ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരെ അനുസ്മരിച്ചുകൊണ്ട് കൂട്ടായ്മ

Spread our news by sharing in social media

ബഹുമാന്യ സുഹൃത്തേ,
കേരള സംസ്ഥാന ജനകീയപ്രതിരോധ സമിതിയുടെ സ്ഥാപക നേതാവും ഇതഃപര്യന്തം നമ്മുടെ ആരാധ്യനായ അദ്ധ്യക്ഷനുമായിരുന്ന ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 4 ന് തന്റെ 100-ാം വയസ്സില്‍ നമ്മെ വേര്‍പിരിഞ്ഞിരിക്കുകയാണ്.

നാം നടത്തിവന്ന വിവിധങ്ങളായ പോരാട്ടങ്ങളിലെ ആര്‍ജ്ജവത്തിന്റെ മൂല ശ്രോതസ്സായിരുന്നു സ്വാമി. സാമ്രാജ്യത്വയുദ്ധങ്ങള്‍ക്കും സാമ്പത്തികാധിനിവേശത്തിനുമെതിരെയുള്ള വിശ്വപോരാളിയായിരുന്നു അദ്ദേഹം. മാറി മാറിവന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധതയ്‌ക്കെതിരെ അദ്ദേഹം ജനപക്ഷത്ത് നിലകൊണ്ടു. ആഗോളീകരണത്തിന്റെ കണ്ണില്‍ചോരയില്ലാത്ത അതിക്രമങ്ങള്‍ക്കിരയാവുന്നവരുടെ അത്താണിയായി. മൂലമ്പിള്ളി യിലെ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ രക്ഷകനായി. ഭരണാധികാരികളുടെ ഭരണഘടനാലംഘനങ്ങള്‍ക്കെതിരെയുള്ള കാവല്‍ഭടനായി.

ഹൃദയഭേദകമായ സാമൂഹിക പ്രശ്‌നങ്ങളില്‍ ഉഴലുന്ന വനിതകളുടെ രോഷാഗ്നിക്ക് ആത്മാഭിമാനത്തോടെയുള്ള പോരാട്ടത്തിന്റ മാര്‍ഗ്ഗനിര്‍ദ്ദേശം അദ്ദേഹം പകര്‍ന്നു നല്‍കി. മദ്യവിരുദ്ധ ജനകീയ സമരസമിതി, വര്‍ഗ്ഗീയ ഫാസിസ്റ്റ് വിരുദ്ധ ക്യാമ്പയിന്‍, സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി എന്നിവയ്ക്ക് അദ്ദേഹം അചഞ്ചലമായ താങ്ങും തണലുമായി. അവശരും ആലംബഹീനരും മാറാരോഗികളും അവരുടെ അവസാനാശ്രയമായി ‘സത്ഗമ’യെ കണ്ടു.

ഭാരതത്തിലവശേഷിച്ച മുന്‍തലമുറയിലെ ഏറ്റവും വലിയ മനുഷ്യസ്‌നേഹിയായ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ വിയോഗം നമ്മെയെല്ലാം അഗാധമായ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ആ വിയോഗം തീര്‍ത്ത വേദനയെ അദ്ദേഹം അവശേഷിപ്പിച്ചുപോയ സാമൂഹിക ഉത്തരവാദിത്തങ്ങളുടെ പൂര്‍ത്തീകരണത്തിനായുള്ള പ്രതിജ്ഞയെടുത്തുകൊണ്ട് നമുക്ക് ആദരവുകളര്‍പ്പിക്കാം.

ഡിസംബര്‍ 10-ാം തീയതി(ബുധനാഴ്ച) രാവിലെ 10 മണിക്ക് എറണാകുളം കച്ചേരിപ്പടി ആശിര്‍ഭവനില്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരെ അനുസ്മരിച്ചുകൊണ്ട് ചേരുന്ന കൂട്ടായ്മയിലേക്ക് താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം,
ഡോ.വി.വേണുഗോപാല്‍
ജനറല്‍ സെക്രട്ടറി
കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി
ഫോണ്‍: 9349415136, 9349196050

 

 

Share this