കര്‍ഷക പ്രതിരോധ സമിതി സിവില്‍സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും

Spread our news by sharing in social media

കുരങ്ങുപനിയില്‍നിന്നും ജനങ്ങളെ രക്ഷിക്കുക
കര്‍ഷക പ്രതിരോധ സമിതി
സിവില്‍സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
സുല്‍ത്താന്‍ ബത്തേരി
മാര്‍ച്ച് 11
കുരങ്ങുപനിയില്‍നിന്നും ജനങ്ങളെ രക്ഷിക്കുവാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളുക, വന്യമൃഗ ആക്രമണം ശാശ്വതമായി തടയുക, സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ മുഴുവന്‍ വിലയും ഉടന്‍ നല്‍കുക, എല്ലാ ആദിവാസി വീടുകളും വൈദ്യുതീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വയനാട് ജില്ല കര്‍ഷക പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകരും ആദിവാസികളും സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കര്‍ഷക പ്രതിരോധ സമിതി പ്രസിഡണ്ട് ഡോ. ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

കുരങ്ങുപനി പിടിച്ചും കടുവള്‍ കടിച്ചുകീറിയും രണ്ടു മാസത്തിനുള്ളില്‍ 12 മനുഷ്യജീവന്‍ പൊലിഞ്ഞിട്ടും സര്‍ക്കാര്‍ തുടരുന്ന നിഷ്‌ക്രിയത്വം തികഞ്ഞ കുറ്റകൃത്യവും മനുഷ്യത്വമില്ലായ്മയുമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കുരങ്ങുപനി നിയന്ത്രിക്കുവാനുള്ള പ്രതിരോധ കുത്തിവെപ്പ ്‌പോലും നടത്താന്‍ മൂന്ന് മാസമായിട്ടും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വന്യമൃഗ ആക്രമണം കൊണ്ട് കൃഷിയും വളര്‍ത്തുമൃഗങ്ങളും മാത്രമല്ല, മനുഷ്യജീവനും നഷ്ടപ്പെടുകയാണ്. വന്യമൃഗങ്ങളെ വനത്തിനകത്ത് സംരക്ഷിക്കുവാനുള്ള നടപടികള്‍ ഉണ്ടാകണം. കര്‍ഷകരില്‍നിന്നും സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില മൂന്ന് മാസമായിട്ടും നല്‍കാതിരിക്കുന്നത് വഞ്ചനയാണ്. ആദിവാസികളുടെ പേരിലുള്ള ഫണ്ടുകള്‍ മുഴുവന്‍ ഉദ്യോഗസ്ഥ – രാഷ്ട്രീയ – കരാറുകാരുടെ കൂട്ടുകെട്ട് അടിച്ചുമാറ്റുകയാണ്. അതുകാരണം ആദിവാസി വീടുകളില്‍ വെളിച്ചംപോലും ലഭിക്കുന്നില്ല. ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ബഹുജനസമരത്തിന്റെ പാതയില്‍ അണിനിരക്കുക മാത്രമേ പോംവഴിയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ഷക പ്രതിരോധ സമിതി സെക്രട്ടറി വി.കെ.സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രേംരാജ് ചെറുകര, ടോമി വടക്കുംചേരി (വൈസ് പ്രസിഡണ്ടുമാര്‍), ദേവസ്യ പുറ്റനാല്‍, സി.എന്‍.മുകുന്ദന്‍, പി.കെ.ഭഗത് എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.ജയപ്രകാശ് നന്ദി പറഞ്ഞു.
പി.എം.വേലായുധന്‍, പി.എന്‍.പത്മനാഭന്‍, ബാബുരാജന്‍ പള്ളിവയല്‍, കണ്ണന്‍ പുളിപ്പുര, ബാലന്‍ വെള്ളക്കെട്ട്, ബിന്ദു ചൂരക്കുനി, അച്ചാമ്മ കണിയാംപുറം, രാജന്‍ മണിമൂല, നാരായണന്‍ ആനക്കല്ലിങ്കല്‍ തുടങ്ങിവര്‍ മാര്‍ച്ചിനും ധര്‍ണ്ണയ്ക്കും നേതൃത്വം നല്‍കി.