അന്താരാഷ്ട്ര മാധ്യമങ്ങളും പേരുകേട്ട ശാസ്ത്ര പ്രസിദ്ധീകരണങ്ങളും കോവിഡ് ദുരന്തത്തിന് ഉത്തരവാദികളായി നരേന്ദ്ര മോദി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നു

Spread our news by sharing in social media

ദ് ഗാർഡിയൻ, 23-04-2021
മാർച്ച് മാസത്തിന്റെ തുടക്കത്തിൽ, കോവിഡ്-19 ഉമായുള്ള കലാശപ്പോരാട്ടത്തിലാണ് തങ്ങളുടെ രാജ്യമെന്നാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദു ദേശീയവാദ സർക്കാർ അവകാശപ്പെട്ടത്. ഇന്ത്യ ഇന്നൊരു ജീവിക്കുന്ന നരകമായിരിക്കുന്നു. ബി.1.617 എന്നു പേരിട്ടിരിക്കുന്ന, ഇരട്ട ജനിതകവ്യതിയാനം വന്ന ഒരു പുതിയ വകഭേദം, കൊറോണ വൈറസിന്റെ ഭീകരമായ രണ്ടാം തരംഗത്തിൽ ഉദയം ചെയ്തിരിക്കുകയാണ്. ഇതിലൂടെ ആശുപത്രികളിലെ കിടക്കകളും ഓക്‌സിജനും തീർന്നുകൊണ്ടിരിക്കുകയാണ്. ശവശരീരങ്ങൾ വീടുകളിൽ തന്നെ കിടന്നു ജീർണ്ണിക്കാൻ വിടേണ്ട തരത്തിൽ മോർച്ചറികൾ നിറയുന്നു. മൃതദേഹങ്ങൾ തെരുവിൽ അനാഥമായി ഉപേക്ഷിക്കപ്പെടുന്ന അപകടമുണ്ടാകാമെന്ന് സന്നദ്ധപ്രവർത്തകർ മുന്നറിയിപ്പു തരുന്നു. എന്നിട്ടും കഷ്ടിച്ച് ആറാഴ്ച്ചകൾക്കു മുമ്പ,് അതും രാജ്യത്തെ ജനസംഖ്യയിൽ 1% പേർക്കു പോലും പ്രതിരോധ കുത്തിവെയ്‌പ്പെടുക്കുന്നതിനു മുന്നേ തന്നെ, തന്റെ രാജ്യം ലോകത്തിന്റെ മരുന്നുകടയാണെന്നും, മഹാമാരിക്കു മുമ്പുള്ള ജീവിതം പുനരാരംഭിക്കാമെന്നും മോദി പ്രഖ്യാപിച്ചിരുന്നു. ആയിരങ്ങൾ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ നിറഞ്ഞപ്പോഴും, ലക്ഷക്കണക്കിനു ഹിന്ദുക്കൾ കുഭമേളയിൽ ഗംഗയിൽ മുങ്ങിയപ്പോഴും അതിവേഗത്തിൽ രോഗം പകർന്നു പിടിച്ചു. മഹാമാരി പടർന്നു പിടിക്കുമ്പോഴും തെരഞ്ഞെടുപ്പു പ്രചാരണം അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപിനെ പോലെ തന്നെ മോദിയും തയ്യാറായില്ല. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുമായി ഇന്ത്യ മുന്നോട്ടു പോയി. മാസ്‌ക് ധരിക്കാതെ തന്നെ മോദി വമ്പൻ റാലികൾ നടത്തി. തന്റെ തന്നെ സഹജവാസനകളിലുള്ള അമിതവിശ്വാസവും, വിദഗ്ദാഭിപ്രായങ്ങളോടുള്ള പുച്ഛവും, ഇന്ത്യൻ പ്രധാനമന്ത്രി അനുഭവിക്കുന്ന രണ്ടു പ്രശ്‌നങ്ങളാണ്. ആദ്യതരംഗത്തിൽ കോവിഡ് നഗരങ്ങളേയാണ് ബാധിച്ചിരുന്നതെങ്കിൽ, ഇത്തവണ രാജ്യത്തിന്റെ ഭൂരിഭാഗവും വസിക്കുന്ന ഗ്രാമപ്രദേശങ്ങളിലേക്കാണ് അത് കടന്നുചെല്ലുന്നത്. കോവിഡ് അതിരൂക്ഷമായി ബാധിച്ച മറ്റ് അനവധി രാജ്യങ്ങളുടേതു പോലെ തന്നെ, ഇന്ത്യയിലും മരണസംഖ്യ വളരെയധികം ഒഴിവാക്കാമായിരുന്നു. ധാർഷ്ട്യം നിറഞ്ഞതും കഴിവുകെട്ടതുമായ ഒരു സർക്കാരിന്റെ ഫലമാണിത്… ജൈവപരവും സാമൂഹികവുമായ രോഗസംക്രമണം പിടിച്ചുകെട്ടുന്നതിനും, ഭയാശങ്കകൾ ദൂരീകരിച്ച്, മാസ്‌ക് ധരിക്കുവാനും സാമൂഹിക അകലത്തിന്റെ നിയമങ്ങൾ പാലിക്കുവാനും ജനത്തെ പ്രാപ്തരാക്കുന്നതിന് വിശ്വാസയോഗ്യമായ നിരന്തരസമാശ്വാസം ആവശ്യമുണ്ട്. താനുണ്ടാക്കുന്ന ദുരിതം മറികടക്കുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കു മേൽ കെട്ടിവെക്കുകയാണ് മോദി. അതിന്റെ പഴി ഒരിക്കലും അദ്ദേഹത്തിൽ എത്തുന്നില്ല. തന്റെ അസാധാരണമായ വീക്ഷണങ്ങളിലൂടെ വിനാശകരമായ പൊതുജനാരോഗ്യസ്ഥിതിയിലേക്ക് നയിക്കുന്നത് അദ്ദേഹം തുടരുകയാണെങ്കിൽ, വളരെ രൂക്ഷമായി തന്നെയാകും ഭാവിയിലെ ചരിത്രകാരന്മാർ മോദിയെ വിലയിരുത്തുക.

