ജാതി-മത ചിന്താഗതികൾക്കും സങ്കുചിത കക്ഷിരാഷ്ട്രീയത്തിനും അതീതമായി ജനകീയ പ്രതിരോധ സമിതികളിൽ സംഘടിക്കുക

Spread our news by sharing in social media

ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറയും അതിന്റെ കരുത്തും കാതലുമെന്നത് ജനങ്ങളുടെ പ്രബുദ്ധതയും ഉണർവ്വും ജാഗ്രതയും അതിൽനിന്നുടലെടുക്കുന്ന ജനകീയ പോരാട്ടങ്ങളുമാണ്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നിലനിർത്താനും വിപുലീകരിക്കാനും കരുത്തുറ്റ ജനകീയ പ്രസ്ഥാനത്തിന്റെ ഊർജ്ജത്തിനേ കഴിയൂ. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നേർവഴിയിലൂടെ നയിക്കാനുതകുന്ന കാവൽ ശക്തിയായി ജനങ്ങൾക്ക് മാറാൻ കഴിയുമ്പോൾ മാത്രമേ ജനാധിപത്യത്തിന്റെ നടത്തിപ്പ് പൂർണ്ണമാകൂ. ജനാധിപത്യ ഭരണലക്ഷ്യങ്ങളുടെ അടിയുറച്ച സങ്കൽപ്പങ്ങൾപോലും അധികാരികൾ ഇന്ന് പരസ്യമായി നിരാകരിക്കുന്നു; കുത്തകകളുടെ പാദസേവകരായി അധഃപതിച്ചിരിക്കുന്നു.

ആഗോളവത്ക്കരണം മുന്നേറുന്നതിനനുസരിച്ച് മനുഷ്യൻ പിന്തള്ളപ്പെടുകയാണ്. അധികാരികൾ ആർത്തിപിടിച്ച് പായുന്നത് മൂലധനത്തിന് പിന്നാലെയാണ്. വമ്പൻ ധനശക്തികൾക്കുവേണ്ടി അവർ മനസാക്ഷിയില്ലാതെ നിലകൊള്ളുന്നു. കമ്പോളമാണ് ദൈവം. കുടിവെള്ളവും വിദ്യാഭ്യാസവും ആരോഗ്യവും കമ്പോളത്തിന്റെ ചവിട്ടടിയിലാണ്. മനുഷ്യന്റെ വിശപ്പും രോഗവും ദുരിതങ്ങളും യാതനകളുമെല്ലാം കമ്പോളത്തിൽ ചരക്കാണ്. ചിന്തയും വികാരങ്ങളും മൂല്യങ്ങളുമെല്ലാം കമ്പോളത്തിന്റെ ദാക്ഷിണ്യത്തിലാണ്.
കമ്പോളത്തിന് മനുഷ്യനെ വേണ്ട. വേണ്ടത് മനുഷ്യന്റെ ശേഷികളെ മാത്രം. കമ്പോളത്തിന്റെ നിയമങ്ങൾ അനുസരിക്കുന്ന, ആത്മാഭിമാനവും അന്തസ്സും പണയംവച്ച് യന്ത്രങ്ങളെപ്പോലെ പണിയെടുക്കാൻ ശേഷിയുള്ളവരെ മാത്രം. കടുത്ത മത്സരത്തിൽ സഹപാഠിയെയോ സഹപ്രവർത്തകനെയോ സഹോദരനെപ്പോലുമോ മലർത്തിയടിക്കാൻ ശേഷിയുള്ളവരെ മാത്രം.
കമ്പോളത്തിന്റെ ദുരയ്ക്കിരയായി ജനങ്ങൾ നിലനിൽപ്പിനായി ക്ലേശിക്കുകയാണ്. ജീവിതത്തിൽ പിടിച്ചു നിൽക്കാനുള്ള എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ട് കർഷകൻ ആത്മഹത്യ ചെയ്യുന്നു. അവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞിരിക്കുന്നു. സമൂഹത്തെ അന്നമൂട്ടുന്ന കർഷകർ ഭരണാധികാരികൾ കുത്തകകളുടെ ദാസ്യക്കാരാകുന്നതുകൊണ്ടുമാത്രം സൃഷ്ടിക്കപ്പെടുന്ന ജീവിതദുരിതങ്ങളിൽനിന്ന് കരകയറാനാകാതെ സ്വയം അവസാനിപ്പിക്കുന്നതിന്റെ നിലയ്ക്കാത്ത കഥകളും കദനങ്ങളും ഉയരാതൊരു നിമിഷമില്ല. മഹാരാഷ്ട്രയും വിദർഭയും അതിന്റെ ഉദാഹരണം മാത്രം. ഒരു ദിവസം 9 ആത്മഹത്യകൾ എന്നത് ഭയപ്പെടുത്തുന്ന കണക്കുതന്നെയാണ്.

