്നത് ഏതോ “വി.ഐ.പി”ക്കുവേണ്ടിയാണ് ഓക്സിജൻ സിലിണ്ടർ എടുത്തു കൊണ്ടുപോയത് എന്നാണ്.


ഉദാഹരണം 3
 ഓക്സിജൻ ദൗർലഭ്യം മൂലം രോഗികളെ ഡിസ്ചാർജ് ചെയ്യുകയോ ഓക്സിജൻ ക്ഷാമത്തെക്കുറിച്ചു പരാതിപറയുകയോ ചെയ്യുന്ന ആശുപത്രികൾക്കെതിരെ നടപടിയെടുക്കാൻ ഉന്നതോദ്യോഗസ്ഥരോടും പോലീസ് മേധാവികളോടും യു.പിയിലെ ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏപ്രിൽ 25-നു നടന്ന ഒരു ഓൺലൈൻ യോഗത്തിൽ ആവശ്യപ്പെട്ടതായ വാർത്തയും ഇവിടെ സ്മരണീയമാണ്.
ഈ യോഗത്തിനുശേഷം, സംസ്ഥാനത്തെ കോവിഡ് 19 സാഹചര്യത്തെക്കുറിച്ചു  സാമൂഹമാദ്ധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകളിടുന്നവരെ ശിക്ഷിക്കണമെന്നു സംസ്ഥാനത്തെ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അയച്ച ഒരു കത്തിലൂടെ ആവശ്യപ്പെടുകയുണ്ടായി.   “തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ കോപ്പി – പേസ്റ്റു ചെയ്തു പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു ” എന്നതിൽപറയുന്നു. “തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകളിടുന്ന താന്തോന്നിക്കൂട്ടങ്ങൾക്കെതിരെ ശക്തമായ നടപടികളെടുക്കണ്ടേതും  തെറ്റായ വിവരവ്യാപനത്തെ മുളയിലേ നുള്ളിക്കളയേണ്ടതും ഇന്നത്തെ സാഹചര്യത്തിൽ പരമപ്രധാനമാണ്.24 x 7 എന്ന മട്ടിൽ സജീവമായി നില്ക്കാനും പരിഭ്രാന്തി പരത്താനുദ്ദേശിച്ചു കൊണ്ടുള്ള തെറ്റിദ്ധാരണാജനകമായ പോസ്റ്റുകൾക്കെതിരെ നടപടിയെടുക്കാനും നിങ്ങളുടെ ജില്ലാ സോഷ്യൽ മീഡിയ സെല്ലുകളോടു പറയുക ” എന്നും കത്തിലുണ്ട്. (ദി വയർ 28.04.21 )


ഉദാഹരണം 4
ഈ ഉത്തരവിനെത്തുടർന്ന്, “ഓക്സിജൻ സിലിണ്ടർ വേണം, കഴിയുന്നത്ര വേഗത്തിൽ ” എന്നു ട്വീറ്റ് ചെയ്ത ശശാങ്ക് യാദവ് എന്നയാൾക്കെതിരെ ജനങ്ങൾക്കിടയിൽ ഭീതിപരത്തുന്നു എന്നു പറഞ്ഞ് അമേതി പോലീസ്  ഐ.പി.സി യും  പകർച്ചവ്യാധി നിയമങ്ങളുമുപയോഗിച്ചു കേസെടുത്തിരിക്കയാണ്.  