യാഹൂ ന്യൂസ് (ദ് ടൈം മാസിക ട്വീറ്റ് ചെയ്തത്), 23-04-2021
ഇന്ത്യയിലെ പ്രമുഖ ശ്വാസകോശരോഗ വിദഗ്ദരിൽ ഒരാളായ ഡോ. ജലീൽ പാർക്കറുടെ മുഖത്ത് അദ്ദേഹത്തിന്റെ തളർച്ച തെളിഞ്ഞു കാണാം. മുംബൈയിലെ പ്രശസ്തമായ ലീലാവതി ആശുപത്രിയുടെ കോവിഡ്-19 ഇന്റൻസീവ് കെയർ യൂണിറ്റിലെ രോഗികളെ ചികിത്സിക്കുന്നതിനിടയിലും, ആയിരക്കണക്കിന് ഇന്ത്യക്കാരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന മഹാമാരിയുടെ ഇപ്പോഴത്തെ വിനാശകരമായ രണ്ടാം തരംഗത്തെ കുറിച്ചുള്ള പുതിയ കാര്യങ്ങൾ പറയാൻ അദ്ദേഹം പതിവായി ടെലിവിഷനിൽ എത്താറുണ്ട്. അദ്ദേഹം തന്നെ പോയവർഷം ഐസിയുവിൽ ആവുകയും, വിവിധങ്ങളായ കോവിഡ് സങ്കീർണ്ണതകൾ കൊണ്ട് മരണത്തിനടുത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ, ഓരോ ദിവസവും ചുറ്റും നടക്കുന്നതു കാണുമ്പോൾ തനിക്ക് തന്റെ ശാന്തത നഷ്ടപ്പെടുകയാണെന്ന് അദ്ദേഹം തുറന്നു പറയുന്നു. … ‘നമ്മുടെ ആരോഗ്യസംവിധാനം തകർന്നിരിക്കുന്നു. നമ്മുടെ തന്നെ രാജ്യത്തെ ജനങ്ങളെ നാം കൈവിട്ടിരിക്കുന്നു’… അദ്ദേഹം പറയുന്നു. രോഗികളെ സ്വീകരിക്കാൻ മതിയായ പശ്ചാത്തലസൗകര്യം ഇല്ലാത്തപ്പോൾ, ആവശ്യത്തിന് ആശുപത്രി കിടക്കകളോ, ഓക്‌സിജൻ സിലിണ്ടറുകളോ ഇല്ലാത്തപ്പോൾ, ഡോക്ടർമാർക്ക് എന്തു ചെയ്യാൻ കഴിയും? ഔദ്യോഗിക കണക്കുകൾ അനുസരിച്ചു തന്നെ, കോവിഡ് മൂലം ഇന്ത്യയിൽ ഓരോ ദിവസവും 2000-ൽ ഏറെ പേർ മരിക്കുന്നു. പക്ഷേ ഈ സംഖ്യകൾ വല്ലാതെ താഴ്ത്തി പറയുന്ന കണക്കുകളാണെന്ന് വിദഗ്ദർ വിശ്വസിക്കുന്നു. മഹാരാഷ്ട്രയിലെ ഒരു ആശുപത്രിയിൽ, പ്രധാന ഓക്‌സിജൻ ടാങ്കിൽ നിന്നുള്ള ചോർച്ച മൂലം വെന്റിലേറ്ററുകളിലേക്ക് പ്രാണവായു കിട്ടാത്തതിനാൽ 22 രോഗികളാണ് മരണത്തിനു കീഴടങ്ങിയത്. അടിയന്തിരമായി ഓക്‌സിജൻ ലഭ്യമാക്കുന്നതിനായി വിവിധ ആശുപത്രികൾ ഇന്ന് രാജ്യത്തെ ഹൈക്കോടതികളിൽ പരാതിപ്പെടുകയാണ്. സമ്പൂർണ്ണനാശത്തിന് ഒരു രൂപമുണ്ടെങ്കിൽ അത് ഇന്നത്തെ ഇന്ത്യയിലെ ആശുപത്രികളുടേതാണ്.
ഇത്തരം അപരിഹാര്യമായ ഭീകരതക്കു പുറമേ, കോവിഡ്-19 ഒരു ഭീഷണിയേ അല്ല എന്ന തരത്തിലുള്ള ഒരു സമാന്തര യാഥാർത്ഥ്യത്തിലാണ് ഇന്ത്യയുടെ പല ഭാഗങ്ങളും നിലനിൽക്കുന്നത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുത്ത് ഗംഗയിൽ മുങ്ങുന്നതിനായി പതിനായിരക്കണക്കിന് ഹിന്ദു ഭക്തരാണ് ഓരോ ദിവസവും വന്നെത്തുന്നത്. പങ്കെടുക്കുന്നതിൽ ആയിരങ്ങൾ കൊറോണ പോസിറ്റീവാണ് എന്നത് വ്യക്തമായി തെളിഞ്ഞിട്ടും, മാർച്ച് 11-ന് സ്‌നാനത്തിന്റെ ആദ്യദിനം തൊട്ട് ദശലക്ഷക്കണക്കിന് ഭക്തരാണ് ആഴ്ച്ചകൾ നീണ്ടു നിൽക്കുന്ന ഈ ഉൽസവത്തിൽ പങ്കെടുത്തത്. ഏപ്രിൽ പകുതിയിലെ അൽപ്പദിവസത്തിനിടയിൽ തന്നെ ഭക്തർക്കിടയിൽ 1600-ൽ അധികം കേസുകൾ പോസിറ്റീവായി. മാർച്ചിൽ രണ്ടാം തരംഗത്തിന് തുടക്കമായതിനു ശേഷവും, ഭരിക്കുന്ന ഭാരതീയ ജനത പാർട്ടിയുടെ സംസ്ഥാന നേതാക്കൾ ദേശീയ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച മുഴുപ്പേജ് പരസ്യങ്ങളിൽ പറയുന്നത്, ഭക്തർക്ക് പങ്കെടുക്കുന്നത് ശുദ്ധവും സുരക്ഷിതവുമാണെന്നാണ് . മാർച്ച് 20ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചത് ഇങ്ങനെയാണ്, ‘കോവിഡ്-19 ന്റെ പേരിൽ ആരേയും തടയില്ല, കാരണം വൈറസിനെ കുറിച്ചുള്ള പേടിയെ ദൈവത്തിലുള്ള വിശ്വാസം കൊണ്ട് മറികടക്കാനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.’ ഏപ്രിൽ പകുതിയാകുമ്പോഴാണ് മഹാമാരിയെ നേരിടുന്നതിനായി തീർത്ഥാടനം പ്രതീകാത്മകമാക്കി മാറ്റണമെന്ന് ഹിന്ദു ദേശീയവാദിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റു ചെയ്യുന്നത്. ഈ ഉത്സവം വൻതോതിൽ രോഗം പരത്തുന്ന ഒന്നായി മാറിയതിൽ അത്ഭുതമുണ്ടോ?… കോവിഡ്-19 രോഗികളുടേയും മരണങ്ങളുടേയും കൃത്യമായ കണക്കുകൾ പുറത്തു വിടാൻ സംസ്ഥാന സർക്കാരിനോട് ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെടുകയുണ്ടായി.
