ഇസ്രായേലിന്റെ ”ജൂതരാഷ്ട്ര” പ്രഖ്യാപനം പിൻവലിക്കുക

Spread our news by sharing in social media

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ്‌ഘോഷ് ജൂലൈ 22ന് പുറപ്പെടുവിച്ച പ്രസ്താവന

ഇസ്രായേൽ ഒരു ”ജൂതരാഷ്ട്ര”മായി പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ജൂലൈ 19ന് നിയമം പാസ്സാക്കിയ ഇസ്രായേലി പാർലമെന്റിന്റെ ഫാസിസ്റ്റ് നടപടിയെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ശക്തമായി അപലപിക്കുന്നു. ഇസ്രായേൽ ജൂതരുടെ മാതൃഭൂമിയാണെന്ന് നിർവ്വചിക്കുന്നതാണ് ഈ നിയമം. ജറുസലേം തലസ്ഥാനവും ഹീബ്രു ഔദ്യോഗിക ഭാഷയും രാഷ്ട്രീയ സ്വയം നിർണ്ണയാവകാശം ”ജൂതരുടേതുമാത്ര”വുമായിരിക്കുമെന്ന് ഇതിലൂടെ പ്രഖ്യാപിക്കുന്നു.
പല മതങ്ങളിൽ വിശ്വസിക്കുന്നവരും പല ഭാഷകൾ സംസാരിക്കുന്നവരും വ്യത്യസ്ത വംശീയ പശ്ചാത്തലമുള്ളവരും ഇസ്രായേലിലുണ്ട്. അത്തരമൊരു സാഹചര്യത്തിൽ രാഷ്ട്രം ഒരു പ്രത്യേക സമുദായത്തിന്റേതുമാത്രമായിരിക്കുമെന്ന അസന്നിഗ്ദ്ധമായ നിയമപ്രഖ്യാപനവും ഔദ്യോഗിക ശാഠ്യവും മറ്റു സമുദായങ്ങൾക്ക് ഭരണഘടനാപരമായി ലഭിക്കുന്ന തുല്യതയ്ക്കുള്ള അവകാശം ചോർത്തിക്കളയുമെന്നുറപ്പാണ്. ജൂതരല്ലാത്തവരുടെമേൽ ജൂതരുടെ മേധാവിത്വം സ്ഥാപിച്ചെടുക്കാൻ ഇതിടയാക്കും.

രാജ്യത്താകെയുള്ള 90 ലക്ഷം ജനങ്ങളിൽ അഞ്ചിലൊന്ന് അറബികളാണ്. ഇസ്രായേൽ പാർലമെന്റിലെ അറബ് മെമ്പർമാരും, 1948ൽ ഇസ്രായേൽ പിടിച്ചടക്കിയതിലൂടെ സ്വന്തം പ്രദേശങ്ങൾ നഷ്ടപ്പെട്ട പലസ്തീൻകാരും ഈ നിയമത്തെ ”വംശീയാതിക്രമ”മെന്നും ”വർണവിവേചന”ത്തിന് നിയമസാധുത നൽകൽ എന്നുമാണ് വിശേഷിപ്പിച്ചത്. ജൂതരിലെ വിവേകശാലികളും ഈ ഹീനപദ്ധതിയെ എതിർത്തു എന്നത് ശ്രദ്ധേയമാണ്. 120 അംഗ പാർലമെന്റിൽ 62 പേരുടെ മാത്രം പിന്തുണയോടെ, നേരിയ ഭൂരിപക്ഷത്തിനാണ് ബിൽ പാസ്സായത്. ഇസ്രായേൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ മാനിക്കണമെന്ന് യൂറോപ്യൻ യൂണിയൻപോലും ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ജറുസലേം ഇസ്രായേൽ തലസ്ഥാനമെന്ന് ട്രംപ് പ്രഖ്യാപിച്ചപ്പോൾ ഐക്യരാഷ്ട്രസഭ വൻഭൂരിപക്ഷത്തോടെ അത് തള്ളിക്കളഞ്ഞത് ലോകം കണ്ടതാണ്. ഇത് മാനിക്കാതെ അമേരിക്ക അവരുടെ എംബസി ടെൽ അവീവിൽനിന്ന് ജറുസലേമിലേയ്ക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ ഈ നിയമം പാസ്സാക്കാൻ ഇസ്രായേലിന് കരുത്തുനൽകിയത് അമേരിക്കയുടെ ധിക്കാരപരമായ ഈ നടപടിയായിരുന്നു.
ഈ നിയമം റദ്ദാക്കാൻ ഇസ്രായേലിന്റെ മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ഇന്ത്യാഗവണ്മെന്റിനോട് ഞങ്ങൾ ആവശ്യപ്പെടുന്നു. അതോടൊപ്പം, ഇസ്രായേൽ ഗവണ്മെന്റിന്റെ ഈ ഫാസിസ്റ്റുനടപടിയെ അപലപിക്കണമെന്ന് ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു=

Share this