88 വയസ്സായ ഒരു ബന്ധുവിനുവേണ്ടിയായിരുന്നു അദ്ദേഹമതാവശ്യപ്പെട്ടത്. അന്വേഷണത്തിൽ കണ്ടത് രോഗി മരിച്ചതു കോവിഡു മൂലമല്ല മറിച്ചു ഹൃദയാഘാതത്താലാണെന്നും അയാൾക്ക് ഓക്സിജൻ നൽകേണ്ട ആവശ്യമില്ലായിരുന്നുവെന്നും ആ സമയം ഈ മനുഷ്യൻ സുഖമായി കിടന്നുറങ്ങുകയായിരുന്നുവെന്നും പോലീസ് കഥ മെനെത്തെടുത്തു. എന്നാൽ യാദവിന്റെ ട്വീറ്റിൽ തന്റെ ബന്ധു കോവിഡ് ബാധിതനാണെന്നു പരാമർശിച്ചിട്ടേയുണ്ടായിരുന്നില്ല. യാദവിനെതിരെ പോലീസ് പ്രഥമവിവര റിപ്പോർട്ടു തയ്യാറാക്കുകയും ക്രിമിനൽ നടപടിച്ചട്ടത്തിലെ 41-ാം വകുപ്പു പ്രകാരം നോട്ടീസ് നൽകുകയും ചെയ്തു. ഇതുപ്രകാരം എന്തെങ്കിലും മേൽ നടപടികൾ എടുക്കാതിരിക്കുന്നതിനായി അദ്ദേഹത്തിനു  പോലീസിനു മുമ്പാകെ ഹാജരാകേണ്ടതായുണ്ട്. (ദി ട്രിബ്യൂൺ 28.04.21 )


ഉദാഹരണം 5
മുഖ്യമന്ത്രിയുടെ ജില്ലയായ ഗോരഖ്പൂരിലെ ഒരു സ്വകാര്യ ആശുപതിയായ ദുർഗാവതി ഹോസ്പിറ്റൽ ഏപ്രിൽ 24 – ന് ഒരു അറിയിപ്പു പ്രസിദ്ധീകരിച്ചു അതിങ്ങനെയായിരുന്നു. “ആശുപത്രിയിൽ ഓക്സിജൻ ദൗർലഭ്യം ഉള്ളതിനാൽ രോഗികൾക്കാവശ്യമായ വൈദ്യസഹായം നൽകാൻ ഞങ്ങൾക്കു കഴിയുന്നില്ല.  രോഗികളെ ഉടൻ തന്നെ മറ്റാശുപത്രികളിലേക്കു മാറ്റാനായി എല്ലാ രോഗികളുടേയും കൂട്ടിരിപ്പുകാരോടു ഞങ്ങൾ മുൻകൂറായി അഭ്യർത്ഥിക്കുകയാണ്”. കുറച്ചു മണിക്കൂറുകൾക്കു ശേഷം ആ നോട്ടീസ് നീക്കം ചെയ്യപ്പെട്ടു, ഓക്സിജൻ ആശുപത്രിയിൽ ലഭ്യമാക്കിയതായി അധികാരികൾ അറിയിച്ചു. ഓക്സിജൻ ദൗർലഭ്യം റിപ്പോർട്ടു ചെയ്യുന്ന ആശുപത്രികൾക്കെതിരേ നടപടിയെടുക്കാനുള്ള   ബി.ജെ.പി മുഖ്യമന്ത്രിയുടെ ഏപ്രിൽ 25-ന്റെ ഉത്തരവിനോടു ബന്ധപ്പെട്ടു തന്നെയായിരുന്നു ആ നോട്ടീസിന്റെ തിരോധാനവും എന്നതു വ്യക്തമായിരുന്നു.


ഉദാഹരണം 6
ഏപ്രിൽ 23 – ന് കാൺപൂരിലെ അമർ ഉജാല എന്ന പത്രം ” 476 ശവസംസ്കാരങ്ങൾ, സൂര്യാസ്തമയത്തിനു ശേഷവും എരിയുന്ന ചിതകൾ” എന്ന തലക്കെട്ടോടെ ഒരു വാർത്ത പ്രസിദ്ധീകരിച്ചു. ഏപ്രിൽ 22 – ന് ജില്ലയിലെ വിവിധ ശ്മശാനങ്ങളിൽ 476 ശവസംസ്കാരങ്ങൾ നടന്നതായി ഈ വാർത്തയിൽ പറയുന്നു. എന്നാൽ  ഏപ്രിൽ 22 ലെ ആകെ കോവിഡ് മരണങ്ങൾ സംസ്ഥാനസർക്കാർ ഏപ്രിൽ 23-നു ഔദ്യോഗികമായി  പ്രഖ്യാപിച്ചത് വെറും 9 മാത്രമാണെന്നാണ്.