മറ്റു സംസ്ഥാനങ്ങളിലും, കോവിഡ്-19 മരണങ്ങളുടെ വിവരങ്ങൾ ഒന്നുകിൽ വിശ്വസനീയമല്ല, അല്ലെങ്കിൽ വിപത്തിനെ മറച്ചുവെക്കുന്നതിനായി കെട്ടിച്ചമച്ചിരിക്കുന്നു. ഒരു ഉദാഹരണം പറയാം. മധ്യപ്രദേശ് സംസ്ഥാനത്തെ ഒരു ശ്മശാനത്തിൽ 94 ശരീരങ്ങളാണ് ഒരു ദിവസം സംസ്‌ക്കരിച്ചത്. പക്ഷേ, ടൈംസ് നൗ റിപ്പോർട്ട് അനുസരിച്ച്, സർക്കാർ മൂന്നെണ്ണമേ കണക്കിൽ കൊള്ളിച്ചിട്ടുള്ളൂ… ലോകത്തെവിടത്തേക്കാളും പ്രതിദിന കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുമ്പോഴും, മോദിയുടെ രാഷ്ട്രീയ റാലിയുടെ വീഡിയോയാണ് ഭരണകക്ഷിയായ ഭാരതീയ ജനത പാർട്ടി ട്വീറ്റ് ചെയ്തു കൊണ്ടിരുന്നത്. (മേയിൽ അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടത്തുകയാണ്) മോദിയോടൊപ്പമുണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായായിരുന്നു. തത്വത്തിൽ, ഷാ തലസ്ഥാനത്തുണ്ടാവുകയും, കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി കോവിഡ്-19 കേസുകളിലുണ്ടായ നാശകരമായ വർധനയെ നേരിടുന്നതിന് സംസ്ഥാന സർക്കാരുകളെ സംയോജിപ്പിച്ചു കൊണ്ട് പ്രവർത്തിക്കുകയും വേണമായിരുന്നു. പകരം, ഷായാകട്ടെ, കിഴക്കൻ ഇന്ത്യയിലെ തെരുവുകളിൽ ആർത്തിരമ്പുന്ന ആയിരക്കണക്കായ ആൾക്കൂട്ടത്തോടൊപ്പം റോഡ് ഷോകൾ നടത്തുകയായിരുന്നു. ഈ റാലികൾ അദ്ദേഹം തന്റെ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ തത്സമയം സംപ്രേഷണം ചെയ്തു. അതേ സമയം തന്നെയാണ്, ഇന്ത്യക്കാരുടെ സമൂഹമാധ്യമ ഫീഡുകളിൽ, മെഡിക്കൽ സഹായത്തിനായുള്ള ആളുകളുടെ യാചനകൾ കൊണ്ടു നിറഞ്ഞതും. ആയിരങ്ങൾ മരിക്കുമ്പോഴും, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തങ്ങളുടെ പ്രചരണം തുടരുന്നതിന്റെ വഴികൾ തേടുകയായിരുന്നു. (ഈ ആഴ്ച്ച വളരെയധികം വിമർശനം കേട്ട ശേഷം മാത്രമാണ്, സംസ്ഥാന മന്ത്രിമാരുമായുള്ള കോവിഡ്-19 യോഗങ്ങൾക്കായി ബംഗാളിൽ വെള്ളിയാഴ്ച്ച നടക്കേണ്ടിയിരുന്ന തന്റെ റാലികൾ റദ്ദാക്കുന്നതായി വ്യാഴാഴ്ച്ച രാത്രി മോദി പ്രഖ്യാപിക്കുന്നത്)
ഇന്ത്യൻ സമൂഹത്തിന്റെ ഒരു പരിച്ഛേദത്തെ രണ്ടാം തരംഗം തകർക്കുമ്പോൾ, എന്തു കൊണ്ടാണ് ഇന്ത്യ യാതൊരു തയ്യാറെടുപ്പുമില്ലാതെ ഇരുന്നത്? എല്ലാ മുന്നറിയിപ്പുകളേയും അവഗണിച്ച ഉരുക്കുമുഷ്ടി ഭരണത്തിനാണ് എല്ലാ ഉത്തരവാദിത്തവും.
പകർച്ചവ്യാധിവിദഗ്ദരും പ്രതിപക്ഷനേതാക്കളുമൊക്കെ ഏറെക്കാലമായി മോദിയോട് വിദേശവാക്‌സിനുകൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെടുന്നു. പക്ഷേ, റഷ്യൻ നിർമ്മിത സ്പുടിനിക് വി വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള ലൈസൻസ് നൽകാനുള്ള തീരുമാനം ഏപ്രിൽ രണ്ടാം വാരം മാത്രമാണ് എടുത്തത്… എന്നിട്ടും ഏപ്രിൽ 20ന് വർധിക്കുന്ന പ്രതിസന്ധിക്കിടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യാൻ അവസാനം മോദി തയ്യാറായപ്പോൾ, അറ്റകൈ ആയി മാത്രമേ അടച്ചുപൂട്ടൽ പരിഗണിക്കാവൂ എന്നാണ് അദ്ദേഹം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പു നൽകിയത്. കോവിഡ്-19 ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് കമ്മിറ്റികളുണ്ടാക്കാൻ അദ്ദേഹം ചെറുപ്പക്കാരോട് ആഹ്വാനം ചെയ്തു. രാമനവമി ഉത്സവത്തിന്റെ വേളയിൽ അദ്ദേഹം ട്വീറ്റ് ചെയ്തത്, സംരക്ഷണത്തിനായുള്ള ഹിന്ദു ദൈവമായ രാമന്റെ സന്ദേശം ജനങ്ങൾ പിന്തുടർന്നു കൊണ്ട്, ശരിയായ നടപടികൾ ഉറപ്പാക്കണമെന്നാണ്. ചരിത്രത്തിന്റെ ഈ നിർണ്ണായകഘട്ടത്തിൽ, സ്വന്തം സംരക്ഷണം സ്വയം ഉറപ്പാക്കുക എന്നതല്ലാതെ ഒരു വഴിയുമില്ലാതെ ഇന്ത്യക്കാർ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.

ഏഷ്യ ടൈംസ്, 24-04-2021
ഇന്ത്യക്കു മേൽ കോവിഡ്-19 പിടിമുറുക്കിയിരിക്കുന്നതിനെ കുറിച്ച് കൂടുതൽ വർണ്ണിക്കാൻ ബുദ്ധിമുട്ടാണ്… മഹാമാരിയെ ഗൗരവത്തോടെ എടുക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഗവണ്മെന്റിനുണ്ടായ സമ്പൂർണ്ണ പരാജയമാണ് ഇതിന്റെ കാതൽ. ലോകാരോഗ്യ സംഘടന മഹാമാരി പ്രഖ്യാപിച്ച 2020 മാർച്ച് 10നു മുന്നേ, അമ്പതോളം കോവിഡ് കേസുകൾ രാജ്യത്ത് ഇന്ത്യ ഗവണ്മെന്റ് റിപ്പോർട്ട് ചെയ്തിരുന്നു. 14 ദിവസങ്ങൾ കൂടുമ്പോഴാണ് കേസുകൾ ഇരട്ടിയായിക്കൊണ്ടിരുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചല്ലാത്ത, നാടകീയമായ 14 മണിക്കൂർ ജനത കർഫ്യൂ ആയിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ ആദ്യ പ്രധാന നടപടി. പിന്നീട് നാലു മണിക്കൂർ മാത്രം നോട്ടീസ് നൽകിയുള്ള ലോക്ക്ഡൗണിൽ, പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ ഒഴിഞ്ഞ കൈകളുമായി തങ്ങളുടെ വീടുകളിലേക്കുള്ള റോഡുകളിലേക്ക് ഇറക്കിവിട്ടു. ചിലർ വഴിയിൽ മരിച്ചു, പലരും തങ്ങളുടെ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വൈറസിന്റെ വാഹകരായി… അടച്ചുപൂട്ടൽ നീട്ടിക്കൊണ്ടേയിരുന്നു. പക്ഷേ ഒന്നും