പിച്ചിച്ചീന്തപ്പെടുന്ന ബാല്യകൗമാരങ്ങൾ. അതും ആൺപെൺ ഭേദമന്യേ. ഡൽഹി, ആസ്സാം, മധ്യപ്രദേശ്, ബംഗാൾ, യുപി, കത്‌വ, ഉന്നാവ… പട്ടിക അവസാനിക്കുന്നില്ല. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കേരളത്തിലും ആശങ്കാജനകമാംവിധം പെരുകുന്നു. ആഗോളവൽക്കരണനയങ്ങളുടെ അനിവാര്യഫലമെന്നവണ്ണം സാംസ്‌കാരിക രംഗം തകർച്ചയിൽനിന്നും തകർച്ചയിലേയ്ക്ക് കൂപ്പുകുത്തുന്നു. വിദ്യാഭ്യാസരംഗത്തെ പരിഷ്‌ക്കാരങ്ങൾ ഈ തകർച്ചയ്ക്ക് ആക്കം വർദ്ധിപ്പിക്കുന്നു. ആധുനിക നവോത്ഥാനം മുന്നോട്ടുവച്ച, മനുഷ്യനാവുക, മനുഷ്യനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽനിന്നും വിദ്യാഭ്യാസം പിന്നാക്കം പോയി. ആഗോളവത്ക്കരണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പുനർനിർവ്വചിച്ചപ്പോൾ അതിനനുസരിച്ച് ഉള്ളടക്കം ക്രമീകരിക്കപ്പെട്ടു. ഉള്ളുപൊള്ളയായ വിദ്യാഭ്യാസം കുട്ടികളെ അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളി. വിദ്യാഭ്യാസം സമ്പന്നർക്കുമാത്രമായി പരിമിതപ്പെടുത്തപ്പെട്ടു. മത്സരത്തിൽ പിടിച്ചു നിൽക്കാനാകാതെ ആത്മഹത്യയിലും കൗൺസിലിംഗ് സെന്ററുകളിലും അഭയം തേടുന്ന കുട്ടികളുടെ എണ്ണം പെരുകി. സമൂഹത്തെ ആകമാനം ഗ്രസിച്ചിരിക്കുന്ന ജീർണ്ണതകളിലേയ്ക്ക് ആണ്ടുമുങ്ങിപ്പോകുന്ന കുഞ്ഞുങ്ങൾക്ക് ജീവിതം തന്നെ കൈവിട്ടുപോകുന്നു.