ഈ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ജില്ലാ അധികാരികൾ ആരോപിക്കുകയും കാൺപൂർ ജില്ലാ മജിസ്ട്രേട്ടായ അലോക് തിവാരി പത്രത്തിനിങ്ങനെയെഴുതുകയും ചെയ്തു. “കോവിഡ് മരണങ്ങളുടെ ഫലമായി സൂര്യാസ്തമയത്തിനു മുമ്പു മൃതദേഹങ്ങൾ ദഹിപ്പിക്കുക എന്ന ഹിന്ദു ആചാരത്തിനു ഭംഗം വന്നതായുള്ള നിങ്ങളുടെ പത്രത്തിലെ വാർത്തയെ സംബന്ധിച്ചു മുൻസിപ്പൽ കമ്മീഷണർ അന്വേഷിച്ചതിനനുസരിച്ചു വ്യക്തമാക്കുന്നത് വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എല്ലാ മരണങ്ങളും കോവിഡ് മൂലമാണെന്നു ജനങ്ങൾ വിശ്വസിച്ചു പോകാൻ സാധ്യതയുണ്ടെന്നുമാണ്. നിങ്ങളുടെ പത്രം നിലയും വിലയും ഉള്ള ഒന്നായതിനാൽ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നിങ്ങൾ പ്രസിദ്ധീകരിക്കും എന്നു പ്രതീക്ഷിക്കപ്പെടുന്നില്ല. ഇനിമേൽ ഇത്തരം വാർത്തകൾ  പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട അധികാരികളുടെ അഭിപ്രായം നിങ്ങൾ തേടേണ്ടതാണ്. ഈ വാർത്തയെക്കുറിച്ചു ദയവായി ഒരു വിശദീകരണം പ്രസിദ്ധീകരിക്കുക.”  ഇതേക്കുറിച്ചു ചോദിച്ചപ്പോൾ ജില്ലാ മജിസ്ട്രേട്ട് പത്രങ്ങളോടു പറഞ്ഞതു് “തെറ്റെന്നു തോന്നുന്ന വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നു പത്രത്തോടുള്ള ഒരു സർക്കാർ അധികാരിയുടെ വിനീതവും ലളിതവുമായ അഭ്യർത്ഥന മാത്രമാണത് ” എന്നാണ് .
തങ്ങളുടെ പ്രതിനിധികൾ വസ്തുതകൾ യഥാവിധി റിപ്പോർട്ടു ചെയ്യുക മാത്രമാണു ചെയ്യുന്നതെന്നു വിശദീകരിച്ചു കൊണ്ട്, ശ്മശാനങ്ങളിൽ നിന്നു ലഭിക്കുന്നു വാർത്തകൾ പത്രം തുടർന്നും പ്രസിദ്ധീകരിച്ചു. തങ്ങൾ പ്രസിദ്ധീകരിച്ച ഏതെങ്കിലും വാർത്തയിലെ തെറ്റ് അധികാരികൾ ചൂണ്ടിക്കാണിച്ചെങ്കിൽമാത്രമേ ഒരു തിരുത്തു കൊടുക്കുന്നതു പരിഗണിക്കാൻ കഴിയൂ എന്നുമവർ പറഞ്ഞു. (ദി വയർ 28.04.21)


ഉദാഹരണം 7
നഗരത്തിലെ കോവിഡുമായി ബന്ധപ്പെട്ട മരണങ്ങൾ കുറച്ചാണു റിപ്പോർട്ടു ചെയ്യപ്പെടുന്നതെന്ന് ലഖ്നൗവിലെ ഒരു പത്രത്തിൽ  വാർത്ത വന്നു.  ലഖ്‌നൗവിലെ ശ്മശാനങ്ങളിലെ കോവിഡ് മരണങ്ങളുടെ റിക്കാർഡുകളുടെ ചുമതലയുള്ള മുൻസിപ്പൽ ഓഫീസിലെ ഉദ്യോഗസ്ഥനായ രാം നാഗിനയെ ‘ദി വയർ’ പ്രതിനിധികൾ ബന്ധപ്പെട്ടപ്പോൾ ഒരു വിവരവും പങ്കുവയ്ക്കാൻ അദ്ദേഹം തയ്യാറായില്ല. “ഞാൻ തിരക്കിലാണ്, എന്റെ കൈയിൽ ഇപ്പോൾ ഒരു ഡാറ്റയുമില്ല ” എന്നദ്ദേഹം പറഞ്ഞതായാണു