വ്യവസ്ഥാനുസൃതമായിരുന്നില്ല. സർക്കാർ വെബ്‌സൈറ്റുകളിലെങ്ങും ആർക്കുമൊരു ദേശീയനയം കണ്ടെത്താനായില്ല… ആരോഗ്യമേഖലയെ സ്വകാര്യമൂലധനത്തിനു കൈമാറിയതും പൊതുജനാരോഗ്യത്തിനുള്ള സർക്കാർ നിക്ഷേപം തീർത്തും ശുഷ്‌കമായതും നീചമായ ഫലമാണ് ഉളവാക്കിയത്… കഴിഞ്ഞ വർഷം അവസാനം ഭാരത സർക്കാർ തന്നെ സമ്മതിച്ചത്, ഓരോ 1000 ഇന്ത്യക്കാർക്കും 0.8 ഡോക്ടർമാരും, 1.7 നഴ്‌സുമാരും മാത്രമാണ് രാജ്യത്തുള്ളതെന്നാണ്. ഇന്ത്യയുടെ വലുപ്പവും സമ്പത്തുമുള്ള മറ്റൊരു രാജ്യത്തിനും ഇത്രയും ശുഷ്‌കമായ മെഡിക്കൽ സ്റ്റാഫില്ല. ആരോഗ്യമേഖലയിലെ പശ്ചാത്തലസൗകര്യങ്ങളുടെ ഈ പരാധീനതക്കുള്ള സമ്പൂർണ്ണ ഉത്തരവാദി സ്വകാര്യവൽക്കരണമാണ്. ഒരു സ്വകാര്യ സ്ഥാപനവും അധിക കിടക്കകളോ, അധിക വെന്റിലേറ്ററുകളോ സ്വമേധയാ വികസിപ്പിക്കില്ല. ഇതു തന്നെയാണ് ഒരു മഹാമാരിയിൽ ഒഴിവാക്കാനാകാത്ത പ്രതിസന്ധിയുണ്ടാക്കുന്നത്. ദൗർലഭ്യം എന്നത് ഏതു സമൂഹത്തിലും ഒരു സാധാരണ പ്രശ്‌നമാണ്. പക്ഷേ മഹാമാരിക്കിടയിലും അടിസ്ഥാന മെഡിക്കൽ വസ്തുക്കളുടെ ദൗർലഭ്യം ഇന്ത്യയിൽ ഉണ്ടാകുന്നു എന്നത് നിന്ദ്യമാണ്. വൻതോതിലും വേഗത്തിലുമുള്ള സംഭരണം ചിത്രത്തിലില്ല. ആവശ്യത്തിന് മെഡിക്കൽ ഓക്‌സിജനില്ല. ഉത്പാദനശേഷി വർധിപ്പിക്കാമെന്നുള്ള വാഗ്ദാനങ്ങളൊന്നും ഭാരതീയ ജനത പാർട്ടി സർക്കാർ പൂർത്തീകരിച്ചിട്ടില്ല. ആഭ്യന്തര നീക്കിയിരിപ്പ് കുറയുന്നു എന്നു വ്യക്തമാകുമ്പോഴും ഭാരത സർക്കാർ മെഡിക്കൽ ഓക്‌സിജൻ കയറ്റുമതി ചെയ്യുകയായിരുന്നു. (കോവിഡ് ചികിത്സക്ക് അവശ്യമായ റെംഡെസിവർ കുത്തിവെയ്പ്പുകളും സമാനമായി കയറ്റുമതി ചെയ്യുകയായിരുന്നു) 2020 മാർച്ച് 20ന് മോദി പറഞ്ഞത് കോവിഡ്-19നെതിരായ ഈ മഹാഭാരതയുദ്ധം 18 ദിവസത്തിൽ അദ്ദേഹം ജയിക്കുമെന്നാണ്. ഇപ്പോൾ ആ വാഗ്ദാനത്തിന് 56 ആഴ്ച്ചകൾക്കു ശേഷവും ഇന്ത്യ കുരുക്ഷേത്രഭൂമി പോലെ നിണമണിഞ്ഞ് കാണപ്പെടുന്നു. യുദ്ധം പകുതിസമയം പോലും ആകാത്തപ്പോൾ തന്നെ ആയിരങ്ങൾ മരിച്ചുകിടക്കുന്നു.

ഹാറെട്‌സ് ഡെയ്‌ലി
വാർത്തകൾ സെൻസർ ചെയ്യാനും, മരണനിരക്കുകൾ ചുരുക്കിക്കാണിക്കാനുമുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങൾ കൊണ്ട്, കോവിഡിന്റെ ഭീകരമായ രണ്ടാം തരംഗത്തിനായി ഇന്ത്യയെ തയ്യാറെടുപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പരാജയത്തെ മറച്ചുപിടിക്കാനാകില്ല. ഇന്ത്യക്കാരും, ഒപ്പം പ്രധാനമന്ത്രിയുടെ കരുത്തൻ എന്ന പ്രതിബിംബവും മരിച്ചുകൊണ്ടിരിക്കുന്നു. ലോകം ഇതു വരെ കണ്ടതിൽ വെച്ചേറ്റവും ഭയാനകമായ കോവിഡ് തരംഗത്തിൽ പെട്ടുഴലുകയാണ് ഇന്ത്യ.

ഫിനാൻഷ്യൽ ടൈംസ്, 26-04-2021
‘അഭിമാനത്തോടു കൂടി തന്നെ പറയാം, പ്രധാനമന്ത്രി മോദിയുടെ കഴിവുറ്റ, വിവേകമുള്ള, ആത്മാർത്ഥവും ദീർഘവീക്ഷണവുമുള്ള നേതൃത്വത്തിനു കീഴിൽ ഇന്ത്യ കോവിഡ്-19നെ പരാജയപ്പെടുത്തിയിരിക്കുകയാണ്. കോവിഡിനെതിരായ പോരാട്ടത്തിൽ, അഭിമാനമുള്ള, വിജയിച്ചതായ രാജ്യമായി ഇന്ത്യയെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചതിന് അതിന്റെ നേതൃത്വത്തെ പാർട്ടി ഏകകണ്ഠമായി അഭിനന്ദിക്കുന്നു.’ ഏതാനും ആഴ്ച്ചകൾക്കു മുമ്പ് ഫെബ്രുവരിയിൽ ഇന്ത്യയിലെ ഭരണകക്ഷിയായ ഭാരതീയ ജനത പാർട്ടി പാസ്സാക്കിയ പ്രമേയത്തിലെ വാക്കുകളാണിവ. പക്ഷേ ഇപ്പോൾ ഇന്ത്യ, കേസുകൾ കുത്തനെ ഉയരുന്നതിൽ പെട്ടുഴലുന്നു. ആശുപത്രികളിൽ കിടക്കകളും ഓക്‌സിജനും തീരുന്നു. താത്കാലിക സംവിധാനങ്ങളിൽ കൂട്ടശവസംസ്‌ക്കാരങ്ങൾ നടക്കുന്നു. യാതനകളുടെ ഉള്ളുലയ്ക്കുന്ന ചിത്രങ്ങൾ ലോകമൊട്ടാകെയെത്തുന്നു. പ്രതിദിനം 2000 എന്ന ഔദ്യോഗിക കണക്കുകളേക്കാൾ രണ്ടോ അഞ്ചോ മടങ്ങാകും കോവിഡ് മരണസംഖ്യയെന്നാണ് മോർച്ചറികളിൽ സർവ്വേ നടത്തുമ്പോൾ ലഭിക്കുന്ന വിവരം. നിർണ്ണായക സംസ്ഥാനമായ പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പു ജയിക്കുന്നതിനായി ബിജെപി അവിടെ വമ്പൻ റാലികൾ തന്നെ സംഘടിപ്പിച്ചു. കോവിഡ് കേസുകൾ ഉയർന്നു കൊണ്ടിരിക്കുമ്പോഴും, കുറച്ചു ദിവസം മുമ്പ് തന്നെ കേൾക്കുവാനായി തടിച്ചു കൂടിയ വൻജനാവലിയെ കണ്ട് താൻ വളരെ ആഹ്ലാദഭരിതനായതായി മോദി പ്രഖ്യാപിച്ചു. ദശലക്ഷക്കണക്കിന് തീർത്ഥാടകരെ ഒരു പട്ടണത്തിൽ സമ്മേളിക്കുവാൻ അനുവദിക്കുന്ന കുംഭമേള എന്ന മതാഘോഷത്തെ മുന്നോട്ടു പോകാൻ അനുവദിക്കുകയും, പ്രോത്സാഹിപ്പിക്കുകയുമായിരുന്നു ഹിന്ദു ദേശീയവാദി ബിജെപി. .. കാലമെത്തുന്നതിനു മുന്നേയുള്ള ആഘോഷത്തിനും അഹങ്കാരത്തിനുമെതിരേ ജാഗ്രത പുലർത്തണമെന്നതാണ് ഇന്ത്യ നൽകുന്ന പാഠം. കോവിഡ് സാഹചര്യത്തിലെ ഏതൊരു മെച്ചപ്പെടലും, ഭാവിയിലെ തരംഗങ്ങൾക്കെതിരേ തയ്യാറെടുക്കുവാനുള്ള അവസരമാക്കി ഉപയോഗിക്കുകയും, മഹാമാരിക്കെതിരേയുള്ള അന്താരാഷ്ട്ര പോരാട്ടത്തെ സഹായിക്കുകയുമാണ് വേണ്ടത്. കോവിഡ്-19ന്റെ ഭയാനകമായ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുന്ന അവസാനരാജ്യമാകില്ല ഇന്ത്യയും.

