പീഡന കേസിൽ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടൻ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾക്ക് വിധേയനാക്കുകയും ചെയ്യണമെന്ന് എഐഎംഎസ്എസ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
കന്യാസ്ത്രീ പരാതിപ്പെട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നത് പ്രതിഷേധാർഹമാണ്. ബിഷപ്പിനെ ചോദ്യം ചെയ്യാൻപോലും പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സ്ത്രീപീഡനകേസുകളിൽ പരാതിക്കാരിയുടെ മൊഴിമാത്രം തെളിവായെടുത്ത് മേൽനടപടികൾ സ്വീകരിക്കാൻ നിയമമുണ്ടായിരിക്കെ ഈ ദിശയിൽ പോലീസോ അധികാരികളോ ഇനിയും നീങ്ങിയിട്ടില്ല.
പരാതിയിൽ പറയുന്ന കാര്യങ്ങൾക്ക് ഉപോദ്ബലകമായ നിരവധി തെളിവുകൾ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള മഠത്തിൽ നിരവധി തവണ ബിഷപ്പ് വന്നുപോയതിന്റെ തെളിവുകൾ, ഡ്രൈവറുടെ മൊഴി, പോലീസിൽ പരാതി സമർപ്പിക്കുന്നതിന് മുമ്പ് സഭയിലെ മേലധികാരികൾക്ക് നൽകിയ പരാതികൾ, വത്തിക്കാൻ നോമിനിക്ക് നൽകിയ പരാതി, സഹപ്രവർത്തകരുടെ മൊഴികൾ, ഫോൺ സംഭാഷണങ്ങൾ ഇങ്ങനെ നിരവധി തെളിവുകൾ പുറത്തുവന്നിട്ടും പോലീസ് ഉദാസീനത പുലർത്തുന്നത് സർക്കാർ തലത്തിലുള്ള ഇടപെടലുകളെ തുടർന്നാണ് എന്ന് കരുതേണ്ടിവരും.
പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ നടക്കുന്ന നീക്കങ്ങളും പരാതിക്കാരിക്കെതിരെ നൽകിയിട്ടുള്ള കേസുകളും പ്രതിയുടെ സ്വാധീനത്തിന്റെ തെളിവാണ്. പരാതിക്കാരിയായ കന്യാസ്ത്രീക്ക് സ്ഥലവും സമ്പത്തും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തതിന്റെ പേരിലാണ് മറ്റൊരു വൈദികനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിക്കുവേണ്ടിയാണ് വൈദികൻ ഈ നീക്കം നടത്തിയിരിക്കുന്നത് എന്നത് കേസ് ഒതുക്കിതീർക്കാൻ പ്രതി മുൻകൈയെടുത്ത് നടത്തുന്ന നീക്കങ്ങളെയാണ് സൂചിപ്പിക്കുന്നത്. സമൂഹം അഭിമുഖീകരിക്കുന്ന ഗുരുതരമായ ധാർമ്മിക സദാചാര തകർച്ചയുടെ ആഴവും പരപ്പും ഒരാവർത്തികൂടി തെളിയിക്കുന്നു ഇത്തരം സംഭവങ്ങൾ. സമൂഹത്തിന്റെ തകർച്ചയെ പ്രതിരോധിക്കാനോ മനുഷ്യന് ഉയർന്ന മൂല്യബോധം പകർന്നുനൽകാനോ സാധിക്കാത്തവിധം ദുർബ്ബലമായ നീതിബോധമാണ് സംഘടിത മത സാമുദായിക പ്രസ്ഥാനങ്ങളും മേലദ്ധ്യക്ഷൻമാരും വച്ചുപുലർത്തുന്നത്. കേരളത്തിൽ ഇത് ഒറ്റപ്പെട്ട സംഭവവുമല്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ നടന്ന അതിക്രമം, കുമ്പസാര രഹസ്യത്തിന്റെ മറവിൽ നടന്ന കൂട്ടബലാത്സംഗം തുടങ്ങി ഏറ്റവും നെറിവുകെട്ട പ്രവർത്തനങ്ങൾ നടത്തുന്നവർ ആദ്ധ്യാത്മികതയെക്കുറിച്ചാണ് പ്രഭാഷണം നടത്തുന്നത് എന്നത് അപഹാസ്യമാണ്. മനുഷ്യന്റെ അന്ധമായ വിശ്വാസങ്ങളെയും അറിവില്ലായ്മയെയും മുതലെടുത്താണ് നിർദ്ദയമായി ഈ ചൂഷണം ഇക്കൂട്ടർ നടത്തുന്നത.് ഉയർന്ന ചിന്തയിലേയ്ക്ക് മനുഷ്യനെ നയിക്കാൻ സാധിക്കാത്തവിധം ദ്രവിച്ചതും ഉള്ളുപൊള്ളയായതുമായി മതങ്ങൾ മാറിയിരിക്കുന്നു. പ്രതി എത്ര ഉന്നതനാണെങ്കിലും നിയമത്തിന് അതീതരല്ല. നിയമപരമായി നടപടി എടുക്കാൻ കാണിക്കുന്ന അലംഭാവവും ഉദാസീനതയും സർക്കാർ അവസാനിപ്പിക്കണം. വിഷയത്തിന്റെ ഗൗരവും ഉൾക്കൊണ്ട് പോലീസും സർക്കാരും ഉണർന്ന് പ്രവർത്തിക്കണം.