റിപ്പോർട്ട്. നഗരത്തിലെ ശ്മശാനങ്ങളിൽ രേഖപ്പെടുത്തപ്പെട്ട മരണസംഖ്യ ഔദ്യോഗിക എണ്ണത്തിന്റെ രണ്ടു മുതൽ മൂന്നു മടങ്ങുവരെ വരുമെന്നാണു റിപ്പോർട്ടുകൾ കാണിക്കുന്നത്. എരിഞ്ഞു കൊണ്ടിരിക്കുന്ന അസംഖ്യം ചിതകളുടെ ഒരു വീഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചതിനു ശേഷം ലഖ്നൗവിലെ കോവിഡ് മരണങ്ങളുടെ എണ്ണം മറച്ചുവയ്ക്കാനുള്ള സ്പഷ്ടമായ ശ്രമങ്ങളുടെ ഭാഗമായി യു.പി. സർക്കാർ ശ്മശാനങ്ങളുടെചുറ്റും കാഴ്ച്ച മറയ്ക്കുന്ന വേലികൾ കെട്ടി.(ദി വയർ 28.04.21)


ഉദാഹരണം 8

തന്റെ ലോക സഭാ മണ്ഡലമായ ബറേലിയിൽ ഓക്സിജൻ ക്ഷാമം, വെന്റിലേറ്റർ പോലെയുള്ള അവശ്യ വൈദ്യോപകരണങ്ങളുടെ കരിഞ്ചന്ത, ആശുപതിക്കിടക്ക ലഭിക്കുന്നതിനായി കോവിഡ് രോഗികൾക്കു നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ എന്നിവയെക്കുറിച്ചെല്ലാം ആശങ്ക അറിയിച്ചു കൊണ്ടു കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് ഗംഗ്വാർ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒരു കത്തെഴുതുകയുണ്ടായി. “സർക്കാർ ആശുപത്രികളിലേക്കു പോകുന്ന രോഗിയെ അവിടെ അഡ്മിറ്റ് ചെയ്യുന്നില്ല എന്നും ജില്ലാ ആശുപത്രിയിൽ നിന്നുള്ള പരിശോധനാശുപാർശക്കത്ത്  ആവശ്യപ്പെടുന്നുവെന്നുമുള്ള പരാതി എനിക്കു കിട്ടിയിട്ടുണ്ട് . അതു കാരണം രോഗികൾ അങ്ങോട്ടുമിങ്ങോട്ടും ഓടേണ്ടി വരികയും അതിനിടെ അവരുടെ ഓക്സിജൻനില താണുപോകുകയും ചെയ്യുകയാണ്. ഇതങ്ങേയറ്റം ഗൗരവാവഹമായ കാര്യമാണ്. ഇതിനിയും ആവർത്തിക്കില്ല എന്നുറപ്പു വരുത്തേണ്ടതാണ്” മന്ത്രി തന്റെ കത്തിൽ പറയുന്നു.
യോഗി ആദിത്യനാഥ് സർക്കാർ സംസ്ഥാനത്തെ കോവിഡ്സാഹചര്യം കൈകാര്യം ചെയ്ത രീതിയെക്കുറിച്ചുള്ള അസംതൃപ്തി ബി.ജെ.പി എം. പി മാരിലും എം.എൽ.എമാരിലും പുകയുകയാണ്. കോവിഡ് കേസുകൾ വർദ്ധിക്കാൻ തുടങ്ങിയ ഏപ്രിൽ പകുതി തൊട്ട് അരഡസനിലധികം ബി.ജെ.പി എം.പിമാരും എം.എൽ. എ മാരും ആശുപത്രിക്കിടക്കകളുടേയും ഓക്സിജന്റേയും കുറവു മൂലം രോഗികളനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളെക്കുറിച്ചു മുഖ്യമന്ത്രിക്കെഴുതിയിട്ടുണ്ട്. യഥാസമയം ചികിത്സ ലഭിക്കാതെ  സ്വന്തം വീടിനു പുറത്തും ആശുപത്രികൾക്കു പുറത്തും ആംബുലൻസുകൾക്കുള്ളിൽ വരെയും കാൺപൂരിൽ രോഗികൾ മരിച്ചു വീഴുന്നതിനെക്കുറിച്ചു കാൺപൂർ എം.