സിഎൻഎൻ, 26-04-2021
പോയ ജനുവരിയിൽ, തന്റെ രാജ്യം രോഗത്തിന്റെ സുനാമിയെ അഭിമുഖീകരിക്കുകയാണെന്ന മുന്നറിയിപ്പു തന്ന വിദഗ്ദർക്കും ശാസ്ത്രജ്ഞർക്കും മേൽ പുച്ഛം ചൊരിയുകയായിരുന്നു നരേന്ദ്ര മോദി. പരാജയപ്പെട്ട നേതാക്കളിൽ ഏറ്റവും പുതിയ പേരു മാത്രമാണ് മോദിയുടേത്. യുഎസിന്റെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിഷേധസമീപനം പതിനായിരക്കണക്കിന് ജീവനുകളാണ് നഷ്ടമാക്കിയത്. ബ്രസീൽ പ്രസിഡന്റ് ബൊൾസൊണാരോ, തന്റെ തലതിരിഞ്ഞ പ്രതിവിധികൾക്കായി കോവിഡ്-19ന് എതിരായ നടപടികൾ തള്ളിക്കളഞ്ഞപ്പോൾ വലിയൊരു ദുരന്തത്തിനാണ് ഇന്ധനം പകർന്നത്. യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണാകട്ടെ, മഹാമാരിയുടെ തുടക്കത്തിൽ അതിന്റെ ഭീഷണിയെ കണ്ടില്ലെന്നു വെച്ചതിന് വ്യക്തിപരമായും രാഷ്ട്രീയമായും വലിയ വില കൊടുക്കേണ്ടി വന്നു. പക്ഷേ അതിനു ശേഷം അദ്ദേഹം ശ്രദ്ധാലുവായി. പക്ഷേ, സത്യം അട്ടിമറിക്കുന്ന, ബദൽ യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന, വിദഗ്ദരേയും ശാസ്ത്രജ്ഞരേയും അകറ്റിനിർത്തുന്ന, പൊതുജനത്തെ സുരക്ഷിതരാക്കാൻ വേണ്ട നടപടികളെടുക്കാൻ വിസ്സമ്മതിക്കുന്ന നേതാക്കളെ ഈ മഹാമാരി തുറന്നുകാട്ടുമെന്നത് ഉറപ്പാണ്. അവരുടെ വീഴ്ചകൾ തുറന്നുകാട്ടപ്പെട്ടു എന്നത്, ട്രംപിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട, സത്യം വളച്ചൊടിക്കുന്ന ഇത്തരം പോപ്പുലിസ്റ്റ് നേതാക്കളെ പിന്നോട്ടു വലിക്കില്ല. (ട്രംപ് തന്നെ ഇപ്പോഴും തിരിച്ചുവരവിനായി വീർപ്പുമുട്ടുകയാണ്). മഹാമാരി അവശേഷിപ്പിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ അവശിഷ്ടങ്ങളിലാകും പോപ്പുലിസം വളക്കൂറുള്ള മണ്ണ് കണ്ടെത്തുക. പക്ഷേ, തങ്ങളുടെ രാഷ്ട്രീയ പ്രതിബിംബങ്ങൾക്ക്, പൊതുജനാരോഗ്യത്തേക്കാൾ ഇത്തരം നേതാക്കൾ പ്രധാന്യം കൊടുക്കുമ്പോൾ, ദശലക്ഷക്കണക്കിനു ജനങ്ങളാണ് ദുരിതമനുഭവിക്കുക.

വാഷിങ്ടൺ പോസ്റ്റ്, 28-04-2021
ഇന്ത്യയുടെ കൊറോണ വൈറസ് പ്രതിസന്ധി ആലോചിക്കുമ്പോൾ തന്നെ ഞെട്ടിക്കുന്നതാണ്. ഉത്തരേന്ത്യയിൽ ശ്മശാനങ്ങളുടെ ശേഷി തീർന്നതിനാൽ പബ്ലിക്ക് പാർക്കുകളിൽ മൃതദേഹങ്ങൾ സംസ്‌ക്കരിക്കുകയാണ്. മറ്റെല്ലായിടത്തും, അധികൃതർ നിർദ്ദേശിക്കുന്നത് കോവിഡ് ബാധിച്ചു മരിച്ച ബന്ധുക്കളെ വീടുകളുടെ പിന്നാമ്പുറങ്ങളിൽ തന്നെ സംസ്‌ക്കരിക്കാനാണ്. ലോകത്ത് വാക്‌സിനുകളുടെ ഏറ്റവും വലിയ ഉത്പാദകരായിട്ടും, രാജ്യത്തെ 1.3 ശതകോടി ജനങ്ങളിൽ രണ്ടു ശതമാനത്തിൽ താഴെ ആളുകളെ മാത്രമേ പൂർണ്ണമായും പ്രതിരോധ കുത്തിവെയ്‌പ്പെടുപ്പിക്കുവാൻ സാധിച്ചിട്ടുള്ളു. ഇന്ത്യയുടെ ആതുരശുശ്രൂഷ മേഖലയുടെ ബലഹീനതകൾ എല്ലാവർക്കും അറിയാവുന്നതാണ്. എന്നിട്ടും, കഠിനമായ അടച്ചുപൂട്ടൽ നടപടികളിലൂടെ ജനുവരിയോടെ രാജ്യം ആദ്യതരംഗത്തെ നിയന്ത്രിച്ചിരുന്നു. പിന്നീട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ തങ്ങളുടെ ജാഗ്രത കൈവിടുകയും, ഞെട്ടിക്കുന്ന തരത്തിൽ വീണ്ടുവിചാരമില്ലാത്ത ഒരു കൂട്ടം തീരുമാനങ്ങളിലൂടെ, ഇപ്പോൾ രാജ്യത്തെ ഞെരിച്ചമർത്തുന്ന, കൊറോണയുടെ രണ്ടാം തരംഗത്തെ ക്ഷണിച്ചു വരുത്തുകയും ചെയ്തു. നയരൂപീകരണത്തിന്റെ ഈ ഭീമമായ പരാജയത്തിന് പല കാരണങ്ങളുമുണ്ട്: പൊതുവായ കഠിനഹൃദയത്വം, മൂഢമായ തെരഞ്ഞെടുപ്പു പരിഗണനകൾ, തികഞ്ഞ കഴിവുകേട് തുടങ്ങിയവ. രാഷ്ട്രീയ അസ്ഥിരതയ്ക്ക് അവസാനം കുറിച്ചു കൊണ്ട്, ശക്തവും സാങ്കേതികവൈദഗ്ദ്യം ഉപയോഗപ്പെടുത്തുന്നതുമായ ഭരണം വാഗ്ദാനം ചെയ്തുകൊണ്ട് 2014-ൽ ആദ്യമായി അധികാരത്തിലേറിയ ഒരു സർക്കാരിനെ സംബന്ധിച്ചിടത്തോളം, രണ്ടാം