അവശ്യനിത്യോപയോഗ സാധനങ്ങളുടെ നിത്യേനയുള്ള വിലവർദ്ധനവ് സാധാരണക്കാരന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുകയാണ്. ആരോഗ്യപരിപാലനത്തിനും ജനങ്ങൾക്ക് ആശ്രയിക്കാവുന്ന സർക്കാർ സംവിധാനങ്ങളില്ല. മതിയായ ചികിത്സ ലഭിക്കാതെ കുഞ്ഞുങ്ങൾ ഉൾപ്പെടെ സാധുക്കൾ പിടഞ്ഞു മരിക്കുന്നു എന്ന വാർത്തയും നടുക്കം നഷ്ടപ്പെടുംവിധം സാധാരണമായിരിക്കുന്നു. ചികിത്സ ചെലവേറിയതാകുമ്പോൾ സാധാരണക്കാരന് ഉള്ള കിടപ്പാടം പോലും നഷ്ടപ്പെടുന്നതിന്റെയും വാർത്തകൾ വരുന്നു.
120 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് ഇനിമേൽ സ്ഥിരം തൊഴിലില്ല എന്ന് പറയുവാനും നരേന്ദ്രമോദി നേതൃത്വം നൽകുന്ന സർക്കാരിന് ധൈര്യം ഉണ്ടായിരിക്കുന്നു. അതിനെയും ചോദ്യം ചെയ്യാൻ ഏഷ്യയിലെതന്നെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംഘടനകളുണ്ടായിട്ടും ആരും മുന്നോട്ടുവന്നില്ല. നോട്ടുനിരോധനവും ജിഎസ്ടിയും ചില്ലറ വ്യാപാര രംഗത്ത് നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള തയ്യാറെടുപ്പുംപോലെ ജനങ്ങളെ സമ്പൂർണ്ണ നിരാശ്രയത്വത്തിലേയ്ക്ക് തള്ളുന്ന നയങ്ങൾ വന്നിട്ടും സംഘടിത പ്രസ്ഥാനങ്ങൾ ദേശീയ തലത്തിലും സംസ്ഥാനതലങ്ങളിലും വേണ്ടുവോളം ഉണ്ടായിട്ടും ശക്തമായ ഒരു പ്രതിഷേധം എവിടെയും കണ്ടില്ല. പെട്രോൾ, ഡീസൽ, പാചകവാതകം ഇവയുടെ വില ഒരു നിയന്ത്രണവുമില്ലാതെ ദിനേന കുതിച്ചുയരുകയാണ്. കാടും കടലും കരിമണലും എല്ലാം കുത്തകകൾ കൈവശപ്പെടുത്തുകയും ജനങ്ങൾ കുടിയിറക്കപ്പെടുകയും ചെയ്യുന്നു.
കുത്തകകൾ ആസ്തി വർദ്ധിപ്പിക്കകയും ജനങ്ങൾ കൂടുതൽ പാപ്പരാകുകയും ചെയ്യുന്നു. ഓക്‌സ്ഫാമിന്റെ വാർഷിക സർവ്വേ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കപ്പെട്ട സമ്പത്തിൽ 73 ശതമാനവും കൈയടക്കിയത് 1ശതമാനം വരുന്ന അതിസമ്പന്നരാണ്. രാജ്യത്തെ 77ശതമാനം വരുന്ന ദരിദ്രരുടെ സമ്പത്തിൽ കഴിഞ്ഞ വർഷമുണ്ടായ വർദ്ധന വെറും 1ശതമാനം മാത്രവും. 2017ൽ ഇന്ത്യയിലെ 1ശതമാനം വരുന്ന സമ്പന്നരുടെ സ്വത്ത് 20.9ലക്ഷം കോടിയിലേറെ വർദ്ധിച്ചു. കേന്ദ്രസർക്കാരിന്റെ ആകെ ബജറ്റിലെ തുകയ്ക്ക് തുല്യമാണിത്. സാമ്പത്തിക അസമത്വത്തിന്റെ തീവ്രതയാണ് ഇതെല്ലാം വെളിവാക്കുന്നത്.

നിരവധി ജീവിതപ്രശ്‌നങ്ങളാൽ നട്ടംതിരിയുമ്പോൾ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവരാനുള്ള സാദ്ധ്യതകൾ തിരിച്ചറിയുന്ന ഭരണാധികാരികൾ അവരെ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പ്രദേശത്തിന്റെയും പേരിൽ പല തട്ടിലാക്കി നിർത്താനുള്ള ആസൂത്രിതമായ നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. വർഗ്ഗീയതയും ദേശഭ്രാന്തും ഭരണാധികാരികൾ നിരന്തരം ഉപയോഗിക്കുന്ന ആയുധങ്ങളായി മാറിയിരിക്കുന്നു. പശുവിന്റെപേരിൽ ഇന്ത്യയിൽ കൊല്ലപ്പെട്ടത് 34പേരാണ്. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം ആസൂത്രിത വർഗ്ഗീയകലാപങ്ങൾ നൂറുകണക്കിനാണ് നടക്കുന്നത്. ജനങ്ങളുടെ അജ്ഞത മുതലെടുത്ത് വർഗ്ഗീയ വികാരങ്ങളെ ഊതിപ്പടർത്തുകയും യുക്തിബോധം ഇല്ലാതെയാക്കാൻ ശാസ്ത്രവിരുദ്ധ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നു.
ആത്മാഭിമാനത്തോടെ തലയുയർത്തി മനുഷ്യനായി ഇന്ന് നിലകൊള്ളണമെങ്കിൽ ചെറുത്തുനിൽക്കുക എന്നത് മാത്രമാണ് മനുഷ്യന്റെ മുന്നിലുള്ള ഒരേയൊരു മാർഗ്ഗം. കമ്പോളത്തിന്റെയും അതിനെ നിയന്ത്രിക്കുന്ന ധനശക്തികളുടെയും അവരുടെ സംരക്ഷകരായ ഭരണാധികാരികളുടെയും കടന്നാക്രമണങ്ങളെ പ്രതിരോധിക്കാൻ ബോധമുള്ള മനുഷ്യൻ സ്വീകരിക്കേണ്ടുന്ന നിലനിൽപ്പിന്റെ സമ്പ്രദായമാണത്.

കക്ഷി രാഷ്ട്രീയത്തിനും ജാതി മതചിന്താഗതികൾക്കുമതീതമായ സ്വന്തം പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് സന്ധിയില്ലാതെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരപ്പോൾ വിജയം ജനങ്ങളോടൊപ്പമായിരുന്നു. സിംഗൂരും നന്ദിഗ്രാമും മൂലമ്പിള്ളിയും വിളപ്പിൽശാലയും ചെങ്ങറയും തൂത്തുക്കുടിയുമെല്ലാം നമ്മുടെ മുന്നിലെ തിളങ്ങുന്ന ഉദാഹരണങ്ങൾ മാത്രമാണ്. കേരളത്തിൽ ജനങ്ങളുടെ പ്രതിരോധത്തെ കഴിഞ്ഞ കാൽനൂറ്റാണ്ടായി മുന്നിൽ നിന്നു നയിച്ചുകൊണ്ട് സജീവമാണ് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി.

കേരള സംസ്ഥാന ജനകീയ പ്രതിരോധ പ്രസ്ഥാനം മുന്നോട്ട്

1992 ആഗസ്റ്റ് 25ന് പിറവിയെടുത്ത കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി രണ്ടര പതിറ്റാണ്ട് കാലത്തെ സമരപന്ഥാവിൽ പുതിയ മുന്നേറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ്. പ്രതിരോധ സമിതിയുടെ ആവിർഭാവം കേരളത്തിലെ ജനകീയ സമരമണ്ഡലങ്ങളിൽ സൃഷ്ടിച്ച ചലനം വമ്പിച്ചതായിരുന്നു. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരും ലക്ഷ്മി എൻ.മേനോനും ആർ.എം.മനയ്ക്കലാത്തും ബിഷപ്പ് പൗലോസ് മാർ പൗലോസും പവനനും കെ.പാനൂരും പി.പി.ഉമ്മർകോയയുമൊക്കെ നേതൃനിരയിൽ അണിനിരന്ന് നടത്തിയ പ്രക്ഷോഭങ്ങൾ കേരളചരിത്രത്തിലെ അവിസ്മരണീയ ഏടുകളാണ്.
ജനകീയ പ്രതിരോധ സമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് അംഗീകരിച്ച പ്രവർത്തന പരിപാടിയിൽ ഇങ്ങനെ പറയുന്നു: ‘ജനങ്ങളുടെമേൽ വന്നുപതിക്കുന്ന ആക്രമണങ്ങൾക്കെതിരെ ജാതി-മത-സാമുദായിക ചിന്താഗതികൾക്കും സങ്കുചിത കക്ഷി രാഷ്ട്രീയ സമീപനങ്ങൾക്കും അതീതമായി ഐക്യത്തോടെ പോരാടാൻ ഏവർക്കും അണിനിരക്കാവുന്ന വേദിയായിരിക്കും ജനകീയ പ്രതിരോധ സമിതി. സത്യസന്ധതയും അർപ്പണബോധവും ജനകീയ താൽപ്പര്യങ്ങളോട് കൂറും ജനകീയ ശക്തിയിൽ അചഞ്ചലമായ വിശ്വാസവും സാമൂഹ്യപ്രശ്‌നങ്ങളോട് പ്രതികരിക്കുവാൻ ആത്മാർത്ഥമായ ഉത്സാഹമുള്ള ഏതൊരാൾക്കും ആചാരാനുഷ്ഠാന വൈജാത്യങ്ങൾക്കും വീക്ഷണ വൈവിധ്യങ്ങൾക്കും ഉപരിയായി ഇതിൽ പ്രവർത്തിക്കാം. വിവിധങ്ങളായ കാരണങ്ങളാൽ, ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ പെരുപ്പിച്ചെടുക്കുക എന്നതല്ല, മറിച്ച്, ജീവിതസാഹചര്യം ജനങ്ങൾക്ക് സഹജമായി നൽകുന്ന ഐക്യത്തെ ദൃഢപ്പെടുത്തി മുന്നേറുക എന്നതിലാണ് ജനകീയ പ്രതിരോധ സമിതിയുടെ ഊന്നൽ. അനവധി അഭിപ്രായഭേദങ്ങൾക്കിടയിലും കഷ്ടതയനുഭവിക്കുന്നവർക്ക് ഒത്തുചേരാൻ, അവരുടെ താൽപ്പര്യങ്ങളെ തമ്മിൽ കോർത്തിണക്കാൻ ഉതകുന്ന പ്രശ്‌നങ്ങൾ സമൂഹത്തിലുണ്ട്. വിശദീകരണം ആവശ്യമില്ലാത്തവിധം സ്പഷ്ടവും പ്രകടവും സർവ്വസമ്മതവുമായ അത്തരം വിഷയങ്ങളെ അധികരിച്ചുകൊണ്ട് ജനൈക്യത്തിന്റെ കരുത്തു വർദ്ധിപ്പിച്ചെടുക്കുക എന്നതാണ് ജനകീയ പ്രതിരോധ സമിതി ചെയ്യുന്നത്.’

ഇന്ന് രാജ്യം നേരിടുന്ന വൻ സാമൂഹ്യപ്രശ്‌നങ്ങൾക്കെതിരായി ശരിയായ ദിശയിലൂടെ ജനകീയ പ്രക്ഷോഭങ്ങൾ സങ്കുചിത കക്ഷിരാഷ്ട്രീയത്തിനും ജാതി-മത-ചിന്തകൾക്കും അതീതമായി വളർത്തിയെടുക്കാൻ പ്രതിരോധ സമിതി സദാ ജാഗ്രതയോടെ സാമൂഹ്യമണ്ഡലങ്ങളിൽ കർമ്മനിരതമായി നിൽക്കുന്നു. മുൻകാലങ്ങളിൽ, പ്രതിരോധ സമിതി നടത്തിയ പ്രക്ഷോഭങ്ങളുടെ കരുത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ജനദ്രോഹ നയങ്ങൾ പലതും പിൻവലിക്കേണ്ടി വന്നിട്ടുണ്ട്. കരിമണൽ ഖനന വിരുദ്ധ സമരം, വിഴിഞ്ഞം കുടിയൊഴിപ്പിക്കൽ വിരുദ്ധ സമരം, ഗ്ലോബൽ ഇൻവെസ്റ്റർ മീറ്റിനെതിരെ നടത്തിയ സമരം, മൂലമ്പള്ളിയിലെ കുടിയൊഴിപ്പിക്കലിനെതിരായ സമരം തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. ഡി.പി.ഇ.പിയ്‌ക്കെതിരെ ജനകീയ പ്രതിരോധ സമിതി ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ നേതൃത്വത്തിൽ വളർത്തിയെടുത്ത ജനകീയ പ്രക്ഷോഭം ഐതിഹാസികമായിരുന്നു. വർഗ്ഗീയതയ്‌ക്കെതിരെ മതേതര വിശ്വാസികളെ സംഘടിപ്പിച്ചുകൊണ്ട് കേരളമെമ്പാടും നടത്തിയ മതേതര മുന്നേറ്റവും ചരിത്രത്തിൽ ഇടം നേടിയവ തന്നെ.
ഗോഹത്യയുടെ പേരിൽ നരഹത്യ നടത്തുന്ന സംഘപരിവാറിന്റെ മനുഷ്യത്വഹീനമായ പദ്ധതികൾക്കെതിരെ ഇപ്പോൾ പ്രതിരോധ സമിതി മനുഷ്യസംഗമങ്ങൾ സംഘടിപ്പിച്ചുവരുന്നു. പ്രാദേശികമായ നിരവധി പ്രക്ഷോഭപ്രവർത്തനങ്ങളിലും സമിതി സജീവമാണ്. എന്നാൽ, കൂടുതൽ കരുത്തുറ്റതും ഏകോപിതവുമായ വിധത്തിൽ സംസ്ഥാന-ജില്ലാതലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ സമിതി തീരുമാനമെടുത്ത നേതൃയോഗമാണ് ജൂൺ 29ന് എറണാകുളത്ത് നടന്നത്.

ജനറൽ സെക്രട്ടറി ഡോ.വി.വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളത്തിലെ തലമുതിർന്ന പ്രതിരോധ സമിതി നേതാക്കൾ പങ്കെടുത്തു. പ്രൊഫ.കെ.അരവിന്ദാക്ഷൻ, അഡ്വ.മഞ്ചേരി സുന്ദർരാജ്, അഡ്വ.മാത്യു വേളങ്ങാടൻ, ഡോ.ഡി.സുരേന്ദ്രനാഥ്, പ്രൊഫ.വിൻസന്റ് മാളിയേക്കൽ, പ്രൊഫ.എ.ജയിംസ്, ജയ്‌സൺ ജോസഫ്, അഡ്വ. അബ്ദുറഹ്മാൻ, വിളയോടി വേണുഗോപാൽ, ടി.ബി.വിശ്വനാഥൻ, പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ, ദേശാഭിമാനി ഗോപി, ടി.കെ.സുധീർകുമാർ തുടങ്ങിയവരും മറ്റ് പ്രമുഖ ജില്ലാനേതാക്കളും യോഗത്തിൽ പങ്കെടുത്തു.
പ്രൊഫ.കെ അരവിന്ദാക്ഷൻ ഉദ്ഘാടന പ്രസംഗം നടത്തി. സമകാലിക സാഹചര്യങ്ങളെ സംബന്ധിച്ച പ്രമേയം ജയ്‌സൺ ജോസഫ് അവതരിപ്പിച്ചു. ജുഡീഷ്യറിയെ ഭരണകൂടത്തിന്റെ ദാസ്യത്തിലാക്കി മാറ്റുന്ന വിപൽക്കരമായ പ്രവണതകളെക്കുറിച്ച് അഡ്വ. മഞ്ചേരി സുന്ദർരാജും അഡ്വ. മാത്യു വേളങ്ങാടനും വിശദീകരിച്ചു. രാജ്യം നേരിടുന്ന പൗരാവകാശ ധ്വംസനങ്ങൾക്കും ജനാധിപത്യ ലംഘനങ്ങൾക്കുമെതിരായി ജനകീയ പ്രതിരോധ പ്രസ്ഥാനം താഴെത്തട്ടിൽ നിന്നും വളർത്തിയെടുക്കാൻ യോഗം തീരുമാനിച്ചു. അതിനായുള്ള കർമ്മപരിപാടി എൻ.കെ.ബിജു അവതരിപ്പിച്ചു.

പെട്രോൾ വിലവർദ്ധനവ്, വിലക്കയറ്റം, അഴിമതി, വർഗ്ഗീയത, ദേശഭ്രാന്ത് സൃഷ്ടിക്കുന്ന നയങ്ങൾ, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ വാണിജ്യവൽക്കരണം എന്നിവയ്‌ക്കെല്ലാമെതിരെ ബഹുജന പ്രതിരോധ പ്രസ്ഥാനം താഴെത്തട്ടിൽ കെട്ടിപ്പടുക്കാനും യോഗം തീരുമാനിച്ചു.

പ്രൊഫ. കെ.അരവിന്ദാക്ഷൻ പ്രസിഡന്റ്,  ഷാജർഖാൻ ജനറൽ സെക്രട്ടറി

സമിതിയുടെ അധ്യക്ഷസ്ഥാനത്തേക്ക് പ്രൊഫ.കെ.അരവിന്ദാക്ഷനെ ഐകകണ്‌ഠ്യേന യോഗം തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി എം. ഷാജർഖാനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ബിഷപ്പ് ഗീർവർഗ്ഗീസ് മാർ കൂറിലോസ് മെത്രോപ്പൊലീത്ത, ഡോ.വി.വേണുഗോപാൽ, അഡ്വ.മഞ്ചേരി സുന്ദർരാജ്, അഡ്വ.മാത്യു വേളങ്ങാടൻ, ഡോ.ഡി.സുരേന്ദനാഥ്, ജയ്‌സൺ ജോസഫ്, പ്രൊഫ.സൂസൻ ജോൺ, പ്രൊഫ.വിൻസന്റ് മാളിയേക്കൽ, എ.ജയിംസ് എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ 56 പേരടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും 15 അംഗ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു.
പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ, ടി.ബി.വിശ്വനാഥൻ, ആല വാസുദേവൻപിള്ള, പ്രൊഫ.സി.ഹരിദാസൻ, മുതലാംതോട് മണി, പ്രൊഫ.ജോയി മൈക്കിൾ, ഡോ. സത്യാനന്ദൻ നായർ, വിളയോടി വേണുഗോപാൽ, പ്രൊഫ.സി.വി കുമാരൻ, ജി. നാരായണൻ, ഗീരിശൻ, ഡോ. എസ്.ശങ്കർ, പി.എം.ദിനേശൻ, ടി. കെ. ബോസ്, എ.പി.അഹമ്മദ്, പ്രേംരാജ്‌ചെറുകര, രാജു കൊന്നനാൽ, ഹംസമാഷ്, അഡ്വ.ഒ.ഹാരിസ്, ദേശാഭിമാനി ഗോപി, ഫ്രാൻസിസ് കളത്തുങ്കൽ, എസ്.ബുർഹാൻ, ബി.ദിലീപൻ, സ്‌ളീബാ ദാസ്, പാർത്ഥസാരഥി വർമ്മ, ജോർജ് മുല്ലക്കര, എം.എസ.്മധു, ജബ്ബാർ മേത്തർ, എൽ.ഹരിറാം, ഡോ.പി.എസ.്ബാബു, ഷൈല.കെ.ജോൺ, എസ്.രാജീവൻ, കെ.കെ.ഗോപിനായർ, രാമചന്ദ്രൻ നായർ, ഡോ.ജ്യോതിരാജ്, രവീന്ദ്രൻ ചിയ്യാരത്ത്, എസ്.മിനി, എം.എ.പുഷ്പ, ടി.ജെ.ഡിക്‌സൺ, ഉദയകുമാർ, കെ.ജി.അനിൽകുമാർ, ഡോ.ഷാജഹാൻ, കെ.പി.സജി, ജി.ആർ.സുഭാഷ്, ഇ.വി.പ്രകാശ്, ധ്രുവകുമാർ, പ്രൊഫ.പി.എൻ.തങ്കച്ചൻ, അഡ്വ.എം.എ ബിന്ദു, ടി.മുരളി എന്നിവരുൾപ്പെടെ 56 പേരടങ്ങുന്ന പാനലാണ് യോഗം അംഗീകരിച്ചത്.

സെക്രട്ടേറിയറ്റ് അംഗങ്ങളായി ജോർജ്മാത്യുകൊടുമൺ, ടി.കെ.സുധീർകുമാർ, എൻ.ആർ.മോഹൻകുമാർ, ജ്യോതികൃഷ്ണൻ, വി.കെ.സദാനന്ദൻ, അബ്ദുൽ അസീസ്, കെ.കെ.സുരേന്ദ്രൻ, എ.ശേഖർ, എസ്.സീതിലാൽ, എൻ.കെ.ബിജു, അഡ്വ. ഇ.എൻ.ശാന്തിരാജ്, ആർ.ബിജു, എം.പ്രദീപൻ, പി.കെ.പ്രഭാഷ് എന്നിവരെ തെരഞ്ഞെടുത്തു. എസ്.സീതിലാൽ പാനൽ അവതരിപ്പിച്ചു. എം.ഷാജർഖാൻ സ്വാഗതവും പ്രൊഫ. പി.എൻ.തങ്കച്ചൻ നന്ദിയും പറഞ്ഞു

Share this