പി സത്യദേവ് പച്ചൗരിയും യോഗി ആദിത്യനാഥിനെഴുതി. അത്യാഹിതത്തിലേക്കു നയിക്കുന്ന വിധത്തിൽ, ഗുരുതരസ്ഥിതിയിലുള്ള രോഗികൾക്കു കിടക്കകളും ഓക്സിജനും ലഭ്യമാക്കുന്നതിൽ ലഖ്‌നൗ ഭരണാധികളുടെ വീഴ്ച്ചയിലേക്കു ശ്രദ്ധ ക്ഷണിച്ചു കൊണ്ട് സംസ്ഥാന സർക്കാരിന് ആദ്യമായി കത്തെഴുതിയതു നിയമവകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന യു.പി. കാബിനറ്റ് മന്ത്രി ബ്രജേഷ് പഥക് ആണ്. സ്വകാര്യ, സർക്കാർ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമത്തെക്കുറിച്ചു മീററ്റിലെ ബി.ജെ.പി എം.പി രാജേന്ദ്ര അഗർവാളും മോഹൻലാൽഗനിയിലെ ബി.ജെ.പി എം.പി കൗശൽ കിഷോറും ആദിത്യനാഥ് സർക്കാരിനെഴുതുകയുണ്ടായി. കോവിഡ് പ്രതിസന്ധിയിൽ ശ്രദ്ധ ചെലുത്താനും രോഗവ്യാപനം തടയാനുമായി പഞ്ചായത്തു തിരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കണമെന്ന് തിരഞ്ഞെടുപ്പുകമ്മീഷനോടു കിഷോർ ആവശ്യപ്പെടുകയും ചെയ്തു. ബി.ജെ.പി നേതാവ് ലാൽ ബഹാദൂർ മൗര്യയുടെ മരണത്തെത്തുടർന്നു ജില്ലയിലെ ഒരു കോവിഡ് ചികിത്സാകേന്ദ്രത്തിൽ നിയോഗിക്കപ്പെട്ട ഡോക്ടർമാർക്കെതിരെ അന്വേഷണം നടത്തണമെന്നു  ഭഡോഹിയിലെ ബി.ജെ.പി  എം.എൽ.എ ദീനനാഥ് ഭാസ്കർ മുഖ്യമന്ത്രിക്കെഴുതിയ കത്തിലാവശ്യപ്പെട്ടു. (ദി പ്രിന്റ് 10.5.21 )
തങ്ങളുടെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ  ശിഥിലമായതിനെ  മറച്ചുവയ്ക്കാനായി ഇന്ത്യയിലെ  പല സംസ്ഥാനങ്ങളും കേവിഡ് മരണങ്ങൾ കുറവായി റിപ്പോർട്ടു ചെയ്യുന്ന രീതി പിന്തുടരുന്നുണ്ട്. ഉത്തർ പ്രദേശിലും മുകളിൽപ്പറഞ്ഞ സംഭവങ്ങൾ കൂടാതെ വാരണാസി, ഘസിയാബാദ്, ആഗ്ര, ഝാൻസി , ബറേലി ജില്ലകളിലും കോവിഡ് മൂലമുള്ള മരണങ്ങളുടെ എണ്ണം കുറച്ചു റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ കൊറോണവൈറസ് സാഹചര്യം നിയന്ത്രണവിധേയമാണെന്നവകാശപ്പെട്ടുകൊണ്ട്, നാട്ടിലെ യാഥാർത്ഥ്യങ്ങളെ വെളിവാക്കുന്ന എല്ലാ സൂചനകളേയും അമർച്ച ചെയ്യുകയാണ് ആദിത്യനാഥ് ഭരണ സംവിധാനം.
എന്നാൽ ചില പ്രത്യേക സംഭവങ്ങളിൽ മാത്രം ഊന്നുന്നതെന്തിനാണ്? ചില പ്രശ്നങ്ങൾ ഇതിലുൾക്കൊള്ളുന്നുണ്ട്. ഒന്ന്, ഇത് ‘ഇരട്ട എഞ്ചിന്റെ’ കാര്യക്ഷമത എന്ന കെട്ടുകഥയെ അസാധുവാക്കുന്നു. രണ്ട്, യു.പി. മുഖ്യന്ത്രിയും മറ്റു ബി.ജെ.