തീവ്രവ്യാപനം ഒരു അതിശയിപ്പിക്കുന്ന പിൻവാങ്ങലിനേയാണ് കാണിക്കുന്നത്. ഇടയിൽ കിട്ടിയ ആശ്വാസസമയത്ത്, പിപിഇ അടക്കമുള്ളവയുടെ ശേഖരമുണ്ടാക്കുക, വാക്‌സിൻ ഉത്പാദനം വർധിപ്പിക്കുക, പരിശോധനകൾ കൂട്ടുക തുടങ്ങിയവക്കു പകരം അദ്ദേഹം (മോദി) പഴയപടി ഉള്ള ഭരണത്തിലേക്കാണ് തിരിച്ചു പോയത്. അദ്ദേഹവും അദ്ദേഹത്തിന്റെ അപരവ്യക്തിത്വമായ ആഭ്യന്തരമന്ത്രി അമിത്ഷായും, പ്രതിപക്ഷ നേതാക്കളെ കളിയാക്കുന്നതിനും, രാഷ്ട്രീയ എതിരാളികളെ ദ്രോഹിക്കുന്നതിനുമാണ് തങ്ങളുടെ ഊർജ്ജം വിനിയോഗിച്ചത്. എന്നിട്ട് ലോക സാമ്പത്തിക ഫോറത്തിന്റെ യോഗത്തിൽ ചെന്ന് ഇന്ത്യ വൈറസിനെ തച്ചു തകർത്തു എന്ന് അവകാശപ്പെടുകയും ചെയ്തു. മാത്രവുമല്ല, മോദിയുടെ ഭാരതീയ ജനത പാർട്ടിയെ സംരക്ഷിക്കുന്നതിനുള്ള ചോദന നിമിത്തം, എല്ലാത്തരത്തിലുമുള്ള മെഡിക്കൽ തട്ടിപ്പുകളും പ്രചരിപ്പിക്കുന്നതിന് പാർട്ടിയിലെ ഉന്നതർക്കടക്കം അനുവാദമുണ്ടായി. യോഗ പരിശീലിക്കുന്നതും, ഗോമൂത്രം അണുനാശിനിയായി ഉപയോഗിക്കുന്നതും വഴി കൊറോണ വൈറസിനെ അകറ്റി നിർത്താമെന്നാണ് ചില പ്രാദേശിക പാർട്ടി നേതാക്കൾ നിർദ്ദേശിച്ചത്. പാർട്ടിയുടെ വിദേശകാര്യ വിഭാഗം തലവനായ വിജയ് ചൗതായിവാലെയാകട്ടെ, ഗോമൂത്രവും മഞ്ഞളും കഴിക്കുന്നത് ഒരു പരിഹാരമാണെന്ന മട്ടിൽ പ്രോത്സാഹിപ്പിച്ചു. ഔദ്ധത്യത്തോടെ തീരുമാനമെടുക്കുന്ന മോദിയുടെ രീതിക്ക് മഹാമാരിയേക്കാൾ പഴക്കമുണ്ട്. ഇപ്പോൾ പൊതു പാർക്കുകൾ താത്കാലിക ശ്മശാനങ്ങളാകുമ്പോൾ, ആശുപത്രിയിലേക്കുള്ള വഴികളിൽ പോലും നിറഞ്ഞു കിടക്കുന്ന രോഗികൾക്കും, ആംബുൻസുകൾക്കും ഓക്‌സിജൻ ലഭ്യമല്ലാതിരിക്കുമ്പോൾ, മോദിയുടെ കൂട്ടാളികൾ അവർക്കു പരിചിതമായ, ഏറെ ഭീഷണമായ തന്ത്രങ്ങളിലേക്കാണ് തിരിയുന്നത്. സർക്കാരിന്റെ വിമർശകർ ദേശവ്യാപകമായ അനൈക്യം വിതയ്ക്കാനാണ് നോക്കുന്നതെന്നാണ് അവർ വാദിക്കുന്നത്. തങ്ങൾ പ്രതിസന്ധി നേരിടുന്നതിനെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പോലെയുള്ള സമൂഹമാധ്യമങ്ങൾക്കു മേൽ ഡൽഹി സമ്മർദ്ദം ചെലുത്തുകയാണ്. ഗൗരവതരമായ പൊതുനയ വിഷയങ്ങളിൽ അശ്രദ്ധവും എടുത്തുചാടിയുള്ളതുമായ സമീപനം പുലർത്തിയത്, ഇപ്പോൾ ഒഴിഞ്ഞുമാറാനാകാത്ത വിധം മോദിയെ പിന്തുടരുകയാണ്. മാധ്യമവിമർശനങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ നടത്തിയിട്ടും, ഇന്നത്തെ ഈ തീവ്രമായ ദുരന്തത്തിന് ആരാണ് ഉത്തരവാദിയെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം.

ബിബിസി, 29-04-2021
ശാസ്ത്രീയ മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് തെരഞ്ഞെടുപ്പു റാലികളിൽ പങ്കെടുത്തതിലും ഉത്തരേന്ത്യയിലെ വമ്പൻ ഹൈന്ദവ ഉത്സവത്തെ മുന്നോട്ടു പോകാൻ അനുവദിച്ചതിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രതിസ്ഥാനത്താണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ഡോ. നവ്‌ജോത് ദഹിയ, എല്ലാ കോവിഡ് മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയ തീവ്രവ്യാപനത്തിനു കാരണക്കാരൻ എന്നാണ് മോദിയെ വിശേഷിപ്പിച്ചത്. ബിബിസിയുടെ യോഗിത ലിമായെ പറയുന്നത്, എന്തു കൊണ്ടാണ് സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടേയും വിഭാഗങ്ങളെ കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ ഫീൽഡ് ആശുപത്രികൾ ഉണ്ടാക്കിച്ചില്ല എന്ന് നിരവധി ആളുകൾ ചോദിക്കുന്നു എന്നാണ്. ജനങ്ങൾ അവരുടെ കാര്യം സ്വയം നോക്കിക്കോണം എന്ന മട്ടിൽ ഒരു കയ്യൊഴിയലിന്റെ അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്നാണ് ഞങ്ങളുടെ ലേഖകൻ റിപ്പോർട്ട് ചെയ്യുന്നത്.

നേച്ചർ, 06-05-2021
കഴിഞ്ഞയാഴ്ച്ച, കോവിഡ്-19 മൂലമുള്ള മരണനിരക്ക് ബ്രസീലിൽ നാലു ലക്ഷം കടന്നു. ഇന്ത്യയിലാകട്ടെ മഹാമാരി പ്രതിദിനം 3500ൽ അധികം ജീവനുകളെടുക്കുന്നു. ഇത്, ഓക്‌സിജൻ, വെന്റിലേറ്റർ, ഇന്റൻസീവ് കെയർ കിടക്കകൾ അങ്ങനെയെല്ലാം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ആഗോള പ്രതികരണം സൃഷ്ടിച്ചിട്ടുണ്ട്. ഈ രണ്ട് രാജ്യങ്ങളും ആയിരക്കണക്കിന് മൈലുകൾ ദൂരത്തിലാണെങ്കിലും, രണ്ടു രാജ്യത്തേയും പ്രതിസന്ധി അവിടങ്ങളിലെ രാഷ്ട്രീയ പരാജയം മൂലമാണ്. ഗവേഷകരുടെ ഉപദേശത്തിനനുസരിച്ച് പ്രവർത്തിക്കുവാൻ അവിടത്തെ നേതാക്കൾ ഒന്നുകിൽ പരാജയപ്പെട്ടു, അല്ലെങ്കിൽ അമാന്തിച്ചു. പൊറുക്കാനാകാത്ത ജീവനാശത്തിലേക്കാണ് ഇത് നയിച്ചത്. ഇന്ത്യയുടെ നേതാക്കൾ ആവശ്യമായിരുന്ന സ്ഥിരതയോടെ പ്രവർത്തിച്ചില്ല. ഉദാഹരണത്തിന് അവർ ആൾക്കൂട്ടങ്ങളെ അനുവദിച്ചു, ചില അവസരങ്ങളിൽ പ്രോത്സാഹിപ്പിച്ചു. ഇത്തരമൊരു സാഹചര്യം പുതിയതല്ല. യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിനു കീഴിൽ, കോവിഡ്-19 നെ നേരിടാൻ സാമൂഹിക അകലം പാലിക്കണമെന്നതിന്റെ ആവശ്യകതയുടെ തെളിവുകൾ അവഗണിച്ചതിന്റെ ദുരന്തഫലം നമ്മൾ കണ്ടതാണ്. 570000 മരണങ്ങളാണ് അസുഖം മൂലം യുഎസിൽ ഉണ്ടായത്. ഇന്നും ഇത് ലോകരാജ്യങ്ങളിലെ മരണസംഖ്യയിൽ ഏറ്റവും ഉയർന്നതാണ്… ഇന്ത്യക്ക് മറ്റ് പ്രശ്‌നങ്ങളുമുണ്ട്. ഒന്നാമതായി, കോവിഡ്-19 ഗവേഷണത്തിനായിട്ടുള്ള ഡേറ്റ ശാസ്ത്രജ്ഞർക്കു കിട്ടുന്നത് എളുപ്പമല്ല. കൃത്യമായ പ്രവചനങ്ങളും, തെളിവ് അധിഷ്ഠിതമായ ഉപദേശങ്ങളും സർക്കാരിനു നൽകുന്നതിൽ നിന്നും അത് അവരെ തടയുന്നു. അത്തരം ഡേറ്റ ലഭ്യമല്ലാതിരുന്നിട്ടു കൂടി, കഴിഞ്ഞ സെപ്റ്റംബറിൽ കോവിഡ്-19 നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിൽ ജാഗ്രത വേണമെന്ന് ഗവേഷകർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. (ലാൻസെറ്റ് 3968672020) ഏപ്രിൽ ആദ്യം പോലും അവർ മുന്നറിയിപ്പു നൽകിയത്, രണ്ടാം തരംഗത്തിൽ മാസാവസാനം ആകുമ്പോഴേക്കും പ്രതിദിന കേസുകൾ ഒരു ലക്ഷം വരെ ഉയരാം എന്നായിരുന്നു. ഏപ്രിൽ 29-ന്, കോവിഡ്-19 പരിശോധന ഫലങ്ങളും, ആശുപത്രിയിലെ രോഗികളുടെ ചികിത്സാഫലങ്ങളും സംബന്ധിച്ച വിവരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 700-ൽ അധികം ശാസ്ത്രജ്ഞരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്… ഒന്നാമതായി, ഇങ്ങനെ പ്രതിഷേധിച്ചു കൊണ്ടുള്ള ഒരു കത്തു തന്നെ ആവശ്യമായി വരികയില്ലായിരുന്നു. തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തിക്കൊണ്ട് ഇതിൽ ഒപ്പിട്ടതിലൂടെ, ഇവർ വലിയൊരു അപായസാധ്യത തന്നെയാണ് ഏറ്റെടുത്തത്. തങ്ങളുടെ നയങ്ങളെ ചോദ്യം ചെയ്യാൻ സംഘടിച്ചിട്ടുള്ള ഗവേഷകരോട് ഒട്ടും സൗഹാർദ്ദപരമായല്ല മോദി സർക്കാർ നേരത്തേ പെരുമാറിയിട്ടുള്ളത്. ഗവേഷകസമൂഹത്തിന് രാജ്യത്തെ സർക്കാരുമായി മോശം ബന്ധമാകുന്നത് അത്ര നല്ല കാര്യമല്ല. ശാസ്ത്രജ്ഞരെ മാറ്റി നിർത്തുന്നതിലൂടെ, ഇന്ത്യയിലേയും ബ്രസീലിലേയും സർക്കാരുകൾ ജീവനാശം കുറയ്ക്കാനുള്ള വലിയൊരു അവസരമാണ് നഷ്ടപ്പെടുത്തിയത്. ഒരു മഹാമാരിക്കിടയിൽ നമ്മുടെ സർക്കാരുകൾ വിജയിക്കണമെന്നതാണ് നമ്മുടെ ആവശ്യം. പക്ഷേ, വേഗത്തിൽ ശരിയായ തീരുമാനങ്ങളെടുക്കുക – പ്രത്യേകിച്ചും അപൂർണ്ണമായ വിവരം മാത്രം ലഭ്യമായിട്ടുള്ളപ്പോൾ, വളരെ ബുദ്ധിമുട്ടു തന്നെയാണ്. അതുകൊണ്ടാണ്, ആരോഗ്യവിവരങ്ങൾ കൃത്യമാകേണ്ടതും, അത് ഗവേഷകർക്കും ചികിത്സകർക്കും ലഭ്യമാകേണ്ടതും. ആ ലഭ്യതയെ തടയുന്നതോ മറച്ചുവെക്കുന്നതോ, മഹാമാരിയുടെ ദുരിതത്തെ കൂടുതൽ കാലം നീട്ടുക എന്ന അപകടമാണ് സൃഷ്ടിക്കുക.

ദ് ലാൻസെറ്റ്, 08-05-2021
ഇന്ത്യയിലെ ദുരിതത്തിന്റെ കാഴ്ച്ചകൾ ഉൾക്കൊള്ളാൻ പ്രയാസമാണ്. മേയ് നാലിന്റെ കണക്കു പ്രകാരം, 20.2 ദശലക്ഷം കോവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിനം ശരാശരി 378000 കേസുകൾ. ഒപ്പം, 222000-ൽ അധികം മരണങ്ങൾ. ഇതു തന്നെ, വിദഗ്ദർ വിശ്വസിക്കുന്നത്, വളരെയധികം താഴ്ത്തിപ്പറയുന്ന കണക്കുകളാണെന്നാണ്. ആശുപത്രികൾ നിറയുന്നു. ആരോഗ്യപ്രവർത്തകർ തളരുകയും അസുഖബാധിതരാവുകയും ചെയ്യുന്നു. മെഡിക്കൽ ഓക്‌സിജനും ആശുപത്രി കിടക്കയും മറ്റ് അവശ്യോപാധികളും യാചിച്ചുകൊണ്ട്, ഡോക്ടർമാരും പൊതുജനവുമടക്കമുള്ള ആശയറ്റവർ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. എന്നിട്ടും മാർച്ച് ആദ്യം, കോവിഡ് 19-ന്റെ രണ്ടാം തരംഗത്തിൽ കേസുകൾ വർധിക്കുന്നതിനു മുമ്പ്, ഇന്ത്യയുടെ ആരോഗ്യമന്ത്രി ഹർഷവർധൻ പ്രഖ്യാപിച്ചത്, ഇന്ത്യ കോവിഡുമായുള്ള അന്തിമപോരാട്ടത്തിലാണെന്നാണ്. രണ്ടാം തരംഗത്തിന്റെ അപകടത്തെക്കുറിച്ചും, പുതിയ വ്യതിയാനങ്ങൾ ഉരുത്തിരിയുന്നതിനെ കുറിച്ചും നിരന്തരമായ മുന്നറിയിപ്പുകൾ ഉണ്ടായിട്ടും, ഏതാനും മാസങ്ങളായുള്ള കുറഞ്ഞ കേസുകളുടെ സംഖ്യ മൂലം ഇന്ത്യ കോവിഡ്-19നെ അതിജീവിച്ചു എന്നതാണ് സർക്കാർ നൽകിയ ധാരണ. തെറ്റായ മോഡലിങ്ങിലൂടെ, ഇന്ത്യ സംഘപ്രതിരോധശക്തി ആർജ്ജിച്ചു എന്ന തോന്നൽ ഉണ്ടാക്കിയത്, അലംഭാവത്തെ പ്രോത്സാഹിപ്പിക്കുകയും, അപര്യാപ്തമായ തയ്യാറെടുപ്പുകളിലേക്ക് നയിക്കുകയും ചെയ്തു. പക്ഷേ, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, ജനുവരിയിൽ നടത്തിയ സിറോ-സർവ്വേ തന്നെ ചൂണ്ടിക്കാട്ടിയത്, ജനസംഖ്യയുടെ 21% പേർക്കു മാത്രമേ, സാർസ്-കോവ്-2ന് എതിരേയുള്ള ആന്റിബോഡികൾ ഉള്ളൂ എന്നതാണ്. പലപ്പോഴും നരേന്ദ്ര മോദിയുടെ സർക്കാരിന്, മഹാമാരിയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനേക്കാൾ ട്വിറ്ററിലെ വിമർശനങ്ങൾ നീക്കം ചെയ്യിക്കുന്നതാണ് കൂടുതൽ താത്പര്യം എന്നു തോന്നി…
വൻതോതിൽ രോഗം പടർത്താൻ സാധ്യതയുള്ള ചടങ്ങുകളെ കുറിച്ച് മുന്നറിയിപ്പുകളുണ്ടായിട്ടും, രാജ്യത്തെമ്പാടു നിന്നുമുള്ള ദശലക്ഷക്കണക്കിനു ജനങ്ങളെ ആകർഷിക്കുന്ന മതാഘോഷങ്ങൾ നടത്താൻ സർക്കാർ അനുവദിച്ചു. ഒപ്പം വമ്പൻ രാഷ്ട്രീയ റാലികളും. അതും, അവിടെയൊന്നും കോവിഡ് പ്രതിരോധ നടപടികളുണ്ടായില്ല എന്നത് വ്യക്തമായിട്ടും. കോവിഡ്-19 ഏറെക്കുറെ അവസാനിച്ചു എന്ന സന്ദേശം, ഇന്ത്യയുടെ കോവിഡ് -19 പ്രതിരോധ കുത്തിവെയ്പ്പ് ദൗത്യത്തിന്റെ ആരംഭത്തേയും വൈകിപ്പിച്ചു. ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെ ആളുകളെ മാത്രമേ ഇതുവരെ കുത്തിവെയ്‌പെടുപ്പിച്ചിട്ടുള്ളൂ. ഫെഡറൽ തലത്തിൽ ഇന്ത്യയുടെ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതി വളരെവേഗം താറുമാറായി. സംസ്ഥാനങ്ങളുമായി ചർച്ച നടത്താതെ സർക്കാർ നയത്തിൽ പൊടുന്നനേ മാറ്റം വരുത്തി. 18 വയസ്സിനു മേലേയുള്ള എല്ലാവർക്കുമായി വാക്‌സിനേഷൻ നൽകാൻ തീരുമാനിച്ചു, പക്ഷേ അതിനുള്ള വാക്‌സിനുകൾ ഉറപ്പാക്കിയില്ല. പൊതുജനത്തെ അങ്കലാപ്പിലാക്കുകയും, വാക്‌സിൻ ഡോസുകൾക്കായി സംസ്ഥാനങ്ങളും ആശുപത്രി സംവിധാനങ്ങളുമൊക്കെ പരസ്പരം മത്സരിക്കുന്ന ഒരു കമ്പോളം സൃഷ്ടിക്കുകയും ചെയ്തു…
ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷൻ കണക്കാക്കുന്നത്, ഓഗസ്റ്റ് ഒന്നോടെ, ഇന്ത്യയിൽ 10 ലക്ഷം കോവിഡ് മരണങ്ങൾ ഉണ്ടാകുമെന്നാണ്. ഈ കണക്ക് യാഥാർത്ഥ്യമാവുകയാണെങ്കിൽ, സ്വയം സൃഷ്ടിച്ച ദേശീയ ദുരന്തത്തിന് നെടുനായകത്വം വഹിച്ചതിന്റെ ഉത്തരവാദിത്തം മോദിയുടെ സർക്കാരിനായിരിക്കും. കോവിഡ്-19നെ നിയന്ത്രിക്കുന്നതിലുള്ള ആദ്യവിജയം ഇന്ത്യ പാഴാക്കിക്കളയുകയാണ് ഉണ്ടായത്. ഏപ്രിൽ വരെ, സർക്കാരിന്റെ കോവിഡ്-19 ടാസ്‌ക് ഫോഴ്‌സ് മാസങ്ങളോളം യോഗം കൂടിയിട്ടില്ല. ആ തീരുമാനങ്ങളുടെ അനന്തരഫലം ഇപ്പോൾ നമുക്കു മുന്നിൽ വ്യക്തമാണ്. പ്രതിസന്ധി വർദ്ധിക്കുമ്പോൾ ഇന്ത്യ അതിനോടുള്ള പ്രതികരണം പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. ആ ഉദ്യമത്തിന്റെ വിജയമാകട്ടെ, സർക്കാർ സ്വന്തം തെറ്റുകൾ സമ്മതിക്കുന്നതിലും, ഉത്തരവാദിത്തമുള്ള നേതൃത്വവും സുതാര്യതയും നൽകുന്നതിലും, ശാസ്ത്രത്തിൽ അധിഷ്ഠിതമായ പൊതുജനാരോഗ്യ നടപടികൾ നടപ്പാക്കുന്നതിലും ആശ്രയിച്ചിരിക്കുന്നു.