പി നേതാക്കളുമൊക്കെ ഇതര സംസ്ഥാന സർക്കാരുകൾ ഉദാഹരണത്തിനു പശ്ചിമബംഗാൾസർക്കാർ നുണ പറയുന്നതായും ജനങ്ങളെ ഭീഷണിപ്പെടുത്തുകയും വഞ്ചിക്കുകയും ചെയ്യുന്നതായി ആരോപിക്കാറുണ്ട്. അതങ്ങനെയിരിക്കട്ടെ. മേൽസൂചിപ്പിച്ച സംഭവങ്ങൾ എണ്ണത്തിൽക്കുറവെങ്കിലും ബി.ജെ.പി. മുഖ്യമന്ത്രിയുടെ കാപട്യം വെളിവാക്കുന്നവയാണ്. ശരിയാണ്, യു.പി സർക്കാരും മുഖ്യമന്ത്രിയും അവരുടെ അതേ ഭരണക്കൂട്ടാളികളായ ആർ.എസ്സ്.എസ്സ് -ബി.ജെ.പി സംഘത്തിന്റെ കേന്ദ്രസർക്കാരിനെ വിശ്വസ്തതയോടെ പിന്തുടരുന്നവരാണ്.  പൊതുജനാരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്തി അവസരത്തിനൊത്തുയരാനോ മഹാമാരിയുടെ ഇരകളായ ഹതഭാഗ്യരായ പാവങ്ങൾക്ക് ആശ്വാസമെത്തിക്കാനോ ശ്രമിക്കാതെ തൊഴിൽ കോഡ്, കാർഷിക നിയമങ്ങൾ, ദേശീയവിദ്യാഭ്യാസനയം തുടങ്ങിയ തങ്ങളുടെ വിവിധങ്ങളായ ജനവിരുദ്ധപദ്ധതികൾ മുന്നോട്ടു കൊണ്ടുപോകാൻ എത്രമാത്രം കരുണാരഹിതവും കൗശലപൂർണ്ണവുമായാണ് കേന്ദ്രസർക്കാർ മഹാമാരിയുടെ ആദ്യഘട്ടത്തെ ഉപയോഗിച്ചതെന്ന് ഇന്ന് വ്യക്തമായും മനസ്സിലാക്കാൻ കഴിയുന്നുണ്ട്. വൈദ്യശാസ്ത്ര രംഗത്തും മറ്റു മേഖലകളിലുമുള്ള വിദഗ്ദ്ധരുടെ വ്യക്തമായ മുന്നറിയിപ്പുണ്ടായിട്ടും കേന്ദ്ര സർക്കാർ മഹാമാരിയുടെ രണ്ടാം വരവിനെ നേരിടാനുള്ള ഒരുക്കങ്ങളിൽ കഴിഞ്ഞ കുറേ മാസങ്ങൾ എങ്ങനെയാണു നഷ്ടപ്പെടുത്തിയതെന്നും ഇന്നു ജനങ്ങൾക്കു വ്യക്തമായറിയാം. അതിന്റെ ഫലം ഇന്നു നാം കാണുന്നതാണ്. കോവിഡ് മഹാമാരിയെ നേരിടാൻ ദരിദ്ര രാജ്യങ്ങൾക്കു വാക്സിനും മറ്റും വാഗ്ദാനം ചെയ്തു കൊണ്ട് അവരുടെ രക്ഷകനായി സ്വയം ചമഞ്ഞ ബി.ജെ.പിയുടെ പ്രധാനമന്ത്രി ഇന്ന്  വാക്സീനുകൾക്കും ഓക്സിജനും ഉപകരണങ്ങൾക്കും മെഡിക്കൽ കിറ്റുകൾക്കും വേണ്ടി ലോകമെമ്പാടും വാതിലുകൾ മുട്ടി യാചിച്ചു കൊണ്ടിരിക്കുകയാണ്. സ്വാഭാവികമാണ്, അത്തരമൊരു സർക്കാർ മുഖം രക്ഷിക്കാൻ പ്രതിസന്ധിയെക്കുറിച്ച് കുറഞ്ഞ അളവിലേ റിപ്പോർട്ടു ചെയ്യൂ. അവരുടെ കാലടികൾ പിന്തുടർന്നുകൊണ്ടു യു.പി.യെപ്പോലുള്ള ഇരട്ട എഞ്ചിൻ സംസ്ഥാനങ്ങളും  ബലം പ്രയോഗിക്കുന്നതിന്റേയും തെറ്റായ വിവരങ്ങൾ വിതരണം ചെയ്യുന്നതിന്റേയും കുറഞ്ഞ റിപ്പോർട്ടിംഗിന്റേയും നടപടികളിൽ സ്വാഭാവികമായി അഭയം തേടും. ജനങ്ങളീ സത്യം മനസ്സിലാക്കുകയും കോവിഡ് 19-ന്റെ മാരകമായ രണ്ടാം വരവിനെ പരമാവധി വിഭവങ്ങളും ശ്രമവുമുപയോഗിച്ചു ഫലപ്രദമായി ചെറുക്കാൻ  സർക്കാരുകളുടെ മേൽ സമ്മർദ്ദം ചെലുത്തുകയും വേണം.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp